മക്തൂബ് മൂന്ന്- സജല നയനങ്ങളോടെ സ്രഷ്ടാവിന് മുന്നില്‍

പ്രിയസഹോദരാ,
ദൈവാനുഗ്രഹത്താല്‍ നിങ്ങള്‍ സദാ സന്തോഷവനായിരിക്കട്ടെ, പ്രാര്‍ത്ഥനയും അഭിവാദ്യങ്ങളും നേരുന്നു.
ആത്മീയാന്വേഷികള്‍ക്ക് പാശ്ചാതാപത്തിനു ശേഷം അനിവാര്യമായത് പ്രതിയെ പ്രീണിപ്പിക്കലാണ്. ഇതൊരു ദുര്‍ഘടം പിടിച്ച കാര്യമാണ്. കാരണം പാപങ്ങള്‍ നാലു വിധത്തിലാണ്. 
ഒന്ന്: നോമ്പ്, നിസ്കാരം തുടങ്ങിയ നിര്‍ബന്ധ കാര്യങ്ങള്‍ ഉപേക്ഷിക്കല്‍. ഇതിന്‍റെ പ്രതിവിധി അക്കാര്യങ്ങള്‍ വീണ്ടെടുക്കലാണ്.
രണ്ട്: സ്രഷ്ടാവിന്‍റെയും സൃഷ്ടിയുടെയും ഇടയിലുള്ളത് ഉദാ.  മദ്യപാനം, വ്യഭിചാരം, പലിശ, സംഗീതം ശ്രവിക്കല്‍. മനസ്സന്താപത്തോടെ, ഇത്തരം ചെയ്തികളിലേക്ക് ഇനിയൊരു മടക്കമില്ലെന്ന ദൃഡനിശ്ചയം ചെയ്യലാണ് ഈ പാപങ്ങളില്‍ നിന്നും കരകയറാനുള്ള മാര്‍ഗം.
മൂന്ന്- മനുഷ്യര്‍ പരസ്പരം ചെയ്യുന്ന പാപം. മൂന്ന് ഇനങ്ങളിലും ഏറ്റവും കഠിനവും ദുശ്കരവുമാണിത്. ഇതു സാമ്പത്തികമോ മാനസികമോ ശാരീരികമോ മതപരമോ ആവാം. തന്‍റെ കുടുംബിനിയോടോ വീട്ടു വേലക്കാരിയോടോ ഉള്ളതാവാം. 
സാമ്പത്തിക ബാധ്യതയാണെങ്കില്‍ അത് തിരികെ നല്‍കണം. അതിനു കഴിയില്ലെങ്കില്‍ അദ്ധേഹത്തോടു വിട്ടുവീഴ്ച്ച ചെയ്യാന്‍ പറയണം. ഇനി മരിച്ചു പോയ വ്യക്തിയാണെങ്കില്‍ അദ്ധേഹത്തിന്‍റെ പേരില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്തു പ്രതിഫലം ആ വ്യക്തിക്ക് എത്തിച്ചേരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം.  ഇതിനും കഴിയാതെ വന്നാല്‍ ജീവിതത്തില്‍ സത്കര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും അദ്ധേഹത്തിന് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കൂടാതെ അന്ത്യദിനത്തില്‍ ആ വ്യക്തിയുടെ തൃപ്തി കരഗതമാകുന്നതിനു വേണ്ടി ഭയഭക്തിയോടെയും താഴ്മയോടെയും അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുക. 
ശാരീരികമായ ബാധ്യതയാണെങ്കില്‍ പരാതിക്കാരന്‍റെ ബന്ധുക്കളോട് പ്രതിക്രിയ ചെയ്യാനോ മാപ്പാക്കാനോ ആവശ്യപ്പെടുക. അതിനു സാധിക്കില്ലെങ്കില്‍ പരലോകത്ത് വെച്ച് പ്രസ്തുത വ്യകതിയുടെ തൃപ്തി ലഭ്യമാകാന്‍ അല്ലാഹുവിനോട് ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന നടത്തുക.
ഇനി ഒരുത്തനെ ഏശണി പറഞ്ഞു കൊണ്ടോ, ശകാരിച്ചു കൊണ്ടോ, ദുരാരോപണം നടത്തിക്കൊണ്ടോ നീ ദോഷിയായതെങ്കില്‍ മാപ്പിരക്കല്‍ നിര്‍ബന്ധമാണ്. അതു കാരണം വലിയ പ്രശ്നങ്ങളെ ഭയക്കുന്നുവെങ്കില്‍ അദ്ധേഹത്തിന് വേണ്ടി പാപമോചനം തേടണം. അദ്ധേഹം മരിച്ചുപോയെങ്കില്‍ നീ ധാരാളം സുകൃതങ്ങള്‍ ചെയ്തു അതിന്‍റെ പ്രതിഫലം മരണപ്പെട്ട വ്യക്തിക്ക് എത്തിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക
വ്യഭിചാരം പോലുള്ള പാപം ചെയ്താലുമുള്ള പ്രതിവിധി ഇതു തന്നെ. പരലോകം നഷ്ടമാകാതിരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. പ്രശനങ്ങളുണ്ടാകില്ലെങ്കില്‍ മാത്രം ആ വ്യക്തിയോട് മാപ്പ് ചോദിക്കുക. 
നീ ഒരാളെ അവിശ്വാസിയാക്കിയത് കൊണ്ടോ വഴികേടിലാക്കിയത് കൊണ്ടോ സംഭവിച്ച മതപരമായ ദുശ്ചെയ്‌തികളില്‍ നിന്നുമുള്ള രക്ഷ അതികഠിനമാണ്. അദ്ധേഹത്തോട് മാപ്പിരക്കലാണ് ആദ്യ പ്രതിവിധി. അതിനു സാധിക്കാതെ വന്നാല്‍ പരലോകത്ത് വെച്ച്‌ അദ്ധേഹം തൃപ്തനാകുന്ന രീതിയില്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക. നിന്‍റെ ആത്മാര്‍ത്ഥത കാരണമായി ആ എതിരാളി നിന്നെ തൃപ്തിപ്പടട്ടെ. 
ഈ പറയപ്പെട്ട കാര്യം നീ മനസ്സിലാക്കുകയും പാപങ്ങളെല്ലാം വെടിയാന്‍ ദൃഢനിശ്ചയം ചെയ്യുകയും ചെയ്താല്‍ പോലും നിനക്ക് നഷ്ടപ്പെട്ടത് നീ വീണ്ടെടുക്കുന്നില്ല. പരാതിക്കാരെ തൃപ്തിപ്പെടുത്താനും നിനക്കാവില്ല. അതിനാല്‍ ആക്ഷേപത്തില്‍ നിന്നും നീ മുക്തനാകുന്നില്ല. ഈ ഘട്ടമാണ് ഏറ്റവും കഠിനമായത്. 
മഹാജ്ഞാനിയായിരുന്ന അബൂ ഇസ്ഹാഖുല്‍ ഇസ്ഫറായിനി പറയുന്നു, നിഷ്കളങ്കമായ പാശ്ചാതാപത്തിനായി മുപ്പതോളം വര്‍ഷം ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു.  പക്ഷെ എനിക്കവന്‍ ഉത്തരം നല്‍കിയില്ല.
അത്യധികം ആശ്ചര്യത്തോടെ എന്‍റെ മനസ്സില്‍ ഞാന്‍ പറഞ്ഞു സുബ്ഹാനല്ലാഹ്.. മുപ്പത് വര്‍ഷം ഞാന്‍ തേടിയിട്ടും നീ എനിക്ക് ഉത്തരം നല്‍കിയില്ലല്ലോ. 
അന്നു രാത്രി സ്വപ്നത്തില്‍ ഒരാള്‍ എന്‍റെ അരികില്‍ വന്നു ഇപ്രകാരം പറഞ്ഞു. നീ ആശ്ചര്യപ്പെടുന്നുവല്ലേ. നിനക്കറിയുമോ, നീ എന്താണ് ചോദിക്കുന്നതെന്ന്. അല്ലാഹുവിന്റെ ഹുബ്ബാണ് നീ തേടുന്നത്. ഇതൊരു നിസ്സാര കാര്യമാണോ. 
സഹോദരാ,
പാപം ഒരു അടിമക്ക് വലിയ പരീക്ഷണം തന്നെയാണ്. അതിന്‍റെ തുടക്കം ഹൃദയ കാഠിന്യവും ഒടുക്കം സത്യനിഷേധവും വലിയ ദുര്യോഗവുമാണ്. പടച്ചവന്‍ കാക്കട്ടെ. ഇബ്‍ലീസിനെയും ബല്‍ആമു ബ്നു ബാഊറയെയും ഒന്നോര്‍ത്തു നോക്കൂ. ഒരു തിന്മയില്‍ നിന്നും തുടങ്ങി ദൈവ നിഷേധത്തില്‍ അവരൊടുങ്ങിയില്ലേ.

Read More: കത്ത്- ഒന്ന് പ്രതീക്ഷകളോടെ കടന്ന് വരൂ... അല്ലാഹു സ്വീകരിക്കാതിരിക്കില്ല
സൂഫികളില്‍ ചിലര്‍ പറഞ്ഞത് ഇപ്രകാരമാണ്, പാപം കാരണം ഹൃദയം കറുത്തുപോകും. തിന്മ ചെയ്യാനുള്ള ധൈര്യം, ആരാധനകളിലെ താത്പര്യക്കുറവ്, സുവിശേഷങ്ങളും ഉപദേശങ്ങളും നിഷ്ഫലമാവല്‍ എന്നിവ ആ ഇരുട്ടിന്‍റെ പ്രകടനങ്ങളാണ്. ഈ സന്ദര്‍ഭങ്ങളില്‍ ഉപേക്ഷ കാണിക്കാതെ ദ്രുതഗതിയില്‍ പശ്ചാത്താപം പ്രാപിക്കലാണ് ഏക പരിഹാരം. കാരണം മരണം ഏത് സമയത്തും നിന്നെ തേടിയെത്താം. തിന്മയിലേക്കു വീണ്ടും മടങ്ങിയാല്‍ ഉടനെ പശ്ചാത്താപത്തിലേക്കും മടങ്ങിയിരിക്കണം.  ഇനിയൊരിക്കല്‍ ആ തിന്മയിലേക്കു മടങ്ങുന്നതിനു മുമ്പേ ഞാന്‍ മരിച്ചുപോയേക്കാം എന്ന് ചിന്തയാണ് എപ്പോഴും വേണ്ടത്.

മൂന്നാം തവണയും നാലാം തവണയും ഇതു തന്നെ ആവര്‍ത്തിക്കുക. അപ്രകാരം തിന്മ ചെയ്യുമ്പോഴെല്ലാം അല്ലാഹുവിലേക്കു ഖേദിച്ചു മടങ്ങുക. തിന്മ ചെയ്യുന്നതിനേക്കാള്‍ തൗബ ചെയ്യാനുള്ള ശേഷി നീ വീണ്ടെടുത്തിരിക്കണം. പിശാച് നിന്നെ പിന്തിരിപ്പിച്ചേക്കാം. പക്ഷെ നീ ഒരിക്കലും വഞ്ചിക്കപ്പെടരുത്. 

തിന്മയിലേക്കു മടങ്ങുന്നതറിഞ്ഞിട്ടും നീ തൗബ ചെയ്യുന്നത് കൊണ്ട് എന്ത് കാര്യമുണ്ടെന്ന് നീ ചോദിച്ചേക്കാം. ഈ ചോദ്യം പോലും പിശാചിന്‍റെ ദുര്‍ബോധനമാണെന്ന് നീ മനസ്സിലാക്കൂ. കാരണം ഇനി തെറ്റിലേക്കു മടക്കമുണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു?. ആ പശ്ചാത്താപത്തിലായി മരണമടയാനുള്ള സാധ്യത നിഷേധിക്കാനാകുമോ?. എങ്കിലും തിന്മയിലേക്ക് മടങ്ങാതെ സ്വശരീരത്തെ സൂക്ഷിക്കേണ്ട ബാധ്യത നിനക്കുണ്ട്. 

പശ്ചാത്തപിക്കുമ്പോള്‍ ആത്മാര്‍ത്ഥതയും ഉദ്ദേശ്യശുദ്ധിയും അനിവാര്യമാണ്. തൗബയിലൂടെയുള്ള ലക്ഷ്യസാഫല്യം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. നിനക്കത് വരിക്കാനായാല്‍ നീ ലക്ഷ്യം പ്രാപിച്ചു. ഇനി നേടാനായില്ലെങ്കില്‍ തന്നെയും പഴയ പാപങ്ങളില്‍ നിന്നും നീ മുക്തനായില്ലേ. മാത്രമല്ല, തിന്മയില്‍ നിന്നും പാശ്ചാതപിക്കുന്നവന്‍ തിന്മയില്ലാത്തവനു തുല്ല്യമാണ് എന്ന പ്രാവചകവചനം വലിയ ആശ്വാസമല്ലേ പകരുന്നത്. 
തൗബയിലൂടെ രണ്ടു നേട്ടങ്ങളാണ് പ്രധാനമായും നീ കരഗതമാക്കുന്നത്. ഗതകാലപാപങ്ങളില്‍ നിന്നും മോചനം, ദൈവ കോപം ഭയന്ന് ഭാവിയില്‍ തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കല്‍ എന്നിവയാണ് അവ. പുണ്യ നബിയുടെ വാക്കുകള്‍ നീ കേട്ടിട്ടില്ലേ, നിരന്തരപശ്ചാത്താപികളായ പാപികളാണ് നിങ്ങളില്‍ ഉത്തമര്‍. 
ചുരുക്കത്തില്‍ ഇനി തിന്മയിലേക്കൊരു മടക്കമില്ലെന്ന് നീ ദൃഢ പ്രതിജ്ഞ എടുക്കുകയും നഷ്ടപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ വീണ്ടെടുക്കുകയും പരാതിക്കാരെ തൃപ്തിപ്പെടുത്തുകയും അല്ലാഹുവിലേക്ക് ഭയഭക്തിയോടെ തിരിച്ചു വരികയും ചെയ്ത് നിന്‍റെ ഹൃദയം പാപക്കറകളില്‍ നിന്നും പരിപൂര്‍ണ്ണ മുക്തി നേടിയാല്‍ നീ ഇപ്രകാരം ചെയ്തേക്കുക.  
വസ്ത്രവും ശരീരവും വൃത്തിയാക്കിവരിക. ശേഷം നാലു റക്അത് നിസ്കരിക്കുക. വിജനമായി ഒരിടത്തിരുന്ന് നിന്‍റെ നെറ്റിത്തടം നിലത്ത് വെക്കുക. തലയിലും മുഖത്തും മണ്ണ് വാരിയിടുക. സജലനയനങ്ങളോടെ, മനസ്സന്താപത്തോടെ, മുന്‍കാല പാപങ്ങളെല്ലാം ഓര്‍ത്തെടുത്തു സ്വശരീരത്തെ ആക്ഷേപിച്ചുകൊണ്ട് ഉച്ചത്തില്‍ ഇപ്രകാരം പറയുക,
ശരീരമേ, നാണമില്ലേ നിനക്ക്? ഇനിയും പാശ്ചാതപിക്കാനായില്ലേ? അല്ലാഹുവിന്‍റെ ശിക്ഷ താങ്ങാനുള്ള ശക്തി നിനക്കുണ്ടോ? നിനക്ക് ആഗ്രഹങ്ങളൊന്നുമില്ലേ?
ഇപ്രകാരം പറഞ്ഞ് നിന്‍റെ കണ്ണുകള്‍ കണ്ണീരണിയട്ടെ. ശേഷം കൈകള്‍ ഉയര്‍ത്തി അല്ലാഹുവിനോടു പറയുക, എന്‍റെ നാഥാ, ഒളിച്ചോടിപ്പോയ അടിമയിതാ അവിടത്തെ തിരു സന്നിധിയില്‍ തിരിച്ചെത്തിയിരിക്കുന്നു. നിന്‍റെ എതിരാളിയിതാ രഞ്ജിപ്പിന്നു വേണ്ടി വന്നിരിക്കുന്നു. മഹാപാപി കാരണം ബോധിപ്പിക്കാന്‍ അണഞ്ഞിരിക്കുന്നു. നിന്‍റെ വിശാലമനസ്കത കൊണ്ട് എനിക്ക് പൊറുത്തുതരേണമേ. നിന്‍റെ ഔദാര്യം കാരണമായി എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും നിന്‍റെ കാരുണ്ണ്യത്തിന്‍റെ നോട്ടം കനിയുകയും ചെയ്യേണമേ. ഭൂതകാല പാപങ്ങള്‍ പൊറുക്കുകയും ഭാവി സുരക്ഷിതമാക്കുകയും ചെയ്യേണമേ. കാരണം സര്‍വ്വ നന്മയും നിന്‍റെ അധീനതയിലാണല്ലൊ. നീ ദയാലുവും കരുണാമയനുമാണല്ലൊ. 
ഖാജാ അത്വാറിന്റെ വരികള്‍ ഇങ്ങനെ വായിക്കാം,

നിന്‍റെ പാപത്തിന്‍റെ നീര്‍കണം
പാരാവാരം കണക്കുള്ള 
ദൈവകാരുണ്ണ്യത്തെ 
കലക്കില്ല തന്നെ.

ശേഷം ഇപ്രകാരം പ്രാര്‍ത്ഥിക്കുക, 
മഹിതകാര്യങ്ങളെ തെളിച്ചപ്പെടുത്തുന്നവനേ, വ്യഥിതമാനസങ്ങളുടെ  പര്യാവസാനമേ, കുന്‍ ഫയകൂന്‍ കൊണ്ട് തീരുമാനിക്കുന്നവനേ, തിന്മകള്‍ എന്നെ വലയം ചെയ്തിരിക്കുന്നു, അവയെ ഒരുക്കി വെച്ചതു നീയാണ്. എല്ലാ കാഠിന്യങ്ങളും നീ തീര്‍ത്തതാണ്. ഈ പതിതാവസ്ഥയില്‍ നിയാണെന്‍റെ കരുതല്‍, ആകയാല്‍ പാശ്ചാതപ സ്വീകര്‍ത്താവായ കാരുണ്യവാനേ എന്‍റെ തൗബ നീ സ്വീകരിക്കേണമേ. 
പരമമായ വണക്കത്തോടെയും നെടുവീര്‍പ്പോടെയും പറയുക, 
കേള്‍വിക്കു പരിധിയില്ലാത്തവനേ, ശബ്ദങ്ങള്‍ അവ്യക്തമാവാത്തവനേ, വിധിതീര്‍പ്പുകള്‍ക്ക് ഭംഗം സംഭവിക്കാത്തവനേ, ഭാഷാ വൈവിധ്യങ്ങള്‍ ബാധിക്കാത്തവനേ, ശാഠ്യങ്ങള്‍ക്കു മുമ്പില്‍ പകപ്പില്ലാത്തവനേ, നിന്‍റെ മാപ്പിന്‍റെ കുളിരും പൊരുത്തത്തിന്‍റെ മധുരവും നുണപ്പിക്കേണമേ, നീ സര്‍വ്വശകതനല്ലയോ. 
ശേഷം നബിയുടെ മേല്‍ സ്വലാത്തു ചൊല്ലുകയും മഴുവന്‍ വിശ്വാസികള്‍ക്ക് വേണ്ടിയും പാപമോചനം തേടുകയും തുടര്‍ന്ന് ദൈവീകമാര്‍ഗത്തിലേക്ക് മടങ്ങുകയും ചെയ്യുക. ഇതോടെ നീ ആത്മാര്‍ത്ഥമായ തൗബ ചെയ്തവനും നിര്‍ദോശിയുമായിത്തീരുന്നു. കണക്കില്ലാത്ത കാരുണ്യവും പ്രതിഫലവുമാണ് ഇതോടെ നിന്നെ കാത്തിരിക്കുന്നത്. 

Read More: മക്തൂബ്- രണ്ട് പശ്ചാത്താപ വിവശമാവട്ടെ ജീവിതം
സഹോദരാ,
അപൂര്‍ണ്ണനെ അല്ലാഹു സ്വീകരിക്കില്ലെങ്കില്‍ അവനെ സൃഷ്ടിക്കില്ലായിരുന്നു. ഞാന്‍ കരുതുന്നില്ല, ആദം നബിയെ ഒരു പഴം ഭുജിച്ചതിന്‍റെ പേരില്‍ മാത്രം സ്വര്‍ഗഭ്രഷ്ടനാക്കിയെന്ന്. ഭൂമിയിലേക്ക് ആദമിനെ കൊണ്ടു വരികയെന്നത് അല്ലാഹുവിന്‍റെ താല്‍പര്യമായിരുന്നു. ആയിരക്കണക്കിനു മഹാപാപികളെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നത് സ്ഥിരപ്പെട്ട കാര്യമാണല്ലോ. അങ്ങനെയെങ്കില്‍ ഒരൊറ്റ തെറ്റിന്‍റെ പേരില്‍ മാത്രം ആദം നബിയെങ്ങനെയാണ് ഭ്രഷ്ടനായിത്തീരുക?. ഇനി ആദം നബി ദൈവദോഷം ചെയ്തതിനെത്തുടര്‍ന്നാണ് സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നതെങ്കില്‍  നമ്മുടെ നബി രാപ്രയാണവേളയില്‍ ദൈവത്തിന്‍റെ അരികില്‍ നിന്നും ഭൂമിയിലേക്കിറങ്ങിയില്ലേ?. അതു എന്തെങ്കിലും തെറ്റു ചെയ്തതിനെ തുടര്‍ന്നാണോ?. ഒരിക്കലുമല്ല. ഉന്നത സ്ഥാനത്തേക്ക് പ്രവാചകനെ ഉയര്‍ത്തിയത്, മാലാഖമാര്‍ക്ക് അദബും പവിത്രതയും പകര്‍ന്നു കൊടുക്കാന്‍ വേണ്ടിയാണ്. ഭൂമിയിലിറക്കിയതോ ഇവിടെയുള്ളവര്‍ക്ക് മതബോധനം നല്‍കാനും. അഭൗമികലോകത്തെ ഔന്നത്യം വരിച്ചപ്പോള്‍ നിന്നെക്കുറച്ചുള്ള തിരുവാക്യങ്ങള്‍ എനിക്ക് പറയാനറിയില്ലെന്നു പറഞ്ഞ പ്രവാചകന്‍ ഭൂമിയിലെത്തിയപ്പോള്‍ സകലജനങ്ങളിലും വെച്ച് ഏറ്റവും മികച്ച വാഗ്വിലാസം എന്‍റേതാണെന്നാണ് പറഞ്ഞത്. ചുരുക്കത്തില്‍ അല്ലാഹുവിന്‍റെ ഓരോ കാര്യങ്ങളിലും കൗതുകങ്ങളും രഹസ്യങ്ങളുമുണ്ട്. പക്ഷെ സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായിരിക്കും. 

സദാ സമയത്തും സുജൂദ് പെരുപ്പിക്കുകയും താഴ്മയോടെയും ഭയഭക്തിയോടെയും അല്ലാഹുവിലേക്ക് അടുക്കുകയും ചെയ്യുക. നിന്നെ മാത്രമാണ് ഞങ്ങള്‍ ആരാധിക്കുന്നതെന്ന് അടിമ പറയുമ്പോള്‍ അല്ലാഹു ഇപ്രകാരം പറയുമത്രെ, എന്‍റെയും എന്‍റെ അടിമയുടെയും ഇടയിലുള്ള കാര്യമാണിത്. അവന്‍ ചോദിച്ചതെല്ലാം അവനുള്ളതാണ്.
യാചകരുടെ ആധിക്യം ഖജനാവുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. മനുഷ്യനേക്കാള്‍ വലിയ അശക്തനും യാചകനും മറ്റാരുണ്ട്. ആകയാല്‍ അവന്‍റെ ദാരിദ്ര്യത്തിന് പകരമായി ആകാശവും ഭൂമിയും അര്‍ശും കുര്‍സിയ്യുമെല്ലാം നല്കാന് പോലും അല്ലാഹു തയ്യാറാണ്. ഇതൊന്നും അവന്റെ ഖജനാവിനെ ബാധിക്കുകയേ ഇല്ല. സ്രഷ്ടാവിന്‍റെ ഖജനാവിനെ പോലെ ഒരു ഖജനാവുമില്ലല്ലോ. സൃഷ്ടികള്‍ക്ക് വേണ്ടതെല്ലാം അവന്‍ ഇരട്ടികളാക്കി നല്‍കുക തന്നെ ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter