ലിംഗനിഷ്പക്ഷതയും പാഠ്യപദ്ധതി ചട്ടക്കൂടും

കേരളത്തിലെ സ്‌കൂള്‍ സംവിധാനങ്ങളില്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന ജന്‍ഡര്‍ നൂട്രല്‍ പാഠ്യപദ്ധതിയെ വിമര്‍ശനാത്മകമായി അവലോകനം ചെയ്യുന്ന പഠന പരമ്പര (സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകൃതമായത്)

1960 കളില്‍ അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയിലാണ് സംഭവം നടക്കുന്നത്. ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഫിമോസിസ് എന്ന അവസ്ഥയെ ചികിത്സിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചേലാകര്‍മത്തിനിടെ ഇനി വീണ്ടെടുക്കാന്‍ കഴിയാത്ത വിധം പൊള്ളലേറ്റ ബ്രൂസ് എന്ന മകനുമായി ജാനറ്റ്-റൈമര്‍ ദമ്പതിമാര്‍ ജോണ്‍ മണി എന്ന ഡോക്ടറെ സമീപിക്കുന്നു. ബ്രൂസ്, ബ്രയാന്‍ എന്നീ ഇരട്ടമക്കളില്‍ ഒരാളായ ബ്രൂസിന്റെ ജനനേന്ദ്രിയം ഒരിക്കലും ശരിയാക്കിയെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞ ഭാവിയിലെ അവന്റെ ലൈംഗികജീവിതത്തെക്കുറിച്ച് ആകുലരായ മാതാപിതാക്കള്‍ക്കു മുമ്പില്‍ ഡോ. ജോണ്‍മണി വിചിത്രമായ ഒരു നിര്‍ദേശം സമര്‍പ്പിച്ചു. മകനെ, പെണ്‍കുട്ടിയായി വളര്‍ത്താം! ലിംഗം മുറിച്ച് മാറ്റി സ്ത്രീയോനിക്ക് സമാനമായ ഉള്‍ഭാഗം സര്‍ജറിയിലൂടെ രൂപപ്പെടുത്തിയെടുക്കാമെന്നായിരുന്നു ഡോ. മണിയുടെ ഉപദേശം. ഒരാള്‍ ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് അയാളുടെ അവയവമല്ല, അയാളോടുള്ള വളര്‍ത്തുരീതിയും പെരുമാറ്റരീതിയും ആണെന്ന ലിംഗത്വസാമൂഹികനിര്‍മിതീവാദത്തില്‍ വിശ്വസിക്കുന്നയാളായിരുന്നു ഡോ. മണി. ബ്രൂസിന്റെ ഇരട്ട സഹോദരന്‍ ആണായി വളരുമ്പോള്‍ ബ്രൂസിനെ പെണ്ണാക്കി വളര്‍ത്തിയാല്‍ തന്റെ വിശ്വാസത്തിന് മുതല്‍ക്കൂട്ടാകുമെന്ന് തിരിച്ചറിഞ്ഞ അയാള്‍ ആ കുഞ്ഞിനെ ആധുനിക ജെന്‍ഡര്‍ സിദ്ധാന്തത്തിന്റെ പരീക്ഷണവസ്തുവാക്കാന്‍ തന്നെ തീരുമാനിച്ചു. തുടര്‍ന്ന് 22 മാസം മാത്രം പ്രായമുള്ള ബ്രൂസിനെ ലിംഗപുനര്‍നിര്‍മാണ സര്‍ജറിക്ക് വിധേയനാക്കുകയും ബ്രെന്‍ഡ എന്ന പുതിയ പേര് നല്‍കുകയും ചെയ്തു. ലിംഗം മുറിച്ച് മാറ്റിയാലും ബ്രൂസിന്റെ ആണ്‍ ശരീരത്തിലെ ഹോര്‍മോണുകള്‍ പ്രവര്‍ത്തനക്ഷമമാവുന്നത് സ്വാഭാവികം. ഇത് തടയാന്‍ ഡോ. മണി സ്ത്രീ ഹോര്‍മോണുകള്‍ കുത്തിവെക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ നിരന്തരം തടസ്സപ്പെടുത്തുകയും ചെയ്തു. നിരന്തരമായ ഹോര്‍മോണ്‍ ചികിത്സ മൂലം ശാരീരികമായും മാനസികമായും വലിയ ദുരിതമനുഭവിച്ച ബ്രൂസ്, തന്റെ പതിമൂന്നാം വയസ്സില്‍ ഇനി ഡോ. മണിയെ കാണേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് രണ്ടുവര്‍ഷം കഴിയും മുമ്പേ റെയ്മര്‍ ദമ്പതിമാര്‍ ബ്രൂസിനോട് കുഞ്ഞായിരിക്കുമ്പോള്‍ അവന്റെ ശരീരത്തില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് എല്ലാം തുറന്ന് പറഞ്ഞു. ഇതറിഞ്ഞ ബ്രൂസ് തന്റെ പേര് ഡേവിഡ് റെയ്മര്‍ എന്നാക്കി മാറ്റി ആണായിത്തീരാനുള്ള ദയനീയമായ ചില ശ്രമങ്ങള്‍ നടത്തി. പിന്നീട് 38 ആം വയസ്സില്‍ ആത്മഹത്യ ചെയ്തു. സ്ത്രീയാണോ പുരുഷനാണോ എന്നു തീരുമാനിക്കാനുള്ള മാനദണ്ഡം മനസിലെ തോന്നലാണെന്നും, ആ തോന്നല്‍ സാമൂഹികനിര്‍മിതി മാത്രമാണെന്നുമുള്ള ആധുനിക ജെന്‍ഡര്‍ തിയറിയുടെ ആദ്യത്തെ ഇരകളിലൊരാളായിരുന്നു ബ്രൂസ് എന്ന ഡേവിഡ് റൈമര്‍. 
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ലിംഗനിഷ്പക്ഷതയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കും, സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിലെ ലിംഗബോധം സംബന്ധമായ നിര്‍ദേശങ്ങള്‍ക്കും മുകളില്‍ വിവരിച്ച സംഭവവുമായി കാര്യമായ ബന്ധമുണ്ട്. ലിംഗനിഷ്പക്ഷതയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളെ യൂണിഫോമിലോ ലിംഗനീതിക്കുവേണ്ടിയുള്ള ശ്രമത്തിലോ ഒതുക്കി മനസ്സിലാക്കാന്‍ കഴിയില്ല. മറിച്ച് ആഗോള ലിംഗരാഷ്ട്രീയത്തിന്റെയും ആധുനിക ലിംഗസിദ്ധാന്തത്തിന്റെയും ചുവട് പിടിച്ചാണ് അത് മുന്നേറുന്നത്. സമൂഹ ചര്‍ച്ചക്കായി സര്‍ക്കാര്‍ അവതരിപ്പിച്ച ചട്ടക്കൂടില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. കാരണം, സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജെന്‍ഡര്‍ സ്‌പെക്ട്രത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിക്കുന്നില്ലെന്നും അതിനാവശ്യമായത് ചെയ്യണമെന്നും ചട്ടക്കൂടിന്റെ 28 - മത് നിര്‍ദേശമായി കാണാം. എന്താണ് ജെന്‍ഡര്‍ സ്‌പെക്ട്രത്തെക്കുറിച്ച ധാരണ വികസിക്കുന്നില്ല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്? 


സ്വവര്‍ഗസ്വാഭാവികതയും സര്‍ക്കാര്‍ നയവും. 
നിലവില്‍ നമ്മുടെ സമൂഹഘടന സ്ത്രീപുരുഷ ബന്ധത്തിലധിഷ്ഠിതമായ കുടുംബഘടനയില്‍ ഊന്നിയതാണ്.  അഥവാ, എതിര്‍ലിംഗസ്വാഭാവിക (heteronormative) മാണ്. ഈ രീതിമാറുകയും സ്വാവര്‍ഗാനുരാഗികളെക്കൂടി സ്വാഭാവികമായി ഉള്‍ക്കൊള്ളുന്ന സ്വവര്‍ഗസ്വാഭാവിക (homonormative) സാമൂഹികഘടന സാധ്യമാക്കണമെന്നുമാണ് ലിംഗ രാജിയെ (സ്‌പെക്ട്രം) കുറിച്ചുള്ള ധാരണകള്‍ വികസിപ്പിക്കണം  ഇത് കൊണ്ടുള്ള ഒരു ഉദ്ദേശ്യം. ബാലുശ്ശേരി സ്‌കൂളിലെ യൂണിഫോം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍.ബിന്ദു ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ടുവരുന്നതിലൂടെ  സ്വവര്‍ഗസ്വാഭാവിക സമൂഹത്തെ വളര്‍ത്തുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പിന്നിലും ഈ ഉദ്ദേശ്യമാണ്. 
രണ്ടു കാര്യങ്ങളില്‍ ഇവിടെ വ്യക്തത വരേണ്ടതുണ്ട്. ഒന്നാമതായി, സ്വവര്‍ഗസ്വാഭാവിക സമൂഹം കുടുംബങ്ങളെ തകര്‍ക്കുമെന്ന വാദം വിശ്വാസീ സമൂഹങ്ങളിലും അല്ലാത്തവരിലും നിലനില്‍ക്കുന്നുണ്ട്. പാശ്ചാത്യന്‍ രാജ്യങ്ങളില്‍ നിന്നുവരുന്ന കണക്കുകള്‍ അതിനു തെളിവാണ്. വര്‍ഷങ്ങളോളം ഭാര്യയും മക്കളുമായി കുടുംബനാഥന്മാരായി ജീവിച്ചവര്‍ പൊടുന്നനെ സ്വവര്‍ഗാനുരാഗികളായി 'കമിംഗ് ഔട്ട്' നടത്തുകയും, ആശ്രിതരായ സ്ത്രീകളെ ഇട്ടേച്ചുപോവുകയും, ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്കു മേല്‍ മക്കളുടെ ഭാരം വന്നു പതിക്കുകയും, കരിയര്‍ ഗുണമുള്ള സ്ത്രീകള്‍ യൌവനകാലത്ത് ഈ ഒറ്റപ്പെടല്‍ അതിജീവിക്കുമെങ്കിലും പ്രായമേറുമ്പോള്‍ ഭീകരമായ ഏകാന്തതയിലേക്ക് പോകുന്നതുമെല്ലാം പാശ്ചാത്യനാടുകളില്‍ നടമാടുന്ന കാഴ്ചയാണ്. ഇത്തരം പരിണിതികളെക്കുറിച്ച് ഒരു ജനാധിപത്യസമൂഹം എന്ന നിലയില്‍ കാര്യമായ ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടില്ല. രണ്ടാമതായി, സ്വര്‍വഗരതിക്കാര്‍ക്ക് അവരുടെ ഇഷ്ടം പോലെ ജീവിക്കാമെന്നത് അവകാശമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍, അതുമാത്രമല്ലല്ലോ അവരുടെ അവകാശം. മറിച്ച്, എതിര്‍ലിംഗസ്വാഭാവിക സമൂഹത്തിന്റെ ഭാഗമായി മാറാന്‍ അവര്‍ക്ക് സാധിക്കുമോ എന്ന അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ എന്തു കൊണ്ട് അവരുടെ അവകാശങ്ങളുടെ ഭാഗമായി പുരോഗമനസമൂഹത്തിന് സാധിക്കുന്നില്ല? തങ്ങള്‍ക്ക് സ്വവര്‍ഗത്തോട് മാത്രം 1ആകര്‍ഷണം തോന്നുന്നു, അതിനാല്‍ തങ്ങള്‍ എതിര്‍ലിംഗസ്വാഭാവികതയില്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്നും വിവേചനം അനുഭവിക്കുന്നു എന്നതാണ് സ്വവര്‍ഗാനുരാഗികളനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. അങ്ങനെ വരുമ്പോള്‍ അവരുടെ ചോദനകളെ മാത്രം അവകാശമായി കാണുന്നതിന് പകരം, സ്വവര്‍ഗസ്വാഭാവികതയില്‍ നിന്നും എതിര്‍ലിംഗസ്വാഭാവികതയിലേക്ക് മാറാനുള്ള പദ്ധതികള്‍ ആരായുന്നത് എന്തുകൊണ്ട് അവകാശ രാഷ്ട്രീയത്തിന്റെ പരിധിയില്‍ വരുന്നില്ല.? യഥാര്‍ഥത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ആഗോള ലിംഗരാഷ്ട്രീയപരിസരത്ത് ഹോമോഫോബിയ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു മാറ്റം സാധ്യമാണോ എന്ന ഗവേഷണത്തിനോ ചികിത്സക്കോ മുതിരുന്ന ഡോക്ടര്‍മാരെയും മനശാസ്ത്രവിദഗ്ധരെയും കയ്യേറ്റം ചെയ്യുകയും അവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്ന രീതിയാണ് അഗോള തലത്തിലെ നടപ്പുരീതി. ഈ നടപ്പുരീതി തന്നെയാണോ ഇക്കാര്യത്തില്‍ കേരളവും പിന്തുടരാന്‍ പോകുന്നത് എന്നും വ്യക്തമാക്കേണ്ടതുണ്ട്.
ലിംഗത്വരാജിയെ (ജെന്‍ഡര്‍ സ്‌പെക്ട്രം) പരിഗണിക്കുമ്പോള്‍ കുടുംബങ്ങളെ തകര്‍ത്തുകളയാനുള്ള ശേഷി സ്വവര്‍ഗസ്വാഭാവികത എന്ന ആശയത്തിന് മാത്രമല്ല ഉള്ളത്.  മറിച്ച്, ലിംഗനിഷ്പക്ഷത മുന്നോട്ടുവെക്കുന്ന  ആശയങ്ങളും കുടുംബങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളവയാണ്.   


ലിംഗനിഷ്പക്ഷതയും ജീവശാസ്ത്രവും
ആധുനിക ജെന്‍ഡര്‍ തിയറി മനുഷ്യന്റെ ജീവശാസ്ത്രമെന്ന യാഥാര്‍ഥ്യത്തെയാണ് നിരാകരിക്കുന്നത്. ഒരാളുടെ ലിംഗം (Sex) അയാള്‍ ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നതില്‍ മാനദണ്ഡമാക്കാന്‍ കഴിയില്ലെന്നും, അവയവം ഏതായിരുന്നാലും ശരി, അയാളുടെ മനസ്സില്‍ എന്താണോ തോന്നുന്നത് അതാണ് അയാളുടെ ജെന്‍ഡര്‍ എന്ന ആശയമാണിത്. ഇതനുസരിച്ച്, ഒരാള്‍ക്ക് ആണാണോ പെണ്ണാണോ എന്ന് സ്വയം നിര്‍ണയിച്ച് പ്രഖ്യാപിക്കാം, അത് അവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ് എന്നതാണ് ആധുനിക ജെന്‍ഡര്‍ സിദ്ധാന്തവും എല്‍.ജി.ബി.ടി രാഷ്ട്രീയവും മുന്നോട്ടു വെക്കുന്നത്. ഇത് കുടുംബവ്യവസ്ഥയെ തകര്‍ക്കുമെന്നത് പ്രത്യേകം പറയണ്ടതില്ലല്ലോ.  ഫ്രഞ്ച് സെക്‌സോളജിസ്റ്റായ ഡെബ്രാ സോ ദ എന്‍ഡ് ഓഫ് ജെന്‍ഡര്‍ എന്ന കൃതിയില്‍ ജെന്‍ഡര്‍ ആക്ടിവിസത്തിന്റെ പൊള്ളത്തരങ്ങളെയും ശാസ്ത്രവിരുദ്ധതയെയും തുറന്നുകാട്ടിയിട്ടുണ്ട്.  
ജെര്‍മൈന്‍ ഗീര്‍, ജാനസ് റൈമന്‍ഡ് എന്നിവരെപ്പോലുള്ള ചില പ്രമുഖ ഫെമിനിസ്റ്റുകള്‍ ജെന്‍ഡര്‍ സാമൂഹിക നിര്‍മിതയാണെന്നും, അതെപ്പോഴും മാറാമെന്നുമുള്ള വാദത്തെ എതിര്‍ത്തിട്ടുണ്ട്. ട്രാന്‍സ് എക്‌സ്‌ക്‌ളൂഷ്യനറി റാഡിക്കല്‍ ഫെമിനിസ്റ്റ്‌സ് (TERFs) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 'പുരുഷ ശരീരമുള്ളയാള്‍ തന്റെ ജെന്‍ഡര്‍ പെണ്ണാണെന്ന് വാദിക്കുന്നതിലൂടെ സംഭവിക്കുന്നത് ആണധികാര വ്യവസ്ഥയില്‍ പെണ്ണിനെ ആണ്‍ സ്വന്തമാക്കുക എന്ന പ്രക്രിയയാണ്' എന്നാണ് ജാനിസ് റെയ്മണ്ട് വാദിച്ചത് (ദ ട്രാന്‍സ് സെക്ഷ്വല്‍ എംപയര്‍: ദ മെയ്ക്കിങ് ഓഫ് ദ ശീമെയ്ല്‍, 1979). 
'ഒരു സ്ത്രീയെ സ്ത്രീയാക്കുന്ന ഘടകങ്ങളെന്തെല്ലാമാണോ, അവയെ അന്യായമായി അടിച്ചുമാറ്റുന്ന പണിയാണ് ട്രാന്‍സ്‌ജെന്‍ഡറിസം ചെയ്യുന്നത്' എന്നാണ് ജെര്‍മന്‍ ഗീര്‍ തന്റെ ദ ഹോള്‍ വുമണ്‍ എന്ന കൃതിയില്‍ (1999) ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 
ആഗോളതാപനം കൃത്യമായ ശാസ്ത്രീയ തെളിവുകളില്ലാത്ത ഒരു വൈകാരിക ഉമ്മാക്കി മാത്രമാണെന്ന് വാദിച്ചുകൊണ്ട് ശാസ്ത്രത്തിനു വേണ്ടി നിലകൊള്ളുന്ന ലിബറലുകള്‍ ജെന്‍ഡര്‍ വിഷയത്തില്‍ ജീവശാസ്ത്രപരമായ സകലതെളിവുകളില്‍ നിന്നും ഒളിച്ചോടുന്നത് വിരോധാഭാസമാണെന്ന് ഫെമിനിസ്റ്റുകള്‍ക്കിടയിലെ വിവാദനായിക കമിയ പഗ് ലിയ പരിഹസിക്കുന്നതു കാണാം.  
സ്ത്രീയും പുരുഷനും തമ്മില്‍ ജീവശാസ്ത്രപരമായിത്തന്നെ വ്യത്യസ്തരാണ്. ഈ വ്യത്യസ്തത അംഗീകരിക്കാത്തവര്‍ പറയുന്ന ന്യായം വ്യത്യാസങ്ങള്‍ വിവേചനങ്ങള്‍ക്ക് ന്യായമാണെന്നതാണ്. യഥാര്‍ഥത്തില്‍, വ്യത്യാസങ്ങള്‍ പരിഗണിക്കലാണ് നീതി. വ്യത്യാസങ്ങള്‍ ഒരിക്കലും വിവേചനത്തെ സാധൂകരിക്കുന്നില്ല. വ്യത്യാസങ്ങള്‍ പരിഗണിക്കാതെ ആണിന്റെയും പെണ്ണിന്റെയുമിടയില്‍ നിഷ്പക്ഷത കൊണ്ടുവന്നതിലൂടെ അവര്‍ക്കിടയിലുള്ള വിവേചനങ്ങള്‍ അവസാനിച്ചതായി ശാസ്ത്ര-നരവംശ പഠനങ്ങളിലൂടെ ഇന്നുവരെ തെളിയിച്ചിട്ടുമില്ല. 
                                                                                                                                                                                                      അവസാനിക്കുന്നില്ല. 

ലിംഗനിഷ്പക്ഷതയും പാഠ്യപദ്ധതി ചട്ടക്കൂടും   

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter