സിനീദ് ഒ കോണർ: ധന്യമായ ജീവിതം, സംതൃപ്തമായ യാത്ര

പ്രശസ്ത ഐറിഷ് ഗായിക സിനാദ് ഒ കോണര്‍ (ശുഹദാ സ്വദഖത്) യാത്രയായിരിക്കുന്നു. ജൂലൈ 26 ബുധനാഴ്ച്ചയാണ്, അമ്പത്താറുകാരി നാഥനിലേക്ക് മടങ്ങിയത്. സംഗീത ലോകത്തെ പ്രമുഖര്‍, ആരാധകര്‍, രാഷ്ട്രീയക്കാർ തുടങ്ങി പലരും അത് സംബന്ധിയായി ചെയ്ത ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. 2018ല്‍ ഇസ്‍ലാം സ്വീകരിച്ച ഗായികയുടെ മതപരമായ ഐഡന്റിറ്റി ട്വീറ്റുകളിലോ പാശ്ചാത്യ വാർത്തകളിലോ സൂചിപ്പിക്കുക പോലും ചെയ്യാത്തത് വലിയ എതിർപ്പുകള്‍ക്കും കാരണമായിരിക്കുന്നു. 

1992-ൽ, എൻ.ബി.സിയുടെ "സാറ്റർഡേ നൈറ്റ് ലൈവ്" എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഫോട്ടോ കീറിക്കളഞ്ഞതോടെയാണഅ ലോകം ആ ഗായികയെ കൂടുതല്‍ ശ്രദ്ധിച്ചത്. പുരോഹിതർക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് വളരെ മുമ്പുതന്നെ, സഭയുടെ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുകയും അവരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ പ്രകടനമായിരുന്നു അത്. അതോടെ അവര്‍ കത്തോലിക്കാ സഭയുടെ കണ്ണിലെ കരടായി മാറുകയായിരുന്നു.

"നത്തിംഗ് കംപെയർ 2 യു" എന്ന പാട്ടിലൂടെ ലോക പ്രശസ്തയായ അവർ  2018-ൽ ഇസ്‍ലാം മതം സ്വീകരിച്ചു. അതേ തുടര്‍ന്ന് അവര്‍ 2018 ഒക്ടോബര്‍ 19ന് അവര്‍ പങ്ക് വെച്ച ട്വീറ്റ് ഇങ്ങനെ വായിക്കാം. “ഞാനൊരു മുസ്‍ലിമായി മാറിയതിൽ അഭിമാനിക്കുന്നു എന്നറിയിക്കാനാണിത്. ഏതൊരു ബുദ്ധിമാനായ ദൈവശാസ്ത്രജ്ഞന്റെയും യാത്രയുടെ സ്വാഭാവിക പരിസമാപ്തിയാണിത്. നിഷ്പക്ഷമായ ഏത് വേദപഠനവും ഇസ്‍ലാമിലേക്ക് നയിക്കുന്നു എന്ന് പറയാതെ വയ്യ. മറ്റെല്ലാ ഗ്രന്ഥങ്ങളും അപ്രസക്തമാണെന്ന് അത് ബോധ്യപ്പെടുത്തും. ഇനി മുതല്‍ എന്റെ യഥാര്‍ത്ഥ പേര് ശുഹദാ എന്നായിരിക്കും.” ശിരോവസ്ത്രവും ഹിജാബും ധരിച്ച സെൽഫികളും വാങ്ക് കൊടുക്കുന്ന വീഡിയോയും അതോടൊപ്പം കോണര്‍ പങ്ക് വെച്ചിരുന്നു. പ്രഫഷണല്‍ രംഗങ്ങളിലെല്ലാം സിനാദ് ഒ കോണർ എന്ന പേര് തന്നെയാണ് അവര്‍ ഉപയോഗിച്ചിരുന്നതും അറിയപ്പെട്ടിരുന്നതും.

മൂന്ന് വർഷത്തിന് ശേഷം, ഒരു അഭിമുഖത്തിൽ കോണർ തന്റെ ആത്മീയ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. ദൈവത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള അന്വേഷണവും അതിനായുള്ള ശ്രമങ്ങളും അവസാനം ഇസ്‍ലാമിലെത്തിയതും അവര്‍ വിവരിച്ചു. സംഗീതവും കലാപരിപാടികളുമായി നടന്നിരുന്ന കോണർ മതം ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇസ്‌ലാമിനെ കുറിച്ച് യൂറോപ്പ് സൃഷ്ടിച്ച് വെച്ചിരുന്ന മുൻവിധികൾ മാത്രം കേട്ടിരുന്ന അവര്‍ ഇസ്‍ലാമിലെത്തുമെന്ന് സ്വപ്നത്തില്‍ പോലും ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ സംഗീതോന്മുഖമായ ആ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചത് ഖുർആനായിരുന്നു. സംഗീത സാന്ദ്രമായ ഖുര്‍ആന്‍ പാരായണം കേള്‍ക്കുകയും അത് സ്വയം അനുഭവിക്കുകയും ചെയ്തതോടെ തന്റെ ആത്മീയ ഭവനത്തിലെത്തിയതായി അവര്‍ക്ക് തോന്നി. കോണര്‍ തന്നെ പറഞ്ഞത്, "എന്നാൽ ഞാൻ വായിക്കാൻ തുടങ്ങിയപ്പോൾ, ഖുർആനിന്റെ രണ്ടാം അധ്യായം വായിച്ചപ്പോൾ, ദൈവമേ, ഞാൻ എന്റെ വീട്ടിലെത്തി എന്ന് എനിക്ക് മനസ്സിലായി" എന്നായിരുന്നു. 

അഭിമുഖത്തില്‍ കോണര്‍ തുടരുന്നു, “എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു മുസ്‍ലിമായിരുന്നു, പക്ഷെ അത് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല എന്ന് മാത്രം. എന്നെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം കേവലം ഒരു മതമല്ല, ഒരു ചിന്താരീതിയായിരുന്നു അത്. ജീവിതത്തിലുടനീളം ഞാന്‍ പോലും അറിയാതെ കൊണ്ടുനടന്ന ഒരു ചിന്താഗതി. കാലക്രമേണ തിരുത്തിയെഴുതപ്പെട്ട മുൻ വേദ ഗ്രന്ഥങ്ങളുടെ യഥാർത്ഥ പതിപ്പുകൾ ഇസ്‌ലാം സ്ഥിരീകരിക്കുന്നത് എനിക്ക് ബോധ്യപ്പെട്ടു. മതത്തെക്കുറിച്ച് ബാല്യകാലം മുതലേ ഞാന്‍ കൊണ്ട് നടന്നിരുന്ന ചിന്തകളെയും ആലോചനകളെയും കൃത്യമായി ഉള്‍ക്കൊള്ളുന്നത് ഇസ്‍ലാം മാത്രമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു, അത് അല്പം വൈകി എന്ന് മാത്രം."

ഇസ്‍ലാം മുന്നോട്ട് വെക്കുന്ന പല മൂല്യങ്ങളും, ഔദ്യോഗികമായി ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് തന്നെ കോണർ തന്റെ ജീവിതത്തിലുടനീളം കൊണ്ട് നടന്നിരുന്നു. കത്തോലിക്കാ സഭയുടെ അനീതികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെയും ലിംഗപരമായ വിവേചനങ്ങള്‍ക്കെതിരെയുമെല്ലാം ശബ്ദമുയര്‍ത്തിയത് അതിന്റെ ഭാഗമായി വേണം കാണാന്‍. ഇസ്‌ലാമിക മൂല്യങ്ങളായ നീതി, ആത്മാഭിമാനം, എളിമ, ആന്തരിക ശക്തി എന്നിവയുടെയെല്ലാം പ്രതിഫലനങ്ങളായിരുന്നു അത്.

ഭൌതിക ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും കൈപ്പിടിയിലെത്തിയിട്ടും, യഥാര്‍ത്ഥ ജീവിത ലക്ഷ്യം കണ്ടെത്താനുള്ള യാത്ര തുടര്‍ന്നു എന്നതാണ് കോണറിനെ വ്യത്യസ്തയാക്കുന്നത്. ആ ശ്രമങ്ങള്‍ അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയും അത് ലോകത്തോട് അഭിമാനത്തോടെ അവര്‍ തുറന്ന് പറയുകയും ചെയ്തു. അത് കൊണ്ട് തന്നെ, സത്യാന്വേഷികളുടെ പട്ടികയില്‍ ശുഹദാ സ്വദഖത് എന്ന ആ നാമം, ആര് എത്ര തന്നെ മറച്ച് വെക്കാന്‍ ശ്രമിച്ചാലും, എന്നും ജാജ്ജ്വലമായി ശേഷിക്കും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter