സ്വാതന്ത്ര്യം, ഇനിയും സമരങ്ങള്‍ വേണ്ടിവരും

രാജ്യത്തിന്റെ എഴുപത്തിഴേയാം സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി വരവേൽക്കാൻ ഇന്ദ്രപ്രസ്ഥത്തിൽ തിരക്കിട്ട ഒരുക്കങ്ങൾ നടക്കുമ്പോഴും മതവർഗീയ വാദികൾ അഴിച്ചു വിട്ട കലാപാഗ്‌നിയുടെ കനലുകൾ മണിപ്പൂരിലും ഹരിയാനയിലും ഇപ്പോഴും പുകഞ്ഞുകൊണ്ടേയിരിക്കുകയാണ്.

രണ്ട് നൂറ്റാണ്ട് നീണ്ട വെള്ളക്കാരന്റെ കിരാതന ഭരണത്തിന് അന്ത്യം ക്കുറിച്ച് ഭാരതം സ്വാതന്ത്ര്യത്തിന്റെ മധുരം നുണയുമ്പോൾ കലഹങ്ങളും കലാപങ്ങളും കെട്ടടങ്ങിയ അപര മത വിദ്വേശവും വർഗ്ഗീയ ബോധവും ഇല്ലാത്ത പാരസ്പര്യത്തിന്റേയും സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സുന്ദരമായ രാഷ്ട്രത്തെയാണ് മഹാരഥൻമാരായ നമ്മുടെ രാഷ്ട്ര നേതാക്കൾ സ്വപ്നം കണ്ടിരുന്നത് . സ്വാതന്ത്യ ലബ്ദിയുടെ ആദ്യ അർദ്ധരാത്രി തന്നെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജവഹർലാൽ നെഹ്റു പങ്കു വെച്ചത് ആ പരമാർത്ഥമാണ്,  ലോകം ഇരുട്ട് പുതച്ച് സുഖ സുഷുപ്തിയിൽ ലയിക്കുമ്പോൾ പാരതന്ത്ര്യത്തിന്റെ ഇരുമ്പു മറകളെ ഭേദിച്ച് നാം പ്രതീക്ഷകളുടെ പുതിയ പുലരികളെ കാത്തിരിക്കുകയാണ്. പൊരുതിയും പോരാടിയും നാം നേടിയ ഈ സ്വതന്ത്യത്തിന്റെ വഴികളിൽ  രക്തം കൊടുത്തും ജീവൻ നൽകിയും നിരവധി  ഭാരതീയർ കടന്ന് പോയിട്ടുണ്ട്, പിന്നിട്ട വഴികളിൽ അവർ നടത്തിയ ത്യാഗോജ്ജലമായ പോരാട്ടമാണ് ഭൂതകാലത്തിലേക്ക് നോക്കി സ്വപ്നങ്ങൾ കാണുവാൻ വർത്തമാന കാലത്ത് നമുക്ക് ഊർജം പകരുന്നത്. ഇങ്ങനെ വൈകാരികമായ പല രംഗങ്ങളേയും ഓർത്തെടുത്ത് കോർത്തിണക്കി പറയുന്ന ആ പ്രഭാഷണ വരികൾക്കിടയിൽ ഏതർത്ഥത്തിലുള്ള രാഷ്ട്ര സങ്കൽപ്പത്തെയാണ് ഇന്ത്യ വിഭാവനം ചെയ്യുന്നതെന്ന് വളരെ വ്യക്തമായി തന്നെ നെഹ്റു ഉണർത്തുന്നുണ്ട്. രാജ്യത്തെ ഓരോ മനുഷ്യന്റെയും കണ്ണിൽ നിന്നും കണ്ണുനീർ തുടക്കപ്പെടുന്നതു വരെ സ്വാതന്ത്ര്യം പുലരില്ലെന്ന് പ്രസ്താവിച്ച മഹാത്മാ ഗാന്ധി അധികം വൈകാതെ വെടിയേറ്റ് വീണതിന് രാഷ്ട്രം സാക്ഷ്യം വഹിക്കേണ്ടിവന്നു എന്നത് ചാച്ചാജിയുടെ ഈ സ്വപ്നം എത്ര അകലെയാണെന്ന് അന്നേ വിളിച്ചുപറഞ്ഞു.

ഏഴര പതിറ്റാണ്ടിനപ്പുറം സമകാലിക ഇന്ത്യൻ രാഷ്ട്രീയം ഇതിനോട് ചേർത്ത് വായിക്കുമ്പോൾ നീതി നിഷേധത്തിന്റെ നൂറുനൂറു വർത്തമാനങ്ങളും ഉള്ളുലക്കുന്ന ആയിരം വാർത്തകളും നിറഞ്ഞ് നിൽക്കുന്ന ഇടമായി ഇന്ത്യ മാറിയെന്നു മാത്രമല്ല  ഹിന്ദുത്വവർഗ്ഗീയത ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളും ചവിട്ടിമെതിച്ച് വർഗ്ഗീയ വിഷം ചുരത്തി സംഹാര താണ്ഡവമാടുകയാണ്.

മത വർഗ്ഗീയ കോമരങ്ങൾ കൊളുത്തിവെച്ച കലാപ തീ കത്തിപ്പടർന്ന് ഇരു ചേരികളായി തിരിഞ്ഞ മണിപ്പൂരും അപര മത വിദ്വേഷം ആളി കത്തിയപ്പോൾ കലാപത്തിന് കളമൊരുങ്ങിയ ഹരിയാനയും ആ ഭീകര കാഴ്ചകളുടെ നേർചിത്രങ്ങളാണ്. സ്ഥാപിത താത്പര്യങ്ങൾ നടപ്പിലാക്കാൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും പ്രതീകങ്ങൾ ഓരോന്നായി ഉന്മൂലനം ചെയ്യപ്പെടുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകാലത്ത് ഐക്യവും അഖണ്ഡതയും മത സാഹോദര്യവും വാക്കുകളിൽ മാത്രം ഒതുങ്ങുമ്പോൾ ബ്രിട്ടീഷ് വിരുദ്ധസമര പോരാട്ടത്തിന്റെ അമരസ്മരണകൾ ഉയർത്തി കടന്ന് പോകുന്ന ഈ സ്വാതന്ത്ര്യ ദിനത്തിൽ, ആഘോഷങ്ങളല്ല വേണ്ടത്, മറിച്ച് ചില പുനരാലോചനകളും ഇനിയും ലഭിച്ചിട്ടില്ലാത്ത യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനായുള്ള നില്ക്കാത്ത സമരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളുമാണ് ആവശ്യം. വിശിഷ്യ ഏക മത ഹിന്ദു രാഷ്ട്രം സാക്ഷാത്കരിക്കാൻ ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയും വികലമാക്കപ്പെടുകയും ചെയ്യുന്ന സത്യാനന്തര യുഗത്തിൽ.

ബ്രിട്ടീഷ് വിരുദ്ധ സമരം നടത്തിയതിന്റെ പേരിൽ മൗലാന മുഹമ്മദലിയും സഹോദരൻ ഷൗക്കത്തലിയും ജയിലിലടക്കപ്പെട്ടപ്പോൾ രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുകയും ഒടുവിൽ ബ്രിട്ടീഷ് ഭരണകൂടം ജയിൽ മോചിതരാക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പക്ഷേ, ഇതുവരെ നയിച്ച ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളത്രയും  തെറ്റായി പോയെന്ന് പറയാനും അധികാരിവർഗ്ഗത്തോട്ട് കൂറ് പുലർത്തുന്ന പ്രതിജ്ഞാ പത്രത്തിൽ ഒപ്പുവെക്കാനും അവർനിബന്ധന വെച്ചു. ഇതറിഞ്ഞ മൗലാനയുടെ മാതാവ് ബീഗം ആബിദ ജയിലിൽ കിടക്കുന്ന മക്കളെ ഉപദേശിക്കുന്നത് ഇങ്ങനെയാണ്, "മക്കളെ നിങ്ങളിരുവരും മോചിതരാകുന്നതിൽ ഞാൻ അതീവ സന്തുഷ്ടയാണ്. പക്ഷേ, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ തള്ളിപ്പറഞ്ഞിട്ടാണ് നിങ്ങൾ സ്വതന്ത്രരാകുന്നതെങ്കിൽ, നിങ്ങളുടെ കഥ കഴിക്കുന്നത്, വാർദ്ധക്യത്തിന്റെ അവശതയിൽ ദുർബലമായ ഈ കരങ്ങള്‍ തന്നെയായിരിക്കും". ഒടുവിൽ ഉമ്മയുടെ ഉപദേശപ്രകാരം അലി സഹോദരൻമാർ ബ്രിട്ടീഷ് മേലാധികാരികൾക്ക് മറ്റൊരു പ്രതിജ്ഞാ പത്രം തിരികെ  എഴുതിക്കൊടുത്തുവെന്നാണ് ചരിത്രം.

അതു കൊണ്ട് അകറ്റി നിറുത്തലിന്റേയും ആട്ടിയോടിക്കലിന്റേയും മനുഷ്യത്വ രഹിതമായ സംസ്കാരത്തെ നിരാകരിക്കാനും എല്ലാവരും  മനുഷ്യരായി ചേർന്ന് നില്‍ക്കുന്ന, അല്ലാമാ ഇഖ്ബാല്‍ പാടിയത് പോലെ, വിവിധ മതസ്ഥര്‍ വര്‍ണ്ണാഭമായ പൂക്കളായി പരിമളം പരത്തി നില്ക്കുന്ന പൂവാടി പോലെ നിലകൊള്ളുന്ന ഇന്ത്യയുടെ പുനസൃഷ്ടിക്ക് ഇനിയും സമരങ്ങള്‍ വേണ്ടിയിരിക്കുന്നു.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter