ആ പേര് ഉച്ചരിക്കാന്‍ പോലും വുളു എടുത്തിരുന്ന ഖലീഫ

ഉസ്മാനിയ്യാ ഭരണാധികാരി സുലൈമാനുൽ ഖാനൂനി ദർബാറിലേക്കു വരുമ്പോൾ ഒരാവശ്യത്തിന് വേണ്ടി  തന്റെ ഭൃത്യനെ വിളിച്ചു: "യാ ഗുലാം...!" (മോനേ...)
ഭൃത്യൻ വിളി കേട്ടു. നിർദ്ദേശിച്ച കൃത്യം നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ, സുൽത്വാന്റെ വിളി കേട്ട സമയം മുതൽ അദ്ദേഹം ദുഃഖിതനായി കാണപ്പെട്ടു. അടുത്ത ദിവസവും സുൽത്വാൻ വരുമ്പോൾ അദ്ദേഹത്തെ കണ്ടു. "യാ.. മുഹമ്മദ് "
വിളി കേട്ട് ഭൃത്യൻ ഓടി വന്നു. മുഖത്ത് ദുഃഖം നിഴലിച്ചുകാണാം.
"നിനക്കെന്തു പറ്റി..?"
"സുൽത്വാൻ, ഞാൻ ഇരുപതു വർഷമായല്ലോ അങ്ങയുടെ കൂടെ. ഇക്കാലമത്രയും അങ്ങെന്നെ 'മുഹമ്മദ്‌ ' എന്നാണു വിളിച്ചത്. ആദരവായ തിരുമേനി (സ്വ)യുടെ പേര്. എന്നാൽ,  ഇന്നലെ മാത്രം അങ്ങെന്നെ 'യാ ഗുലാം' എന്നു വിളിച്ചു. തിരുമേനിയുടെ പേരു ചൊല്ലി വിളിച്ചില്ല. എനിക്കതു വലിയ മനോവിഷമമുണ്ടാക്കി"
സുൽത്വാൻ പറഞ്ഞു. "എന്നോടു ക്ഷമിക്കണം. ഇന്നലെ അങ്ങനെ ചെയ്യാൻ കാരണമുണ്ട്. ഓർമ്മ വെച്ചതിനു ശേഷം വുളൂവോടെയല്ലാതെ ഞാന്‍ ആ തിരുനാമം മൊഴിഞ്ഞിട്ടില്ല. ഇന്നലെ ഇങ്ങോട്ടു വരുന്നതിനിടെ എന്റെ വുളൂഅ്‌ നഷ്ടപ്പെട്ടു. വീണ്ടും വുളൂഅ്‌ ചെയ്യുന്നതിനു മുമ്പാണ് നിന്നെ വിളിക്കേണ്ടിവന്നത്. അപ്പോൾ, തിരുനാമം ഉച്ചരിക്കാൻ എനിക്കാകുമായിരുന്നില്ല".
അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കൽ ഹൃദയത്തിന്റെ ധർമ്മനിഷ്ഠയിൽ പെട്ടതാണെന്ന് ഖുർആൻ പറയുന്നുണ്ട്. ഇവിടെ സുൽത്വാൻ കാണിച്ച മാതൃക ആ അർത്ഥത്തിൽ വേണം വായിക്കാന്‍. എന്നാൽ ഭൃത്യൻ തന്റെ പേരിനു കാണിച്ച പ്രാധാന്യം ആ മനസ്സിന്റെ പരിശുദ്ധിയെയും ജീവിത നൈർമല്യത്തെയും അടയാളപ്പെടുത്തുന്നുമുണ്ട്.
പേരിലും പുണ്യമുണ്ട്. ബർകത്തുണ്ട്. മക്കൾക്ക് നല്ല പേരിടണം. അപൂർവവും വിചിത്രവുമായ പേരുകൾ കണ്ടെത്തിയാൽ ഓമന മക്കളും പേരുപോലെ വികൃതജീവിതങ്ങളാവും.  വാക്കുകളുടെ ശ്രവണ ലാവണ്യത്തിനും അർത്ഥങ്ങൾക്കുമപ്പുറം ആരുടെ നാമമാണെന്നു നോക്കണം. മഹാന്മാരുടെ പേരിടുമ്പോൾ  അതിന്റെ ഗുണം അവരുടെ ജീവിതത്തിലും കാണാനായേക്കും. 
ഇസ്‌ലാം സ്വീകരിച്ചവരുടെ നാമങ്ങള്‍ സുന്ദരവും അർത്ഥപൂർണ്ണവുമാവണമെന്ന് പ്രവാചകർ (സ്വ)ക്ക് ആഗ്രഹമുണ്ടായിരുന്നു. തങ്ങൾ പലര്‍ക്കും പെരുമയുള്ള പേരുകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. സഈദു ബിന്‍ മുസയ്യബ് (റ) ന്റെ പിതാമഹനു ഖിന്നൻ എന്നർത്ഥം വരുന്ന പേരു മാറ്റി 'സഹല്‍' എന്നാക്കുവാൻ  പ്രവാചകർ (സ്വ) നിർദ്ദേശിച്ചു.  എന്നാൽ തന്റെ പിതാവ് നല്‍കിയ പേര് തിരുത്താന്‍ അദ്ദേഹം തയ്യാറായില്ല. അതിന് ശേഷം ആ കുടുംബത്തിൽ നിന്നും ദുഃഖം നീങ്ങിപ്പോയിരുന്നില്ലെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 
നബി (സ്വ) പറഞ്ഞു: നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യനാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക. (അബൂദാവൂദ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter