ശൈഖ് റമദാൻ ദീബ്: വിട പറഞ്ഞത് വിദ്യയുടെ ഉപാസകന്‍
പ്രമുഖ പണ്ഡിതനും പ്രബോധകനും ഗ്രന്ഥകാരനും സൂഫി വര്യനുമായ ശൈഖ് റമദാൻ ദീബ് ഈ ലോകത്തോട് വിട പറഞ്ഞു. ഡിസംബര്‍ 21ന് മരണപ്പെട്ട അദ്ദേഹത്തിന് 106 വയസ്സായിരുന്നു. നൂറ് കഴിഞ്ഞിട്ടും വൈജ്ഞാനിക പ്രബോധന മേഖലയില്‍ ഏറെ സജീവമായിരുന്നു അദ്ദേഹം. അവസാന നാളുകളില്‍ ഓക്സിജന്റെ സഹായത്തോടെ വരെ അദ്ദേഹം ക്ലാസുകള്‍ എടുത്തിരുന്നു.
ഡമസ്ക്കസിലെ അമാറ ഹയ്യിൽ 1920 (ഹി. 1339)ല്‍, ഏറെ ദരിദ്രമായ ഒരു കുടുംബത്തിലായിരുന്നു ശൈഖ് ദീബിന്റെ ജനനം. ജീവിതം മുന്നോട്ട് നീക്കാനായി ചെറുപ്രായത്തിൽ തന്നെ കൂലിവേലകൾ ചെയ്യേണ്ടി വന്നത്, അദ്ദേഹത്തിന് വിജ്ഞാനം നേടുന്നതില്‍ പലപ്പോഴും തടസ്സമായി നിന്നു. എന്നാല്‍, വിജ്ഞാനം കരസ്ഥമാക്കണമെന്ന അടങ്ങാത്ത അഭിലാഷം അദ്ദേഹത്തെ അവയെല്ലാം വകഞ്ഞ് മാറ്റാന്‍ പ്രാപ്തനാക്കി. ജീവിതത്തിലുടനീളം ആ ആഗ്രഹം അദ്ദേഹം കൊണ്ട് നടക്കുകയും ചെയ്തു.
ശൈഖ് അഹ്മദ് കഫ്താരൂ (മരണം 2004), ശൈഖ് മുഹമ്മദ് സഈദ് ഹർബാവി എന്നീ സ്വൂഫീ പണ്ഡിതരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. ശൈഖ് കഫ്താരുവിൽ നിന്നാണ് ആദ്യക്ഷരം ചൊല്ലി പഠിച്ചതും ഖുർആൻ പാരായണത്തിലും മത വിജ്ഞാനീയങ്ങളിലും പരിജ്ഞാനം നേടിയതും. ഡമസ്ക്കസ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി, 1986ൽ ഇസ്‍ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നിവയിൽ ഡിഗ്രി നേടുമ്പോള്‍ അദ്ദേഹത്തിന് 66 വയസ്സായിട്ടുണ്ടായിരുന്നു. ശേഷം അവിടെ നിന്ന് തന്നെ ഇസ്‍ലാമിക് സ്റ്റഡീസിൽ പി.എച്ച്.ഡിയും നേടി.
രചനകൾ
പഠന കാലം തൊട്ടേ പ്രബോധന രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം കനപ്പെട്ട അനേകം ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ് തുടങ്ങിയ വിവിധ വൈജ്ഞാനിക മേഖലകളിലായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. രിസാലതുൽ ഇർഫാൻ ഫീ തജ്‍വീദിൽ ഖുർആൻ (ഖുർആൻ പാരായണ ശാസ്ത്രം), അരിസാലതുൽവാളിഹ ഫീ അഹ്കാമിൽഉള്ഹിയ്യ, അസ്സവിഹതുൽ ഇൻസാനിയ്യ ഫീ ളില്ലിത്വബീഅതി റബ്ബാനിയ്യ, അൽഫു ഹദീസിൻ മിൻ കലാമി ഖൈരിൽബരിയ്യ, അൽഫിഖ്ഹുശ്ശയിഖ് ബിഅജ്സാഇഹി അർബഅ (ഇസ്ലാമിക അടിസ്ഥാന ആരാധനാ മുറകൾ: ശുദ്ധീകരണം, നിസ്കാരം, നോമ്പ്, സകാത്, ഹജ്ജ്, ഉംറ എന്നിവയെ സംബന്ധിച്ച്), തഫക്കുറുക ഫീക യക്ഫീക, അൽഹയാതു നൂറാനിയ്യ ഫിൽ ഉശ്റതിസൗജിയ്യ (ദാമ്പത്യ ജീവിത- ഗൈഡൻസ്),അദ്ദുററുൽ ബഹിയ്യ ഫീ അഫ്ആലി ഖൈരിൽ ബരിയ്യ, മുഹാളറാതുൻ ഫിത്വിലാഖ് എന്നിവയാണ് പ്രധാന കൃതികൾ. ഇവയില്‍ പലതും അദ്ദേഹം എഴുതുന്നത്, അദ്ദേഹവും തന്റെ പണ്ഡിതയായ ഭാര്യയും ഒരുമിച്ചായിരുന്നു.
അബു നൂർ യൂണിവേഴ്സിറ്റി അടക്കം നിരവധി സ്ഥാപനങ്ങളിൽ വൈജ്ഞാനിക സദസ്സുകൾക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹത്തിന് സിറിയയിലും യൂറോപ്പിലും ഫ്രാൻസിലുമെല്ലാമായി എണ്ണമറ്റ ശിഷ്യന്മാരുണ്ട്. അറബ് രാജ്യങ്ങളിലും ഫ്രാൻസിലും അമേരിക്കയിലും നടന്ന നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും പണ്ഡിത സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. തനിക്ക് 105 വയസ്സ് പ്രായം ആയിരുന്നിട്ട് പോലും ഗ്രന്ഥങ്ങൾ മനനം ചെയ്യുന്നതിലും വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നതിലും അതീവ ഊർജ്ജസ്വലതയോടെയായിരുന്നു. ഒന്ന് കഴിഞ്ഞാൽ ഉടനടി മറ്റൊന്ന് എന്ന നിലയിൽ ഒരിക്കലും വെറുതെയിരിക്കാത്ത ആരെയും അമ്പരപ്പിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
അദ്ദേഹം നേതൃത്വം നൽകിയിരുന്ന വൈജ്ഞാനിക ക്ലാസുകളും പ്രഭാഷണങ്ങളും സിറിയൻ ജനതയിൽ ഏറെ സ്വാധീനം ചെലുത്തി. നാഥന്‍ അദ്ദേഹത്തിന്റെ സേവനങ്ങളെയും അദ്ദേഹത്തെയും സ്വീകരിക്കട്ടെ.
ഔദ്യോഗിക യൂട്യൂബ് ചാനൽ:
https://youtube.com/channel/UCc_ET2-nxcavyIZ-SyFxpIA



Leave A Comment