മിഅ്റാജും ഗുഹാവാസികളും: ടൈം ട്രാവലിലേക്കുള്ള സൂചനയോ?
ചിന്തിക്കാൻ തുടങ്ങിയത് മുതൽ തന്നെ മനുഷ്യരാശി കൗതുകത്തോടെയാണ് സമയത്തെ നോക്കിക്കാണുന്നത്. സമയം എന്ന ഒന്ന് ഇല്ല എന്ന് പറയുന്ന ചിന്തകന്മാരും കൂട്ടത്തിലുണ്ട്. ജീവിതം തിട്ടപ്പെടുത്താൻ മനുഷ്യൻ സൃഷ്‌ടിച്ച അളവുകോൽ മാത്രമാണ് സമയം എന്നാണ് ഇവരുടെ വാദം. സമയത്തിലൂടെ സഞ്ചരിക്കുക എന്നുള്ളത് മനുഷ്യരാശിയുടെ ഇതുവരെ എത്തിപ്പിടിക്കാൻ കഴിയാത്ത വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. സമയത്തിലൂടെ സഞ്ചരിക്കുക അഥവാ ടൈം ട്രാവൽ എന്നതിനെ പലരീതിയിലാണ് ശാസ്ത്രലോകം നിർവചിക്കുന്നത്. എങ്കിലും ടൈം ട്രാവൽ എന്നത് കോൺസ്പിറസി തിയറി മാത്രമായി കാണുന്നവരാണ് നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗവും. സമയം സ്ഥിരമായ [constant] ഒന്നാണെന്നും എല്ലാ സാഹചര്യത്തിലും അത് ഒരുപോലെയാണെന്നുമുള്ള തെറ്റിധാരണയാവാം ഇതിന് കാരണം. എന്നാൽ സമയം എന്നത് നാം ചിന്തിക്കുന്നതിനേക്കാൾ സങ്കീർണമാണ്. സാഹചര്യങ്ങൾക്കും ചുറ്റുപാടുകൾക്കും അനുസരിച്ച് മാറുന്നതാണ് സമയം എന്നതാണ് ശാസ്ത്രത്തിന്റെ നിലപാട്.
മത വിശ്വാസി ആയതുകൊണ്ട് മാത്രം ഇതിനെ തള്ളിക്കളയുന്നത് വിഡ്ഢിത്തമാണ്. സൂറതുല്‍ഹജ്ജില്‍ അല്ലാഹു പറയുന്നു, തീർച്ചയായും നിന്റെ രക്ഷിതാവിന്റെ അടുത്ത് ഒരുദിവസം നിങ്ങൾ എണ്ണുന്ന ആയിരം വർഷങ്ങളാണ് (22/47). ഇതിൽ നിന്ന്തന്നെ ഇസ്‍ലാമിൽ സമയം എല്ലാ സാഹചര്യത്തിലും ഒരുപോലെ അല്ല എന്ന് മനസിലാക്കാം.
സമയവും ഇസ്‌ലാമും
ഇസ്‌ലാമിന്റെ വീക്ഷണത്തിൽ സമയം പൂർണമായും അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ നോക്കാം.
അല്ലാഹുവാണ് എല്ലാത്തിന്റെയും സ്രഷ്ടാവ്, അവൻ എല്ലാത്തിലും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു (39/62)
"തീർച്ചയായും നിന്റെ രക്ഷിതാവിന്റ അടുത്ത് ഒരുദിവസം എന്നുള്ളത് നിങ്ങൾ എണ്ണുന്ന ആയിരം ദിനങ്ങളാണ് "
“മലക്കുകളും റൂഹും (ജിബ്‌രീൽ) അവന്റെ അടുക്കലേക്ക് ഉയര്‍ന്ന്ചെല്ലുന്നു; അതിന്റെ അളവ് അമ്പതിനായിരം വർഷത്തിനെ തുല്യമായ ഒരു ദിവസത്തിലാണ്.” (70/4)
ടൈം ട്രാവൽ ഇസ്‍ലാമിക ചരിത്രത്തിൽ
ഇസ്‍ലാമിലെ സമയ സങ്കീർണതകളെ പറ്റി ചർച്ച ചെയ്യുമ്പോൾ ഒഴിച്ചുകൂടാൻ കഴിയാത്ത രണ്ട് സംഭവങ്ങളാണ് ഇസ്‌റാഅ്-മിഅറാജും അസ്ഹാബുൽ കഹ്ഫിന്റെയും ചരിത്രവും. ഈ രണ്ട് ചരിത്രങ്ങളും സങ്കീർണമാണ്. റസൂലിന്റെ കാലഘട്ടത്തിൽ യുക്തിക്ക് നിരക്കാത്തതെന്ന് പറഞ്ഞുകൊണ്ട് ഇസ്‌റാഅ് മിഅ്റാജിനെ തള്ളിക്കളഞ്ഞ അവിശ്വാസികളെപ്പോലെ അറിവില്ലായ്മകൊണ്ട് ഇസ്‍ലാമിനെ തെറ്റിധരിക്കുന്ന ഒരുകൂട്ടം ഇന്നും നമ്മുടെ ഇടയിലുണ്ട്. ശാസ്ത്രത്തെ അന്തിമ വിധികർത്താവാക്കുന്നതാണ് ഇതിലെ പ്രധാന പ്രശ്നം. ഇസ്‍ലാം പറഞ്ഞകാര്യം ശാസ്ത്രം അംഗീകരിക്കുന്നതുവരെ അതിനെ സംശയത്തോടെ കാണുന്നവരാണ് ഇന്ന് പലരും.
ഇതിൽ ചരിത്രപരമായി പഴക്കമേറിയത് അസ്ഹാബുൽ കഹ്ഫിന്റെ ചരിത്രമാണ്. അല്ലാഹുവിൽ ഉറച്ചവിശ്വാസമുണ്ടായിരുന്ന ഏഴ് ചെറുപ്പക്കാർ അപകടം നേരിട്ടപ്പോൾ ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ഗുഹയിൽ പ്രേവേശിച്ച അവർ ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ മുന്നൂറ്റിഒൻപത് വർഷം പിന്നിട്ടിരുന്നു. [Surah Al-Kahf (18:19–26)] എന്നാൽ ആ ചെറുപ്പക്കാരുടെ വീക്ഷണത്തിൽ ഒന്നോ അതിൽ കുറഞ്ഞ ദിവസമോ മാത്രമായാണ് അനുഭവപ്പെട്ടത്. ഇതാണ് ചരിത്രത്തിന്റെ സംക്ഷിപ്തം.
വളരെ അധികം വിമർശനങ്ങൾ നേരിട്ട മറ്റൊരു സംഭവമാണ് പ്രവാചകരുടെ ഇസ്‌റാഅ് മിഅറാജ് (നിശാപ്രയാണവും വാനാരോഹണവും) [Surah Al-Isra' (17:1)]. ഇതിൽ ഒരു രാത്രി കൊണ്ട് നബി(സ്വ) മസ്ജിദുൽ അഖ്സയിലേക്കും അവിടെ നിന്ന് ആകാശലോകത്തിലേക്കും പോവുകയും അവിടെ സ്വർഗ്ഗവും നരകവും അതിന്റെ അവകാശികളെയുമെല്ലാം അല്ലാഹു നബിക്ക് കാണിച്ച കൊടുക്കുകയും ചെയ്തു. പ്രഥമ ദൃഷ്ട്യാ യുക്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഈ രണ്ട് സംഭവങ്ങളെയും ടൈം ട്രാവല്‍ തിയറിയുടെ വെളിച്ചത്തില്‍ നമുക്കൊന്ന് അപഗ്രഥിക്കാം.
ടൈംട്രാവൽ ശാസ്ത്രവീക്ഷണം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ടൈം ട്രാവൽ ഒരു കെട്ടുകഥയാണെന്നാണ് ലോകം മുഴുവൻ വിശ്വസിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആൽബർട്ട് ഐൻസ്റ്റൈന്റെ കടന്നുവരവാണ് ശാസ്ത്രലോകത്തിന് മുന്നിൽ ടൈംട്രാവലിന്റെ ചുരുളുകൾ അഴിച്ചു കാട്ടിയത്. സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയിലൂടെ സമയത്തിന്റെ സങ്കീർണതകളെ അദ്ദേഹം ശാസ്ത്രലോകത്തിന് മുന്നിൽ തുറന്നുകാട്ടി. ഈ തിയറിയിലൂടെ പ്രകാശത്തിന്റെ വേഗത സ്ഥിരമാണെന്നും അതിനാൽ വേഗതക്ക് അനുസരിച്ച് സമയത്തിൽ മാറ്റം വരുമെന്നും അദ്ദേഹം വിശദീകരിച്ചു. പത്തുവർഷങ്ങൾക് ശേഷം ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയിലൂടെ വേഗതക്ക് പുറമെ ഗുരുത്വാകർഷണബലവും സമയത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ഇത് പ്രകാരം ഗുരുത്വാകർഷണം കൂടുതലുള്ള സ്ഥലങ്ങളിൽ സമയം പതുക്കെ പ്രവർത്തിക്കുകയുള്ളൂ, അതായത് ഗുരുത്വാകർഷണബലം കൂടുതലുള്ള ബ്ലാക്ക് ഹോളിന്റെ അടുത്ത് ഒരു മണിക്കൂർ ചിലവഴിച്ചാൽ ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എന്തിന് പതിറ്റാണ്ടുകൾ വരെ കടന്നുപോയിട്ടുണ്ടാകും എന്നാണ് അദ്ദേഹം സമര്‍ത്ഥിച്ചത്. നിലവിൽ അത്തരം ഒരു യാത്രക്കും അവിടെ സമയം ചെലവഴിക്കാനുമുള്ള സാങ്കേതികവിദ്യകൾ ശാസ്ത്രലോകത്തിനെ പക്കൽ ഇല്ലെന്ന് മാത്രം.
നമ്മുടെ ലോകം 3 ഡൈമെൻഷണല്‍ ആണല്ലോ. ഇനിയും അനേകം ഡയമന്‍ഷനുകള്‍ ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. നാലാമത്തേത് സമയമാണെന്നാണ് കൂടുതൽ ശാസ്ത്രജ്ഞഞമാരും പറയുന്നത്. ദൈവത്തെ പറ്റി ശാസ്ത്രം സംസാരിക്കുന്നില്ലെങ്കിലും ദൈവം ഉണ്ടെങ്കിൽ നമ്മെക്കാൾ ഉയർന്ന ഡൈമെൻഷനിൽ ആയിരിക്കാം എന്ന് അനുമാനിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. ഈ അനുമാനത്തിൽ ചിന്തിച്ചാൽ നാലാം ഡൈമൻഷനിൽ ഉള്ളവർക്ക് സമയത്തെ നിയന്ത്രിക്കാൻ കഴിയും എന്ന് അനുമാനിക്കാം. നാലാം ഡയമന്‍ഷന്‍ എന്ന ആശയത്തെ ആസ്പദിച്ച് പല ശാസ്ത്രസിനിമകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
അസ്ഹാബുൽ കഹ്ഫിന്റെ ചരിത്രത്തിൽ, അഭയം തേടാൻ ഗുഹയിൽ കയറിയ അവർക്ക് തോന്നിയത് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ആയിട്ടാണെങ്കിൽ യഥാർത്ഥത്തിൽ കഴിഞ്ഞുപോയത് 3 നൂറ്റാണ്ടിലേറെ ആയിരുന്നു. ഈ സംഭവത്തെ ആധുനിക ടൈം ട്രാവലിന്റെ സങ്കല്പമായി താരതമ്യം ചെയ്താൽ ആധുനിക ശാസ്ത്രത്തിലെ ടൈം ഡൈലേഷൻ വളരെ വലിയ സാമ്യതയുണ്ട്. അതേസമയം, ഖുർആൻ ഇതിനെ അവതരിപ്പിക്കുന്നത് അല്ലാഹുവിന്റെ ഇടപെടൽ ആയിട്ടാണെന്നത് നാം മറന്ന് കൂടാ.
അതേ സമയം, ഇസ്രാഅ് മിഅറാജില്‍ സംഭവിച്ചത് നേരെ തിരിച്ചാണെന്നും പറയാം. ഭൂമിയിലുള്ളവര്‍ക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം കടന്നുപോയപ്പോഴേക്കും പ്രവാചകര്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് ഭാവിയിലേക്ക് സഞ്ചരിച്ച് തിരിച്ചുവന്നു എന്ന് പറയാം. പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിച്ചാൽ സഞ്ചാരകന് സമയം പതുക്കെ നീങ്ങുകയും പുറം ലോകത്തിന് ഇത് ബാധകമാകാത്തതിനാൽ പുറത്തു സമയം വേഗത്തിൽ നീങ്ങുകയും ചെയ്യും. ഈ രീതിയിലൂടെ ഭാവിയിലേക്കുള്ള ടൈംട്രാവെൽ സാധ്യമാകും എന്ന ശാസ്ത്രത്തിന്റെ വാദം ഇതിനോട് ചേര്‍ത്ത് വായിക്കാം. അതേ സമയം, ഇത് പ്രവാചകരുടെ അമാനുഷികതയാണെന്നതിനാല്‍, യുക്തിസഹമായ മാനുഷിക സാധ്യതകള്‍ക്കെല്ലാം അപ്പുറത്തായിരിക്കണമെന്നത് നാം വിസ്മരിച്ചു കൂടാ.
ചുരുക്കത്തില്‍, ഈ വിഷയത്തിൽ ശാസ്ത്രത്തെ ഇസ്‍ലാം പൂർണമായും ശരിവെക്കുന്നുവെന്നോ ഇസ്‍ലാമിക വിശ്വാസത്തിലെ അമാനുഷികതകള്‍ ശാസ്ത്രീയമായി സാധ്യമാണെന്നോ പറയാവതല്ല. സമയം സ്ഥിരമല്ല, ആപേക്ഷികമാണ് എന്ന ശാസ്ത്രവാദം ഇസ്‍ലാമിക വീക്ഷണത്തിലും കടന്നുവന്നിട്ടുണ്ട് എന്ന് പറയാം. സഞ്ചാര വേഗത്തിന്റെയും ഗുരുത്വാകർഷണബലത്തിന്റെയും മാറ്റങ്ങൾക്കനുസരിച്ച് സമയത്തില്‍ മാറ്റം വരുന്നതാണെന്നത്, ഖുർആനിലെ ചില സമയവിവരണങ്ങളെ വിശദീരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ടൈം ട്രാവല്‍ അടക്കമുള്ള ശാസ്ത്രം കണ്ടെത്തിയ സത്യങ്ങളിലേക്കും ഇനിയും കണ്ടെത്തപ്പെടാത്ത ഭാവിയില്‍ കണ്ടെത്തിയേക്കാവുന്ന അതിന്റെ നേര്‍വിപരീത സഞ്ചാരത്തിലേക്കുമെല്ലാം ഇത്തരം അമാനുഷികസംഭവങ്ങളുടെ പരാമര്‍ശങ്ങളിലൂടെ ഖുർആനില്‍ നേരത്തെ സൂചനകളുണ്ടെന്ന് പറയാമെന്ന് മാത്രം.



Leave A Comment