ജപ്പാനും ഇസ്‍ലാമും ഭാഗം 01- സമൂഹരൂപീകരണത്തിന്റെ നാൾവഴികളിലൂടെ

ലോകത്തെ ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജപ്പാനുമായുള്ള ഇസ്‍ലാമിന്റെ ബന്ധത്തിന് പ്രായം വളരെ കുറവാണ്.1868-ന് മുമ്പ് ജപ്പാൻകാരും മറ്റ് രാജ്യങ്ങളിലെ മുസ്‍ലാംകളും തമ്മിലുണ്ടായിരുന്ന ഒറ്റപ്പെട്ട ചില ബന്ധങ്ങളും കൂടികാഴ്ച്ചകളും മാറ്റി നിർത്തിയാൽ  ഇസ്‍ലാമും ജപ്പാനും തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളുടെ വ്യക്തമായ രേഖകളോ ഏതെങ്കിലും തരത്തിലുള്ള മതപ്രചാരണത്തിലൂടെ ഇസ്‍ലാം ജപ്പാനിലേക്ക് വന്നതിന്റെ ചരിത്രരേഖകളോ  ലഭ്യമല്ല.

പാശ്ചാത്യ മതചിന്തകളിൽ ഒന്നായിട്ടാണ്  1800 കളിൽ ജപ്പാൻകാരുടെ ഇടയിൽ ഇസ്‍ലാം അറിയപ്പെടാൻ തുടങ്ങുന്നത്. ഏതാണ്ട് ഇതേ സമയത്താണ് മുഹമ്മദ് നബി(സ്വ)യുടെ ജീവിതം ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും. ജാപ്പനീസ് ജനതയുടെ ബൗദ്ധിക പ്രതിച്ഛായയിൽ ഇടം കണ്ടെത്താൻ അത് ഇസ്‌ലാമിനെ സഹായിച്ചുവെങ്കിലും കേവലം ഒരു അറിവെന്ന നിലക്കും സംസ്കാരങ്ങളുടെ ചരിത്രത്തിന്റെ ഭാഗമെന്ന നിലക്കും മാത്രമായിരുന്നു അത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിക്കുന്നതിനും മുസ്‍ലിംകളെയും ജാപ്പനീസ് ജനതയെയും പരസ്പരം പരിചയപ്പെടുത്തുന്നതിനും വേണ്ടി 1890-ൽ ഓട്ടോമൻ സാമ്രാജ്യം ജപ്പാനിലേക്ക് ഒരു നാവിക കപ്പൽ അയക്കുന്നതിലൂടെയാണ് പിന്നീട് ഈ ബന്ധം ഉടലെടുക്കുന്നത്. എര്‍തുഗ്രുല്‍ എന്ന ഈ നാവികകപ്പല്‍ മടങ്ങുന്ന വഴി നിർഭാഗ്യവശാൽ 609 പേരുമായി കടലിൽ മുങ്ങുകയും 540 പേരുടെ മരണത്തിന് ഇടയാവുകയും ചെയ്തു.

1909-ൽ ഇസ്‌ലാം മതം സ്വീകരിച്ച മിത്‌സുതാരോ തക്കോക്കയാണ് അറിയപ്പെടുന്ന ആദ്യ ജാപ്പനീസ് മുസ്‌ലിം. മക്കയിലേക്കുള്ള തീർഥാടനത്തിനു  ശേഷം അദ്ദേഹം ഒമർ യമോക്ക എന്ന പേര് സ്വീകരിച്ചു.  വ്യാപാര ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് പോകുകയും അവിടത്തെ പ്രാദേശിക മുസ്‍ലിംകളുടെ സ്വാധീനത്താൽ ഇസ്‍ലാം സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. അതേസമയം, എർതുഗ്രുല്‍ എന്ന കപ്പൽ തകർച്ചയെത്തുടർന്ന് മരിച്ചവരോട് അനുഭാവം പ്രകടിപ്പിച്ച് തുർക്കി സന്ദർശിച്ച ടോറാജിറോ യമദയാണ് ആദ്യ ജാപ്പനീസ് മുസ്‍ലിമെന്ന് അഭിപ്രായപ്പെടുന്ന ചില പഠനങ്ങളുമുണ്ട്. തുർക്കിയിൽ വെച്ച് തന്നെ അദ്ദേഹം ഇസ്‍ലാം മതം സ്വീകരിക്കുകയും അബ്ദുല്‍ ഖലീൽ എന്ന പേര് സ്വീകരിക്കുകയും മക്കയിലേക്ക് തീർത്ഥാടനം നടത്തുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.

ഒന്നാം ലോകമഹായുദ്ധസമയത്ത് ബോൾഷെവിക് വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ മധ്യേഷ്യയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള നൂറുകണക്കിന് തുർക്കുമൻ, ഉസ്ബെക്ക്, താജിക്ക്, കിർഗിസ്, കസാഖ്, മറ്റ് തുർക്കോ- താതർമുസ്‍ലിം അഭയാർത്ഥികൾ എത്തുന്നതുവരെ യഥാർത്ഥ മുസ്‍ലാം സമൂഹജീവിതം ജപ്പാനിൽ ആരംഭിച്ചിരുന്നില്ല. ഈ അഭയാര്‍ത്ഥികള്‍ ജപ്പാനിലെ പല പ്രധാന നഗരങ്ങളിലും താമസമാക്കുകയും ചെറിയ മുസ്‍ലാം സമൂഹങ്ങൾ അവിടങളിൽ രൂപപെട്ടു വരികയും ചെയ്തു. ഇത്തരം അഭയാർത്ഥി മുസ്‌ലിംകളുമായുള്ള സമ്പർക്കത്തിലൂടെ നിരവധി ജപ്പാന്‍കാർ ഇസ്‌ലാം സ്വീകരിക്കുകയും നിരവധി  മസ്ജിദുകൾ നിർമ്മിക്കപ്പെടുകയും ചെയ്തു.  1935-ൽ നിർമ്മിക്കപ്പെട്ട കോബെ മസ്ജിദും (ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്) 1938-ൽ നിർമ്മിക്കപ്പെട്ട ടോക്കിയോ മസ്ജിദുമാണ് ഇവകളിൽ പ്രധാനപ്പെട്ടത്. എന്നാൽ ഈ പള്ളികൾ പണിയുന്നതിൽ ജാപ്പനീസ് മുസ്‌ലിംകളുടെ പങ്ക് വളരെ കുറവായിരുന്നുവെന്ന് മാത്രമല്ല, പള്ളിയിലെ ഇമാമത് അടക്കമുള്ള കാര്യങ്ങളെല്ലാം നോക്കിയിരുന്ന വിദേശി അഭയാര്‍ത്ഥികള്‍ തന്നെയായിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഇസ്‍ലാമിനെയും മുസ്‍ലിം ലോകത്തെയും കുറിച്ച് പല സംഘടനകളിലൂടെയും ഗവേഷണ കേന്ദ്രങ്ങളിലൂടെയും സൈനിക ഭരണകൂടം ജപ്പാനിൽ ഒരു ഇസ്‍ലാമിക് ബോധവത്കരണ ക്യാമ്പയിന് തന്നെ തുടക്കം കുറിച്ചു. ഇക്കാലയളവിൽ ജപ്പാനിൽ ഇസ്‍ലാമിനെക്കുറിച്ചുള്ള 100-ലധികം പുസ്തകങ്ങളും ജേണലുകളും പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു. എന്നാൽ അവയുടെ ഉദ്ദേശ്യം ഇസ്‌ലാമിന്റെ പ്രചാരണമായിരുന്നില്ല മറിച്ച് ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും ജാപ്പനീസ് സൈന്യത്തിന്റെ മറ്റു അധിനിവേശ പ്രദേശങ്ങളിലും മുസ്‌ലിം സമൂഹങ്ങൾ നിലനിന്നിരുന്നതിനാൽ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള  അറിവോടെ സൈന്യത്തെ നന്നായി സജ്ജരാക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ഏക ലക്ഷ്യം. തൽഫലമായി, 1945-ൽ യുദ്ധം അവസാനിച്ചതോടെ ഈ സംഘടനകളും ഗവേഷണ കേന്ദ്രങ്ങളും അതിവേഗം അപ്രത്യക്ഷമാവുകയും ചെയ്തു.

1973ലെ ഓയിൽ ഷോക്കിന് ശേഷം അറബ് ബൂമിന്റെ തണലിൽ വീണ്ടും ഇസ്‍ലാം ജപ്പാനിൽ ശ്രദ്ധാകേന്ദ്രമായി. ജാപ്പനീസ് മാധ്യമങ്ങൾ മുസ്‍ലിം ലോകത്തിനും പ്രത്യേകിച്ച് അറബ് ലോകത്തിനും വലിയ പ്രചാരണം നൽകി. ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ അറബ് രാജ്യങ്ങൾക്ക് വഹിക്കാവുന്ന പങ്കിനെ കുറിച്ചായിരുന്നു ഇത്തരം പ്രചരണങ്ങളിൽ പലതും. ഇസ്‌ലാമിനെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ജപ്പാൻകാർക്ക് പലർക്കും മക്കയിലെ ഹജ്ജ് രംഗം കാണാനും ബാങ്ക് വിളി കേൾക്കാനും ഖുർആൻ പാരായണങ്ങൾ കേൾക്കാനും ഇക്കാലത്ത് അവസരം ലഭിച്ചു. ഇസ്‌ലാമിലേക്കുള്ള ആത്മാർത്ഥമായ നിരവധി പരിവർത്തനങ്ങൾ ഇക്കാലയളവിൽ അരങ്ങേറിയിട്ടുണ്ട്.  ഓയിൽ ഷോക്ക് അവസാനിച്ചതോടെ ഇസ്‍ലാം മത സ്വാധീനത്തിനും ഇടിവ് സംഭവിച്ചു എന്ന് വേണം പറയാന്‍. എന്നാല്‍, പിന്നീടു വന്ന പതിറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും കാര്യമായ ഇസ്‍ലാമിക പ്രബോധനത്തിനും ചലനങ്ങൾക്കും സാക്ഷിയാവുന്നതാണ് പിന്നീട് ലോകം കണ്ടത്.

കടപ്പാട് : islamawareness.net

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter