ഇഖ്റഅ് 07-രാത്രി, ഇരുട്ടിനിടയിലും വായിക്കാന്‍ ഒത്തിരി താളുകള്‍

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...

നിങ്ങളുടെ ഉറക്കം (നിങ്ങള്‍ക്ക്) നാമൊരു വിശ്രമമാക്കുകയും രാത്രിയെ ഒരു വസ്ത്രമാക്കുകയും ചെയ്തിരിക്കുന്നു (സൂറതുന്നബഅ് 9-10)

മനുഷ്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഉറക്കം. പകല്‍ സമയത്ത് ജോലികള്‍ ചെയ്യാനും ദൈനംദിന വൃത്തികളില്‍ ഏര്‍പ്പെടാനും സാധ്യമാകുന്നത്, രാത്രി സുഖകരമായി ഉറങ്ങുമ്പോഴാണ്. ഉറക്കം നഷ്ടപ്പെടുന്ന രാത്രികള്‍ സമ്മാനിക്കുന്നത്, ഉന്മേഷമില്ലാതെ അലസമായി കഴിച്ച് കൂട്ടേണ്ടിവരുന്ന പകലുകള്‍ കൂടിയായിരിക്കും.

ഇരുട്ടിന്റെ പുതപ്പ് കൊണ്ട് മൂടിക്കിടക്കുന്ന രാത്രി, മനുഷ്യന് മാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം വല്ലാത്തൊരു അനുഗ്രഹമാണ്. സസ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ ഭക്ഷണനിര്‍മ്മാണം നടക്കുന്നത്, പകല്‍സമയത്തെ സൂര്യപ്രകാശം ഉപയോഗപ്പെടുത്തിയാണെന്ന് നമുക്കറിയാം. അതേ സമയം, സൂര്യപ്രകാശത്തെ കണ്ടെത്താനും ആഗിരണം ചെയ്യാനും ചെടികളെ സഹായിക്കുന്ന ഫൈറ്റോക്രോം എന്ന ഘടകം ഉദ്പാദിപ്പിക്കപ്പെടുന്നത് രാത്രിയിലാണ്. അഥവാ, സൂര്യപ്രകാശമില്ലാത്ത, അതുപയോഗിച്ചുള്ള സംശ്ലേഷണം നടക്കാത്ത, ശാന്തമായി വിശ്രമിക്കാവുന്ന രാത്രിയുടെ യാമങ്ങള്‍ സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കുമെല്ലാം അനിവാര്യമാണ് എന്നര്‍ത്ഥം.  

അതിലെല്ലാമുപരി, രാത്രിയുടെ യാമങ്ങളാണ് പല പ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുള്ളത്. പ്രവാചകചരിത്രത്തിലെ വഴിത്തിരിവെന്ന പറയാവുന്ന, മക്കയില്‍നിന്ന് മദീനയിലേക്കുള്ള പലായനം തുടങ്ങിയത് രാത്രിയായിരുന്നുവല്ലോ. സര്‍വ്വോപരി, പ്രവാചകര്‍ (സ്വ)യെ, പടച്ച തമ്പുരാന്‍ തന്റെ സമീപത്തേക്ക് കൊണ്ട് പോയതും ഒരു രാത്രിയിലായിരുന്നു. 

Read More: റമദാന്‍ ഡ്രൈവ്- നവൈതു-07

മുസ്‍ലിം സമൂഹത്തിന്റെ ഏറ്റവും പ്രധാന ആരാധനാകര്‍മ്മമായ നിസ്കാരം നല്കപ്പെട്ടതും ആ രാത്രി തന്നെ. അത് കൊണ്ട് തന്നെ, രാത്രിയിലെ നിസ്കാരത്തിന് പ്രത്യേകതകളേറെയാണ്. പ്രവാചകര്‍ നാഥന്റെ സമീപത്തേക്ക് കയറിച്ചെന്നതുപോലെ, ഏതൊരു വിശ്വാസിക്കും നിസ്കാരത്തിലൂടെ ആ പ്രയാണം സാധ്യമാവുന്നതാണ്, വിശിഷ്യാ അത് രാത്രിയിലാവുമ്പോള്‍.

ആരോഹണാവരോഹണങ്ങളുടേത് കൂടിയാണ് രാത്രി. പ്രപഞ്ചനാഥനായ തമ്പുരാന്‍ രാത്രിയുടെ അവസാന യാമങ്ങളില്‍ ഭൂമിയോട് കൂടുതല്‍ സമീപസ്ഥനാകുന്നുവെന്ന് ഹദീസുകളില്‍ കാണാം. വിവിധ കര്‍ത്തവ്യങ്ങളേല്‍പ്പിക്കപ്പെട്ട മാലാഖമാരും ഇറങ്ങിവരുന്നത് രാത്രിയില്‍ തന്നെ. രാത്രികളുടെ നേതാവായ ഖദ്റിന്റെ രാത്രി തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സാക്ഷി. 

രാത്രിയുടെ യാമങ്ങള്‍, വാനലോകത്തുള്ളവര്‍ക്ക് ഭൂലോകത്തേക്കുള്ള അവരോഹണത്തിന്റേതാണെങ്കില്‍, ഭൂമിയിലുള്ളവര്‍ക്ക് അത് വാനലോകത്തേക്കും അവിടെയുള്ളവന്റെ സമീപത്തേക്കും ആരോഹണം നടത്താനുള്ളതാണ്. അഥവാ, രാത്രിയുടെ ഇരുട്ടിന്റെ മറവില്‍ നടക്കുന്നത് ഒട്ടനേകം ആരോഹണാവരോഹണങ്ങളാണ് എന്നര്‍ത്ഥം. മുന്‍കഴിഞ്ഞ സമുദായങ്ങളിലടക്കമുള്ള സച്ചരിതരെല്ലാം രാത്രിയുടെ നിമിഷങ്ങളെ ആരാധനകളാല്‍ ധന്യമാക്കാന്‍ പ്രത്യേകം ശുഷ്കാന്തി കാണിച്ചതും അത് കൊണ്ട് തന്നെ.

അഥവാ, രാത്രിയുടെ നിറം ഇരുട്ടാണെങ്കിലും അവിടെയും ദൃഷ്ടാന്തങ്ങളുടെ അനേകം പ്രകാശക്കീറുകള്‍ കാണാം എന്നര്‍ത്ഥം. ആ കിരണങ്ങള്‍ക്കിടയിലൂടെ അനന്തമായി വായിച്ചുപോകാനുള്ള താളുകളും. നാഥാ, നീ ഇതൊന്നും സൃഷ്ടിച്ചത് അര്‍ത്ഥ ശൂന്യമായല്ല തന്നെ, തീര്‍ച്ച.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter