എം.എ മുഹമ്മദ് ജമാല്‍ സാഹിബ് അന്തരിച്ചു

വയനാട് മുസ്‌ലിം യത്തീംഖാന ജനറല്‍ സെക്രട്ടറിയും അനാഥകള്‍ക്കും അഗതികള്‍ക്കും അശരണര്‍ക്കും താങ്ങായിരുന്ന എം.എ മുഹമ്മദ് ജമാല്‍ സാഹിബ് അന്തരിച്ചു.83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പര്‍, വയനാട് മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 

1940 ല്‍ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലാണ് ജമാല്‍ സാഹിബിന്റെ ജനനം. 1967 ല്‍ മുക്കം യതീഖാനയുടെ ശാഖയായി വയനാട് മുസ്‌ലിം ഓര്‍ഫനേജ് ആരംഭിച്ചത് മുതല്‍ ഡബ്ല്യു എം.ഒയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചുവരികയായിരുന്നു ജമാല്‍ സാഹിബ്.
1976 ല്‍ ജോയിന്റ് സെക്രട്ടറിയായി, വയനാട് ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയായിരുന്ന കുഞ്ഞബ്ദുല്ല ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് 1988 ല്‍ ജമാല്‍ സാഹിബ് ജനറല്‍ സെക്രട്ടറി പദത്തിലേക്ക് വരുന്നത് .തുടര്‍ന്ന് മൂന്നര പതിറ്റാണ്ട് തത്സ്ഥാനത്ത് തുടര്‍ന്നു. 

ഓരോ കുട്ടിയെയും ഓരോ വ്യക്തിയായി ആദരിക്കുക എന്ന മഹത്തായ ആശയമായിരുന്നു അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. അതിന്റെ ചിറകിലേറിയായിരുന്നു വയനാട് ഓര്‍ഫനേജിന്റെ പ്രയാണവും.അനാഥകളെയും അഗതികളെയും സ്‌നേഹിച്ച് ആദരിച്ച ജീവിതമായിരുന്നു ജമാല്‍ സാഹിബിന്റേത്.

ജനാസ ഉച്ചക്ക് രണ്ട് മണി മുതല്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജിലും വൈകീട്ട് ആറു മുതല്‍ സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു എം.ഒ ഇംഗ്ലീഷ് അക്കാദമിയിലും ദര്‍ശനത്തിന് വെക്കും. മയ്യിത്ത് നിസ്‌കാരം വൈകീട്ട്  4ന് യതീഖാന കാമ്പസിലും 7.30 ന് സുല്‍ത്താന്‍ ബത്തേരി ജുമാമസ്ജിദിലും നടക്കും.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter