ചെറുവാളൂര്‍ ഉസ്താദ്: അറിവിന്റെ വിനയസ്പര്‍ഷം

ചെറുവാളൂര്‍ ഉസ്താദ്  :അറിവിന്റെ വിനയസ്പര്‍ശം

   ദീര്‍ഘ സംഭാഷണം 

 പി.എസ്. ഹൈദ്രൂസ് മുസ്‌ലിയാര്‍/അബ്ദുസ്സമദ് ടി. കരുവാരകുണ്ട്

 

അടുക്കുംതോറും അകലുമെന്ന പൊതുധാരണ നിലനില്‍ക്കുമ്പോഴും അടുക്കും തോറും ആദരിക്കപ്പെടുന്ന ചില വ്യക്തികളുടെ സാന്നിധ്യം കാലത്തിന്റെ കൂടി ആവശ്യമാണ്. വിനയവും ലാളിത്യവും കൈമുതലാക്കിയ ഇവരുടെ ചിന്തകളും നിര്‍ദേശങ്ങളും ഒരു സമൂഹത്തിന്റെ പുരോയാനത്തിന്റെ കേന്ദ്രബിന്ദുവാണെങ്കില്‍ പ്രത്യേകിച്ചും. കനല്‍പഥങ്ങളില്‍ കാലിടറാതെ അധ്യാത്മിക മണ്ഡലങ്ങളില്‍ കനകാധ്യായം കുറിച്ച മഹാപുരുഷന്‍മാരാണ് സമൂഹത്തിന്റെ വഴിയും വെളിച്ചവും. ഇങ്ങനെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ ജീവിതത്തെ വായിച്ചെടുക്കാനാവുക.

പണ്ഡിതന്‍, സൂഫിവര്യന്‍, സംഘാടകന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലയിലെല്ലാം ചെറുവാളൂര്‍ ഉസ്താദ് തെക്കന്‍ കേരളത്തില്‍ സുപരിചിതനാണ്. സംസാരത്തിലെ വിനയവും പെരുമാറ്റത്തിലെ ലാളിത്യവും നിര്‍ദേശങ്ങളിലെ കണിശതയും സംയോജിച്ച് ഒരു വലിയ ജനതയുടെ അത്താണിയായി നിലകൊള്ളുകയാണ് ഉസ്താദ്. തൃശൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പാലപ്പിള്ളിക്കടുത്ത പുലിക്കണ്ണിയിലെ ദാറുത്തഖ്‌വ ഇസ്‌ലാമിക് അക്കാദമിയിലെ പ്രിന്‍സിപ്പലും വര്‍ക്കിങ് പ്രസിഡന്റുമായി സേവനം ചെയ്യുകയാണ് അദ്ദേഹം.

തീര്‍ത്തും മലബാറുകാരനായി ജനിച്ചു വളര്‍ന്ന് അധ്യാപന സേവന മേഖലയായി തെക്കന്‍ കേരളത്തെ തെരഞ്ഞെടുത്ത ചരിത്രമാണ് ഉസ്താദിന്റേത്. യുഗപുരുഷന്‍ ശംസുല്‍ ഉലമാ ഇ.കെ. ഉസ്താദുമായുള്ള ആത്മീയ ബന്ധമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് പറയുമ്പോള്‍, വിനയത്തോടെ ഓര്‍മകള്‍ എണ്ണിപ്പറയുന്നുണ്ട്. ത്യാഗബോധവും അര്‍പ്പണ വിശ്വാസവും അല്ലാഹുവിലുള്ള അപാരമായ പ്രതീക്ഷയും ഭൂമിയില്‍ അടിമയുടെ ഔന്നത്യം വര്‍ധിപ്പിക്കുമെന്നാണല്ലോ? ഈ വസ്തുതയെ ഉസ്താദിന്റെ ജീവിതവുമായി ചേര്‍ത്തുവായിക്കാന്‍ പറ്റും. 

ഏതു കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുണ്ട് ഉസ്താദിന്. ഓര്‍മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ പഴയ കാലത്തെക്കുറിച്ച് സുകൃതം പെയ്യുന്ന അനവധി സംഭവങ്ങള്‍ പറയും. മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തില്‍ പാലത്തോളാണ് ജന്മദേശം. അപാരമായ ഓര്‍മശക്തിയില്‍ പറയുന്നത് പലതും പ്രാഥമിക ക്ലാസുകളിലെ നാടന്‍ പാട്ടുകളും മറ്റും. 

മഹത്തായൊരു പാരമ്പര്യം പറയാനുണ്ട് ഉസ്താദിന്. പ്രസിദ്ധ പണ്ഡിതനും ഫഖീഹുമായിരുന്ന കുളപ്പുറം കുഞ്ഞമ്മദ് മുസ്‌ലിയാരുടെ സഹോദരീ പുത്രനാണ് ഉസ്താദ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ പഠനത്തിനു ശേഷം ചാലക്കുടിക്കടുത്ത ചെറുവാളൂരെന്ന ചെറിയ മഹല്ലില്‍ മൂന്നു പതിറ്റാണ്ടിലധികം ഖതീബും മുദര്‍രിസും ഖാസിയുമൊക്കെയായി ജോലി ചെയ്തു. ജീവിതത്തില്‍ പലതും നേടാമായിരുന്നിട്ടും സ്വാധീനമൊന്നും ഉപയോഗിക്കാതെ 'അപ്രശസ്തിയിലാണ് ഖ്യാതി' എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഉസ്താദ്. സംസാരത്തിലുടനീളം അതു വ്യക്തമാവുന്നു. 

തികഞ്ഞ ആധ്യാത്മിക ബോധവും ചിന്തയും പ്രിയ ഗുരുവര്യന്‍ ശംസുല്‍ ഉലമയെക്കുറിച്ചുള്ള ഓര്‍മകളുമാണ് ഉസ്താദിന്റെ ജീവിതം. ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് വേതനം പോലും വാങ്ങാതെയാണ് ഉസ്താദ് നില്‍ക്കുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അതിശയം തോന്നി. പിന്നെ സംസാരത്തിലെ ഭാഷാ ശുദ്ധി ഒന്നു വേറെ തന്നെയെന്ന് മനസ്സിലാക്കാന്‍ പറ്റും.

 

ജനനം, കുടുംബം, ദേശം

എന്റെ പൂര്‍വികര്‍ പൊന്നാനിക്കാരാണ്. അവിടുത്തെ പ്രസിദ്ധമായ 'കൂട്ടുക്കാനഹത്ത് പൊന്നാക്കാരന്‍' തറവാട്ടിലെ അബ്ദുല്ല എന്നവരുടെ മകന്‍ മുഹ്‌യിദ്ദീന്‍ എന്നവരുടെ മകനാണ് എന്റെ പിതാവ് സൈതാലി. അബ്ദുല്ല എന്നവര്‍ പൊന്നാനിയില്‍നിന്ന് പുലാമന്തോളിനടുത്ത കട്ടുപ്പാറയില്‍ വന്നു താമസമാക്കി. അവിടെനിന്ന് കുടുംബം മപ്പാട്ടുകരയിലേക്കും അവിടെ നിന്ന് ഇപ്പോള്‍ താമസിക്കുന്ന പാലത്തോളുമെത്തി. 

ജനനം ഉമ്മ പറഞ്ഞതനുസരിച്ച്, വര്‍ഷം ഓര്‍ക്കുന്നില്ല, റജബ് ഏഴിന് വെള്ളിയാഴ്ച എന്നാണ് ഓര്‍മ. സ്‌കൂള്‍ രേഖകളില്‍ 1945 മാര്‍ച്ച് 15 എന്നാണ്. കൃത്യമാവണമെന്നില്ല. ഉപ്പ ചെറുപ്പത്തില്‍ മരിച്ചു. കണ്ടതായി ഓര്‍മയില്ല. ഞങ്ങള്‍ 11 മക്കളായിരുന്നു. ഞാന്‍ ഇളയതാണ്. ഉപ്പ മരിച്ച അന്നാണ് ഞാന്‍ ആദ്യമായി നടന്നതെന്ന് ഉമ്മ പറയാറുണ്ടായിരുന്നു. 

 

ഉമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍

എന്റെ ഉമ്മയുടെ പേര് ആയിശ. പ്രസിദ്ധ പണ്ഡിതനും മുഹഖിഖും സൂഫിയുമായിരുന്ന കൊളപ്പുറം കുഞ്ഞമ്മദ് മുസ്‌ലിയാരുടെ സഹോദരിയാണ്. അദ്ദേഹം സമസ്ത രൂപീകരിച്ചപ്പോള്‍ ആദ്യമുശാവറയില്‍ 14ാം മെംബറാണ്. അമ്മാവന്റെ പേര് മഹല്ലി കിതാബിന്റെ പിറകിലൊക്കെ കാണാം. മഹല്ലി നന്നാക്കിയ കരിങ്കപ്പാറ ഉസ്താദ് അമ്മാവന്റെ പ്രമുഖ ശിഷ്യനാണ്. പിന്നെ നിറമരുതൂര്‍ വീരാന്‍ കുട്ടി മുസ്‌ലിയാരും. വലിയ ആബിദത്തായിരുന്നു ഉമ്മ. മന്ത്രമൊക്കെ ഉണ്ടായിരുന്നു. പാമ്പ് വിഷമേറ്റവര്‍ നൂലൂതാന്‍ ഉമ്മയുടെ അടുത്തു വന്നത് ഞാനോര്‍ക്കുന്നു. മുഹ്‌യിദ്ദീന്‍ മാല ഞാന്‍ മനപ്പാഠമാക്കിയത് ഉമ്മയുടെ മടിയില്‍ കിടന്നാണ്. ഉമ്മ മരിച്ചിട്ട് 30 വര്‍ഷമായി. ജീവിതത്തില്‍ എന്ത് നേടിയിട്ടുണ്ടെങ്കിലും ഉമ്മാന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ്.

 

പാഠമാവുന്ന ചെറുപ്പക്കാലം

ഉമ്മയായിരുന്നു അന്ന് എല്ലാം. ചെറിയൊരു സംഭവം പറയാം. ഞങ്ങള്‍ കുട്ടികള്‍ കുളിക്കാനായി സമീപത്തെ തൂതപ്പുഴയില്‍ പോവാറുണ്ടായിരുന്നു. മീന്‍ കോരിപ്പിടിക്കും. ഞാന്‍ വീടുമുറ്റത്ത് ഒരു കുഴി കുഴിച്ച് അതില്‍ മീന്‍ ഇടും. പിന്നെ ആ കുഴിയില്‍ ഞാനൊരു വാഴ നട്ടു. വാഴ കുലച്ച് അതു വിറ്റപ്പോള്‍ രണ്ടര രൂപ കിട്ടി. അന്ന് 10 വയസ്സാണെന്നാണ് ഓര്‍മ. വാഴക്കുല വിറ്റ് കിട്ടിയ കാശ് കൊണ്ട് വെള്ളത്തുണി വാങ്ങി. 25 പൈസ കൊണ്ട് മുടി വെട്ടി. സ്വന്തമായി അധ്വാനിച്ചു ലഭിച്ച പൈസയല്ലേ. ഇപ്പോഴും നല്ല ഓര്‍മയുണ്ട്. അന്നത്തെ ബറാഅത്ത് ദിനത്തില്‍ അസ്വര്‍ നിസ്‌കരിക്കാന്‍ ആ വെള്ളത്തുണിയാണ് ഞാന്‍ ഉടുത്തത്. ആദ്യം വെള്ള ധരിച്ചതും അന്നാണ്.  

 

ആദ്യ പഠനങ്ങള്‍

പഴയ ഓത്തുപള്ളിയൊന്നുമായിരുന്നില്ല. സമസ്ത മദ്‌റസകളൊക്കെ തുടങ്ങിയ കാലമാണ്. പക്ഷേ, അംഗീകരിച്ച മദ്‌റസയിലൊന്നുമല്ല ഞാന്‍ പഠിച്ചത്. ഉസ്താദുമാരെയൊക്കെ 'മൊല്ലാക്ക' എന്നായിരുന്നു വിളിച്ചിരുന്നത്. നാലു കണ്ടന്‍ മമ്മുണ്ണി മൊല്ലാക്കയാണ് 'അലിഫ്' ചൊല്ലിപ്പഠിപ്പിച്ചത്. പിന്നെ സ്രാജുമൊല്ല, കൈനിക്കാട്ടില്‍ മൊയ്തുട്ടി മൊല്ല, മൊയ്തീന്‍കുട്ടി മൊല്ല, മുതുകുര്‍ശി മൊയ്തീന്‍ മുസ്‌ലിയാര്‍, മപ്പാട്ടുകര മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഇവരൊക്കെ. പിന്നെ സ്‌കൂളുകളില്‍നിന്ന് അറബി കൂട്ടിവായിക്കാന്‍ പഠിച്ചിരുന്നു. അന്നൊക്കെ അക്ഷരം പഠിപ്പിക്കും; ഖുര്‍ആന്‍ ഓത്തും. കൂടെ 'മഊനത്തുല്‍ ഇസ്‌ലാം' എന്ന അറബിമലയാള ഗ്രന്ഥവുമുണ്ടായിരുന്നു. അത് ഇവിടെ ഷെല്‍ഫില്‍ എവിടെയോ കാണാം. പിന്നെ രണ്ടാം ക്ലാസില്‍ നിന്ന് പ്രസംഗിച്ചതിനു സമ്മാനം കിട്ടിയ 'ദീനിയാത്തി'ന്റെ കിതാബും. 

 

ദര്‍സ്, പഠനം, ഉസ്താദുമാര്‍

13ാം വയസ്സിലാണെന്ന് തോന്നുന്നു നാടിനടുത്ത മപ്പാട്ടുകരയിലാണ് ദര്‍സ് പഠനം തുടങ്ങിയത്. ആദ്യ ഉസ്താദ് കീഴ്ടയില്‍ മമ്മദ് മുസ്‌ലിയാരായിരുന്നു. മുതഫരിദാണ് ഓതി തുടങ്ങിയത്. അദ്ദേഹം വലിയ പണ്ഡിതനായിരുന്നു-പ്രത്യേകിച്ച് അറബി വ്യാകരണത്തില്‍.  പൊന്നാനിയില്‍ പോയി മൂന്നു തവണ 'അല്‍ഫിയ'  ഓതിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ അടുക്കല്‍ രണ്ടു വര്‍ഷത്തോളം പഠിച്ചു. ശേഷം ഓതിയത് മല്ലിശ്ശേരി ജുമുഅത്ത് പള്ളിയില്‍ മല്ലിശ്ശേരി മൂസ മുസ്‌ലിയാരുടെ അടുത്ത്. നഹ്‌വും സ്വര്‍ഫുമൊക്കെ അവിടെനിന്നാണു പഠിച്ചത്. ഒരു ദിവസം ഉസ്താദ് വിളിച്ച് നീ എന്റെ ശരീക്കായ ചെത്തനാംകുര്‍ശി കുഞ്ഞീന്‍ മുസ്‌ലിയാരുടെ അടുക്കല്‍ പോയി പഠിക്കുക എന്ന് പറഞ്ഞു. 35 പൈസയും തന്നു. കൂടെ മകനായ പി.കെ. ഹുസൈനെയും പറഞ്ഞയച്ചു. ഉസ്താദിന്റെ മറ്റൊരു മകനാണ് ചന്ദ്രികയിലൊക്കെ ഉണ്ടായിരുന്ന എഴുത്തുകാരന്‍ പി.കെ. പാലത്തോള്‍. വെള്ളിലയിലായിരുന്നു ദര്‍സ്. മഞ്ചേരി ആനക്കയം റൂട്ടില്‍. പലപ്പോഴും ഏലംകുളത്തു നിന്ന് ചെറുകര- അങ്ങാടിപ്പുറം-തിരൂര്‍ക്കാട് വഴി കിലോമീറ്ററുകളോളം നടന്നു പോയിട്ടുണ്ട്. അന്നൊക്കെ അങ്ങനെയായിരുന്നു. 64-65 കാലഘട്ടമാണത്.

ശേഷം വെള്ളില ദര്‍സില്‍ തന്നെ രാമപുരം കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ അടുത്ത് ഓതി. അദ്ദേഹം പില്‍ക്കാലത്ത് കടമേരി റഹ്മാനിയ്യയില്‍ മുദര്‍രിസായിരുന്നു. അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍, തഫ്‌സീര്‍ അല്‍പം എന്നിവ അവിടെ നിന്നാണ് ഓതിയത്. ശേഷം ഒടമല ജാറം പള്ളിയില്‍ നാട്യമംഗലം സൈതലവി മുസ്‌ലിയാരുടെ അടുക്കല്‍ ഒരു വര്‍ഷവും അവിടെത്തന്നെ കൊടശ്ശേരി ഇബ്‌റാഹീം മുസ്‌ലിയാരുടെ അടുക്കല്‍ ആറു വര്‍ഷവും ഓതി. മഹല്ലി മുതല്‍ പട്ടിക്കാട് പോവുന്നത് വരെ ഉസ്താദിന്റെ കൂടെ തന്നെയായിരുന്നു.

 

പഠനകാലത്തെ ശീലങ്ങള്‍

എന്തും എഴുതിക്കുറിച്ച് സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. പിന്നെ ബര്‍ക്കത്തിന് കിട്ടുന്ന നാണയങ്ങളും സൂക്ഷിക്കും. പഴയ എഴുതിവച്ച നോട്ടുപുസ്തകങ്ങളൊക്കെ ഇവിടെ കാണാം. പിന്നെ വഅള് പറയും. അന്നൊക്കെ അങ്ങനെ ചെയ്തതു കൊണ്ടാണ് ഇന്ന് ധൈര്യമായി എന്തെങ്കിലും പറയാന്‍ കഴിയുന്നത്. 

 

ജാമിഅ കാലം

അന്നൊക്കെ സാധാരണ വെല്ലൂരിലേക്ക് തഹ്‌സീലിനു പോവലാണല്ലോ പതിവ്. പിന്നെ ജാമിഅ തുടങ്ങി. തുടങ്ങിയിട്ട് അധികമായിട്ടില്ല. ഉസ്താദിന്റെ നിര്‍ദേശപ്രകാരം ജാമിഅയിലെത്തി. കോട്ടുമല ഉസ്താദാണ് ഇന്റര്‍വ്യൂ ചെയ്തത്. മുത്വവ്വലില്‍ ചേരാനാണ് പോയത്. അന്ന് ശംസുല്‍ ഉലമ എന്നോട് ചോദിച്ചു: ''നിങ്ങള്‍ ഏത് ക്ലാസില്‍ ചേരുന്നു.'' ഞാന്‍ പറഞ്ഞു: ''അവിടുന്ന് പറയും പോലെ.'' അപ്പോള്‍ ഉസ്താദ് പറഞ്ഞു:''നീ എന്റെ കൂടെ മൂന്നു കൊല്ലം പഠിക്ക്.'' അങ്ങനെ മുഖ്തസറില്‍ ചേര്‍ന്നു. 71ലോ 72ലോ ആണെന്നാണ് ഓര്‍മ. കോളജ് വിട്ടത് എന്തായാലും 74ലാണ്.

ശംസുല്‍ ഉലമ തന്നെയായിരുന്നു പ്രിന്‍സിപ്പല്‍. പിന്നെ കോട്ടുമല ഉസ്താദ്, കാസര്‍ഗോഡ് യൂസുഫ് ഹാജി, കുമരംപുത്തൂര്‍ എ.പി. ഉസ്താദ് തുടങ്ങിയവരൊക്കെ. 

സഹപാഠികള്‍. ഒരുപക്ഷേ അങ്ങനെ ഒരു സംഘം ജാമിഅയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായിരിക്കില്ല. അത്രയും പ്രഗത്ഭപ്പരാണ് എന്റെ ശരീക്കുമാര്‍. മുഖ്തസറില്‍ ഹൈദരലി തങ്ങള്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍,  എം.പി. മുസ്തഫല്‍ ഫൈസി, പിന്നെ ബഹാഉദ്ദീന്‍ നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.മ്മദ് ഫൈസി, കൂരിക്കുഴി യൂസുഫ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, കെ.എ. റഹ്മാന്‍ ഫൈസി തുടങ്ങിയവരും. മുതവ്വലില്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാരുമൊക്കെ. പിന്നേണ്ട്; ഓര്‍മവരുന്നില്ല. 

 

മറയാത്ത ഓര്‍മ

ശംസുല്‍ ഉലമയുമായി മാനസിക ബന്ധം സ്ഥാപിക്കാനായി എന്നതു തന്നെയാണ് ഏറ്റവും വലിയ സൗഭാഗ്യമായി കാണുന്നത്. എന്റെ അമ്മാവന്‍ കുളപ്പുറം കുഞ്ഞമ്മദ് മുസ്‌ലിയാരാണെന്ന് പറഞ്ഞപ്പോള്‍ ശംസുല്‍ ഉലമ എന്നോട് പറഞ്ഞു: ''ഞാന്‍ ഫത്ഹുല്‍ മുഈന്‍ തബറുക്കിനു വേണ്ടി അദ്ദേഹത്തില്‍നിന്ന് ഓതിയിട്ടുണ്ട്.'' അദ്ദേഹം ആ ബഹുമാനം മരണം വരെ എന്നോട് കാണിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് ഉസ്താദിന് വലിയ വാത്സല്യമായിരുന്നു. പിന്നെ ഓര്‍ക്കുന്നത് ഏതോ ഒരു സംവാദ സമയത്ത്. എം.എം. ബശീര്‍ മുസ്‌ലിയാരും, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരും എ.പിയും  ഉസ്താദിന്റെ റൂമില്‍ വന്നു. ഒരിക്കല്‍ ഞാന്‍ റൂമിന്റെ പുറത്ത് നില്‍ക്കുമ്പോള്‍ ഉസ്താദ് എ.പിയോട് 'എ.പീ അവിടെ ഇങ്ങനെ ചോദിച്ചാല്‍ ഇന്ന മറുപടി പറയണം' എന്ന് പറഞ്ഞ് പഠിപ്പിക്കുന്നത് ഞാന്‍ ചെവി കൊണ്ട് കേട്ടിട്ടുണ്ട്. കൂരിക്കുഴി യൂസുഫ് മുസ്‌ലിയാരും അതിനു സാക്ഷിയാണ്. 

1974ലാണ് കോളേജ് വിട്ടത്. പൂക്കോയ തങ്ങളാണ് സനദ് തന്നത്. ഏഴാമത്തെ നമ്പറായാണ് സനദ് വാങ്ങിയത്. കോളേജ് വിട്ടതിനു ശേഷം ഞാന്‍ ആദ്യമായി ജോലി ചെയ്തത് തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത ചെറുവാളൂരാണ്. 30 വര്‍ഷം അവിടെയായിരുന്നു- 2004-2005 വരെ. ചെറിയ മഹല്ലാണ്. ശംസുല്‍ ഉലമയും സി.എം മടവൂരും എന്നോട് പറഞ്ഞു: ''നീ അവിടെ നിന്നോ, അത് നിനക്ക് ഖൈറാകും.'' പിന്നീടൊരിക്കല്‍ പറഞ്ഞു: ''തൃശൂര്‍ ജില്ലയില്‍ തന്നെ നിന്നൊ.'' അങ്ങനെ സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ ഇവിടെ ദാറുത്തഖ്‌വയിലെത്തി. 

 

സംഘടനാ രംഗം

സ്ഥാനമാനങ്ങളൊന്നും എന്റെ ലക്ഷ്യമല്ല. പിന്നെ ഇതിനൊക്കെ ആരെങ്കിലും വേണ്ടേ. ഇന്നത്തെ ദഅ്‌വത്തായി ഞാന്‍ അതിനെ കാണുന്നു. തുടക്കം മുതല്‍ തന്നെ സമസ്ത മുകുന്ദപുരം താലൂക്ക് പ്രസിഡന്റായിരുന്നു. സമസ്തയുടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മരണശേഷം തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റായി. പിന്നെ മഹല്ല് ഫെഡറേഷനിലും ഭാരവാഹിത്വം വഹിക്കുന്നു. 

 

സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍

ജീവിതകാലത്ത്, ഒരുപക്ഷെ പലര്‍ക്കും അദ്ദേഹത്തെ മനസ്സിലായിട്ടില്ല. ഞാന്‍ അദ്ദേഹത്തെ മുമ്പേ അടുത്തറിഞ്ഞിട്ടുണ്ട്. അതിനൊരു കാരണമുണ്ടായി. ശരീഅത്ത് വിവാദം നടക്കുന്ന കാലം. അന്ന് മാളക്കടുത്ത് ഒരു വിശദീകരണയോഗമുണ്ടായി. കോയമ്മ തങ്ങളായിരുന്നു അധ്യക്ഷന്‍; ശംസുല്‍ ഉലമ ഇ.കെ. ഉസ്താദ് ഉദ്ഘാടകനും. ഉസ്താദ് നേരത്തേ അടുത്ത പള്ളിയിലെത്തിയിരുന്നു. മഗ്‌രിബ് കഴിഞ്ഞയുടന്‍ സംഘാടകര്‍ക്ക് തിരക്ക്-വേഗം യോഗം തുടങ്ങണം; തങ്ങള്‍ എത്തിയിട്ടുമില്ല. അവര്‍ ഉസ്താദിനോട് യോഗം തുടങ്ങാന്‍ ആവശ്യപ്പെട്ടു. ഉസ്താദ് പറഞ്ഞു: ''തങ്ങള്‍ വരാതെ ഞാന്‍ വരില്ല.'' ശേഷം ഉശ്താദ് എന്നോട് പറഞ്ഞു: ''ഇവര്‍ക്കൊന്നും തങ്ങളെ ശരിക്കറിയില്ല. അദ്ദേഹം വലിയ മഹാനാ..'' ശംസുല്‍ ഉലമായുടെ പ്രത്യേക താല്‍പര്യപ്രകാരമാണല്ലോ തങ്ങള്‍ മുശാവറയിലെത്തിയതും ഉപാധ്യക്ഷനായതും. ഞാന്‍ വഫാത്ത് വരെ ആ ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്.

 

സമസ്തയിലെ പിളര്‍പ്പ്, എറണാകുളം സമ്മേളനം-ഉസ്താദിന്റെ പ്രവര്‍ത്തന മേഖലയല്ലേ ഈ പ്രദേശമൊക്കെ ക്ഷണമുണ്ടായിരുന്നോ?

സമസ്ത ഒരിക്കലും പിളര്‍ന്നിട്ടില്ല. ആ ധാരണ മാറ്റണം. പിളരുകയുമില്ല. കാരണം, അത് ഇസ്‌ലാമിന്റെ തനദ് രൂപമാണ്. സത്യം പിളര്‍ന്നാല്‍ ഇതിനൊക്കെ വല്ല അര്‍ത്ഥവുമുണ്ടോ? പിന്നെ സമസ്തയില്‍ അനാവശ്യം ചെയ്തവരെ ഉസ്താദുമാര്‍ പുറത്താക്കി. അവര്‍ക്ക് മാപ്പ് പറഞ്ഞ് മടങ്ങിവരാമായിരുന്നു. ആരും അത് ചെയ്തില്ല. അതിനുള്ളത് അനുഭവിക്കേണ്ടിവരും. പിന്നെ എറണാകുളത്ത് നടന്ന യോഗം ഇത്ര ആസൂത്രിതമാണെന്ന് അറിഞ്ഞിരുന്നില്ല. അന്ന് ഇവിടെ സജീവമായിരുന്ന നാട്ടിക മൂസ മുസ്‌ലിയാരെ പോലും ക്ഷണിക്കാതെ നടന്ന യോഗമല്ലേ.

 

ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ കവാടമായ കൊടുങ്ങല്ലൂരിനെ കുറിച്ചുള്ള അനുഭവങ്ങള്‍.

ഞാന്‍ ജോലിചെയ്ത സ്ഥലത്തിനടുത്താണ് കൊടുങ്ങല്ലൂരും സമീപ പ്രദേശങ്ങളും. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം കേന്ദ്രമാണല്ലോ കൊടുങ്ങല്ലൂര്‍. എന്നിട്ടും ആ പ്രതാപം നിലനിര്‍ത്താന്‍ അവിടത്തുകാര്‍ക്കും സമീപ പ്രദേശക്കാര്‍ക്കും സാധിച്ചില്ല. അതിന് ചരിത്രപരമായ കാരണങ്ങളുണ്ടായേക്കാം. ഇന്ന് കേരള മുസ്‌ലിംകള്‍ മലബാര്‍ കേന്ദ്രീകരിച്ചാണല്ലോ പ്രവര്‍ത്തിക്കുന്നത്.

നമ്മുടെ നാട്ടില്‍ ഇസ്‌ലാം ആദ്യമായെത്തിയത് കൊടുങ്ങല്ലൂരായിരുന്നുവെന്നാണല്ലോ പൊതുചരിത്രം. തുഹ്ഫത്തുല്‍ മുജാഹിദീനിലും മറ്റും അതുപറഞ്ഞതല്ലേ? ഇവിടെ തുഹ്ഫത്തുല്‍ മുജാഹിദീന്റെ ഒരു പഴയ കോപ്പി കാണണം. ഇസ്‌ലാം വരുന്നതിനു മുമ്പും അറബികള്‍ കച്ചവടാവശ്യാര്‍ത്ഥം കോഴിക്കോട്ടെത്തിയിരുന്നു. അറബികളുടെ ആ ബന്ധം ഇസ്‌ലാമിന്റെ വരവോടെ മുസ്‌ലിംകളുടെ ആസ്ഥാനം കോഴിക്കോട്ടേക്കു മാറ്റി എന്നുവേണം മനസ്സിലാക്കാന്‍. തൃശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളായ ചാവക്കാട്, വാടനപ്പള്ളി, മതിലകം, മൂന്നുപീടിക ഇങ്ങനെ അനവധി പ്രദേശങ്ങള്‍ ഇന്നും ഇസ്‌ലാമിക തനിമ പഴയ പോലെ ആചരിക്കുന്നവരുടെ പ്രദേശങ്ങളാണ്. അല്ലാഹു അത് നിലനിര്‍ത്തിത്തരട്ടെ.

സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ തൃശൂര്‍ ജില്ലയില്‍ സജീവമാണ്. തെക്കന്‍ നാടുകളിലെ സ്ഥിതിയെന്താണ്?

തെക്കന്‍ കേരളത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സജീവമാണ്. എന്നാല്‍, സമസ്തയുടെ പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നു. ഞാന്‍ തന്നെ അവിടെ ഒരുപാട് പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. പലയിടത്തും സമസ്തയുടെ മദ്‌റസകള്‍ സജീവമാണല്ലോ. പിന്നെ, സമസ്തയുടെ സന്ദേശ യാത്രക്കൊക്കെ വലിയ വരവേല്‍പ്പാണ് അവിടെ ലഭിച്ചത്. 

തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തനം സജീവമാണ്. തൊഴിയൂര്‍ കുഞ്ഞമ്മദ് മുസ്‌ലിയാരാണ് ഇവിടുത്തെ സമസ്തയുടെ കാരണവര്‍. അദ്ദേഹം വലിയ പണ്ഡിതനാണ്. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സംസ്ഥാന പ്രസിഡന്റൊക്കെ ആയിട്ടുണ്ട് അദ്ദേഹം. അദ്ദേഹവും കോയമ്മ തങ്ങളും നാട്ടികയും കൂരിക്കുഴി യൂസുഫ് മുസ്‌ലിയാരുമൊക്കെയുള്ള കാലത്ത് പല നല്ല പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടന്നിട്ടുണ്ട്. ഇനി അദ്ദേഹം മാത്രമേ അവശേഷിക്കുന്നുള്ളൂ. അവിടെ പോയാല്‍ പല ചരിത്രവും ലഭിക്കും. അല്ലാഹു ദീര്‍ഘായുസ് നല്‍കട്ടെ. 

 

വിദ്യാഭ്യാസ രംഗത്തെ പുതിയ രീതികളെ എങ്ങനെ കാണുന്നു?

വിദ്യാഭ്യാസ രംഗത്തെ സമന്വയം എന്നല്ല, ഏതു നല്ല സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള മനസ്സാണ് നമുക്ക് വേണ്ടത്. സമന്വയത്തിന്റെ പേരില്‍ പഴയ ദര്‍സ് സംവിധാനത്തെ തള്ളാനൊക്കുമോ? ഇന്ന് സമന്വയത്തിന്റെ തലപ്പത്തിരിക്കുന്നവരൊക്കെ ദര്‍സിന്റെ സന്തതികളല്ലേ. പിന്നെ സൗകര്യങ്ങളും സംവിധാനങ്ങളും മാറിക്കൊണ്ടിരിക്കും. അപ്പോള്‍ ഉള്ളതിനെ വളര്‍ത്താന്‍ ശ്രമിക്കുക. ഇന്നു പല സംരംഭങ്ങളും നിലവിലുണ്ടല്ലോ? ഹുദവികളും റഹ്മാനികളും പിന്നെ വാഫികളുമൊക്കെ. 

മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണം. പിന്നെ, നമ്മുടെ ദഅ്‌വത്ത് ഇവിടെ മാത്രം ഒതുക്കിയാല്‍ പോരാ എന്ന പക്ഷക്കാരനാണ് ഞാന്‍. കേരളേതര സംസ്ഥാനങ്ങളിലേക്കു കൂടി അതു വ്യാപിപ്പിക്കണം. അത് രാജ്യത്തിനു ഗുണം ചെയ്യും. അതും രാജ്യസ്‌നേഹമാണ്. ഇപ്പോള്‍ ദാറുല്‍ ഹുദക്ക് കീഴില്‍ പുറംസംസ്ഥാനങ്ങളില്‍ സ്ഥാപനങ്ങളുണ്ടല്ലോ. വളരെ മഹത്വമുള്ള ദൗത്യമാണതൊക്കെ.

 

പാണക്കാട് സയ്യിദ് കുടുംബം

എന്റെ അമ്മാവനെക്കുറിച്ച് ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ, കൊളപ്പുറം കുഞ്ഞമ്മദ് മുസ്‌ലിയാര്‍. അദ്ദേഹവും പാണക്കാട് തങ്ങന്‍മാരും വലിയ ബന്ധമായിരുന്നു. അദ്ദേഹത്തിന് പൂക്കോയ തങ്ങളുടെ പിതാവോ വളര്‍ത്തുപിതാവോ ആരോ ഒരു സ്വലാത്തിന്റെ കിതാബ് സമ്മാനിച്ചിരുന്നു. കുഞ്ഞമ്മദ് മുസ്‌ലിയാരുടെ വഫാത്തിനു ശേഷം അദ്ദേഹത്തിന്റെ മകള്‍ അത് എനിക്ക് തന്നു. അതി വിടെ കാണണം. ഈയടുത്ത് ഞാനത് തെരിഞ്ഞുനോക്കി. പക്ഷേ, കണ്ടില്ല. ഇന്‍ശാഅല്ലാ ഒന്നുകൂടി നോക്കണം.

പിന്നെ മുഹമ്മദലി ശിഹാബ് തങ്ങളുമായി വ്യക്തിബന്ധമുണ്ടായിരുന്നു എനിക്ക്. എന്റെ ഏക മകളുടെ നികാഹ് തങ്ങളുടെ നിര്‍ദേശപ്രകാരം പാണക്കാട് കൊടപ്പനക്കലില്‍ വച്ചാണ് നടത്തിയത്. അദ്ദേഹം വിദേശ ചികിത്സ കഴിഞ്ഞെത്തിയ അവസരത്തിലായിരുന്നുവത്. സല്‍ക്കാരമൊക്കെ നടത്തിയതും അവിടെ തന്നെ. ഹൈദരലി തങ്ങള്‍ എന്റെ ശരീക്കാണല്ലോ. ഞങ്ങള്‍ നല്ല ബന്ധമാണ്.

 

ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്...?

ശംസുല്‍ ഉലമ നൂറ്റാണ്ടിന്റെ മുജദ്ദിദായിരുന്നു. തര്‍ബിയത്തിന്റെ ശൈഖ് കൂടിയായിരുന്നു അദ്ദേഹമെന്ന് ഞാന്‍ അനുഭവത്തിലൂടെ അറിഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുന്ന കാലത്ത് ഉസ്താദുമായി അടുത്തിടപഴകാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കുവാനും കഴിഞ്ഞുവെന്നത് വലിയ സൗഭാഗ്യമാണ്. ജാമിഅയില്‍നിന്നാണ് ഉസ്താദുമായി ബന്ധം സ്ഥാപിച്ചതെന്ന് മുമ്പ് പറഞ്ഞല്ലോ. തൃശൂര്‍  ജില്ലയില്‍ തന്നെ നില്‍ക്കാന്‍ കല്‍പ്പിച്ചത് ശംസുല്‍ ഉലമയാണ്. ഒരിക്കല്‍ ചെറിയ പ്രയാസം എന്റെ ജോലിയില്‍ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ഉസ്താദിനെ കാണാന്‍ കോഴിക്കോട്ടെത്തി. കാര്യം പറഞ്ഞപ്പോള്‍ ഉസ്താദ് പറഞ്ഞു: ''നിങ്ങള്‍ അവിടെത്തന്നെ നില്‍ക്ക്. എല്ലാവരും നിങ്ങളെത്തേടി വരും.'' ജീവിതത്തില്‍ പല സൗഭാഗ്യങ്ങളും ലഭിക്കുമ്പോള്‍ ഉസ്താദിന്റെ ആ വാക്കുകള്‍ ഓര്‍ക്കാറുണ്ട്. 

ഉസ്താദുമായി ധാരാളം അനുഭവങ്ങളുണ്ട്. 80കളിലാണെന്നാണ് എന്റെ ഓര്‍മ, എനിക്ക് ഹജ്ജിന് പോവാന്‍ വലിയ ആഗ്രഹം. കൈയിലാണെങ്കില്‍ ഒന്നുമില്ല. അങ്ങനെ ഞാന്‍ ഉസ്താദിനെ കാണാന്‍ ചെന്നു; വിഷയങ്ങള്‍ പറഞ്ഞു. ഉസ്താദ് പറഞ്ഞു: ''ഈ വര്‍ഷം തന്നെ പോകാം.'' ഞാന്‍ ചിന്തിച്ചു. എങ്ങനെ ഈ വര്‍ഷം പോകും. കൈയിലാണെങ്കില്‍ പൈസയായി ഒന്നുമില്ലല്ലോ? അങ്ങനെ ഞാന്‍ ജോലി സ്ഥലത്തെത്തി. കുറച്ച് ദിവസങ്ങള്‍ക്കുശേഷം ഒരാള്‍ വന്ന് എന്നോട് പറഞ്ഞു: ''ഉസ്താദേ ഞാന്‍ ഈ വര്‍ഷം ഒരാളെ ഹജ്ജിന് കൊണ്ടുപോകുന്നു. ഉസ്താദ് വേഗം പാസ്‌പോര്‍ട്ട് എടുക്കണം''. അങ്ങനെ ആ വര്‍ഷം ഹജ്ജിനുപോയി.

മറ്റൊരിക്കല്‍ എനിക്ക് ശക്തമായ ചെവിവേദന അനുഭവപ്പെട്ടു. പല ഡോക്ടര്‍മാരെയും കാണിച്ചു. ചെവിയുടെ ഡ്രമ്മിന് ദ്വാരമുണ്ടായിരിക്കുന്നു. അവസാനം ഓപ്പറേഷന് നിര്‍ദേശം കിട്ടി. ഞാന്‍ മനസികമായി ഓപ്പറേഷന് ഒരുങ്ങി. വിവരം പറയാന്‍ ഞാന്‍ ശംസുല്‍ ഉലമായുടെ അടുത്തെത്തി. വിഷയം അവതരിപ്പിച്ചു. അന്നേരം ഉസ്താദ് ഇങ്ങനെ പറഞ്ഞു: ''നമുക്ക് ഈ വിഷയം മുത്തുപ്പേട്ടയിലെ ദാവൂദുല്‍ ഹക്കീം തങ്ങള്‍ക്ക് വിടാം. നിങ്ങള്‍ അവിടത്തേക്ക് ഫാതിഹ ഓതിക്കോ, ഞാനും ഓതാം.'' ശേഷം ഞാന്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട് ജോലിസ്ഥലമായ ചാലക്കുടിയിലേക്കു പോവാന്‍ കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഷൊര്‍ണൂരിലേക്ക് ട്രെയിന്‍ കയറി. ഷൊര്‍ണൂരിലെത്തി അസ്വര്‍ നിസ്‌കാരത്തിനായി പള്ളിയില്‍ പോയി. ക്ഷീണം തോന്നിയപ്പോള്‍ ഞാന്‍ അല്‍പം വിശ്രമിക്കാമെന്ന് കരുതി പള്ളിയുടെ ഒരു ഭാഗത്ത് കിടന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു. ചിലയാളുകള്‍ വന്ന് എന്റെ ചെവിയില്‍ എന്തൊക്കെയോ ചെയ്യുന്നു. ഒപ്പറേഷന്‍ ചെയ്യുന്നതു പോലെ. ഞാന്‍ ഞെട്ടിയുണര്‍ന്നു. ചെവി തടവിനോക്കി. ഒരു വേദനയുമില്ല. വേദന പൂര്‍ണമായി മാറിയിരിക്കുന്നു. ഞാന്‍ വീണ്ടും ടെസ്റ്റ് ചെയ്തു. ഡ്രമ്മിനു വന്ന ദ്വാരം അടഞ്ഞിരിക്കുന്നു. ശംസുല്‍ ഉലമയും മുത്തുപ്പേട്ട തങ്ങളും തമ്മിലുള്ള ആത്മീയ ബന്ധമാണത്. ഉസ്താദിനെ മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. 

കുറേ മുമ്പാണ്. ഒരാള്‍ എനിക്ക് ഒരു റാഡോ വാച്ച് തന്നു. ഞാനത് കൈയില്‍ കെട്ടി ഉസ്താദിനെ കാണാന്‍ ചെന്നു. വാച്ച് കണ്ട ഉസ്താദ് ഇങ്ങനെ പറഞ്ഞു: ''അതെനിക്ക് താ. നിനക്കെന്തിനാ അതൊക്കെ, നിനക്ക് ധാരാളം കിട്ടിക്കോളും.'' ഞാനത് ഊരിക്കൊടുത്തു. ഉസ്താദിന്റെ വാച്ച് എനിക്കും തന്നു. പക്ഷെ, പിന്നീടെന്നോ ഞാനത് ആര്‍ക്കോ കൊടുത്തു. ഉസ്താദിന്റെ വഫാത്തിനുശേഷമാണത് അതിന്റെയൊക്കെ വില ഞാനോര്‍ക്കുന്നത്. ശേഷം എനിക്ക് ലഭിച്ച വിലപിടിപ്പുള്ള വാച്ചുകള്‍ കാണുമ്പോള്‍ ഉസ്താദിന്റെ വാക്കുകള്‍ തികട്ടിവരും.

ജോലി സ്ഥലത്ത് നിന്ന് പലപ്പോഴും ഞാന്‍ ഉസ്താദിനെ കാണാന്‍ പോകും. പോകുമ്പോള്‍ പഴങ്ങളും മറ്റും കൊണ്ടുപോകും. ഉസ്താദിന്റെ വസ്ത്രധാരണമൊക്കെ വളരെ പ്രൗഡി തന്നെയായിരുന്നു. ഉസ്താദ് എന്നോടു പറയും: ''എറണാകുളത്ത് പോയാല്‍ നല്ല മൗലാനാസൂരി തുണി കിട്ടും. അടുത്ത പ്രാവശ്യം അത് കൊണ്ടുവാ.'' ഞാന്‍ അങ്ങനെ പലപ്പോഴും കൊണ്ടുകൊടുക്കും. അതൊക്കെ വലിയ സന്തോഷമാണ്. പിന്നെ എന്നോട് എല്ലാം തുറന്നുപറയും. പൊതുവെ 'നിങ്ങള്‍' എന്നോ എന്നെ വിളിക്കാറുള്ളൂ.

പിന്നെയും ധാരാളം പറയാനുണ്ട്. ഞന്‍ പലതും എഴുതിവച്ചിട്ടുണ്ട്. അതില്‍ തയ്യതിയൊക്കെ കാണാം. പിന്നെ മരണത്തിന്റെ ഒരാഴ്ച മുമ്പ് ഞാനും പാലപ്പിള്ളിയിലെ യൂസുഫ്, കുഞ്ഞിമുഹമ്മദ് എന്നവരും ഉസ്താദിനെ കാണാന്‍ പോയി. പല കാര്യങ്ങളും സംസാരിച്ചു. അവസാനം ഉസ്താദ് എന്നോടു പറഞ്ഞു: ''ഇനി നമുക്ക് മഹ്ശറയില്‍ വച്ച് കാണാം.'' ഞാന്‍ കരഞ്ഞുകൊണ്ട് ഉസ്താദിനെ ചുംബിച്ചു. പറഞ്ഞതുപോലെ അടുത്തയാഴ്ച ഉസ്താദ് യാത്രയായി. ഒരു മുജദ്ദിദ് ഇടപെടേണ്ട എല്ലാ മേഖലയിലും അവിടുന്ന് എത്തിയില്ലേ. പിന്നെ, തര്‍ബിയ്യത്തിന്റെ ശൈഖ് കൂടിയായിരുന്നു അദ്ദേഹമെന്ന് പറഞ്ഞല്ലോ. പലര്‍ക്കും അത് മനസ്സിലായിട്ടില്ല. ഇന്ന് പലരും അങ്ങനെയൊക്കെ ആവാന്‍ ശ്രമിക്കുകയാണ്.

ആത്മീയ ചൂഷണം

പണ്ടൊക്കെ അവിലും കച്ചവടം എന്നൊക്കെ കേട്ടിരുന്നു. ഇന്ന് ഔലിയാക്കച്ചവടമാണ്. ജനങ്ങള്‍ക്ക് മനസ്സമാധാനമാണ് വേണ്ടത്. അതിനവര്‍ എന്തും ചെലവഴിക്കും. ഇതിനെ പലരും ചൂഷണം ചെയ്യുകയാണ്. സമസ്ത അതിനെതിരെയൊക്കെ ശക്തമായി നിലകൊണ്ടിട്ടുണ്ട്. സമീപകാലത്തല്ലേ ആലുവാ ത്വരീഖത്തിനെതിരേ തീരുമാനമെടുത്തത്.

ഈയടുത്ത് ഞാന്‍ ആലുവക്കടുത്ത് ഒരു വീട്ടില്‍ പരിപാടിക്ക് പോയിരുന്നു. സ്ഥാന നിര്‍ണയമാണെന്ന് തോന്നുന്നു. പരിപാടി കഴിഞ്ഞ് ഇരിക്കുമ്പോള്‍ ഒരു സ്ത്രീ എന്നോട് പരഞ്ഞു, ''ഞാന്‍ സുല്‍ത്താന്റെ അമ്മായുമ്മയാണെ''ന്ന്. അപ്പോഴാണ് ഞാനറിയുന്നത് അത് യൂസുഫ് സുല്‍ത്താന്റെ ഭാര്യവീടായിരുന്നുവെന്ന്.

നമുക്ക് തിരിച്ചറിവ് വേണം. പലര്‍ക്കും സ്വന്തം പിതാവിനെയും മാതാവിനെയും ഒരു വിലയുമില്ല; ഭാര്യക്ക് ഭര്‍ത്താവിനെയും. ഇതൊക്കെയല്ലേ ആദ്യം പഠിക്കേണ്ടത്. പിന്നെയല്ലേ ഉസ്താദുമാരെ കണ്ടുമുട്ടുന്നത്. അവരൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഗുരുത്വവും പൊരുത്തവും സമ്പാദിക്കുക. എന്നാല്‍ എല്ലാം ശരിയായിക്കൊള്ളും. 

-(അവസാനിച്ചു).

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter