റമദാന്‍ ചിന്തകള്‍ - നവൈതു 7. നിശബ്ദതയിലുയരുന്ന ബാങ്കിന്റെ അലയൊലികള്‍

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍....
അല്ലാഹുവാണ് ഏറ്റവും വലിയവന്‍, അവന്‍ അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. 

വിശ്വാസികളുള്ളിടത്തെ മനുഷ്യരെല്ലാം ഓരോ ദിവസവും അതിരാവിലെ ആദ്യം കേള്‍ക്കുന്ന വചനങ്ങളാണ് ഇത്. ഉറക്കമെണീറ്റ ശേഷം പുറത്ത് നിന്ന് കേള്‍ക്കുന്ന ആദ്യ വാക്കുകളെന്ന് പറയാം. ലോകത്ത് ഒരിക്കലും നിലക്കാത്ത ശബ്ദവീചികളാണ് ഇവയെന്നും പറയാം. ഓരു നാട്ടിലല്ലെങ്കില്‍ മറ്റൊരു നാട്ടില്‍, ഒരു പ്രദേശത്തല്ലെങ്കില്‍ മറ്റൊരു പ്രദേശത്ത്, സൂര്യന്റെ ചലനത്തിനനുസരിച്ച് ഇത് ഇടവിടാതെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

ഇസ്‍ലാമിന്റെ ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളാണ് ബാങ്കിലൂടെ ഉല്‍ഘോഷിക്കപ്പെടുന്നത്. അല്ലാഹുവിന്റെ മഹത്വവും അവനല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ പ്രവാചകനാണെന്നുമാണ് ആദ്യ വചനങ്ങള്‍ പറയുന്നത്. ശേഷം അതില്‍ വിശ്വസിക്കുന്നവരെല്ലാം നിസ്കാരത്തിലേക്കും അത് വഴി വിജയപാതയിലേക്കും ക്ഷണിക്കുകയും ചെയ്യുന്നു. വീണ്ടും അല്ലാഹുവിന്റെ മഹത്വുവും അവന്റെ ഏകത്വവും ഒരിക്കല്‍ പറഞ്ഞ് അത് അവസാനിക്കുന്നു.

Read More: റമദാന്‍ ചിന്തകള്‍ - നവൈതു 6. അത്താഴ സമയം, അത് ഏറെ ധന്യമാണ്

അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് മാനസികമായി ഏറ്റവും ശക്തിയും ധൈര്യവും പകരുന്നതാണ് അല്ലാഹു അക്ബര്‍ എന്ന മന്ത്രം. അവനാണ് ഏറ്റവും വലിയവന്‍ എന്ന് മനസ്സറിഞ്ഞ് ഉരുവിടുന്നതിലൂടെ, മറ്റുളളതെല്ലാം അവന്റെ മുന്നില്‍ നിസ്സാരമായി മാറുന്നു. വിജയങ്ങളും പരാജയങ്ങളും ഉയര്‍ച്ചകളും വീഴ്ചകളും യജമാനരും ജോലിക്കാരുമെല്ലാം കൊട്ടാരവും കുടിലുമെല്ലാം അവന് സ്വന്തം നാഥനേക്കാള്‍ ചെറുത് തന്നെ. അഥവാ, അവക്കെല്ലാം മുകളിലാണ് തന്റെ നാഥനും അവന്റെ കല്പനകളുമെന്നര്‍ത്ഥം. 

ഈ വസ്തുത വേണ്ട വിധം ഉള്‍ക്കൊള്ളുന്നതോടെ അവന്റെ ജീവിതം തന്നെ സമുന്നതമായി മാറുന്നു. ജീവിതത്തിലുടനീളം മൂല്യങ്ങള്‍ സൂക്ഷിക്കാനും എല്ലായിടത്തും ധര്‍മ്മം പാലിക്കാനും അവനെ പ്രാപ്തനാക്കുന്നത് ഈ ചിന്തയാണ്. അത് കൊണ്ട് തന്നെയാവാം ഈ വാക്കുകള്‍ കേട്ടും അത് ഉരുവിട്ടും മനസ്സിലേക്ക് ആവാഹിച്ച് വേണം ഓരോ ദിവസവും തുടങ്ങേണ്ടതെന്ന് നിര്‍ദ്ദേശിക്കപ്പെട്ടതും.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter