വിശേഷങ്ങളുടെ ഖുർആൻ: (12)  ഖുർആൻ ലോക ഭാഷകളിൽ

ഖുർആൻ ലോക ഭാഷകളിൽ

യൂറോപ്പിൽ അൽപ്പം വൈകിയാണ് ഖുർആൻ പരിഭാഷാ സംരംഭങ്ങൾ പുരോഗമിച്ചത്. മറ്റു മതക്കാർ ഖുർആൻ വിവർത്തനത്തിൻ്റെ പേരിൽ അറിയാതെയോ മന: പൂർവമോ അബദ്ധങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് യൂറോപ്യൻ ഭാഷകളിലേക്ക് ഖുർആൻ പരിഭാഷപ്പെടുത്താൻ മുസ് ലിംകൾ രംഗത്തിറങ്ങിയത്. 

ഇങ്ങനെ ലാറ്റിൻ ഭാഷയിലേക്കാണ് ആദ്യത്തെ വിവർത്തന ശ്രമം നടന്നത് ക്രി.11-12 നൂറ്റാണ്ടുകളിലാണ് സംഭവം. ഫ്രഞ്ച് പുരോഹിതനായ പെറ്ററസ് വെനറബിലിസ് ( Petrus venerabilis: 1092-1156) മുൻകയ്യെടുത്ത് റോബർട്ടസ് റെറ്റിനെസിസി യുടെയും (Robertus Rettinesis ) ജർമൻകാരനായ ഹെർമാൻ അലെമാനസി(hermann alemanus)ൻ്റെയും ഏതാനും അറബികളുടെയും നേതൃത്വത്തിലുള്ള സമിതി ലാറ്റിൻ ഭാഷയിൽ ആദ്യമായി ഖുർആൻ പരിഭാഷപ്പെടുത്തി.

തുടർന്നു ഇതിനെ അവലംബിച്ച് മറ്റു യൂറോപ്യൻ ഭാഷകളിലേക്കും മൊഴി മാറ്റങ്ങൾ നടന്നു. ശേഷം ഓറിയൻറലിസ്റ്റ് പണ്ഡിതർ മുഖേന അറബി ഭാഷയിൽ നിന്ന് നേരിട്ട് യൂറോപ്യൻ ഭാഷകളിലേക്ക് ഖുർആൻ മൊഴിമാറ്റം നടത്തുന്ന പ്രക്രിയയും ആരംഭിച്ചു. തുടർന്നു നാലാം ഘട്ടമായാണ് മുസ് ലിംകൾ നേരിട്ട് യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചത്. അങ്ങനെ വൈകാതെ 45 ഓളം പരിഭാഷകൾ വിവിധ ഭാഷകളിൽ പുറത്തിറങ്ങി. ഭാഗിക മൊഴിമാറ്റങ്ങൾക്ക് പുറമെയാണിത്. 

യൂറോപ്യൻ ഭാഷകളിൽ പ്രഥമസ്ഥാനം ഇംഗ്ലീഷിന് തന്നെ. ഇംഗ്ലീഷ് ഇന്ന് യൂറോപ്പിൻ്റെ അതിർത്തികൾ കടന്നു ലോകത്താകെ പടർന്നു പിടിച്ചു ആഗോള ഭാഷയായി മാറിയല്ലോ. മാതൃഭാഷക്കാർക്ക് പുറമെ ഏഷ്യൻ - ആഫ്രിക്കൻ പാരമ്പര്യമുള്ളവരും ഇംഗ്ലീഷിൽ പരിഭാഷകൾ ഇറക്കിയിട്ടുണ്ട്. 20-21 നൂറ്റാണ്ടുകളിൽ പുറത്തിറങ്ങിയ അനേകം ഖുർആൻ ഭാഷ്യങ്ങൾ കൂടാതെ 17, 18,19 നൂറ്റാണ്ടുകളിലും മൊഴി മാറ്റങ്ങൾ നടന്നതായി കാണാം. ഇംഗ്ലീഷിൽ ഇറങ്ങിയ ആദ്യത്തെ ഖുർആൻ പരിഭാഷ 1649 ൽ കിംഗ് ചാൾസ് ഒന്നാമൻ്റെ പുരോഹിതനായിരുന്ന അലക്സാണ്ടർ റോസ് എഴുതിയ The Alcoran of Mahomet ആണെന്ന് കരുതപ്പെടുന്നു. യഥാർത്ഥത്തിൽ ഇത് ഫ്രഞ്ച് പരിഭാഷയായ 
L' Alcoran de Mahomet എന്ന Sieur Ryer ൻ്റെ കൃതിയുടെ മൊഴി മാറ്റമായിരുന്നു.

1734 ൽ ലണ്ടൻ സ്വദേശി ജോർജ് സേൽ അറബി മൂലകൃതി അവലംബിച്ചു പ്രമുഖ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ നിന്നുള്ള വിശദീകരണ സഹിതം ഒരു പരിഭാഷ ഇറക്കി. രണ്ട് വാള്യങ്ങളിലുള്ള ഈ ഇംഗ്ലീഷ് പ്രതി കഴിഞ്ഞ 200 വർഷത്തിലേറെയായി യൂറോപ്പിലും അമേരിക്കയിലും മാർക്കറ്റിൽ ലഭ്യമാണ്. അമേരിക്കയിലെ മൂന്നാം പ്രസിഡൻ്റ് തോമസ് ജെഫെർസൺ അതിൻ്റെ ഒരു ഹാർഡ് കവർ കോപ്പി അമേരിക്കൻ കോൺഗ്രസ് ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു. അമേരിക്കൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതു മുസ് ലിം കൈത് എല്ലിസൺ 2007 ൽ എം പി യായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ ഈ ഖുർആൻ പരിഭാഷ ഉപയോഗിച്ചത് അന്ന് വലിയ വിവാദം ഉയർത്തിയിരുന്നു.

Also Read:വിശേഷങ്ങളുടെ ഖുർആൻ: (11) പരിഭാഷകളുടെ സാംഗത്യവും സാധുതയും

പിന്നീട് പുറത്തു വന്ന പ്രധാന ഖുർആൻ പരിഭാഷ ലണ്ടനിലെ സെൻ്റ് എതെൽബർഗ (St. Ethelburga) യൂനിവേഴ്‌സിറ്റി റെക്ടർ ജോൺ റോഡ് വെൽ വകയായിരുന്നു. The Koran എന്ന പേരിലുള്ള കൃതി 1861 ലാണ് പ്രസിദ്ധീകൃതമായത്. തുടർന്നു 1880 ൽ കാംബ്രിഡ്ജ് ബിരുദധാരിയായ ഇ.എച്ച് പാൽമർ രണ്ട് വാള്യങ്ങളിലായി പുതിയ പരിഭാഷ ഇറക്കി. മാക്സ് മുളളറുടെ പൗരസ്ത്യൻ വിശുദ്ധ ഗ്രന്ഥങ്ങൾ സീരിസിൻ്റെ ഭാഗമായാണിത് പുറത്തിറങ്ങിയത്. 

ഇരുപതാം നൂറ്റാണ്ടിൽ ഇംഗ്ലീഷിൽ 29 പരിഭാഷകൾ പുറത്തിറങ്ങിയതായി വിശദാംശങ്ങൾ സഹിതം ഇംഗ്ലീഷ് വിക്കിപീഡിയ ലിസ്റ്റ് നൽകുന്നുണ്ട്.  1910 ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ അലഹബാദ് സ്വദേശി മിർസാ അബുൽ ഫസ് ലിൻ്റെ (1865-1956) പരിഭാഷ ആദ്യമായി ഒരു മുസ് ലിം തയ്യാർ ചെയ്തു അറബിക് ടെക്സ്റ്റ് സഹിതം പുറത്തിറക്കിയ ഇംഗ്ലീഷ് ഭാഷ്യമായി കണക്കാക്കപ്പെടുന്നു. 

1917 ൽ മൗലാനാ മുഹമ്മദലി (മരണം: 1951) പുറത്തിറക്കിയ ഖുർആൻ്റെ ഇംഗ്ലീഷ് പരിഭാഷയും വ്യാഖ്യാനവും 1951 ൽ വീണ്ടും പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചു. അദ്ദേഹം അഞ്ച് വർഷത്തിലധികം അധ്വാനിച്ചു തയ്യാർ ചെയ്ത ഈ കൃതി കിഴക്കും പടിഞ്ഞാറും പ്രചാരം നേടിയ ഒരു മുസ് ലിമിൻ്റെ ഇംഗ്ലീഷ് വിവർത്തനമായി ഗണിക്കപ്പെടുന്നു. അബ്ദുല്ല യൂസുഫലിയുടെ ഹോളി ഖുർആൻ ട്രാൻസ് ലേഷൻ & കമൻററി 1934ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അത് പോലെ ഇന്ത്യൻ പണ്ഡിതൻ അബ്ദുൽ മാജിദ് ദരിയാബാദിയുടെ തഫ്സീറുൽ ഖുർആൻ (1957) മുഹമ്മദ് അസദിൻ്റെ ദ മെസേജ് ഓഫ് ദി ഹോളി ഖുർആൻ (1980) കമ്പ്യൂട്ടർ വിദഗ്ധൻ റശാദ് ഖലീഫയുടെ 'ഖുർആൻ: ദ ഫൈനൽ ടെസ്റ്റ്മെൻറ് ' (1981) തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. 

ഇന്ത്യൻ, പാക്കിസ്ഥാനി, ബഗ്ലാദേശി പൗരൻമാരുടെ ഇംഗ്ലീഷ് ഭാഷ്യങ്ങൾക്ക് പുറമെ അമേരിക്കയിലെ മൂന്ന് വനിതകൾ ഇസ് ലാം സ്വീകരിച്ച ശേഷം തയ്യാർ ചെയ്ത ദ ഹോളി ഖുർആൻ (1997) എന്ന പരിഭാഷയും ഇതിൻ്റെ ഭാഗമാണ്. എമിലി അസാമി, അമതുല്ലാഹ് ബെൻറലി, മേരി കെന്നഡി എന്നിവരാണവർ. അത് പോലെ അഹ്മദിയ്യ വിഭാഗത്തിൻ്റെ അഞ്ച് വാള്യങ്ങളിലുള്ള പരിഭാഷയും (ദി ഇംഗ്ലീഷ് കമൻററി ഓഫ് ദ ഹോളി ഖുർആൻ - 1961) ശിയാക്കളുടെ ഇംഗ്ലിഷ് ഖുർആനും ( ദി അറബിക് ടെക്സ്റ്റ് & ഇംഗ്ലീഷ് ട്രാൻസലേഷൻ - 1981 by: മുഹമ്മദ് സർവർ) ഇതിൽ ഉൾപ്പെടുന്നു. 

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതിനകം തന്നെ 41 ൽ പരം ഇംഗ്ലീഷ് ഭാഷ്യങ്ങൾ ഖുർ ആന് ഇറങ്ങിക്കഴിഞ്ഞു. ഇതിൽ ശൈഖ് ബശീർ അഹ് മദ് മുഹ് യിദ്ദീൻ്റെ ഖുർആൻ: ദ ലിവിങ് ട്രൂത്ത് (2003), പാക്കിസ്ഥാനി പണ്ഡിതൻ മുഫ്തി മുഹമ്മദ്  തഖി ഉസ്മാനിയുടെ ദ മീനിങ്ങ്സ് ഓഫ് നോബിൾ ഖുർആൻ (രണ്ട് വാള്യം - 2007), മൗലാനാ താഹിറുൽ ഖാദിരിയുടെ ദ ഗ്ലോറിയസ് ഖുർആൻ (2011) തുടങ്ങിയവയും ഉൾപ്പെടുന്നു. ഇവയിൽ പലതും അമേരിക്കൻ / യൂറോപ്യൻ പൗരൻമാർ ഇസ് ലാം സ്വീകരിച്ച ശേഷം തങ്ങളെ പുതിയ മതത്തിലേക്ക് ആകർഷിച്ച കൃതി എന്ന നിലയിലുള്ള കടപ്പാടിൻ്റെ ഭാഗമായി ചെയ്ത സേവനങ്ങളാണ്. 

പ്രമുഖരായ മുസ് ലിം പണ്ഡിതർ അറബിയിലും ഉർദു വിലും മറ്റും രചിച്ച പരിഭാഷകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. മൗലാനാ വഹീദുദിൻ ഖാൻ്റെയും സയ്യിദ് അബുൽ അഅലാ മൗദൂദിയുടെയും വിവർത്തനങ്ങൾ ഉദാഹരണം. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (10) ഗ്രന്ഥം വ്യാഖ്യാനിച്ചു ഗ്രന്ഥാലയങ്ങൾ

ഇനി മറ്റു യൂറോപ്യൻ ഭാഷകളിലേക്ക് കടന്നാൽ റഷ്യൻ ഭാഷയിൽ 15ൽ കൂടുതൽ ഖുർആൻ ഭാഷ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കയാണ്.  ഈമാൻ വലേറിയ ബോറോഖോവ് എന്ന റഷ്യൻ എഴുത്തുകാരിയും ഗവേഷകയുമായ വനിത ഇസ് ലാം ആശ്ളേഷിച്ചു റഷ്യൻ ഭാഷയിൽ ഖുർആൻ പരിഭാഷപ്പെടുത്തുകയായിരുന്നു. യു എ ഇ പ്രസിഡൻ്റ് ശൈഖ് സായിദ് ഈ പരിഭാഷയുടെ ആധികാരിക പരിശോധിക്കാനായി അൽഅസ്ഹർ സർവകലാശാലയോട് ആവശ്യപ്പെട്ടതനുസരിച്ച് അവർ ഇരു ഭാഷകളിലും വൈദഗ്ധ്യം ഉള്ളവരുടെ കമ്മിറ്റി രൂപീകരിച്ച് ഉറപ്പ് വരുത്തിയ ശേഷം 25,000 കോപ്പി സ്വന്തം ചെലവിൽ അച്ചടിച്ചു വിതരണം ചെയ്തു. തുടർന്നും ഗൾഫ് നാടുകളിലെ പലരുടെയും സഹായത്താൽ അര മില്യനിലധികം കോപ്പികൾ ഇതിനകം വിതരണം ചെയ്തു. 

ദാഗിസ്ഥാനിലെ കോളേജ് പ്രൊഫസറായിരുന്ന മുഹമ്മദ് നൂരി ഉസ്മാ നോഫ് 20 വർഷത്തോളം കഠിനാധ്വാനം ചെയ്താണ് റഷ്യൻ ഭാഷയിൽ പരിഭാഷ തയ്യാർ ചെയ്തത്. റഷ്യയിൽ അക്കാദമിക് നിലവാരമുള്ള പരിഭാഷയായി ഇത് അംഗീകാരം നേടിയിട്ടുണ്ട്. റഷ്യൻ ഭാഷയിൽ പല പരിഭാഷകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിൽ പലതും ഇതര ഭാഷകളിൽ നിന്ന് റഷ്യനിലേക്ക് മൊഴിമാറ്റപ്പെടുകയായിരുന്നു. എന്നാൽ സുമയ്യ അഫീഫിയും അബ്ദുസ്സലാം മുൻസിയും സംയുക്തമായി രചിച്ചതും സാബ് ലോകോഫ്, കറാശ് കോവസ്കി എന്നിവർ തയ്യാർ ചെയ്തതും അറബി ഭാഷയിൽ നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തുകയായിരുന്നു. ഇൽമീർ കോലീവിൻ്റെ പരിഭാഷ അതിലെ ചില പദങ്ങളുടെ വിവക്ഷയുമായി ബന്ധപ്പെട്ട് റഷ്യയിൽ വിവാദങ്ങളും നിയമപ്രശ്നങ്ങളും ഉയർന്ന് വരികയുണ്ടായി. 

ഫ്രഞ്ച് ഭാഷയിൽ 12 പരിഭാഷകൾ ഇറങ്ങിയത് സംബന്ധിച്ച റിപ്പോർട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ജർമൻ ഭാഷയിൽ 27 പരിഭാഷകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് പോലെ ഇറ്റാലിയൻ ഭാഷയിൽ 12 ൽ കൂടുതൽ, സ്പാനിഷ് ഭാഷയിൽ അര ഡസനിൽ പരം, അൽബേനിയൻ, പോർച്ചുഗീസ് ഭാഷയിൽ ഏഴിൽ പരം, റുമേനിയൻ, ബൽ ഗേറിയൻ ഭാഷകളിലും പരിഭാഷകൾ ഇറങ്ങിയിട്ടുണ്ട്. ഡച്ച് ഭാഷയിൽ 18 ൽ പരം വ്യാഖ്യാനങ്ങൾ ഇറങ്ങി. തുർക്കി ഭാഷയിൽ 50 ൽ പരം പരിഭാഷകൾ ഇറങ്ങിയതായി കണക്കാക്കുന്നു.

ഇനി ഏഷ്യൻ രാജ്യങ്ങിലേക്ക് വന്നാൽ ചൈനയിൽ നാലിലധികം വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവിടെ തന്നെ ഉയിഗൂർ മുസ് ലിംകളുടെ ഭാഷയിലും ഖുർ ആൻ മൊഴിമാറ്റം നടന്നിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സ്വാഭാവികമായും ധാരാളം ഖുർആൻ പഠനകേന്ദ്രങ്ങളും മൊഴി മാറ്റങ്ങളും നടക്കുന്നുണ്ട്. ജപ്പാനിൽ ജാപനീസ് ഭാഷയിൽ ഏഴിൽ പരം പരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്. 

ലോകത്ത് എവിടെയെല്ലാം മുസ് ലിംകളുണ്ടോ, അവിടെയെല്ലാം ഖുർആൻ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഖുർആൻ കോപ്പികളും കാണും. മാത്രമല്ല, ഖുർ ആനിലെ ഏതാനും അധ്യായങ്ങളെങ്കിലും മന:പാഠമില്ലാത്ത ഒരാളെയെങ്കിലും കണ്ടെത്തുക ശ്രമകരമായിരിക്കും. അത് പോലെ ഒരു ഖുർആൻ കോപ്പിയെങ്കിലും സൂക്ഷിക്കാത്ത ഒരു മുസ് ലിം ഭവനമെങ്കിലും കാണുക അപൂർവമായിരിക്കും. മറ്റേത് ഭാഷക്കാർക്കും അവരുടെ മതഗ്രന്ഥങ്ങളുമായി ഉള്ളതിലും എത്രയോ കൂടുതൽ ആത്മബന്ധം മുസ് ലിംകൾ ഖുർആനുമായി കാത്തു സൂക്ഷിക്കുന്നുവെന്നത് കേവലം വസ്തുത മാത്രമാണ്. ലോകത്ത് ഏറ്റവും കൂടുതൽ അച്ചടിക്കപ്പെടുന്ന ഗ്രന്ഥം ബൈബിളോ മറ്റോ ആയിരിക്കാം. എന്നാൽ ഏറ്റവും കൂടുതൽ പരായണം ചെയ്യപ്പെടുന്ന കൃതി ഖുർആനായിരിക്കുമെന്ന കാര്യത്തിൽ ലോക വിവരമുള്ള ആർക്കും സംശയമുണ്ടാകാൻ വഴിയില്ല. അവരെല്ലാം മൂലഭാഷയായ അറബിക് പഠിച്ചു പാരായണം ശീലിച്ചാണ് വായിക്കുന്നതെന്ന കാര്യവും ഖുർആന് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്. 

(കടപ്പാട്: ചന്ദ്രിക ദിനപത്രം )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter