മതവും രാഷ്ട്രീയ താല്പര്യങ്ങളും: ഇസ്രായേൽ-ഇറാൻ യുദ്ധം വിലയിരുത്തുമ്പോൾ
2025 ജൂൺ 13-ന് സയണിസ്റ്റ് ഇസ്രായേൽ ഇറാനെതിരെ അപ്രതീക്ഷിതവും എന്നാൽ ഏറെ ആസൂത്രിതവുമായ ആക്രമണം നടത്തി, മുതിർന്ന സൈനിക കമാൻഡർമാരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയപ്പോൾ, സോഷ്യൽ മീഡിയയിൽ മുസ്ലിം പ്രൊഫൈലുകളിൽ തീവ്രമായ ചർച്ചകൾ ഉയർന്നു. ചര്‍ച്ചകളുടെ കേന്ദ്ര ചോദ്യം ഇതായിരുന്നു: സുന്നി മുസ്‍ലിംകൾ ഇറാനെ പിന്തുണക്കണോ വേണ്ടയോ?
ചിലർ ഇരു വിഭാഗങ്ങളെയും പിന്തുണക്കാതെ മാറി നിന്നപ്പോൾ മറ്റുചിലർ ഇറാന്റെ ഷിയാ നിലപാടും പ്രാദേശിക സ്വാധീനം വർധിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളും സിറിയയിലും യെമനിലും ടെഹ്റാന്‍ നടത്തിയ ക്രൂരതകളും ചൂണ്ടിക്കാട്ടി ഇറാനെ ശക്തമായി എതിർത്തു, അത് പരോക്ഷമായി ഇസ്രായേലിനെ അനുകൂലിക്കുന്നതിന് തുല്യമാണെങ്കിലും. പക്ഷേ ഭൂരിപക്ഷം പേരും ഗസ്സയിൽ ദിനംപ്രതി നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുന്ന സയണിസ്റ്റ് അധിനിവേശ ഭരണകൂടത്തിനെതിരെ ഇറാൻ തിരിച്ചടിക്കുന്നതിൽ സന്തോഷിച്ചവരാണ്.
രാഷ്ട്രീയ ഷിയാ വിഭാഗത്തിന്റെ സുന്നികളോടുള്ള ക്രൂരത ഓർമ്മിപ്പിച്ച്, ഇസ്രായേൽ ഇറാനിയൻ കമാൻഡർമാരെ കൊലപ്പെടുത്തിയതിൽ ആഹ്ലാദിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കാണാനിടയായി. അതിന് മറുപടിയായി അയാളുടെ കമന്റ് ബോക്സിൽ ഖുർആനിൽ നിന്നുള്ള ഈ വചനങ്ങൾ ഉദ്ധരിച്ചു ഞാൻ മറുപടി നൽകുകയും ചെയ്തു:
(റോമക്കാര്‍ പരാജിതരായിരിക്കുന്നു.. അടുത്തുള്ള ദേശത്ത്. (അടുത്ത നാട്ടിലാണിതുണ്ടായത്) തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയം വരിക്കും. ഏതാനും കൊല്ലങ്ങള്‍ക്കകമിതുണ്ടാകും. മുമ്പും ശേഷവും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും. അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക. അവനിച്ഛിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപിയും പരമദയാലുവുമാണ്). സൂറത്ത് അർറൂം
റോമാക്കാർ (അഹ്‌ലുൽകിതാബ് - വേദക്കാർ) പേർഷ്യക്കാർക്കെതിരെ (അഗ്നിപൂജകരായ ബഹുദൈവവിശ്വാസികൾ) വിജയം നേടിയപ്പോൾ വിശ്വാസികൾ ആനന്ദിച്ചു. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതുപോലെ: “മുസ്‍ലിംകൾ, വേദക്കാരായ റോമക്കാർ വിഗ്രഹാരാധകരായ പേർഷ്യക്കാരെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. അതേസമയം, മക്കയിലെ ബഹുദൈവ വിശ്വാസികൾ പേർഷ്യക്കാർ വിജയിക്കണമെന്ന് കൊതിച്ചു, കാരണം മതപരമായി അവർ അവരോട് കൂടുതൽ സാമ്യം പുലർത്തുന്നവരായിരുന്നു.” ഇതനുസരിച്ച്, വിശ്വാസപരമായും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ഇറാന്റെ നിലപാടുകളോട് വിയോജിപ്പുള്ളപ്പോഴും അവർ അഹ്‍ലുൽഖിബ്‌ലയിൽ പെട്ടവർ എന്ന നിലയിൽ, ഇസ്രായേലിന്റെ ഈ ആക്രമണത്തിൽ ആനന്ദം കണ്ടെത്തുന്നത് ലോകമെമ്പാടുമുള്ള ഇസ്‌ലാമിന്റെ ശത്രുക്കളോടൊപ്പം ചേരുന്നതിന് തുല്യമാണ്.”
ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ പൊതുനിലപാടിനെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നാണ് വ്യക്തിപരമായി ഞാൻ മനസ്സിലാക്കുന്നത്. ഇറാന്റെ ഇസ്‌ലാം പതിപ്പിനെ അവർ നിരസിച്ചേക്കാം, അതിന്റെ രാഷ്ട്രീയ ആശയങ്ങളെ എതിർക്കുകയും ചെയ്‌തേക്കാം. എന്നാൽ, ഗസ്സയിൽ നടക്കുന്ന ക്രൂരമായ കഷ്ടപ്പാടുകളുടെ വെളിച്ചത്തിൽ, ടെൽഅവീവിനെ കുലുക്കിയ ഓരോ മിസൈലും വിശ്വാസികൾക്ക് ആനന്ദം നൽകിയെന്നത് അനിഷേധ്യമാണ്.
ഇറാന്റെ പ്രാദേശിക രാഷ്ട്രീയ അഭിലാഷങ്ങളും അവർ മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ അപകടവും അവഗണിക്കുന്നുവെന്നോ കുറച്ചുകാണുന്നുവെന്നോ ഇതിനർത്ഥമില്ല.
സങ്കീർണ്ണമായ മിഡിലീസ്റ്റ് രാഷ്ട്രീയം
മിഡിലീസ്റ്റിലെ ഭൗമരാഷ്ട്രീയ ഭൂപടം സുന്നി-ഷിയാ വിഭജനത്താൽ വലിയ തോതിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനും സുന്നി വിഭാഗത്തിന്റെ സ്വാഭാവിക നേതാവായ സൗദി അറേബ്യയും ദീർഘകാലമായി ശീതസമരത്തിലാണെന്ന് തന്നെ പറയാം. ഈ സമരം സിറിയ, ഇറാഖ്, യെമൻ, ലെബനാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ പലപ്പോഴും പ്രോക്സി യുദ്ധങ്ങൾക്ക് ഇന്ധനമായി മാറുന്നുമുണ്ട്. ലെബനോനിലെ ഹിസ്ബുള്ള, യമനിലെ ഹൂതികൾ, സിറിയയിലെ പുറത്താക്കപ്പെട്ട അസദ് ഭരണകൂടം തുടങ്ങിയ സംഘടനകൾക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുന്നത് ഇറാൻ ആണ്. ഈ കക്ഷികൾ ഒന്നിച്ച് "ചെറുത്തുനിൽപ്പ് അച്ചുതണ്ട്" (Axis of Resistance) എന്നാണറിയപ്പെടുന്നത്.
മറുവശത്ത്, സൗദി അറേബ്യ, പ്രാദേശിക സുസ്ഥിരത നിലനിർത്താനും ഇറാന്റെ സ്വാധീനത്തെ ചെറുക്കാനും ശ്രമിക്കുന്ന, സുന്നി ശക്തികളുടെ ഒരു സഖ്യത്തെ നയിക്കുന്നുണ്ട്. ഗൾഫ് രാഷ്ട്രങ്ങൾ പൊതുവേ ആണവായുധമുള്ള ഇറാനെ ഭയക്കുന്നതിനാൽ, വളരെ ജാഗ്രതയോടെയാണ് ഇടപെടുന്നത്. ഇറാനുമായുള്ള ഒരു തുറന്ന ഏറ്റുമുട്ടൽ അവരുടെ സുരക്ഷാ ഘടനകളെ അസ്ഥിരപ്പെടുത്തുകയും എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥകളെ ഭീഷണിയിലാക്കുകയും ചെയ്യുമെന്ന് അവർ മനസ്സിലാക്കുന്നതിനാൽ വളരെ തന്ത്രപരമായ നിലപാടാണ് ഇക്കാര്യത്തിൽ അവർ സ്വീകരിക്കുന്നത്. ഇറാനെ “തിന്മ”യും “പാമ്പിന്റെ തല”യായും മുമ്പ് വിശേഷിപ്പിച്ചിരുന്ന സൗദി അറേബ്യ, ടെഹ്റാന്റെ ആണവാഭിലാഷങ്ങളെ സ്ഥിരമായി എതിർക്കുകയും 2015-ലെ യു.എസ്.-ഇറാൻ ആണവ കരാറിനെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. തന്റെ ആദ്യ ഭരണകാലത്ത്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറിയപ്പോൾ സൗദി അറേബ്യ ആ നീക്കത്തെ സ്വാഗതം ചെയ്തതും ഇതിന്റെ തെളിവാണ്.
എന്നാൽ 2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ സൗദി അറേബ്യയും ഇറാനും തമ്മിൽ ഉണ്ടായ സമാധാന കരാർ മുതൽ, റിയാദ് അല്പം കൂടി സന്തുലിതമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഏറ്റവും പുതിയ സംഘർഷത്തിന്റെ ആഴ്ചകൾക്ക് മുമ്പ്, സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻസൽമാൻ, ട്രംപിന്റെ പുതുക്കിയ ആണവ കരാർ ഓഫർ സ്വീകരിക്കാൻ ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. അല്ലെങ്കിൽ ഇസ്രായേൽ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. അതിന് രണ്ടാഴ്ചക്ക് ശേഷമാണ് ഇസ്രായേൽ ഇറാനെ ആക്രമിക്കുന്നത്. യു.എ.ഇ. മാർച്ചിൽ തന്നെ ടെഹ്റാന് സമാനമായ സന്ദേശം നൽകിയതായും പറയപ്പെടുന്നുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചപ്പോൾ, സൗദി അറേബ്യ ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിക്കുകയും സംഘർഷം ലഘൂകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു, എന്നാൽ ഇറാനെ വ്യക്തമായി പിന്തുണയ്ക്കുന്നതിൽ നിന്ന് അവര്‍ വിട്ടുനിന്നു.
മറ്റൊരു പ്രധാന ഗൾഫ് രാഷ്ട്രമായ ഖത്തർ, ദീർഘകാലമായി കൂടുതൽ സൗഹാർദപരമായ സമീപനമാണ് ഇറാനോട് സ്വീകരിക്കുന്നത്. ഖത്തർ നയതന്ത്ര പരിഹാരങ്ങളെ സ്ഥിരമായി പിന്തുണക്കുകയും അമേരിക്ക-ഇറാൻ ആണവ കരാറിന്റെ പ്രധാന അനുകൂലിയുമായിരുന്നു. ഇറാനുമായി ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരങ്ങളിലൊന്ന് പങ്കിടുന്ന ഖത്തർ, സുസ്ഥിരമായ ബന്ധങ്ങൾ നിലനിർത്താനാണ് എപ്പോഴും താൽപ്പര്യപ്പെടുന്നത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ, ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ യു.എസ്. ആക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ, ഖത്തറിലെ അൽഉദൈദ് സൈനിക താവളത്തെയാണ് ലക്ഷ്യമാക്കിയത്.
മിഡിലീസ്റ്റ് രാഷ്ട്രീയത്തിലെ മറ്റൊരു പ്രധാന ശക്തിയാണ് തുർക്കി. റജബ് ത്വയ്യിബ് ഉർദുഗാന്റെ നേതൃത്വത്തിൽ, തുർക്കി ഒരു പ്രധാന സുന്നി ശക്തിയായി സ്വയം സ്ഥാപിക്കുകയും പ്രദേശത്തുടനീളം തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇറാനിൽ നിന്ന് വ്യത്യസ്തമായി, തുർക്കി സിറിയയിലെ സുന്നി വിഭാഗമായ പ്രതിപക്ഷത്തെ പിന്തുണക്കുകയും വടക്കൻ സിറിയയിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുകയും വിമത സംഘങ്ങൾക്ക് സൈനിക-സാങ്കേതിക പിന്തുണയും നൽകുന്നുണ്ട്. അതിലൂടെ അസദ് ഭരണകൂടത്തെ പുറത്താക്കുന്നതിലും അഹ്മദ് അൽശർഅിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തെ കുടിയിരുത്തുന്ന കാര്യത്തിലും തുർക്കിയുടെ പങ്ക് നിർണായകമാണ്.
ഇറാനുമായി എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള സുപ്രധാന സാമ്പത്തിക ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും, അങ്കാറയും ടെഹ്റാനും തമ്മിൽ രാഷ്ട്രീയ വിയോജിപ്പുകൾ ദൃശ്യമാണ്. വടക്കൻ സിറിയയിൽ കുർദ് സ്വാതന്ത്ര്യത്തിനുള്ള ഏതൊരു നീക്കത്തെയും തുർക്കി ശക്തമായി എതിർക്കുമ്പോൾ ഇറാൻ, തങ്ങളുടെ വിശാലമായ പ്രാദേശിക അജണ്ടയ്ക്ക് ഉപകരിക്കുമെന്നതിനാല്‍ കുർദ് ഗ്രൂപ്പുകളെ പിന്തുണക്കുന്നതും ഒരു പ്രശ്നമാണ്. ഓട്ടോമൻ പൈതൃകത്തെ ഉണർത്തി, തുർക്കി സുന്നി മുസ്‍ലിം ലോകത്തെ നയിക്കാൻ ആഗ്രഹിക്കുമ്പോള്‍, മറുവശത്ത്, ഇറാൻ തന്റെ വിപ്ലവകരമായ ഷിയാ സിദ്ധാന്തം പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. ഈ മൗലികമായ ദർശനങ്ങളുടെ ഏറ്റുമുട്ടൽ, അങ്കാറയും ടെഹ്റാനും തമ്മിലുള്ള മത്സരം രാഷ്ട്രീയം മാത്രമല്ല, ആശയപരവുമാണെന്ന് തെളിയിക്കുന്നു.
ഇസ്രായേൽ-ഇറാൻ യുദ്ധവും ലോക ശക്തികളുടെ പ്രതികരണവും
ഗസ്സയിലും ലെബനാനിലും നടക്കുന്ന സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കെ ഇറാനെതിരെ നേരിട്ടുള്ള ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ തീരുമാനം അടിയന്തിര തന്ത്രപരമായ കണക്കുകൂട്ടലുകള്‍ക്ക് ശേഷം രൂപപ്പെട്ടതാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 1992 മുതൽ ഇറാൻ ആണവായുധങ്ങൾ നേടാൻ ശ്രമിക്കുന്നുവെന്ന് കിട്ടുന്ന വേദികളിലൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്തടക്കം, ഇറാൻ ആണവ ബോംബ് നിർമ്മിക്കുന്നതിന് മാസങ്ങൾ മാത്രം അകലെയാണെന്ന് അദ്ദേഹം ആവർത്തിച്ച് പ്രസ്താവിച്ചുകൊണ്ടേയിരുന്നു. എന്നാൽ, യു.എസ്. പ്രസിഡന്റ് ട്രംപ് ആദ്യം മടിച്ചുനിന്നപ്പോഴും നെതന്യാഹുവിന്റെ സൈനിക ആക്രമണത്തിനുള്ള തീരുമാനം പലരെയും ഞെട്ടിച്ചു.
ഇറാനെതിരെ ഇസ്രായേൽ കിട്ടിയ അവസരം ഉപയോഗപ്പെടുത്തി എന്നതാണ് പൊതുവായ വിലയിരുത്തൽ. 2025 ജൂൺ 13-ന് ആരംഭിച്ച ഓപ്പറേഷൻ റൈസിംഗ് ലയൺ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത ഒരു ആക്രമണമായിരുന്നു. ഇറാന്റെ പ്രാദേശിക ശൃംഖല, “ചെറുത്തുനിൽപ്പ് അച്ചുതണ്ട്” (Axis of Resistance) ദുർബലമായ സമയമാണ് ഇസ്രായേൽ ആക്രമണത്തിന് തെരഞ്ഞെടുത്തത്. ലെബനാനിലെ ഹിസ്ബുല്ലയുടെ നേതൃത്വവും ആയുധശേഖരവും കനത്ത നഷ്ടം നേരിട്ടിരുന്നു, യു.എസ്.-യെമൻ വെടിനിർത്തലും സിറിയയിലെ അസ്ഥിരതയും ടെഹ്റാന്റെ സഖ്യകക്ഷികളെ ഫലപ്രദമായി സംഘടിപ്പിക്കാനോ ഉപയോഗപ്പെടുത്താനോ കഴിയില്ലെന്നും വ്യാപകമായ തിരിച്ചടിക്ക് സാധ്യതയില്ലെന്നുമുള്ള വിലയിരുത്തലിലാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ പൊടുന്നനെയുള്ള പൊട്ടിപ്പുറപ്പെടൽ, വളരെ വിശാലമായ ഒരു സംഘർഷത്തിന്റെ ഭയം ഉണർത്തി. പലരും “മൽഹമതുൽ കുബ്റ” (Malḥamatul Kubrá) എന്ന, ഇസ്‌ലാമിക അന്ത്യകാല പ്രവചനങ്ങളിൽ പരാമർശിക്കപ്പെടുന്ന മഹായുദ്ധത്തെക്കുറിച്ച് ഇസ്‌ലാമിക പണ്ഡിതന്മാർ ചർച്ച ചെയ്യുന്ന വീഡിയോകൾ പ്രചരിപ്പിക്കാൻ തുടങ്ങി. വിവിധ വ്യാഖ്യാനങ്ങൾ പ്രകാരം, ഈ യുദ്ധം ലോകാവസാനത്തിന് തൊട്ടുമുമ്പ് നടക്കുമെന്നും, മുസ്‍ലിംകൾ ആദ്യം റോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളായ പാശ്ചാത്യ ശക്തികളുമായി ഒരു പൊതുശത്രുവിനെതിരെ സഖ്യം ചേരുമെന്നും, എന്നാൽ പിന്നീട് റോമൻ വശം മുസ്‍ലിം വശത്തെ വഞ്ചിക്കുകയും ആഗോള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഇത് പറയുന്നത്. ഇത്തരം പരാമർശങ്ങൾ വൈകാരികവും മതപരവുമായ ചർച്ചകൾക്ക് വഴിയൊരുക്കിയെങ്കിലും, ഇത്തരമൊരു സംഭവത്തിന്റെ സമയം ഇനിയും എത്തിയിട്ടില്ലെന്നും അതിന്റെ വ്യാഖ്യാനങ്ങൾ വൈവിധ്യവും സങ്കീർണ്ണവുമാണെന്നുമാണ് വ്യക്തിപരമായി ഞാൻ കരുതുന്നത്.
ഇസ്രായേൽ ആക്രമണം നടത്തുകയും യു.എസ്. സംഘർഷത്തിൽ ഇടപെടുകയും ചെയ്തപ്പോൾ, ആഗോള സംഘർഷ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ വ്യാപകമായിരുന്നു. യു.എസിന്റെ കൂടുതൽ ഇടപെടലിനെതിരെ റഷ്യ മുന്നറിയിപ്പ് നൽകിയപ്പോൾ, ചൈന സംഘർഷം ലഘൂകരിക്കണമെന്ന് ആഹ്വാനം ചെയ്തു. എന്നിരുന്നാലും, മോസ്കോയും ബീജിംഗും നേരിട്ട് ഇറാന് സൈനിക പിന്തുണ നല്കിയില്ല. അവരുടെ പ്രതികരണങ്ങൾ, കർക്കശമായ ഭാഷയിൽ ആയിരുന്നെങ്കിലും, നയതന്ത്രജ്ഞരുടെ പ്രസ്താവനകളിൽ അത് ഒതുങ്ങി.
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലൂടെ ഇറാന്റെ പ്രധാന സാമ്പത്തിക പങ്കാളിയായ ചൈന, സുരക്ഷിതമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യക്കെതിരെ പാകിസ്ഥാന് വിമാനങ്ങൾ, മിസൈലുകൾ, യുദ്ധ നിയന്ത്രണ സാങ്കേതികവിദ്യകൾ എന്നിവ നൽകി പിന്തുണച്ച ചൈന, ഇറാന് അത്തരത്തിലുള്ള സൈനിക പിന്തുണ നല്കിയില്ല. ബീജിംഗിന്റെ മുൻഗണന സാമ്പത്തിക സ്ഥിരതയും വാണിജ്യ താൽപ്പര്യങ്ങളുടെ സംരക്ഷണവുമായിരുന്നു. വെടിനിർത്തലിന് ശേഷം, പ്രസിഡന്റ് ട്രംപ് “ഇനി ചൈനയ്ക്ക് ഇറാനിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാം” എന്ന് പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടത് ഇതിനോട് ചേർത്ത് വായിക്കാം.
ഉക്രെനോട് യുദ്ധം ചെയ്യുന്ന റഷ്യ തങ്ങളുടെ സൈനിക നടപടിക്ക് ഇറാന്റെ ഡ്രോണുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും തിരിച്ച് ഇറാനെ സൈനികമായി സഹായിക്കുന്ന നിലപാടല്ല സ്വീകരിച്ചത്. പിന്തുണ വാചകകസർത്തുകളിലും അപലപനങ്ങളിലും മധ്യസ്ഥതാ വാഗ്ദാനത്തിലും ഒതുങ്ങി. അമേരിക്കക്കോ ഇസ്രായേലിനോ എതിരെ സൈനികമായ ഏറ്റുമുട്ടലിന് അവർ തയ്യാറായിരുന്നില്ലെന്ന് അർഥം.
അമേരിക്കൻ പ്രസിഡന്റ് ട്രംപ്, പലതിലുമെന്ന പോലെ ഇവിടെയും സമ്മിശ്രമായ സമീപനമാണ് സ്വീകരിച്ചത്. തുടക്കത്തിൽ ജാഗ്രത പുലർത്തിയ അദ്ദേഹം, ഇസ്രായേലിന് പ്രതിരോധ പിന്തുണ നൽകിയെങ്കിലും ആക്രമണാത്മക നടപടികളിൽ നിന്ന് വിട്ടുനിന്നു. എന്നാൽ മിഡിലീസ്റ്റ്റ്റിലെ തങ്ങളുടെ കൂട്ടുകാരനെ പിണക്കാൻ അവർ തയ്യാറായിരുന്നില്ല. ഇസ്രയേലിന് ഒറ്റയ്ക്ക് ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് തോന്നിയപ്പോൾ മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിലേക്ക് പേരിന് ആക്രമണങ്ങൾ നടത്തി. എന്നാൽ തങ്ങൾ കൂടുതൽ ആക്രമണങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാനെ വ്യക്തമായി അറിയിക്കുകയും നടപടി അവിടെ അവസാനിപ്പിക്കുകയും ചെയ്തു.
ഇസ്രായേലും ഇറാനും ദീർഘകാല യുദ്ധം ആഗ്രഹിച്ചില്ല എന്നതാണ് സത്യം. അനുനയനവും ഭീഷണിയും സമ്മർദ്ധവും മധ്യസ്ഥതയും ഒരുപോലെ ഉപയോഗപ്പെടുത്തിയാണ് ട്രംപ് യുദ്ധം അവസാനിപ്പിക്കുന്നതിന് കരുക്കൾ നീക്കിയത്. ഖത്തറിലെ അൽഉദൈദ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ പ്രതീകാത്മക പ്രതികാര മിസൈൽ ആക്രമണത്തോട് ലഘുവായ സമീപനം സ്വീകരിച്ചതും, സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ സഹായിച്ചു. ഖത്തർ പിന്തുണയോടെ ഇറാനുമായി നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് വെടിനിർത്തലിൽ കലാശിച്ചത്. വെടിനിർത്തൽ ലംഘിക്കാതിരിക്കാൻ ഇസ്രായേലിനെ ഭീഷണിപ്പെടുത്തുകയും പൈലറ്റുമാരെ തിരികെ കൊണ്ടുവരാൻ ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
യുദ്ധം ബാക്കിവെച്ചത്
12 ദിവസം നീണ്ട യുദ്ധം ഇറാനിനും ഇസ്രായേലിനും കനത്ത നഷ്ടങ്ങളാണ് സമ്മാനിച്ചത്. ഇറാന്‍ പക്ഷത്ത് ഏകദേശം 600 മുതൽ 700 വരെ ജീവൻ നഷ്ടപ്പെട്ടു, ഇതിൽ ഐ.ആർ.ജി.സി. (IRGC) യുടെ 20-ലധികം മുതിർന്ന കമാൻഡർമാരും, ആണവ പദ്ധതിയിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഡസൻ കണക്കിന് ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു. നതൻസ്, ഫോർഡോ, ഇസ്ഫഹാൻ, അറാക് എന്നിവിടങ്ങളിലെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത തകർച്ച നേരിട്ടു. ഈ ആക്രമണങ്ങൾ ഇറാന്റെ ആണവശേഷിയെ വൈകിപ്പിക്കുമെങ്കിലും, അതിന്റെ ശേഷിയെ പൂർണമായി ഇല്ലാതാക്കിയിട്ടില്ല എന്നാണ് പൊതു വിലയിരുത്തൽ. ഇറാനിയൻ മാധ്യമങ്ങൾ ആശുപത്രികൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടവും, ടെഹ്റാനിൽ നിന്ന് മഷ്ഹദിലേക്കുള്ള ജനങ്ങളുടെ വൻതോതിലുള്ള കുടിയിറക്കവും റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിനും കനത്ത നഷ്ടങ്ങൾ ഉണ്ടായി. ഇസ്രായേലിന്റെ അയേൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ സംവിധാനങ്ങൾ ഇറാന്റെ മിസൈലുകളിൽ ഭൂരിഭാഗവും വിജയകരമായി തടഞ്ഞെങ്കിലും, ആക്രമണങ്ങളുടെ തീവ്രത അതിന്റെ പ്രതിരോധ സംവിധാനങ്ങളെ അതിശയിപ്പിച്ചു. നിരവധി മിസൈലുകൾ ഇസ്രായേലിക്ക് ആഴ്ന്നിറങ്ങി, നിർണായക അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്തി. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് യു.എസ്.ന്റെ തുടർച്ചയായ പിന്തുണ ഇല്ലാതെ ഇത്തരം സമ്മർദ്ദത്തെ നേരിടാൻ കഴിയില്ലെന്ന് സ്ഥിതിവന്നതായി സൈനിക വിദഗ്ധർ വിലയിരുത്തുന്നു.
ഏകദേശം 28 മുതൽ 30 വരെ സിവിലിയന്മാർ കൊല്ലപ്പെട്ടു, 2,500-ലധികം പേർക്ക് പരിക്കേറ്റു. നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. റെസിഡൻഷ്യൽ ടവറുകൾ, ആശുപത്രികൾ, ടെൽഅവീവ് സ്റ്റോക്ക് എക്സ്ചേഞ്ച്, കിര്യ (ഇസ്രായേലിന്റെ പ്രതിരോധ ആസ്ഥാനമായ കിര്യത് ഹമെംഷല) എന്നിവയ്ക്ക് വൻതോതിൽ നാശനഷ്ടം സംഭവിച്ചു. അൽ ജസീറയുടെയും സ്കൈ ന്യൂസ് അറബിക്കിന്റെയും റിപ്പോർട്ടുകൾ പ്രകാരം, 9,000-ത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ടു. വിമാനത്താവളങ്ങൾ അടച്ചു, തൊഴിൽ സ്ഥലങ്ങൾ പൂട്ടുകയോ പരിമിതമായ ശേഷിയിൽ പ്രവർത്തിക്കുകയോ ചെയ്തു, പുനർനിർമ്മാണത്തിന് 1.3 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്, ദിവസേന 400 മില്യൺ ഡോളറോളം സൈനിക പ്രവർത്തനങ്ങൾക്ക് ഇസ്രയേലിന് ചെലവഴിക്കേണ്ടിവന്നു.
ബീർഷെബയിലെ സൊറോക മെഡിക്കൽ സെന്റർ ആക്രമിക്കപ്പെട്ടു, ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റ് ഒഴിപ്പിക്കലിന് കാരണമായി. ആശുപത്രി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു, രോഗികൾ ഭൂമിക്കടിയിൽ അഭയം തേടേണ്ടി വന്നു. ടെൽഅവീവിനും ഹൈഫയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ, മിസൈൽ അവശിഷ്ടങ്ങൾ വീടുകളും റെസ്റ്റോറന്റുകളും തകർത്തു. സ്കൂളുകൾ, ഓഫീസുകൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മധ്യ ഇസ്രായേലിൽ വ്യാപകമായ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. വെടിനിർത്തലിന് ശേഷം യു.എസ്. അംബാസഡർ പറഞ്ഞത് , “പന്ത്രണ്ട് ദിവസത്തിന് ശേഷം, ഒടുവിൽ ഞങ്ങൾക്ക് ഒന്ന് സുഖമായി ഉറങ്ങാനായി.” എന്നായിരുന്നു.
യുദ്ധം തുടങ്ങിവെച്ച ഇസ്രായേലിന് അവരുടെ ലക്ഷ്യം നേടാനായോ എന്നതാണ് ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യം. 2025 ജൂൺ 23-ന് വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഈ സംക്ഷിപ്തവും തീവ്രവുമായ യുദ്ധത്തിൽ ഇസ്രായേൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇത് കേവലം ഈ അവകാശവാദം മാത്രമാണെന്നതാണ് സത്യം.
ഇറാന്റെ ആണവ പദ്ധതിയുടെ അടിവേര് അറുക്കുക, അവരുടെ ബാലിസ്റ്റിക് മിസൈൽ ശക്തിയെ തകർക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങൾ നെതന്യാഹു ആദ്യമേ മുന്നോട്ട് വെച്ചിരുന്നു. ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യുക എന്ന വിശാലമായ അഭിലാഷവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഈ ലക്ഷ്യങ്ങളിൽ ഏതെങ്കിലും നേടിയോ? തെളിവുകൾ വിരുദ്ധമായാണ് സൂചിപ്പിക്കുന്നത്. യു.എസ്. വ്യോമാക്രമണങ്ങളിൽ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഫോർഡോ ആണവ നിലയത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും വലിയ തോതിൽ സമ്പുഷ്ട യൂറേനിയം അവിടെ നിന്ന് മാറ്റിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാത്രമല്ല, ഇറാന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ ലക്ഷ്യത്തിന് വിരുദ്ധമായി, യുദ്ധസമയത്ത് ഐ.ആർ.ജി.സി. മുതിർന്ന കമാൻഡർമാരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ ആഭ്യന്തര ഐക്യത്തിന്റെ ഒരു തരംഗത്തിന് കാരണമായി. വിപ്ലവ ഗാർഡ് ഇറാനിൽ വിവാദപരവും പലപ്പോഴും വെറുക്കപ്പെടുന്നതുമായ ഒരു സ്ഥാപനമാണെങ്കിലും, ഈ ആക്രമണങ്ങളെ ഭരണകൂടത്തിന്റെ വിമർശകർ പോലും രാഷ്ട്രത്തിനെതിരായ ആക്രമണമായാണ് കണ്ടത്. ഭരണകൂടത്തെ ദുർബലപ്പെടുത്തുന്നതിന് പകരം യുദ്ധം അവരെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. യുദ്ധം ഇറാനിയൻ ജനതയെ അവരുടെ നേതൃത്വത്തിന് ചുറ്റും ഒന്നിപ്പിക്കുന്നതിനുള്ള അവസരമാവുകയാണുണ്ടായത്.
ഈ യുദ്ധത്തിൽ രാഷ്ട്രീയ വിജയം നേടിയത് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ്. ഇറാന്റെ ആണവ പുരോഗതിയെ തടഞ്ഞയാളായും, രണ്ട് കടുത്ത ശത്രുക്കൾക്കിടയിൽ വെടിനിർത്തൽ ഏർപ്പെടുത്തിയ സമാധാന ദൂതനായും സ്വയം ചിത്രീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബി2 ബോംബർ ആക്രമണങ്ങൾക്ക് ഉത്തരവിട്ടുകൊണ്ട്, ട്രംപ് ഇസ്രായേലിനെ കൂടുതൽ ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കുകയും അതിന്റെ തന്ത്രപരമായ മുഖം സംരക്ഷിക്കുകയും ചെയ്തു. ട്രൂത്ത് സോഷ്യൽ പോസ്റ്റുകളിലൂടെ, ഈ സംഘർഷത്തിലും ഇന്ത്യ-പാകിസ്ഥാൻ പോലുള്ള മറ്റ് ശക്തികൾക്കിടയിലെ പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിലും തന്റെ പങ്കിനെ നോബൽ സമാധാന പുരസ്കാരത്തിന് യോഗ്യമായതായി ട്രംപ് കൊണ്ടാടുകയും ചെയ്തു. ഇതിനോടകം അദ്ദേഹത്തിന്റെ പേര് പുരസ്കാരത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ, നയതന്ത്ര ശ്രമങ്ങളെ തന്റെ വ്യക്തിപരമായ നേട്ടമായി അവതരിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
ഗസ്സയും താത്പര്യങ്ങളുടെ രാഷ്ട്രീയവും
പന്ത്രണ്ടു ദിവസം നീണ്ട യുദ്ധം അവസാനിക്കുമ്പോൾ ഫലസ്തീനോടും ഗസ്സയോടുമുള്ള ഇറാന്റെ നിലപാടുകളുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇറാൻ ദീർഘകാലമായി ഫലസ്തീന്റെ സംരക്ഷകരായി സ്വയം ചിത്രീകരിക്കുകയും ഹമാസ്, ഇസ്‌ലാമിക് ജിഹാദ് തുടങ്ങിയ സംഘടനകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതായി അവകാശപ്പെടാറുമുണ്ട്.
ശക്തമായ മിസൈൽ സംവിധാനങ്ങൾ തങ്ങൾക്കുണ്ടായിട്ടും കഴിഞ്ഞ രണ്ടു വർഷമായി ഗസ്സക്കെതിരെ നടക്കുന്ന നരനായിട്ടിനെ നേരിടാന്‍ അതൊരിക്കലും ഇറാൻ പ്രയോഗിച്ചിട്ടില്ല. തങ്ങളുടെ പരമാധികാരത്തെ തൊട്ടപ്പോൾ മാത്രമാണ് ഇറാൻ അവ പുറത്തെടുത്തത്. വെടിനിർത്തൽ ചർച്ചകൾ നടന്നപ്പോഴും, ഗസ്സയുമായി ബന്ധപ്പെട്ട യാതൊരു വ്യവസ്ഥകളും ഇറാൻ മുന്നോട്ടുവച്ചില്ല.
ഒന്നുകിൽ അമേരിക്കയോടും ഇസ്രായേലിനോടും നിബന്ധനകൾ മുന്നോട്ട് വെക്കാൻ കഴിയാത്തത്ര ദുർബലാവസ്ഥയിലാണ് ഇറാനെന്ന് പറയേണ്ടിവരും. അല്ലെങ്കിൽ ഗസ്സയും പലസ്തീനും ടെഹ്റാന്റെ തന്ത്രപരമായ കളിപ്പലകയിലെ ഉപകരണങ്ങൾ മാത്രമാണെന്നും അവ തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുമായി യോജിക്കുമ്പോൾ മാത്രമാണ് അതിനെ ഉപയോഗിക്കുന്നത് എന്നും മനസ്സിലാക്കേണ്ടി വരും. ഫലസ്തീൻ അതിന്റെ താൽപ്പര്യങ്ങൾക്ക് അനുഗുണമാവുമ്പോൾ അത് ഉയർത്തിപ്പിടിക്കപ്പെടുന്നു. അല്ലാത്തപ്പോൾ, അത് അവഗണിക്കപ്പെടുന്നു. യുദ്ധം അവസാനിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഈ വികാരം പലരും പങ്കുവെക്കുന്നത് കണ്ടു. വെടിനിർത്തൽ ചർച്ചകളിൽ ഇറാൻ ഗസ്സയെക്കുറിച്ച് മൗനം പാലിച്ചതെന്തുകൊണ്ടെന്ന് പലരും ചോദിച്ചുകൊണ്ടിരുന്നു.
യുദ്ധത്തിന്റെ തീവ്രആവേശത്തിൽ, വികാരങ്ങൾ പലപ്പോഴും വിവേകത്തെ മറികടക്കും. ജനക്കൂട്ടം മുദ്രാവാക്യങ്ങൾ വിളിക്കുകയും സ്വാധീനമുള്ളവർ വികാരങ്ങൾ ഇളക്കിവിടുകയും ചെയ്യും. ചിലർ രാഷ്ട്രീയ തന്ത്രങ്ങളെ മതപരമായ മേലങ്കി അണിയിക്കും. സഖ്യങ്ങളെയും ശത്രുതകളെയും താൽക്കാലിക തന്ത്രങ്ങളായല്ല, വിശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിക്കും. എന്നാൽ, യുദ്ധംഅവസാനിക്കുമ്പോഴാണ്, സത്യവും ചിത്രവും കൂടുതൽ വ്യക്തമാകുന്നത്.
പ്രമുഖ അറബ് എഴുത്തുകാരനും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ അദ്ഹം ശർഖാവി, തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഈ വികാരം കൃത്യമായി പ്രതിഫലിപ്പിച്ചു. ഈ സംഘർഷം ഉൾപ്പെടെ സമീപകാല സംഭവവികാസങ്ങളെ താൽപ്പര്യങ്ങളുടെ രാഷ്ട്രീയമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഗസ്സയൾപ്പെടെയുള്ള വിഷയങ്ങളിൽ ഉർദുഗാന്റെ വാചകകസർത്തുകളെ സൂചിപ്പിച്ച് ശർഖാവി എഴുതുന്നു: “ഒരു ഘട്ടത്തിൽ, ചിലർ ഉർദുഗാനെ നവോത്ഥാന ഖലീഫയായി ആഘോഷിക്കുകയും, ഉമർ ഇബ്‌നുൽഖത്താബ്(റ)നോട് ഉപമിക്കുകയും, അദ്ദേഹത്തെ വിമർശിക്കുന്നത് ദൈവനിന്ദയായി കണക്കാക്കുകയും ചെയ്തു. എന്നാൽ, ഉർദുഗാൻ ഒരിക്കലും ഖലീഫയാണെന്ന് അവകാശപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ റെക്കോർഡ് കാണിക്കുന്നത്, തുർക്കിയുടെ താൽപ്പര്യങ്ങൾക്ക് അനുഗുണമാവുമ്പോൾ പ്രശ്നങ്ങളെ പിന്തുണക്കുകയും, അല്ലാത്തപ്പോൾ പിന്മാറുകയും ചെയ്യുന്നുവെന്നാണ്. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ (geopolitical) ലക്ഷ്യങ്ങൾക്കായി ലിബിയയിലേക്ക് സൈന്യത്തെ അയച്ചു, അങ്കാറയ്ക്ക് പ്രയോജനകരമാകുമ്പോൾ വടക്കൻ സിറിയയിൽ ഇടപെട്ടു. എന്നാൽ, ട്രിപോളിയേക്കാൾ വളരെ അടുത്തുള്ള ഗസ്സയിൽ രക്തം വാർന്നപ്പോൾ, ഉർദുഗാൻ വാചകകസർത്തുകൾ നടത്തയെങ്കിലും ഒരു നടപടിയും എടുത്തില്ല, കേവലം ഒരു കാഴ്ചക്കാരനായി നിന്നു. ഈ രാഷ്ട്രീയ സമവാക്യത്തിൽ, ലിബിയ സാമ്പത്തിക താത്പര്യമാമായിരുന്നു. ഗസ്സ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ മണ്ഡലത്തിൽ, താൽപ്പര്യങ്ങള്‍ എപ്പോഴും തത്ത്വത്തെ അതിജയിക്കുന്നു”.
ഇറാനെക്കുറിച്ച് ഇതേ വിമർശനമാണ് ശർഖാവി ഉന്നയിക്കുന്നത്, അദ്ദേഹം തുടരുന്നു. “ഗസ്സയുടെ പേര് പറഞ്ഞ് പ്രവർത്തിക്കുന്നുവെന്ന് ഇറാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇറാൻ തങ്ങളുടെ മിസൈലുകൾ അവരുടെ പരമാധികാരം ലംഘിക്കപ്പെട്ടപ്പോൾ മാത്രമാണ് വിക്ഷേപിച്ചത്. ഗസ്സയിൽ 650 ദിവസത്തിലധികം നീണ്ട ഉപരോധവും കഷ്ടപ്പാടുകളും തുടർന്നപ്പോൾ, ഇറാൻ മൗനം പാലിച്ചു. ഒടുവിൽ യുദ്ധത്തിൽ പ്രവേശിച്ചത്, സ്വന്തം നിലനിൽപ്പിന് മാത്രമായിരുന്നു. യുദ്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ, ഗസ്സയെ ഒന്നു പരാമർശിക്കുകപോലും ചെയ്യാതെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഏതൊരു രാഷ്ട്രത്തെയും പോലെ, ഇറാനും —സുന്നിയോ ഷിയയോ ആകട്ടെ— തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് ഉപയുക്തമാകുമ്പോൾ സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നു. തങ്ങളുടെ ആവശ്യത്തിന് അവർ സുന്നികളെയും പിന്തുണച്ചിട്ടുണ്ട്, ആവശ്യമില്ലാതാകുമ്പോൾ ഷിയാ ഗ്രൂപ്പുകളെ പോലും ഉപേക്ഷിച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തിന് മദ്ഹബ് ഇല്ലെന്നതാണ് സത്യം. അത് വിഭാഗത്തിനോ വിശ്വാസത്തിനോ ഒപ്പമല്ല. താത്പര്യങ്ങളുടെ കണക്ക്കൂട്ടലുകള്‍ തന്നെയാണ്.”
സഖ്യങ്ങൾ മാറിക്കൊണ്ടിരിക്കുകയും രാഷ്ട്രീയ അജണ്ടകൾ പരിണമിക്കുകയും ചെയ്യുമ്പോൾ, ഭൗമരാഷ്ട്രീയം (geopolitics) ദീൻ അല്ലെന്ന് നാം ഓർക്കണം. എല്ലാ മിസൈലാക്രമണത്തെയും ഉമ്മത്തിന്റെ അക്കൌണ്ടിൽ വരവ് വെക്കേണ്ടതില്ല. അതേ സമയം അന്യായമായി അക്രമിക്കപ്പെടുന്നവനൊപ്പം നിൽക്കുന്നത് നീതിയുടെ തേട്ടമാണ്, അതാണ് ദീനും.
അവലംബം:
https://www.aljazeera.com/news/2015/4/14/why-saudi-arabia-and-israel-oppose-iran-nuclear-deal
https://www.reuters.com/article/world/saudi-arabia-says-backs-us-decision-to-withdraw-from-iran-nuclear-deal-idUSKBN1I92YZ/
https://www.reuters.com/world/middle-east/qatars-emir-iran-bid-help-salvage-2015-nuclear-pact-2022-05-12/
https://www.aljazeera.com/gallery/2025/6/18/the-history-of-netanyahus-rhetoric-on-irans-nuclear-ambitions
https://www.egyptindependent.com/whats-behind-russia-and-chinas-lack-of-support-for-iran/#google_vignette
https://www.nytimes.com/2025/06/17/world/middleeast/iran-russia-relationship-analysis.html
https://asiatimes.com/2025/06/why-chinas-sitting-on-the-iran-war-sidelines/#
https://www.newarab.com/news/explainer-what-were-real-costs-iran-israel-war
https://www.facebook.com/share/p/1JGk1moxgq/
ലേഖകനെ കുറിച്ച്:
ഫൈസല്‍ നിയാസ് ഹുദവി - ഗ്രന്ഥകാരനും സാമൂഹ്യ പ്രവർത്തകനുമാണ് ഫൈസല്‍ നിയാസ് ഹുദവി. പുതിയ ഇസ്‍ലാമിക പഠനങ്ങൾ, ഇസ്‍ലാമിക് ഫൈനാൻസ്, മുസ്‍ലിം ലോക രാഷ്ട്രീയം എന്നിവയാണ് താല്‍പര്യ മേഖലകള്‍. Islamonweb.net-നു നേതൃത്വം നൽകുന്ന മിഷന്‍ സോഫ്റ്റ് ഫൌണ്ടേഷന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ്.
Leave A Comment