ആഫ്രിക്കയുടെ പുതിയ പ്രതീക്ഷയായി ഇബ്റാഹീം ട്രോറെ

2023 ജൂലൈ 28 ന് ആഫ്രിക്ക - റഷ്യ ഉച്ചകോടിയിൽ ബുർക്കിന ഫാസോ എന്ന കുഞ്ഞു ദരിദ്ര രാജ്യത്തെ പ്രതിനിധീകരിച്ച് അവിടുത്തെ ഇടക്കാല പ്രസിഡൻറ് ഇബ്രാഹിം ട്രോറെ   എന്ന സൈനിക മേധാവി ആഫ്രിക്കൻ അന്തരീക്ഷത്തെപ്പറ്റി സെൻറ് പീറ്റേഴ്സ് ബർഗിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്.

ആഫ്രിക്കയുടെ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുന്ന ഇബ്റാഹീം ട്രോറെ ഇതിനകം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്, അതോടൊപ്പം അധിനിവേശക്കാരുടെ കണ്ണിലെ കരടും. പാശ്ചാത്യരുടെ പാവകളായി പരിണമിച്ച ആഫ്രിക്കൻ ജനതയുടെ മാറ്റത്തിന് കാതലായേക്കാവുന്ന അധികാര കൈമാറ്റമായാണ് ലോകം ട്രോറെയുടെ രാഷ്ട്രീയ രംഗപ്രവേശനത്തെ നോക്കിക്കാണുന്നത്. 1960 കളിൽ ഫ്രാൻസിൽ നിന്ന് രേഖയിൽ മാത്രം സ്വാതന്ത്ര്യം കരസ്ഥമാക്കിയ ബുർക്കിന ഫാസോ  എന്ന ദരിദ്ര രാജ്യത്തെ ലോകത്തിനുമുന്നിൽ ചുരുങ്ങിയ കാലയളവിൽ ആഭ്യന്തര കലാപങ്ങളില്‍ നിന്നും, പാശ്ചാത്യ കൈക്കടത്തലുകളിൽ നിന്നും  മോചനം സാധ്യമാക്കി വികസനത്തിന്റെ പടവുകൾ കയറ്റിയ ട്രോറെയുടെ നിലപാടുകൾ പാശ്ചാത്യ രാജ്യങ്ങളെയെല്ലാം ബുർക്കിന ഫോസയുടെ ശത്രുക്കളാക്കി തീർത്തതിൽ തെല്ലും അതിശയോക്തിയില്ല.
  
 ട്രോറെയുടെ വിദ്യാഭ്യാസവും സൈനിക സേവനങ്ങളും

1988 മാർച്ച് 19ന് പശ്ചിമ ആഫ്രിക്കയിലെ ബുർക്കിന ഫോസ എന്ന രാജ്യത്തെ കേരയെന്ന പ്രദേശത്തായിരുന്നു ഇബ്രാഹിം ട്രോറെയുടെ ജനനം. മൗഹൂൺ പ്രവിശ്യയിലെ ബൊണ്ടോക്കുയിയിൽ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ബുർക്കിന ഫാസോയിലെ രണ്ടാമത്തെ വലിയ നഗരമായ ബോബോഡിയുലാസോയിലെ സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. 2006 ൽ ഔഗാഡൗഗു (Ouagadougou) സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഇക്കാലയളവിൽ അസോസിയേഷൻ ഓഫ് മുസ്‍ലിം സ്റ്റുഡൻസിലെ അംഗമായും മാർക്സിസ്റ്റ് നാഷണൽ അസോസിയേഷൻ ഓഫ് ബുർക്കിന ഫാസോ (ANED) യിലെ പ്രതിനിധിയായും ഉയരാന്‍ ചുരുങ്ങിയ കാലയളവിൽ അദ്ദേഹത്തിന് സാധിച്ചു. കൂടാതെ പഠനകാലത്ത് തർക്കങ്ങളിൽ സഹപാഠികളെ പ്രതിരോധിച്ച് തന്റേതായ നിലപാടുകളിൽ ഉറച്ചു നിൽക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

2009ൽ ബുർക്കിന ഫാസോയിലെ പട്ടാളത്തില്‍ ചേരുന്നതോടെയാണ് രാഷ്ട്രീയ മേഖലയിലേക്ക് ട്രോറെ രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് ജോർജ് നമോവനോ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയതിനൊപ്പം മൊറോക്കോയിൽ വിമാന പരിശീലനം നടത്തുവാനും അദ്ദേഹത്തിനായി. ശേഷം സ്വന്തം നാട്ടിലെ പട്ടണമായ കയയിലെ ഒരു കാലാൾപട യൂണിറ്റില്‍ ചേര്‍ന്നു. 2014 ൽ പട്ടാളത്തിലെ ലെഫ്റ്റനന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മാലി യുദ്ധത്തിൽ ഉൾപ്പെട്ട യുഎന്നിന്റെ സമാധാനസേന "മിനുസ്മയ"യിൽ ചേർന്നു. ദിനേന വർദ്ധിക്കുന്ന പ്രശസ്തിയും സ്ഥാനങ്ങളും  സ്വന്തം നാട്ടിൽ വര്‍ദ്ധിച്ചുവരുന്ന വിമത കലാപങ്ങള്‍ക്കെതിരെ പോരാടാനും, പുതിയ നിലപാടുകൾ എടുക്കാനും   അദ്ദേഹത്തെ  നിർബന്ധിതനാക്കി.  ഇത് 2020ൽ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് എത്താൻ സഹായിച്ചു. രാജ്യത്ത് നടമാടുന്ന വർദ്ധിത രാഷ്ട്രീയ കൈക്കൂലികളെയും സൈനിക ഉപകരണങ്ങളുടെ വ്യാപക അഭാവത്തെയും ഏറെ നിരാശയോടെയാണ് അദ്ദേഹം നോക്കി കണ്ടത്. 2022ൽ ലെഫ്റ്റനന്റ് കേണൽ പോൾ ഹെൻറി ടാമിബയുടെ നേതൃത്വത്തിൽ പ്രസിഡൻറ് മാർക്ക് അബോറയെ അട്ടിമറിയിലൂടെ പുറത്താക്കി ഉത്തര മധ്യ സൈനിക റെജിമെൻ്റ് തലവനായി ചുമതലയേറ്റു. എന്നാൽ ആഭ്യന്തര കലാപം നിയന്ത്രിക്കാൻ പോൾ ഹെൻറിക്ക് കഴിയാതെ വന്നപ്പോൾ 2022 ജനുവരിയിൽ അട്ടിമറിയെ പിന്തുണച്ച് മൂവ്മെൻറ് ഫോർ സേഫ് ഗാർഡ് ആൻഡ് റീസ്റ്റോറേഷൻ മിലിട്ടറി ജുണ്ടയെ അധികാരത്തിൽ എത്തിച്ച സൈനിക ഓഫീസർമാരുടെ സംഘത്തിലെ പ്രധാന അംഗമായിരുന്നു ട്രോറെ. ശേഷം ഈ ദേശസ്നേഹ പ്രസ്ഥാനത്തിൻറെ പുതിയ തലവൻ ആവുകയും ബുർക്കിന ഫാസോയുടെ ഇടക്കാല പ്രസിഡൻ്റായി സ്ഥാനം ഏല്‍ക്കുകയും ചെയ്തു.

ട്രോറെയുടെ  രാഷ്ട്രീയ നീക്കങ്ങൾ

2024 ജൂലൈയിൽ ജനാധിപത്യ തിരഞ്ഞെടുപ്പ് നടത്തുമെന്ന വാഗ്ദാനം അധികാരത്തിലേറിയ ഉടനെ പ്രഖ്യാപിച്ചെങ്കിലും ക്രമസമാധാനം പൂർണമായി പുനസ്ഥാപിക്കാൻ സാധിക്കാത്തതിനാൽ  ട്രോറെ അത് നീട്ടിവെച്ചു. കൂടാതെ തന്റെ രാജ്യത്തിൻറെ മേൽ രണ്ടാം ലോകമഹായുദ്ധ ശേഷവും തുടർന്നുവരുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആധിപത്യത്തെ തുടച്ചുനീക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. 1960ൽ സ്വതന്ത്രമായ ശേഷവും രാജ്യത്ത് തുടരുന്ന ഫ്രഞ്ച് സൈന്യത്തെ പുറത്താക്കൽ, പാശ്ചാത്യ ബന്ധം അവസാനിപ്പിക്കൽ, വിദേശ കോർപ്പറേറ്റുകളിൽ നിന്ന് സ്വർണ ഖനിയെ ദേശസാത്ക്കരിക്കൽ, ക്യൂബ റഷ്യ രാജ്യങ്ങളുമായുള്ള കൂട്ടുകൂടൽ, തുടങ്ങിയ തീരുമാനങ്ങളെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിൽ ഇബ്രാഹിം ട്രോറെക്ക് നൽകിയ ശത്രുക്കളുടെ എണ്ണം അനവധിയാണ്.  രാജ്യത്ത് പ്രവര്ത്തിക്കുന്ന വിവിധ മുസ്‍ലിം പേരുകളിലറിയപ്പെടുന്ന സംഘടനകള്‍ മുതല്‍ ഫ്രാൻസ്, അമേരിക്ക തുടങ്ങിയ നാറ്റോ രാജ്യങ്ങൾ ഇങ്ങനെ നീളുന്നു ആ പട്ടിക. 

പക്ഷേ, നവകോളനിവത്ക്കരണത്തിന്റെ ഏജന്റുമാർ എന്ന് മുദ്ര കുത്തി പാശ്ചാത്യ അനുകൂല മാധ്യമങ്ങളെ പിൻവലിക്കുന്നതിന്റെയും രാജ്യ കയറ്റുമതിയുടെ 80 ശതമാനം വരുന്ന സ്വർണത്തിൽ വിദേശ കോർപ്പറേറ്റുകളുടെ കടന്നുകയറ്റത്തെ തടയാനുള്ള നീക്കങ്ങളുടെയും തുടർച്ച  ലോകത്തിനു മുന്നിൽ വ്യക്തമാക്കിയത് ട്രോറെയുടെ ഉറച്ച നിലപാടുകളെയായിരുന്നു. മാതൃരാജ്യത്ത് നിന്ന് പാശ്ചാത്യർ കുടിച്ചു വറ്റിക്കുന്ന ഉറവിടങ്ങളിൽ നോക്കുകുത്തിയാകുന്ന ബുർക്കിന ഫാസോയിലെ ജനതക്ക് ട്രോറെയുടെ നിലപാടുകൾ പ്രതീക്ഷയുടെ പുതിയ കിരണങ്ങളാണ് സമ്മാനിക്കുന്നത്. കൂടാതെ ദാരിദ്ര്യ നിർമാർജ്ജനത്തിന് ഭക്ഷ്യ മേഖല വികസനവുമായി ബന്ധപ്പെട്ട് ധാരാളം പദ്ധതികൾ ആവിഷ്കരിക്കാനും ചുരുങ്ങിയ കാലയളവിൽ ട്രോറെക്ക് സാധിച്ചിട്ടുണ്ട്.

ഫ്രാൻസും ബുർക്കിന ഫാസോയും

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എല്ലാ കോളനികളും സാമ്രാജ്യത്വ ശക്തികളിൽ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും ഫ്രാൻസ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. കാരണം സ്വന്തം രാജ്യത്തിന്റെ വികസനങ്ങള്‍ക്ക് ആഫ്രിക്കൻ വിഭവങ്ങള്‍ അത്രമേൽ പ്രധാനമായിരുന്നു എന്നതും, അടങ്ങാത്ത സാമ്പത്തിക ആർത്തി അവരെ അന്ധമാക്കിയതുമാണ്. 

ചരിത്രത്തിൽ എന്നും ചൂഷണങ്ങൾക്ക് ഇരയായവരാണ് ആഫ്രിക്കൻ ജനത. അടിമക്കച്ചവടം മുതൽ വേദനം വേണ്ടാത്ത തൊഴിലാളികൾ ആയിട്ടായിരുന്നു ലോകം അവരെ കണ്ടിരുന്നത്. പാശ്ചാത്യർക്ക് വികസനത്തിനാവശ്യമായ ഉൽപ്പന്നങ്ങൾ അന്ധമായി നൽകുന്ന https://islamonweb.net/ml/islam-in-africa രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യമുള്ള വീടുകൾ വളരെ തുച്ഛമാണ്. നൈജറിൽ നിന്ന് ഫ്രാൻസ് പിന്മാറാൻ മടിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഫ്രാൻസിന് ആണവ ഊർജ്ജത്തിനാവശ്യമായ യുറേനിയത്തിന്റെ 19 ശതമാനം നൈജറിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നതെങ്കിലും നൈജറിൽ കറണ്ട് ഉള്ള വീടുകളുടെ ശതമാനം വെറും പതിമൂന്നാണ്. 

ഫ്രാൻസ് തങ്ങളുടെ കോളനികൾക്കായി പുറത്തിറക്കിയ കറന്‍സിയായ സി.എഫ്.എ ഫ്രാങ്ക് (നിലവിൽ 14 രാജ്യങ്ങളിൽ ഇത് പ്രാബല്യത്തിലുണ്ട്) ഒഴിവാക്കി പുതിയത് കൊണ്ടുവരുമെന്ന ട്രോറെയുടെ വാക്കുകൾ ഫ്രഞ്ച് ഭരണകൂടം ആഫ്രിക്കൻ രാജ്യങ്ങളിൽ വച്ചുപുലർത്തുന്ന ചൂഷണങ്ങൾക്കുള്ള മുന്നറിയിപ്പാണ്. പ്രത്യേകിച്ച് കറൻസിയുടെ മൂല്യം നിർണയിക്കാനുള്ള അവകാശം മുതൽ, കയറ്റുമതി ഇറക്കുമതിയിൽ തീരുമാനമെടുക്കാനുള്ള അധികാരം വരെ ഫ്രാൻസിന് നേടിക്കൊടുക്കുന്നതാണ് ഇത്തരം കറൻസികൾ. 

ട്രോറെയുടെ  നിലപാടുകൾ ഇതര ആഫ്രിക്കൻ രാജ്യങ്ങളും ഏറ്റെടുക്കാൻ തുടങ്ങി എന്നതാണ് യാഥാർത്ഥ്യം. ഫ്രാൻസ് ഉൾപ്പെടെയുള്ള പാശ്ചാത്യ പിന്തുണയിൽ നിലവിൽ വന്ന (ECOWAS) പശ്ചിമ ആഫ്രിക്കൻ കൂട്ടായ്മയിൽ നിന്ന് മാലി , നൈജർ എന്നീ രാജ്യങ്ങൾക്കൊപ്പം ട്രോറെ പിന്മാറ്റം പ്രഖ്യാപിച്ചത് അതിനൊരു ഉദാഹരണം മാത്രമാണ്. ആഫ്രിക്കൻ ചെഗുവേര എന്നറിയപ്പെട്ട ബുർക്കിന ഫാസോയുടെ മുൻപ്രസിഡൻറ് തോമസ് സങ്കരയുമായി ആഫ്രിക്കൻ ജനത ട്രോറെയെ സാദൃശ്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.  കാരണം, മിനറൽ റിസർവിൽ 30%, ഡയമണ്ടിൽ 51.6%, യൂറേനിയത്തിൽ 17 %, ഓയിൽ റിസർവിൽ 12% തുടങ്ങി ഒട്ടനവധി ഉൽപന്ന സ്രോതസ്സുകളിൽ ആഫ്രിക്കൻ രാജ്യങ്ങൾ ലോകത്തിനാകമാനം സംഭാവന ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ അണുമണി തൂക്കം ഗുണഫലം അനുഭവിക്കാന്‍ ഇത് വരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായിട്ടില്ല. പാശ്ചാത്യ രാഷ്ട്രങ്ങൾ നക്കി വടിക്കുന്നതിൽ നിന്ന് ബാക്കിയാവുന്ന പട്ടിണിയും ദാരിദ്ര്യവും കുമിഞ്ഞുകൂടിയ ആഫ്രിക്കൻ ജനതക്ക്, ട്രോറെയെ  പോലുള്ള നേതാക്കളുടെ വരവ് ഏറെ പ്രതീക്ഷ നല്കുന്നതാണ്. അതിൻറെ പൊരുളാണ് സോവിയറ്റ് ചെമ്പട നേടിയ മഹാവിജയ വാർഷിക ദിനത്തിൽ മോസ്കോയിൽ നടന്ന പരേഡിൽ പങ്കെടുത്ത്   ട്രോറെ     ലോക നേതാക്കൾക്ക് മുന്നിൽ നടത്തിയ പ്രസംഗം. കാരണം അതിൽ  ആഫ്രിക്കൻ കുഞ്ഞുങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് കാരണക്കാരായവരെ പറ്റി പറയുന്നുണ്ട്, അതിനപ്പുറം നല്ലൊരു ഭാവി സ്വപ്നം കാണുന്ന ആഫ്രിക്കൻ ജനതയുടെ പ്രത്യാശയും വ്യക്തമാവുന്നുണ്ട്. ട്രോറെക്ക് തന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാനും ആഫ്രിക്കന്‍ ജനതക്ക് അതിന് കൂടെ നില്ക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

4 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter