ഈ വസന്തനാളുകളിൽ മുത്ത് നബിയുടെ കഥകൾ വായിക്കാം

മുഹമ്മദ് ഇപ്പോൾ സുന്ദരനായൊരു യുവാവാണ്. ആകാരവടിവ്, കറുത്ത് തിങ്ങിയ മുടി, അടുത്തുനിൽക്കുന്ന പുരികം, നീണ്ട് വളഞ്ഞ കൺപീലികൾ, സമൃദ്ധമായ വട്ടത്താടി, കറുത്ത കണ്ണുകൾ, സദാ പുഞ്ചിരിതൂകുന്ന സുന്ദരമായ വദനം, മുത്തുകൾ പോലെ വെളുത്ത പല്ലുകൾ, എല്ലാം കൊണ്ടും ആകർഷണീയമായ ശരീരഘടന, സ്ഫുടമായ സംസാരം, മധുരമൂറുന്ന ചിന്തോദ്ദീപകമായ വാക്കുകൾ, ആരെയും ആക്ഷേപിക്കാത്ത, എല്ലാ കാര്യങ്ങളിലും നന്മ മാത്രം അന്വേഷിക്കുന്ന പരിപൂർണ വ്യക്തിത്വത്തിനുടമ. ഖുറൈശികൾ അവരെ സ്നേഹിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കാൻ താൽപര്യം കാണിക്കുകയും ചെയ്‌തു.

കുട്ടിക്കാലത്തെ സ്വഭാവഗുണങ്ങളും അനുഭവങ്ങളും ആ യുവാവിനെ ജനങ്ങൾക്ക് സത്യസന്ധ്യതയിലും മര്യാദയിലും മാതൃകയാവാൻ പ്രാപ്‌തനാക്കി. മക്കയുടെ എല്ലാ മുക്കുമൂലകളിലും അവർ പ്രസിദ്ധനായി. അവരുടെ സൽസ്വഭാവത്തിന്റെയും പരസഹായത്തിന്റെയും കഥകൾ ജനങ്ങൾ ഏറ്റുപിടിച്ചു...


തുർക്കിഷ് എഴുത്തുകാരി നൂർദാൻ ദംലയുടെ 365 Days with Prophet Muhammad (PBUH) എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമായ 'മുത്ത് നബിയോടൊപ്പം  365 ദിനങ്ങൾ 'എന്ന പുസ്തകത്തിൽ നിന്നുള്ള വരികളാണിവ.

പ്രവാചക ജീവിതത്തിന്റെ സുന്ദരമായ നിമിഷങ്ങൾ 365 അധ്യായങ്ങളിലായി മനോഹരമായി ആവിഷ്കരിക്കുന്ന ഗ്രന്ഥമാണിത്. ശംസീർ അലി ഹുദവിയാണ് വിവർത്തകൻ. ഒരു ബാലസാഹിത്യ ഗ്രന്ഥമായ ഇത് അതിന്റെ ചേലും ചൂരും ഒട്ടും ചോരാതെയാണ് വിവർത്തനം നിർവഹിക്കപ്പെട്ടിട്ടുളളത്. ഫാത്വിമ(റ), അലി(റ), ഹസൻ(റ), ഹുസൈൻ(റ), അനസ്(റ), സൈദ്(റ), ഉസാമ(റ), അബ്ദുല്ല ബിൻ സുബൈർ(റ) തുടങ്ങി തിരുനബി(സ്വ)യുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്നവരോട് അവിടുന്ന് അനുവർത്തിച്ച പെരുമാറ്റവും അവർക്ക് നൽകിയിരുന്ന ഉപദേശനിർദേശങ്ങളും ഈ പുസ്തകത്തിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

സരളമായ ശൈലിയിൽ കഥാരൂപത്തിൽ പ്രവാചക അധ്യാപനങ്ങൾ കുട്ടികളിലേക്കെത്തിക്കുകയാണ് പുസ്തകത്തിലൂടെ രചയിതാവ് ചെയ്തിട്ടുള്ളത്. നിരവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും വായനക്കാർക്കിടയിൽ മികച്ച പ്രതികരണം നേടുകയും ചെയ്ത ഈ ഗ്രന്ഥം ഏറ്റവും മികച്ച ബാലസാഹിത്യകൃതിക്കുള്ള തുർക്കി ഗവൺമെന്റിന്റെ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

ലളിതമായ ഭാഷയും ആകർഷണീയമായ അവതരണ രീതിയും വായനക്കാർക്കിടയിൽ മികച്ചൊരു പുസ്തകമാക്കി ഇതിനെ മാറ്റുന്നു. പ്രവാചകജീവിതത്തിലെ നിർണായക നിമിഷങ്ങൾ വരച്ചിടുന്നതോടൊപ്പം അവിടുന്ന് ലോകത്തിന് പഠിപ്പിച്ചുനൽകിയ ധാർമികമൂല്യങ്ങളും ജീവിത പാഠങ്ങളും ഹൃദ്യമായ ശൈലിയിൽ താളുകളിൽ കോറിയിട്ടിട്ടുണ്ട്.

പ്രവാചകർ(സ്വ) കാണിച്ചുതന്ന വഴിയിൽ ജീവിതം ചിട്ടപ്പെടുത്തുന്നതിന് നമ്മുടെ മക്കൾക്ക് സമ്മാനിക്കാവുന്ന മികച്ചൊരു സമ്മാനമാവും ഈ പുസ്തകമെന്നതിൽ സംശയമില്ല. വളർന്നുവരുന്ന കുട്ടികളെ ധാർമികതയും മൂല്യബോധവുമുള്ളവരായി വളർത്തുന്നതിന് രക്ഷിതാക്കൾക്കൊരു കൈപ്പുസ്‌തകമായും ഇതുപയോഗിക്കാം. പ്രധാനമായും കുട്ടികൾക്ക് വേണ്ടിയാണ് രചന നിർവഹിച്ചിരിക്കുന്നതെങ്കിലും പുസ്തകത്തിന്റെ മനോഹരമായ എഴുത്തുശൈലി ഏത് പ്രായക്കാരേയും സ്വാധീനിക്കും വിധത്തിലുളളതാണ്. 

മലയാളത്തിൽ രണ്ട് ഭാഗങ്ങളായാണ് ഈ  പുസ്തകം വിവർത്തനം ചെയ്യപ്പെട്ടിട്ടുളളത്. ബുക്സ് പ്ലസിന് കീഴിലെ കിഡ്സ് പ്ലസ് ആണ് പ്രസാധകർ. നൂർദാൻ ദംലയുടെ എക്കാലത്തേയും മികച്ച പുസ്തകമായാണ് ഇതിനെ പരിഗണിക്കുന്നത്. 1963 ൽ തുർക്കിയിലെ എർസുറുമിലാണ് നൂർദാൻ ദംല ജനിച്ചത്. നിരവധി കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാചകരെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു അന്താരാഷ്ട്ര സംഘടന രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. ഹസ്റത്‌ സൈനബ്(റ), ഹസ്റത് ഫാത്വിമ(റ), ബിൽകീസ് തുടങ്ങിയവ ദംലയുടെ മറ്റു ഗ്രന്ഥങ്ങളാണ്.

▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:

https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter