മസ്ജിദിന് ചുറ്റും വളരുന്ന ഇസ്‍ലാമിക നാഗരികത ഭാഗം 02 –രണ്ടാം നാഗരികത വളര്‍ന്ന മസ്ജിദുന്നബവിയും ഖുബായും

പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ഹിജ്‌റ (പലായനം) യോടെയാണ് (എ.ഡി. 622) ഇസ്‌ലാമിക ചരിത്രത്തിലെ ഒരു പുതിയ യുഗം ആരംഭിക്കുന്നത്. മക്കയിൽ നിന്നുള്ള പലായനത്തിനുശേഷം, മദീനയിലേക്കുള്ള യാത്രാമധ്യേ ഖുബാഅ് എന്ന പ്രദേശത്താണ് പ്രവാചകൻ(സ്വ) തങ്ങിയത്. ഇവിടെയാണ് ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയായ മസ്ജിദ് ഖുബാഅ് സ്ഥാപിക്കപ്പെടുന്നത്. പിന്നീട്, മദീന നഗരത്തിന്റെ ഹൃദയഭാഗത്ത്, ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്രബിന്ദുവായി മസ്ജിദുന്നബവിയും ഉയർന്നു വന്നു.

ഈ രണ്ട് പള്ളികളും മദീനയിലെ ആദ്യകാല ഇസ്‌ലാമിക സമൂഹത്തിന്റെ വളർച്ചയിലും അതിന്റെ സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ വികസനങ്ങളിലും നിർണായക പങ്കുകൾ വഹിച്ചിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ്(സ്വ)യുടെ നേതൃത്വത്തിൽ മുസ്‍ലിം സമൂഹം മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോൾ, പ്രവാചകന്റെ സമുദായ നിർമാണവുമായി ബന്ധപ്പെട്ട ആദ്യത്തെയും അത്യന്താപേക്ഷികവുമായ ദൗത്യം നഗരത്തിലെ പ്രധാന മസ്ജിദ് നിർമിക്കുക എന്നതായിരുന്നു. കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ദരിദ്രരും ഭവനരഹിതരുമായിരുന്നതിനാൽ, അവർക്ക് വീടുകൾ നിർമിക്കുക ഉൾപ്പെടെയുള്ള മറ്റു പ്രവർത്തനങ്ങളെല്ലാം മസ്ജിദ് നിർമാണം പൂർത്തിയാകുന്നതുവരെ മാറ്റിവയ്ക്കേണ്ടി വന്നു. നിർമാണം പൂർത്തിയായപ്പോൾ, മസ്ജിദിന്റെ രൂപം അതീവ ലളിതമായിരുന്നു. നിശ്ചിത സമയങ്ങളിൽ നിസ്കാരം നിർവഹിക്കുന്നതിന് മാത്രമല്ല, മതപരവും, സാമൂഹികവും, രാഷ്ട്രീയവും, സാംസ്കാരികവും, ഭരണപരവുമായ പ്രവർത്തനങ്ങൾക്കുമുള്ള സാമൂഹിക കേന്ദ്രമായിരുന്നു മസ്ജിദുന്നബവി. ഈ പള്ളി മദീനാ പ്രദേശങ്ങളിലെ നാഗരികതാ നിർമാണ പ്രവർത്തനങ്ങൾക്ക് ഒരു പ്രേരകവും മാനദണ്ഡവുമായി മാറി എന്നതാണ് വസ്തുത. അത്തരത്തിൽ ഒരു മാതൃകാ സമുദായ വികസന കേന്ദ്രമെന്ന നിലയിൽ മസ്ജിദുന്നബവിയുടെ പ്രാധാന്യം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

മസ്ജിദു ഖുബാഅ്

ഇസ്‌ലാമിലെ ആദ്യത്തെ പള്ളി എന്ന രീതിയിലാണ്  മസ്ജിദ് ഖുബാഅ് അറിയപ്പെടുന്നത്. എ.ഡി. 622-പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയുടെ പ്രാന്തപ്രദേശമായ ഖുബായിൽ എത്തിച്ചേരുകയും നാലോ, പതിനാലോ, പതിനെട്ടോ, ഇരുപത്തിരണ്ടോ ദിവസം (ചരിത്രപണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നു) അവിടെ വിശ്രമിക്കുകയും ചെയ്തു (ഇബ്നു കഥീർ,3:196). ഈ കാലയളവിലാണ് മസ്ജിദ് ഖുബാഅ് സ്ഥാപിക്കുന്നത്. ബനൂ അംറ് ബിൻ ഔഫ് ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു തരിശുനിലം ഇതിനായി തിരഞ്ഞെടുത്ത്, തന്റെ അനുയായികളുടെ സഹായത്തോടെയാണ് പ്രവാചകൻ(സ്വ) പള്ളി നിർമാണം പൂർത്തീകരിച്ചത്. പ്രവാചകൻ(സ്വ) ആദ്യം മസ്ജിദിന്റെ ഖിബ്‌ല (നിസ്കാരദിശ) ഭാഗത്ത് (അന്ന് ഖിബ്‌ല മസ്ജിദുൽ അഖ്‌സയായിരുന്നു) ഒരു കല്ലും, തുടർന്ന് അബൂബക്കർ(റ) മറ്റൊരു കല്ലും സ്ഥാപിച്ചു കൊണ്ടാണ് നിർമാണം ആരംഭിച്ചത്. ശേഷം, തന്റെ അനുചരന്മാരുടെ സഹായത്തോടെ മസ്ജിദ് നിർമാണം പൂർത്തീകരിച്ചുവെന്നും ചരിത്രത്തിൽ കാണാം. "‘ആരെങ്കിലും തന്റെ വീട്ടിൽ നിന്ന് വുളൂഅ് ചെയ്ത് ശുദ്ധി വരുത്തി, പിന്നീട് മസ്ജിദ് ഖുബാഇൽ വന്ന് ഒരു നമസ്കാരം നിർവഹിച്ചാൽ, അവന് ഒരു ഉംറ (മക്കയിലേക്കുള്ള പുണ്യമേറിയ തീർത്ഥാടനം) യുടെ പ്രതിഫലം ലഭിക്കുമെന്ന്  പ്രവാചകൻ(സ്വ) അരുളിയതായി സഹ്ൽ ഇബ്നു ഹുനൈഫ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം (സുനനു ഇബ്നു മാജഃ 2/97:1412). പ്രസ്തുത മഹദ്‌വചനമാണ് ഖുബാഅ് പള്ളിയെ അനിഷേധ്യമായ നിത്യസന്ദര്‍ശക സ്ഥലമാക്കി മാറ്റിയത്. പ്രവാചകൻ(സ്വ) എല്ലാ ശനിയാഴ്ചകളിലും ഖുബാഅ് പള്ളി സന്ദർശനം പതിവാക്കുകയും ചെയ്തിരുന്നു (ബുഖാരി 3:1134). "ഭക്തിയിൽ സ്ഥാപിക്കപ്പെട്ട മസ്ജിദ്" (ഖുർആൻ 9:108) എന്ന വിശുദ്ധ ഖുർആനിലെ സൂക്തവും ഖുബാഅ് പള്ളിയുടെ ആത്മീയ സവിശേഷത വരച്ചു കാട്ടുന്നുണ്ട്.

ഇസ്‌ലാമിക സമൂഹത്തിന്റെ സാമൂഹികവും മതപരവുമായ അടിത്തറയുടെ പ്രഥമ പ്രതീകമായിരുന്നു മസ്ജിദ് ഖുബാഅ്. ഒരു ചെറിയ കാലയളവിലേക്കാണെങ്കിലും, ആദ്യകാല ഇസ്‌ലാമിക സമൂഹത്തിൽ വിജ്ഞാന വിതരണത്തിനുള്ള ഒരു വേദിയായി ഖുബാഅ്  പള്ളി വർത്തിച്ചു. നബി(സ്വ) പലായനത്തിനിടയിൽ ആദ്യം തങ്ങിയതും ഖുബാഇലായിരുന്നു. ഈ സമയത്ത് നബിതങ്ങൾ തന്റെ അനുയായികൾക്ക് തനിക്ക് അവതരിക്കപ്പെട്ടിരുന്ന ഖുർആൻ സൂക്തങ്ങൾ പഠിപ്പിക്കുകയും ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചും സാമൂഹിക മര്യാദകളെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

കാലക്രമേണ, ഈ പള്ളിക്ക് നിരവധി വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അമവീ ഖലീഫമാരായിരുന്ന ഉമർ ബിൻ അബ്ദുൽ അസീസ്(റ)അബ്ദുൽ മലിക് ബ്നു മർവാൻ, ഓട്ടോമൻ ഭരണാധികാരികൾ, ആധുനിക സൗദി രാജാക്കന്മാർ തുടങ്ങിയവരെല്ലാം ഖുബാഅ് പള്ളിയുടെ വിപുലീകരണങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. 1984-ൽ സ്ഥാനമേറിയ ഫഹദ് രാജാവ് ആണ് മസ്ജിദിനെ, ഇന്ന് കാണുന്ന രീതിയില്‍ ഏകദേശം 13,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പുനര്‍നിര്‍മ്മിച്ചത്.

മസ്ജിദുന്നബവി

പള്ളികൾ നിർമിക്കുകയും അവയെ പരമാവധി പ്രബോധനാവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യേണ്ടത് പ്രവാചകന്റെ(സ്വ) പ്രബോധനകാലത്തെ സാമൂഹിക സാഹചര്യത്തിൽ ഏറ്റവും പ്രാഥമികമായ ദൗത്യമായിരുന്നു. മക്കയിൽ നിന്ന് മദീനയിലെത്തിയപ്പോൾ, പ്രവാചകൻ(സ്വ) ഏർപ്പെട്ട പ്രഥമ ദൗത്യം, നഗരത്തിൽ ഒരു പ്രധാന പള്ളി നിർമിക്കുക എന്നതായിരുന്നു. ഭവനരഹിതരായ മുഹാജിറുകൾക്ക് (മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തവർ) താമസ സൗകര്യങ്ങൾ ഒരുക്കുന്നതടക്കമുള്ള മറ്റെല്ലാ ഉദ്യമങ്ങളും മസ്ജിദുന്നബവിയുടെ നിർമാണം പൂർത്തിയാകുന്നതുവരെ മാറ്റിവയ്ക്കേണ്ടി വന്നു. ഇതിൽ, ഇസ്‌ലാമിലെ നാഗരികതാ വളർച്ചയിലുള്ള മസ്ജിദുകളുടെ അതീവ പ്രാധാന്യവും നിർണായക പങ്കുമാണ് വ്യക്തമാകുന്നത്. പിന്നീട് അരങ്ങേറിയ നാഗരിക-നിർമാണ സംരംഭങ്ങൾ കൂടുതലും ഈ പള്ളിയെ ആശ്രയിച്ചായിരുന്നു.

ഭയത്തിന്റെയും ആശങ്കയുടെയും, കഷ്ടപ്പാടുകളുടെയും, ആരാധനാ കർമ്മങ്ങൾ പരസ്യമായി ചെയ്യാനുള്ള അവസരമില്ലായ്മയുടെയും, ശത്രുജനതയുടെ കണ്ണുകളിൽ നിന്ന് മറഞ്ഞ് മലയിടുക്കുകളിലോ വീടുകളിലോ രഹസ്യമായി ആരാധനാകർമ്മങ്ങൾ നിർവ്വഹിക്കേണ്ടി വന്ന ദീർഘകാല ജീവിതത്തിന് ശേഷം, അവർക്ക് തങ്ങളുടെ നിസ്കാരവും ആരാധനാകർമ്മങ്ങളും ഭയമോ ആശങ്കകളോ കൂടാതെ അല്ലാഹുവിന്റെ ഭവനങ്ങളിൽ നിർവ്വഹിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതായിരുന്നു ആ പള്ളിയുടെ ഏറ്റവും അടിസ്ഥാനമായ നേട്ടം. മദീനയിലെത്തിയ മുഹാജിറുകളില്‍ അതിദരിദ്രരായ പലര്‍ക്കും അതൊരു താമസ ഇടം കൂടിയായി മാറി എന്നതടക്കം അനേകം ഉപഫലങ്ങളും അതിനെ തുടര്‍ന്നുണ്ടായി.

മദീനയിലെത്തിയ ഉടനെ പ്രവാചകൻ (സ്വ) മസ്ജിദിന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചു. നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിക്കുന്നതിനിടയിൽ  മദീനയിലെ ബനൂ നജ്ജാർ ഗോത്രത്തിലെ അസ്അദ് ബിൻ സുറാറയുടെ പരിചരണയിൽ ജീവിച്ചിരുന്ന അനാഥരായ രണ്ട് ബാലന്മാർക്ക് സ്വന്തമായിരുന്ന ഒരു മർബദ് (ഈന്തപ്പഴം ഉണക്കുന്ന സ്ഥലം) പ്രവാചകന്റെ (സ്വ) ശ്രദ്ധയിൽപെട്ടു. പ്രവാചകന്റെ(സ്വ) ഒട്ടകം ആ സ്ഥലത്ത് മുട്ട് കുത്തിയപ്പോൾ, അവിടുന്ന് പറഞ്ഞു: "ഇതാണ്, അല്ലാഹു ഉദ്ദേശിക്കുന്നെങ്കിൽ, ഞങ്ങളുടെ താമസസ്ഥലം" (ബുഖാരി).

പിന്നീട്, പ്രവാചകൻ(സ്വ) ബനൂ നജ്ജാറിലെ പ്രമുഖരെയും ഭൂമിയുടെ യഥാർത്ഥ ഉടമകളായ ബാലന്മാരെയും വിളിച്ച് ആ ഭൂമി വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. പ്രവാചകൻ(സ്വ) അവരോട് ഭൂമിയുടെ വില നിശ്ചയിക്കാൻ അരുളിയപ്പോൾ, അനാഥരായ ബാലന്മാർ മറുപടി പറഞ്ഞു: "അല്ലാഹുവിന്റെ പ്രതിഫലം മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ. പ്രവാചകരേ, ഞങ്ങളത് താങ്കൾക്ക് ദാനം ചെയ്യാം." എന്നാൽ, അവരുടെ സാഹചര്യം മനസ്സിലാക്കിയ പ്രവാചകൻ(സ്വ) അത് ദാനമായി സ്വീകരിക്കാതെ, ഉചിതമായ വില നൽകി ഭൂമി വാങ്ങി (ബുഖാരി).

നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ്, മുസ്‌ലിംകൾ ഭൂമി നിരപ്പാക്കുകയും, ഈന്തപ്പനകൾ മുറിച്ച് തൂണുകളും ഓലകളും സജ്ജമാക്കുകയും ചെയ്തു. ശേഷം, മസ്ജിദിന്റെ ഖിബ്‌ല അടിസ്ഥാനപ്പെടുത്തി (അന്ന് നമസ്കാരദിശ മസ്ജിദുൽ അഖ്‌സയിലേക്കായിരുന്നു) കല്ലുകൾ വിന്യസിക്കാൻ തുടങ്ങി. സ്വഹാബികൾ ഒരുമിച്ച് ഉത്സാഹത്തോടെയും, ദൃഢമായ ഇച്ഛാശക്തിയോടെയും, അചഞ്ചലമായ ആത്മസിശ്വാസത്തോടെയും ജോലി ചെയ്തു. തങ്ങളുടെ ക്ഷീണം ലഘൂകരിക്കാനും ഉത്സാഹം വർദ്ധിപ്പിക്കാനും കവിതകൾ ആലപിച്ചതായി ചരിത്രരേഖകളിൽ കാണാം.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, എല്ലാവരും ചേർന്ന് മസ്ജിദിന്റെ നിർമ്മാണം പൂർത്തിയാക്കി. അവർ അതിന്റെ തൂണുകൾ ഈന്തപ്പനയുടെ തടികൾ കൊണ്ടും, മേൽക്കൂര ഈന്തപ്പനയുടെ ഓലകളും ശിഖരങ്ങളും കൊണ്ടും സജ്ജീകരിച്ചു.  മസ്ജിദിന്റെ നീളം ഖിബ്‌ലയിൽ നിന്ന് പിന്നിലേക്ക് നൂറ് മുഴം ആയിരുന്നു. മറ്റ് രണ്ട് വശങ്ങളും അതേ നീളം വരുന്ന വിധം ചതുരാകൃതിയിലായിരുന്നു പള്ളനിർമാണം. ഏകദേശം മൂന്ന് മുഴം ഉയരത്തിൽ കല്ലുകൊണ്ടാണ് തറ പണിതത്. നിർമ്മാണം പൂർത്തിയാകാൻ പന്ത്രണ്ട് ദിവസം മാത്രമാണ് എടുത്തത്. പിന്നീട്, പ്രവാചകൻ(സ്വ) തന്റെ ഭാര്യമാർക്കായി മുറികൾ പണിയാൻ തീരുമാനിക്കുകയും അവ മസ്ജിദിന്റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിൽ പള്ളിയെ ചുറ്റി സ്ഥിതി ചെയ്യുന്നവിധം നിർമ്മിക്കുകയും ചെയ്തു. നിർമ്മാണം പൂർത്തിയായ ശേഷം, പ്രവാചകൻ(സ്വ), ആദ്യം താമസിച്ചിരുന്ന അബൂ അയ്യൂബ് അൽഅൻസാരി(റ)യുടെ വീട് വിട്ട് പള്ളിയോട് ചേർന്ന് സജ്ജീകരിച്ച ഭവനങ്ങളിലേക്ക് താമസം മാറ്റി.

മസ്ജിദുന്നബവിയുടെ നിർമ്മാണത്തോടെ, ആരാധനയ്ക്കും മറ്റു കാര്യങ്ങൾക്കുമായി ഒത്തുചേരുക എന്ന മുസ്‌ലിംകളുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. മദീനയിൽ, വളർന്നു വരുന്ന സമഗ്രമായ ഇസ്‍ലാമിക രാഷ്ട്രം നടപ്പിലാക്കുന്നത്തിന്റെ ആദ്യ പടിയായിരുന്നു ആ മസ്ജിദ് നിര്‍മ്മാണം എന്ന് പറയാം. ശേഷമുണ്ടായ മുസ്‌ലിം സമൂഹം, സംസ്കാരം, നാഗരികത എന്നിവയുടെ വികാസത്തിന്റെ കേന്ദ്രബിന്ദു പ്രവാചകന്റെ(സ്വ)യുടെ  ആ പള്ളിയായിരുന്നു.

ഒരു സമുദായ വികസന കേന്ദ്രമെന്ന നിലയിൽ മസ്ജിദുന്നബവി നിരവധി മതപരവും സാമൂഹികവുമായ ദൗത്യങ്ങളും പ്രവർത്തനങ്ങളും നിർവഹിച്ചു. മതപരമായ ആരാധനകൾക്കുള്ള കേന്ദ്രം എന്ന പൊതുഘടനയിൽ നിന്ന് വ്യത്യസ്തമായി, ഒരു വിജ്ഞാന കേന്ദ്രം, പ്രവാചകന്റെ(സ്വ) ഭരണതലസ്ഥാനം, പൊതുക്ഷേമ കാര്യാലയം, ശിക്ഷാനടപടികൾ നിർവഹിക്കാനുള്ള ഇസ്‌ലാമിക കേന്ദ്രം, വൈദ്യചികിത്സയ്ക്കും പരിചരണത്തിനുമുള്ള സ്ഥാപനം എന്നീ രീതികളിലെല്ലാം മസ്ജിദുന്നബവി പ്രവർത്തിച്ചിരുന്നു.

മുസ്‌ലിംകൾ ദിവസത്തിൽ അഞ്ച് നേരവും കൂട്ടമായിരുന്നു നിസ്കാരം നിർവഹിക്കുക എന്നതായിരുന്നു മസ്ജിദുകളുടെ പ്രഥമ സ്ഥാപകലക്ഷ്യം. മദീനയിലെ മറ്റ് പള്ളികളും ഇതേ ഉദ്ദേശ്യം നിറവേറ്റിയെങ്കിലും, വെള്ളിയാഴ്‌ച ദിവസം പ്രത്യേകമുള്ള ജുമുഅ നിസ്കാരം മസ്ജിദുന്നബവിയിൽ മാത്രമാണ് നടന്നിരുന്നത്. പള്ളികളിൽ പതിവായി വരാനും മുസ്‍ലിംകൾക്കിടയിലുള്ള സാമൂഹിക ഇടപെടലുകൾ വിപുലമാക്കാനും പ്രവാചകൻ(സ്വ) ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അത് ശീലമാക്കുന്നവർക്ക് ധാരാളം പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. "കൂട്ടമായി നിർവഹിക്കുന്ന നമസ്കാരം, ഒറ്റയ്ക്ക് നിർവഹിക്കുന്നതിനേക്കാൾ  ഇരുപത്തിയേഴു മടങ്ങ് പ്രതിഫലമുള്ളതാണ്" (ബുഖാരി-645), "ഇരുട്ടിൽ പള്ളിയിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യവിധിയുടെ നാളിൽ പൂർണ്ണമായ പ്രകാശം ലഭിക്കുമെന്ന് സന്തോഷവാർത്ത അറിയിക്കപ്പെട്ടിരിക്കുന്നു" (തിർമുദി-223), "പള്ളിയിൽ പോകാൻ സ്ത്രീകൾ അനുവാദം ചോദിച്ചാൽ, അവരെ തടയരുത്" (സ്ത്രീകൾക്ക് നിസ്കരിക്കാന്‍ ഉത്തമം പള്ളിയല്ലെങ്കിലും) തുടങ്ങിയ നബിവചങ്ങളായിരുന്നു മുസ്‍ലിം സമൂഹത്തെ കൂടുതലും മസ്ജിദ് എന്ന സാമൂഹിക ഘടനയിലേക്ക് ആകർഷിച്ചത്.

നിർബന്ധമായ (വാജിബ്) നിസ്കാരങ്ങൾ മാത്രമാണ് പള്ളികളിൽ നിർവഹിക്കേണ്ടത്. എന്നാൽ സ്വമേധയാ നിർവഹിക്കുന്ന (നഫ്‌ല്) നിസ്കാരങ്ങൾ പള്ളികളിൽ നിർവഹിക്കാൻ കഴിയുമെങ്കിലും, അവ വീടുകളിൽ പരിമിതപ്പെടുത്താൻ ഉപദേശിക്കപ്പെട്ടത്, പള്ളികളും മറ്റ് സാമൂഹിക സ്ഥാപനങ്ങളും ചേർന്ന് ആരോഗ്യകരവും ധാർമികവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ വീടുകളുടെ പങ്ക് അവഗണിക്കപ്പെടുമോ എന്ന ഭയം മൂലമായിരിക്കാം.

നിസ്കാരങ്ങൾക്ക് പുറമേ, ഖുർആൻ പാരായണം, പഠനം, ദൈവീക സ്മരണ (ദിക്ർ), ദൈവപ്രീതിക്കായി പള്ളിയിൽ ഭജനമിരിക്കൽ (ഇഅ്തികാഫ്),ധ്യാ നം (തഫക്കുർ) തുടങ്ങിയ ആരാധനാ കർമ്മങ്ങൾക്കും, വ്യക്തിഗതമായും കൂട്ടായും നിർവഹിക്കാവുന്ന നിരവധി മതപരമായ പ്രവർത്തനങ്ങൾക്കും ശേഷം വേദിയായത് മസ്ജിദുന്നബവി എന്ന ഈ പള്ളിയായിരുന്നു.

പള്ളിയെന്ന വിജ്ഞാന കേന്ദ്രം

ഇന്ന് നിലവിലുള്ള പ്രവിശാലമായി കിടക്കുന്ന മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയും ആദ്യകേന്ദ്രമായിരുന്നു മസ്ജിദുന്നബവി എന്ന മദീനയിലെ ആ പള്ളഇ. പ്രവാചകന്‍(സ്വ)യുടെ മേൽനോട്ടത്തിൽ, പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന ഒരു തലമുറ അവിടെ പഠിച്ചു വളർന്നത് ഏറ്റവും വലിയ നാഗരികതയിലേക്കായിരുന്നു. ഖുർആൻ അവരെക്കുറിച്ച് ഇപ്രകാരം പറയുന്നു: "മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുനിഞ്ഞും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദി (സാഷ്ടാംഗം നമിക്കുക)ന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൗറാത്തി¹ല്‍ അവരെ കുറിച്ചുള്ള ഉപമ. ഇന്‍ജീലില്‍ അവരെ കുറിച്ചുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു." (വി.ഖു: 48:29).

അറിവ് നേടലും പകർന്നു നൽകലും മനുഷ്യന്റെ ഭൗമജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും ഉന്നതവും പ്രതിഫലദായകവുമായ പ്രവർത്തനങ്ങളാണെന്നാണ് പ്രവാചകന്‍(സ്വ)യുടെ പാഠ്യങ്ങൾ. ഇസ്‌ലാമിലെ പ്രാഥമിക പഠനം എന്നാൽ ദൈവത്തെ സ്രഷ്ടാവായും പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സർവാധിപനായും തിരിച്ചറിയുകയും, മറ്റു വസ്തുക്കളെ ദൈവത്തിന്റെ സൃഷ്ടിയായി മനസ്സിലാക്കുകയും, പ്രകൃതി ലോകവുമായി സമാധാനപരവും ഉത്തരവാദിത്തമുള്ളതുമായ ബന്ധം വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. അതിനാൽ, മുസ്‌ലിംകൾക്ക്, ജീവിക്കുക എന്നത് പഠിക്കുക എന്നാണ്, പഠിക്കുക എന്നത് ആരാധിക്കുക എന്നും. ഇമാം ഗസ്സാലി(റ) ഈ സവിശേഷമായ ഇസ്‌ലാമിക പഠന സിദ്ധാന്തത്തെ അടിസ്ഥാനമാക്കി തന്റെ ഇഹ്‍യാ ഉലൂമിദ്ദീന്‍ എന്ന കൃതിയില്‍, മനുഷ്യൻ അറിയാൻ (പഠിക്കാൻ) മാത്രമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പ്രതിപാദിക്കുന്നുണ്ട്.

പ്രവാചകൻ(സ്വ) ഒരിക്കൽ പറഞ്ഞു: “ആരെങ്കിലും അറിവ് തേടി ഒരു പാതയിലൂടെ സഞ്ചരിച്ചാൽ, അല്ലാഹു അവനെ സ്വർഗത്തിലേക്കുള്ള ഒരു പാതയിലൂടെ സഞ്ചരിപ്പിക്കും. അറിവ് തേടുന്നവന്ന് മാലാഖമാർ വലിയ സന്തോഷത്തോടെ അവരുടെ ചിറകുകൾ താഴ്ത്തും, ആകാശത്തിലുള്ളവയും ഭൂമിയിലുള്ളവയും സമുദ്രത്തിന്റെ ആഴങ്ങളിലെ മത്സ്യങ്ങൾ പോലും പഠിതാവിന് വേണ്ടി പാപമോചനം തേടും. ഭക്തനേക്കാൾ പഠിതാവിന്റെ ശ്രേഷ്ഠത, നക്ഷത്രങ്ങളെക്കാൾ, പൗർണമി രാവിലെ, ചന്ദ്രന്റെ ശ്രേഷ്ഠത പോലെയാണ്. പഠിതാക്കൾ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്, പ്രവാചകന്മാർ ദീനാറോ ദിർഹമോ വിട്ടുപോകുന്നില്ല, അറിവ് മാത്രമാണ് വിട്ടുപോകുന്നത്.” (സുനനു അബീദാവൂദ്: 3641). അത്തരത്തിലുള്ള പ്രവാചക വചനങ്ങളാണ് മുസ്‍ലിംകളെ കൂടുതല്‍ വിജ്ഞാന മേഖലയിലേക്ക് ആകർഷിച്ചത്.

Read More:മസ്ജിദിന് ചുറ്റും വളരുന്ന ഇസ്‍ലാമിക നാഗരികത ഭാഗം 01 – മക്ക: കഅ്ബ കേന്ദ്രമായ ഉമ്മുല്‍ഖുറാ

ആദ്യകാലത്ത് പള്ളികളായിരുന്നു എല്ലാവർക്കുമുള്ള ആദ്യത്തെ ഇസ്‌ലാമിക പഠന കേന്ദ്രങ്ങള്‍. പഠനാവശ്യത്തിനായി പള്ളികൾ ഉപയോഗപ്പെടുത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, പ്രവാചകൻ(സ്വ) അരുളി: "ഒരു കൂട്ടം ആളുകൾ അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നിൽ (മസ്ജിദിൽ) ഒത്തുകൂടി, അല്ലാഹുവിന്റെ ഗ്രന്ഥം (ഖുർആൻ) പാരായണം ചെയ്യുകയും അവർക്കിടയിൽ അതിനെക്കുറിച്ച് പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്താൽ, അവർക്ക് മേൽ സമാധാനം ഇറങ്ങുകയും, അനുഗ്രഹം അവരെ പൊതിയുകയും, മലക്കുകൾ (അല്ലാഹുവിന്റെ മാലാഖമാർ) അവരെ ചുറ്റിനിൽക്കുകയും, അല്ലാഹു തന്റെ സാന്നിധ്യത്തിലുള്ളവരോട് (മലക്കുകളോട്) അവരെക്കുറിച്ച് (അഭിമാനത്തോടെ) പരാമര്‍ശിക്കുകയും ചെയ്യും…”(മുസ്‌ലിം: 2699).

ആദ്യകാല മുസ്‌ലിംകൾ അറിവ് നേടാനും, പ്രയോഗിക്കാനും, പിന്നീട് പ്രചരിപ്പിക്കാനുമുള്ള മുഴുവൻ അവസരങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. അവരിൽ ചിലർ മുമ്പ് ആസ്വദിച്ചിരുന്ന കാര്യങ്ങൾ പോലും ഉപേക്ഷിച്ച മസ്ജിദുന്നബവിയിലെ വിജ്ഞാന സദസ്സുകളിൽ മുടങ്ങാതെ പങ്കെടുക്കാൻ തയ്യാറായിരുന്നു. അതിനാൽ, മസ്ജിദുന്നബവി എപ്പോഴും ഇസ്‌ലാമിക പ്രബോധനങ്ങളാൽ ശബ്ദമുഖരിതമായിരുന്നു. പ്രവാചകൻ(സ്വ) പലപ്പോഴും നേതൃത്വം നല്കിയിരുന്ന പഠന വൃത്തങ്ങൾ, ബൗദ്ധിക ചർച്ചകൾ, വിജ്ഞാന സദസ്സുകൾ തുടങ്ങിയവ പള്ളിയെ സദാ സജീവമാക്കി നിര്‍ത്തി. സ്ത്രീകളോ കുട്ടികളോ ഈ പ്രക്രിയയിൽ അവഗണിക്കപ്പെട്ടിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. പ്രവാചകൻ(സ്വ) ഓരോ ആഴ്ചയും സ്ത്രീകളെ പഠിപ്പിക്കാൻ മാത്രമായി സമയം നീക്കിവച്ചിരുന്നു, കാരണം അവർക്ക് തങ്ങളുടേതായ സമയപ്രശ്നങ്ങളും ശാരീരികവും മാനസികവുമായ ആശങ്കകളും ഉണ്ടായിരുന്നു. അതിനാൽ, പുരുഷന്മാരിൽ നിന്ന് അകന്ന്, സുഖകരവും അനുകൂലവുമായ അന്തരീക്ഷത്തിൽ, പ്രവാചകന്‍(സ്വ)യുടെ അധരങ്ങളിൽ നിന്ന് അറിവ് പഠിക്കാനും ഉന്നതിയിലെത്തിച്ചേരാനുമാണ് മുസ്‍ലിം സ്ത്രീകൾ ആഗ്രഹിച്ചിരുന്നത്. പക്ഷേ പ്രവാചകന്റെ ഭാര്യ ആയിശ(റ) ഒരിക്കൽ മദീനയിലെ തദ്ദേശീയ സ്ത്രീകളെക്കുറിച്ച് പ്രസ്താവിച്ചു: “അൻസാറുകളുടെ (മദീനാനിവാസികൾ) സ്ത്രീകൾ അനുഗ്രഹീതരാണ്. മതത്തെക്കുറിച്ച് അറിവ് തേടുന്നതിന് അവർക്ക് ലജ്ജ ഒരു തടസ്സമാവുന്നേ ഇല്ല” (ബുഖാരി- 13:6880).

മദീനയിലെ ഇസ്‌ലാമിക സമൂഹത്തിൽ അറിവ് തേടുന്നവരുടെ എണ്ണം അതിവേഗം വർധിച്ചിരുന്നു. ഇക്കാരണത്താൽ, മസ്ജിദുന്നബവിയിൽ സജീവമായ വിജ്ഞാന സദസ്സുകൾ നിലനിന്നിരുന്നു. ചുരുക്കത്തിൽ, ഇതിന് രണ്ട് കാരണങ്ങളാണ് ചരിത്രാന്വേഷികൾ നൽകിയത്. ആദ്യമായി, പ്രാവാചകന്‍(സ്വ) അല്ലാഹു തന്റെ മാലാഖമാരിലൂടെ ഇറക്കികൊടുത്തിരുന്ന വഹ്‌യുകളിൽ (ദിവ്യബോധനം) ഉൾക്കൊണ്ടിരുന്ന പുതിയ അറിവുകളും പഠനങ്ങളും ഉപദേശങ്ങളും മദീനയിലെ വിജ്ഞാനകുതുകികളെ ഏറെ ആകർഷിച്ചിരുന്നു. രണ്ടാമതായി, അറേബ്യൻ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നവമുസ്‍ലിംകളുടെയും കുടിയേറ്റക്കാരുടെയും എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ, മസ്ജിദുന്നബവിയിലെ പഠന വൃത്തങ്ങളും, പഠനാവശ്യങ്ങൾക്കായി ചില സ്വകാര്യ വീടുകളിൽ ഒരുക്കിയ സ്ഥിരസദസ്സുകളും തിരക്കേറിയവയായി. ഈ സാഹചര്യം കാരണം, വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ സഹായിക്കാൻ തന്റെ ചില പഠിതാക്കളായ സഹാബികളെ കൂടി  പ്രവാചകന്‍(സ്വ) നിയോഗിച്ചിരുന്നു.

എല്ലാതരം ഗുണകരമായ അറിവുകളും ഇസ്‌ലാമിലെ ജ്ഞാനശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് മസ്ജിദുന്നബവിയിൽ വിതരണം ചെയ്തത്. കവിത എന്ന കലയിൽ പല സ്വഹാബികളും മികവ് പുലർത്തുകയും തങ്ങളുടെ കലാപരമായ കഴിവുകൾ പ്രധാനമായും ഇസ്‌ലാമിക പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഹസ്സാനുബ്നു സാബിത്(റ) എന്ന സ്വഹാബി മദീനയിലെ ഏറ്റവും മികച്ച ഇസ്‌ലാമിക കവികളിൽ ഒരാളായിരുന്നു. അദ്ദേഹം മസ്ജിദുന്നബവിയിൽ, പ്രവാചകന്‍(സ്വ)യുടെ സാന്നിധ്യത്തിൽ പതിവായി കവിത ചൊല്ലിയിരുന്നു.

പിന്നീട്, ഇസ്‌ലാമിലെ രണ്ടാം ഖലീഫയായി ഉമർ ഇബ്നുൽ ഖത്താബ്(റ) സ്ഥാനമേറ്റപ്പോൾ  പള്ളികളിൽ കവിത ചൊല്ലുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരിക്കൽ, ഉമർ(റ) മസ്ജിദുന്നബവിയിൽ ഹസ്സാനു ബ്നു സാബിത് (റ) കവിത ചൊല്ലുന്നതായി കാണാനിടയായി. ഉമർ(റ) എതിർത്തെങ്കിലും, ഹസ്സാൻ വഴങ്ങാൻ വിസമ്മതിക്കുകയും താൻ അതേ പള്ളിയിൽ പ്രവാചകന്‍(സ്വ)യുടെ സന്നിധിയിൽ കവിത ചൊല്ലിയിരുന്നുവെന്ന് ഉമർ(റ) നോട് പറയുകയും ചെയ്തു. ഹസ്സാൻ(റ) തന്റെ വാക്കുകൾക്ക് സാക്ഷ്യം വഹിക്കാൻ അബൂ ഹുറൈറ(റ)യോട് ആവശ്യപ്പെടുകയും അദ്ദേഹം സാക്ഷി നിൽക്കുകയും ചെയ്തു. (മുസ്‍സിം-6:394).

മസ്ജിദുന്നബവിയുടെ സാമൂഹിക ഭാവങ്ങൾ പിന്നീട് മുസ്‌ലിം നഗരങ്ങളിലെ പ്രധാന പള്ളികളുടെയും സവിശേഷതകളായി മാറിയിരുന്നു. ഖലീഫ ഉമർ ഇബ്നുൽ ഖത്താബ്(റ) ന്റെ കാലത്ത്, മോഷ്ടിക്കപ്പെടുമെന്ന് ഭയപ്പെട്ടിരുന്ന ഖജനാവ് നഗരത്തിലെ പള്ളിയോടടുത്ത് സ്ഥാപിക്കാൻ കൂഫയിലെ തന്റെ ഗവർണർ സഅദ് ബിൻ അബീവഖാസ്(റ)നോട് ഉമർ(റ) ആവശ്യപ്പെട്ടതായും ചരിത്രത്തില്‍ കാണാം. “പള്ളിയിൽ എപ്പോഴും, പകലും രാത്രിയും, ജനങ്ങളുണ്ടാകും, അവർ ഖജനാവിനെ സംരക്ഷിക്കും” എന്നാണ് ഉമർ(റ) ഗവർണർക്ക് ഇതിന് കാരണമായി എഴുതിയത് (അൽ-തബരി, 1985,13:72).

ഭരണസിരാകേന്ദ്രം

ആദ്യത്തെ ഇസ്‌ലാമിക ഭരണകേന്ദ്രം കൂടിയായിരുന്നു മസ്ജിദുന്നബവി. പള്ളിയിൽ, പ്രവാചകൻ(സ്വ) ദിനംപ്രതി ദീർഘനേരം ചെലവഴിച്ച്, ഭരണകാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുക പതിവായിരുന്നു. ജിഹാദ് (ദൈവമാർഗത്തിലുള്ള പോരാട്ടം) ഉൾപ്പെടെയുള്ള ഭരണ-പ്രതിരോധ ചർച്ചകൾ പള്ളിയിൽ തന്നെയായിരുന്നു ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിരുന്നത്. ഒരു യാത്രയിൽനിന്ന് മടങ്ങിയെത്തുമ്പോൾ, പ്രവാചകൻ(സ്വ) ആദ്യം തന്റെ പള്ളിയിലേക്കാണ് പോകാറുണ്ടായിരുന്നത്. അവിടെ രണ്ട് റകഅത് നിസ്കരിക്കുകയും, പിന്നീട് പള്ളിയിൽ ഇരുന്ന് ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്യുന്നതായിരുന്നു അവിടത്തെ ശൈലി.

മദീനയിലെ ഇസ്‌ലാമിക ഭരണത്തിന്റെ തലവനും മുസ്‍ലിം സമൂഹത്തിന്റെ അനിഷേധ്യമായ നേതാവുമായിരുന്നതിനാൽ, പ്രവാചകന്‍(സ്വ)യുടെ വീടുകൾ പള്ളിയോടടുത്ത് നിർമിക്കപ്പെട്ടത് തികച്ചും സ്വാഭാവികമായിരുന്നു. പള്ളിയുടെ കിഴക്കേ മതിലിന്റെ പുറംവശത്തായിരുന്നു, പ്രവാചകന്‍(സ്വ)യുടെയും കുടുംബത്തിന്റെയും വീടുകൾ നിർമിക്കപ്പെട്ടിരുന്നത്. പള്ളിയുടെ കിഴക്കേ മതിൽ വീടുകളുടെ പടിഞ്ഞാറൻ ചുമരുകളായി സംയോജിപ്പിക്കപ്പെടുകയും വീടുകളുടെ വാതിലുകൾ നേരിട്ട് പള്ളിയിലേക്ക് തുറക്കുന്ന രീതിയിലുമായിരുന്നു. അത്തരത്തിൽ ഒൻപത് വീടുകൾ ഉണ്ടായിരുന്നു. ജനങ്ങളുടെ സൗകര്യം, പ്രവേശനക്ഷമത, സുതാര്യത, എളുപ്പത്തിലുള്ള ഉത്തരവാദിത്ത നിർവഹണം തുടങ്ങിയ പരിഗണിച്ചായിരുന്നു ഇത്.

പ്രവാചകൻ(സ്വ) തന്റെ മസ്ജിദുന്നബവിയിലാണ് അതിഥികളായെത്തുന്ന വിദേശ പ്രതിനിധികളെ സ്വീകരിച്ചിരുന്നത്. അതിഥികൾക്ക് താമസിക്കാനായി പള്ളിയിൽ ഒരു കൂടാരവും സൗകര്യപ്പെടുത്തിയിരുന്നു. ചില അതിഥികൾ പള്ളിയിലെ സുഫ്ഫയിൽ (മദീനയിലെ അശരണർക്കായി നീക്കിവെച്ച ഒരു ഭാഗം) താമസിക്കുമായിരുന്നു. എന്നാൽ, പലപ്പോഴും, മിക്ക അതിഥികളും ചില സ്വഹാബിമാരുടെ ഉയർന്ന വീടുകളിലും താമസമാക്കിയിരുന്നു. അത്തരം ഭവനങ്ങൾ പ്രസ്തുത ആവശ്യങ്ങൾക്കായി  നിശ്ചയിക്കപ്പെട്ടവയായിരുന്നു (അൽകതാനി, 1: 445-450). വിദേശ പ്രതിനിധികളെ സ്വീകരിക്കുമ്പോൾ, പ്രവാചകൻ(സ്വ) തന്റെ ഏറ്റവും മുന്തിയ വസ്ത്രം ധരിക്കുകയും അടുത്ത സ്വഹാബിമാരോടും അതുപോലെ ചെയ്യാൻ ആവശ്യപ്പെടും ചെയ്തിരുന്നു.

പ്രവാചകന്‍(സ്വ)യുടെ ചില അതിഥികൾ അമുസ്‍ലിംകളോ പുതുതായി ഇസ്‌ലാം സ്വീകരിക്കാനെത്തിയവരോ ആയിരുന്നു. അവരെ പള്ളിയിൽ സ്വീകരിക്കുകയും താമസിപ്പിക്കുകയും ചെയ്യുന്നത് അവരുടെ ഹൃദയങ്ങളെ മയപ്പെടുത്തുകയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള അവരുടെ നിലപാട് മെച്ചപ്പെടുത്തുകയും ചെയ്യാന്‍ സഹായകമായി. ക്രമേണ, പരസ്പര ധാരണ, സഹിഷ്ണുത, ഐക്യം തുടങ്ങിയ സാമൂഹിക ഘടകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കേന്ദ്രമായി മസ്ജിദുന്നബവി മാറി. ഈ അര്‍ത്ഥത്തില്‍, ചരിത്രത്തിലെ ആദ്യ മതാന്തര സംവാദ-സഹകരണ കേന്ദ്രവും പ്രവാചകന്‍(സ്വ)യുടെ പള്ളിയായിരുന്നു. ഒരിക്കൽ, അറേബ്യൻ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറൻ നഗരമായ നജ്റാനിൽനിന്നുള്ള ഒരു ക്രിസ്ത്യൻ പ്രതിനിധി സംഘം പ്രവാചകന്‍(സ്വ)യെ സന്ദർശിച്ചപ്പോൾ, പള്ളിയുടെ പുറത്തു വച്ചാണ് അവരെ കണ്ടുമുട്ടിയത്. ഒരു കൂട്ടം പുരോഹിതന്മാരാണ് അറുപതംഗ ക്രിസ്ത്യൻ സംഘത്തെ നയിച്ചിരുന്നത്. അവരുടെ പ്രാർത്ഥനാ സമയമായപ്പോൾ, പള്ളിക്കുള്ളിൽ തന്നെ പ്രാർത്ഥിക്കാൻ അനുവാദം നൽകിയതും ചരിത്രത്തില്‍ കാണാം.

കൂടാതെ, മദീനയിൽ ധാരാളം യഹൂദർ താമസിച്ചിരുന്നതിനാൽ, പ്രവാചകന്‍(സ്വ)യുമായും മുസ്‌ലിംകളുമായും എല്ലാ തലങ്ങളിലും അവർ നടത്തിയ നിരന്തരമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തിട്ടുണ്ട്.  നജ്റാനിലെ ക്രിസ്ത്യാൻ സംഘത്തിന്റെ സന്ദർശന വേളയിൽ, മദീനയിലെ ഒരു കൂട്ടം യഹൂദപണ്ഡിതരും അവരോടൊപ്പം ചേർന്ന് പ്രവാചകനുമായി ചർച്ചകൾ സംഘടിപ്പിച്ചിരുന്നു (അൽ-സാബൂനി, 1:108). മസ്ജിദുന്നബവിയുടെ ഇത്തരം സവിശേഷമായ പങ്കാണ്  ഈ ഖുർആൻ വചനം അവതരിപ്പിക്കാൻ കാരണമായത്: "(നബിയേ,) പറയുക: വേദക്കാരേ (യഹൂദരും ക്രിസ്ത്യാനികളും), ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്  നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌). എന്നിട്ടും അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (വി.ഖു 3:64).

പള്ളി പലപ്പോഴും വരുമാന വിതരണ കേന്ദ്രമായും പ്രവർത്തിച്ചിട്ടുണ്ട്. ബഹ്റൈനിൽനിന്ന് ഭൂനികുതിയായി ശേഖരിച്ച ചില സാധനങ്ങൾ — പ്രവാചകന്‍(സ്വ)യുടെ കാലത്ത് ലഭിച്ച ഏറ്റവും വലിയ വരുമാനം — മസ്ജിദുന്നബവിയിൽ വച്ച് ജനങ്ങളെ ഒരുമിച്ചുകൂട്ടി, അവസാന നാണയം വരെ നീതിപൂർവം വിതരണം ചെയ്തത് ബുഖാരിയില്‍ കാണാം. പ്രവാചകന്‍(സ്വ) പള്ളിയിൽ ഒരു ന്യായാധിപനായും പ്രവർത്തിച്ചു. എന്നാൽ, ശിക്ഷകൾ നടപ്പാക്കുന്നത് പള്ളിക്ക് പുറത്തായിരുന്നു. രക്തം ചിന്തൽ, ബഹളം, അനാവശ്യ വാക്കുകൾ, ശാപം തുടങ്ങിയവ പള്ളിക്കുള്ളിൽ അനുചിതമായതിനാലായിരുന്നു അത്.

അതോടൊപ്പം, ഭാവിയിൽ കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കുമുള്ള മുന്നറിയിപ്പാവണം എന്നതിനാല്‍കൂടിയായിരുന്നു പൊതുസ്ഥലങ്ങളിൽ വെച്ച് ശിക്ഷകൾ നടപ്പാക്കിയിരുന്നത്. ഗുരുതരമായ കുറ്റങ്ങൾക്കുള്ള ശിക്ഷകൾ പൊതുജനത്തെ  സാക്ഷിയാക്കി പൊതുസ്ഥലങ്ങളിൽ നടപ്പാക്കുന്നത്, ജനങ്ങളുടെ ധാർമിക-നൈതിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും കുറ്റകൃത്യങ്ങൾ തടയാനും ലക്ഷ്യമിട്ടുള്ള പ്രവാചകന്‍(സ്വ)യുടെ ഭരണവ്യവസ്ഥയായിരുന്നു. ഉദാഹരണത്തിന്, വ്യഭിചാരം ചെയ്തവർക്ക് നൂറ് അടി ശിക്ഷയായി നൽകുമ്പോൾ, ഒരു കൂട്ടം വിശ്വാസികൾ അത് സാക്ഷ്യം വഹിക്കണമെന്ന് അല്ലാഹു കൽപ്പിച്ചിട്ടുണ്ട്, "വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും  ചെയ്യട്ടെ." (വി.ഖു, 24:2)

മസ്ജിദുന്നബവി പ്രവാചകന്‍(സ്വ)യുടെ ഭരണത്തിന്റെ ആസ്ഥാനമായി വർത്തിച്ചിരുന്നതിനാൽ, ചില ഗോത്രങ്ങളെയും സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന ദൂതന്മാർ പ്രവാചകന്‍(സ്വ)യെ സന്ദർശിക്കാൻ വരുമ്പോൾ, മദീനയിൽ പ്രവേശിച്ച ഉടനെ പതിവായി നേരെ പള്ളിയിലേക്ക് പോകുമായിരുന്നു. അത്തരം ദൂതന്മാർക്ക് പ്രവാചകന്‍(സ്വ)യുമായോ മദീന നഗരത്തോടോ അതിന്റെ നിവാസികളോടോ ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, മസ്ജിദുന്നബവിയാണ് ആ നഗരത്തിന്റെ മധ്യബിന്ദുവെന്ന് അവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുമായിരുന്നു. ബനൂ സഅദ് ഇബ്നു ബക്ർ ഗോത്രത്തിലെ ളിമാം ബിൻ സഅ്‍ലബ (പിന്നീട് ഇസ്‍ലാം സ്വീകരിച്ചു) എന്ന ദൂതനെ അദ്ദേഹത്തിന്റെ ജനങ്ങൾ പ്രവാചകസന്നിധിയിലേക്ക്  അയച്ച വേളയില്‍, അദ്ദേഹം നേരെ മസ്ജിദുന്നബവിയിൽ പ്രവേശിക്കുകയും പ്രവാചകന്‍(സ്വ)യെ കണ്ടുമുട്ടുകയും ചെയ്തുവെന്ന് ചരിത്രത്തില്‍ കാണാം. എന്നാൽ, വസ്ത്രത്തിലും പെരുമാറ്റത്തിലും ചുറ്റും കൂടി നിന്നിരുന്ന സ്വഹാബികളോട് സമാനമായിരുന്നു പ്രവാചകൻ(സ്വ) എന്നതിനാൽ, മിക്ക അപരിചിതരെപ്പോലെ, ആ ആഗതന് പ്രവാചകന്‍(സ്വ)യെ തിരിച്ചറിയൽ അസാധ്യമായിരുന്നു. അതിനാൽ, ആ മനുഷ്യൻ ചില സ്വഹാബിമാരോട് 'നിങ്ങളിൽ ആരാണ് പ്രവാചകൻ' എന്ന് ചോദിക്കേണ്ടി വന്നു (ബുഖാരി: 63).

എങ്കിലും, പുതുതായി ഇസ്‍ലാമിലേക്ക് കടന്നുവന്ന ചിലര്‍ പള്ളിയുടെ യഥാർത്ഥ അർത്ഥവും വിശുദ്ധിയും ഗ്രഹിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. പ്രവാചകകന്‍(സ്വ)യുടെ ഭവനങ്ങൾ മസ്ജിദുന്നബവിയോട് ചേർന്ന് സ്ഥാപിക്കപ്പെട്ടിരുന്നതിനാൽ നബികുടുംബത്തിന്റെ സ്വകാര്യതയും സമാധാനാന്തരീക്ഷവും ഇത്തരം ചിലരുടെ ചെയ്തികള്‍ മൂലം തടസ്സം നേരിട്ടു. എന്നാൽ അത്തരം അസൗകര്യങ്ങളെ ക്ഷമയോടെ സഹിക്കുകയായിരുന്നു പ്രവാചകന്‍(സ്വ). അവസാനം ഇങ്ങനെ വഹ്‌യ് (ദിവ്യബോധനം) ഉണ്ടായി: "(താങ്കള്‍ താമസിക്കുന്ന) ഭവനങ്ങൾക്ക് പുറത്തു നിന്ന് താങ്കളെ ഉച്ചത്തിൽ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. താങ്കള്‍ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."  (വി.ഖു- 49:4-5). അതോടെ, യഥാര്‍ത്ഥവിശ്വാസികളെല്ലാം പൂര്‍ണ്ണമായ മര്യാദ പാലിച്ചായിരുന്നു ആ പരിസരത്തേക്ക് വന്നിരുന്നത്.

മേൽപ്പറഞ്ഞ സംഭവങ്ങളുടെ പ്രാധാന്യത്താലും, അതിന്റെ ഫലമായി അവതരിക്കപ്പെട്ട പാഠങ്ങൾ കാരണവും, അവയെ കൈകാര്യം ചെയ്യുന്ന ഖുർആനിലെ അധ്യായം “നബികുടുംബത്തിന്റെ ഭവനങ്ങൾ” എന്നർത്ഥമുള്ള  “അൽ-ഹുജുറാത്ത്” എന്നാണ് വിളിക്കപ്പെടുന്നത് തന്നെ. പ്രവാചകന്‍(സ്വ)യുടെ ഹിജ്റ (പലായനം) കഴിഞ്ഞ 9-ാം വർഷത്തിൽ (ക്രി. 630) പ്രസ്തുത അദ്ധ്യായം അവതരിച്ച ശേഷം, ആ വർഷം അറേബ്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടനവധി പ്രതിനിധി സംഘങ്ങൾ പ്രവാചകന്‍(സ്വ)യെ കണ്ടുമുട്ടാനും ഇസ്‌ലാമിനോട് വിശ്വസ്തത പ്രഖ്യാപിക്കാനും മദീനയിലേക്ക് കൂട്ടം കൂട്ടമായി എത്തിയിരുന്നു. ഇസ്‌ലാമിന്റെ ചരിത്രത്തിൽ ആ വർഷം “പ്രതിനിധി സംഘങ്ങളുടെ വർഷം” എന്നാണറിയപ്പെടുന്നത്. അത്തരത്തിലുള്ള പ്രതിനിധികളെ പ്രവാചകൻ(സ്വ) മസ്ജിദുന്നബവിക്കുള്ളിൽ, തന്റെ ചില ഭവനങ്ങൾക്കു മുന്നിൽവെച്ചായിരുന്നു സന്ധിച്ചത്. ആ ചരിത്രപരമായ കൂടിക്കാഴ്ച നടന്നിരുന്ന സ്ഥാനത്ത് ഇന്ന് സ്ഥിതി ചെയ്യുന്ന തൂണിനെ “പ്രതിനിധി സംഘങ്ങളുടെ സ്തംഭം” (ഉസ്തുവാനുൽവുഫൂദ്) എന്നാണ് വിളിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter