റമദാന്‍ ചിന്തകള്‍ - നവൈതു..22. കുടുംബത്തിലും സന്തോഷം പകരുന്ന വിശ്വാസി..

സ്വഹാബി പ്രമുഖനായ ജാബിര്‍(റ) ഒരിക്കല്‍ പ്രവാചകരെ കാണാനായി വീട്ടിലേക്ക് ചെന്നു. അവിടെ എത്തിയപ്പോള്‍ കണ്ടത്, പേര മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവരോടൊപ്പം അവിടുന്ന് ആന കളിക്കുന്നതാണ്. പ്രവാചകര്‍ ആനയായി നിലത്ത് കൈയ്യും കാല്‍ മുട്ടുകളും കുത്തി നില്ക്കുന്നു. പുറത്ത് പാപ്പാന്മാരായി രണ്ട് പേരും കയറിയിരിക്കുന്നു. എന്നിട്ട് പ്രവാചകര്‍ അവരെയും കൊണ്ട് നാല് കാലില്‍ നടന്നുനീങ്ങുകയായിരുന്നു. ഇത് കണ്ട്, നല്ല ഒട്ടകത്തെയാണല്ലോ നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, പ്രവാചകരുടെ മറുപടി ഇങ്ങനെയായിരുന്നു, യാത്രക്കാരും ഏറ്റവും നല്ലവര്‍ തന്നെ.

ഒരു വിശ്വാസി ജീവിതത്തിന്റെ എല്ലാ തുറകളിലുമെന്ന പോലെ, കുടുംബത്തിലും വെളിച്ചവും സന്തോഷവും പകരേണ്ടവനാണ്. വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്റെ പ്രയാസങ്ങളോ പ്രാരാബ്ധങ്ങളോ ഒന്നും തന്നെ കുടുംബ ജീവിതത്തെ ബാധിക്കാത്ത വിധം സന്തുലിതമായി കൊണ്ട് പോവാന്‍ കഴിയേണ്ടവനാണ് വിശ്വാസി. അടുക്കള മുതല്‍ അന്താരാഷ്ട്രം വരെയുള്ള, താന്‍ തന്നെ നേതൃത്വം നല്കുന്ന, ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ അടക്കമുള്ള അനേകായിരം പ്രശ്നസഞ്ചയങ്ങള്‍ക്കിടയിലാണ് പ്രവാചകര്‍(സ്വ) കൊച്ചുമക്കളോടൊപ്പം കളിക്കാനും ഉല്ലസിക്കാനും സമയം കണ്ടെത്തുന്നത് എന്നത് എത്രമാത്രം അല്‍ഭുതകരമാണ്. വിശ്വാസിയുടെ ജീവിതം എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃക കൂടിയാണ് അതിലൂടെ അവിടുന്ന് വരച്ച് വെക്കുന്നത്.

Read More:റമദാന്‍ ചിന്തകള്‍ - നവൈതു..21. വിശ്വാസിയുടെ ഭാര്യ ഏറെ ഭാഗ്യവതിയാണ്

വീട്ടിലെത്തിയാല്‍ ഭാര്യയോടും മക്കളോടുമൊപ്പം കളിതമാശകളില്‍ ഏര്‍പ്പെട്ടും അവരുടെ മനസ്സുകളില്‍ സന്തോഷം പകര്‍ന്നും കുട്ടികളോടൊപ്പമാവുമ്പോള്‍ അവരിലൊരാളായി മാറിയുമെല്ലാമാണ് ഒരു വിശ്വാസിയുടെ ജീവിതം മുന്നോട്ട് പോവേണ്ടത്. 

കേവലമായ സന്തോഷ പ്രകടനമെന്നതിനേക്കാളേറെ, വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവയെല്ലാം ആരാധന കൂടിയാണ്. അഥവാ, ഒരു വിശ്വാസിയുടെ സമൂഹം മാത്രമല്ല, അവന്റെ കുടുംബവും ഏറെ സന്തുഷ്ടവും സംതൃപ്തവുമാണ് എന്നര്‍ത്ഥം. ഒരു പടി കൂടി കടന്ന് പറഞ്ഞാല്‍, സാമൂഹ്യസേവനവും പൊതുപ്രവര്‍ത്തനവും സാമൂഹ്യബാധ്യതയാണെങ്കില്‍, ഇത്തരം കാര്യങ്ങള്‍ കുടുംബമായി ജീവിക്കുന്ന ഏതൊരു വിശ്വാസിയുടെയും വൈയ്യക്തിക ബാധ്യതയാണെന്നതാണ് സത്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter