ഇസ്രയേൽ നരമേധവും ഇന്ത്യന്‍ മാധ്യമങ്ങളുടെ ഇസ്‌ലാമോഫോബിയയും

രാജ്യാതിർത്തി  ഭേദിച്ച് ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണങ്ങൾക്കെതിരെ ഫലസ്തീനിൽ ഇസ്രായേലിന്റെ നരമേധം നിർബാധം  തുടർന്നുകൊണ്ടിരിക്കുകയാണ്. അനേകം    അഭയാർത്ഥി ക്യാമ്പുകളും ആശുപത്രികളും ഇതിനോടകം തന്നെ  ഇടിച്ചു  നിരപ്പാക്കപ്പെട്ടിരിക്കുന്നു. പതിനെട്ടായിരത്തിലധികം   പൗരന്മാർ കൊല ചെയ്യപ്പെട്ടിരിക്കുന്നു. അതിലേറെയും ശിശുക്കളാണ്. സകല സീമകളും ഉല്ലംഘിച്ച്, തീർത്തും മനുഷ്യത്വവിരുദ്ധ രീതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന    ഇസ്രായേലിനെ  പശ്ചാത്യ രാജ്യങ്ങളെപ്പോലെ ഇന്ത്യയും പിന്തുണച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും  ജൂത രാഷ്ട്രത്തിന്റെ അധിനിവേശത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. യുഎൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ പാശ്ചാത്യ രാജ്യങ്ങളുടെ കൂട്ടമായ എതിർപ്പിൽ അലസിപ്പോയി. കൂട്ട നശീകരണത്തിന്റെ വക്കിലെത്തിയ  ഒരു രാജ്യത്തിന് രക്ഷപ്പെടാനുള്ള പിടിവള്ളി അറുത്തു മാറ്റുന്നതിൽ  ഇന്ത്യയുമുണ്ടായിരുന്നു. ഒരു വേള  ഫലസ്തീനിന്  ഇന്ത്യ അനേകം സഹായം ചെയ്തിട്ടുണ്ടെന്നുള്ളത് അനിഷേധ്യമായ  യാഥാർത്ഥ്യമാണ്. അതെല്ലാം വിസ്മരിച്ചു  ഇന്ത്യയിലെ വിവിധ മാധ്യമ പ്രവർത്തകർ  വളരെ മോശമായ രീതിയിലാണ്  യുദ്ധത്തെ സമീപിച്ചത്. ഭൂരിപക്ഷം മീഡിയകളും സംജാതമായ ദുരന്തത്തിന്റെ  സകല പ്രശ്നങ്ങളും ഹമാസിന്റെ മേൽ കെട്ടിവച്ചു. ജിഹാദി ഗ്രൂപ്പ് എന്ന ചെല്ലപ്പേരിട്ടു. ഇസ്രായേലിനെ  തീവ്രവാദ വിരുദ്ധ രാഷ്ട്രമാക്കി ചിത്രീകരിക്കാൻ  പോലും ചില മാധ്യമങ്ങൾ തുനിഞ്ഞിറങ്ങിയത്  അവിശ്വസനീയമായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ  ഗോഡി മീഡിയ  ഇസ്രായേൽ ആക്രമണത്തെ വെള്ള പൂശുകയും  ഹമാസിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തീവ്രവാദമായി  ചാപ്പ കുത്തുകയും  ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും  പലസ്തീൻ  വിരുദ്ധ  സമരങ്ങൾ ആളിക്കത്തി. ഇസ്രായേലിന്റെ കിരാത പ്രവർത്തനങ്ങൾക്കെതിരില്‍ നിലയുറപ്പിച്ചവർക്ക് നേരെ യു.പിയിലെയും ഡൽഹിയിലെയും നിയമപാലകർ ശക്തമായ ഭാഷയിൽ ആയിരുന്നു  പ്രതികരിച്ചത്. രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിനെതിരെ ആരും പ്രവർത്തിക്കരുതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  അലറി. ഇതേ സമയം പാശ്ചാത്യ രാജ്യങ്ങളിൽ ജൂതന്മാരുടെ പങ്കാളിത്തത്തോടെയുള്ള  സയണിസ്റ്റ് വിരുദ്ധ റാലികൾ കൊടുമ്പിരി കൊള്ളുന്നുണ്ടായിരുന്നു. വർഗീയവാദികളുടെ കളിത്തൊട്ടിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിൽ തോക്കേന്തി നിൽക്കുന്ന ഹമാസ് പടയാളികളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ  വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടു. പ്രാണരക്ഷാർത്ഥം  കൈകൂപ്പി  നിൽക്കുന്ന നിരപരാധികളുടെ പരിവേഷത്തിലായിരുന്നു  ഇസ്രായേലികൾ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ആക്രമണം നടന്ന  ഒക്ടോബർ 7 മുതൽ ഇന്നുവരെ ബിജെപി ഐടി സെല്ലുകൾ സോഷ്യൽ മീഡിയകളിൽ അസംഖ്യം ഇസ്‍ലാമോഫോബിക് പോസ്റ്റുകൾ കുത്തിനിറച്ചു കൊണ്ടിരിക്കുകയാണ്. ഫലസ്തീൻ പ്രശ്നത്തെ മുസ്‍ലിം വൽക്കരിച്ചുകൊണ്ട്  ഇസ്രായേലിന് പിന്തുണ നേടാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് സംഘി സെല്ലുകൾ. ഇസ്രായേൽ ഫലസ്തീൻ പ്രശ്നം ചൊല്ലി രാജ്യത്ത് പടർന്നുപിടിച്ച  വ്യാജ ഇസ്‍ലാം ഭീതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

യുദ്ധം ആരംഭിച്ചത് മുതൽ  ഏറ്റവും കൂടുതൽ ഇസ്‍ലാമോഫോബിക്   ആശയങ്ങൾ തലപൊക്കിയത്  ഇന്ത്യയിലാണ്. ഹമാസിനെയും   ഫലസ്തീനിനെയും  ഒറ്റ അച്ചുതണ്ടിൽ തുന്നിചേർത്ത് തീവ്രവാദ സ്റ്റാബിങ് നടത്തുന്ന   പ്രക്രിയ ആദ്യമായി   ഉടലെടുത്തത്   മുംബൈ ഐഐടിയിൽ  നിന്നാണ്. ക്ലാസെടുക്കുന്നതനിടെ  ഹ്യൂമാനിറ്റി ഡിപ്പാർട്ട്മെന്റിലെ  അധ്യാപകൻ ഫലസ്തീൻ - ഇസ്രായേൽ പ്രശ്നത്തെക്കുറിച്ചും  ഹമാസിന്റെ രൂപീകരണത്തെ സംബന്ധിച്ചും ആധികാരികമായി  സംസാരിച്ചിരുന്നു . അതേ ഡിപ്പാർട്ട്മെന്റിൽ തന്നെയുള്ള, ജാൻ നാട്യ മഞ്ച്  എന്ന സാംസ്കാരിക കൂട്ടായ്മയിലെ  അറിയപ്പെട്ട പ്രവർത്തകനായ, സുധൻവാ ദേശ് പാണ്ഡെ, വ്യക്തതക്കു വേണ്ടി ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ഇസ്രായേലി ആക്രമണത്തോടുള്ള ഫലസ്തീനിന്റെ ചെറുത്തുനിൽപ്പിനെ ആഴത്തിൽ വിശദീകരിക്കുകയും ചെയ്തിരുന്നു.  അനന്തരം നടന്ന  സംഭവങ്ങൾ നാളിതുവരെ ഇന്ത്യ കേൾക്കാത്ത രീതിയിൽ വിഭാഗീയ ആശയങ്ങൾ  കുത്തിനിറച്ചതായിരുന്നു. 2023 നവംബർ 12 ലെ ടൈംസ് ഓഫ് ഇന്ത്യ തുടർ സംഭവങ്ങളെ ഇപ്രകാരം പ്രസിദ്ധീകരിക്കുന്നു, "ആർഎസ്എസ് പിന്തുണയുള്ള വിവേക് വിചാർ മഞ്ച് അംഗങ്ങൾ അധ്യാപകന്റെ രാജി ആവശ്യപ്പെട്ടു വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. വിവിഎം വിദ്യാർത്ഥികൾ  ക്യാമ്പസിന് പുറത്തുള്ള ആളുകളെ കൂട്ടി  വലിയ ബഹളങ്ങൾ സൃഷ്ടിക്കുകയും ഗോലി മാരോ (അവരെ വെടി വെക്കൂ) മുഴക്കുകയും ചെയ്തു. തീവ്രവാദികളായ ഹമാസിനെ പുകഴ്ത്തിയെന്ന് ആരോപിച്ചു അവർ പോലീസ് സ്റ്റേഷനിൽ പ്രധാന അധ്യാപകനെതിരെയും ദേഷ് പാണ്ഡക്കെതിരെയും കേസു കൊടുത്തു. അതുകൊണ്ടൊന്നും രോഷാഗ്നി കെട്ടു പോവാത്ത ഭാവി വിദ്വേഷ പ്രചാരകർ   കേന്ദ്ര അന്വേഷണത്തിന് മുറവിളി കൂട്ടി."

വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവർത്തനം എന്നതിനപ്പുറത്ത്  ഉത്തരം കണ്ടെത്തേണ്ട പല മാനങ്ങളും അടങ്ങിയിട്ടുണ്ട് ഈയൊരു സംഭവത്തിൽ. ഇസ്രായേൽ അധിനിവേശത്തെയും  അതിനെ തുടർന്നുള്ള ഫലസ്തീൻ പ്രതിരോധത്തെയും എങ്ങനെയൊക്കെയാണ് ജനങ്ങൾ സമീപിക്കുന്നത്? ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മൃഗീയ കൃത്യങ്ങൾക്കെതിരെ യു എൻ  മുന്നോട്ടുവെച്ച  പ്രമേയത്തെ ഇന്ത്യ നിർലജ്ജം അവഗണിച്ചത് ഹൃദയഭേദകമായിരുന്നു. ഇപ്പോൾ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മിന്നൽ ആക്രമണങ്ങളെ സാഹചര്യ ബന്ധിതമായി  വിലയിരുത്തേണ്ടതുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതുപോലെ,  പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല ഹമാസും അവരുടെ പ്രതിരോധ നീക്കങ്ങളും. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ നോം ചോംസ്കി പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കുന്ന ഒരു ഫലസ്തീൻ   വൃദ്ധന്റെ ചിത്രം കോറിയിടുന്നുണ്ട്. അതിൽ ഇപ്രകാരം ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്, 'നിങ്ങൾ എന്റെ വെള്ളം എടുക്കുക, എന്റെ ഒലീവ് മരങ്ങൾ കത്തിക്കുക, എന്റെ വീട് നശിപ്പിക്കുക, എന്റെ ജോലി തിരിച്ചെടുക്കുക, എന്റെ ഭൂമി മോഷ്ടിക്കുക, എന്റെ പിതാവിനെ തടവിലിടുക, എന്റെ അമ്മയെ കൊല്ലുക, എന്റെ രാജ്യത്തെ ജനങ്ങളെ ബോംബെറിഞ്ഞു കൊല്ലുക, ഞങ്ങളെ എല്ലാവരെയും പട്ടിണിയിലാക്കുക, ഞങ്ങളെ എല്ലാവരെയും അപമാനിക്കുക, പക്ഷേ അതിനെല്ലാം  ഞാൻ ഒരുനാൾ നിങ്ങളോട് കണക്ക് ചോദിക്കും,  ഒരു ദിവസം ഞാൻ ഒരു റോക്കറ്റെങ്കിലും തിരിച്ചുവിടും.'

ഇസ്രായേലിനെതിരെ ഗസ്സ പടുത്തുയർത്തിയ   പ്രതിരോധ മതിലിന്  കേവലം 16 വർഷങ്ങളുടെ പഴക്കമേയുള്ളൂ. അതേസമയം കഴിഞ്ഞ 56 വർഷമായി വെസ്റ്റ് ബാങ്കും  ഗസ്സയും ഇസ്രായേലിന്റെ ചൊൽപ്പടിക്കു കീഴിലാണ്. 1948 ൽ പല അനധികൃത നീക്കങ്ങളിലൂടെ ഇസ്രായേൽ  പിറവിയെടുക്കുന്നതോടെയാണ് ഫലസ്തീനികൾക്ക് പിറന്ന നാടും വസിച്ച ഭൂമിയും വിട്ടൊഴിഞ്ഞ്  പോകേണ്ടി വരുന്നത്. ഫലസ്തീൻ പ്രതിരോധം  വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.1972ൽ 14 ലക്ഷം ഫലസ്തീനികൾ  ആഭ്യന്തര അഭയാർത്ഥികളായി മാറിയിരുന്നു. അതിനു പകരമായി ബ്ലാക്ക് സെപ്റ്റംബർ എന്ന ഫലസ്തീൻ സംഘടന മ്യൂണിക് ഒളിമ്പിക്സിൽ 14 ഇസ്രായേലി അത്‍ലെറ്റുകളെ  വകവരുത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ  അപമാനകരമായ നടപടികളുമായി കളം വാണ സമയത്ത്, യാസർ അറഫാത്ത് തോൽവി മുന്നിൽ കണ്ടു. സമകാലിക സാഹചര്യത്തിൽ ഹമാസിനെ നേതാക്കളായി ഒരിക്കലും ഫലസ്തീൻ ഉയർത്തി കാണിക്കുന്നില്ല. ഇസ്രായേലിന്റെ  നിഷ്കരുണ  നീക്കങ്ങൾക്കിടയിൽ തുറന്ന ജയിലായി ഗസ്സ പരിണമിക്കുമ്പോൾ, ക്രമസമാധാനം വീണ്ടെടുക്കാൻ ഹമാസിന്റെ ചെയ്തികളിൽ   മൗനം ദീക്ഷിക്കുകയല്ലാതെ അവർക്കു മുമ്പിൽ മറ്റു വഴികൾ ഇല്ല. 

യാഥാർത്ഥ്യത്തെ മനപ്പൂർവ്വം മറച്ചുവെച്ച് ഇന്ത്യൻ പൊതുബോധം  ഹമാസിനെ തീവ്രവാദികളായി  വരച്ചു കാണിക്കുകയും അൽ ഖൊയ്ദയും താലിബാനുമായും സാമ്യപ്പെടുത്തുകയും  ചെയ്യുന്നു. ഹമാസിന്റെ നീക്കങ്ങളെ ഇസ്‍ലാമിക ഭീകരവാദമായി ഉദാഹരിക്കുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തു കളിയുടെ ഫലമായിട്ടാണ് ഇത്തരമൊരു ആശയം തന്നെ ഉടലെടുത്തത്.  അമേരിക്കയാണ് വ്യാജമായ ഈ "ഇസ്‍ലാമിക പേടി" ചുട്ടെടുത്തത്. അമേരിക്ക മതമൗലികവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ആയുധങ്ങൾ നൽകി  മുസ്‍ലിം യുവാക്കളെ പാക്കിസ്ഥാനിലെ മദ്രസകളിൽ പരിശീലിപ്പിക്കുകയും ചെയ്യുന്നത്   പുറം ലോകം കേൾക്കാത്ത കാര്യമൊന്നുമല്ല. ഒരു അഭിമുഖത്തിനിടെ ബിൽ ക്ലിന്റൺ വ്യക്തമാക്കുന്നുണ്ട് "റഷ്യയെ പിന്തുടരാനായി  അഫ്ഗാനിസ്ഥാനിൽ ഞങ്ങൾ മുജാഹിദീൻ വിഭാഗത്തെ പരിശീലിപ്പിച്ചിരുന്നു". സിഐഎ പേപ്പറിന്റെ അടിസ്ഥാനത്തിൽ  തയ്യാറാക്കിയ "ബാഡ് മുസ്‍ലിം  ഗുഡ് മുസ്‍ലിം" എന്ന പുസ്തകത്തിലൂടെ മഹ്മൂദ് മംതാനി പറഞ്ഞു വെക്കുന്നുണ്ട് "അൽ ഖൊയ്ദയെയും മുജാഹിദിനെയും വളർത്താനായി 8000 ഡോളറും 7000 ടൺ  ആയുധങ്ങളുമാണ്  അമേരിക്ക സംഭാവന നൽകിയത്". 9 /11 ആക്രമണത്തിന് ശേഷം അമേരിക്കൻ മാധ്യമങ്ങൾ ചുട്ടെടുത്ത ഇല്ലാ ആശയമാണ് ഇസ്‍ലാമോഫോബിയ. സ്വാർത്ഥ താൽപര്യങ്ങൾക്കായി അമേരിക്ക കണ്ടെത്തിയ  വിഷലിപ്തമായ  വചനത്തെ പിന്നീട് ആഗോള മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 

ഇന്ത്യയിൽ മുസ്‍ലിം ഹിന്ദു വിരുദ്ധ കലാപങ്ങൾക്ക് സംഘപരിവാർ ഇന്ധനമായി ഈ ആശയത്തെ ഉപയോഗിച്ചു പോന്നു. കോർപ്പറേറ്റ്  മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ്  ഇതിനെ ഏറ്റുപിടിച്ചത്. ഗോദി മീഡിയകൾ തെരഞ്ഞെടുപ്പുകൾ പിടിച്ചടക്കാൻ നിരന്തരം ഉരുവിട്ടു കൊണ്ടിരിക്കുന്ന മന്ത്രമാണിത്. ഹിന്ദു മത ഭൂരിപക്ഷവാദികളുടെ മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള  വർഗീയ അജണ്ടയാണിത്.

ഇത്തരം മാധ്യമങ്ങളുടെയും  നിക്ഷിപ്ത തൽപരരുടെയും നിരന്തര വിഷം വമിപ്പിക്കലിന്റെ  പ്രതിഫലനമാണ്  രാജ്യത്തെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയിൽ നാം കണ്ടത്. ഇസ്രായേലിന്റെ രൂപീകരണ, അധിനിവേശ ചരിത്രത്തെയും   ഫലസ്തീനിന്റെ ഇടപെടലുകളെയും  യാതൊരു ദുരുദ്ദേശ്യവും ഇല്ലാതെ പഠനത്തിന്റെ ഭാഗമായി അവതരിപ്പിച്ചതിനെ തീവ്രവാദമായി  കണക്കാക്കപ്പെടുന്നുവെങ്കിൽ, സംഘ്പരിവാർ പ്രചരിപ്പിക്കുന്ന വർഗീയതയുടെ മൂർച്ച എത്രയാണ്?. കുടിയേറ്റത്തിലൂടെ രാഷ്ട്രം കെട്ടിപ്പടുത്തു പതിയെ തദ്ദേശീയരെ പുറന്തള്ളുന്ന ഏക ആധുനിക രാഷ്ട്രമായിരിക്കാം ഇസ്രായേൽ. ഈ കൊടുംക്രൂരതയോട് അരുതെന്ന് പറയാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നത് ഏറെ ലജ്ജാവഹം തന്നെ, അതിലേറെ ഭീകരവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter