ഗസ്സാൻ കനഫാനി: പേനയേന്തിയ ഫലസ്തീൻ വിപ്ലവകാരി

വീരകഥകൾക്കും ഇതിഹാസങ്ങൾക്കും പുറമെ അതിതീക്ഷ്ണവും വിപ്ലവോജ്ജ്വലവുമായ സാഹിത്യത്തെ കൂടി സമ്മാനിച്ചിട്ടുള്ളവയാണ് ലോകത്തെ സകലമാന പോരാട്ട ഭൂമികകളും. ഇസ്രായേൽ അധിനിവേശത്തിൽ ഞെരിഞ്ഞമർന്ന് ജന്മനാട്ടിൽ അഭയാർഥികളായി കഴിച്ചു കൂട്ടാൻ വിധിക്കപ്പെട്ട പലസ്ഥീനിയൻ ജനതയുടെ യാതനകൾക്കും കണ്ണീരുകൾക്കും സ്വപ്നങ്ങൾക്കും മഷിതുമ്പുകളിലൂടെ പലരും ജീവൻവെപ്പിച്ചിട്ടുണ്ട്. വശ്യമനോഹരവും വിപ്ലവാത്മകവുമായ ശൈലിയിലൂടെ പലസ്ഥീനിയൻ പ്രതിരോധത്തിന് പുതിയ മേച്ചിൽപ്പുറങ്ങൾ തുറന്നുകൊടുത്ത അത്തരം ഒരു  സാഹിത്യകാരനാണ് ഫലസ്ഥീന്‍ പോരാളി കൂടിയായ ഗസ്സാൻ കനഫാനി.

ബ്രിട്ടീഷ് അധീന ഫലസ്ഥീനിൽ 1936-ൽ ജനിച്ച ഗസ്സാൻ കനഫാനി, സയണിസ്റ്റുകൾ ഫലസ്ഥീനിയൻ ഭൂമികൾ പിടിച്ചെടുത്ത് ഇസ്രായേൽ രാഷ്ട്രമായി പ്രഖ്യാപിച്ചതോടെ കുടുംബത്തോടൊപ്പം നാടുവിടാൻ നിർബന്ധിതരായ ലക്ഷകണക്കിന് കുടുംബങ്ങളിൽ ഒന്നിലെ അംഗമായിരുന്നു. ലബനാനിലും പിന്നീട് ഡമസ്കസിലുമായി അഭയം പ്രാപിച്ച ഗസ്സാൻ കനഫാനി തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരന്താനുഭവങ്ങളെ ഇടറുന്ന വാക്കുകളോടെ അർളുൽ ബുർതുകാലിൽ ഹസിൻ ( the land of sad oranges)എന്ന കൃതിയിൽ അവതരിപ്പിക്കുന്നുണ്ട്. 

എഴുത്തിനോടുള്ള അഭിനിവേശം കനഫാനിയിൽ വളരുന്നത് ഡമസ്കസിലെ ഒരു പ്രിന്റിംഗ് പ്രസിൽ ജോലി ലഭിച്ചതോടെയായിരുന്നു. പകൽ അദ്ധ്വാനിക്കുകയും രാത്രി പഠനങ്ങളിൽ മുഴുകിയും അദ്ദേഹം ദിവസങ്ങൾ തള്ളി നീക്കി. പിന്നീട് കലാ അദ്ധ്യാപകനായി സേവനം തുടങ്ങിയ കനഫാനി ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർത്ഥി പാഠശാലകളിൽ സേവനം ചെയ്തു. ഈ കാലത്താണ് രാഷ്ട്രീയാവബോധം തെല്ലും ഇല്ലാതിരുന്ന കനഫാനി ഒരു നിമിത്തമെന്നോണം ഫലസ്ഥീനിൽ നിന്ന് കുടിയിറക്കപ്പെട്ട് തന്റെ സമാനാനുഭവങ്ങൾ നേരിട്ട ജോർജ് ഹബാഷ് എന്ന ഫലസ്ഥീനിയൻ പോരാളിയെ കണ്ടുമുട്ടുന്നത്. വിപ്ലവപാതയിലേക്കും പ്രതിരോധ രാഷ്ട്രീയത്തിലേക്കുമുള്ള ഗസ്റ്റാൻ കനഫാനിയുടെ ചുവടുവെപ്പുകൾക്ക് നാന്ദി കുറിക്കുന്നത് ഇവിടെ വെച്ചാണ്.

ഹബാഷിന്റെ അറബ് ദേശീയതയും വിപ്ലവാത്മക സോഷ്യലിസവും കനഫാനിയുടെ ചിന്താമണ്ഡലങ്ങളിൽ ആഴത്തിലുള്ള വേരോട്ടമുണ്ടാക്കി. കനഫാനിയുടെ കഴിവും വിപ്ലവത്വരയും തിരിച്ചറിഞ്ഞ ഹബാഷ്‌ അൽറഅ്‍യ് പത്രത്തിൽ നിരന്തരം എഴുതുന്നതിന് കനഫാനിയെ പ്രേരിപ്പിച്ചു. പിന്നീട് ബോംബാക്രമണങ്ങളും ഗറില്ലാ യുദ്ധമുറകളും തുടങ്ങി വിവിധ തരം സായുധ പോരാട്ടങ്ങളിലൂടെ ഇസ്രായേലിനെ നേരിടൽ ലക്ഷ്യം വെച്ച് 1960 കളുടെ തുടക്കത്തിൽ ജോർജ് ഹബാഷ് തന്നെ സ്ഥാപിച്ച പോപ്പുലർ ലിബറേഷൻ ഫ്രണ്ട് ഓഫ് പലസ്ഥീൻ (പി.എഫ്.എൽ.പി)ന്റെ വക്താവായും സംഘടനയുടെ മുഖപത്രമായ അൽ ഹദഫിന്റെ എഡിറ്ററായും കനഫാനി നിയമിക്കപ്പെടുകയായിരുന്നു.

ഹ്രസ്വവും അതേ സമയം തന്നെ അതിശക്തവുമായിരുന്ന തന്റെ എഴുത്ത് ജീവിതത്തിനിടെ ഫലസ്ഥീനിയൻ ദുഖങ്ങളെയും അമർഷങ്ങളെയും പ്രതീക്ഷകളെയും വാക്കുകളിലേക്ക് ആവാഹിച്ചെടുത്ത് ആയുധങ്ങൾക്ക് പോലും നൽകാൻ സാധിക്കാത്ത വിപ്ലവവീര്യം ഫലസ്ഥീനിയൻ പ്രതിരോധത്തിന് സമ്മാനിച്ചതാണ് കനഫാനിയുടെ എഴുത്തുകളുടെ പ്രത്യേകത. ഫലസ്ഥീനിയൻ തൊഴിലാളികളുടെ ദുരിതങ്ങളുടെ കഥ പറയുന്ന റിജാലുൻ ഫി ഷംസ് (men in the sun), പൊടുന്നനെ ഒരു രാത്രിയിൽ തങ്ങളുടെ കൈകുഞ്ഞിനെ എടുക്കാനുള്ള സമയം പോലും അനുവദിക്കാതെ കുടിയിറക്കപ്പെട്ട് ഫലസ്ഥീനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ദമ്പതിമാർ തങ്ങളുടെ മകനെ അന്വേഷിച്ചു വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലേക്ക് തിരികെ എത്തുമ്പോൾ വീട് കയ്യേറി പാർത്ത ഇസ്രായേലി കുടുംബം അവനെ ദത്തെടുത്ത് ജൂത യുവാവായി വളർത്തിയത് കാണുന്ന ദമ്പതിമാരുടെ കഥ പറയുന്ന അൽ ഔദത്തു ഇലാ ഹൈഫ "Return to haifa", തുടങ്ങി, ഫലസ്തീനിയൻ ജീവിതങ്ങളുടെ ആകുലതകളെയും ആശങ്കകളെയും വാക്കുകളിലൊളിപ്പിച്ച കനഫാനി കൃതികൾ അനേകമാണ്.

ഇസ്രായേലിനെതിരെ ഒരു പാട് തവണ വിപ്ലവാഹ്വാനങ്ങൾ  മുഴക്കിയിട്ടുള്ള കനഫാനി ഒറ്റ ആക്രമണങ്ങളിലും നേരിട്ട് പങ്കാളിയായിട്ടില്ല. 1972-ൽ പി.എഫ്.എൽ പി ആഭിമുഖ്യമുള്ള ജാപ്പനീസ് റെഡ് ആർമിയിലെ മുന്നംഗങ്ങൾ ഇസ്രായേലിലെ ലോദ് വിമാനത്താവളത്തിൽ അഴിച്ചുവിട്ട ആക്രമണങ്ങളെ തുടർന്ന്, പി.എഫ്.എൽപി നേതാക്കളെ തേടി മൊസാദ് നടത്തിയ വേട്ടയിൽ ഒരു കാർ സ്ഫോടനത്തിൽ പെട്ടാണ് കനഫാനി കൊല്ലപ്പെടുന്നത്. 

ഫലസ്ഥീനും  അറബ് ലോകവും കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായി അടയാളപ്പെടുത്തിയതിന് ശേഷമാണ് ഗസ്റ്റാൻ കനഫാനി ഈ ലോകത്തോട് വിട പറഞ്ഞത്. ലെബനാനിലെ ഡെയിലി സ്റ്റാർ പത്രം അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ചരമ കുറിപ്പിൽ എഴുതിയത് ഇങ്ങനെയായിരുന്നു "പേന ആയുധവും പത്രത്താളുകൾ വിപ്ലവഭുമികയുമാക്കിയ, ഒരു വെടിയുണ്ട പോലും ഉതിർത്തിട്ടില്ലാത്ത കമാൻഡർ"

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter