മക്തൂബ് 17- സാലികിന്റെ വഴിയിലെ ചതുപ്പുനിലങ്ങള്‍
ഏറ്റവും പ്രിയപ്പെട്ട എന്‍റെ സഹോദരന്‍ ശംസുദ്ദീന്,
കഠിനമായ പരിശീലനങ്ങളില്‍ വ്യാപൃതരാകുന്ന ഒരു വിഭാഗം സൂഫികളും സിദ്ദീഖീങ്ങളും ഉണ്ട്. അവര്‍ ശാരീരികേഛകള്‍ക്ക് കടിഞ്ഞാണിടുന്നവരും ദീര്‍ഘ കാലം ഏകാന്തവാസത്തില്‍ കഴിയുന്നവരുമാണ്. ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തില്‍ നിമഗ്നരായ ഇവരുടെ ഹൃദയങ്ങള്‍ മുറാഖബയില്‍ (ആത്മീയ നരീക്ഷണം) സദാ വ്യാപൃതമാണ്. അല്ലാഹ് എന്നല്ലാത്ത ഒരു ചിന്തയും അവര്‍ക്കില്ല. വിവിധ അവസ്ഥാന്തരങ്ങള്‍ അവര്‍ക്കുണ്ടാകുന്നു. അഭൗമിക ലോകത്തെ സിര്‍റുകള്‍ അവര്‍ക്ക് വെളിവാക്കപ്പെടുന്നു. അവര്‍ കറാമുതുള്ളവരുടെ പദവി വരിക്കുകയും  തികച്ചും ശരിയായ അദൃശ്യകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. ഒരു രോഗിയില്‍ അവരുടെ മനസ്സുടഞ്ഞാല്‍ രോഗമുക്തി ക്ഷിപ്രസാധ്യമാവുന്നു. ഒരു ശത്രുവിലാണ് അവരുടെ ശ്രദ്ധ പതിച്ചതെങ്കില്‍ അയാള്‍ ഞൊടിയിടകൊണ്ട് ചേതനയറ്റുപോകുന്നു. ഈ പദവിയിലെത്തിയാല്‍ പിശാച് അസൂയവെച്ചു തുടങ്ങും. മതനിയമങ്ങളുടെ അകപ്പൊരുളുകളെക്കുറിച്ചും അവന്‍ അറിയിച്ചുകൊടുക്കുന്നു. എന്നാല്‍ ഒരു കാര്യം മാത്രം പിശാചിനും വശമില്ല. ആ കാര്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് അവനെ ആദമിനു സുജൂദ് ചെയ്യാന്‍ വിലക്കിയത്.
മതനിയമങ്ങളുടെ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പിശാചിന്‍റെ വിവരണം ഇപ്രകാരമാണത്രെ. പാപം ഉപേക്ഷിക്കല്‍ എന്നതിന്റെ താല്‍പര്യം അല്ലാഹുവിലേക്കുള്ള പ്രയാണം തടയുന്ന ശാരീരികേഛകളെ നശിപ്പിക്കുകയും മാനുഷിക വിശേഷണങ്ങളെ പിടിച്ചു കെട്ടലുമാണ്.
വീണ്ടും അവന്‍ പറയുന്നു: മതനിയമങ്ങളുടെ താല്‍പര്യങ്ങളില്‍ പെട്ട മറ്റൊന്നാണ് അല്ലാഹുവിന്റെ സ്മരണ ഹൃദയത്തില്‍ ആധിപത്യം നേടലും യഥാര്‍ത്ഥ ദിവ്യജ്ഞാനം കരഗതമാക്കുന്നതിനു വേണ്ടി  ദിക്റ് കൊണ്ട്  ഹൃദയത്തെ വിമലീകരിക്കലും. മതമനുസരിച്ച് പ്രവര്‍ത്തിക്കലാണ് ദിവ്യസമാഗമത്തിന്‍റെ കഅ്ബയിലേക്കുള്ള വഴി. അവിടെ എത്തിക്കഴിഞ്ഞാല്‍ ആ വഴിയോ പാഥേയമോ നിയമസംഹിതയോ ആവശ്യമില്ല തന്നെ. ഇനി നിസ്കരിച്ചാല്‍ അത് തനിക്കും തന്റെ ലക്ഷ്യസ്ഥാനത്തിനും ഇടക്ക് മറയുണ്ടാക്കും എന്ന ധാരണ ആ പദവിയിലെത്തിയവരുടെ മനസ്സില്‍ പിശാച് തോന്നിപ്പിച്ചു കൊടുക്കുമത്രെ. 
അന്നേരം അവര്‍ ആത്മഗതം ചെയ്ത് പറയും, ഞങ്ങള്‍ പൂര്‍ണ്ണമായും മുശാഹദയിലാണ്. ഈ നിസ്കാരം എന്നത് അശ്രദ്ധമായ ഹൃദയത്തെ ഉണര്‍ത്താനുള്ള മാര്‍ഗമാണല്ലോ. ഒരു നിമിഷം പോലും ഈ അശ്രദ്ധ നമുക്കില്ല താനും. ഞങ്ങള്‍ നഗ്ന നേത്രങ്ങളെ കൊണ്ട് അദൃശ്യലോകം കാണുന്നു. വിശുദ്ധരായ അമ്പിയാക്കളെ അവരുടെ യഥാര്‍ത്ഥ രൂപത്തില്‍ ദര്‍ശിക്കുന്നു. ഇനി എന്തിനാണ് ഞങ്ങള്‍ക്കൊരു ശരീഅത്?
എന്‍റെ സഹോദരാ, ഇത്തരം വിതണ്ഡ വാദങ്ങള്‍ തന്നെയായിരുന്നു ഇബ്‍ലീസിന്റെ നാശത്തിന്‍റെ ഹേതുകം. തന്റെ ഉന്നത സ്ഥാനത്തേക്കു നോക്കിക്കൊണ്ടവന്‍ പറഞ്ഞു: എന്തിനാണ് ഞാന്‍ ആദമിനു സുജൂദ് ചെയ്യുന്നത്?. അവന്‍ എന്നേക്കാള്‍ താഴെ തട്ടിലുള്ളവനല്ലേ? എന്തു നേട്ടമാണ് എനിക്കതിലുള്ളത്?
വിശുദ്ധ ഖുര്‍ആനില്‍ ഇതു വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കേവലമായ ഒരു കഥപറച്ചിലോ ഉദ്ധരണിയോ അല്ല ഖുര്‍ആനില്‍ ഈ വിവരണത്തിന്റെ ലക്ഷ്യം. അതില്‍ ഇത്തരത്തിലുള്ള ഉന്നതമായ പദവിയിലെത്തുന്നവര്‍ക്ക് വലിയ പാഠമുണ്ട്. ഒരു അടിമ എത്ര ഉയരത്തിലാണെങ്കിലും തന്റെ ആരാധനയില്‍ ഒരു കുറവും വരുത്താന്‍ പാടില്ലെന്നവര്‍ തിരിച്ചറിയണം.  
മശാഇഖിന്റെ വളരെ സത്യസന്ധമായ ഒരു വാക്യം ഇപ്രകാരമാണ്. ശരീഅതിന്റെ പന്ഥാവ് തന്നെയാണ് ആധ്യാത്മികസഞ്ചാരത്തിന്റേതും. 
ഇബ്‍ലീസിനു മാത്രമല്ല, സാലികുകള്‍ക്കുപോലും അവ്യക്തമായ ഒരു കാര്യമുണ്ട്. മാനുഷികമായ സ്വഭാവങ്ങളില്‍ നിന്നുള്ള മോചനമോ ശാരീരികേഛകളുടെ നിയന്ത്രണമോ മാത്രമല്ല ശരീഅതിന്റെ താല്‍പര്യം. മറിച്ച് വളരെ സൂക്ഷ്മമായ മറ്റൊന്നുണ്ട്. ഉദാഹരണത്തിന് അഞ്ചുനേരത്തെ നിസ്കാരമെടുക്കാം. പൂര്‍ണ്ണതയുടെ കവാടത്തിലെ അഞ്ച് ആണികളാണവ. ഒരു ആണി നീങ്ങിപ്പോയാല്‍ ആ ഔന്നത്യത്തില്‍ നിന്നും സാലിക് നിലം പതിച്ചു പോകുന്നു. ഇബ്‍ലീസിനു സംഭവിച്ചത് അപ്രകാരമാണല്ലോ. 
ചോദ്യം: നമസ്കാരം പൂര്‍ണ്ണതയുടെ ആണിയായിത്തീരുന്നത് എങ്ങനെയാണ്?. നമസ്കാരവും പൂര്‍ണ്ണതയും തമ്മിലുള്ള  ബന്ധം എപ്രകാരമാണ്?.
ഉത്തരം: ആ ബന്ധം മനസ്സിലാക്കല്‍ അസാധ്യമാണ്. അത് നമസ്കാരത്തിന്റെ മാത്രം പ്രത്യേകതയാണ്. മനുഷ്യമസ്തിഷ്കം അത് ഉള്‍കൊള്ളാന്‍ പര്യാപ്തമല്ല. ഒരു മാഗ്നറ്റ് ഇരുമ്പിനെ തന്നിലേക്ക് ആകര്‍ഷിക്കുന്നില്ലേ. എന്താണ് അതിന് കാരണമെന്ന് ആര്‍ക്കും അറിയില്ല. ഇത്തരക്കാര്‍ക്ക് വേണ്ടി ഞാന്‍ ഒരു ഉദാഹരണം പറയാം. ഒരു കുന്നിനു മീതെ ഒരുത്തന്‍  കൂര പണിയുന്നു.  അമൂല്യവും ആകര്‍ഷകവുമായ വസ്തുക്കളെ കൊണ്ട് അതിനെ അലങ്കരിച്ചു. ഒടുവില്‍ മരണാസന്നനായ അദ്ധേഹം തന്‍റെ മകനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ആ വീട്ടില്‍ വല്ല അറ്റുകുറ്റപണികളോ നവീകരണമോ നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നിനക്കത് ചെയ്യാം. പക്ഷേ അവിടെ സുഗന്ധമുള്ള ഒരു ചെടിയുണ്ട്. വാടിപ്പോയാലും അത് എടുത്ത് കളയരുത്? അത്രയും പറഞ്ഞ് അദ്ദേഹം മരണപ്പെട്ടു. കാലചക്രം ഒരുപാട് കറങ്ങി. ഒരു വസന്തകാലം വന്നു. വീട്ടുമുറ്റത്ത് വൃക്ഷലതാദികള്‍ ഇടതൂര്‍ന്ന് വന്നു. ആ ചെടിയുടെ സുഗന്ധത്തേക്കാള്‍ ഇവയുടേത് മികച്ച്നിന്നു. ആ മകന്‍ മനസ്സില്‍ ഇപ്രകാരം പറഞ്ഞു: സുഗന്ധം ലഭിക്കാനാണല്ലോ അത് പിഴുതുമാറ്റെരുതെന്ന് പിതാവ് പറഞ്ഞത്. പുതിയ  ചെടികളില്‍ നിന്നെല്ലാം വേണ്ടുവോളം അതു ലഭിക്കുന്നുണ്ട് താനും. വാടിയ ആ ചെടി ഇനി എന്തിനാണ്?
ഇപ്രകാരം പറഞ്ഞ് അദ്ദേഹം അത് പിഴുതെടുത്തെറിഞ്ഞു. ഉടനെ ഒരു കരിമൂര്‍ഖന്‍ ഒരു മാളത്തില്‍ നിന്നും വരികയും അദ്ദേഹത്തെ കൊത്തുകയും ചെയ്തു. തല്‍ക്ഷണം അദ്ദേഹം മരിച്ചു. ആ ചെടിയില്‍ രണ്ട് ഉപകാരങ്ങളുണ്ടായിരുന്നു. ഒന്ന് അതിന്‍റെ സുഗന്ധവും രണ്ടാമത്തേത് അതിന്‍റെ മാത്രം പ്രത്യേകതയുമാണ്. അതുള്ള വീട്ടില്‍ പാമ്പ് കേറില്ല. സര്‍പ്പങ്ങളുടെ വിഷദംശനത്തിനുള്ള മരുന്നുപോലെയാണത്. ഈ പ്രത്യേകത ആര്‍ക്കുമറിയില്ലായിരുന്നു. ഈ മകന്‍ തന്‍റെ ബുദ്ധിയെ ആശ്രയിച്ചു. ബുദ്ധിക്ക് യോജിക്കാത്തതൊന്നും അല്ലാഹുവിന്‍റെ ഖുദ്റതിന്റെ ഖജനാവില്‍ ഇല്ലെന്ന് വൃഥാ ധരിച്ചു. ഈ ധാരണ തന്റെ നാശത്തിന് വഴിയൊരുക്കി. അല്‍പം വിജ്ഞാനം മാത്രമേ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളൂ (സൂറ ഇസ്റാ 85) എന്ന അല്ലാഹുവിന്‍റെ വചനം അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ പെട്ടില്ല.
ഈ പിഴവ് തന്നെയാണ് കറാമതിന്‍റെയും കശ്ഫിന്‍റെയും  ആളുകള്‍ക്ക് സംഭവിക്കുന്നത്. ശരീഅതിന്റെ ഗോപ്യയാഥാര്‍ത്ഥ്യങ്ങള്‍ വെളിവാക്കപ്പെടുമ്പോള്‍ ഇനി മറ്റൊന്നുമില്ലെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. ഇബ്‍ലീസിനും സംഭവിച്ചത് ഇതു തന്നെയാണ്. ഇതു സാലികുകളുടെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ പെട്ടതാണ്. അധികമാളുകളുടെയും കാലിടറപ്പോയതും ഈ ഘട്ടത്തിലാണ്. ശാശ്വതമായ നാശത്തിലും അപകടത്തിലും അവര്‍ അകപ്പെട്ടുപോയി.
വഴികാട്ടികളുണ്ട്
ഒരുപാട്,
എങ്കിലും 
എത്താനാവാത്ത വീട്
തേടിയാണെന്റെ യാത്ര.
ഒന്നൊച്ച വെക്കാന്‍ പോലുമാവാതെ
വഴികളില്‍ മരിച്ചുവീഴുന്ന
കാമുകര്‍ ഒരുപാടുണ്ട്,
എന്നെപ്പോല്‍.  (റുബാഈ)
എന്റെ സഹോദരാ, കശ്ഫിന്റെയും കറാമതിന്റെയും ആളുകള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം അത് ഈ ഇനത്തില്‍പ്പെട്ടതാണെന്ന് മനസ്സിലാക്കൂ. ശരീഅതിന്റെ താല്‍പര്യങ്ങള്‍ കണ്ടെത്തിയ അവര്‍ കാണാനാവാത്ത പൊരുളുകളും അതിലുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. അങ്ങനെ ഒന്നില്ലെങ്കില്‍ എന്തിനായിരുന്നു പവിത്രപാദങ്ങളില്‍ നീര് വരുവോളം പ്രവാചകന്‍ നമസ്കരിച്ചത്?. ഒമ്പത് ഭാര്യമാരെ പ്രവാചകന്‍ വിവാഹം കഴിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് അത് എന്ത്കൊണ്ട് അനുവദനീയമായില്ല?. പ്രവാചകന്‍ തുടരെയുള്ള ഉപവാസം സ്വയം ചെയ്യുകയും മറ്റുള്ളവരെ വിലക്കുകയും ചെയ്തത് എന്തിന്?. പരലോകവിജയത്തിന് നിദാനമാകുന്ന ഒരുപാട് അകപ്പൊരുളുകള്‍ ശരീഅതിന്റെ ഓരോ ഭാഗങ്ങളിലുമുണ്ടെന്ന് സൂഫികളും മശാഇഖുകളും പണ്ഡിതരും തിരിച്ചറിഞ്ഞിട്ടുണ്ട്. മരണാസന്നമായ സമയത്തുപോലും ശരീഅതിന്റെ ഒരു അദബ് പോലും അവര്‍ ഉപേക്ഷിച്ചില്ല. ജുനൈദുല്‍ ബഗ്ദാദി (റ) തന്റെ മരണശയ്യയില്‍ കിടക്കുന്നു. തന്റെ പരിചാരകരില്‍പെട്ട ഒരാള്‍ വുളൂ ചെയ്തു കൊടുക്കുകയായിരുന്നു. അദ്ദേഹം ജുനൈദ് തങ്ങളുടെ താടി തിക്ക് അകറ്റി കഴുകാന്‍ മറന്നു. ഉടനെ ജുനൈദ് (റ) അദ്ധേഹത്തിന്റെ കരം പിടിച്ച് തന്റെ താടിയുടെ ഇടയിലേക്ക് കടത്തി. വുളൂഇന്റെ ആ സുന്നത്ത് ജുനൈദ് (റ) വീണ്ടെടുത്തു. പരിചാരകന്‍ ചോദിച്ചു: ഈ സമയത്ത് അതിനൊക്കെ വിടുതി ഇല്ലേ? ജുനൈദ് (റ) പ്രതിവചിച്ചു: അതിലൂടെയാണ് ഞാന്‍ അല്ലാഹുവിലേക്ക് എത്തിയത്. പൂര്‍ണ്ണത വരിച്ച ആളുകള്‍ ഇപ്രകാരമായിരുന്നു. 
ധിക്കാരികള്‍ ഇവിടെ വഞ്ചിതരാകുന്നു. അവര്‍ ദര്‍ശിക്കാത്തതും അനുഭവിക്കാത്തതൊന്നുമില്ലെന്ന് അവര്‍ ധരിക്കുന്നു. എവിടെ നിന്നാണ് ഈ ധിക്കാരം അവര്‍ക്ക് ലഭിച്ചതെന്ന് അറിഞ്ഞിരുന്നെങ്കില്‍!!..ഹഖീഖതിന്റെ ആളുകള്‍ തന്നെ നിസ്കാരത്തിന്റെ എണ്ണങ്ങളുടെയും അതിന്റെ ക്രമങ്ങളുടെയും അകപ്പൊരുളുകള്‍ അറിയാത്തവരാണ്. സുബ്ഹ് നിസ്കാരം രണ്ട് റക്അത്, ളുഹ്റ് നാല്, മഗ്‍രിബ് മൂന്ന്, ഇശാഅ് നാല്. എന്ത് കൊണ്ട് ഇപ്രകാരമായി?. എന്ത് കൊണ്ട് റുകൂഅ് ഒന്നും സുജൂദ് രണ്ടെണ്ണവുമായി. ഇവയിലെല്ലാം ഒരു പൊരുളും പ്രത്യേകതയും ഉണ്ട്. പൂര്‍ണ്ണത കൈവരിക്കാന്‍ അവ അറിയല്‍ അനിവാര്യമാണ് താനും. അതിന്റെ പ്രതിഫലനം അന്ത്യനിമിഷത്തിലേ വെളിവാകൂ. എന്നാല്‍ ശരീഅതിന്റെ ഇത്തരം കാര്യങ്ങളൊന്നുമില്ലാത്തവന് പൂര്‍ണ്ണത കൊണ്ട് യാതൊരു പ്രയോജനവുമില്ല. തന്റെ പരാജയം മുന്നില്‍ കാണുമ്പോള്‍ മനുഷ്യന്‍ വിളിച്ചുപറയും: എന്റെ പരാജയമേ, എവിടെ എന്റെ പൂര്‍ണ്ണത?
അന്നേരം അവനോട് പറയപ്പെടും: ഹേ, നിന്റെ പൂര്‍ണ്ണതയുടെ വാതിലിലെ ഒരു ആണി ഇല്ലായിരുന്നു. അതിനാല്‍ വാതില്‍ തല്‍സ്ഥാനത്ത് നിന്നില്ല. മരണത്തോടെ അത് അടര്‍ന്ന് വീണു. തിന്മ കാരണം പൂര്‍ണ്ണത നിഷ്ഫലമായി, ഇബ്‍ലീസിനു സംഭവിച്ചതുപോലെ.  ഈ സൂക്ഷ്മമായ കാര്യം അവഗണിച്ച് തന്റെ പൂര്‍ണ്ണതയില്‍ മതിമറന്നു കഴിയുന്ന സാലികുകള്‍ക്ക് സംഭവിക്കുന്ന മാര്‍ഗഭ്രംശം ഇതാണ്. കവിയുടെ വാക്കുകള്‍ എത്ര മഹത്തരം.
വഴികാട്ടിയില്ലാതെ
ഈ വഴി വരല്ല നീ.
ദൂരത്താണ് നിന്റെ താവളം.
ഈ നടപ്പാതയോ
ദുര്‍ഘടവും ഇരുണ്ടതുമാണ്.
നിറയെ ഗര്‍ത്തങ്ങളാണിവിടെ.
തെന്നിവീഴാതിരിക്കാന്‍
വിവരവും വിവേകവും
നീ കത്തിച്ചുവെക്കൂ.
ദിവാസ്വപനം കാണുന്ന സൂഫീ,
നിന്റെ കാര്യം എത്ര കഷ്ടം !!
സ്വപ്നത്തോടൊപ്പം
ജ്ഞാനമില്ലാതെ പോയല്ലോ.
എന്റെ സഹോദരാ, ഇവര്‍ക്ക് അല്ലാഹു രണ്ട് കണ്ണ് നല്‍കിയിട്ടുണ്ട്. സ്വശരീരത്തിന്റെ ദുര്‍ഗുണങ്ങളെ ഒരു കണ്ണു കൊണ്ട് കാണുമ്പോള്‍ അല്ലാഹുവിന്റെ മഹത്വങ്ങള്‍ മറുകണ്ണു കൊണ്ട് കാണുന്നു. ദൈവികമഹത്വങ്ങള്‍ ദര്‍ശിക്കുമ്പോള്‍ അവര്‍ കോള്‍മയിര്‍ കൊള്ളുന്നു. എന്നാല്‍ സ്വശരീരത്തിന്റെ ദുര്‍ഗുണങ്ങളെ കാണുമ്പോള്‍ അവര്‍ കേഴുന്നു. ദുഖിതരാവുകയും വിരഹാഗ്നിയില്‍ എരിയുകയും ചെയ്യുന്നു. അവര്‍ പറയുമത്രെ, ഈ മണ്ണായിരുന്നുവെങ്കില്‍ ഒന്നും അറിയേണ്ടതില്ലായിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ മഹത്വം കാരണം സന്തോഷിക്കുമ്പോള്‍ ഇപ്രകാരം അവര്‍ പറയും: എവിടെ മാലാഖമാര്‍? ഉന്നതശ്രേണിയിലെ അന്തേവാസികളെവിടെ? വരുവിന്‍, നമ്മുടെ ഈ അധികാരസിംഹാസനത്തിനു മുമ്പില്‍ നിരയായി നില്‍ക്കുവിന്‍. 
കവിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.
ഒരിക്കല്‍
ഉന്നതിയുടെ 
ഗോപുരങ്ങളില്‍,
മറ്റൊരിക്കല്‍
താഴ്ച്ചയുടെ
പടുകുഴിയില്‍.
ഒരിക്കല്‍
വിരഹത്തിന്റെ
തീയിലെരിയുന്നു,
മറ്റൊരിക്കല്‍
സമാഗമത്തിന്റെ
മോദം
നിറയുന്നു.
സുബ്ഹാനല്ലാഹ്..ആ വിശുദ്ധനായ അടിമയുടെ (ആദം നബിയിലേക്ക് സൂചന) കാര്യം അത്യത്ഭുതം തന്നെ. പ്രണയശിഖിയില്‍ കരിഞ്ഞു സ്വര്‍ഗത്തിന്റെ എട്ടു കവാടങ്ങളോടും യാത്ര പറഞ്ഞിറങ്ങിയില്ലേ. ആ സമയം ഇപ്രകാരം പറയപ്പെട്ടുവത്രെ: കാമുകന്‍ അസ്വസ്ഥനാണ്. തന്റെ മുമ്പില്‍ ഒരു ലക്ഷ്യമുണ്ട്. കഠിനാധ്വാനം ചയ്ത് അത് നേടിയെടുക്കണം. അത്ഭുതം തന്നെ!!. 300 വര്‍ഷത്തെ ദുഖം പകര്‍ന്ന ഒരൊറ്റ സന്തോഷം.
ഞങ്ങളെപ്പോലുള്ളവരെ നീ
നിന്റെ പരമാധികാരം കൊണ്ട് കീഴടക്കി,
പരാതിപ്പെടാന്‍
ആര്‍ക്കും ധൈര്യമില്ലാതെ പോയി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter