മതിൽ ചാടിക്കടന്ന് അഖ്സയിലെത്തിയ ഫലസ്തീന്‍ ചെറുപ്പക്കാര്‍
ഏപ്രില്‍ 28, വ്യാഴാഴ്ച ദിവസം. അഹ്മദ് അന്ന് നേരത്തെ ഉറക്കമുണര്‍ന്നു. കാരണം, അന്ന് സൂര്യന്‍ അസ്തമിക്കുമ്പോഴേക്കും ഒരു പാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ളതാണ് അവന്ന്.
നാളെ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ്. ഏതൊരു ഫലസ്തീന്‍കാരനെയും പോലെ അഹ്മദിന്റെയും മനസ്സിലെ അടങ്ങാത്ത ആഗ്രഹമായിരുന്നു, ജുമുഅ നിസ്കാരത്തിന് മസ്ജിദുല്‍ അഖ്സയിലെത്തുക എന്നത്. പക്ഷെ, അതിന് തടസ്സങ്ങള്‍ ഏറെയാണ്. വെസ്റ്റ് ബാങ്ക് നിവാസിയാണെന്നത് തന്നെ, പ്രവേശനം നിഷേധിക്കപ്പെടാനുള്ള കാരണമായേക്കാം, അതോടൊപ്പം, പ്രായവും. 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും 50 വയസ്സ് കഴിഞ്ഞവര്‍ക്കും മാത്രമാണ് ഇസ്റാഈല്‍ സൈന്യം അഖ്സയിലേക്ക് അനുമതി നല്കുന്നത്. അഹ്മദിന് ഇപ്പോള്‍ ഇരുപത് വയസ്സാണ്. 
പിന്നെയുള്ള ഏകമാര്‍ഗ്ഗം, ഇസ്റാഈല്‍ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് മതില്‍ ചാടിക്കടക്കുക എന്നത് മാത്രമാണ്. അധിനിവേശ കിഴക്കൻ ജറുസലേമിൽ നിന്ന് ജെറിക്കോയിലെ അഖബെറ്റ് ജാബർ അഭയാർത്ഥി ക്യാമ്പിനെയും അധിനിവേശ വെസ്റ്റ് ബാങ്കിനെയും വേര്‍തിരിക്കുന്നതാണ് മതില്‍. എട്ട് മീറ്റര്‍ ഉയരത്തിലാണ് ഇത് പണിതിരിക്കുന്നത്. കമ്പിവേലികളും ചുറ്റും നിരീക്ഷണ ക്യാമറകളും പാറാവുകാരുമുള്ള അത് ചാടിക്കടക്കുക എന്നത് ഏറെ ദുഷ്കരവുമാണ്.
പക്ഷെ, അതൊന്നും ഫലസ്തീന്‍ ചെറുപ്പക്കാര്‍ക്ക് തടസ്സമായിരുന്നില്ല. അഹ്മദും സംഘവും മതില്‍ ചാടിക്കടക്കാന്‍ തന്നെ പദ്ധതിയിട്ടു. അഹ്മദ് അത് വിവരിക്കുന്നത് ഏറെ അഭിമാനത്തോടെയാണ്, രാത്രി നിസ്കാരം കഴിഞ്ഞ് ആവശ്യമായ സന്നാഹങ്ങളെല്ലാമായി, പുലർച്ചെ ഒരു മണിയോടെ, ഞങ്ങള്‍ മതിലിനടുത്തെത്തി. മുകളിലേക്ക് കയറാനായി ഒരു കോണി കൈയ്യില്‍ കരുതിയിരുന്നു. കൂടെ കരുതിയിരുന്ന കയറിന്റെ ഒരറ്റം താഴെ ഉറപ്പിച്ച് മറ്റേ അറ്റവുമായാണ് കോണി കയറുന്നത്. മുകളിലെത്തി, പരിസരങ്ങളെല്ലാം നിരീക്ഷിച്ച് ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി കയറിന്റെ അറ്റം മറുവശത്തേക്ക് വലിച്ചെറിഞ്ഞ് അതില്‍ തൂങ്ങി ഇറങ്ങുകയാണ് രീതി. മതിലില്‍ ചവിട്ടി, കയറില്‍ തൂങ്ങി ഇറങ്ങുന്നത് ഏറെ പ്രയാസകരമാണ്. അത് കൊണ്ട് തന്നെ, പകുതി എത്തിയാല്‍ ബാക്കി ചാടാറാണ് പതിവ്. 
സുബ്ഹിക്ക് മുമ്പ് തന്നെ, അഖ്സാ പള്ളിയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷേ, ഇസ്രായേൽ അതിർത്തി പോലീസ് സേന മതിലിന്റെ മറുവശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍, പാറാവുകാരില്ലാത്ത ഭാഗം നോക്കി ഏറെ സമയം ചെലവഴിക്കേണ്ടിവന്നു. ചിലരൊക്കെ, കാത്തിരുന്ന് മടുത്ത് അവസാനം വീട്ടിലേക്ക് തന്നെ തിരിച്ചുപോയി. എന്നാൽ, എന്ത് വില കൊടുത്തും അഖ്സയിലെത്തണമെന്ന് ഉറപ്പിച്ച ഞങ്ങള്‍, ഉറക്കമൊഴിച്ച് അവസരത്തിനായി കാത്തിരുന്നു. അതിനെല്ലാം തയ്യാറായിട്ടായിരുന്നു ഞങ്ങള്‍ വന്നിരുന്നത്. വരുന്ന വഴിയില്‍ തന്നെ അത്താഴവും ഞങ്ങള്‍ കഴിച്ചിരുന്നു, പറയുമ്പോള്‍ അഹ്മദിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
അവസാനം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് വിജയകരമായി മതില്‍ ചാടിക്കടക്കാനായി. മസ്ജിദുല്‍ അഖ്സയിലെത്തിയപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. അല്ലാഹുവിന് നന്ദികളര്‍പ്പിച്ച് ഞങ്ങള്‍ സുജൂദില്‍ വീണു, അത് പറയുമ്പോഴും അഹ്മദ് സന്തോഷക്കണ്ണീര്‍ തുടക്കുന്നുണ്ടായിരുന്നു.
പതിനേഴാം വയസ്സിലാണ് അഹ്മദ് ആദ്യമായി അഖ്സാ പള്ളിയും ജറൂസലേമും കാണുന്നത്. ഔദ്യോഗിക അനുമതിയോടെ നടത്തപ്പെട്ട ഒരു സ്കൂൾ യാത്രയിലായിരുന്നു അത്. അതിന് ശേഷം അഖ്സയിലേക്ക് നടത്തിയ സന്ദർശനങ്ങളെല്ലാം ഇത് പോലെ മതിൽ ചാടിക്കടന്നായിരുന്നു.
"ജറുസലേമും ആ നാട്ടുകാരെയും അവരുടെ രീതികളും എനിക്ക് ഏറെ ഇഷ്ടമാണ്. അവരുടെ സംസാര രീതി പകർത്താൻ ഞാന്‍ ശ്രമിക്കാറുണ്ട്, അവർ നഗരവാസികളാണ്, ആത്മവിശ്വാസത്തോടെ നടക്കുക എന്നതാണ് ഏറ്റവും പ്രധാനം", ജറൂസലേമിലെത്തിയാല്‍ ജറൂസലേം കാരനായി മാറുന്നതായിരുന്നു അവരുടെ ശൈലി.
ഇത്രയും അപകടകരമായ രീതിക്ക് പകരം, അനുവാദം വാങ്ങി പോവുന്നതല്ലേ നല്ലത് എന്ന ചോദ്യത്തിനും അഹ്മദിന് കൃത്യമായ ഉത്തരമുണ്ട്. ആയിരക്കണക്കിന് ഫലസ്തീനികളെപ്പോലെ എന്റെ കുടുംബത്തിനും "സുരക്ഷാ നിരോധനം" ഉണ്ട്. ജറുസലേമിലേക്കോ ഇസ്രായേലിലേക്കോ പ്രവേശിക്കാന്‍ ഞങ്ങള്‍ക്ക് അനുവദാമില്ല. ഒരിക്കൽ ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ എന്റെ മൂത്ത സഹോദരന് തുടയിൽ വെടിയേറ്റതാണ്. അതെല്ലാം വെച്ച്, ഞങ്ങളെല്ലാം അവരുടെ കരിംപട്ടികയിലുള്ളവരാണ്. 
അതിലുപരി, ഇസ്റാഈല്‍ സൈന്യത്തിന്റെ അനുമതിക്ക് അപേക്ഷിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഇത് ഞങ്ങളുടെ ഭൂമിയാണ്, എന്തുകൊണ്ടാണ് ഞാൻ ഒരു സൈനിക പെർമിറ്റിന് അപേക്ഷിക്കേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇത് ലജ്ജാകരമാണ്, ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും പോകാൻ സാധിക്കണമല്ലോ" പറയുമ്പോള്‍, അഹ്മദിന്റെ ഉള്ളില്‍ അഭിമാനിയായ ഫല്സ്തീനി പൂര്‍വ്വാധികം ശക്തിയോടെ വളര്‍ന്നുവരുന്നത് കാണാനാവും.
റമദാനിലെ ഏറ്റവും പവിത്രമായ ലൈലത്തുൽ ഖദ്റിന്റെ രാവെന്ന് വിശ്വസിക്കപ്പെടുന്ന ബുധനാഴ്ച, വിശ്വാസികൾ മതിൽ ചാടിയതിന്റെ ഫലമായി നിരവധി പരിക്കുകൾ നേരിടേണ്ടി വന്നതായി പലസ്തീൻ റെഡ് ക്രസന്റ് പ്രതികരിച്ചിരുന്നു. പക്ഷേ, അഹ്മദ് അടക്കമുള്ല ഫലസ്തീന്‍ ചെറുപ്പക്കാര്‍ക്ക് അത്തരം വാര്‍ത്തകളെല്ലാം അഭിമാനകരമാണ്. അവര്‍ എല്ലാവരും ചേര്‍ന്ന് പറയുന്നത് ഇങ്ങനെയാണ്, എന്ത് തന്നെ വില കൊടുക്കേണ്ടിവന്നാലും ഞങ്ങള്‍ ഇവിടെ എത്തും. അധിനിവേശ സൈന്യത്തിന്റെ അനുമതിക്കായി കാത്തിരിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. 
വീണ്ടും ആയിരമായിരം ഇന്‍തിഫാദകള്‍ക്കുള്ള ഊര്‍ജ്ജവും ആവേശവും ആ വാക്കുകളില്‍ പ്രകടമായിരുന്നു.
വിവ: സ്വാദിഖ് ചുഴലി
കടപ്പാട്;അല്‍ജസീറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter