ഫിഖ്ഹുത്തഹവ്വുലാത്: മനുഷ്യൻ, കാലം, പരിവർത്തനത്തിന്റെ കർമ്മശാസ്ത്രം

പരിശുദ്ധ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ചരിത്രത്തിൽ, ഓരോ കാലഘട്ടത്തിലെയും മാനുഷികവും സാമൂഹികവുമായ വെല്ലുവിളികൾക്ക് മറുപടി നൽകാൻ പുതിയ ജ്ഞാനശാഖകളും ചിന്താധാരകളും രൂപം കൊണ്ടിട്ടുണ്ട്. ഈ ശ്രേണിയിലെ ഏറ്റവും പുതിയതും പ്രസക്തവുമായ ഒരു വിജ്ഞാനശാഖയാണ് ‘ഫിഖ്ഹു തഹവ്വുലാത്ത് (മാറ്റങ്ങളെക്കുറിച്ചുള്ള ജ്ഞാനം/കർമ്മശാസ്ത്രം). യമനിലെ പ്രശസ്ത പണ്ഡിതനും ചിന്തകനുമായിരുന്ന ശൈഖ് അബൂബക്കർ അൽഅദനി അൽമശ്ഹൂർ(റ) – (1946-2022) ആണ് ഈ വിജ്ഞാനശാഖയുടെ ഉപജ്ഞാതാവ് എന്ന് പറയാം. കാലഘട്ടത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കിടയിൽ ഒരു വിശ്വാസി എങ്ങനെ പിടിച്ചുനിൽക്കണം, ഇസ്‌ലാമികമായി ജാഗ്രത പാലിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള സമഗ്രമായ പഠനമാണിത്.

 

ഫിഖ്ഹ് എന്ന പദം ഇവിടെ കേവലം കർമ്മശാസ്ത്രം എന്ന അർത്ഥത്തിനപ്പുറം, ജ്ഞാനംഅല്ലെങ്കിൽ ഒരു വിഷയത്തിലുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച എന്ന വിശാലമായ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സീറത്തുന്നബവിയ്യയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് പറയുന്ന ഫിഖ്ഹുസ്സീറ (ജീവിത ചരിത്രത്തിന്റെ ജ്ഞാനം) പോലുള്ള പ്രയോഗങ്ങളോട് ഇത് സാമ്യം പുലർത്തുന്നു. തഹവ്വുലാത്ത്എന്നാൽ മാറ്റങ്ങൾ, പരിവർത്തനങ്ങൾ, ഡൈവേർഷന്‍സ് എന്നൊക്കെ അർത്ഥം പറയാം. ചുരുക്കത്തിൽ, ഫിഖ്ഹുതഹവ്വുലാത്ത് എന്നത് അന്ത്യനാളിനോട് അടുക്കുമ്പോൾ ലോകത്ത് സംഭവിക്കുന്ന ധ്രുതഗതിയിലുള്ള സാമൂഹിക, വൈജ്ഞാനിക, സാമ്പത്തിക, ആത്മീയ മാറ്റങ്ങളെക്കുറിച്ചും, ഈ മാറ്റങ്ങളെ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്ത് ഒരു വിശ്വാസി സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചുമുള്ള സമഗ്ര പഠനമാണ്. അതുകൊണ്ടുതന്നെ അബൂബക്കർ അൽമശ്ഹൂർ ഇതിനെ ഇൽമുൽ ഇഹ്തിയാത് (ജാഗ്രതാ വിജ്ഞാനം) എന്നും വിശേഷിപ്പിച്ചു.

 

ഈ വിജ്ഞാനശാഖയുടെ അടിത്തറ പ്രസിദ്ധമായ ജിബ്‌രീൽ(അ)മിന്റെ ആഗമനം വിവരിക്കുന്ന ഹദീസ് ആണ്. ഇസ്‌ലാം (കർമ്മങ്ങൾ), ഈമാൻ (വിശ്വാസം), ഇഹ്സാൻ (ആത്മീയത) എന്നിവയെക്കുറിച്ച് ജിബ്‌രീൽ(അ) ചോദിച്ചറിഞ്ഞ ശേഷം, നാലാമതായി അദ്ദേഹം അന്ത്യദിനത്തെക്കുറിച്ചും അതിന്റെ അടയാളങ്ങളെക്കുറിച്ചും (അലാമാത്തുസ്സാഅ) ചോദിക്കുന്നുണ്ട്. ആദ്യ മൂന്ന് ഘടകങ്ങളെ ആസ്പദമാക്കി ഫിഖ്ഹ്, ഇൽമുൽഅഖീദ, ഇൽമുത്തസവ്വുഫ് തുടങ്ങിയ വിജ്ഞാനശാഖകൾ ക്രോഡീകരിക്കപ്പെട്ടുവെങ്കിൽ, അന്ത്യദിനത്തിന്റെ അടയാളങ്ങൾ (അശ്റാതുസ്സാഅ) പരമ്പരാഗതമായി മറ്റു ശാഖകളുടെ അനുബന്ധമായാണ് ചർച്ച ചെയ്തിരുന്നത്. അബൂബക്കർ അൽമശ്ഹൂർ, ഈ അടയാളങ്ങളെയും അവ മനുഷ്യനിൽ സൃഷ്ടിക്കുന്ന പരിവർത്തനങ്ങളെയും ഒരു സ്വതന്ത്ര വിജ്ഞാനശാഖയായി ക്രോഡീകരിക്കണമെന്ന നിഗമനത്തിലെത്തി. മത്തിന്റെ നാലാമത്തെ അടിസ്ഥാനപരമായ പാഠമായി അദ്ദേഹം അതിനെ കണക്കാക്കുകയും ചെയ്തു.

 

ജിബ്‌രീലിന്റെ ഹദീസ് പരാമർശിച്ച രണ്ട് പ്രധാന അടയാളങ്ങളിൽ ഊന്നിയാണ് ഫിഖ്ഹുതഹവ്വുലാത്ത് പ്രധാനമായും വികസിക്കുന്നത്. അബൂബക്കർ അൽമശ്ഹൂര്‍(റ) ന്റെ അഭിപ്രായത്തിൽ, ലോകത്ത് സംഭവിക്കുന്ന സകല മാറ്റങ്ങളെയും ഈ രണ്ട് ഹദീസുകളുടെ വിശാലമായ അർത്ഥതലങ്ങളിൽ ഉൾക്കൊള്ളിക്കാം.

 

1.അടിമ ഉടമയെ പ്രസവിക്കുക أن تلد الأمة ربتها))

നിലനിൽക്കുന്ന വ്യവസ്ഥിതികളുടെ നേർവിപരീത ദിശയിലുള്ള സഞ്ചാരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അബൂബക്കർ അൽമശ്ഹൂർ() ഇതിനെ ഹുസൂലുൽഖലൽ (കുഴപ്പങ്ങളുണ്ടാവുക) എന്നതിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് പ്രധാനമായും രണ്ട് മേഖലകളിലെ അപഭ്രംശങ്ങളെയാണ് കുറിക്കുന്നത്:

  1. വൈജ്ഞാനിക രംഗത്തെ മാറ്റങ്ങൾ: ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുകയും, ജ്ഞാനം (ഇൽമ്) കേവലം വിവരമായി (Information) മാറുകയും, ചരക്കുവൽക്കരിക്കപ്പെടുകയും ചെയ്യുക. അധ്യാപകൻ പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ ആയി മാറുകയും, വിദ്യാർത്ഥി കസ്റ്റമറായി മാറുകയും ചെയ്യുന്നതോടെ, ആത്മീയമായ വശം നഷ്ടപ്പെട്ട് വിജ്ഞാനത്തിന് അപചയം സംഭവിക്കുന്നു.
  2. മതപരമായ നവീകരണം: മനുഷ്യനെ നവീകരിക്കാനായി വന്ന മതം, ആധുനികതയുമായി സംവദിക്കാൻ പര്യാപ്തമല്ലെന്ന തെറ്റിദ്ധാരണയിൽ, മതത്തെ നവീകരിക്കാൻ മനുഷ്യൻ ശ്രമിക്കുന്നു. മതം അനുസരിക്കേണ്ട സ്ഥാനത്ത്, മതത്തെ തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെഴുതാൻ മനുഷ്യൻ ശ്രമിക്കുന്ന ‘പോസ്റ്റ് ട്രൂത്ത് (സത്യാനന്തര) കാലഘട്ടത്തിലെ ധാരണകളെ ഇത് സൂചിപ്പിക്കുന്നു.

2.നഗ്നപാദർ വലിയ കെട്ടിടങ്ങൾ കെട്ടി അഭിമാനിക്കുക (أن ترى الحفاة العراة... يتطاولون في البنيان)

ഇത് സാമ്പത്തികവും ഭരണപരവുമായ അധികാര ഘടനയിലുണ്ടാവുന്ന തകിടം മറിച്ചിലുകളെ സൂചിപ്പിക്കുന്നു. അബൂബക്കർ അൽമശ്ഹൂർ () ഇതിനെ ഹുസൂലുൽ ഇഖ്തിയാർ ഫിൽ ഹുക്മ് (അധികാരത്തിലും സാമ്പത്തിക കാര്യങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ) എന്നതിലേക്ക് ബന്ധിപ്പിക്കുന്നു:

സാമ്പത്തിക സ്രോതസ്സുകളുടെ മാറ്റം: സാമ്പത്തിക ശക്തിയും അധികാരവും പരമ്പരാഗത ഉടമസ്ഥാവകാശങ്ങളില്ലാത്ത പുതിയ രൂപങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുക, നീതിയും യുക്തിയും കാടൻ സ്വഭാവമായ കയ്യൂക്കുള്ളവൻ കാര്യക്കാരൻ (Might is Right) എന്ന ചിന്താഗതിയിലേക്ക് വഴിമാറുക, തുടങ്ങിയവയെല്ലാം ഇതിന്റെ വീശദീകരണത്തില്‍ ഉള്‍പ്പെടുന്നു. ഫലസ്തീൻ പോലുള്ള ആഗോള വിഷയങ്ങളെ നിസ്സാരവൽക്കരിക്കുന്ന സമീപനങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. സത്യം പറയുന്നവൻ കള്ളം പറയുന്നവനായും കള്ളം പറയുന്നവൻ സത്യം പറയുന്നവനായും ചിത്രീകരിക്കപ്പെടുന്ന കാലം (ഡീപ് ഫെയ്ക്കുകളുടെ കാലഘട്ടം). യാഥാർത്ഥ്യത്തെ വെല്ലുന്ന വ്യാജ നിർമ്മിതികളും ചരിത്രപരമായ തിരുത്തലുകളും ഇതിൽ ഉൾപ്പെടുന്നു.

റഫ്ഉൽ ഇൽമ് (വിജ്ഞാനം ഉയർത്തപ്പെടുക): പണ്ഡിതന്മാരുടെ മരണം മാത്രമല്ല, അറിവില്ലാത്ത ആളുകൾ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടുകയും, തങ്ങളുടെ അജ്ഞതകൊണ്ട് ദീനിന്റെ കണ്ണികള്‍ (ഇസ്‌ലാമിന്റെ പാശം) ഓരോന്നായി മുറിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.

 

ഖിയാമത്ത് നാളിന്റെ അടയാളങ്ങൾ കേട്ട് നിരാശപ്പെട്ട് ജീവിതത്തിൽ നിന്ന് ഒളിച്ചോടാനോ, ദൗത്യങ്ങൾ ഉപേക്ഷിക്കാനോ അല്ല ഫിഖ്ഹുതഹവ്വുലാത്ത് പഠിപ്പിക്കുന്നത്. മറിച്ച്, ‘അൽഇൽമുൽ ഇഹ്തിയാത് എന്ന പേര് സൂചിപ്പിക്കും പോലെ, ജാഗ്രതയോടെ ക്രിയാത്മകമായി മുന്നോട്ട് പോകാനുള്ള മാർഗ്ഗനിർദ്ദേശമാണിത്.

നബി(സ്വ) യുടെയും സ്വഹാബത്തിന്റെയും ജീവിതത്തിൽ നിന്ന് അബൂബക്കർ അൽമശ്ഹൂർ രണ്ട് പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ സംഗ്രഹിക്കുന്നു:

  1. നാവിനെ സൂക്ഷിക്കുക (കഫ്ഫുലിസാൻ): ഫിത്നകളുടെ കാലത്ത്, വിഷയങ്ങൾ അറിയാതെയോ അറിഞ്ഞോ പക്ഷം ചേർന്ന് സംസാരിക്കുന്നത് ഒഴിവാക്കി നിശബ്ദത പാലിക്കുക. നാവ് എന്നതിൽ സോഷ്യൽ മീഡിയയിലെ എഴുത്തുകളും കൈവിരലുകളും (പേനയും തൂലികയും) ഉൾപ്പെടുന്നു.
  2. രക്തത്തെ തൊട്ട് കൈ സംരക്ഷിക്കുക (കഫ്ഫുൽ യദ്): ഒരു കൊലപാതകത്തെയും (ഭൗതികമായതോ ചിന്താപരമായതോ ആകട്ടെ) പിന്തുണയ്ക്കാതിരിക്കുക. നമ്മുടെ പ്രവൃത്തിയാലോ വാക്കുകളാലോ രക്തച്ചൊരിച്ചിലിന് കാരണമാകാതിരിക്കുക.

അലി(റ) വിന്റെ ശഹാദത്തിനുശേഷം, ഖിലാഫത്തിനായി മുസ്‍ലിംകൾക്കിടയിൽ രക്തച്ചൊരിച്ചിലുണ്ടാവാതിരിക്കാൻ ഹസൻ(റ) ഖിലാഫത്ത് സ്ഥാനം ഒഴിഞ്ഞു കൊടുത്തത്, ഈ ജാഗ്രതയുടെ മഹത്തായ ഉദാഹരണമാണ്. എന്റെ മകൻ മുസ്‍ലിംകൾക്കിടയിൽ പ്രശ്നപരിഹാരത്തിന് കാരണമാകും എന്ന ഹദീസിനെ മുൻനിർത്തി, തന്റെ വ്യക്തിപരമായ യുക്തിയെയും സാധ്യതകളെയും തൃണവൽഗണിച്ചുകൊണ്ട് സമൂഹത്തിന്റെ സമാധാനം ഉറപ്പുവരുത്തിയ നടപടി, ഫിത്നയുടെ ഘട്ടത്തിലെ സ്വഹാബത്തിന്റെ നിലപാടിന് ഉദാഹരണമാണ്.

 

ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിക്കൊണ്ട്, അബൂബക്കർ അൽമശ്ഹൂർ(റ) ആഹ്വാനം ചെയ്യുന്നത്, നബി(സ്വ) യുടെ വാക്കുകൾ ഓർമ്മിക്കാനാണ്: “ഖിയാമത്ത് നാൾ സംഭവിക്കാൻ ഇരിക്കുകയാണ്, നിങ്ങളുടെ കയ്യിൽ ഒരു തൈ ഉണ്ടെങ്കിൽ, നിങ്ങൾ അത് നട്ടുപിടിപ്പിക്കുക.

അബൂബക്കർ അൽഅദനി അൽമശ്ഹൂർ ഈ ശാഖയെ ക്രോഡീകരിച്ചോതോടൊപ്പം അതിനുവേണ്ട സാങ്കേതിക പദങ്ങളും നിർവചനങ്ങളും രചിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ഇവയാണ്:

 *  അന്നുബ്ദതു സുഗ്റാ

 * അൽഇഹാതതു വല് ഇഹ്തിയാത്

 * അൽതലീദ് വ ത്വാരിഫ്

 * അൽഉസുസ് വൽ മുന്തലിക്കാത്ത് (ഈ വിഷയത്തിലെ ഏറ്റവും ബൃഹത്തായതും പ്രധാനപ്പെട്ടതുമായ ഗ്രന്ഥം, 500-ൽ അധികം പേജുകൾ വരുന്ന ഇതാണ്)

 

മാറ്റങ്ങൾ അതിവേഗം സംഭവിക്കുകയും, സത്യവും അസത്യവും തിരിച്ചറിയാൻ പ്രയാസകരമാവുകയും, പരമ്പരാഗത മൂല്യങ്ങൾ തകർക്കപ്പെടുകയും ചെയ്യുന്ന ഈ ‘നഖാഇലിന്റെയും നവാഖിലിന്റെയും കാലഘട്ടത്തിൽ, ഫിഖ്ഹു തഹവ്വുലാത്ത് ഒരു വിശ്വാസിയുടെ ആത്മീയ നിലനിൽപ്പിന് അനിവാര്യമായ ഒരു വഴിവിളക്കാണ് എന്ന് പറയാതെ വയ്യ. ഇത് കേവലം അന്ത്യദിന അടയാളങ്ങളെക്കുറിച്ചുള്ള വിവരങ്ങളല്ല, മറിച്ച് ആ അടയാളങ്ങൾ വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പരിവർത്തനങ്ങളെ എങ്ങനെ ഇസ്‌ലാമിക വീക്ഷണകോണിലൂടെ നേരിടണം എന്നതിനെക്കുറിച്ചുള്ള പ്രായോഗികമായ കർമ്മശാസ്ത്രമാണ്. ഈ വിജ്ഞാനശാഖയുടെ പഠനം ഓരോ മുസ്‍ലിമിനും, പ്രത്യേകിച്ച് യുവ തലമുറക്ക്, ജാഗ്രതയോടുകൂടി ദീനിൽ ഉറച്ചുനിൽക്കാനുള്ള കരുത്ത് നൽകുന്നു. വരുംദിനങ്ങളില്‍ അക്കാദമിക രംഗത്ത് ഈ ശാഖ ഏറെ ശ്രദ്ധിക്കപ്പെടുമെന്നും അര്‍ഹമായ പ്രാധാന്യം നേടുമെന്നും പ്രതീക്ഷിക്കാം.

 About the author:

മഊനത്തുൽ ഇസ്‌ലാം അറബിക് കോളേജ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter