അറബി കല ബ്രസീലിയൻ സ്ത്രീകളെ പ്രചോദിപ്പിക്കുന്ന വിധം

കുടിയേറ്റം എന്നും ചരിത്രത്തിന്റെ ഭാഗമാണ്. വിവിധ കാരണങ്ങളാല്‍ സ്വന്തം നാട് വിട്ട് മറ്റു ദേശങ്ങളിലേക്ക് മാറിത്താമസിക്കുന്നത്, പലപ്പോഴും ക്രിയാത്മകമായ പല മാറ്റങ്ങള്‍ക്കും സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അറബ് ലോകത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്ക് കുടിയേറിയവര്‍ അവിടത്തുകാരില്‍ ചെലുത്തിയ വലിയ സ്വാധീനം ഇതിന്റെ മികച്ച ഒരു ഉദാഹരണമാണ്. അത്തരം ചില ചിത്രങ്ങള്‍ പരിചയപ്പെടാം.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ കമ്മിറ്റിയുടെ കണക്ക്പ്രകാരം അറബ് വംശജരായ 13 ദശലക്ഷത്തിലധികം ആളുകളാണ് ബ്രസീലിൽ താമസിക്കുന്നത്. ലാറ്റിനമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത സമുദയങ്ങളിൽ ഏറ്റവും ഐക്യത്തോടെ ജീവിക്കുന്നവരും അറബ് സമൂഹമാണ്. അറബ് സംസ്കാരവും കലാകാരന്മാരും ബ്രസീലിലെ സാംസ്കാരിക കലാ മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംഗീതം, കവിത, കാലിഗ്രാഫി, ആർട്‌സ്, ക്രാഫ്റ്റ്‌സ്, ഡിസൈൻ, വാസ്തുവിദ്യ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിലെല്ലാം അറബി സംസ്‌കാരത്തിന്റെ സ്വാധീനം ദർശിക്കാവുന്നതാണ്.

ബ്രസീലിയൻ സ്ത്രീകൾ ബ്രസീലിലും അറബ് രാഷ്ട്രങ്ങളിലുമുള്ള സംസ്കാരങ്ങളെ സമന്വയിപ്പിച്ച് പുതിയൊരു മാനം കൈവരിക്കുകയും കലാമേഖലയിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കുകയും ചെയ്തു. അറബ് രാജ്യങ്ങളും ലാറ്റിനമേരിക്കയും തമ്മിലുള്ള സാംസ്കാരിക വിനിമയം ബ്രസീലിന്റെ സവിശേഷതയാണ്. സാംസ്കാരിക പൈതൃകത്തിന്റെ ഉന്നമനം പ്രാദേശിക ജനതയും മറ്റുള്ള സമൂഹവും തമ്മിൽ സഹിഷ്ണുതയും ആദരവും വർദ്ധിപ്പിക്കാനും സഹായികമായി.

അറബികളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ലാറ്റിനമേരിക്കയിൽ അറബ് സംസ്കാരത്തിനും കലയ്ക്കും വേരോട്ടം നൽകിയവരിൽ പ്രധാനിയാണ് കാമിലാ ക്ലീന്‍. അവര്‍ അറബ് ലോകത്തെ കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നത് അവരുടെ അമ്മ റൊസാംഗേല ക്ലീനിനെ കാണാൻ വേണ്ടി വീട്ടിൽ പലപ്പോഴായി വന്നിരുന്ന സുഹൃത്തുക്കളിലൂടെയായിരുന്നു. അറബി സംസ്കാരത്തെയും കലകളെയും കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം അവരുടെ മനസ്സിൽ വേരുറക്കാൻ ഇത് കാരണമായി. വരും കാലങ്ങളിൽ തന്റെ ബിസിനസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം അറബി കലയ്ക്കായി സമർപ്പിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.

റിയോ ഡി ജനീറോ, കുരിറ്റിബ, സാവോ പോളോ, കാമ്പിനാസ്, റെസിഫെ എന്നിവിടങ്ങളിലായി ക്ലീനിന് 13 സ്ഥാപനങ്ങളുണ്ട്. കല്ലുകൾ കൊണ്ട് അലങ്കരിച്ച ബെൽറ്റുകളും കമ്മലുകളും വലിയ നെക്ലേസുകളുമാണ് ബ്രസീലിൽ നിവാസികളായ അറബ് സ്ത്രീകൾക്ക് പ്രിയപ്പെട്ട വസ്ത്രം.

അറബ് രാജകുമാരിമാർ, രാജ്ഞികൾ, മിഡിൽ ഈസ്റ്റിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങളിൽ നിന്നും പ്രചോദനം കൊണ്ട അവർ അവരെ കുറിച്ച് ലഭ്യമായ വിവരണങ്ങളെല്ലാം ശേഖരിച്ചു. ഖത്തറിലേക്കുള്ള യാത്രയിലാണ് ഈ വിവരണങ്ങൾ കരഗതമാക്കാൻ അവർക്ക് സാധിച്ചത്.

"ഖത്തറിലെ മുൻ പ്രഥമ വനിത ഷെയ്ഖ മോസ ബിൻത് നാസർ അൽ മിസ്‌നെദ് എനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിത്വമാണ്. അവർ സമാനതകളില്ലാത്ത സൗന്ദര്യമുള്ള ഒരു സ്ത്രീയാണ്. 2020-ൽ ഖത്തറിലേക്ക് അവരെന്നെ ക്ഷണിച്ചു. ആ യാത്രയിലാണ് ഞാൻ ഈ സംസ്കാരത്തോട് കൂടുതൽ അടുത്തത്. അതിനാൽ അറബ് രാജ്ഞിമാരിൽ നിന്നും രാജകുമാരിമാരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ കലയ്ക്ക് രൂപകൽപ്പന ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഈ കലാ ശേഖരത്തിലൂടെ നമ്മുടെ രാജ്യത്തെ മൂർത്തവും ഘടനാപരവും ആശ്ചര്യപ്പെടുത്തുന്നതുമാക്കി മാറ്റാൻ ഞാൻ തീരുമാനിച്ചു." ക്ലീൻ ANBA യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

കൊറോണ വൈറസ് സമയത്താണ് 28 കാരിയായ ലെറ്റീഷ്യ ഗോമസ് ബുക്ക്മാർക്കുകൾക്കും ചിത്രങ്ങൾക്കും ബീജാവാപം നൽകിയ ഇസ്‍ലാമിക അറബിക് കലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ  തീരുമാനിക്കുന്നത്. ഓൺലൈനിൽ പ്രദർശിപ്പിച്ച് വിജയം കൈവരിച്ച ശേഷമാണ് അവർ അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും തുടങ്ങിയത്.

ഗോമസ് പള്ളികൾ സന്ദർശിക്കാൻ തുടങ്ങിയ കാലം മുതൽക്കാണ് ജ്യാമിതി, കാലിഗ്രാഫി, അറബിക് എന്നി മേഖലയിൽ ആകൃഷ്ടയാകുന്നത്. പാറ്റേണുകൾ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നും അവയ്ക്ക് പിന്നിലെ പ്രചോദനം എന്താണെന്നും അറിയാൻ അവർ ആഗ്രഹിച്ചു. അങ്ങനെ അവർ അറബി അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ച ബുക്ക്മാർക്കുകൾ നിർമ്മിക്കാൻ തുടങ്ങി. അവരുടെ ഉപഭോക്താക്കളിൽ 60 ശതമാനത്തിലധികം ബ്രസീലിൽ താമസിക്കുന്ന അറബികളായിരുന്നു. അനറബികളും അവരുടെ നിർമ്മിതിയിൽ താൽപ്പര്യം പ്രകടിപ്പിച്ച് വരാറുണ്ടായിരുന്നു.

ബുക്ക്‌മാർക്കുകൾ നിർമ്മിക്കുന്നതിനൊപ്പം പുസ്തക കവറുകൾക്കും പെയിന്റിംഗുകൾക്കുമുള്ള ചിത്രീകരണങ്ങളിലും അവർ ഏർപ്പെട്ടിരുന്നു. അറബിക് കാലിഗ്രഫിയുടെയും മറ്റ് അറബ് കലകളുടെയും മനോഹാരിത കാണിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതിനഞ്ചോളം സൃഷ്ടികളുടെ പ്രദർശനമാണ് ഗോമസ് ഒരുക്കുന്നത്.

സാവോ പോളോ കലയ്ക്കും കാലിഗ്രഫിക്കും കൂടുതൽ അവസരങ്ങൾ നൽകുകയും കലാകാരൻമാർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന ദേശമാണ്. ബ്രസീലിലെ ഏറ്റവും വലിയ മുസ്‍ലിം സമുദായങ്ങളിലൊന്നായ സാവോ ബെർണാഡോ ഡോ കാമ്പോയിലാണ് സൗസ താമസിക്കുന്നത്. കാലിഗ്രഫിയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ അവർക്ക് സാധിച്ചു.

അറബി കലയിലൂടെ ഉന്നതി കൈവരിക്കാനുള്ള സാധ്യതകളും മാർഗ്ഗങ്ങളും സൗസയെ ആകർഷിക്കുകയായിരുന്നു. ബ്രസീലിയൻ നിവാസികൾക്കെല്ലാം ഈ കലാരൂപത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ പ്രതിജ്ഞാബദ്ധയാണ് ഇന്ന് അവര്‍. അങ്ങനെ ചെയ്യുന്നതിലൂടെ അറബി സംസ്കാരത്തെക്കുറിച്ച് കൂടുതലറിയാൻ ബ്രസീലുകാർക്ക് സഹായകമാകുമെന്നും അവർക്ക് വലിയ പ്രോത്സാഹനമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.

ബ്രസീലിലെ വർണ്ണാഭമായ അന്തരീക്ഷം അവരുടെ ജോലിക്ക് വളരെ സഹായകരമാണ്. എല്ലാ ബ്രസീലുകാരും ഉള്ളിൽ കലയോടും കലാകാരന്മാരോടും സഹജമായ സ്നേഹമുള്ളവരാണ്. അറബി കലയും ചരിത്രവും അവരുടെ മതവുമായും സംസ്‌കാരവുമായും നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്നത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരെ പ്രചോദിപ്പിക്കാൻ സഹായകരമാണെന്നാണ് അവരുടെ വിശ്വാസം.

ബ്രസീലിലിനെ സംബന്ധിച്ചിടത്തോളം അറബ് ലോകവും ലാറ്റിനമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന മാർഗമാണ് കല. ഈ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാൻ കലകൾക്ക് സാധിക്കുന്നുണ്ടെന്നത് കല സാധ്യമാക്കുന്ന വിശാലമായ അർത്ഥതലങ്ങളുടെ സവിശേഷതയാണ്.

കടപ്പാട്: https://www.middleeastmonitor.com/20230724-arabic-art-inspires-brazilian-women/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter