വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന കൊസോവോ, എന്താണ് സംഭവിക്കുന്നത്

വടക്കൻ കൊസോവയിലെ ന്യൂനപക്ഷമായ സെർബ് വംശജരുടെ ശക്തമായ പ്രക്ഷോഭം അടിച്ചമർത്താൻ കൊസവോ പോലീസും നാറ്റോ സൈന്യവും വിന്യസിക്കപ്പെട്ടതോടെ കൊസോവ-സെർബിയൻ പ്രശ്നം വീണ്ടും ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. വെറും പതിനായിരം ചതുരശ്ര കിലോമീറ്റർ മാത്രമുള്ള അൽബേനിയൻ മുസ്‍ലിം ഭൂരിപക്ഷ രാജ്യമായ കൊസോവ, 2008ല്‍ സെർബിയയിൽനിന്ന് സ്വതന്ത്യം പ്രഖ്യാപിച്ചുവെങ്കിലും സെർബിയ അടക്കമുള്ള പല രാജ്യങ്ങളും ഇത് അംഗീകരിക്കാൻ തയ്യാറാകാതിരിക്കുകയും  ബന്ധം നിർത്തലാക്കുകയും ചെയ്തു. എന്നാൽ അമേരിക്ക അടക്കമുള്ള നൂറോളം രാജ്യങ്ങളുടെ അംഗീകാരം ലഭിച്ച കൊസോവയുടെ സ്വതന്ത്ര്യത്തിനു നൂറ്റാണ്ടുകളുടെ ചെറുത്തു നിൽപ്പിന്റെയും യാതനകളുടെയും കഥ പറയാനുണ്ട്.

സെർബ് ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗവും അൽബേനിയൻ മുസ്‍ലിംകളും വസിക്കുന്ന ഈ മേഖല ഓട്ടോമൻ ഭരണകാലം മുതൽ തന്നെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പേരുകേട്ടതാണ്. 1912 ൽ വർഷങ്ങൾ നീണ്ടുനിന്ന ബാൽക്കൻ യുദ്ധങ്ങൾക്ക് ശേഷം തങ്ങളുടെ മാതൃരാജ്യമായ അൽബേനിയയുടെ ഭാഗമാകാൻ സാധിക്കാതെ വരികയും മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ കൊസോവ സെർബിയയുടെ ഭാഗമാവുകയും ചെയ്തു. 1939ൽ അൽബേനിയ ഇറ്റാലിയൻ അധിനിവേശത്തിന് വിധേയമായതോടെ കൊസോവയും അതിനിവേശത്തിന് വഴങ്ങേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധത്തോടെ ഈ മേഖല വീണ്ടും പ്രശ്ന കലുഷിതമായി. ജർമ്മനി ഇറ്റലി സഖ്യ കക്ഷികൾക്കെതിരെ റഷ്യയും അമേരിക്കയും അടങ്ങുന്ന ശക്തികൾ പോരാടിയപ്പോള്‍ റഷ്യക്കായിരുന്നു ഈ മേഖലയിൽ മേൽകോയ്മ ഉണ്ടായിരുന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചയുടനെ സെർബിയ, ക്രൊയേഷ്യ, സ്ലോവാനിയ, മോണ്ടിനെഗ്രോ, ബോസ്നിയ, മാസിടോണിയ എന്നീ രാജ്യങ്ങൾ അടങ്ങിയ യുഗ്ലോസ്ലോവാക്യ എന്ന ഫെഡറൽ ഭരണകൂടം നിലവിൽ വന്നുവെങ്കിലും സെർബിയക്ക് കീഴിൽ ഒരു സ്വയം ഭരണ പ്രദേശം മാത്രമായി അവശേഷിക്കാനായിരുന്നു കൊസോവയുടെ വിധി. 

1968ല്‍ സെർബിയയിൽ നിന്നും സ്വതന്ത്രമായ ഒരു ഭരണകൂടം ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയ ജനങ്ങൾ അതിശക്തമായ അടിച്ചമർത്തലിന് വിധേയമായി. 1980കളുടെ അവസാനത്തിൽ സെര്‍ബിയന്‍ പ്രസിഡണ്ടായിരുന്ന സലൂബൂഡൻ മിലൂസോഫിറ്റ്സ് പ്രശ്നം പരിഹരിക്കുന്നതിന് പകരം സെർബിയൻ ദേശീയത ആളിക്കത്തിക്കുകയും അതുവരെ കൊസോവോ കയ്യാളിയിരുന്ന സ്വയം ഭരണാധികാരം പോലും ഇല്ലായ്മ ചെയ്യുകയും അൽബേനിയൻ മുസ്ലിം വംശജരെ അടിച്ചമർത്തുകയും ചെയ്തു. 1997 ൽ സെർബിയൻ ഗവൺമെൻറ് സ്വീകരിച്ച വർഗീയമായ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയ കൊസോവ ലിബറേഷൻ ആർമി സെർബ് സൈന്യത്തിന് മുമ്പിൽ പരാജയപ്പെട്ടതോടെ എട്ടു ലക്ഷത്തോളം അൽബേനിയൻ വംശജരാണ് ഇവിടെനിന്ന് പലായനം നടത്തേണ്ടി വന്നത്.
 
1999ല്‍ സെർബിയ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ശുദ്ധീകരണത്തിനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ സൈന്യം ഇടപെടുകയും സെർബിയൻ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതേവർഷം തന്നെ ഈ മേഖല യു.എന്നിന്റെ മേൽനോട്ടത്തിന് കീഴിൽ വരുകയും സ്വയം ഭരണാധികാരം തിരിച്ചു നൽകുകയും ചെയ്തു. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎൻ ഇടപെട്ടു എങ്കിലും ഫലം കണ്ടില്ല. 2008ല്‍ സെർബിയയിൽ നിന്ന് ഏകപക്ഷീയമായി കൊസോവ തങ്ങളുടെ സ്വതന്ത്ര്യം പ്രഖ്യാപിച്ചു എങ്കിലും റഷ്യ, ചൈന അടങ്ങുന്ന പല രാജ്യങ്ങളും കൊസോവയെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ മുന്നോട്ടുവന്നില്ല. 2009ൽ സെർബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു എങ്കിലും സ്വതന്ത്ര്യ പ്രഖ്യാപനം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമല്ല എന്ന മറുപടി മാത്രമേ ലഭിച്ചുള്ളൂ.

2008 ൽ കൊസോവ സ്വതന്ത്രമായി എങ്കിലും വടക്കൻ മേഖലയിലെ ഭൂരിപക്ഷമായ സെർബുകൾ കൊസോവ ഗവൺമെന്റിന് ഇന്നും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സെർബിയയിൽ നിന്ന് സ്വതന്ത്രമായതിനെ അംഗീകരിക്കാത്ത ഇവർ അൽബേനിയൻ വംശജർക്കെതിരെ ക്യാമ്പയിനുകൾ നടത്തുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവസാനമായി കൊസോവ ഗവൺമെൻറ് സെർബ് ഭൂരിപക്ഷ മേഖലയിൽ മുന്‍സിപ്പാലിറ്റികളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്ന് അധികാരത്തിലെത്തിയ അൽബേനിയൻ വംശജരായ മേയർമാർക്കെതിരെയുള്ള സെർബ് വംശജരുടെ പ്രക്ഷോഭത്തിന് സാക്ഷിയായി കൊണ്ടിരിക്കുകയാണ് ഇന്ന് കൊസോവ. പ്രക്ഷോഭകർക്കെതിരെ കൊസോവ പോലീസ് ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയതോടെ പ്രശ്നങ്ങൾ വഷളായി തുടങ്ങിയിരിക്കുകയാണ്. സെർബിയൻ വംശജർക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സെർബിയൻ സൈന്യം ഇടപെടുമെന്ന പ്രസിഡണ്ട് അലക്സാണ്ടർ വുസികിന്റെ ഭീഷണിക്ക് പിന്നാലെയാണ് നാറ്റോ തങ്ങളുടെ നാലായിരത്തോളം വരുന്ന സൈന്യത്തെയും അവിടെ വിന്ന്യസിച്ചിരിക്കുന്നത്. യുക്രെയിൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സാഹചര്യങ്ങൾ വഷളാകുന്നതിൽ റഷ്യയുടെ പങ്ക് വളരെ വലുതാണ് എന്നാണ് പാശ്ചാത്യ ശക്തികൾ വിശ്വസിക്കുന്നത്. എന്നാൽ ബാൾക്കൻ മേഖലയിലെ ടൈം ബോംബ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ച ഈ മേഖലയിൽ സാഹചര്യങ്ങൾ യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കാതെ തന്നെ പരിഹരിക്കാനാണ് യൂറോപ്യൻ യൂണിയൻ അടക്കമുള്ള പാശ്ചാത്യ ശക്തികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വീണ്ടും ഒരു ദുരന്ത ഭൂമിയാവാതെ കൊസോവയില്‍ സമാധാനം പുലരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter