ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍
മലബാർ തീരങ്ങളില്‍ പ്രവാചകകാലത്ത് തന്നെ ഇസ്‍ലാം വന്നുവെന്നാണ് ചരിത്രം. കച്ചവടബന്ധങ്ങളിലൂടെ നേരത്തെ അറബികളുമായി ഇടപഴകിയിരുന്ന കേരളീയരില്‍നിന്ന്, ചേരമാൻ പെരുമാൾ ഹിജാസിലേക്ക് പോയതും അതുവഴി ഇസ്‍ലാം സ്വീകരിച്ചതും ഏറെ പ്രസിദ്ധമാണ്. അതിലൂടെ, ഹിജ്റ വർഷത്തിന്റെ ആദ്യകാലത്ത് തന്നെ പ്രബോധന സംഘം മലബാറിൽ എത്തിച്ചേരുകയും ഇസ്‍ലാം പ്രചരിപ്പിക്കുകയും ചെയ്തു. അവരുടെ പ്രബോധനത്തിന്റെ അടിസ്ഥാനം പരിശുദ്ധ ഖുർആനും നബിചര്യമായിരുന്നു. അത് കൊണ്ട് തന്നെ, പ്രവാചകരുടെ ഹദീസുകള്‍ അക്കാലത്ത് തന്നെ കേരളത്തിലെത്തിയെന്ന് അനുമാനിക്കാം.
ശേഷം, അറബ് നാടുകളിൽ നിന്ന് ഹദീസ് വിജ്ഞാനത്തിൽ നിപുണരായ പ്രമുഖപണ്ഡിതന്മാരടക്കം എണ്ണമറ്റവർ വിവിധ കാലഘട്ടങ്ങളിലായി മലബാറിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. സഞ്ചാരിയും ഭൂമിശാസ്ത്ര പണ്ഡിതനുമായ ഇബ്‌നു ബതൂത്ത തന്റെ യാത്രയിലൂടെ വ്യക്തമാക്കുന്നതായി കാണാം; “ബഹ്‌റൈൻ പണ്ഡിതനായ ഇബ്രാഹിം ശാഹി ബന്ദർ പോലോത്ത പ്രമുഖ പണ്ഡിതന്മാർ മക്ക, മദീന, ബഹ്‌റൈൻ, ഒമാൻ എന്നീ സ്ഥലങ്ങളിൽ നിന്നു മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹദീസ് പഠിപ്പിക്കാനായി വന്നിട്ടുണ്ട്”. അതുപോലെ, മലബാറിലെ ചില പ്രമുഖ പണ്ഡിതന്മാർ മക്ക മദീന പോലോത്ത അറബ് നാടുകളിലേക്ക് മതകീയവിജ്ഞാനങ്ങൾക്കു വേണ്ടി പലായനം ചെയ്തതും ചരിത്രത്തില്‍ കാണാം. പ്രധാനമായും ഹജ്ജ്, ഉംറ എന്നിവ ലക്ഷ്യമിട്ടു പോകുന്ന അധികപേരും കുറച്ചുദിവസം അവിടെ താമസിച്ചു ഹദീസും മറ്റും പഠിക്കുന്നതും പതിവായിരുന്നു.
മലബാറിലെ പണ്ഡിതർ പ്രശസ്തരാണ് എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് പ്രസിദ്ധ പണ്ഡിതൻ അൽ യാകൂത്തുൽ ഹമവി തന്റെ "മുഅ്ജമുൽ ബുൽദാനി"ൽ ശൈഖ് അബ്ദുല്ല മലബാരിയില്‍നിന്ന് ഉദ്ധരിക്കുന്നത്. മാത്രമല്ല, ഡമസ്കസിന്റെ ചരിത്രം പറയുന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ അബ്ദുല്ലാഹി ബിൻ അബ്ദുറഹ്മാൻ മലബാരി എന്നവരെ പരാമർശിച്ചതായി കാണാം. ഹി. 571ൽ വഫാത്തായ പ്രസിദ്ധ ചരിത്രകാരൻ ഇബ്നു അസാകിർ തന്റെ താരീഖ് ദിമശ്ഖ് എന്ന കൃതിയിൽ പറയുന്നു: "മലബാറിലെ അബ്ദുല്ലാഹിബ്നു അബ്ദിറഹ്മാൻ ഡമസ്കസിലേക്ക് ഹദീസ് പഠനം നടത്താനായി എത്തുകയുണ്ടായി. അന്ന്, ഡമസ്കസ് ഹദീസ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമായിരുന്നു. നൂറുദ്ധീൻ സങ്കി നിർമിച്ച "ദാറുൽഹദീസ്" ആദ്യ ഹദീസ് ഗവേഷണ കേന്ദ്രവും അവിടയായിരുന്നു.
പ്രമുഖ ചരിത്രകാരനായ ഇമാം മുഹമ്മദ് സഖാഫി തന്റെ ചരിത്രഗ്രന്ഥമായ അസ്സൗഉലാമിഹ് ഫീ ഖർനി താസിഅ് എന്ന കൃതിയിൽ, മക്കയിലെത്തി പഠിക്കുകയും ശേഷം മലബാറിൽ പഠിപ്പിക്കുകയും ചെയ്ത അബ്ദുല്ലാ ഇബ്നു അഹ്മദ് എന്നവരെ കുറിച്ച് പരാമർശിക്കുന്നതായി കാണാം. അതിലുപരി, മലബാറിലെ പല പ്രമുഖ പണ്ഡിതരും പല ഘട്ടങ്ങളിലായി ഹദീസ് ഗ്രന്ഥങ്ങൾ രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അവരുടെ സംഭാവനകളെ വേണ്ട വിധം സംരക്ഷിക്കുന്നതിലും പ്രചാരം നേടിക്കൊടുക്കുന്നതിലും നാം വേണ്ടത്ര വിജയിച്ചിട്ടില്ല എന്ന് മാത്രം.
ഹദീസ് പാണ്ഡിത്യത്തിലെ മലബാരീ സംഭാവനകള്‍
നമുക്കിടയിൽ വ്യാപകമായ ഹദീസ് ഗ്രന്ഥങ്ങൾ വളരെ കൂടുതലാണ്. സ്വഹീഹുൽബുഖാരി, സ്വഹീഹ് മുസ്‍ലിം, ഇബ്നുമാജ, ജാമിഉത്തുർമുദി, മിഷ്കാത്തുൽമസാബീഹ്, റിയാളുസ്വാലിഹീൻ തുടങ്ങിയവയെല്ലാം കേരളീയ മുസ്‍ലിംകള്‍ക്ക് ഏറെ പരിചിതമാണ്. ഇതിൽ പല കിത്താബുകൾക്കും മലബാറിലെ പണ്ഡിതർ പരിഭാഷയോ ശറഹുകളോ രചിച്ചതായി കാണാം. അലി ഹസന്‍ മുസ്‍ലിയാരുടെ നൈലുല്‍മറാം, വാളക്കുളം അബ്ദുൽ ബാരി മുസ്‍ലിയാർ രചിച്ച സിഹാഹുശൈഖൈൻ, നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‍ലിയാർ രചിച്ച മിർആതുൽ മിശ്കാത്ത് എന്നിവ ഈ രംഗത്തെ പറയപ്പെടേണ്ട സംഭാവനകളാണ്.
നൈലുൽമറാം ബി കലാമി സയ്യിദിൽഅനാം
1892 തിരൂരങ്ങാടിയിൽ ജനിച്ച അലി ഹസ്സൻ മുസ്‍ലിയാരാണ് നൈലുൽമറാം ബി കലാമിസയ്യിദിൽ അനാം എന്ന ഹദീസ് ഗ്രന്ഥത്തിന്റെ രചയിതാവ്. അറബി, മലയാളം എന്നീ ഭാഷയിൽ അലി ഹസ്സൻ മുസ്‌ലിയാർ നിപുണനായിരുന്നു. പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിൽനിന്ന് ഉമ്മുൽ മുഅ്മിനീൻ ആഇശാ ബീവി റിപ്പോർട്ട് ചെയ്ത ഹദീസുകള്‍ ക്രോഡീകരിച്ചാണ് നൈലുൽമറാം എന്ന പേരിൽ കിതാബ് രചിക്കുന്നത്. അതിൽ ഏകദേശം 470 ഹദീസുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് മനഃപാഠമാക്കാൻ ഏറെ എളുപ്പത്തിലായിരുന്നു രചന രീതി. അലി ഹസ്സൻ മുസ്‍ലിയാരുടെ മറ്റൊരു കിതാബാണ് അൽഫവാഇദുൽജലിയ്യ.
സിഹാഹുശൈഖൈൻ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ ഉപാധ്യക്ഷനും ശേഷം അധ്യക്ഷനുമായ വാളക്കുളം അബ്ദുൽ ബാരി മുസ്‍ലിയാര്‍(ന:മ)യുടെ പ്രസിദ്ധമായ ഗ്രന്ഥമാണ് സിഹാഹുശൈഖൈൻ. ഹിജ്റ 1385ല്‍ പുതുപറമ്പിലായിരുന്നു മഹാന്റെ വഫാത്. "സിഹാഹുശൈഖൈനി"ക്ക് പുറമേ എണ്ണമറ്റ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിരുന്നു. ജംഉൽബാരി, അൽമുതഫരിദ്ഫിൽഫിഖ്ഹ്, അൽവസീലതുൽ ഉള്മാ, സ്വിറാത്തുൽമുസ്തഖീം തുടങ്ങിയവ അവയില്‍ ചിലതാണ്.
സിഹാഹുശൈഖൈൻ ആണ് അദ്ദേഹത്തിന്റെ അവസാനത്തെ രചന. ഇമാം ബുഖാരിയും ഇമാം മുസ്‍ലിമും ഏകോപിച്ചതും അല്ലാത്തതുമായ 2600 ഓളം ഹദീസുകളാണ് അതിൽ കൊണ്ടുവന്നിട്ടുള്ളത്. അദ്ദേഹം തന്നെ ഈ ഗ്രന്ഥത്തിന് ഹാഷിയയും ശറഹും എഴുതുകയും ഖാദിമുൽസ്വഹീഹൈൻ, ഹാശിയതു സിഹാഹിശൈഖൈൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഒറ്റനോട്ടത്തിൽ ഇമാം ഖതീബു തിബിരീസി(റ)ന്റെ മിഷ്കാത്തുൽ മസാബീഹിന്റെ ഒരു ചെറിയ രൂപമാണ് സിഹാഹുശൈഖൈൻ എന്ന് പറയാം. ഗ്രന്ഥത്തെ വിവിധ ഭാഗങ്ങളായി (ബാബ്) തിരിക്കുകയും ഓരോ ഭാഗത്തെയും ഹദീസുകളെ മൂന്ന് ഉപഭാഗങ്ങള് (ഫസ്‍ലുകള്‍) ആക്കുകയും ഒന്നാം ഫസ്‍ലിൽ ഇരു പണ്ഡിതരും ഏകോപിച്ചതും രണ്ടാം ഫസ്‍ലിൽ ബുഖാരി ഇമാം മാത്രം ഉദ്ധരിച്ചവയും മൂന്നാം ഫസ്‍ലിൽ ഇമാം മുസ്‍ലിം ഉദ്ധരിച്ചവയും ഉൾപ്പെടുത്തുകയും ചെയ്താണ് ഇത് രചിച്ചിരിക്കുന്നത്. എല്ലാ ഹദീസ് കൃതികളെയും പോലെ തന്നെ, നിയ്യതിനെ കുറിച്ചുള്ള ഇബ്നുഉമര്‍(റ)ന്റെ ഹദീസ് കൊണ്ട് തന്നെയാണ് ഇതും ആരംഭിക്കുന്നത്.
മിർആത്തുൽമിശ്കാത്
പ്രസിദ്ധ പണ്ഡിതനായ നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‍ലിയാര്‍(ന:മ)യുടെ പ്രസിദ്ധ ഗ്രന്ഥമാണ് മിർആത്തുൽമിശ്കാത്. കേരളീയ മുസ്‍ലിംകൾ നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‍ലിയാരുടെ ഈ രചനയെ ഏറെ ഗൗനിച്ചു എന്നത് പറയാതെ വയ്യ. 7000 പേജുകൾ അടങ്ങുന്ന ഏഴു വാള്യങ്ങളായി രചിച്ച ഗ്രന്ഥമാണ് മിർആത്തുൽ മിശ്കാത്. നാല് മദ്ഹബിന്റെ ഫിഖ്‌ഹീ നിയമങ്ങൾ ചേർത്ത് മുല്ല അലി ഖാരീ മിശ്കാത്തുൽ മസാബീഹിന് ശറഹായി മിർകാത്തുൽ മഫാതീഹ് രചിച്ചതുപോലെയാണ് നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‍ലിയാർ ഈ വിശദീകരണം രചിച്ചത്. മുല്ല അലി ഖാരീ ഹനഫി മദ്ഹബിനെ കേന്ദ്രീകരിച്ചു രചിച്ചതുപോലെ ശാഫിഈ മദ്ഹബിനെ കേന്ദ്രീകരിച്ചായിരുന്നു ഈ ശറഹ്.
ഫിഖ്ഹ്, ഹദീസ് പണ്ഡിതരുടെ ജീവചരിത്രവും ഇമാം ശാഫിഈ(റ)നെയും അദ്ദേഹത്തിന്റെ മദ്ഹബിനെയും പ്രത്യേകം വിശദമായി പരിചയപ്പെടുത്തുന്നുണ്ട്.
അൽകവാകിബുദ്ദുരിയ്യ മിനൽ അഹാദീസിന്നബവിയ്യ
1940ൽ പാടൂർ എന്ന സ്ഥലത്ത് ജനിച്ച കുഞ്ഞുമുഹമ്മദ് മൗലവി രചിച്ച ഗ്രന്ഥമാണ് അൽകവാകിബുദ്ദുരിയ്യ മിനൽ അഹാദീസിന്നബവിയ്യ. പ്രസിദ്ധഹദീസ് കിതാബുകളിലെ പ്രത്യേകമായ ആയിരം ഹദീസുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
മുഖ്താറുൽഅഖ്‌ലാഖും മുഖ്തസറുരിയാളിസ്വാലിഹീനും
ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‍വി രചിച്ച മഹത്വമേറിയ ചെറുഗ്രന്ഥമാണ് മുഖ്താറുൽഅഖ്‍ലാഖ്. വിദ്യാർഥികൾക്ക് തർബിയത്തിനും സ്വഭാവരൂപീകരണത്തിനും വേണ്ടിയുള്ള ഹദീസുകൾ ഉൾക്കൊള്ളിച്ചാണ് ഈ കിതാബ് രചിച്ചിരിക്കുന്നത്. ഇമാം നവവി(റ)യുടെ പ്രസിദ്ധ ഹദീസ് ഗ്രന്ഥം രിയാളുസ്വാലിഹീന്റെ ചുരുക്കരൂപമായ മുഖ്തസർ റിയാളുസ്വാലിഹീൻ അദ്ദേഹത്തിന്റെ മറ്റൊരു രചനയാണ്. ഈ കിതാബ് ഏറെ പ്രസിദ്ധവും പല കേരളീയ ഇസ്‍ലാമിക കലാലയങ്ങളിലെ പാഠ്യപദ്ധതിയുടെ ഭാഗവുമാണ്.
ഹദീസ് പരിഭാഷകൾ
പ്രസിദ്ധരായ പല മലബാരീ പണ്ഡിതരും പല ഹദീസ് ഗ്രന്ഥങ്ങളെയും മലയാളത്തിലേക്ക് പരിഭാഷ ചെയ്തതായും കാണാം. അദബുൽമുഫ്‍റദിനെ പരിഭാഷ ചെയ്ത ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‍വിയും, സ്വിഹാഹുസ്സിത്തയെ പരിഭാഷ ചെയ്ത കമാൽപാഷയും സ്വഹീഹ് ബുഖാരിയും സ്വഹീഹ് മുസ്‍ലിമും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഇബ്രാഹിം ഫൈസി പുത്തൂരും രിയാളുസ്വാലിഹീനെ തർജ്ജമ ചെയ്ത ഉസ്മാൻ മൗലവിയും അവരിൽ പെട്ടവരാണ്. വേറെയും അനേകം ഹദീസ് പരിഭാഷകള്‍ മലയാളത്തില്‍ ലഭ്യമാണ്.
ചുരുക്കത്തില്‍, മുസ്‍ലിം ലോകത്ത് പൊതുവിലെന്ന പോലെ കേരളത്തിലും പണ്ഡിതരും വിജ്ഞാന ലോകത്തുള്ളവരും ഹദീസ് വിജ്ഞാനീയങ്ങളെയും അവയുടെ പ്രചാരണത്തെയും ഏറെ പ്രാധാന്യത്തോടെ സമീപിച്ചിട്ടുണ്ട്. അവയെ കൃത്യമായി ക്രോഡീകരിക്കേണ്ടതും ചരിത്രത്തിന്റെ ഭാഗമായി സൂക്ഷിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. ആ രംഗത്ത് ഇനിയും നാം ഏറെ ചെയ്യേണ്ടിയിരിക്കുന്നു.



Leave A Comment