സമസ്തയെ ചേര്‍ത്തുപിടിച്ച തദ്‌രീസു കാലം
കഴിഞ്ഞ ദിവസം വഫാത്തായ സമസ്ത കേന്ദ്രമുശാവറ അംഗം ഉസ്താദ് തൊട്ടി മാഹിന്‍ മുസ്‌ലിയാരുമായി സത്യധാര 2020 ല്‍ നടത്തിയ അഭിമുഖം വായനക്കാര്‍ക്കായി പുനപ്രസിദ്ധീകരിക്കുന്നു.
സമസ്തയെ ചേര്‍ത്തുപിടിച്ച തദ്‌രീസുകാലം
മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി/ ഹാരിസ് റഹ്‌മാനി പള്ളിക്കര
ഉസ്താദിന്റെ കുടുംബ പരമ്പരയെ കുറിച്ച് പറഞ്ഞു തുടങ്ങാം
കര്‍ണാടകയിലെ കൊങ്കളത്തുള്ള പുരാതന പണ്ഡിത തറവാട്ടിലാണ് എന്റെ ജനനം. ഓത്തുപള്ളികളിലൂടെ നിലനിന്ന് ജ്ഞാനകൈമാറ്റ രീതിയായിരുന്നു മദ്‌റസകള്‍ സജീവമാകുന്നതിന് മുമ്പ് കര്‍ണാടകയുടെ പല ഭാഗങ്ങളിലും നിലനിന്നിരുന്നത്.അത്തരമൊരു ജ്ഞാനകൈമാറ്റ ശൃംഖലയുടെ കണ്ണികളായിരുന്നു പിതാമഹന്മാര്‍.പതിറ്റാണ്ടുകളോളം കൊങ്കളം പ്രദേശത്തിന് ആത്മീയനേതൃത്വം നല്‍കിയ മുസ്‌ലിയാരുടെ മകന്‍ ബാബ മുസ്‌ലിയാരുടെ മകനായാണ് ജനിച്ചത്. പള്ളികള്‍ കേന്ദ്രീകരിച്ചായരുന്നു അന്ന് മതപഠനം നിലനിന്നിരുന്നത്. മുക്രിക്ക എന്ന ഓമനപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന പിതാമഹന്റെ പാത തന്നെ പിതാവ് ബാബ മുസ്‌ലിയാരും പിന്തുടര്‍ന്നു. പള്ളിയിലെ ഖത്തീബും മുഅദ്ദിനും മുദരിസും ഖാളിയുമെല്ലാം അവര്‍ തന്നെയായിരുന്നു.
പഠന കാലം എങ്ങനെ ഓര്‍ത്തെടുക്കുന്നു
മാതാവില്‍ നിന്നുമാണ് മതപഠനം ആരംഭിക്കുന്നത്. കൊങ്കളത്തുള്ള ഒരു ഗവണ്‍മെന്റ് സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം പൈവളികയില്‍ആറ് പതിറ്റാണ്ടുകളോളം ദര്‍സുകൊണ്ട് സജീവമാക്കിയ പയ്യക്കി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു,ഒന്നര വര്‍ഷത്തോളം അവിടെ പഠനം നടത്തി.തുടര്‍ന്ന് കിഴക്കന്‍ പുത്തൂരില്‍ മുഹമ്മദ് മുസ്‌ലിയാര്‍ക്ക് കീഴില്‍ ആറ് മാസം പഠനം നടത്തി. തുടര്‍ന്നാണ് ഉത്തരകേരളത്തില്‍ ആത്മീയ നവോന്മേഷം വിതറിയ യൂസുഫ് ഹാജിക്കരികിലെത്തുന്നത്. രണ്ടുവര്‍ഷം അവിടെ പഠനം നടത്തി. തുടര്‍ന്ന് മേല്‍പ്പറമ്പില്‍ ഖത്തീബ്ച്ച എന്ന പേരില്‍ അറിയപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്കരികില്‍ ഒരു വര്‍ഷത്തോളം പഠിച്ചു. നിരവധി കിത്താബുകള്‍ മനപ്പാഠമാക്കിയ വലിയൊരു പണ്ഡിതനായിരുന്നു അദ്ദേഹം. പിന്നീട് മഞ്ഞനാടി ഉസ്താദിന്റെ മരുമകന്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ കീഴില്‍ അമ്പോടിയില്‍ രണ്ട് വര്‍ഷത്തോളം പഠനം നടത്തി. അവിടെ നിന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് പോകുന്നത്. മുഖ്തസര്‍ ക്ലാസില്‍ ചേര്‍ന്ന ശേഷം മൂന്ന് വര്‍ഷത്തോളം പഠനം നടത്തി. 1975 ലാണ് ഫൈസി ബിരുദധാരിയായി പുറത്തിറങ്ങുന്നത്.
ദര്‍സ് അധ്യാപന രംഗത്തേക്കുള്ള വരവിനെ കുറിച്ച് , എവിടെയെല്ലാം ദര്‍സ് നടത്തിയിട്ടുണ്ട് ഉസ്താദ്.
കര്‍ണാടകയിലെ ബാദുപ്പുണിയിലാണ് ആദ്യമായി ദര്‍സ് നടത്തുന്നത്. ഒരു വര്‍ഷത്തത്തോളം അവിടെ സേവനം ചെയ്തു. തുടര്‍ന്ന് വിട്‌ക്കേടുത്തും ഉക്കുടത്തും ഉപ്പിനങ്ങാടിയിലും ഓരോവര്‍ഷം ദര്‍സ് നടത്തി. തുടര്‍ന്നാണ് കാസര്‍കോട് ജില്ലയിലെ പള്ളിക്കര തൊട്ടിയിലെത്തുന്നത്. 17 വര്‍ഷത്തോളം തൊട്ടിയില്‍ ദര്‍സ് നടത്തി. പിന്നീട് അരിക്കോടി കുമ്പോലില്‍ ഒരു വര്‍ഷം നടത്തി. അതിനുശേഷം ബല്ലാ കടപ്പുറം നാല് വര്‍ഷം സേവനം ചെയ്തു. തുടര്‍ന്ന് ആറങ്ങാടിയിലെ ഒന്നര വര്‍ഷത്തെ ദര്‍സ് ജീവിതത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ പത്തര വര്‍ഷം സേവനം നടത്തി. ഈ വര്‍ഷം മുതല്‍ ശംസുല്‍ ഉലമ ദര്‍സ് നടത്തിയ പള്ളിക്കര പൂച്ചക്കാട് തദ്‌രീസ് ജീവിതം ആരംഭിച്ചു.നീണ്ട 45 വര്‍ഷമായി ഈ രംഗത്ത് സേവനം ചെയ്യുന്നു.
സംഘടന രംഗത്ത് ഉസ്താദിന്റെ സാന്നിധ്യം എങ്ങിനെ
ദര്‍സുകളുടെ പരിപോഷണത്തിനും സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണത്തിനും സമസ്ത ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. കര്‍ണാടകയിലായിരിക്കുമ്പോള്‍ സമസ്തയുടെ പല പോഷക സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നു. ദര്‍സ് ജീവിതത്തിനിടയില്‍ കൂടുതല്‍ ആഴത്തിലിറങ്ങി പ്രവര്‍ത്തിക്കാനൊന്നും സമസയവും അവസരവും കിട്ടിയിരുന്നില്ല.
സമസതയുടെ ഉലമാക്കളുമായുള്ള ബന്ധം
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍വെച്ച് ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എപി.മുഹമ്മദ് മുസ്‌ലിയാര്‍, തുടങ്ങിയവരൊക്കൊ അവിടെ ഉസ്താദുമാരായിരുന്നു. അവരില്‍ നിന്ന് മൂന്ന് വര്‍ഷത്തോളം പഠനം നടത്താനായി.പ്രാസ്ഥാനിക രംഗത്ത് അവരുടെ സേവനം ഏറെ ഹഠാദാകര്‍ഷിച്ചിരുന്നു. സമസ്തയില്‍ പൊതുസ്ഥാനം അലങ്കരിച്ചവരായിരുന്നു അവരെല്ലാം. അവരില്‍ നിന്നും പഠനം നടത്താനായത് വലിയൊരു ഭാഗ്യമായി കരുതുകയാണ് ഞാന്‍.
നിലവില്‍ സമസ്തയുടെ കേന്ദ്രമുശാവറ അംഗമാണ് താങ്കള്‍, അതെ കുറിച്ച്,
സമസ്തയെയും സമസ്തയുടെ ഉലമാക്കളെയും അതിയായി സ്‌നേഹിച്ചു എന്നതായിരിക്കാം എന്നെ സമസ്തയുടെ മുശാവറ മെമ്പറായി തെരഞ്ഞെടുക്കാനുള്ള സാഹചര്യം. കര്‍ണാടകയില്‍ നിന്നാണ് എന്നെ കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പെ കര്‍ണാടകയില്‍ ദര്‍സ് അധ്യാപനം ആരംഭിച്ചിരുന്നുവല്ലോ, അപ്പോള്‍ തന്നെ ജില്ലാ മുശാവറയിലെത്തിയിരുന്നു. പിന്നീട് കാസര്‍കോട് ജില്ലയിലേക്ക് മാറിയപ്പോള്‍ ഇവിടെയും ജില്ലാ മുശാവറ അംഗമായി, അപ്പോഴെല്ലാം ഉസ്താദുമാരെയും അവരുടെ ആദര്‍ശത്തെയും അങ്ങേയറ്റം താഴ്മയോടെ സമീപിച്ചിരുന്നു.സമസ്തയുടെ നയങ്ങളോട് യോജിച്ച രീതി മാത്രമേ അപ്പോഴൊക്കൊ ഞാന്‍ പിന്തുടര്‍ന്നിട്ടുള്ളൂ.
ഉസ്താദുമാരില്‍ നിന്നും ലഭിച്ച പ്രചോദനം
ഉസ്താദുമാരാണ് എന്റെ എല്ലാം. അവര്‍ സുന്നത്ത് ജമാഅത്തിനും സമസ്തക്കും ജീവിതം ഉഴിഞ്ഞുവച്ചവരായിരുന്നു. ദര്‍സീ രംഗത്ത് അവര്‍ പകര്‍ന്ന് നല്‍കിയ സേവനമാണ് എന്റെ ഊര്‍ജ്ജം. ഉസ്താദിയ്യത്ത് ഉമ്മ ഉപ്പ ബന്ധം പോലെ ഉറച്ച ബന്ധമാണ്. ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ മുറിച്ചുമാറ്റാന്‍ പറ്റിയ ബന്ധമല്ല അത്. അവരെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും അനുകരിക്കുകയും ചെയ്തതാണ് എന്റെ ജീവിതവും.
(കടപ്പാട്-സത്യധാര, 2020 ജനുവരി 01-31 പതിപ്പ്)



Leave A Comment