ഡല്‍ഹി വംശഹത്യക്ക് ഒരാണ്ട് തികയുമ്പോള്‍

53 പേര്‍ മരിക്കുകയും  250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടേറെ നാശനഷ്ടങ്ങള്‍ വിതക്കുകയും ചെയ്ത ഡല്‍ഹി വംശഹത്യക്ക് ഒരു വയസ്സ് പൂര്‍ത്തിയാവുന്നു. 2020 ഫെബ്രുവരി 23 ന് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളാണ് ദിവസങ്ങള്‍ നീണ്ട കലാപത്തിലേക്ക് നയിച്ചത്. ഏകദേശം 2,000 പേരാണ് തത്മൂലം  കുടിയൊഴിപ്പിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ യാതൊരു പ്രകോപനവുമില്ലാതെയാണ്,  വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രതിഷേധക്കാരെ ബിജെപി മന്ത്രി കപില്‍ മിശ്ര പരസ്യമായി ഭീഷണിപ്പെടുത്തിയതും ശേഷം അത് കലാപത്തിലേക്ക് നയിച്ചതും.

അക്രമത്തെ ''കലാപം'' എന്ന് മുദ്രകുത്താനാണ് സര്‍ക്കാരും മാധ്യമങ്ങളും തിടുക്കം കാട്ടി.  എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കൂടുതല്‍ കൃത്യമായ വാക്ക് ''വംശഹത്യ'' എന്നതാണ് ശരി. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണ ചുമതലയുള്ള  ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ (ഡിഎംസി) നിയമിച്ച വസ്തുതാന്വേഷണ സമിതിയും ഇത് തന്നെയാണ് അഭിപ്രായപ്പെടുന്നത്. ഇരകളുടെ സാക്ഷ്യപത്രങ്ങളും പ്രാഥമിക നിയമ സ്രോതസ്സുകളും കമ്മിറ്റി അവലോകനം ചെയ്തതില്‍നിന്ന്, 2020 ഫെബ്രുവരിയിലെ സംഭവങ്ങള്‍ ''വംശഹത്യ'' യുടെ നിര്‍വചനവുമായി യോജിക്കുന്നുവെന്നാണ് അവര്‍ കണ്ടെത്തിയത്. 

ഇന്ത്യന്‍ പശ്ചാത്തലത്തില്‍, മുമ്പ് രണ്ടുതവണയാണ് ഈ പദം ഔദ്യോഗികമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഗുജറാത്ത് കൂട്ടക്കൊലയിലും (2002) സിഖ് വിരുദ്ധ അക്രമത്തിലും (1984) ആയിരുന്നു അത്. ചരിത്രത്തിലിനിയിത് മൂന്നാം വംശഹത്യയായി അറിയപ്പെടും എന്നര്‍ത്ഥം. 
അക്രമം സംഘടിതവും ആസൂത്രിതവുമാണെന്നത് എല്ലാവര്‍ക്കും അന്ന് തന്നെ വ്യക്തമായിരുന്നു. ഡിഎംസിയുടെ കണ്ടെത്തലുകളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.  കുറ്റവാളികളില്‍ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരാണെന്നതും സിസിടിവി ക്യാമറകള്‍ പോലെ കുറ്റവാളികളെ തിരിച്ചറിയാനുള്ള സര്‍വ്വ മാധ്യമങ്ങളും ഉന്മൂലനം ചെയ്യപ്പെട്ട ശേഷമാണ് കലാപം അരങ്ങേറിയത് എന്നതുമെല്ലാം തീര്‍ത്തും ആസൂത്രിത ആക്രമങ്ങളാണെന്നതിന്റെ തെളിവുകളാണ്. അക്രമത്തിന് മുമ്പ് മുസ്‍ലിം സമുദായത്തില്‍പ്പെട്ടവരുടെ കടകളും വീടുകളും തിരിച്ചറിഞ്ഞിരുന്നു, തന്മൂലം അവര്‍ മാത്രമേ ആക്രമിക്കപ്പെട്ടിരുന്നുള്ളൂ.

ജനക്കൂട്ടം പള്ളികളും ഇസ്ലാമിക ദര്‍ഗകളും ആക്രമിക്കുകയും മതഗ്രന്ഥങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇരുമ്പ് വടികള്‍, ലാത്തികള്‍, ത്രിശൂലങ്ങള്‍, കുന്തങ്ങള്‍, വെടിമരുന്ന് എന്നിവയ്‌ക്കൊപ്പം ഗ്യാസ് സിലിണ്ടറുകള്‍, പെട്രോള്‍ ബോംബുകള്‍ എന്നിവയും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. 

ക്രമസമാധാന പാലകരുടെ ഒത്താശയോടെയാണ് ഇതെല്ലാം അരങ്ങേറിയത് എന്നതാണ് അതിലേറെ ഖേദകരം. അക്രമം തടയുന്നതിലെ സാങ്കേതിക വീഴ്ചയോ അല്ലെങ്കില്‍ ചെറിയ പ്രാദേശിക കൃത്യനിര്‍വ്വഹണ പരാജയമോ ആയിരുന്നില്ലെന്ന് മാത്രമല്ല, നിരവധി ദിവസം മന:പൂര്‍വ്വം നിഷ്‌ക്രിയരായിരുന്ന് പലരും രംഗം ആസ്വദിക്കുകയായിരുന്നുവെന്ന് വേണം പറയാന്‍. സംഭവസ്ഥലത്തെത്തിയ  ചില പോലീസുകാര്‍ ജനങ്ങളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ മറ്റു പോലീസുകാര്‍ അവരെ  തടഞ്ഞുവെന്ന് വരെ ഇരകള്‍ പറയുന്നു. 

അതിനീചമായ ഈ കൂട്ടക്കൊലക്ക് ഒരു വര്‍ഷം തികയുമ്പോഴും പ്രതികളധികവും പുറത്ത് സ്വൈരവിഹാരം നടത്തുകയാണെന്നതാണ് ഏറ്റവും ഗുരുതരം.  അക്രമത്തെത്തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരോ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ദില്ലി പോലീസോ, പാര്‍ട്ടി ഭാരവാഹികളായ പ്രതികള്‍ക്കെതിരെ കാര്യമായ അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. നിരവധി സാക്ഷ്യപത്രങ്ങളും ഡോക്യുമെന്ററി തെളിവുകളും ഉണ്ടായിരുന്നിട്ടും ഇത് സംഭവിക്കുന്നത് ഏറെ അപകടകരമാണ്. മറുവശത്ത്, പ്രതികാര നടപടികളുടെ തുടര്‍ച്ചയെന്നോണം, ഇരകള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് തുടരകയും ചെയ്യുന്നു എന്നത് അതിലും വലിയ വിരോധാഭാസവും.

ദില്ലി കലാപത്തോടെ, ഇന്ത്യയിലെ മുസ്‍ലിം ന്യനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ലോക ശ്രദ്ധ നേടിയതിലൂടെ ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെടുക കൂടിയായിരുന്നു.  വംശഹത്യ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ജെനോസൈഡ് വാച്ച് ഇന്ത്യയെ അതിന്റെ അലേര്‍ട്ട് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വംശഹത്യയിലേക്ക് നയിക്കുന്ന 10 ഘട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യ അഞ്ചാം ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു എന്നാണ് അവരുടെ നിരീക്ഷണം.

പൗരത്വം പുനര്‍രൂപകല്‍പ്പന ചെയ്യാനുള്ള ബിജെപിയുടെ ശ്രമം, ജൂതന്മാരുടെ വംശഹത്യയിലേക്ക് നയിച്ച, 1935 ലെ നാസി പൗരത്വ നിയമങ്ങളുമായി തികച്ചും സാമ്യമുള്ളതാണെന്നും ഇനിയും ഒരു ഹോളോകാസ്റ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ലോകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കൂടി അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

(അല്‍ജസീറയില്‍ വന്ന  ലേഖനത്തിന്‍ സ്വതന്ത്ര്യ വിവര്‍ത്തനം 

വിവ: യൂസുഫ് ഹുദവി വാളക്കുളം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter