മിനഹുൽ മദ്ഹ്: സ്വഹാബികളുടെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍

ഇന്ന് നാം കാണുന്ന ഇസ്‍ലാമിക വിജ്ഞാനീയങ്ങള്‍ക്കെല്ലാം വിത്ത് പാകിയ,  പ്രവാചകരുടെയും അനുചരന്മാരുടെയും കാലത്ത് തന്നെയാണ് വിശ്വാസത്തിന്റെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും പുതിയ അധ്യായങ്ങൾക്ക് തുടക്കമിട്ടതും. ഖുർആനിലും നബി വചനങ്ങളിലും അവരുടെ മഹത്വം വിവരിക്കുന്നുണ്ട്. "മുഹാജിറുകളിലും അൻസ്വാറുകളിലും നിന്ന് ഏറ്റമാദ്യം മുന്നോട്ടു വന്നവരും പുണ്യത്തിലായി അവരെ അനുധാവനം ചെയ്തവരുമുണ്ടല്ലോ, അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു; അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിട്ടുണ്ട്. താഴ്ഭാഗങ്ങളിൽ കൂടി ആറുകളൊഴുകുന്ന സ്വർഗം അവർക്കായി അവൻ സജ്ജീകരിച്ചിട്ടുമുണ്ട്. അവരതിൽ ശാശ്വത വാസികളാണ്. മഹത്തായ വിജയമത്രേ അത്." (സൂറത്തു തൗബ:100) എന്ന വചനം, ഇസ്‌ലാമിന്റെ ആദ്യകാലത്ത് ജീവൻ സമർപ്പിച്ച ഈ മഹാന്മാരുടെ സ്ഥാനം എത്ര വലുതാണെന്ന് ഉദ്ബോദിപ്പിക്കുന്നു. 

ഇബ്‌നു സയ്യിദ് അന്നാസിന്റെ "മിനഹുൽ മദ്ഹ്" പ്രവാചകര്‍(സ്വ)യെ സ്തുതി കീർത്തനം നടത്തിയ സ്വഹാബി കവികളുടെ ജീവിതവും കവിതകളും വിശദമാക്കുന്ന ആധികാരിക ഗ്രന്ഥമാണ്. പണ്ഡിതനും കവിയുമായ ഇബ്‌നു സയ്യിദ് അന്നാസ് (അബുൽ ഫത്ഹ് ഫത്ഹുദ്ദീൻ മുഹമ്മദ് ബ്നു മുഹമ്മദ് ബ്നു മുഹമ്മദ് ബ്നു അബ്ദുല്ല) ഹിജ്റ 671-ൽ കെയ്‌റോയിൽ ജനിച്ചു. വിജ്ഞാനം തേടി നിരവധി പണ്ഡിതരുടെ ശിഷ്യനായി. അദ്ദേഹത്തിന്റെ പ്രധാന ഗുരുക്കന്മാരിൽ പെട്ടവരാണ് ശൈഖ് നജീബുദ്ദീൻ അൽഹർറാനി, ഇമാം ശംസുദ്ദീൻ അൽമഖ്ദസി തുടങ്ങിയവര്‍. 

ഇബ്‌നു സയ്യിദ് അന്നാസ് നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ്. ചരിത്രകാരൻ ഇബ്നു നാസിറുദ്ദീൻ അദ്ദേഹത്തെ "നിരവധി രചനകളുടെ ഉടമ" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഹിജ്റ 722-ൽ അദ്ദേഹം മരണപ്പെട്ടു. പാണ്ഡിത്യത്തോടൊപ്പം ഉന്നതമായ സ്വഭാവഗുണങ്ങളുടെയും ഉടമയായിരുന്നു അദ്ദേഹം. സംസാരത്തിൽ ലാളിത്യം, ചിന്തയിൽ വ്യക്തത, സൽസ്വഭാവം, വിനയം, ലജ്ജാശീലം എന്നിവ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. കവിതകളിൽ അദ്ദേഹം അതീവ മനോഹരമായ ശൈലി ഉപയോഗിച്ചു. ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത്, ആഫ്രിക്ക, അൻഡലുസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരിൽ നിന്ന് അദ്ദേഹം ഹദീസ് വിജ്ഞാനം നേടി. ഇബ്‌നു സയ്യിദ് അന്നാസിന്റെ ജീവിതം അറിവിനും സദാചാരത്തിനും വേണ്ടി നിലകൊണ്ട ഒരു മാതൃകാപുരുഷന്റെ കഥയാണ്.

ഇബ്നു സയ്യിദ് അന്നാസിന്റെ പുസ്തകത്തിന് 'മിനഹുൽ മദ്ഹ്' (സ്തുതിയുടെ ദാനം) എന്ന് പേരിടാൻ കാരണം, ഹിജ്റ ഏഴ്, എട്ട് നൂറ്റാണ്ടുകളിലും അതിനുശേഷവും നിലനിന്നിരുന്ന ഒരു ശൈലിയെ പിന്തുടർന്നുകൊണ്ടാണ്. ഈ കാലഘട്ടത്തിലെ എഴുത്തുകാർ അവരുടെ പുസ്തകങ്ങൾക്ക് പേരിടുമ്പോൾ, ജിനാസ്, സജ്അ് (പദങ്ങളുടെയും വാക്യങ്ങളുടെയും സമാനമായ ശബ്ദങ്ങൾ) പോലുള്ള അലങ്കാരങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു. ഇബ്നു അബ്ദുൽബർ എഴുതിയ 'അൽ-ഇസ്തിഅബ് ഫീ അസ്മാഇൽ അസ്ഹാബ്', അബൂ നുഐം അൽ+ഇസ്ബഹാനി എഴുതിയ 'ഹിൽയത്തുൽ ഔലിയാ വ ത്വബഖാതുൽ അസ്ഫിയാഅ്' തുടങ്ങിയ പുസ്തകങ്ങളുടെ പേരുകൾ ഇതിന് ഉദാഹരണങ്ങളാണ്. ഇതേ രീതി പിന്തുടർന്ന് ഇബ്നു സയ്യിദ് അന്നാസ് 'ബുശ്റാ അൽലബീബ് ബിദിക്റാ അൽഹബീബ്', 'ഉയൂനുൽ അസർ ഫീ ഫുനൂനിൽ മഗാസി വ അൽസിയർ' തുടങ്ങിയ സ്വന്തം പുസ്തകങ്ങൾക്കും ഇത്തരത്തിൽ സജ്അ് ഉപയോഗിച്ച് പേര് നൽകിയിട്ടുണ്ട്.

പുസ്തകത്തിന്റെ ആമുഖത്തിൽ തന്റേതായ ഒരു നബി കീർത്തനം ഉൾപെടുത്തിയിട്ടുണ്ട്. അത് മറ്റു ഗ്രന്ഥങ്ങളായ 'അൽമഖാമാത്തുൽ അലിയ്യ ഫിൽ കറാമാത്തിൽ ജലിയ്യ', 'ബുശ്റാ അൽലബീബ് ബിദിക്റാ അൽഹബീബ്' പോലോത്തവയിലെല്ലാം സമാനമായ രീതിയിൽ കവിതകൾ ഉപയോഗിച്ചിട്ടുണ്ട്. ഈ ആമുഖ കവിത 116 വരികൾ അടങ്ങിയതും കാമിൽ എന്ന കവിതാ വിഭാഗത്തിൽപ്പെട്ടതുമാണ്. ഗസൽ, പഴയ വീടുകളെക്കുറിച്ചുള്ള ഓർമ്മകൾ, പ്രവാചകനെ സ്തുതിക്കൽ, കവികളായ സ്വഹാബികളെക്കുറിച്ചുള്ള പരാമർശം തുടങ്ങിയവ ഈ കവിതയിലെ പ്രതിപാദിത വിഷയങ്ങളാണ്. 

ഇബ്നു സയ്യിദ് അന്നാസ് തന്റെ കാലഘട്ടത്തിൽ സാധാരണമായിരുന്ന കവിതാ ശൈലിയാണ് പിന്തുടർന്നത്. ജിനാസ്, ത്വിബാഖ് (വിപരീത പദങ്ങൾ ഉപയോഗിക്കൽ), തസ്‌രീഅ്, റദ്ദുൽ അജ്സ് അലസ്സദ്ർ (കവിതയിലെ വരിയുടെ അവസാനം തുടക്കത്തിൽ ആവർത്തിക്കൽ), ഇർസാദ് തുടങ്ങിയ സാഹിത്യ അലങ്കാരങ്ങൾ അദ്ദേഹം ഉപയോഗിച്ചു. കൂടാതെ, കവിതയിൽ പലയിടത്തും വാക്കുകൾ ഒഴിവാക്കിയും ചുരുക്കിയും പ്രയോഗിച്ചിട്ടുണ്ട്. ഈ ശൈലി അദ്ദേഹത്തിന്റെ അഗാധമായ കവിതാപാടവം വിളിച്ചോതുന്നു.

അറബിക് അക്ഷരമാല പ്രകാരം ഇരുന്നൂറ്റി നാലോളം സ്വഹാബിവര്യരുടേയും മഹതികളുടേയും പ്രവാചകാനുരാഗമാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ കാതൽ. ഉദാഹരണമായി ചില കാവ്യങ്ങൾ ചുവടെ ചേർക്കുന്നു, ഇബ്നു അബ്ബാസ്(റ) പാടുന്നു:

"അങ്ങ് ജനിച്ചപ്പോൾ ഭൂമി പ്രകാശിച്ചു.
അങ്ങയുടെ പ്രകാശത്താൽ ചക്രവാളം പ്രശോഭിതമായി.
ആ പ്രകാശത്തിലും പ്രഭയിലുമായി സന്മാർഗ പാത ഞങ്ങൾ മുറിച്ചു കടന്നു".

അബൂത്വാലിബെന്നവർ ഹബീബിനെ പ്രകീർത്തിച്ച് കൊണ്ട് പാടിയത് ഇപ്രകാരമായിരുന്നു.
’അനാഥരുടെ ആശാ കേന്ദ്രമാണ് റസൂൽ(സ്വ).
വിധവകൾക്കാശ്വാസമാണ്.
അങ്ങയെ മുൻ നിറുത്തിമഴ തേടപ്പെടുന്നു.


ഹസ്സാനുബ്നു സാബിത്(റ) പാടി:

അങ്ങെയക്കാൾ സൗന്ദര്യമുള്ള ഒരാളെയും എന്റെ നയനങ്ങൾ ദർശിച്ചിട്ടില്ല.
ഒരിക്കലും അങ്ങനെയെക്കാൾ ഭംഗിയുള്ള ഒരാളെയും മഹിളകൾ പ്രസവിച്ചിട്ടുമില്ല.
സർവ്വന്യൂനതകളിൽ നിന്നും മുക്തനായി അങ്ങ് ജനിച്ചു.
അങ്ങ് ഉദ്ദേശിച്ചതുപോലെ അങ്ങയെ സൃഷ്ടിച്ചതുപോലെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter