സമകാലിക വിഷയങ്ങളില്‍ ആശങ്കപ്പെടുന്നവരോട്

രണ്ട് വര്‍ഷത്തോളമായി തുടരുന്ന ഗസ്സയിലെ ക്രൂരതകളും അമേരിക്കയുടെ നിലപാടുകളും അടക്കമുള്ള സമകാലിക വിഷയങ്ങളുടെ വെളിച്ചത്തില്‍, പ്രമുഖ അമേരിക്കന്‍ പ്രബോധകനും പണ്ഡിതനുമായ ശൈഖ് ഹംസ യൂസുഫ് കഴിഞ്ഞ ആഴ്ച, കാംബ്രിഡ്ജില്‍ സെന്‍ട്രല്‍ മസ്ജിദില്‍ നടത്തിയ പ്രഭാഷണം

 

സമകാലിക വിഷയങ്ങളില്‍ ആശങ്കപ്പെടുന്നവരോട്

 

നാമെല്ലാം വിശ്വാസികളാണ്. അല്ലാഹുവിന്റെ വിധിയിലും അവന്റെ തീരുമാനങ്ങളിലും ഉറച്ച് വിശ്വസിക്കുന്നവര്‍. ലോകത്തിന്റെ പല ഭാഗത്തും പ്രശ്നങ്ങളും പ്രയാസങ്ങളും നാം കാണുന്നുണ്ട്. അതേ സമയം, ഏറെ സമാധാനത്തോടെ സുരക്ഷിതമായി നമ്മുടെ ജന്മനാടുകളില്‍ നമുക്കെല്ലാം ജീവിക്കാന്‍ സാധിക്കുന്നുമുണ്ട്. ലഭ്യമായ അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവരാവുക എന്നതാണ് വിശ്വാസിയുടെ ഒന്നാമത്തെ കര്‍ത്തവ്യം. സുരക്ഷയും സമാധാനവും ഏറെ പ്രധാനമാണ്. മദീനയിലെത്തിയ പ്രവാചകര്‍(സ്വ) അവരോട് ആദ്യമായി നടത്തിയ ഉപദേശത്തില്‍ തന്നെ പറയുന്നത്, നിങ്ങള്‍ക്കിടയില്‍ സലാം (സമാധാനം) പ്രചരിപ്പിക്കുക എന്നതാണ്. ഇത് കേവലം, സലാം പറയുക എന്നതില്‍ ഒതുങ്ങുന്നതല്ല, മറിച്ച് നാട്ടില്‍ സമ്പൂര്‍ണ്ണ സമാധാനം കൊണ്ട് വരണമെന്ന ആഹ്വാനമാണ്. മദീനയിൽ, പ്രവാചകര്‍(സ്വ) ജൂതരും ക്രൈസ്തവരും എല്ലാം അടങ്ങുന്ന ഒരു സമൂഹത്തെയാണ് പരസ്പര ബഹുമാനത്തോടെയും സുരക്ഷയോടും കൂടി സഹവർത്തിക്കുന്ന, എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമെല്ലാം നല്കുന്ന ഒരു മാതൃകാ സമൂഹവും രാഷ്ട്രവുമാക്കി മാറ്റിയത്.

 

നാം ഇവിടെ ഈ പള്ളിയില്‍ ഇത്ര സുന്ദരമായി കൂടിയിരിക്കുന്നത് പോലും, നമുക്ക് ഇവിടെ സമാധാനവും സുരക്ഷയും ഉള്ളത് കൊണ്ടാണ്. ഇവിടെ അടുത്ത നിമിഷം ഒരു അക്രമണം ഉണ്ടാവുമെന്ന വിവരം ലഭിച്ചാല്‍ അടുത്ത നിമിഷം നാമൊക്കെ ഇവിടെ നിന്ന് ഓടി രക്ഷപ്പെടും, അത് നിസ്കാരത്തിന്റെ സമയമാണെങ്കില്‍ പോലും. അത് കൊണ്ട് നമുക്ക് ഈ നാടില്‍ ലഭ്യമായ ഈ സമാധാനന്തരീക്ഷത്തിനും ആരൊക്കെ എവിടെയൊക്കെ സമാധാനത്തോടെ ജീവിക്കുന്നുണ്ടോ അതിനുമെല്ലാം നാം നന്ദിയുള്ളവരാവുകയാണ് ആദ്യം വേണ്ടത്, ഏറ്റവും പ്രഥമമായി സ്രഷ്ടാവായ അല്ലാഹുവിനോട്, ശേഷം നമ്മുടെ ഭരണകര്‍ത്താക്കളോട്, നമുക്ക് നന്മ ചെയ്യുന്ന എല്ലാവരോടും.

ആത്മഹത്യ ചെയ്യാന്‍ പോവുന്ന ഒരാളോട്, ആത്മഹത്യ ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഒരു കൊച്ചു കുട്ടി പറയുന്ന രംഗമുണ്ട് ഒരു ഇറാനിയന്‍ സിനിമയില്‍. എന്ത്, ജീവിതം അവസാനിപ്പിക്കുന്നതും നിഷിദ്ധമാണോ എന്ന് ചോദിക്കുന്നുണ്ട്. അതെ, ഇത്രയും കാലം താങ്കള്‍ ജീവിച്ചില്ലേ. ഇത്രയും കാലം കഴിച്ച ഭക്ഷണവും വെള്ളവും ആസ്വദിച്ച മറ്റു സൗകര്യങ്ങളുമെല്ലാം താങ്കള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളല്ലേ. അതിനോടെല്ലാം നന്ദി കേട് കാണിക്കുകയല്ലെ ആത്മഹത്യയിലൂടെ ചെയ്യുന്നത്. അത് എങ്ങനെ അനുവദിക്കാന്‍ പറ്റും എന്ന് പറയുന്ന മറുപടി, ഏറെ ചിന്തനീയമാണ്. 

ഈ സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കുന്നവിധം, അതിന് ശക്തി പകരുന്ന വിധം ഈ ബഹുസ്വര സമൂഹത്തില്‍ ജീവിക്കാനും ഇടപഴകാനും ഉത്തമ പൗരന്മാരാവാനും നമുക്ക് സാധിക്കണം. ഭക്ഷണം നല്കണമെന്ന പ്രവാചകരുടെ ഉപദേശം പോലും വരുന്നത് സമാധാനം പ്രചരിപ്പിക്കുക എന്നതിന് ശേഷമാണ്. അഥവാ, വിശപ്പ് അകറ്റുന്നതിന് മുമ്പ് സുരക്ഷ ഉറപ്പ് വരുത്തുകയാണ് വേണ്ടത് എന്നര്‍ത്ഥം. പിന്നീട് ഉപദേശിച്ചത്, ബന്ധങ്ങള്‍ മുറിയാതെ കാത്ത് സൂക്ഷിക്കാനായിരുന്നു.

തിന്മകള്‍ക്കെതിരെ ശബ്ദിക്കേണ്ടത് വിശ്വാസിയുടെ ബാധ്യത തന്നെയാണ്. അതേ സമയം, ഹദീസുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്, തിന്മയെ തടയാന്‍ ഉചിതമാവുന്ന രീതിയിലാവണം പ്രതികരിക്കേണ്ടത് എന്നാണ്. ഭരണകര്‍ത്താക്കളെ ചൊടിപ്പിക്കുന്ന രീതിയില്‍ അവര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ നടത്താനല്ല ഇസ്‍ലാം പറയുന്നത്. ഏറ്റവും വലിയ ജിഹാദ് ആയി പ്രവാചകര്‍ പറയുന്നത്, അക്രമിയായ ഭരണാധികാരിയുടെ സാന്നിധ്യത്തില്‍ സത്യം ഉണര്‍ത്തുക എന്നതാണ്. അവിടെയും പ്രയോഗിച്ചിരിക്കുന്നത്, ഭരണാധികാരിയുടെ സാന്നിധ്യത്തില്‍ (عند) എന്നാണ്. അഥവാ, അയാള്‍ക്കെതിരെ പൊതുസ്ഥലങ്ങളിലല്ല പറയേണ്ടത് എന്നര്‍ത്ഥം.

ഉസ്മാന്‍(റ)ന്റെ കാലത്ത് ആഭ്യന്തരപ്രശ്നങ്ങളുണ്ടായപ്പോള്‍, താബിഉകളായ ഒരു പറ്റം ആളുകള്‍ പ്രവാചകരുടെ സന്തതസഹചാരിയായിരുന്ന ഉസാമ(റ)നെ സമീപിച്ച്, താങ്കള്‍ക്കൊന്ന് ഈ വിഷയത്തില്‍ ഖലീഫയോട് സംസാരിച്ചു കൂടേ എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു, ഞാനും ഖലീഫയും സംസാരിക്കുന്നത് നിങ്ങള്‍ കേള്‍ക്കുകയും അറിയുകയും ചെയ്യണമെന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതല്ലല്ലോ വേണ്ടത്, മറ്റാരും കേള്‍ക്കാതെ ഇക്കാര്യങ്ങളെല്ലാം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്.  

ഇന്ന് പലരും അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെ ശബ്ദിക്കുന്നത്, സാധാരണക്കാരായ, അധികാരങ്ങളൊന്നുമില്ലാത്ത പൊതുജനങ്ങളുടെ മുമ്പിലാണ്. അധികാരികള്‍ക്കെതിരെ മിമ്പറുകളില്‍ നിന്ന് ശബ്ദിക്കുന്നത് പോലും ആ ഗണത്തിലേ വരൂ. സാധിക്കുമെങ്കില്‍ കൈ കൊണ്ട്, അല്ലെങ്കില്‍ വാക്ക് കൊണ്ട് തിന്മയെ തടയാനാണ് ഇസ്‍ലാം പറയുന്നത്. അതും ആയില്ലെങ്കില്‍ മനസ്സ് കൊണ്ട് വെറുത്ത് മാറി നില്ക്കുകയാണ് വേണ്ടത്. അല്ലാതെ, ഭരണകര്‍ത്താക്കളുടെ കുറ്റങ്ങളും കുറവുകളും പൊതുജനങ്ങളോട് വിളിച്ച് പറയാനല്ല ഇസ്‍ലാം നിര്‍ദ്ദേശിക്കുന്നത്. അത് ഗുണത്തിലേറെ ദോഷമേ ചെയ്യൂ എന്നത് കൊണ്ടാണ് അത്.

മൃഗങ്ങളോടും പരിസ്ഥിതിയോട് പോലും കരുണയോടെ വര്‍ത്തിക്കാനാണ് ഇസ്‍ലാം പറയുന്നത്. രണ്ടു ദിവസം മുമ്പ് പ്രമുഖ പണ്ഡിതൻ ഖാസി അബൂബക്ർ എന്നിവരെ കാണാനിടയായി. പ്രവാചകരുടെ ഒട്ടകമായ ഖസ്‌വയെ കുറിച് 10 വർഷമായി ഗവേഷണം നടത്തികൊണ്ടിരിക്കുകയാണദ്ദേഹം. വലിയൊരു സന്ദേശമാണ് ആ പഠനവും ആ ഒട്ടകവും ലോകത്തിന് നല്കുന്നത്. മൃഗങ്ങളോട് പോലും കരുണ കാണിക്കുന്നവന്ന് എങ്ങനെയാണ് തന്റെ സമസൃഷ്ടികളായ മനുഷ്യരോട് ക്രൂരതകള്‍ കാണിക്കാനാവുക. ഇന്ന് മനുഷ്യരോട് മൃഗങ്ങളോടെന്ന പോലെ പെരുമാറുന്നതാണ് നാം കാണുന്നത്. എന്നാല്‍ മൃഗങ്ങളോട് പോലും മനുഷ്യരോടെന്ന പോലെ പെരുമാറാനാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്. അറവ് പോലും ഏറ്റവും നന്നായി, വേദനാരഹിതമായി ചെയ്യണമെന്നാണല്ലോ പ്രവാചകാധ്യാപനം.

ഇതേ സാമൂഹ്യ ബോധമാണ് പള്ളികളും മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ മുഴുവന്‍ പ്രശ്നങ്ങളും തീര്‍ക്കാനുള്ള ഇടങ്ങളാണ് അവ. പള്ളിയുമായി ബന്ധപ്പെട്ട് ഇമാറത് (ജീവന്‍ നല്കല്‍) എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. ഓരോ അയല്‍ക്കൂട്ടങ്ങളിലും പള്ളികള്‍ ഉണ്ടാക്കണമെന്നും അവ വൃത്തിയായി, സുഗന്ധപൂര്‍ണ്ണമായി സൂക്ഷിക്കണമെന്നും ഹദീസുകളില്‍ കാണാം. നിസ്കാരത്തിന് സ്ഥിരമായി വരുന്നവനെ ഒരു ദിവസം കാണാതാവുമ്പോള്‍ എന്ത് പറ്റിയെന്ന അന്വേഷണം സ്വാഭാവികമായും ഉണ്ടായിത്തീരുന്നു. സാമൂഹ്യബന്ധങ്ങളാണ് അവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നത്. ഇന്ന് സമൂഹമെന്ന ആശയം തന്നെ നഷ്ടമാവുകയാണ്.  ഇന്ന് കുടുംബമെന്നത് പോലും ചുരുങ്ങി, മക്കളും മാതാപിതാക്കളും മാത്രം അടങ്ങുന്ന അണുകുടുംബങ്ങളായി മാറിയിരിക്കുന്നു.

പ്രവാചകന്റെ കാലത്ത്, മദീനയിൽ 40 മസ്ജിദുകൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അവ ഓരോന്നും ആരാധന, വിദ്യാഭ്യാസം, സാമൂഹിക ഇടപെടൽ എന്നിവയ്ക്കുള്ള കേന്ദ്രങ്ങളായിരുന്നു. മസ്ജിദിന്റെ അവ്താദ് (തൂണുകൾ) എന്ന പ്രോയഗവും ഹദീസുകളില്‍ കാണാം. അതും ഒരു പ്രതീകമാണ്, സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും ഭൗതികവും ബൗദ്ധികവുമായ സ്ഥിതിവിശേഷങ്ങളെയാണ് അവ സൂചിപ്പിക്കുന്നത് എന്ന് തന്നെ പറയാം. ഏറ്റവും നല്ല വസ്ത്രം ധരിച്ച് ഭംഗിയായി പള്ളിയിലേക്ക് വരണമെന്ന നിര്‍ദ്ദേശവും പള്ളിയില്‍ ജമാഅതായി (മറ്റുള്ളവരോടൊപ്പം സംഘം ചേര്‍ന്ന്) പ്രഭാത നിസ്കാരം നിര്‍വ്വഹിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്തിലാണെന്നതും ഇതോട് ചേര്‍ത്ത് വായിക്കാം.

ആവശ്യമില്ലാതെ ഇതരരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് വിശ്വാസിയുടെ സ്വഭാവമല്ല. ആവശ്യമില്ലാത്തവയെ ഒഴിവാക്കുന്നതാണ് ഒരാള്‍ നല്ല മുസ്‍ലിം ആണെന്നതിന്റെ ലക്ഷണമായി പ്രവാചകര്‍ പറയുന്നത്. ഇമാം ശാഫിഈ(റ) ഒരിക്കല്‍ ഇമാം മാലിക്(റ)നോട്, താങ്കള്‍ക്ക് എത്ര വയസ്സായി എന്ന് ചോദിക്കുന്നുണ്ട്. താങ്കള്‍ താങ്കളുടെ കാര്യം നോക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശേഷം ഇമാം ശാഫിഈ(റ)യോട് ആവശ്യമില്ലാത്ത എന്ത് കാര്യം ആര് ചോദിച്ചാലും അദ്ദേഹം ഈ മറുപടി പറയുമായിരുന്നു.

ഇന്ന് റീലുകളുടെ കാലമാണ്. എത്രസമയം സ്ക്രോള്‍ ചെയ്തിരുന്നാലും നമുക്ക് മടുപ്പ് തോന്നാറേ ഇല്ല. ഇതും മറ്റുള്ളവരുടെ കാര്യങ്ങളിലും അനാവശ്യ വിഷയങ്ങളിലും ഇടപെടല്‍ തന്നെയാണ്. അതിന് പകരം, ദിവസവും നിശ്ചിത സമയം ഖുര്‍ആനോടൊപ്പം ചെലവഴിക്കാന്‍ നമുക്ക് സാധിക്കണം. ഇമാം ബന്നാനി ഇങ്ങനെ പറയുന്നത് കാണാം, നാല്പത് വര്‍ഷം ഞാന്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട് ജീവിച്ചു. അതില്‍ ആദ്യ 20 വര്‍ഷം ആ ശീലമുണ്ടാക്കുന്നതിന് ഞാന്‍ പ്രയാസപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീടുള്ള 20 വര്‍ഷം എനിക്ക് അത് ഏറ്റവും ആസ്വാദ്യകരമായ കാര്യമായിരുന്നു.

അറബി മാസത്തിലെ തിയ്യതി പ്രകാരം അതത് ദിവസത്തെ ജുസ്അ് ഓതുന്ന ഒരു ശൈലി മൊറോക്കോയിലെ ജനങ്ങള്‍ക്കിടയില്‍ കാണാനായിട്ടുണ്ട്. മാസം ഇരുപത്തിയൊമ്പതില്‍ അവസാനിക്കുന്നുവെങ്കില്‍ അന്നേ ദിവസം അവര്‍ മുപ്പതാമത്തെ ജുസ്അ് കൂടി പൂര്‍ത്തിയാക്കുകയും ചെയ്യും. ഏറ്റവും ഉത്തമന്‍ ആരാണെന്ന ചോദ്യത്തിന് പ്രവാചകര്‍ ഒരിക്കല്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, യാത്രയുടെ അന്ത്യത്തിലെത്തിയ ശേഷം വീണ്ടും യാത്ര തുടങ്ങുന്നവന്‍ (അല്‍ഹാല്ലു വല്‍മുര്‍തഹില്‍) ആണ് ഏറ്റവും ഉത്തമന്‍. ഖുര്‍ആന്‍ പാരായണം ചെയ്ത് ഖത്മ് പൂര്‍ത്തിയാക്കി വീണ്ടും അടുത്ത ഖത്മ് ആരംഭിക്കുന്നവനെയാണ് ഇത് കൊണ്ട് പ്രവാചകര്‍ സൂചിപ്പിച്ചത് എന്ന വ്യാഖ്യാനങ്ങളില്‍ കാണാം.

അറിയുന്നവരും അറിയാത്തവരുമെല്ലാം ഫത്‍വ പറയുന്നതാണ് ഇന്നത്തെ മറ്റൊരു ദുരന്തം. ഇമാം മാലിക്(റ) അടക്കമുള്ള പല പണ്ഡിതരും ഫത്‍വയെ കണ്ടിരുന്നത് വലിയൊരു അപകടമായിട്ടായിരുന്നു. ആരെങ്കിലും ഫത്‍വ ചോദിച്ച് വന്നാല്‍, ഇന്നാ ലില്ലാഹ് എന്ന് പറഞ്ഞായിരുന്നു പലരും സ്വീകരിച്ചിരുന്നത്.

ഗസ്സയിലും മറ്റും നടക്കുന്ന ക്രൂരതകള്‍ നാമൊക്കെ കാണുന്നുണ്ട്. ഇറാഖിലും അഫ്ഗാനിലും യമനിലും സിറിയയിലുമെല്ലാം നടന്നതും നടക്കുന്നതും നാം കാണുന്നതാണ്. അവയെല്ലാം ഏറെ വേദനാജനകം എന്ന് തന്നെയാണ്. അതേ സമയം, ഇത്തരം അവകാശലംഘനങ്ങളോടൊന്നും യോജിക്കാനാവാതെ, ഇരകളോടൊപ്പം നില്ക്കുന്ന എത്രയോ ഇതര മതസ്ഥരായ നല്ല മനുഷ്യരുണ്ട് എന്നത് കൂടി നാം മറന്നുകൂടാ. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ബ്രിട്ടീഷ് ജൂത യുവതിയെ എനിക്കറിയാം, ഗസ്സക്കാര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന എത്രയോ ഇസ്രാഈല്യരെ എനിക്കറിയാം, ഈ നഷ്ട ചരിത്രങ്ങളെല്ലാം ക്രോഡീകരിച്ച് അടുത്ത തലമുറക്ക് അതെങ്കിലും ബാക്കി വെക്കാന്‍ ശ്രമിക്കുന്ന അമുസ്‍ലിം ചരിത്രകാരന്മാരെ എനിക്കറിയാം. അവരോടൊല്ലാം, നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ അവര്‍ക്കെല്ലാം ഒറ്റ മറുപടിയേ പറയാനുള്ളൂ, മനുഷ്യത്വമുള്ള ആരും ചെയ്യേണ്ടതല്ലേ ഇതെല്ലാം. ആരും ഇതൊന്നും ചെയ്യാന്‍ മുന്നോട്ട് വരാത്തത് കൊണ്ട്, നാമെങ്കിലും ആ ബാധ്യത നിറവേറ്റേണ്ടതല്ലേ എന്ന ചിന്ത മാത്രമാണ് ഇതിന് ഞങ്ങളെ പ്രേരിപ്പിക്കുന്നത്.

ചുരുക്കത്തില്‍, ആശങ്കകളോടൊപ്പം തന്നെ പ്രതീക്ഷകളുടെ കിരണങ്ങളും ബാക്കിയുണ്ടെന്ന് കൂടി നാം ഓര്‍ക്കുക. ഒരിക്കലും നിരാശരാവാതിരിക്കുക. കുരിശ് യുദ്ധ കാലങ്ങളില്‍ അനേകം ക്രൂരതകള്‍ അരങ്ങേറിയിട്ടുണ്ട്, മംഗോളിയരും ഏറെ ക്രൂരതകള്‍ കാട്ടിയിട്ടുണ്ട്. എല്ലാം അതിജയിച്ച് ജനജീവിതം മുന്നോട്ട് തന്നെ പോയത് നാം കണ്ടതാണ്. അത് കൊണ്ട് തന്നെ, ഒന്നും ഒന്നിന്റെയും അവസാനമല്ല. നാം നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുക. നാം എപ്പോഴും സത്യത്തിന്റെയും നീതിയുടെയും ന്യായത്തിന്റെയും കൂടെയായിരിക്കുക. അതാണ് ഏറ്റവും പ്രധാനം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter