ഹലീമാ ബീവി(റ): പ്രവാചകര്‍ക്ക് പാലൂട്ടിയ ഭാഗ്യവതി

ഇസ്‍ലാമിക ചരിത്രത്തില്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം പ്രശസ്തയാണ് ഹലീമത്തു സഅദിയ്യ(റ). ഹലീമ ബിൻത് അബ്ദുല്ല ബിൻ ഹാരിസ് ബിൻ ഷിജ്ന ബിൻ റിസാം ബിൻ നദീറ ബിൻ സഅദ് ബിൻ ബക്കർ ബിൻ ഹവാസിൻ എന്നാണ് മഹതിയുടെ പൂർണ പേര്.  ത്വാഇഫ് നഗരത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയായി തെക്ക് ഭാഗത്ത് താമസിച്ചിരുന്ന കുടുംബമാണ് ബനൂ സഅ്ദിയ്യ. ഇത് മക്കയുടെ കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഹാരിസ് ബിൻ അബ്ദുൽ ഉസ്സയാണ് ഹലീമ(റ)യുടെ ഭർത്താവ്.

ഖുറൈശി ഗോത്രങ്ങൾ അവരുടെ മക്കളെ മക്കയ്ക്ക് ചുറ്റുമുള്ള മരുഭൂമി ഗോത്രങ്ങളിലേക്ക് അയക്കുന്ന പതിവുണ്ടായിരുന്നു. ഹവാസിനിൽ നിന്നുള്ള ബനീ സഅദ് ബിൻ ബക്കർ, കിനാനയിൽ നിന്നുള്ള ബനി ലൈസ് ബിൻ ബക്കർ എന്നീ ഗേത്രങ്ങളായിരുന്നു കുട്ടികളെ മുലയൂട്ടിയിരുന്നത്. ഈ ഗോത്രക്കാർ ഭാഷ ശുദ്ധിയിലും സ്വഭാവത്തിലും വളരെ നല്ലവരായിരുന്നു എന്നതാണ് അവരെ മുലയൂട്ടാൻ ഏൽപ്പികാനുള്ള പ്രധാന കാരണം. ഈ ഗോത്രങ്ങളിലെ സ്ത്രീകൾ മരുഭൂമിയിൽ നിന്ന് മക്കയിലേക്ക് മുലയൂട്ടാനായി കുട്ടികളെ കൊണ്ട് പോകാനായി വരും. സാമ്പത്തികമായി മെച്ചമുള്ള കുടുംബങ്ങളിലെ കുട്ടികളെയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. ഇനിയുള്ള കഥകള്‍ നമുക്ക് മഹതിയുടെ വാക്കുകളില്‍ തന്നെ കേള്‍ക്കാം.
ഞാനും എന്റെ ഭര്‍ത്താവും ചെറിയ കുട്ടിയും മക്കയിലെത്തി. എന്റെ ഗോത്രക്കാരികളായ വേറെയും പത്ത് സ്ത്രീകളുണ്ടായിരുന്നു ആ സംഘത്തില്‍. പൊതുവെ ക്ഷാമം പിടിച്ച വര്‍ഷമായിരുന്നു അത്. മുലയില്‍ പാല് പോലും വേണ്ടത്ര ഇല്ലാതെ കുഞ്ഞുങ്ങളെല്ലാം കരയുന്നത് അന്ന് പതിവായിരുന്നു. മക്കയിലെത്തിയ ഞങ്ങളോട് ഇങ്ങനെ ഒരു കുട്ടിക്ക് മുല കൊടുക്കാന്‍ ആളെ നോക്കുന്നുണ്ടെന്ന വിവരം പലരും പറഞ്ഞു. എന്റെ കൂടെയുള്ള പത്ത് പേരും ഈ കുട്ടിയെ പോയി നോക്കിയെങ്കിലും അനാഥനായ ആ കുട്ടിയെ എടുത്താല്‍ എന്ത് കിട്ടാനാണെന്ന ചിന്തയില്‍ തിരിച്ച് പോന്നു. അവര്‍ക്കെല്ലാം കുട്ടികളെ കിട്ടി തിരിച്ച് പോകാന്‍ ഒരുങ്ങിയപ്പോഴും എനിക്ക് ആരെയും കിട്ടിയിട്ടില്ലായിരുന്നു. ആരുമില്ലാതെ തിരിച്ചുപോവുന്നതിനേക്കാള്‍ നല്ലതല്ലേ അനാഥനെങ്കിലും ഈ ഒരു കുട്ടിയെങ്കിലും ഉണ്ടാവുന്നതെന്ന് ഞാനെന്റെ ഭര്‍ത്താവിനോട് പറഞ്ഞു. അതെ, ഒരു പക്ഷെ, അത് നമുക്ക് ഗുണകരമായേക്കാം എന്നായിരുന്നു ഭര്‍ത്താവിന്റെയും മറുപടി. പിന്നീടുള്ള ജീവിതത്തില്‍ അത് ഞങ്ങള്‍ക്ക് നന്നായി ബോധ്യപ്പെടുകയും ചെയ്തു.  
ഹലീമ ബീവി നബിയെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ, അവർക്ക് ഷൈമ എന്ന മകളും  മുലകുടി പ്രായമുള്ള അബ്ദുല്ല എന്ന മകനും ഉണ്ടായിരുന്നു. ഷൈമക്ക് ഏകദേശം അഞ്ച് വയസ്സായിരുന്നു. കൊച്ചനുജനോടൊപ്പം പുതുതായി വന്ന ബാലനെയും കുളിപ്പിക്കുകയും നടക്കാൻ കൊണ്ടുപോകുകയും എപ്പോഴും സ്നേഹത്തോടെ അവനെ ആശ്ലേഷിക്കുകയും ചെയ്ത് ഷൈമ പ്രവാചകര്‍ക്കും ഒരു ജ്യേഷ്ഠ സഹോദരിയായി. പുതുതായി വന്ന പൈതലിനൊപ്പം അഭിവൃദ്ധിയും ഫലപുഷ്ടിയും വീട്ടിലേക്ക് കടന്നുവന്നത് അവര്‍ക്കും ആസ്വദിക്കാനായി. നാല് വയസ്സ് വരെ പ്രവാചകര്‍ അവരോടൊപ്പം കഴിച്ച് കൂട്ടി. മലകുകളെത്തി പ്രവാചകരുടെ നെഞ്ച് പിളര്‍ത്തിയ സംഭവം ഉണ്ടായതോടെ ഹലീമാബീവിയും ഭര്‍ത്താവും വല്ലതും സംഭവിക്കുമോ എന്ന് ഭയപ്പെടുകയും കുട്ടിയെ ആമിനാ ബീവിയെ തന്നെ തിരിച്ചേല്‍പിക്കുകയും ചെയ്യുകയായിരുന്നു. വിവരം കേട്ട ആമിനാ ബീവി, ഈ കുട്ടിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഗര്‍ഭസമയത്തും പ്രസവനേരത്തും സമാനമായ പലതിനും ഞാന്‍ സാക്ഷിയാണെന്നും അറിയിക്കുകയും ചെയ്തു. 

പിന്നീടുള്ള ഹലീമാബീവിയുടെ ജീവിതത്തെ കുറിച്ചുള്ള പരാമര്‍ശം കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ്. ക്ഷാമം ബാധിച്ച ഒരു വര്‍ഷത്തില്‍ അവര്‍ മക്കയിലെത്തുകയും ഖദീജാ ബീവിയെ വിവാഹം കഴിച്ച് താമസിക്കുന്ന തന്റെ മുലകുടിപുത്രനെ കാണുകയും ചെയ്തു. എന്റെ ഉമ്മാ എന്ന് വിളിച്ച് പ്രവാചകര്‍ അവരെ സന്തോഷത്തോടെ സ്വീകരിക്കുകയും തിരിച്ച് പോവുന്ന വേളയില്‍ ഖദീജ ബീവി അവർക്ക് 40 ആടുകളെ സമ്മാനമായി നൽകുകയും ചെയ്തുവെന്ന് കാണാം.  പ്രവാചകത്വം ലഭിച്ച ശേഷം ഹലീമാ ബീവിയും ഭര്‍ത്താവും ആ സന്നിധിയിലെത്തി വിശ്വസിച്ചതായും കാണാം. ഇസാബയിലും കുതുബു സ്വഹാബയിലും ഇത് പരാമർശിച്ചിട്ടുണ്ട്. അവസാന നാളുകളിൽ ഹലീമാ ബീവി വിശുദ്ധ മദീനയിൽ എത്തുകയും അവിടെ വെച്ച് മരണപ്പെടുകയും ജന്നത്തുൽ ബഖീഇൽ ഖബറടക്കപ്പെടുകയും ചെയ്തു.

മക്കാവിജയത്തിന് ശേഷം, ഹവാസിൻ ഗോത്രം നടത്തിയ അക്രമണത്തില്‍ അവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, 6,000 തടവുകാര്‍ മുസ്‍ലിംകളുടെ കൈകളിലെത്തി. 24,000 ഒട്ടകങ്ങളും 40,000 ആടുകളും അവരോടൊപ്പം പിടിക്കപ്പെട്ടിരുന്നു. ഈ അവസരത്തില്‍ ബന്ദികളുടെ ഇടയിൽ നിന്ന് 60 വയസ്സുള്ള ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് താൻ മുഹമ്മദ് നബി(സ)യുടെ സഹോദരിയാണെന്ന് അവകാശപ്പെട്ടത് ചരിത്രത്തില്‍ കാണാം. പ്രവാചകന്റെ സന്നിധിയിലെത്തിയ അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാൻ ഷൈമയാണ്, അബൂകബ്ഷയുടെയും ഹലീമത്തുസഅദിയ്യയുടെയും മകൾ, അഥവാ മുലകുടി ബന്ധത്തില്‍ നിങ്ങളുടെ സഹോദരി. ഇത് കേട്ട  തിരുനബി(സ്വ) അവരെ തിരിച്ചറിയുകയും ഏറെ ആദരിക്കുകയും ചെയ്തു. അതോടെ അവരും ഇസ്‍ലാം ആശ്ലേഷിക്കുകയും തന്റെ ഗോത്രത്തിലേക്ക് മടങ്ങാൻ പ്രവാചകരോട് സമ്മതം വാങ്ങുകയും ചെയ്തു. തിരുനബി(സ്വ) ഒരു അടിമയെടും കുറച്ച് ഒട്ടകങ്ങളെയും ആടുകളെയും സമ്മാനമായി നൽകി, അവരെ സന്തോഷത്തോടെ യാത്രയാക്കി.

വിവരമറിഞ്ഞ് ബനൂ സഅദിൽ നിന്നും ഹവാസനിൽ നിന്നുമുള്ള 14 മുസ്‌ലിംകളുടെ ഒരു പ്രതിനിധി സംഘം നബി(സ്വ)യുടെ അടുക്കൽ വന്ന്, തങ്ങളുടെ ഗോത്രത്തിന് പ്രവാചകരുമായുള്ള ബന്ധം മുന്‍നിര്‍ത്തി, തടവുകാരെ മോചിപ്പിക്കണമെന്ന് അപേക്ഷിച്ചു. തിരുനബി(സ്വ)ക്ക് ആ അപേക്ഷ നിരസിക്കാനായില്ല. 6000 തടവുകാരെയും മോചിപ്പിച്ച് അപേക്ഷയുമായി വന്ന സംഘത്തിലെ നേതാവിനെ ഷാൾ അണിയിച്ച് ആദരിച്ചാണ് പ്രവാചകര്‍ തിരിച്ചയച്ചത്. അതോടെ അവരെല്ലാം ഈ മതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ഇസ്‍ലാം ആശ്ലേഷിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter