ലൗജിഹാദ് ഇസ്​ലാമിലില്ല; എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്​ലാം:സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ

ലൗജിഹാദ് ഇസ്​ലാമിലില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ്​ ജിഫ്​രി മുത്തുക്കോയ തങ്ങൾ. ആരെയും നിർബന്ധിച്ച് മതം മാറ്റരുതെന്നാണ് ഖുർആൻ പറയുന്നത്. അങ്ങനെ ആരെയും പ്രവാചകൻ ഇസ്​ലാമിലേക്ക് ക്ഷണിച്ചിട്ടില്ല. ഇസ് ലാമിക ശരീഅത്തോ മുസ് ലിം സംഘടനകളോ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

രാഷ്ട്രങ്ങൾ തമ്മിലടക്കം പല തരത്തിലുള്ള യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ശരീരം വൃത്തികെട്ട സ്വഭാവത്തിലേക്ക് പോകുമ്പോൾ ശരീരത്തോടുള്ള യുദ്ധവും ഇസ്​ലാമിലുണ്ട്. വൃത്തികെട്ട സ്വഭാവത്തെ അതിജീവിച്ച് ശരീരത്തെ പാകപ്പെടുത്തുക എന്നതാണ് അത്തരം യുദ്ധത്തെ ജിഹാദ് എന്നതു കൊണ്ട് അർഥമാക്കുന്നത്. ലവ് ജിഹാദ് എന്നത്​ ഇസ്​ലാമിലില്ല. സ്നേഹം കാണിച്ച് ആരെ‍‍യും ഇസ്​ലാമിലേക്ക് കൊണ്ടു വരുന്നില്ല. വ്യത്യസ്ത മതങ്ങളിലുള്ളവർ പരസ്പരം സ്നേഹിച്ച് വിവാഹം കഴിച്ചാൽ അതിനെ ലവ് ജിഹാദ് എന്ന് പറയാറുണ്ടോയെന്ന് ജിഫ്രി തങ്ങൾ ചോദിച്ചു.

ജിഹാദ് എന്ന വാക്ക് ഉള്ളതു കൊണ്ട് എല്ലാവർക്കും വന്നു കയറാനും കൊട്ടാനും ഉള്ള ചെണ്ടയാണ് ഇസ്​ലാമെന്നാണ് ചിലർ മനസിലാക്കിയിട്ടുള്ളത്. മുസ്​ലിംകൾ എന്തെങ്കിലും പറഞ്ഞാൽ തീവ്രവാദവും വർഗീയതയും ആക്കുന്നു. മുസ്​ലിംകളിൽ തീവ്രവാദ ആശയങ്ങളുമായി നടക്കുന്നവരുണ്ടെങ്കിൽ, അവർ രാഷ്ട്രത്തിന് എതിരാണെങ്കിൽ കേസെടുക്കണമെന്നും ജിഫ്രി തങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഏതാനും ചില ആളുകൾ എന്തെങ്കിലും ചിലത് ചെയ്യുന്നത് ഇസ് ലാമിന്‍റെ മേൽ കെട്ടിവെച്ച് മുസ് ലിം സമുദായത്തെ ഒന്നാകെ ആക്ഷേപിക്കുന്നത് ശരിയല്ല. ഏത് മതത്തിലും മതമേലധ്യക്ഷന്മാരെ സ്വാധീനിക്കുന്ന ഒരു വിഭാഗം ഉണ്ടാകും. ഇന്ത്യ പോലുള്ള രാജ്യത്ത് എല്ലാ മതങ്ങളുടെ ഇടയിലും സൗഹാർദമുണ്ടാക്കേണ്ട വാക്കുകളാണ് മതമേലധ്യക്ഷന്മാർ പറയേണ്ടതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

മുസ് ലിംകളും ക്രൈസ്തവരും ഹിന്ദുക്കളും പരസ്പരം ബന്ധമുള്ളവരും സഹകരിച്ചും സഹായിച്ചും ജീവിക്കുന്നവരുമാണ്. മൂന്നു സമുദായങ്ങളും മതസൗഹാർദത്തെ അംഗീകരിക്കുന്നവരും പരസ്പരം മനസിലാക്കിയവരും ആണ്. മറിച്ച് വിദ്വേഷവും വെറുപ്പും വളർത്തുന്നവരല്ല. മതമേലധ്യക്ഷന്മാർക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.

വിവാദ പരാമർശങ്ങൾ നടത്തുന്ന ബിഷപ്പുമാരെ ഉത്തരവാദപ്പെട്ടവർ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ ഇപ്പോഴുണ്ടോ എന്ന് സംശയിക്കുകയാണ്. മന്ത്രിമാർ ബിഷപ്പുമാരെ ശുദ്ധാത്മാക്കളാക്കിയും വിശുദ്ധന്മാരാക്കിയും പറയുന്നതിൽ കുഴപ്പമില്ല. വിവാദ പരാമർശങ്ങൾ നടത്തിയവരെ പ്രോത്സാഹിപ്പിക്കുന്ന സമീപം സർക്കാറിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവരുത്. അത് മറ്റൊരു വിഭാഗത്തെ വേദനിപ്പിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഇതാണ് പറയാനുള്ളത്. വിവാദ വിഷയത്തിൽ ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ മികച്ച പ്രതികരണമാണ് നടത്തിയത്.

സ്നേഹം എന്നത് മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. മതം നോക്കിയല്ല പ്രേമം ഉണ്ടാകുന്നത്. ലവ് ജിഹാദും നാർകോട്ടിക് ജിഹാദും നടത്താൻ മുസ് ലിംകൾക്ക് അജണ്ടയില്ല. ഒരു മദ്രസകളിലും അങ്ങനെ പഠിപ്പിക്കുന്നില്ല. പത്ര, മാധ്യമങ്ങൾ എഴുതുമ്പോൾ ലവ് ജിഹാദും നാർകോട്ടിക് ജിഹാദും മുസ് ലിംകൾ നടത്തുന്ന കാര്യങ്ങളാണെന്ന് പ്രചരിക്കുന്നു. മുസ് ലിംകൾ വല്ലാത്ത സാധനങ്ങളാണെന്നും മറ്റ് സമുദായക്കാരെ കൊല്ലാൻ നടക്കുന്നതാണെന്ന് തോന്നൽ ഉണ്ടാക്കും.

തീവ്രവാദ സ്വഭാവമുള്ളവർ എല്ലാ മതങ്ങളിലുമുണ്ട്. അവരെ അടിച്ചമർത്തി മതസൗഹാർദം വളർത്താനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. ബിഷപ്പുമാരോട് വെറുപ്പില്ല. തെറ്റെന്ന് മനസിലാക്കിയപ്പോൾ വിവാദ പാഠഭാഗങ്ങൾ പിൻവലിക്കാൻ താമരശ്ശേരി ബിഷപ്പ് നിർദേശം നൽകി. മുസ് ലിംകളോട് അടുത്ത് പെരുമാറുകയും മനസിലാക്കുകയും ചെയ്ത് വ്യക്തി‍യാണ് താമരശ്ശേരി ബിഷപ്പ്. കൈപ്പുസ്തകത്തിൽ പറയുന്നത് മുസ് ലിംകൾ ചെയ്യുന്നതും മതം അനുവദിക്കുന്നതുമായ കാര്യങ്ങളല്ല. ഇത്തരം കൈപ്പുസ്തകം വഴി മുസ് ലിംകളും ക്രൈസ്തവരും തമ്മിൽ വിദ്വേഷം വർധിക്കുകയാണ് ചെയ്യുകയെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.

മതസൗഹാർദത്തിന്​ കോട്ടം തട്ടരുതെന്നതാണ്​ സമസ്​തയുടെ നിലപാട്​. ഈ വിഷയത്തിൽ കോൺഗ്രസ്​ നേതാക്കളുടെ നിലപാട്​ സ്വാഗതാർഹമാണെന്നും ജിഫ്​രി തങ്ങൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സമസ്​ത ജനറൽ സെക്രട്ടറി പ്രഫ. ​െക. ആലിക്കുട്ടി മുസ്​ലിയാർ, സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ്​ കോയ തങ്ങൾ ജമലു​ല്ലൈലി തുടങ്ങിയവർ പ​ങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter