റബീഅ് - ഹൃദയ വസന്തം 12. ആകാശവും ഭൂമിയും ഒരു പോലെ പൂത്ത ദിനം
സന്മാര്‍ഗ്ഗമല്ലോ പിറന്നു വീണിതാ
സസ്മിതം കീര്‍ത്തനം പാടുന്നു കാലവും
ഇതില്‍ സുന്ദരം കണ്ടില്ല കണ്കളൊരിക്കലും
ഇതില്‍ പരം പെറ്റില്ല ഇത് വരെ ജനനിയും
സമ്പൂര്‍ണ്ണനായല്ലോ അങ്ങ് പിറന്നത്..
സ്വേഛപ്രകാരമോ ഭവാനെ പടച്ചത്...
ഇന്ന് റബീഉല്‍ അവ്വല്‍ പന്ത്രണ്ട്. ലോകഗുരു പ്രവാചകപ്രഭുവിന്റെ ജന്മം സംഭവിച്ചത്, 1498 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു സുദിനത്തിലായിരുന്നുവെന്നാണ് പ്രബലാഭിപ്രായം. റബീഅ് എന്നാല്‍ വസന്തം എന്നര്‍ത്ഥം. ചാന്ദ്രവര്‍ഷകലണ്ടറിലെ മൂന്നാമത്തെ മാസമാണ് ഒന്നാം റബീഅ് എന്ന പേരിലറിയപ്പെടുന്നത്. പൂക്കള്‍ വിരിഞ്ഞ് സുഗന്ധവും സൗരഭ്യവും പരക്കുന്ന കാലമാണ് വസന്തം. ലോകത്ത് ഇന്നും ബാക്കിയായി നില്ക്കുന്ന സര്‍വ്വ സുഗന്ധങ്ങളുടെയും ഉറവിടമായിരുന്നു അന്ന് ആ റബീഇല്‍ മക്കയില്‍ ജനിച്ചുവീണത്. അന്ന്, മക്കയിലെ കൊച്ചുവീട്ടില്‍ ആമിനാബീവിയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഭൂലോകത്തേക്ക് പിറന്ന് വീണ ആ കുഞ്ഞായിരുന്നു ലോകം ഇന്ന് വരെ കണ്ട ഏറ്റവും സുഗന്ധപൂര്‍ണ്ണമായ സന്ദേശത്തിന്റെ തിരി തെളിച്ചത്.
കേവലം 63 വര്‍ഷമാണ് അവിടുന്ന് ഈ ഭൂമിയില്‍ ജീവിച്ചത്. അതില്‍ തന്നെ, നാല്പതാം വയസ്സിലാണ് സത്യസന്ദേശവുമായി രംഗത്ത് വരുന്നത്. ശേഷമുള്ള പതിമൂന്ന് വര്‍ഷം വളരെ രഹസ്യമായി, ശത്രുക്കളുടെ പീഢനങ്ങളെല്ലാം സഹിച്ച് കഴിച്ച് കൂട്ടുകയായിരുന്നു. ശേഷമുള്ള പത്ത് വര്‍ഷം കൊണ്ടാണ് അവിടുന്ന് ആത്മീയവും രാഷ്ട്രീയവും ഒരു പോലെ സമ്മേളിക്കുന്ന ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുന്നത്. അതിന് മുമ്പോ ശേഷമോ ലോകം കണ്ടിട്ടില്ലാത്ത ഏറ്റവും ഉദാത്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നത്. അവസാനം, ഇതാ, ഇന്ന് നിങ്ങള്‍ക്ക് ഞാന്‍ നിങ്ങളുടെ മതത്തെ പൂര്‍ണ്ണമാക്കിയിരിക്കുന്നു എന്ന് പറഞ്ഞ്, മനുഷ്യജീവിതത്തിലാവശ്യമായതെല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയാണ് അവിടുന്ന് അവസാനിപ്പിച്ചത്.
അവസാനം ഇനി നിങ്ങളാണ് ഈ സന്ദേശം ശേഷം വരാനുള്ളവര്‍ക്ക് എത്തിച്ച് നല്കേണ്ടത് എന്ന് പറയുന്നതിലൂടെ, ആ സന്ദേശം സര്‍വ്വ ദിക്കുകളും വിദിക്കുകളും ഭേദിച്ച് വന്‍കരകളെല്ലാം കടന്ന് ലോകത്തിന്റെ മുക്ക് മൂലകളിലെല്ലാം എത്തിപ്പെട്ടത്. പതിനായിരത്തോളം വന്ന അനുയായികളില്‍ ഭൂരിഭാഗവും നാടും വീടും വിട്ട് ആ സന്ദേശത്തിന്റെ പ്രചാരണത്തിനായി പോവുന്നതാണ് പിന്നീട് നാം കാണുന്നത്. ആ നിര്‍ദ്ദേശത്തിന്റെ അനുരണനങ്ങളാണ് ഇന്നും ഈ സന്ദേശത്തെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. ലോകജനസംഖ്യയുടെ നാലിലൊന്ന് അതിന്റെ അനുയായികളും പ്രയോക്താക്കളും ആയി നിലകൊള്ളുന്നതും ദൈനംദിനം അത് വികസിച്ചുകൊണ്ടിരിക്കുന്നതും അത് കൊണ്ട് തന്നെ. ആ പ്രാവചകന്റെ വാക്കുകള്‍ക്ക് എത്രമാത്രം ശക്തിയുണ്ടെന്നത് ഇന്നും നമ്മെ അല്‍ഭുതപ്പെടുത്താതിരിക്കില്ല...
അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ..
Leave A Comment