അധിനിവേശം തന്നെയാണ് പ്രശ്നം - മുസ്ഥഫാ ബര്‍ഗൂതി

ഹമാസിന്റെ പുതിയ സൈനിക നീക്കങ്ങളും അതിന്റെ തുടർന്നുള്ള ഇസ്രയേലീ പകവീട്ടലും ഫലസ്തീന്‍ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കില്ലേ എന്ന് ചോദിക്കുന്നവർ ഇത് വായിക്കുക. ഫലസ്തീന്‍ ലെജിസ്റ്റലേറ്റീവ് കൌൺസിൽ അംഗവും മുൻ മന്ത്രിയും ഫലസ്തീനിയൻ നാഷണൽ ഇനിഷ്യേറ്റീവ് ജനറൽ സെക്രട്ടറിയുമായ മുസ്തഫ ബർഗൂതിയുമായി സിഎൻഎൻ ചാനലിൽ കഴിഞ്ഞ ദിവസം ഫരീദ് സകരിയ്യ നടത്തിയ സംഭാഷണത്തിന്റെ വിവർത്തനം.

അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയ ശേഷം ഹമാസ് ഒരു വലിയ വിജയത്തിന്റെ വക്കിലാണെന്ന്  ഹമാസ് നേതാവ് പറയുന്നു. ഫലസ്തീൻ ഭൂമിയിൽ ഇസ്രയേലിന്റെ അധിനിവേശമാണ് ആക്രമണത്തിന് കാരണമെന്നാണ് ഹമാസ്  രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയ പറയുന്നത്. മറ്റൊരു ഫലസ്തീനിയൻ വീക്ഷണത്തിനായി, ഡോ.മുസ്തഫ ബർഗൂത്തി നമ്മോടൊപ്പം ചേരുന്നു. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ നിയന്ത്രക്കുന്ന, ഗാസയുടെ നിയന്ത്രണമില്ലാത്ത ഫലസ്തീൻ അതോറിറ്റി സർക്കാരിലെ മുൻ ഇൻഫർമേഷൻ മന്ത്രിയാണ് അദ്ദേഹം.

സ്വാഗതം, മന്ത്രി. ഫലസ്തീൻ അതോറിറ്റി ഹമാസിന്റെ എതിരാളിയാണെന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങൾക്ക് ഹമാസുമായി ഒരു തരത്തിലും ബന്ധമില്ലലോ അല്ലേ... നിങ്ങൾ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിൽ നിയന്ത്രണമുള്ള ഫലസ്തീൻ അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ശരി,  പുതിയ സംഭവവികാസങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?

ശരിയാണ്, ഒന്നാമതായി, ഞാൻ പലസ്തീൻ അതോറിറ്റിയുടെ ഭാഗമല്ല. ഫലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവ് എന്ന ജനാധിപത്യ ഫലസ്തീൻ പ്രസ്ഥാനത്തെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്, അത് ഫതഹും ഹമാസും അല്ല. തീർച്ചയായും, ഞാൻ ഹമാസുമായി ബന്ധമുള്ള ആളല്ല. പക്ഷേ ഈ പുതിയ സംഭവവികാസങ്ങൾ ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അധിനിവേശത്തിന്റെ തുടർച്ചയുടെ നേരിട്ടുള്ള ഫലമാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. 1967 മുതൽ ഫലസ്തീൻ ഭൂമിയിൽ ഇസ്രായേൽ നടത്തിയ അധിനിവേശമാണ് അത്. 56 വർഷത്തെ അധിനിവേശം വർണ്ണവിവേചന വ്യവസ്ഥയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്നതിനേക്കാൾ വളരെ മോശമായ വർണ്ണവിവേചനം. 
ശരിയാണ്, ഹമാസ് ഇസ്രായേലിനെ അംഗീകരിച്ചില്ലായിരിക്കാം, എന്നാൽ PLO അംഗീകരിച്ചു, ഫലസ്തീൻ അതോറിറ്റിയും അംഗീകരിച്ചു. പക്ഷേ അവർക്ക് എന്താണ് പകരമായി ലഭിച്ചത്? ഒന്നുമില്ല. 2014 മുതൽ ഇസ്രായേൽ ഗവൺമെന്റ് ഫലസ്തീനികളെ കാണാൻ പോലും തയ്യാറായിട്ടില്ല. 

ഇന്ന് നിങ്ങൾ കാണുന്നത് പല കാര്യങ്ങളോടുള്ള പ്രതികരണമാണ്. ഒന്നാമതായി, വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ കയേറ്റക്കാർ ഭീകരാക്രമണം നടത്തുന്നു. വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി ഇതിനകം 20 കമ്മ്യൂണിറ്റികളെ അവിടെനിന്ന് പുറത്താക്കിയിട്ടുണ്ട്. 
ഇസ്രായേൽ സൈന്യവും വെസ്റ്റ്ബാങ്കിലെ കയ്യേറ്റക്കാരും (ഈ വർഷം മാത്രം) കൊലപ്പെടുത്തിയത് 248 ഫലസ്തീനികളെയാണ്, അതിൽ  40 പേർ കുട്ടികളാണ്. ഇസ്രായേലീ തീവ്രവാദികൾ മുസ്‍ലിം, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളിലും ആക്രമണം നടത്തുന്നു. ഫലസ്തീനികളുടെ അവകാശങ്ങൾ ഇല്ലാതാക്കുമെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം. അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ സാധാരണവൽക്കരണത്തിലൂടെ ഫലസ്തീൻ പ്രശ്നം തന്നെ അവസാനിപ്പിക്കുമെന്നാണ് അയാൾ പറയുന്നത്. 
ജെറുസലേമും ഗസ്സയും വെസ്റ്റ് ബാങ്കും ഗോലാൻ കുന്നുകളും ഉൾപ്പെടുന്ന ഇസ്രായേലിന്റെ ഒരു ഭൂപടവുമായി ഐക്യരാഷ്ട്രസഭയിലേക്ക് പോകാൻ പോലും അദ്ദേഹം ധൈര്യപ്പെട്ടു. അധിനിവിഷ്ട പ്രദേശങ്ങൾ ഇസ്രയേലിലേക്ക് ചേർക്കുന്നതായി  അദ്ദേഹം പ്രഖ്യാപിച്ചു. അതിനാൽ, തീർച്ചയായും, ഫലസ്തീനികൾ ചെറുത്തുനിൽപ്പിലേക്ക് തിരിയുന്നു, കാരണം അവർക്ക് അവരുടെ അവകാശങ്ങൾ നേടാനുള്ള ഒരേയൊരു മാർഗ്ഗമാണിത്.

ഇവിടെ ചോദ്യം ചോദിക്കേണ്ടത്  ഫലസ്തീനികളെ മനുഷ്യത്വരഹിതരാക്കുകയും അവരെ ഭീകരർ എന്ന് വിളിക്കുകയും ചെയ്തു കൊണ്ടല്ല. അധിനിവേശം എന്ന് പറഞ്ഞുകൊണ്ട്  ഉക്രെയ്നെ പിന്തുണയ്ക്കുന്ന അമേരിക്ക  ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും അക്രമം തുടർന്നു കൊണ്ടിരിക്കുന്ന അധിനിവേശക്കാരെ എന്ത്കൊണ്ട് പിന്തുണക്കുന്നു എന്നതിനെക്കുറിച്ചാണ്. 

ഇങ്ങനെയാണോ നിങ്ങൾ വിഷയത്തെ സമീപിക്കുന്നത്?  ഹമാസ് ലക്ഷ്യമിടുന്നത് സ്ത്രീകൾ, കുട്ടികൾ, മുത്തശ്ശിമാർ ഉൾപ്പെടെയുള്ള സാധാരണ പൌരന്മാരെയല്ലേ?  അത് തന്നെയല്ലേ യഥാർത്ഥത്തിൽ ഭീകരത? അവർ യുദ്ധം ചെയ്യുന്നത് ഇസ്രായേൽ സർക്കാരിനോടല്ല, സാധാരണക്കാരോടാണ്.

നിങ്ങൾ പറയുന്നത് ഏകപക്ഷീയമാണ്. അത് ശരിയല്ല. ഹമാസ് പ്രധാനമായും ആക്രമണം നടത്തിയത്, സൈനിക സ്ഥാപനങ്ങൾ, സംവിധാനങ്ങൾ എന്നിവക്ക് നേരെയാണെന്നാണ് ഞാൻ കരുതുന്നത്. അവർ പിടികൂടി ബന്ദികളാക്കിയവരിൽ ഭൂരിഭാഗവും സൈനികരാണ്. ഒരു സാധാരണക്കാരനെയും ആക്രമിക്കുന്നത് ഞാൻ അംഗീകരിക്കുന്നില്ല. ഇസ്രായേലികൾ ഞങ്ങളുടെ സാധാരണക്കാരെ ആക്രമിക്കുന്നതിനെയും എതിര്‍ക്കേണ്ടതുണ്ട്.
എന്നാൽ ഗാസയിൽ ഇസ്രായേലീ പോർവിമാനങ്ങൾ ഇപ്പോൾ ചെയ്യുന്നത് നോക്കൂ. അവർ വീടുകൾ ബോംബെറിഞ്ഞ് നിരപ്പാക്കുകയാണ്. നിങ്ങൾ തന്നെ അത് നിങ്ങളുടെ സ്ക്രീനിൽ കാണിച്ചിട്ടുണ്ടല്ലോ. മുഴുവൻ അപ്പാർട്ട്മെന്റുകളും, കെട്ടിടങ്ങളും, ഉയർന്ന ബിൽഡിംഗുകളും അവർ തകർത്ത് തരിപ്പണമാക്കി. കൊല്ലപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു കുടുംബത്തിൽ ഒമ്പത് പേർ, മറ്റൊരു കുടുംബത്തിൽ കുട്ടികളടക്കം പത്ത് പേർ. ഫലസ്തീനികളോ ഇസ്രായേലികളോ ആകട്ടെ ഒരു സിവിലിയനെയും ഉപദ്രവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

എന്നാൽ ഇത് എങ്ങനെ അവസാനിപ്പിക്കും എന്നതാണ് ചോദ്യം. ഒരിക്കൽ കൂടി ഗാസ മുനമ്പിനെ ആക്രമിച്ചാൽ പ്രശ്നം അവസാനിക്കുമോ? ഗാസയിൽ ഇസ്രായേൽ ഇതിനകം അഞ്ച് യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. അതിലൊന്ന് 51 ദിവസം വരെ നീണ്ടുനിന്നു. അവർ എല്ലാം നശിപ്പിച്ചു. എന്നിട്ടും ഹമാസിനെ തടഞ്ഞുനിറുത്താൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ടൊന്നും അവർ ചെറുത്ത്നിൽപ്പിൽ നിന്ന് പിന്മാറിയിട്ടില്ല. ഈ ആക്രമണങ്ങളെല്ലാം തടയാൻ ഒറ്റ വഴിയേയുള്ളൂ, അത് ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക എന്നതാണ്. അമേരിക്കയടക്കം ലോകരാഷ്ട്രങ്ങള്‍ നീതിയുടെ പക്ഷത്ത് നിൽക്കുകയെന്നതും.

സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും പക്ഷേ, ഫലസ്തീനികളായ ഞങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമില്ലെന്നും എങ്ങനെയാണ് അവർക്ക് പറയാൻ കഴിയുക? ഫലസ്തീനിയും  അമേരിക്കക്കാരിയുമായിരുന്ന  വളരെ സമാധാനപരമായി പത്രപ്രവർത്തനം നടത്തിയിരുന്ന ഷിറീൻ അബു ആഖിലയുടെ കാര്യം ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. ഒരു ഇസ്രായേലി സൈനികന്റെ വെടിയേറ്റാണ് അവർ മരിച്ചത്. ആരെയെങ്കിലും കുറ്റം ചുമത്തിയിരുന്നോ? ആരെയെങ്കിലും കോടതിയിൽ കൊണ്ടുപോയോ?

52 മാധ്യമപ്രവർത്തകരാണ്  കൊല്ലപ്പെട്ടത്. ഞങ്ങളുടെ പ്രഥമ ശുശ്രൂഷകർ വെടിയേറ്റു വീഴുന്നു. ഞങ്ങളുടെ ഡോക്ടർമാർക്ക് നേരെ വെടിയുതിർക്കുന്നു. ഇത് നിർത്തണം. അന്താരാഷ്ട്ര നിയമങ്ങളെ നിങ്ങൾ മാനിക്കണമെന്ന് ഇസ്രായേലിനോട് പറയുക എന്നതാണ് ഇത് തടയാനുള്ള ഏക മാർഗം. നിങ്ങൾ ഈ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കുകയും ഫലസ്തീനികളെ തുല്യ മനുഷ്യരായി അംഗീകരിക്കുകയും വേണം.

ഇവിടെ സംഭവിക്കാൻ പോകുന്ന പ്രായോഗിക യാഥാർത്ഥ്യത്തെക്കുറിച്ച് ഞാൻ ചോദിക്കട്ടെ. ഇതിലൂടെ കടന്നുപോകുന്ന വ്യക്തിയെന്ന നിലയിൽ നിങ്ങൾക്കറിയാല്ലോ, ഈ സംഭവങ്ങൾ ഇസ്രായേലിലെ വലതുപക്ഷ ശക്തികളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ദയാരഹിതമായ വലിയ സൈനിക പ്രതികരണം ഇത് ക്ഷണിച്ചവരുത്തുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുഷ്കരമാകും. കൂടുതൽ ചെക്ക്‌പോസ്റ്റുകൾ, കൂടുതൽ സുരക്ഷാ പരിശോധനകൾ. ഇതിന്റെയെല്ലാം പ്രായോഗിക ഫലം ഒരു ശരാശരി ഫലസ്തീനിയെ സംബന്ധിച്ചിടത്തോളം വളരെ മോശമായിരിക്കില്ലേ?

നിർഭാഗ്യവശാൽ, ഫരീദ്, നിങ്ങൾ ഈ പറഞ്ഞതെല്ലാം ഞങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. 560 ഇസ്രായേലി സൈനിക ചെക്ക്‌പോസ്റ്റുകളാൽ വെസ്റ്റ്ബാങ്ക് മുഴുവൻ വലയം ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 30 വർഷമായി ഈ ചെക്ക്‌പോസ്റ്റുകൾ നിലനിൽക്കുന്നു. ഞങ്ങളുടെ ഭൂമിയിൽ കെട്ടിയ മതിൽ കാരണം ഞങ്ങൾ കഷ്ടപ്പെടുന്നു. വെസ്റ്റ്ബാങ്ക് മുഴുവൻ 224 ചെറിയ ചേരികളായി വിഭജിക്കപ്പെട്ടിരിക്കുന്നു, കൂടാതെ കുടിയേറ്റക്കാർ എല്ലായിടത്തും ഫലസ്തീനികളെ ആക്രമിക്കുന്നു. 

ഇസ്രയേലിലെ വലതുപക്ഷം ശക്തിപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്നു. ഇസ്രായേലില്‍ നിലവിലുള്ളത് തന്നെ ഒരു വലതുപക്ഷ സർക്കാരാണ്. ഇസ്രായേൽ സർക്കാരിൽ ഫാഷിസ്റ്റുകളുണ്ട്.

ഒരു “ഫാഷിസ്റ്റ് സ്വവർഗ്ഗവിദ്വേഷി” എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്മോട്രിച്ച് സർക്കാറിന്റെ ഭാഗമാണ്. അധിനിവിഷ്ട ഭൂമിയിൽ താമസിക്കുന്ന സ്മോട്രിച്ച് പറയുന്നത്  ഫലസ്തീനികൾക്ക് മൂന്ന് സാധ്യതകൾ മാത്രമേയുള്ളൂവെന്നാണ്. ഒന്നുകിൽ നാടുവിടുക  അല്ലെങ്കിൽ ഇസ്രായേലികൾക്ക് കീഴടങ്ങി  ജീവിക്കുക അല്ലെങ്കിൽ മരിക്കുക. ഇസ്രായേലി ധനകാര്യ മന്ത്രിയാണയാൾ. 
ഈ പ്രസ്താവനകളെ ഒരിക്കലും നെതന്യാഹു തള്ളിപ്പറഞ്ഞിട്ടില്ല. വെസ്റ്റ് ബാങ്ക് കൂടി ഇസ്രയേലിലേക്ക് കൂട്ടിച്ചേർക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് സ്മോട്രിച്ചും ബെഞ്ചമിനും പറയുന്നു. 

ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നിർത്താൻ കഴിയുമോയെന്ന് ചോദിച്ചാൽ അതെ, തീർച്ചയായും കഴിയും. സിവിലിയൻമാരുണ്ടെങ്കിൽ അവരുൾപ്പെടെ ഇപ്പോൾ ഗാസയിലുള്ള എല്ലാ ഇസ്രായേലികളെയും നാളെ തന്നെ മോചിപ്പിക്കാം. ഞങ്ങളുടെ 5300 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഇസ്രായേല്‍ സമ്മതിച്ചാൽ സാധാരണക്കാരെ, ഇസ്രായേൽ സൈന്യത്തിലെ ജനറൽമാരെ പോലും മോചിപ്പിക്കാനാകും. 1260 സാധാരണക്കാരായ ഫലസ്തീനികൾ ഉൾപ്പെടെ, എന്തിനാണെന്ന് അറിയാതെ, ഭരണപരമായ തടങ്കൽ എന്ന പേരിൽ ഇസ്രായേൽ ജയിലുകളിൽ നരകയാതന അനുഭവിക്കുന്നുണ്ട്. എന്തിനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് പോലും അവർക്കോ അവരുടെ അഭിഭാഷകര്‍ക്കോ അറിയില്ല. അവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. 

ഇതാണ് ഞങ്ങളുടെ ജീവിതം. നോക്കൂ, ഫരീദ്, ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഞങ്ങൾ അധിനിവേശത്തിനു കീഴിലാണ് ജീവിച്ചത്. എന്റെ പിതാവ് അധിനിവേശത്തിന് കീഴിലാണ് ജീവിക്കുന്നത്. ഇപ്പോൾ എന്റെ മകളും അങ്ങനെയാണ് ജീവിക്കുന്നത്.  ഫലസ്തീനികൾ സ്വതന്ത്രരാകുന്ന ഒരു കാലം ഞങ്ങൾ ആഗ്രഹിക്കുന്നു. 30 വർഷം മുമ്പോ 40 വർഷം മുമ്പോ ഹമാസ് ഇല്ലായിരുന്നു, എന്നാൽ അതിനുമുമ്പ് PLO തീവ്രവാദി എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. തന്റെ അവകാശത്തിനോ സ്വാതന്ത്ര്യത്തിനോ വേണ്ടി പോരാടുന്ന ഏതൊരു ഫലസ്തീനിയും തീവ്രവാദി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 
ഇവിടെ ചോദ്യം, സ്വാതന്ത്ര്യത്തിനായി സമരം ചെയ്യാൻ നമുക്ക് അവകാശമുണ്ടോ? യഥാർത്ഥ ജനാധിപത്യത്തിന് വേണ്ടി സമരം ചെയ്യാൻ അവകാശമുണ്ടോ? ഇസ്രായേലും അമേരിക്കയും ഇടപെടാത്ത സാധാരണ ജനാധിപത്യ തിരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ടോ? എന്നതാണ്.

ഞങ്ങൾക്ക് അതിന് അർഹതയുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷേ, നിർഭാഗ്യവാന്മാർ എന്നല്ലാതെ എന്ത് പറയാന്‍, സൈനികമായി പോരാടിയാൽ ഞങ്ങൾ തീവ്രവാദികളാണ്.  അഹിംസാത്മകമായ രീതിയിൽ ഞങ്ങൾ സമരം ചെയ്താൽ ഞങ്ങളെ അക്രമാസക്തരായി വിശേഷിപ്പിക്കുന്നു. വാക്കുകൾ കൊണ്ട് പോലും എതിർക്കുകയാണെങ്കിൽ, ഞങ്ങളെ പ്രകോപനം സൃഷ്ടിക്കുന്നവർ  എന്ന് വിശേഷണം ചാർത്തുന്നു. നിങ്ങൾ ഫലസ്തീനിയെ പിന്തുണക്കുന്ന ഒരു വിദേശിയാണെങ്കിൽ, അവർ നിങ്ങളെ ജൂത വിരോധി എന്നാണ് വിശേഷിപ്പിക്കുന്നത്. ഫലസ്തീനെ പിന്തുണക്കുന്ന ഒരു യഹൂദനാണ് നിങ്ങളെങ്കിൽ  - അങ്ങനെയുള്ള ഒരുപാട് യഹൂദരുണ്ട് - സ്വവര്‍ഗ്ഗത്തോട് വിദ്വേഷമുള്ള ജൂതനെന്നാണ് അവർ നിങ്ങളെ വിളിക്കുന്നത്.  

ഇത് അവസാനിപ്പിക്കണം. ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമല്ലിത്. നമുക്കെല്ലാവർക്കും തുല്യ ജീവിതം വേണം, നമുക്കെല്ലാവർക്കും സമാധാനം വേണം, എല്ലാവർക്കും നീതി ലഭിക്കണം, നാമെല്ലാവരും അന്തസ്സോടെ ജീവിക്കണം. അത് നേടാനുള്ള പ്രധാന മാർഗം അധിനിവേശം അവസാനിപ്പിക്കുക, വർഗ്ഗവിവേചന സമ്പ്രദായം അവസാനിപ്പിക്കുക എന്നതാണ്. ഈ നടക്കുന്ന കാര്യങ്ങളിൽ ഒരു ജൂതനും അഭിമാനിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമയം വന്നിരിക്കുന്നു. അത് നമുക്ക് ഉറപ്പാക്കാൻ കഴിഞ്ഞാൽ, ആക്രമണങ്ങൾ അവസാനിക്കും; ആർക്കും വേദനിക്കേണ്ടി വരില്ല. 

വിവർത്തനം: ഫൈസൽ നിയാസ് ഹുദവി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter