ഹസൻ ചലേബി: കാലിഗ്രഫിക്ക് കാലം കരുതിയ കാവല്‍

സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും അവഗാഹങ്ങളിൽ കലയുടെ ആസ്വാദനപരത കമാൻഡുകൾ ആയി ചുരുങ്ങുന്ന ഘട്ടത്തിൽ ആത്മാവിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന ആത്മീയ താളങ്ങളുടെ പാരമ്പര്യ സ്വത്വമാണ് കലയുടേതെന്ന് തന്റെ ജീവിത വെളിച്ചത്തിലൂടെ വ്യക്തമാക്കുകയും കലയെ യാഥാസ്ഥിതികമായി നിലനിർത്താൻ സ്വജീവിതം സമർപ്പിച്ചപ്പോൾ ഖത്താതുമാരുടെ നേതാവ്, അഥവാ റഈസുൽ ഖത്താത്തീൻ എന്ന് കാലം മുദ്ര വെക്കുകയും ചെയ്ത മഹോന്നതനായ കലാകാരനാണ് ഹസൻ ചെലേബി.

അത്താത്തൂർക്കിന്റെ വരവോടുകൂടി വേര് തകർന്ന തുർക്-അറബ് ബന്ധം തന്നെയാണ് ഹസൻ ചെലേബി എന്ന വ്യക്തിത്വത്തിന്റെ ജീവിതത്തിന് പ്രാധാന്യം വർധിപ്പിക്കുന്നത്. ഭാഷയുടെ ലാറ്റിൻവൽകരണത്തോടെ തകർന്ന അറബിയെ കാലിഗ്രഫിയിലൂടെ ഉണർത്തുന്നതിന് തുർക്കുകൾക്ക് താൽപര്യം തീരെ കുറവായിരുന്നു. കാലിഗ്രഫിയിൽ ഇജാസത്ത് നേടിയിരുന്ന ഏക വ്യക്തിത്വമായി ഹാമിദ് അയ്താച് എന്ന തന്റെ ഗുരു ശേഷിക്കുകയും ഗുരുവിൽ നിന്ന് തൽമേഖലയെ സംബന്ധിച്ച ഇജാസത്ത് സ്വീകരിക്കാൻ താൻ മാത്രം അവശേഷിക്കുന്നു എന്നിടത്ത് വരെ കാര്യങ്ങളെത്തിയത്, തൽസ്ഥിതി കൂടുതൽ വ്യക്തമാക്കുന്നുമുണ്ട്. അത്തരമൊരു പതനാത്മകമായ പാരമ്പര്യത്തെ തോൽക്കാൻ അടുക്കുന്ന യുദ്ധങ്ങളിലെ ഖാലിദ് ബിൻ വലീദിന്റെ ആഗമനം പോലെയോ കെടാൻ അടുക്കുന്ന അഗ്നിയെ ആളിക്കത്തിക്കുന്ന കനൽ പോലെയോ ആണ് ഹസൻ ചെലേബി പാരമ്പര്യ കാലിഗ്രഫിയിൽ അവതീർണമാകുന്നത്.

ചലേബ് അഥവാ ജെന്റിൽമാൻ 

ശിഷ്യന്മാരായ മുഹമ്മദ് ഹോബും തിർയാക്കിയുമെല്ലാം പറഞ്ഞു വെക്കുന്ന ഗുരുവിന്റെ ഉൽകൃഷ്ടമായ സ്വഭാവ ഗുണങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണ്. വളരെ മാന്യതയാർന്ന ജീവിതം നയിച്ച അദ്ദേഹം ശിഷ്യഗണങ്ങളെ ശകാരങ്ങളും കുത്തുവാക്കുകളും കൊണ്ട് നേരിടുന്നതിനു പകരം ജ്ഞാനവും യുക്തിപൂര്‍ണ്ണവുമായ വാക്കുകൾ കൊണ്ട് നേരിടുകയായിരുന്നു എന്ന് അടയാളപ്പെടുത്തിയതായി കാണാം.

തന്നിൽ നിന്നും ശിഷ്യത്വം സ്വീകരിക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്താതെ 'ക്ഷമയുടെ ഭാണ്ഡം ഉണ്ടെങ്കിൽ എന്റെ കൂടെ വന്നോളൂ' എന്നും 'അക്ഷരങ്ങളുടെ അനാട്ടമിയിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെ' ന്നുമെല്ലാം ശിഷ്യഗണങ്ങളോട് അദ്ദേഹം ഉപദേശിക്കുന്നത് കാണാം. ഇത്തരം മാന്യതയാർന്ന ജീവിതശൈലി കാരണം ശിഷ്യന്മാർ ഗുരുവര്യന് നൽകിയ നാമമായിരുന്നു ചേലബി. ചേലബ് (çeleb) എന്ന വാക്കിന് തുർക്കിഷിൽ ജന്റിൽമാൻ അഥവാ മാന്യൻ എന്നാണ് അർത്ഥം.

പാരമ്പര്യ സംരക്ഷണം

1937ൽ തുർക്കിയിലെ ഏർസുറും പ്രവിശ്യയിലെ ഇൻചി എന്ന ഗ്രാമത്തിൽ ആയിരുന്നു ചെലേബിയുടെ ജനനം. ചെറുപ്രായത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കിയിരുന്ന അദ്ദേഹം ഇസ്തൻബൂളിലേക്ക് പഠനാവശ്യാർത്ഥം യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് പള്ളികളിൽ മുഅദ്ദിനായും ഇമാമായും സേവനമനുഷ്ഠിക്കുകയും ചെയ്തു.

ടി ആർ ടി ഗ്ലോബലിനെഴുതിയ ആർട്ടിക്കിളിൽ യൂസഫ് കമദാൻ അദ്ദേഹത്തെ സംബന്ധിച്ച് ഇങ്ങനെ പറയുന്നതായി കാണാം "Where others saw decline, he saw duty" മറ്റുള്ളവർ ക്ലാസിക്കുകളുടെ പതനത്തെ വീക്ഷിക്കുമ്പോൾ അദ്ദേഹം ആ പതനം നമ്മിൽ ഏല്പിക്കുന്ന ഉത്തരവാദിത്വത്തെയായിരുന്നു കണ്ടിരുന്നത്.

തന്റെ ഇരുപത്തിനാലാം വയസ്സിൽ തുലുത്, നസ്ഖ് എന്നീ ലിപികൾ ഹാമിദ് അയ്ത്താച്ചിൽ നിന്നും തഅ്ലീഖ്, രിഖ്അ എന്നീ ലിപികൾ മറ്റൊരു പ്രസിദ്ധ കാലിഗ്രഫർ ആയിരുന്ന കമാൽ ബതാനെയിൽ നിന്നും പഠിച്ചെടുത്തു. ഉത്തരവാദിത്വം പഠനത്തിൽ ഒതുങ്ങേണ്ടതല്ല, മറിച്ച് പ്രസരണം നല്കി അതിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന പരമ ബോധ്യം ആയിരുന്നു അദ്ദേഹത്തെ റഈസുൽ ഖത്താതീൻ എന്ന നാമത്തിന് അർഹനാക്കിയത്.

അനേകം നദികളുടെ പ്രഭവകേന്ദ്രം

ചലേബിയുടെ പ്രഥമ പരിഗണന ഉത്തരവാദിത്വം എന്ന ബോധ്യമായതിനാൽ തന്നെ മുമ്പ് സൂചിപ്പിച്ചതുപോലെ പ്രസരണങ്ങൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത്. കേവലം തന്റെ കലയെ പ്രദർശനങ്ങൾക്ക് വിധേയമാക്കുക എന്നതിനപ്പുറത്ത് താൻ പ്രതിനിധാനം ചെയ്യുന്ന കലയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന മഹത്തായ ധർമ്മമാണ് അദ്ദേഹം നടത്തിയിരുന്നത്.
താൻ ഇജാസ നൽകിയ ആളുകളുടെ എണ്ണത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കൃത്യമായി അറിയില്ലെന്നും ഏകദേശം എഴുന്നൂറ്‌ പേർ വരെ കാണുമെന്നും അതിൽ തന്നെ ഏകദേശം നൂറുപേർ പൂർണമായും ഇജാസത്ത് സ്വീകരിച്ചവരാണെന്നും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്.

തുർക്കിയയിൽ നിന്നുള്ള ദാവൂദ് ബക്താഷ്, ഫർഹദ് കുർലു, അയ്താൻ തിർയാക്കി, ഹിലാൽ കസാൻ, എഫ്ദലുദ്ദീൻ കിലിച്ച് അമേരിക്കയിൽ നിന്നുള്ള മുഹമ്മദ് സകരിയ, സ്പെയിനിൽ നിന്നുള്ള നൂരിയ ഗാർഷ്യ മാസിപ്, ഇന്ത്യയിൽ നിന്നുള്ള മുഖ്‌താർ അഹ്മദ്, ചൈനയിൽ നിന്നുള്ള ഹാജി നൂറുദ്ധീന്‍ തുടങ്ങിയവരെല്ലാം ഹസൻ ചേലബിയെന്ന മഹാ സമുദ്രത്തിൽ നിന്നുമടർന്ന സമകാലീന ലോകത്ത് പാരമ്പര്യ കാലിഗ്രഫിയുമായി ബന്ധം തീർക്കുന്ന മഹാനദികളാണ്. ഇത്തരമൊരു അപ്രമാദിത്യം ശിഷ്യവൽക്കരണത്തിൽ സ്വീകരിച്ചതിനാൽ തന്നെയാവണം അദ്ദേഹത്തെ ലോകം റഈസുൽ ഖത്താതീൻ എന്ന നാമം നല്കി ആദരിച്ചതും.

നിയ്യത്തിൽ പതിഞ്ഞ റുഅ്'യത്ത് 

റുഅ്'യത്ത് എന്നാല്‍ സ്വപ്നം എന്നാണര്‍ത്ഥം. ഒരു കലാകാരനെ സംബന്ധിച്ച്, പ്രത്യേകിച്ച് ആത്മീയ ശാന്തി നേടുന്ന മഹാത്മാവിനെ സംബന്ധിച്ച് സ്വപ്നമെന്ന് തോന്നാവുന്ന ആഗോള സ്വീകാര്യതയായിരുന്നു ഹസ്സൻ ചലേബിക്ക് ലഭിച്ചത്. തന്റെ നിയ്യത്ത് അഥവാ കരുതലിൽ നാഥൻ നൽകിയ സമ്മാനമായാണ് നമുക്ക് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാൽക്കാരത്തെ കാണാനാവുക.

ചലേബിയുടെ ആദ്യ കാലിഗ്രഫി പ്രദർശനം 1982ൽ IRCICA (Research centre for Islamic History, Arts and Culture)യുടെ കീഴിലായിരുന്നു. തുടർന്ന് മസ്ജിദുന്നബവിയിലും മസ്ജിദുൽ ഖുബാഇലും കലാവിസ്മയം തീർക്കാൻ അവസരം ലഭിച്ചതിന് പുറമേ മലേഷ്യ, ജോർദാൻ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലും മായാമഷികൾ കൊണ്ട് തന്റെ മുദ്രകൾ പതിപ്പിക്കാൻ ചലേബിക്കായിട്ടുണ്ട്.

ഉറച്ച നിലപാടുകൾ

ക്ഷമയുടെ ഭാണ്ഡം ഉണ്ടെങ്കിൽ എന്റെ കൂടെ വന്നോളൂ എന്ന മാന്യമായ സമീപനത്തോടൊപ്പം, കലയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും ചലേബിക്കുണ്ടായിരുന്നു. ഉസ്മാനി കാലഘട്ടത്തോട് സമകാലീന സാഹചര്യത്തെ താരതമ്യപ്പെടുത്തുമ്പോൾ തൽക്കാലത്തെ ന്യൂനതകൾക്കപ്പുറം ഭാവിയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത്. ടെക്നോളജിയെ അന്ധമായി അടച്ചാക്ഷേപിക്കുന്നതിനു പകരം സമകാലീന ലോകത്തെ ടെക്നോളജി മനുഷ്യകലയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ഉതകുന്നതല്ലെന്നും ഭാവിയിൽ എന്താകുമെന്ന് അതിനറിയില്ലെന്നും ടെക്നോളജിക്ക് സ്വന്തമായി ഒന്നും തന്നെയില്ലെന്നും മനുഷ്യന്റെ കലയെ അതേപടി അനുകരിക്കുക മാത്രമാണ് ടെക്നോളജി ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം പാരമ്പര്യത്തെ മുറിവേൽപ്പിക്കുന്ന രീതിയിലുള്ള ആധുനിക കലാ സിദ്ധികളെ അദ്ദേഹം സമ്പൂർണ്ണമായി അപലപിക്കുകയും ചെയ്യുന്നുണ്ട്. എന്റെ ഉത്തമമായ കല ഞാൻ ഇതുവരെ നിർമ്മിച്ചിട്ടില്ലെന്നും ദിവസവും മണിക്കൂറുകളോളം പരിശ്രമിക്കണം എന്നുമെല്ലാമുള്ള അദ്ദേഹത്തിന്റെ മഹത്തായ ചിന്തകൾ, കലാ ലോകത്തിന് എന്നും പ്രചോദനം തന്നെയാണ്. കലാവിസ്മയങ്ങൾ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് തന്മയത്വത്തോടുകൂടി നമ്മെ, നമ്മുടെ ആത്മാവിനെ സ്പർശിക്കണം എന്ന മഹത്തായ ആശയധാര മുന്നോട്ട് വെച്ചിരുന്ന ചലേബിയുടെ ബയോ ഡോക്യുമെന്ററിയും ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. 2025 ഫെബ്രുവരി 24ന് ഇസ്തന്ബൂളിൽ വെച്ചാണ് അദ്ദേഹം വാഫാത്താവുന്നത്. അദ്ദേഹത്തിന്റെ വിയോഗം പാരമ്പര്യങ്ങളുടെ സൗന്ദര്യത്മകമായ ലോകത്തിന് തീരാനഷ്ടം തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter