കണ്ണൂരിന്റെ സംഘാടന യാത്രകള്‍

കഴിഞ്ഞ ദിവസം വഫാത്തായ സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് കെ.കെ.പി അബ്ദുല്ല മുസ്‌ലിയാരുമായി സത്യധാര നേരത്തെ നടത്തിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു.

കണ്ണൂരിന്റെ സംഘാടന യാത്രകള്‍

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍/  അബ്ദു റഹ്‌മാന്‍ ദാരിമി

ഉസ്താദിന്റെ കുടുംബത്തെ കുറിച്ച് പറയാമല്ലോ
എന്റെ പിതാവിന്റെ പേര് അല്‍ഹാജ് റമളാന്‍ ശൈഖ് എന്നവരാണ്. പ്രസിദ്ധനായ അല്‍ ആരിഫുബില്ലാഹി പാലത്തുങ്കര റമളാന്‍ ശൈഖ് തങ്ങളുടെ പരമ്പരയില്‍പെട്ട നഖ്ശബന്ദിയ്യ, ഖാദിരിയ്യ, രിഫാഇയ്യ,ശാദുലിയ്യ, സുഹറവര്‍ദിയ്യ, എന്നീ ത്വരീഖത്തുകളുടെയും പല ഔറാദുകളുടെയും ശൈഖുമായ പാലത്തുങ്കര ശൈഖ് റമളാന്‍ ഹാജി തങ്ങളുടെയും വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍,അഹ്‌മദ് കോയ ശാലിയാത്തി, കൊല്ലോളി അബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മുതലായ പണ്ഡിത മഹത്തുക്കളുടെ മുറബ്ബിയായ ശൈഖായിരുന്ന പാലത്തുങ്കര ശാഹുല്‍ ഹമീദ് ഔലിയായുടെ മകള്‍ ആയിഷയുടെയും മകനാണ്.

ഉസ്താദിന്റെ പഠനകാലം വിവരിക്കാമോ
ഭൗതികമായി ഞാന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചു. പിന്നീടാണ് സജീവമായി കിതാബോത്തിലേക്ക് കടക്കുന്നത്.വിവിധ പള്ളി ദര്‍സുകളിലായി ദീര്‍ഘ കാലം ഞാന്‍ ദര്‍സോതിക്കൂടിയിട്ടുണ്ട്. എടക്കാട് ജുമുഅത്ത് പള്ളി, ചാക്യാര്‍ക്കുന്ന് ജുമുഅത്ത് പളളി, കൊയ്യോട് ജുമുഅത്ത് പള്ളി തുടങ്ങിയ പ്രസിദ്ധമായ പള്ളി ദര്‍സുകളിലായിരുന്നു എന്റെ ദര്‍സീ ജീവിതം. 

എന്റെ ആദ്യ ഗുരുനാഥന്‍പിതാവ് റമളാന്‍ ശൈഖ് എന്നവര്‍ തന്നെയായിരുന്നു. പിതാവില്‍ നിന്നുള്ള പഠനത്തിനു ശേഷം മാങ്കടവ് ഹുസൈന്‍ മുസ്‌ലിയാര്‍, പുന്നയൂര്‍കുളം മുഹമ്മദ് മുസ്‌ലിയാര്‍, കൊയ്യോട് മുഹ് യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നീ മഹാപണ്ഡിതരില്‍ നിന്നുമാണ് ഞാന്‍ കിതാബോതിയത്. 

ഉപരിപഠനം പട്ടിക്കാട് ജാമിഅനൂരിയ്യ അറബിക് കോളേജിലായിരുന്നല്ലോ
അതെ, ഉപരിപഠനത്തിനായി ഞാന്‍ തെരഞ്ഞെടുത്തത് പട്ടിക്കാട് കോളേജായിരുന്നു.മഹാന്മാരായ ശൈഖുന ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്, കണ്ണിയ്യത്ത് ഉസ്താദ്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ജാമിഅയിലാണ് ദര്‍സ് നടത്തുന്നത് എന്ന കാരണമാണ് എന്നെ ജാമിഅയിലേക്ക് നയിച്ചത്. 

കണ്ണൂര്‍ ജില്ലയില്‍ സംഘടനാ രംഗത്ത് സജീവമാണ് ഉസ്താദ് ഇപ്പോള്‍ ഏതെല്ലാം സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
അവിഭക്ത കണ്ണൂര്‍ ജില്ല സമസ്ത മുശാവറ അംഗമായിട്ടാണ് തുടക്കം. ആ കാലത്ത് സമസ്ത തലശ്ശേരി താലൂക്ക് ജോ. സെക്രട്ടറിയുമായിരുന്നു. എസ്.വൈ.എസ് സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പറായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സമയത്ത് സയ്യിദ് ഉമറലി ശിഹാബ് തങ്ങളായിരുന്നു പ്രസിഡണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗമായും സമസ്ത കണ്ണൂര്‍ ജില്ല ട്രഷററായും സമസ്ത കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ടായും പ്രവര്‍ത്തിക്കുന്നു. പിന്നെ പാലത്തുങ്കര മഹല്ല് മുസ്‌ലിം ജമാഅത്തിന്റെ പ്രസിഡണ്ട് സ്ഥാനം കൂടി വഹിക്കുന്നു.കൂടാതെ ജാമിഅ അസ്അദിയ്യ അറബിക് കോളേജ് വൈസ് പ്രസിഡണ്ട്,കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.

ഉസ്താദ് രചന രംഗത്ത് സജീവമാണല്ലോ, ഇതുവരെ രചിച്ച ഗ്രന്ഥങ്ങള്‍ ഏതെല്ലാമാണ്. 
ബദ് രയ്യത്തിന്റെ ശറഹ്, ഇബ്‌നു മശീശിന്റെ സ്വലാത്തിന്റെ ശറഹ്, എന്നിവ ഇതുവരെ ഞാന്‍ എഴുതിയിട്ടുണ്ട്.

പാരമ്പര്യമായി താങ്കളൊരു സൂഫി സരണിയുടെ പിന്‍മുറക്കാരനാണല്ലോ, ത്വരീഖത്തുകള്‍ വല്ലതും
ഹിസ്ബുന്നവവി, അഹ്‌മദുല്‍ ബദവിയുടെ അശ്ശജറത്തു നൂറാനിയ്യ, ബദ്‌രിയ്യത്ത്, ഉഹ്ദിയ്യത്ത്,ബിര്‍ഹതിയ്യ, ബുര്‍ദ, ദഹ്‌റൂശിയ്യ, ദലാഇലുല്‍ ഖൈറാത്ത്, മുതലായ വിര്‍ദുകളുടെ ഇജാസത്ത് കൊടുക്കാനുള്ള അനുവാദം പിതാവില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നഖ്ശബന്ദിയ്യ,രിഫാഇയ്യ, സുഹ്‌റവര്‍ദിയ്യ, ശാദുലിയ്യ, ഖാദരിയ്യ തുടങ്ങിയ ത്വരീഖത്തുകളുമായി ബന്ധം സ്ഥാപിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ശംസുല്‍ ഉലമ അവര്‍കള്‍ എന്റെ കുടുംബവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയവരായിരുന്നു. എന്റെ പിതൃവ്യന്‍ മുഹമ്മദ് ഹാജി തങ്ങളുടെ പ്രധാന മുരീദായിരുന്നു അവര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നത് മുതല്‍ ശൈഖുനായുടെ വഫാത്ത് വരെ ആ ബന്ധം തുടര്‍ന്നു.

ഉസ്താദ് ഏതെല്ലാം മഹല്ലുകളില്‍ ഖാളിയും മുദരിസുമായിട്ടുണ്ട്.
അതെ, വിളക്കോട്ടൂര്‍ ജുമാ മസ്ജിദ്, പുതുശ്ശേരി,  ജുമുഅത്ത് പള്ളി, മാവിലേരി ജുമാമസ്ജിദ്, പുളിങ്ങോം ജുമാമസ്ജിദ്, എന്നിവിടങ്ങളില്‍ സേവനം ചെയ്തു. ഇപ്പോള്‍ പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ പ്രിന്‍സിപ്പളായി സേവനം അനുഷ്ഠിക്കുന്നു. 

(കടപ്പാട്-സത്യധാര, 2020 ജനുവരി 01-31 പതിപ്പ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter