അശാന്ത മനസ്സുകൾക്ക് ഗസ്സാലിയൻ ആത്മരസതന്ത്രം

ഐഹിക ജീവിതത്തിലെ തന്റെ ആഗ്രഹങ്ങൾ സഫലമായി കാണുമ്പോൾ, മനുഷ്യനുണ്ടാകുന്ന സംതൃപ്തിയെയാണ് പല തത്വചിന്താ സൈദ്ധാന്തികരും 'സന്തോഷം' എന്ന് പേരിട്ടു വിളിക്കുന്നത്. ഭൗതികാസ്വാദനങ്ങൾക്കപ്പുറം, ആത്യന്തിക സത്യങ്ങളിൽ ഉള്‍ച്ചേർന്നിരിക്കുന്ന യഥാർത്ഥ സന്തോഷത്തെ അവർ കാണുന്നേയില്ല. ഇത്തരം സന്തോഷങ്ങൾ സാധ്യമാക്കുന്ന ദൈവിക ഉന്മാദാവസ്ഥയെയും അതിലേക്കുള്ള പ്രായോഗിക നടപ്പാതകളെയും വരച്ചിടുന്ന സ്വൂഫീ രചനയാണ് ഇമാം ഗസ്സാലിയുടെ സന്തോഷത്തിന്റെ രസതന്ത്രം (The Alchemy of Happiness).

 

കളങ്കിതമായ ആത്മാവിന്റെ വിശുദ്ധിയിലേക്കുള്ള  പരിവർത്തനമെന്നാണ് ഇമാം ഗസ്സാലി 'രസതന്ത്ര'ത്തെ വിശദീകരിക്കുന്നത്. ഇതിന്റെ ചേരുവകളടങ്ങിയ കുറിപ്പടികളുമായി അയക്കപ്പെട്ടവരത്രെ പ്രവാചകന്മാർ. സ്വശരീരത്തെയും ക്രമനിബദ്ധമായി സംവിധാനിക്കപ്പെട്ട സൃഷ്ടിവൈഭവങ്ങളെയും യഥാവിധം മനസ്സിലാക്കാനും, തദ്വാരാ സ്രഷ്ടാവിലേക്ക് വിലയം പ്രാപിക്കുവാനും അവർ ലോകജനതയെ ഉദ്ബോധിപ്പിച്ചു. ഇത് അടിസ്ഥാനപ്പെടുത്തിയാണ്, മനുഷ്യ സന്തോഷത്തിന്റെ മൂലകാരണം ദൈവജ്ഞാനമാണ് എന്ന് ഇമാം ഗസ്സാലി സമർത്ഥിക്കുന്നത്.

 

സ്വശരീരത്തെ മനസ്സിലാക്കിയവർ തങ്ങളുടെ നാഥനെയും മനസ്സിലാക്കിയിരിക്കുന്നു എന്നാണ് പ്രവാചകവചനം. മനുഷ്യർ തങ്ങളുടെ നിലനിൽപിനെ കുറിച്ചും, ജീവിതലക്ഷ്യങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾ സ്വയം ഉന്നയിച്ചു തുടങ്ങുമ്പോൾ, യഥാർത്ഥ സ്രഷ്ടാവിനെ കണ്ടെത്തുന്നു. ഇഹലോകം അവന് കേവല മാർഗ്ഗം മാത്രമായി മാറുന്നു. പരലോകത്തെ കുറിച്ചുള്ള ചിന്ത അവനെ കൂടുതൽ ഉത്തരവാദിത്വമുള്ളവനാക്കുന്നു.

 

ഗ്രീക്ക് ചിന്തയും ഗസ്സാലിയും

 

പുരാതന ഗ്രീക്ക് തത്വചിന്തയിൽ സന്തോഷത്തെക്കുറിച്ചുള്ള സമീപനങ്ങളിൽ പെടുന്നവയാണ് ഹെഡോണിസ (hedonism)വും യൂഡൈമോണിയ (Eudaimonia)യും. സൈറീനായിക്, അരിസ്റ്റോട്ടിലിയൻ ചിന്താധാരകളിൽ ഉൾപ്പെടുന്നവയാണ് ഇവ. താൽക്കാലികമായ ശാരീരിക ആനന്ദത്തിലും സുഖത്തിലും അധിഷ്ഠിതമായ ഹെഡോണിസത്തെ നിശ്ശേഷം തള്ളുകയും, മൂല്യവും ഗുണവും അർത്ഥവുമുള്ള പൂർണ്ണ ജീവിതം എന്ന യൂഡൈമോണിയ ആശയത്തിനപ്പുറം ചിന്തിക്കാൻ പ്രേരിപ്പിക്കുകയും, അത് ദൈവജ്ഞാനം എന്ന പരമവും അനശ്വരവുമായ സന്തോഷത്തെ ഉൾക്കൊള്ളലാണ് എന്ന് വ്യക്തമാക്കുകയുമാണ് ഇമാം ഗസ്സാലി ചെയ്തത്.

 

ശരീരാവയവങ്ങൾക്കൊക്കെയും വിവിധങ്ങളായ അനുഭൂതിയുടെയും സുഖങ്ങളുടെയും മാർഗ്ഗങ്ങൾ  ഉള്ളതുപോലെ, ഹൃദയത്തിന് പരികല്പിക്കപ്പെട്ട മാർഗ്ഗമാണ് ദൈവജ്ഞാനം. ഈ യോജിത മാർഗ്ഗത്തെ മുഖവിലക്കെടുക്കാത്തവർക്ക് അതിന്റെ യഥാർത്ഥ സുഖം ലഭ്യമാവുകയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ദൈവജ്ഞാനത്തിന്റെ അഭാവത്തിലുള്ള സന്തോഷം വൃഥാവിൽ ആണ് എന്ന് ഗസാലി പറയുന്നത്.

 

മൈക്രോകോസം

 

ശരീരം, ആത്മാവ്, ഹൃദയം എന്നിവയെ സംബന്ധിച്ച് സൂക്ഷ്മലോകം (microcosm) എന്ന വിശദീകരണത്തിലൂടെ ഇമാമിന്റെ വരികൾക്ക് പ്ലാറ്റോയുടെ വിഖ്യാത ഗ്രന്ഥമായ റിപ്പബ്ലികിലെ ത്രിമാന ആത്മാവ് (Tripartite soul)  എന്ന ആശയത്തോട് സാമ്യമുള്ളതായി തോന്നിയേക്കാം. അഥവാ, ശരീരത്തിലെ സർവ്വ ഭാഗങ്ങളും അതിന്റെതായ ധർമം നിർവഹിക്കുന്നതിലൂടെ ഒരു ചെറിയ ലോകം തന്നെയായി ഇമാം പുറം ലോകവുമായി അതിനെ സാദൃശ്യപ്പെടുത്തുന്നു. ഹൃദയം, ബുദ്ധി, ആത്മാവ്, ഇന്ദ്രിയാനുഭവങ്ങൾ, ദേഷ്യം, മോഹം എല്ലാം അതിലെ വിവിധ വിഭാഗങ്ങളാണ്. മൃഗീയവും വന്യവും പൈശാചികവുമായ അവസ്ഥകൾക്ക് സ്വീകാര്യയോഗ്യമായിരിക്കും ഹൃദയം. കഠിനമായ ശുദ്ധീകരണത്താൽ ഹൃദയത്തിന് മാലാഖമാരുടെ ഗുണങ്ങൾ കൈവരിക്കുന്നതിലൂടെ പൂർണ്ണ ഔന്നത്യത്തിൽ മനുഷ്യൻ സ്ഥാനമുറപ്പിക്കുന്നു. ദൈവിക പ്രകാശത്തിന്റെ ബഹിര്‍സ്ഫുരണം സംഭവിക്കുന്ന കണ്ണാടി ആയിട്ടാണ് ഹൃദയത്തെ ഇമാം ഗസ്സാലി കാണുന്നത്. ആ കണ്ണാടി ശുദ്ധീകരിച്ച്, ദേഹേച്ഛകളോട് മുഖം തിരിച്ചവർ തെളിമയോടെ ദൈവികതയുടെ പ്രകാശം സ്വീകരിക്കാന്‍ യോഗ്യരായി മാറുന്നു.

 

ആത്മീയമായ യുദ്ധമുഖത്തെ, വ്യക്തവും കൃത്യവുമായ ഉപമകളോടെ വിശദീകരിക്കുന്നതും കാണാം. ശരീരത്തെ രാജ്യമായും, ആത്മാവിനെ ആ രാജ്യം ഭരിക്കുന്ന രാജാവായും, ബുദ്ധിയെയും ഇന്ദ്രിയാനുഭവങ്ങളെയും ആഗ്രഹങ്ങളെയും രാജ്യത്തെ മന്ത്രിയും പട്ടാളവും ചുങ്ക പിരിവുകാരനുമായും സാമ്യപ്പെടുത്തുന്നു, ദേഷ്യത്തെ പോലീസ് ഉദ്യോഗസ്ഥനായും. ചുങ്കപ്പിരിവുകാരനും  പോലീസ് ഉദ്യോഗസ്ഥരും മന്ത്രിക്ക് മുകളിൽ  അധികാരം സ്ഥാപിക്കൽ രാജാവിന് വലിയ പ്രത്യാഘാതങ്ങൾ തീർക്കും എന്നതിലൂടെ നമ്മുടെ ദേഷ്യത്തെയും ആഗ്രഹങ്ങളെയും ആത്മാവിന്റെ നല്ല നടപ്പിനു വേണ്ടി നിയന്ത്രണ വിധേയമാക്കാനും കൽപ്പിക്കുന്നു.

 

ആധികാരികതയും രചനാരീതിയും

 

ശരീരം, ദൈവം, ഇഹം, പരം എന്നീ ചതുർ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. സൂഫി തലങ്ങളിലെ പ്രായോഗികതയെ ലളിതവും സുതാര്യവും  ആധികാരികവുമായി സമർപ്പിക്കുന്നു എന്നതാണ് ഇമാം ഗസാലിയുടെ രചനകളെ വ്യത്യസ്തമായി നിർത്തുന്നത്. യുക്തിയെ മനുഷ്യന് ലഭിച്ച മികച്ച ശേഷിയായി കാണുന്നതോടൊപ്പം, അന്തർജ്ഞാനത്തെ ഏറ്റവും വലിയ അറിവിന്റെ സ്രോതസ്സായി കാണുന്നു. അത് അവന്റെ യുക്തിക്കും അനുഭവങ്ങൾക്കുമപ്പുറം യാഥാർത്ഥ്യങ്ങളെ ഗ്രഹിക്കാന്‍ സഹായിക്കുന്നു. ചിന്ത കൊണ്ട് ഒരിക്കലും എത്തിപ്പെടാത്ത ഇടത്തേക്ക് അന്തർജ്ഞാനം കൊണ്ടെത്തിക്കുന്നു.

 

ഇലാഹീ വൈഞ്ജാനിക സരണിയിൽ ഉത്തുംഗതി പ്രാപിച്ച ഗ്രന്ഥമാണ് ‘ഇഹ്‍യാഉലുമിദ്ദീൻ’. അതിലൂടെ ഇമാം യഥാർത്ഥ സൂഫിയുടെ മാർഗ്ഗരേഖ വരച്ചിടുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ തഹാഫാത്തുൽ ഫലാസിഫ, ഇബ്നു സീന, ഫാറാബി തുടങ്ങിയവരിൽ നിന്നും ഉടലെടുത്ത തത്വചിന്താ വഴിയിലെ പിഴവുകളെ ഖണ്ഡിച്ചു കൊണ്ടുള്ള മറുപടി ആയിരുന്നു. അതേ സമയം, മുൻഖിദു മിന ദലാൽ സ്വജീവിതവും അനുഭവങ്ങളും ചിന്തകളുമായിരുന്നു. ഫിഖ്ഹും ഫിലോസഫിയും തസവ്വുഫും അഖീദയും തുടങ്ങി ഇസ്‍ലാമിക വൈഞ്ജനിക മേഖലയിൽ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചവരാണ് ഇമാം ഗസ്സാലി.

 

ആത്മീയ ലോകത്തും തത്വചിന്താ ലോകത്തും ഒരുപോലെ വായിക്കപ്പെടാവുന്ന, ആധികാരികതയുള്ള മുഖമായി കാണിക്കാൻ സാധിക്കുന്ന, ഒരുകാലത്ത് ഇസ്‍ലാമിനെതിരെയുള്ള ആന്തരികവും ബാഹ്യവുമായ കടന്നാക്രമണങ്ങളെയൊക്കെയും യുക്തിയുടെയും ഇസ്‍ലാമിക മൂല്യങ്ങളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിരോധിച്ച മഹാ വ്യക്തിത്വം എന്നതുകൊണ്ടും അക്കാദമിക ലോകത്ത് ഇനിയും വായിക്കപ്പെടാവുന്ന, താരതമ്യ പഠനങ്ങൾക്ക് വിധേയമാക്കാവുന്ന ഗ്രന്ഥ രചയിതാവ് എന്നതുകൊണ്ടും ആധുനിക സമൂഹത്തിന് ഇമാം ഗസ്സാലി നിസ്തുല്യനായി ഇന്നും നിലനില്ക്കുന്നു.

 About The Author :

(ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി, പി ജി സിവിലയ്സേഷൻ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയില്‍ ഹിസ്റ്ററിയില്‍ ഡിഗ്രിയും ചെയ്യുന്നു. ചരിത്രം, നാഗാരികത, വിശ്വാസ ശാസ്ത്രം, ആഗോള രാഷ്ട്രീയം എന്നിവയാണ് തല്പരവിഷയങ്ങള്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter