ഒന്നാം റബീഅ് വിട പറയുമ്പോള്‍, സുന്നത് ജമാഅതിന് പറയാനുള്ളത്
വിശുദ്ധ റബീഉല്‍ അവ്വല്‍ വിടപറയുകയാണ്. പ്രവാചകാനുരാഗത്തിന്റെ വിശിഷ്ട ദിനങ്ങളായിരുന്നു ലോക മുസ്‍ലിംകള്‍ക്ക് കടന്നുപോയത്. പാടിയും പറഞ്ഞും ഓര്‍ത്തും ഓര്‍മ്മിപ്പിച്ചും മദ്ഹ് ഗീതികളാല്‍ സുഗന്ധപൂരിതമായ ദിനരാത്രങ്ങള്‍. മുസ്‍ലിംലോകത്തിന്റെ മുഴുവന്‍ ചിന്തയും മദീനയെകുറിച്ചായിരുന്നു എന്ന് പറയാം. വിചാരങ്ങളും പറച്ചിലുകളുമെല്ലാം ത്വയ്ബയുടെ ഇതിഹാസനായകനെ കുറിച്ചായിരുന്നു.
ഇനി കടന്നുവരുന്നത് രണ്ടാം റബീഅ് ആണ്. അവിടെയുമുണ്ട് ഇതുപോലെ കുറെ സ്മരിക്കാനും പറയാനുമുള്ള ജീവിതങ്ങള്‍, മുസ്‍ലിം ലോകത്തിന് പൊതുവായും മുസ്‍ലിം കൈരളിക്ക് വിശേഷിച്ചും. വര്‍ഷത്തിലുടനീളം ഇടക്കിടെ സമാനമായ സ്മരണകളും ഒത്ത് കൂടലുകളും ഇത്പോലെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഈമാനിന്റെ ദൃഢീകരണമാണ് ഇവിടെയെല്ലാം സംഭവിക്കുന്നത്. പ്രവാചകരെയും അവിടത്തെ കുടുംബത്തെയും ഇഷ്ടപ്പെടാന്‍ മക്കളെ പഠിപ്പിക്കണമെന്ന് പറഞ്ഞ പ്രവാചകൻറെ വാക്കുകൾ ശിരസാവഹിക്കാൻ നമുക്കെങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന്റെ മറുപടികളാണ് ഇതെല്ലാം. നൂറ്റാണ്ടുകളിൽ വിവിധദേശങ്ങളിൽ ഭാഷകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ രൂപപ്പെട്ടുവന്നത് അങ്ങനെയാണ്.
അതോടൊപ്പം സമുദായ ഐക്യവും പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. ഇസ്ലാം പ്രത്യേകം പ്രോത്സാഹിപ്പിച്ച കുടുംബ ബന്ധം ചേർക്കൽ, അയൽപക്ക ബന്ധം അരക്കിട്ടുറപ്പിക്കൽ, പരസ്പരം പ്രാർത്ഥനാ മനസ്സോടെ ഒരുമിച്ച് ചേരൽ, ഭക്ഷണം കൊടുക്കൽ, മധുര വിതരണം, ഹദ് യ നൽകൽ തുടങ്ങി ഒരുപാട് സാമൂഹിക പ്രവർത്തനങ്ങൾ നടക്കുന്നു. ഭൗതികമായും ഒട്ടേറെ നേട്ടങ്ങള്‍ അവിടെ നമുക്ക് കാണാനാവുന്നു. സാമ്പത്തികമായി എത്രയോ ക്രയവിക്രയങ്ങളാണ് ഇവിടെയെല്ലാം നടക്കുന്നത്. പലര്‍ക്കും ഇതിലൂടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താനാവുന്നു. ബന്ധങ്ങള്‍ ഊഷ്മളമാവുന്നു. ചുരുക്കത്തില്‍ ആത്മീയവും സാമൂഹികവും സാമ്പത്തികവും എന്ന് വേണ്ട, മനുഷ്യജീവിത രംഗങ്ങളെല്ലാം സജീവമാവുകയാണ് ഇതിലൂടെയെല്ലാം സംഭവിക്കുന്നത് എന്നര്‍ത്ഥം.
എന്താണ് സുന്നത് ജമാഅത് എന്ന പലരുടെയും ചോദ്യത്തിന്റെ മറുപടി കൂടിയാണ് മേല്‍പറഞ്ഞതെല്ലാം. ഇശ്ഖിന്റെയും അനുരാഗത്തിന്റെയും പേരാണ് അതെന്ന് ഒറ്റവാക്കില്‍ പറയാം. ചേർത്ത് നിർത്തലും ചേർന്ന് നിൽക്കലും ആണ്. നബിദിനം മുതല്‍ മഹാന്മാരുടെ അനുസ്മരണങ്ങളിലെല്ലാം അതാണ് നിഴലിച്ച് നില്ക്കുന്നത്, അല്ലെങ്കില്‍ അതാണ് മുന്നിട്ട് നില്ക്കേണ്ടത്. കവിതകളും പ്രണയങ്ങളും മൗലിദുകളും വരുന്നത് അതിന്റെ ഭാഗമായാണ്. പ്രണയാര്‍ദ്രമായ മനസ്സോടെ ചൊല്ലുന്നതാണ് മൗലിദ്. മദീനയിലേക്കും റൗളയിലേക്കും പാലം പണിയുകയാണ് അതിലൂടെ.
ചിലപ്പോള്‍ രണ്ട് മണിക്കൂര്‍ പ്രസംഗം കേള്‍ക്കുന്നതിനേക്കാള്‍ ചിലര്‍ക്കാശ്വാസം പത്ത് സ്വലാത്ത് ചൊല്ലുമ്പോഴോ കുറച്ച് മദ്ഹ് പാടുമ്പോഴോ മഹദ് ജീവിതത്തില്‍ നിന്ന് ഒരധ്യായം ശ്രവിക്കുമ്പോഴോ ആകും. ഭയഭക്തി / തഖ് വ വർദ്ധിപ്പിക്കലും (Piety Making) ആത്മീയ അനുഭൂതി കണ്ടെത്തലും ആണല്ലോ ഉൽബോധനങ്ങളുടേയും പ്രഭാഷണങ്ങളുടെയും ക്ളാസുകളിലൂടെയും ഒക്കെ ലക്ഷ്യം. ഇഷ്ക്ക് നിറഞ്ഞ ബൈത്തുകളിലും ഭക്തി നിറഞ്ഞ ദിക്റുകളിലും സ്നേഹം ചാലിച്ച സ്വലാത്തുകളിലും അതേ ആത്മീയ ആനന്ദം കണ്ടെത്തുന്നവരാണ് സമൂഹത്തിൽ കൂടുതൽ. പ്രവാചകരെ മനസ്സറിഞ്ഞ് പറഞ്ഞും പാടിയും കേട്ടും വിതുമ്പുന്ന എത്രയോ സദസ്സുകള്‍ കണ്ടിട്ടുണ്ട്. അവരോടൊപ്പം ഇരിക്കുന്നത് പോലും പുണ്യമാണെന്നാണ് അപ്പോഴൊക്കെ തോന്നിയിട്ടുള്ളത്. ആ സംഘത്തിന്റെ കൂടെയിരിക്കുന്നവന്‍ പരാജയപ്പെടില്ലെന്ന പ്രവാചകവചനങ്ങളാണ് ആ സമയം മനസ്സിലെത്തിയത്.
വിവിധ ദേശങ്ങളിലെ പുതിയകാല മുസ്‍ലിംകളുടെ (9/11 അനന്തര) ഇസ്‍ലാം അനുഭവങ്ങൾ അന്വേഷിക്കുന്ന Journey Into Islam എന്ന ഗ്രന്ഥത്തിൽ വിഖ്യാത എഴുത്തുകാരൻ അക്ബർ എസ് അഹമ്മദ് ഒരു അമേരിക്കൻ നഗരത്തിൽ കണ്ടുമുട്ടിയ ആധുനിക വേഷം ധരിച്ച യുവാവിനോട് 'നിങ്ങൾക്ക് ആരാണ് മുഹമ്മദ് നബി' എന്ന് ചോദിച്ചപ്പോൾ, എഴുന്നേറ്റുനിന്ന് പറയാൻ ശ്രമിച്, പറയാൻ കഴിയാതെ വാക്കുകൾ മുറിഞ്, വിങ്ങലായി, തേങ്ങലായി, കരച്ചിലായി മാറിയ നബി ഇഷ്ക്ഖിനേ കുറിച്ച് പറയുന്നുണ്ട്. നൂറ്റാണ്ടുകളിൽ വിവിധദേശങ്ങളിൽ വിവിധ ഭാഷകളിൽ രൂപംകൊണ്ട പ്രവാചക പ്രണയത്തിൻറെ വരികളും വരകളും ഭാവങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും 'And Muhammad is His Messenger' എന്ന തൻറെ മികവുറ്റ ഗവേഷണ ഗ്രന്ഥത്തിലൂടെ ലോകത്തിനു സമ്മാനിച്ച ആനിമേരി ഷിമ്മൽ, തൻറെ തുർക്കിയിലെ യൂണിവേഴ്സിറ്റി ജീവിതകാലത്ത് പ്രമുഖരായ അധ്യാപകരും ഉദ്യോഗസ്ഥരും ഇസ്തംബൂളിലെ അവരുടെ വീടുകളിൽ സംഘടിപ്പിച്ചിരുന്ന മൗലിദ് സദസുകളിൽ പ്രാദേശിക തുർക്കിഷ് ഭാഷയിൽ പാടിയും പറഞ്ഞും നബിയെ ഓർതെടുത്ത് നെഞ്ചോട് ചേർത്ത് പ്രണയിച്ചിരുന്നതിന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.
ഉപ്പ സിദ്ദീഖുൽ അക്ബർ(റ) കരയുന്നത് കണ്ട്, അതിലെ ഇഷ്ക്കിന്റെ ആഴം കണ്ട്, 'ആളുകൾ സന്തോഷം കൊണ്ടും കരയുമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്' എന്ന് ഉമ്മുൽ മുഅമിനീൻ ആയിശ ബീവി(റ) പറഞ്ഞതിന്റെ വളരെ നേർത്ത ആധുനിക അനുരണനങ്ങൾ എന്നേ അത്തരം സദസ്സുകളെയും നമുക്ക് വിളിക്കാനൊക്കൂ. എന്തെന്നില്ലാത്ത അനുഭൂതിയും നാം ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത ആത്മനിര്‍വൃതിയും നേടാനായ ചില ഉത്തരേന്ത്യന്‍ മൗലിദ് സദസ്സുകള്‍ ഇടക്കിടെ ഓര്‍മ്മകളില്‍ സുഗന്ധം പരത്താറുണ്ട്. അവയെല്ലാം വഴി തെളിക്കുന്നത് ആരാധനകളിലേക്കും സാംസ്കാരിക വികാസങ്ങളിലേക്കുമാണ്. വിശ്വാസത്തിന്റെ ആര്‍ക്കിടെക്ചര്‍ വികസിക്കാനുള്ള വഴികളാണ് അത് കാണിച്ചുതരുന്നത്. രചനകളുടെ വൈവിധ്യങ്ങളിലേക്കാണ് അത് വഴികള്‍ തുറന്നതും തുറക്കുന്നതും.
ലോകത്ത് എല്ലാവരുടെയുള്ളിലും ഒരു ഇശ്ഖിന്റെ മധുരമുണ്ട്, പ്രണയത്തിനായുള്ള അടങ്ങാത്ത ആഗ്രഹമുണ്ട്. ആ ഇശ്ഖ് ആരോടാണ് വേണ്ടതെന്നും അത് പൂര്‍ത്തിയാകാതെ നിങ്ങളുടെ വിശ്വാസം പൂര്‍ണമാവില്ലെന്നുമാണ് പ്രവാചകര്‍(സ്വ) പറഞ്ഞ് വെക്കുന്നത്. അപ്പോള്‍ പ്രണയമെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. നബി(സ)യെ കുറിച്ച് പറയുന്നതും കേള്‍ക്കുന്നതുമെല്ലാം വല്ലാത്ത അനുഭൂതിയാണ്. ആ പ്രവാചകരെ വര്‍ണ്ണിച്ചവരോട് വല്ലാത്ത ബഹുമാനമവും സ്നേഹവുമാണ്. ബൂസീരിയെ നമുക്ക് സ്നേഹിക്കാതിരിക്കാനാവില്ല. പ്രവാചകാനുരാഗത്തിന്റെ കാവ്യതല്ലജങ്ങള്‍ ലോകത്ത് ലക്ഷകണക്കിന് ആശിഖീങ്ങളുടെ നാവുകളിലൂടെ ഒഴുകാനും എത്രയോ ഹൃദയങ്ങളെ തരളിതമാക്കാനും മനോഹരമായി പേന ചലിപ്പിച്ച മഹാനായ ബൂസ്വീരിയെ എങ്ങനെ നമുക്ക് സ്നേഹിക്കാതിരിക്കാനാവും.
ഇത് തന്നെയാണ് ഇസ്‌ലാം, അത് വളരെ ലളിതമാണ്, അതിലേറെ ആര്‍ദ്രവും. അതില്‍ ഇശ്ഖും മഹബ്ബത്തുമുണ്ട്, തഖ്‌വയെ വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാക്കുന്ന ഘടകങ്ങളുണ്ട്. ഒരു ദിക്‌റിന്റെ മജ്‌ലിസ്, ഭൗതിക ചിന്തകളില്‍നിന്നെല്ലാം അകന്ന് അല്പനേരം അല്ലാഹുവിനെ ഓര്‍ത്തിരിക്കുന്നത്, അതിൽ പങ്കെടുക്കുന്നവര്‍ക്ക് നല്കുന്ന മാനസിക സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്. മരിച്ചുകഴിഞ്ഞ ഒരു മനുഷ്യന്റെ വീട്ടില്‍ ഖുര്‍ആന്റെ മാസ്മരിക പാരായണം, അത് അവിടെ രൂപപ്പെടുത്തുന്നത് സമാശ്വാസത്തിന്റെ അന്തരീക്ഷമാണ്. മരിച്ച് കിടക്കുന്ന ആ മനുഷ്യന്റെ ബന്ധുക്കള്‍ക്ക് അത് പകരുന്ന സമാധാനം നമുക്ക് അവഗണിക്കാനാവുമോ?'
എന്നത് പോലെ, മരിച്ചയാളെ അവസാന യാത്രയാക്കി ഖബ്റില്‍ വെച്ച ശേഷം തല്‍ഖീന്‍ ചൊല്ലിക്കൊടുക്കുമ്പോള്‍, ഇതാ ഞങ്ങള്‍ നിങ്ങളെ കൈവിട്ടിട്ടില്ലെന്ന ഒരു സന്ദേശമല്ലേ അത് നല്കുന്നത്. അതിലുപരി, കേട്ട് നില്ക്കുന്നവരില്‍ ആ വാചകങ്ങളുണ്ടാക്കുന്നത് വല്ലാത്ത സ്വാധീനമാണ്. മന്‍ റബ്ബുക, വമാദീനുക, വമന്‍ നബിയ്യുക, വമാ ഇമാമുക, വമാ ഖിബ്‍ലതുക എന്ന ചോദ്യങ്ങളും അല്ലാഹു റബ്ബീ, മൂഹമ്മദുന്‍(സ) റസൂലി, എന്ന് തുടങ്ങുന്ന മറുപടികളും ചുറ്റും കൂടിയ ആളുകളില്‍ മരണം ഒരു ഗുണപാഠമായി ശേഷിപ്പിക്കുന്നു. അല്‍മുഅ്മിനൂന ഇഖ്‌വാനീ വല്‍മുഅ്മിനാതു അഖവാതീ (വിശ്വാസികളെല്ലാം എന്റെ സഹോദരീസഹോദരന്മാരാണ്) എന്ന് പറയുന്ന വചനങ്ങള്‍ മനസാന്തരങ്ങളിലേക്കിട്ടുകൊടുക്കുന്നത് സാമൂഹ്യബോധത്തിന്റെ ഏറ്റവും ഉദാത്തമായ ചിന്തകളാണ്, അത് ഉള്‍ക്കൊള്ലാന്‍ മനസ്സ് പാകമാവുന്ന ഏറ്റവും വിശിഷ്ട സമയം അതാണ് താനും. വ്യക്തിപരമായി ഏറ്റവും ഭക്തി അനുഭവിക്കുകയും ഉള്ളിൽ തട്ടി ചൊല്ലുകയും ചെയ്യാറുള്ളത്, മണ്ണ് വാരിയിട്ട്, മീസാൻ കല്ല് വെച്ച്, ചെടിക്കമ്പുകൾ കുത്തി, വെള്ളം തട്ടിയ മണ്ണിന്റെ മണമുള്ള ഖബറിടത്തിൽ നിന്ന് തൽഖീൻ ചൊല്ലുമ്പോഴാണ്.
സന്തോഷത്തിന് മിഴിവും വെണ്മയും കൂടാനും സങ്കടക്കടലുകളുടെ ആഴവും ആഘാതവും കുറയാനും സ്വലാത്തും പ്രകീർത്തനവും തന്നെ മതി എന്ന 'സുകൃതം ചെയ്ത മുൻഗാമികളുടെ' അധ്യാപനവും അനുഭവങ്ങളുമാണ് ജനിച്ചേടത്തും മരിച്ചേടത്തും വീടിരിക്കുമ്പോഴും രോഗം വരുമ്പോഴുമൊക്കെ ഒരുപോലെ മൻഖൂസ് മൗലിദും സലാം ബൈത്തും അശ്റഖയും ബുർദയും ചൊല്ലാന്‍ നമ്മെ ശീലിപ്പിച്ചത്. ആത്മീയതക്കപ്പുറം അവ നൽകുന്ന മാനസികവും സാംസ്കാരികവും സാമൂഹികവുമായ മാനങ്ങൾ അനവധിയാണ്. മാറിവന്ന പുതിയ തലമുറക്കും ആ അനുഭവങ്ങൾ ലഭ്യമാകണം. വാദങ്ങളും പ്രസംഗങ്ങളും സ്വാധീനിക്കുന്നത് വളരെ ചെറിയ ഒരു സമൂഹത്തെ മാത്രമാണ്. ഹൃദയം തൊട്ട പറച്ചിലും പാടലും അർത്ഥമറിയാതെ ചൊല്ലുന്ന വാക്കുകളുടെ പോലും ഗാംഭീര്യവും സൗന്ദര്യവും ഒക്കെ കൂടുതൽ മനസ്സുകളിൽ മാറ്റങ്ങളുണ്ടാക്കും, അനുഭൂതികൾ നൽകും. അതിന് അവ കേവലം ചടങ്ങുകൾ ആകരുത്. എല്ലാവർക്കും ഉൾക്കൊള്ളാവുന്ന അവതരണങ്ങൾ ആകണം, അനുഭവമാകണം.
അവിടെയെല്ലാം രൂപപ്പെടുന്നത് സാമൂഹികമായ ചേര്‍ത്ത് പിടിക്കലിന്റെ ജാജ്ജ്വല ചിത്രങ്ങളാണ്. അതൊക്കെ തന്നെയല്ലേ യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതവും. ആര്‍ക്കാണ് അവയെല്ലാം വേണ്ടെന്ന് പറയാനാവുക. സയ്യിദ് ഹുസൈന്‍ നസ്‌റ് ഇസ്‌ലാമിക് ആര്‍ട്‌സ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍ എന്ന പുസ്തകത്തില്‍ ഇസ്‌ലാമിന്റെ തനതായ ആര്‍ക്കിടെക്ചര്‍ പോലും രൂപപ്പെടുന്നത് ഖുര്‍ആന്റെ വചനങ്ങളില്‍ നിന്നാണെന്നും അത് പാരായണം ചെയ്യപ്പെടുന്ന ഇടങ്ങളില്‍ നിന്നാണെന്നും പറയുന്നുണ്ട്. വിശുദ്ധി നിറഞ്ഞ പരായണത്തിനും പറച്ചിലിനും പറ്റിയ ഒരു സേക്രഡ് സ്പേസിലാണ് തഖ്‍വ സ്ഫുരിക്കുന്നതും ആത്മീയ അനുഭൂതിയിലേക്ക് ആനയിക്കുന്നതുമായ ഒരു പള്ളിയുടെ സ്ട്രക്ചർ രൂപപ്പെടുന്നത് എന്നർത്ഥം.
അതേ സമയം, ചിലയിടങ്ങളിലെങ്കിലും ഭൗതിക ലക്ഷ്യങ്ങള്‍ കടന്നുവന്ന് ഇവയിലെ വിശുദ്ധി നഷ്ടമായോ എന്ന ചിന്ത ഇല്ലാതില്ല. എന്നാല്‍, അത് ഇവിടെ മാത്രമല്ലല്ലോ, എല്ലായിടത്തുമുള്ള ച്യുതിയുടെ ഭാഗമായല്ലേ അതിനെയും കാണാനൊക്കൂ. എന്ന് കരുതി, അവയെ പാടെ തള്ളുകയല്ലല്ലോ നാം വേണ്ടത്. അങ്ങനെ മാറ്റി വെച്ചാല്‍, അവയൊന്നുമില്ലാതെ പിന്നെ നമ്മിൽ ബാക്കിയാവുന്നത് വരണ്ട ഒരു മതം ആയിരിക്കും. ഇഷ്ഖും പ്രണയവുമില്ലാത്ത, മുന്‍ഗാമികളെ കുറിച്ചുള്ള സ്മരണകളോ ഓര്‍മ്മകളോ ഓര്‍മ്മപ്പെടുത്തലുകളോ ഇല്ലാത്ത, ചേര്‍ന്ന് നില്ക്കാനും ചേര്‍ത്ത് നിര്‍ത്താനുമുള്ള സാഹചര്യങ്ങളില്ലാത്ത, ഒരു തരം വരണ്ട ജീവിതം. അത് എത്രമാത്രം ദുസ്സഹവും ആസ്വാദനരഹിതവുമായിരിക്കും. ഇത്രമേല്‍ സുന്ദരമായ എന്റെ ഇസ്‍ലാം ഒരിക്കലും അങ്ങനെ ആവില്ല, തീര്‍ച്ച.
2 Comments
- 
                
                
                
 - 
                
                    - 
        

Islamonweb Admin
2 years ago
നല്ല വാക്കുകള്‍ ഏറെ നന്ദി..
 
 - 
        
 
 


            
            
                    
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment