ജിഷ വധക്കേസ്.. അമീറുല്‍ ഇസ്‍ലാം പ്രതിയല്ലെങ്കില്‍....

ഏതാനും ദിവസം മുമ്പാണ്, കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലെ 'പ്രതി' അമീറുൽ ഇസ്‌ലാമുമായി വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച്, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അമ്പിളി ഓമനക്കുട്ടൻ നടത്തിയ അഭിമുഖം സൈബറിടങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇലയനക്കം പോലെ വന്ന് പോയത്. സംഭവത്തിലെ ദുരൂഹതയേറ്റാൻ തക്ക സ്ഫുലിംഗങ്ങൾ ആവോളമുണ്ടായിരുന്നിട്ടും ആ അഭിമുഖം പക്ഷെ ചൂടേറ്റ ഐസ് വാർത്തയായി രംഗം വിട്ടു. അമീറുൽ ഇസ്‌ലാം പ്രതിയല്ലെന്ന് തെളിയിക്കാൻ അമ്പിളി ഓമനക്കുട്ടൻ ഉയർത്തിയ എട്ടോളം ന്യായങ്ങളിൽ ഒന്ന് പോലും  കേരളീയ പൊതുബോധത്തിന് ന്യായമായി തോന്നാതെ പോയത് എന്ത് കൊണ്ടാണ്? അയാളാണ് യഥാർത്ഥ പ്രതിയെങ്കിൽ അമ്പിളി അടക്കം കേസിൽ ദുരൂഹത കാണുന്നവർ എന്താണ് തൃപ്തികരമാം വിധം തിരുത്തപ്പെടാത്തത്. പ്രതിയല്ലെങ്കിൽ പണമോ സ്വാധീന ശേഷിയോ ഇല്ലാത്ത ഒരു പുറംനാട്ടുകാരനെ നിയമപരമായി സംരക്ഷിക്കാൻ പ്രബുദ്ധ പൊതുത്വം ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്? ഇത്തരം ചോദ്യങ്ങളിൽ നിന്ന് മോക്ഷം ലഭിക്കാതെയും പ്രതിത്വം തീർപ്പ് കല്പിക്കപ്പെടാതെയുമാണ് ജിഷയെന്ന നടുക്കത്തിന്റെ അഞ്ചാമാണ്ടിലേക്ക് നാം കടക്കുന്നത്. 
ആസാം സ്വദേശിയായ അമീറുൽ ഇസ്‌ലാം എന്നയാൾ പ്രതിയായി 2017 ഡിസംബർ 6ന് അന്തിമവാദം പൂർത്തിയായെങ്കിലും അന്ന് തൊട്ടിന്നോളം, കേസിന്റെ സാമാന്യതക്ക് പുകമറയാകുന്ന കുറെയധികം സങ്കീർണ്ണതകൾ ചോദ്യങ്ങളായി ഉയർന്ന് വന്നിട്ടുണ്ട്.

നിയമവാഴ്ചയെ മാനിക്കുന്ന ന്യായമുള്ള ചോദ്യങ്ങളായിരുന്നു അവയെങ്കിലും ദൗർഭാഗ്യവശാൽ കേസിനെ ചുറ്റിപ്പറ്റിയുള്ള അനാവശ്യ തർക്കങ്ങളിൽ അവ ശ്രദ്ധിക്കപ്പെടാതെ പോയി. ആ നിരയിലെ ഏറ്റവുമൊടുവിലത്തെ ചോദ്യമാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്.
അഭിമുഖത്തോടനുബന്ധമായി അംബിളി ഓമനക്കുട്ടൻ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച ന്യായങ്ങളില്‍, അമീര്‍ പ്രതിയല്ലെന്നതിലേക്ക് നയിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍, ആരെയൊക്കെയോ രക്ഷിക്കാനായി, ആരുടെയൊക്കെയോ തിരക്കഥകളിലൂടെ ജന്മം കൊണ്ടതാണ് അമീര്‍ എന്ന പ്രതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമീറുല്‍ ഇസ്‍ലാം എന്ന് പേര് കൂടി ഉണ്ടാവുന്നതോടെ, മാധ്യമങ്ങള്‍ അത് അത്യാവേശത്തോടെ ഏറ്റെടുക്കുമെന്നും മറുത്ത് പറയേണ്ട സമുദായം പോലും അതിനെതിരെ മൌനവലംബിക്കുമെന്നും അവര്‍ കണക്ക് കൂട്ടിയിരിക്കണം, അത് തന്നെയാണ് സംഭിവച്ചതും. 

Also Read:മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, സാമൂഹ്യമാധ്യമങ്ങളുടെ ഉപയോക്താക്കളെല്ലാം ഇക്കാലത്തെ സംബോധിതരാണ്..

ഇവിടെയാണ് സമുദായനേതൃത്വം ഉണരേണ്ടത്. അമീര്‍ പ്രതിയാണെങ്കില്‍ അര്‍ഹമായ ശിക്ഷ ലഭിക്കുക തന്നെ വേണം. നിരപരാധിയാണെങ്കില്‍, സ്വന്തം കുടുംബത്തിനുള്ള അന്നം തേടിയെത്തിയ ആ സാധാരണ മനുഷ്യനെ അങ്ങനെയങ്ങ് വിട്ട് കൊടുത്ത് കൂടാ. അതും, പേരില്‍ ഇസ്‍ലാം ഉണ്ടെന്നത് അതിന് കാരണമായെന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍. എല്ലാ പുകമറകളും നീക്കി സത്യം സത്യമായി വെളിച്ചത്ത് കൊണ്ട് വരുന്നതിന് ശക്തമായ ഇടപെടലുകള്‍ നടക്കേണ്ടിയിരിക്കുന്നു. പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിക്ക് തന്റേതല്ലാത്ത നാട്ടിലും ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു.
അതൊരിക്കലും നിയമ വാഴ്ചയെ എതിർക്കാനല്ല, പൊതുബോധത്തെ ഉണർത്താനും കേസിന്റെ നൈതികതയെ ശക്തിപ്പെടുത്താനുമാണ് ഈ ചോദ്യങ്ങളടക്കം ഇവ്വിഷയകമായി നിലനിൽക്കുന്ന സംശയങ്ങൾ ഗുണം ചെയ്യുക. ദുരൂഹതകൾ നീക്കി സങ്കീർണ്ണതകളുടെ കുരുക്കഴിക്കുമ്പോൾ നിയമം തിരുത്തപ്പെടുകയല്ല, പ്രത്യുത യഥാവിധം നിർവ്വഹിക്കപ്പെടുകയാണ് ചെയ്യുന്നത്. അപരാധിത്വം പോലെ പ്രധാനമാണ് കേസിൽ നിരപരാധിത്വവും. 

അതിഥിതൊഴിലാളിയെന്ന അധസ്ഥിതത്വത്തിന്റെ പേരിൽ പ്രതിയാക്കപ്പെട്ടതാണ് അയാളെങ്കിൽ ഈ കൊലപാതകത്തേക്കാളേറെ, വരും ദിനങ്ങളില്‍ നമ്മെ വേട്ടയാടുക, വിശിഷ്യാ സമുദായത്തെ, അമീര്‍ ഏറ്റ് വാങ്ങുന്ന ശിക്ഷ തന്നെയാവും. അതിന് ഇരയാവുന്നത് കേവലം വ്യക്തികള്‍ മാത്രമായിരിക്കില്ല, സമുദായം ഒന്നടങ്കമായിരിക്കും. പല കേസുകളിലും സമുദായത്തിന് ഏല്‍ക്കേണ്ടിവന്ന ഇത്തരം ആസൂത്രിത പഴികള്‍, ഇനിയും ആവര്‍ത്തിച്ച് കൂടാ.
നിയമമൊരിക്കലും ഒറ്റത്തവണയിൽ തീർപ്പാക്കപ്പെടുന്നതല്ല- മാർക്കസ് സിസെറോ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter