കൊച്ചുവിനാശങ്ങള്‍: മതിലിട്ടു നിര്‍ത്തിയ വിധം

സമസ്ത കേരള ജംഇയ്യത്തുല്‍  ഉലമ തടയിട്ടു നിര്‍ത്തിയ കൊച്ചു കൊച്ചു വിശ്വാസ ദുരന്തങ്ങള്‍ ധാരാളമുണ്ട് അതില്‍ പ്രധാനപ്പെട്ട ചിലത് താഴെ വിവരിക്കുന്നു.
പൂനൂരിലെയും പരിസരങ്ങളിലുമുള്ള അവസ്ഥ മനസ്സിലാക്കിയ ശൈഖുനാ സ്വയം ഒരു സംവാദത്തിനു തയ്യാറാവുകയായിരുന്നു. നന്മണ്ടയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നോട്ടീസ് അടിച്ചിറക്കി ഒട്ടിച്ചതും സ്റ്റേജ് ഒരുക്കിയതും പരിപാടി തുടങ്ങുന്നതിനുമുമ്പ് ബുര്‍ദ ചെല്ലിയതും എല്ലാം ശൈഖുനാ ശംസുല്‍ ഉലമ  സ്വന്തമായിത്തന്നെ. ശൈഖുനായുടെ നാലുദിവസം നീണ്ടുനിന്ന പരിപാടി സുന്നികള്‍ക്ക് ഇസ്സത്ത് ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു. ശൈഖുനയുടെ  പ്രസംഗം സുന്നികളില്‍ ആവേശമുണ്ടാക്കി. ശൈഖുനാതന്നെ സംഘാടകനായി രംഗത്തുവന്നു നടത്തിയ പരിപാടി രണ്ടുദിവസം പിന്നിട്ടപ്പോള്‍ പരിപാടി കഴിഞ്ഞു. ശൈഖുനായെ കൊണ്ടുപോകാന്‍ മഞ്ചലുമായി ആളുകള്‍ മത്സരിക്കുകയായിരുന്നു. ഈ സംഭവത്തോടെ സുന്നീ ആവേശമായി ശൈഖുനാ ഉയരുകയായിരുന്നു. മുത്തനൂര്‍, തൃപ്പനച്ചി സ്‌കൂള്‍ പടിയില്‍ ശൈഖുനാ നടത്തിയ എട്ടു ദിവസത്തെ ഖണ്ഡന പ്രസംഗം കഴിഞ്ഞതോടെ സ്റ്റേജില്‍ കയറി വന്നു വഴിപിഴച്ചുപോയ ആളുകള്‍ ഖേദിച്ചു മടങ്ങുകയായിരുന്നു.  ഈ വേദിയില്‍ നിന്ന് സത്യം മനസ്സിലായതിനാല്‍ ഞങ്ങള്‍ പിഴച്ച പാര്‍ട്ടിയില്‍ നിന്നു മടങ്ങുന്നു എന്ന് സ്റ്റേജില്‍ കയറി ആളുകള്‍ പരസ്യമായി പറയുകയായിരുന്നു. പ്രസ്തുത പരിപാടികളുടെ വിവരണം പഴയ പത്രതാളുകളില്‍ കാണാം. ശൈഖുനായുടെ ബിദഈ കക്ഷികളോടുള്ള പോരാട്ടം വഫാത്താകുന്നതുവരെ തുടരുകയായിരുന്നു.

ശൈഖുനാ കോട്ടുമല ഉസ്താദ്, വാണിയമ്പലം, കെ.വി. ബശീര്‍ മുസ്‌ലിയാര്‍, ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, ആമയൂര്‍ മുഹമ്മദ് മൗലവി തുടങ്ങിയ നേതാക്കള്‍ പരിശുദ്ധ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ വളരെ വലുതാണ്. ചേകനൂര്‍ മൗലവി വഹാബിയായിരുന്ന കാലത്ത് വാഴക്കാട്ടുവെച്ച് 1966-ല്‍ ചേകനൂരും ഇ.കെ. ഹസന്‍മുസ്‌ലിയാരും തമ്മില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ഖണ്ഡന പ്രസംഗങ്ങള്‍ നടക്കുകയുണ്ടായി. അവസാനം വാദപ്രതിവാദത്തിലാണ് കലാശിച്ചത്. വൈകുന്നേരം ആരംഭിച്ച ചോദ്യോത്തരം സുബ്ഹ് ബാങ്ക് കൊടുക്കുമ്പോഴും അവസാനിച്ചിരുന്നില്ല. ബാങ്ക് കൊടുത്തപ്പോള്‍ ഹസന്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഞങ്ങള്‍ നിസ്‌കരിക്കാന്‍ പോവുന്നു. മറുകക്ഷി തയ്യാറാവുകയാണെങ്കില്‍ നിസ്‌കരിച്ചതിനുശേഷം തുടരാം. ചേകനൂര്‍ മൗലവിയും കൂടെയുണ്ടായിരുന്നവരും തടി സലാമത്താക്കുകയായിരുന്നു.

1970-ല്‍ താനാളൂരില്‍ നടന്ന വാദപ്രതിവാദത്തില്‍ സ്ത്രീ ജുമുഅജമാഅത്തും തറാവീഹുമായിരുന്നു വിഷയം. ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, വാണിയമ്പലം, ആമയൂര്‍ മുഹമ്മദ് മൗലവി, നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാര്‍ (തലക്കടത്തൂര്‍ മുദരിസ്) എന്നിവര്‍ സുന്നിപക്ഷത്തും എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി, അലി അബ്ദുറസാഖ് മൗലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വഹാബി മൗലവിമാര്‍ മറുപക്ഷത്തും. പാലക്കാട് ജില്ലയിലെ പൂടൂരില്‍ 1974ല്‍ നടന്ന വാദപ്രതിവാദം, 1976-ല്‍ കുറ്റിച്ചിറയില്‍ നടന്ന പന്ത്രണ്ടു ദിവസം നീണ്ടുനിന്ന സംവാദം, 1983-ലെ  കൊട്ടപ്പുറം സംവാദം എന്നിവയെല്ലാം ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്.

ഖാദിയാനിസം
പരിശുദ്ധ ഇസ്‌ലാമിനെതിരെ ഖാദിയാനിസം 19-ാം നൂറ്റാണ്ടില്‍ ജന്മം കൊണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ  ആദ്യദശകങ്ങളിലാണ് ഖാദിയാനിസം കേരളത്തിലെത്തുന്നത്. 1913-ല്‍ കേരളത്തിലെ ഖാദിയാനി നേതാവ് ബി. കുഞ്ഞഹമ്മദും, മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും തമ്മില്‍ കണ്ണൂര്‍ പഴയങ്ങാടിയില്‍ നടന്ന വാദപ്രതിവാദമാണ് കേരളത്തില്‍ ഖാദിയാനികള്‍ക്കെതിരെയുള്ള പ്രഥമ പ്രതിരോധമായി അറിയപ്പെടുന്നത്. ഖാദിയാനികള്‍ക്കെതിരെയുള്ള പ്രഥമ പ്രതി എന്ന ഗ്രന്ഥത്തിനെതിരെ മൗലാനാ ചാലിലകത്ത് റദ്ദുല്‍ ഖാദിയാനി പ്രസിദ്ധീകരിച്ചിരുന്നു. 1927-ല്‍ താനൂരില്‍ നടന്ന സമസ്തയുടെ ഒന്നാം സമ്മേളനത്തിലെ പ്രസംഗങ്ങള്‍ ഖാദിയാനിസത്തിനും കള്ളത്വരീഖത്തുകള്‍ക്കുമെതിരായിരുന്നു. 1933-ല്‍ ഫറോക്കില്‍ ചേര്‍ന്ന ആറാം സമ്മേളനത്തിലെ 4-ാം പ്രമേയം ഖാദിയാനിസം അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു.
ഖാദിയാനിസത്തിനെതിരെ രംഗത്തിറങ്ങിയ മഹാനാണ് പാലോട്ട് മൂസക്കുട്ടി ഹാജി, സ്വന്തം ചെലവില്‍ നോട്ടീസുകളും ലഘുലേഖകളും അടിച്ചിറക്കുകയും ഖാദിയാനികള്‍ രംഗപ്രവേശനം ചെയ്യുന്നിടത്ത് ചെന്ന് പ്രസംഗിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ ഖാദിയാനിസത്തെ സംബന്ധിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ. ഉസ്താദ് രംഗത്ത് വന്നതോടെ ഖാദിയാനിസത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് അന്ത്യം കുറിക്കുകയായിരുന്നു. കേരളത്തില്‍  കോഴിക്കോട് കേന്ദ്രീകരിച്ച് അവരുടെ പ്രചരണം സജീവമായ തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തില്‍ ശൈഖുനാ കോഴിക്കോട് നടക്കാവില്‍ നടത്തിയ നാല് ദിവസത്തെ പ്രസംഗത്തോടെ അവരുടെ കേന്ദ്രം തന്നെ കോഴിക്കോട് മാറുകയായിരുന്നു. കോഴിക്കോട്ടെ ഖാദിയാനി കുഞ്ഞഹമ്മദ് അതോടെ  താമസം തന്നെ കണ്ണൂര്‍ പഴയങ്ങാടിയിലേക്ക് മാറ്റി. പിന്നീട് ശൈഖുനാ പഴയങ്ങാടിക്കടുത്ത് മാടായിപ്പള്ളിയില്‍ ദര്‍സ് ഏല്‍ക്കുകയും ഖാദയാനിസത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു.  ഈ ആവശ്യാര്‍ത്ഥം മാത്രമായിരുന്നു ശൈഖുനാ മാടായിയില്‍ മുദരിസായി ചാര്‍ജ്ജെടുത്തത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ശൈഖുനാ തളിപ്പറമ്പ് ഖുവ്വത്തില്‍ പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുക്കുകയും ചെയ്തു.

ഒരു ഖാദിയാനിയെ മുത്തന്ദര്‍പള്ളി ശ്മശാനത്തില്‍ മറവ് ചെയ്യുന്നത് വിലക്കിയതായിരുന്നു മുത്തന്ദര്‍പള്ളിക്കേസിനു വഴിയൊരുക്കിയത്. ഖാദിയാനികള്‍ക്കൊപ്പം വാഹാബികളും ചേര്‍ന്നായിരുന്നു പ്രസ്തുത കേസ് നടത്തിയത്. ശൈഖുനാ ശംസുല്‍ ഉലമായായിരുന്നു സുന്നികള്‍ക്ക് വേണ്ടി കേസു വാദിച്ചിരുന്നത്. അമ്പതുകളുടെ ആരംഭത്തില്‍ നടന്ന പ്രസ്തുത കോടതി വാര്‍ത്തകള്‍ പഴയ തലമുറ കൗതുകത്തോടെ ഇന്ന് സ്മരിക്കുന്നു.

മൗദുദിസം
അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) സ്ഥാപിച്ച പുതിയ പ്രസ്ഥാനമാണ് മൗദൂദിസം. 1941 ആഗസ്റ്റ് 26-നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ  സംസ്ഥാപനം. പഞ്ചാബിലെ പത്താം കോട്ടില്‍ താന്‍ വിഭാവനം ചെയ്യുന്ന മാതൃകാസ്റ്റേറ്റ് ആയി ദാറുല്‍ ഇസ്‌ലാം തയ്യാറാക്കി തന്റെ അനുയായികളെ അവിടേക്ക് ക്ഷണിച്ചു. കേരളത്തില്‍ നിന്ന് എടയൂര്‍ (വളാഞ്ചേരി) സ്വദേശി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ എന്ന വി.പി. മൂഹമ്മദലി ഹാജി മൗദൂദി സാഹിബിന്റെ ക്ഷണമനുസരിച്ച് പഠാന്‍കോട്ടിലെത്തി. 1944-ല്‍ മുഹമ്മദലി ഹാജി നാട്ടില്‍ തിരിച്ചെത്തി. തന്റെ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി വളാഞ്ചേരി കേന്ദ്രമായി ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ വളാഞ്ചേരിയില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ വാര്‍ഷിക സമ്മേളനത്തില്‍വെച്ച് പ്രസ്തുത സംഘടന ജമാഅത്തെ ഇസ്‌ലാമിയുടെ കേരളഘടകമായി പ്രഖ്യാപിക്കപ്പെട്ടു. പ്രഥമ ഖയ്യിമായി  ഹാജി സാഹിബ് തന്നെ നിയമിതനായി. വളാഞ്ചേരി  ആസ്ഥാനമായി പ്രബോധനം വാരിക ആരംഭിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി സമസ്ത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായാണ് 1950-ല്‍ വളാഞ്ചേരിയില്‍ സമസ്ത ഇരുപതാം സമ്മേളനം സംഘടിപ്പിച്ചത്. പ്രസ്തുത സമ്മേളനത്തില്‍ മൗദൂദിസം തന്നെയായിരുന്നു പ്രധാന ചര്‍ച്ച. ശൈഖുനാ ശംസുല്‍ ഉലമാ മൗദൂദിയുടെ  ഉറുദുഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു അതിലെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടു ചെയ്ത പ്രസംഗത്തോടെ തന്നെ സമസ്ത സമ്മേളനം ലക്ഷ്യം നേടുകയായിരുന്നു. വളാഞ്ചേരി സമ്മേളനം മൗദൂദികള്‍ക്ക് ഹാലിളക്കം ഉണ്ടാക്കി എന്ന് പ്രബോധനം പു.2.ലക്കം 8-ല്‍ ഖയ്യിം ഹാജി സാഹിബ് എഴുതിയ ലേഖനം വ്യക്തമാക്കുന്നു. 1950 ഒക്‌ടോബറില്‍ ഇറങ്ങിയ അല്‍ബയാനില്‍ പ്രബോധനത്തിലെ ലേഖനത്തിനു മറുപടി ഉണ്ട്. 1951-ല്‍ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ശൈഖുനാ നടത്തിയ മൗദൂദി ഖണ്ഡന പ്രസംഗം പ്രസിദ്ധമാണ്. 1951 ജൂണ്‍ 21,22,23 തിയ്യതികളില്‍ നടത്തിയ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ വെല്ലുവിളിച്ചതനുസരിച്ച് ജൂലൈ 9-ന് വാദപ്രതിവാദം നടത്താന്‍ തീരുമാനമായി. പക്ഷെ മൗദൂദികള്‍ ഒഴിഞ്ഞുമാറി. മദ്ധ്യസ്ഥന്മാര്‍ ഇടപെട്ടു ഇരുകക്ഷികളും ജനങ്ങളെ അഭിസംബോധനം ചെയ്തു പ്രസംഗിക്കാമെന്ന് ധാരണയിലെത്തി. മൗദൂദിക്കുവേണ്ടി ഖയ്യിം, വി.പി. അഹ് മദലി ഹാജി പ്രസംഗിച്ചു. മൗദൂദിസത്തിന്റെ അശുദ്ധനീക്കങ്ങള്‍ അക്കമിട്ടു വിശദീകരിച്ചുകൊണ്ടു ശംസുല്‍ ഉലമായും പ്രസംഗിച്ചു. പ്രസ്തുത പ്രസംഗത്തിന്റെ സംഗ്രഹം 1951 ആഗസ്റ്റ് മാസത്തില്‍ പുറത്തിറങ്ങിയ ഹിദായത്തുല്‍ മുഅ്മിനീന്‍ മാസികയിലുണ്ട്.

ശൈഖുനാ ശംസുല്‍ ഉലമാ മുള്ള്യാകുര്‍ശി (പട്ടിക്കാട്), കൂട്ടിലങ്ങാടി, മലപ്പുറം എന്നിവിടങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ പഴമക്കാരില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
1951-ല്‍ കര്‍ണാടകയിലെ ഉപ്പനങ്ങാടിയില്‍ രഹസ്യപ്രവര്‍ത്തനത്തിലൂടെ മൗദൂദിസം രംഗപ്രവേശനം ചെയ്തപ്പോള്‍ മൗലാനാ പറവണ്ണയും ശൈഖുനാ ശംസുല്‍ ഉലമയും പങ്കെടുത്ത സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. (മഹല്ലുകമ്മിറ്റിയില്‍ കടന്നുകൂടിയ രണ്ടു മൗദൂദികള്‍ സൂത്രത്തിലൂടെ ഖതീബും മുദരിസുമായി മൗദൂദി നേതാവായ മൊയ്തുമൗലവി(കുറ്റ്യാടി)യെ നിയമിച്ചു. അയാളുടെ തന്ത്രപരമായ പ്രവര്‍ത്തനത്തിലൂടെയായിരുന്നു മൗദൂദിസം പ്രചരിപ്പിച്ചത്) ശംസുല്‍ ഉലമായുടെ പ്രസംഗത്തോടെ നാട്ടുകാര്‍ മൊയ്തുമൗലവിയെ പിരിച്ചുവിട്ടു. മൗലവി പിന്നീട് മംഗലാപുരത്ത് വന്നു പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അതിനെ നേരിടാന്‍ മംഗലാപുരത്തുകാര്‍ ശൈഖുനാ ശംസുല്‍ ഉലമായുടെ പ്രസംഗം സംഘടിപ്പിച്ചു. പ്രസംഗം നടന്നുകൊണ്ടിരിക്കെ ഇസ്മാ ഈല്‍ അബ്ബ എന്ന ഒരു മൗദൂദി സ്റ്റേജില്‍ കയറി ചോദ്യം ചെയ്യാന്‍ തുടങ്ങി. സദസ്സ് ബഹളമായി. അവസാനം ഇസ്മാഈല്‍ അബ്ബയുടെ കൊലയില്‍ കലാശിച്ചു. ക്രിമിനല്‍ കേസായി. ശൈഖുനാ ഒന്നാം പ്രതിയായിരുന്നു. അതോടെ ശൈഖുനാക്ക് കര്‍ണ്ണാടകയില്‍ പ്രവേശനം തടയപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്റെയും കുട്ട്യമ്മാളു അമ്മയുടെയും പ്രവര്‍ത്തനഫലമായി ശൈഖുനാക്ക് വീണ്ടും കര്‍ണാടകയിലേക്ക് അനുമതി കിട്ടി. (1951-ലെ പൊതു തെരഞ്ഞെടുപ്പില്‍ ശൈഖുനാ കോണ്‍ഗ്രസ്സ് സ്റ്റേജില്‍ പ്രസംഗിക്കാന്‍ സാഹചര്യമൊരുക്കിയത് ഈ സംഭവമായിരുന്നു.)

1956-ല്‍ കോഴിക്കോട് ടി.കെ. പരീക്കുട്ടി ഹാജിയുടെ വസതിയില്‍വെച്ച് നടന്ന സുന്നി മൗദൂദി സംവാദത്തിലും സുന്നിപക്ഷത്തെ നേതൃത്വം ശൈഖുനാ തന്നെയായിരുന്നു. മൗലാനാ പറവണ്ണ, വാണിയമ്പലം, കെ.പി. ഉസ്താദ് എന്നിവരും പ്രസ്തുത സംവാദത്തിന് എത്തിയിരുന്നു. മേല്‍പറഞ്ഞ നേതാക്കളും മൗദൂദിസം തടയിടുന്നതിന് വളരെ ശ്രമിച്ചവരാണ്. വാണിയമ്പലത്തിന്റെ പങ്ക് പ്രത്യേകം പറയത്തക്കതാണ്.

 വ്യാജ ത്വരീഖത്തുകള്‍
സമസ്ത രൂപീകരണ സമയത്ത്, ഈ പ്രസ്ഥാനങ്ങളെപോലെ തന്നെ സമസ്ത നേരിടേണ്ടിവന്ന പ്രസ്ഥാനമാണ് വ്യാജ ത്വരീഖത്തുകള്‍. സമസ്ത രൂപീകരണഘട്ടത്തില്‍ നിലവിലുള്ള വ്യാജ ത്വരീഖത്താണ് കോരൂര്‍ ത്വരീഖത്ത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കോരൂര്‍ സ്വദേശിയായ പുത്തന്‍വീട്ടില്‍ മമ്മദ് എന്നയാളാണ് അതിന്റെ സ്ഥാപകന്‍. നഖ്ശബന്തി ത്വരീഖത്തിന്റെ ഖലീഫയാണെന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ശരീഅത്തിന് യോജിക്കാത്ത പലതും അനുവദിച്ചിരുന്നു. 1912-ല്‍ ഇവരെ സംബന്ധിച്ച് ഇസ്‌ലാമിക വിരുദ്ധ പ്രസ്ഥാനമാണെന്ന് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വ്യക്തമാക്കിയിട്ടുണ്ട്. സമസ്തയുടെ ആദ്യസമ്മേളനങ്ങളില്‍ അതുസംബന്ധമായി ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന പ്രസംഗങ്ങളുണ്ടായിരുന്നു.

കല്‍പകഞ്ചേരി, പുത്തനത്താണി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരിച്ച ഒരു വ്യാജനാണ് ചോറ്റൂര്‍ ത്വരീഖത്ത് . ഒരു ടൈലര്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശിയായ മുഹ്‌യിദ്ദീന്‍ എന്ന ഒരാള്‍ താന്‍ ഗൗസും ഖുതുബും ആണെന്ന് വാദിച്ചു രംഗത്തുവരികയായിരുന്നു. വളവന്നൂര്‍, കല്‍പകഞ്ചേരി, ആതവനാട് ഭാഗങ്ങളില്‍ പലരും ഇയാളുടെ അനുയായികളായി മാറി. 1930-ല്‍ അവര്‍ പ്രസിദ്ധീകരിച്ച ഇശ്തിഹാറുത്തന്‍ബീഹ് എന്ന നോട്ടീസില്‍ 24 ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ശഹാദത്ത് കലിമ, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍തന്നെ ശരീഅത്തിലും ത്വരീഖത്തിലും വ്യത്യസ്തമാണെന്ന് വരുത്തിതീര്‍ക്കുന്നതായിരുന്നു ചോദ്യങ്ങള്‍. ഈ കള്ള പ്രസ്ഥാനത്തിനെതിരെ ഉലമാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സമസ്തയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖര്‍ ഹാറുത്തന്‍ബീഹിലെ 24 ചോദ്യങ്ങള്‍ക്ക് മറുപടിയും പ്രസ്തുത ശൈഖിന്റെ കള്ളത്തരങ്ങളും വിവരിച്ചുകൊണ്ട് ഹിദായത്തുല്‍ മുതലത്തിഖ് ബി ഗവായത്തില്‍ മുതശയ്യിഖ് എന്ന പേരില്‍ അറബിമലയാളത്തില്‍ ഒരു ഗ്രന്ഥം പ്രസിദ്ധികരിച്ചിട്ടുണ്ട്. (യഥാര്‍ത്ഥ ശൈഖിനെയും കള്ളശൈഖിനെയും തിരിച്ചറിയാന്‍ ഉപകരിക്കുന്ന പ്രസ്തുത ഗ്രന്ഥം അടുത്തകാലത്ത് രണ്ടു തവണ പുന: പ്രസിദ്ധീകരിച്ചിട്ടുണ്ട്) 1930-ല്‍ മണ്ണാര്‍ക്കാട്ട് ചേര്‍ന്ന സമസ്തയുടെ നാലാം സമ്മേളനത്തില്‍ പാസാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേത് ഇങ്ങനെ വായിക്കാം: ചോറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ സുന്ദര വിശ്വാസ നടപടികളോട് കേവലം മാറാകകൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്ക് പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. (അല്‍ബയാന്‍ പു.1.ലക്കം 5) പുത്തനത്താണിയില്‍ ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ നടത്തിയ മതപ്രസംഗത്തോടെ മേപ്പടി ത്വരീഖത്ത് നാമാവശേഷമാവുകയായിരുന്നു.

ഹൈദരാബാദുകാരനായ നൂരിഷാതങ്ങളുടെ പേരില്‍ അറിയപ്പെടുന്നതാണ് നൂരിഷാ ത്വരീഖത്ത്. 1955 ഏപ്രില്‍ 8,9,10 തിയ്യതികില്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ച ത്വരീഖത്ത് സമ്മേളനത്തോടെയാണ് പ്രസ്തുത ത്വരീഖത്ത് കേരളത്തില്‍ എത്തുന്നത്. മഹാനായ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസ്തുത സമ്മേളനത്തിനെതിരെ പ്രതികരിച്ചിരുന്നു. ദീനുല്‍ ഇസ്‌ലാം ത്വരീഖത്ത് സമ്മേളനം നടത്തി പ്രചരിപ്പിക്കാനുള്ളതാണോ എന്ന് അദ്ദേഹം പറഞ്ഞത് പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമാണ്.  സൂത്രധാരിയായിരുന്ന നൂരിഷാ തന്റെ ആശയങ്ങളൊന്നും പ്രകടമാക്കാതെ സമസ്തയുടെയും ജാമിഅഃയുടെയും മറ്റും പരിപാടികളില്‍ പങ്കെടുക്കുകയും ത്വരീഖത്ത് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്ന 1972-ല്‍ കേരളത്തില്‍ നിന്ന് കുറേ ഖലീഫമാരെ തെരഞ്ഞെടുത്ത് ഹൈദരാബാദിലേക്ക് പ്രത്യേക തഅ്‌ലീമിനു കൊണ്ടുപോയി.(പ്രസ്തുത ഖലീഫമാരില്‍ പണ്ഡിതന്‍മാര്‍ കുറവായിരുന്നു) നാല്‍പത് ദിവസത്തെ ക്ലാസ് കഴിഞ്ഞു. അവര്‍ ഹൈദരാബാദില്‍ നിന്ന് തിരിച്ചെത്തിയതോടെ ഖലീഫമാരിലൂടെ ത്വരീഖത്തിന്റെ വ്യാജ മുഖങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. പല മഹല്ലുകളില്‍ നിന്നും സമസ്തയിലേക്ക് ചോദ്യങ്ങള്‍ വന്നു. 16.02.1974ന് കെ.കെ. അബൂബക്കര്‍ ഹസ്‌റത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം താഴെ പറയുന്ന തീരുമാനമെടുത്തു. ഹൈദാബാദിലെ നൂരിഷായുടെ പേരില്‍ അദ്ദേഹത്തിന്റെ ഖുലഫാക്കള്‍ കേരളത്തില്‍ നടത്തിവരുന്ന ത്വരീഖത്തു പ്രസ്ഥാനത്തെ സംബന്ധിച്ചു പൊട്യാറ, ഇരിങ്ങാട്ടിരി, മാമ്പുഴ എന്നീ മഹല്ലുകളില്‍ നിന്ന് വന്ന ചോദ്യങ്ങളില്‍ വിവരിച്ച സംഗതികളെ സംബന്ധിച്ചും സില്‍സിലാ നൂരിയ്യഃ കേരള പ്രസിദ്ധം ചെയ്തിട്ടുള്ള അഹ്‌മദിയ്യ ത്വരീഖത്ത്, മജ്‌ലിസെഖുലാഫാ സില്‍സിലഃ നൂരിയ്യ നിയമങ്ങളും ചട്ടങ്ങളും എന്നിവയെപറ്റിയും മറ്റും ഇന്നു ചേര്‍ന്ന സമസ്ത മുശാവറ സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. മേല്‍പറഞ്ഞ പുസ്തകങ്ങളിലെ വിഷയങ്ങളില്‍ ചോദ്യങ്ങളില്‍ പറഞ്ഞതുപോലെ പലതും ശറഇനോട് യോജിക്കാത്തതാണെന്ന് മുശാവറ തീരുമാനിക്കുന്നു. അതിനാല്‍ ഈ പ്രസ്ഥാനവുമായി അകന്നുനില്‍ക്കാന്‍ പൊതുജനങ്ങളോട്  ഈ യോഗം  ഉപദേശിക്കുന്നു.

തൊള്ളായിരത്തി എഴുപതുകളില്‍ ലക്ഷദ്വീപില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട മറ്റൊരു പ്രസ്ഥാനമാണ് ശംസിയ്യ ത്വരീഖത്ത്. 1978-ല്‍ വെളിമുക്ക് വെച്ച് ചേര്‍ന്ന മുശാവറ യോഗം പ്രസ്തുത ശ്വരീഖത്തിന്റെ വക്താക്കളെ ചോദ്യം ചെയ്തശേഷം ത്വരീഖത്ത് വ്യാജമാണെന്ന് പ്രഖ്യാപിച്ചു. വളവന്നൂര്‍ പഞ്ചായത്തിലെ അല്ലൂര്‍ എന്ന സ്ഥലത്ത് ഒരു അറബിക് കോളേജ്  കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 1981-ല്‍ പുത്തനത്താണിയില്‍വെച്ച് നടത്തിയ ദ്വിദിന സമ്മേളനം ശംസിയ്യഃ ത്വരീഖത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഒന്നാം ദിവസം കോട്ടുമല ഉസ്താദും, രണ്ടാം ദിവസം കണ്ണിയത്ത്  ഉസ്താദും, ശൈഖുനാ ശംസുല്‍ ഉലമയും നടത്തിയ പ്രസംഗങ്ങള്‍ വളരെ ഫലം ചെയ്തു. ശൈഖുനാ ശംസുല്‍ ഉലമായുടെ പ്രഖ്യാപനത്തോടെ അല്ലൂരിലെ കോളേജും ശംസിയ്യഃ ത്വരീഖത്തും തൂത്തെറിയപ്പെടുകയായിരുന്നു. ഉലമാക്കളുടെ പ്രഖ്യാപനം നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയത് മര്‍ഹൂം പി.ടി. കുഞ്ഞുട്ടി ഹാജി(മുന്‍ എം.എല്‍.എ)യാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പള്ളിപ്പുഴയില്‍ നടന്ന സമ്മേളനവും ശംസുല്‍ ഉലമായുടെ പ്രസംഗവും വടക്കെ മലബാറില്‍ നിന്നും ശംസിയ്യ ത്വരീഖത്ത് നാമാവശേഷമാകാന്‍ കാരണമായി.

തബ്‌ലീഗ് ജമാഅത്ത്, അഖില
29.08.1965-ന് കണ്ണിയത്ത് ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുഖാവറ യോഗം തബ്‌ലീഗിനെ സംബന്ധിച്ച് ആലോചിച്ച് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ താഴെ പറയുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. 1-കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, 2- ഉള്ളാള്‍കുഞ്ഞിക്കോയ തങ്ങള്‍, 3- അയിനിക്കാട് പി.ഇബ്രാഹീം മുസ്‌ലിയാര്‍, 4- വാണിയമ്പലം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, 5-കൊല്ലോളി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ (കണ്‍)

16.10.1965- ന് ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം താഴെ പറയുന്ന തീരുമാനം എടുത്തു. കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെപറ്റി പരിശോധിക്കാന്‍ നിയമിച്ച സബ്കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങളെ സംബന്ധിച്ച് ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ മുബ്തദിഉകളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു.

മേല്‍ തീരുമാനം പരസ്യപ്പെടുത്തുന്നതിന് മുമ്പായി അതിന്റെ വക്താക്കളുമായി ബന്ധപ്പെട്ടു അവരുടെ ന്യായം കൂടി പഠനവിധേയമാക്കണമെന്ന ബാഫഖി തങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് കേരള അമീര്‍ കാഞ്ഞാര്‍ മൂസ മൗലവിയെ രജിസ്റ്റര്‍ കത്ത് മുഖേന വിവരം അറിയിച്ചു. വടക്കെ ഇന്ത്യയിലെ പണ്ഡിതന്മാരോട് ചോദിക്കേണ്ടതാണെന്ന് എന്ന ഒഴിഞ്ഞുമാറ്റത്തിന്റെ മറുപടിയാണ് ലഭിച്ചത്. ഇതടിസ്ഥാനത്തില്‍ 1965 നവംബര്‍ 7-ന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനം പരസ്യപ്പെടുത്താന്‍ തീരുമാനിക്കുകയും നവംബര്‍ 10-ന് ചന്ദ്രിക ദിനപത്രത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ ഉസ്താദ് എഴുതിയ ലേഖന പരമ്പര നാലു ലക്കങ്ങളിലായി അന്നത്തെ മുഖപത്രമായ സുന്നീടൈംസില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. തബ്‌ലീഗിനെ സംബന്ധിച്ച് സമസ്തയുടെ തീരുമാനം വെല്ലൂര്‍ ബാഖിയാത്തിലെ ശൈഖുല്‍ ഹദീസായിരുന്ന ശൈഖ് ഹസന്‍ ഹസ്രത്തിന് രസിച്ചില്ല. ബാഫഖി തങ്ങളും സമസ്ത നേതാക്കളും ശൈഖ് ഹസന്‍ ഹസ്‌റത്തും കൂടി ഇരുന്നു ചര്‍ച്ച നടത്താന്‍ രണ്ട് തവണ ഏര്‍പ്പാട് ചെയ്തു. പക്ഷെ, അദ്ദേഹം പങ്കെടുക്കാതെ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. 

പിന്നീട് സമസ്തക്കെതിരില്‍ ഒരു പണ്ഡിത സംഘടന രൂപീകരിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍  ശ്രമങ്ങളാരംഭിച്ചു. അങ്ങനെ തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ ചില ഉലമാക്കള്‍ യോഗം ചേര്‍ന്നു. അഖില കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പണ്ഡിത സംഘടന രൂപീകരിച്ചു. തബ്‌ലീഗ് സംബന്ധമായി സമസ്ത എടുത്ത തീരുമാനത്തിലുള്ള അമര്‍ഷമാണ് തലശ്ശേരി യോഗം വിളിച്ച് ചേര്‍ക്കാന്‍ കാരണമെങ്കിലും സമസ്തയോടും അതിന്റെ ഉന്നത നേതാക്കളോടുള്ള അസൂയമൂലം  തബ്‌ലീഗിന്റെ കടുത്ത വിരോധികള്‍പോലും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുകയും അഖില രൂപീകരണത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പല ഉന്നതന്മാരുടെ പേരുകളും അഖിലയുടെ ഭാരവാഹികളുടെ ലിസ്റ്റിലുണ്ടായിരുന്നു. മഞ്ചേരി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്‌മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍, ഒ.കെ. അബ്ദുറഹ്‌മാന്‍കുട്ടി ഹസ്‌റത്ത്, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍ മുതലായവരെല്ലാം ഭാരവാഹികളില്‍പെട്ടും. അഖിലയുടെ പുറപ്പാട് സമസ്തക്കെതിരില്‍ വലിയ കൊടുങ്കാറ്റാവുമെന്നാണ്പലരും ധരിച്ചത്. കാരണം അനവധി ശിഷ്യന്മാരുള്ള ഉയര്‍ന്ന പണ്ഡിതന്മാരായിരുന്നു അതിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. അവര്‍ മുശാവറയുണ്ടാക്കി. ഫത്‌വാ കമ്മിറ്റി ഉണ്ടാക്കി. ജാമിഅഃക്ക് പകരമായി കാസര്‍ഗോഡ് ഒരു കോളേജ് ഉണ്ടാക്കാന്‍ ശ്രമമാരംഭിച്ചു. ജംഇയ്യത്ത് എന്ന പേരില്‍ ഒരു മാസിക തുടങ്ങി. അവരുടെ ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ സമസ്തയുടെ നേതാക്കള്‍ക്കുപോലും ആശങ്കകര്‍ തോന്നിത്തുടങ്ങി. ആ സന്ദര്‍ഭത്തില്‍ ശൈഖുനാ കോട്ടുമല ഉസ്താദ്  ഒരിക്കല്‍  ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ. ഉസ്താദുമായി സംസാരിച്ചപ്പോള്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചു. ഉടനെ ശൈഖുനാ ശംസുല്‍ ഉലമാ പ്രതികരിച്ചു. കോട്ടുമല നിങ്ങള്‍ തീരെ ഭയപ്പെടരുത്. സമസ്തയെ സംബന്ധിച്ച് നമുക്ക് ഭയവും വേണ്ട. സമസ്ത സ്ഥാപിച്ചത് അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫുകളുമാണ്. അവര്‍ നമ്മുടെ കണ്‍മുമ്പില്‍ നിന്ന് മറഞ്ഞിട്ടുണ്ടെങ്കിലും സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ അവരുടെ സാന്നിധ്യമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ഥാപക നേതാക്കള്‍ സമസ്തയെ രക്ഷിക്കും. ആ കാലത്ത് ഇബാദത്തുകളിലും ദിക്‌റുകളിലും മാത്രം മുഴുകിയിരുന്ന ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ ഒരിക്കല്‍ ഉസ്താദ് ഹൈദ്രൂസ് മുസ്‌ലിയാരെ വിളിച്ച് പറഞ്ഞു; അഖില അകലേ പോവും. സമസ്ത തീരുമാനം വിശദീകരിക്കാനായി 1966 ഏപ്രില്‍ 3-ന് കോഴിക്കോട് കുറ്റിച്ചിറയില്‍ ഒരു വലിയ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത് ബാഖിയാത്ത്  പ്രിന്‍സിപ്പാളായിരുന്ന മുഹമ്മദ് അബൂബക്കര്‍ ഹസ്‌റത്ത് ആയിരുന്നു. സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചത് മഹാനായ പാണക്കാട് പൂക്കയോതങ്ങളും. തങ്ങളുടെ അന്നത്തെ അദ്ധ്യക്ഷ പ്രസംഗത്തെ സംബന്ധിച്ച് ശൈഖുനാ ശംസുല്‍ ഉലമ എപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. സാധാരണര രീതിയിലായിരുന്നില്ല അന്ന് തങ്ങളുടെ പ്രസംഗം. ചുവന്ന മുഖത്തോടുകൂടി ശബ്ദമുയര്‍ത്തിക്കൊണ്ട് തങ്ങള്‍ പറഞ്ഞു; ഇവിടെ അഖിലയും വേണ്ട, കൊഖിലയും വേണ്ട, സമസ്ത മതി. തങ്ങളുടെ ഈ പ്രഖ്യാപനമാണ് കൊടുങ്കാറ്റുപോലെ വന്ന അഖില മാസങ്ങള്‍ തികയുന്നതിന് മുമ്പ് നാമാവശേഷമായി പോവാന്‍ കാരണമെന്ന് ശൈഖുനാ ശംസുല്‍ ഉലമാ എപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. പല പ്രാവശ്യം ഈ വിനീതനോട്  ശൈഖുനാ ഈ സംഭവം പറഞ്ഞിട്ടുണ്ട്.


അഖില മുശാവറ ചേര്‍ന്ന് തബ്‌ലീഗ് ജമാഅത്തിനെപ്പറ്റി പഠിക്കാന്‍ അഞ്ചംഗ സമിതി  ഉണ്ടാക്കി. അവര്‍ പഠിച്ച് കണ്ടെത്തിയതും സമസ്ത കണ്ടെത്തിയത് തന്നെയായിരുന്നു. തബ്‌ലീഗ് തീരുമാനമായിരുന്നല്ലോ പ്രധാനമായും അഖില ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അഖില എന്ന സംഘടന ഇല്ലാതെയായിട്ടും ജംഇയ്യത്ത് എന്ന പത്രം കുറച്ച്കാലം കൂടി മലപ്പുറത്തുനിന്ന് പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു. മാസികയും അധികകാലം പിടിച്ച് നിന്നില്ല.

  ജംഇയ്യത്തെ ഉലമാഉസ്സുന്നിയ്യ
1947 മാര്‍ച്ച് 15-ന് മീഞ്ചന്ത ജുമുഅത്ത് പള്ളിയില്‍ മൗലാനാ അബ്ദുല്‍ബാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ഖുതുബയില്‍ അറബിയല്ലാത്ത മറ്റുഭാഷകള്‍ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുന്‍കറത്തായ ബിദ്അത്തുമാണെന്ന് തീര്‍ച്ചപ്പെടുത്തി. മൗലാനാ ശൈഖ് ആദം ഹസ്‌റത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസ്തുത തീരുമാനം മൗലാനാ ഖുതുബി അവതാരകനും മൗലാനാ ശൈഖ് ആദം ഹസ്‌റത്ത്, റശീദുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അനുവാദരുമായ പ്രമേയത്തിലൂടെയാണ് പ്രഖ്യാപിച്ചത്. 1954 ഏപ്രില്‍  24,25 തിയ്യതികളില്‍ താനൂരില്‍ ചേര്‍ന്ന യോഗം മീഞ്ചന്ത പ്രമേയത്തെ അവഗണിച്ചുകൊണ്ട് സമസ്തയിലെ വല്ല അംഗവും പരിഭാഷപ്പെടുത്തിയാല്‍ ആ അംഗത്തിന്റെ പേരില്‍ നടപടി എടുക്കാന്‍ തീരുമാനിച്ചു. അതടിസ്ഥാനത്തിലാണ് കൊടിയത്തൂര്‍ ഖാസി അബ്ദുല്‍ അസീസ് മുസ്‌ലിയാരെ മുശാവറയില്‍ നിന്ന് നീക്കം ചെയ്തത്. അല്‍ബയാന്‍  പു.7 ലക്കം 10-ല്‍ പരിഭാഷയെ സംബന്ധിച്ച് അബ്ദുല്‍ അസീസ് മൗലവിയുടെ  ചോദ്യവും സമസ്തയുടെ മുഫ്തി ടി. കുഞ്ഞായിന്‍ മുസ്‌ലിയാരുടെ  ഫത്‌വയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഞ്ഞായിന്‍ മുസ്‌ലിയാരുടെ ഫത്‌വയെ ഖണ്ഡിച്ചുകൊണ്ട് കൊടിയത്തൂര്‍ ഖാസി ജുമുഅ ഖുതുബയും അല്‍ബയാനിലെ ഫത്‌വയും എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പ്രസ്തുത പുസ്തകത്തെ ഖണ്ഡിച്ചുകൊണ്ട് ഖാളിയാരുടെ ബുക്ക് എന്ന പേരില്‍ അല്‍ബയാനില്‍ തുടര്‍ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 03.11.1957-ന് ചേര്‍ന്ന മുശാവറ യോഗം കൊടിയത്തൂര്‍ക്കാരന്റെ പുസ്തകത്തിന് ഖണ്ഡനമെഴുതി പ്രസിദ്ധം ചെയ്യാന്‍ ശൈഖുനാ ശംസുല്‍ ഉലമായെ ചുമതലപ്പെടുത്തി. അതനുസരിച്ച് ഖുതുബത്തുല്‍ ജുമുഅഃ എന്ന പേരില്‍ ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ. അറബി മലയാളത്തില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

16.10.1975 ന് ചേര്‍ന്ന മുശാവറ യോഗം റാബിഅത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ മസ്ജിദ് കോണ്‍ഫ്രന്‍സ് എടുത്ത ജമുഅ ഖുതുബ മാതൃഭാഷയിലായിരിക്കണമെന്ന തീരുമാനത്തെ ചോദ്യം ചെയ്ത് കത്തെഴുതാന്‍ തീരുമാനിച്ചു. റാബിതക്കും റാബിതയുടെ ഇന്ത്യന്‍ പ്രതിനിധി അബുല്‍ഹസന്‍ അലി നദ്‌വി സാഹിബിനും പ്രസ്തുത തീരുമാനത്തിന്റെ  സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ഇരുപത് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്ത് ജനറല്‍ സെക്രട്ടറി ശൈഖുനാ ശംസുല്‍ ഉലമാ അയച്ചു. മറുപടി ലഭിക്കാതെയായപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് വീണ്ടും കത്തയച്ചു. അതിന് മറുപടി ജനങ്ങള്‍ക്ക് ഗ്രഹിക്കാന്‍ വേണ്ടിയാണ് അങ്ങനെ തീരുമാനമെടുത്തത് എന്നായിരുന്നു. തെളിവുകളൊന്നും ഉണ്ടായില്ല. മുകളില്‍ പറഞ്ഞ കൊടിയത്തൂര്‍കാരന്റെ നേതൃത്വത്തില്‍  ചില നപുംസകര്‍ തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തില്‍ ഖുതുബ പരിഭാഷ വാദവുമായി ജംഇയ്യത്തു ഉലമാഉസ്സുന്നിയ എന്ന പേരില്‍ സംഘടനയുണ്ടാക്കി പ്രസ്തുത സംഘടന മാസങ്ങള്‍ തികയുന്നതിന് മുമ്പ് കാലഗതിയടഞ്ഞു.

  സംസ്ഥാന
08.04.1967-ന് ഉസ്താദ് കണ്ണിയത്ത് അഹ്‌മ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം പി.ഇബ്രാഹിം മുസ്‌ലിയാര്‍ ബാങ്ക്, ഖുതുബ എന്നിവയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുകന്നതിനെപ്പറ്റി നല്‍കിയ ചോദ്യത്തെപ്പറ്റി ദീര്‍ഘമായ ആലോചന നടത്തുകയും ലൗഡ് സ്പീക്കര്‍ ബാങ്കിലും ഖുതുബയിലും ഉപയോഗിക്കുന്നതിന് യാതൊരു വിരോധവുമില്ല എന്ന് ഏകാഭിപ്രായമായി തീരുമാനിക്കുകയും ചെയ്തു.
പ്രസ്തുത തീരുമാനത്തിന് വിരുദ്ധമായി ബാങ്കിലും ഖുതുബയിലും ലൗഡ് സ്പീക്കര്‍ അനുവദനീയമല്ലെന്ന് പ്രസിഡണ്ട് സദഖത്തുല്ല മുസ്‌ലിയാരുടെ പേരില്‍ 13.04.1967-ന് മാതൃഭൂമി പത്രത്തില്‍ പരസ്യം വന്നു. 04.05.1967 -ന് പ്രസിഡണ്ട് സ്വദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ലൗഡ് സ്പീക്കര്‍ തീരുമാനത്തെപ്പറ്റി ഒന്നുകൂടി പുനാരോലചന ചെയ്യേണ്ടതാണെന്ന് ആവശ്യപ്പെട്ടു. രണ്ട് ജനറല്‍ബോഡി മെമ്പര്‍മാര്‍ അയച്ച കത്ത് വായിക്കുകയും തള്ളുകയും ചെയ്തു. 06.05.1967 ന് മുദാക്കര പള്ളിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡണ്ട് സ്വദഖത്തുല്ല മുസ്‌ലിയാര്‍ പങ്കെടുത്തില്ല. അദ്ധ്യക്ഷനായി ബേപ്പൂര്‍ ഖാസി അഹ്‌മദ്‌കോയ മുസ്‌ലിയാരെ തെരഞ്ഞെടുത്തു. പ്രസ്തുത യോഗത്തിലേക്ക് സ്വദഖത്തുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ട് സ്ഥാനവും മെമ്പര്‍ സ്ഥാനവും കോളേജ് കമ്മിറ്റി മെമ്പര്‍ സ്ഥാനവും എല്ലാം രാജിവെച്ചുകൊണ്ടുള്ള രാജിക്കത്ത് കൊടുത്തയച്ചു. കത്ത് യോഗത്തില്‍ വായിച്ചു. തീരുമാനം അടുത്ത മുശാവറ യോഗത്തിന് വിട്ടു. 20.05.1967-ന് വൈസ് പ്രസിഡണ്ട് അയിനിക്കാട് പി.ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ  യോഗം പ്രസിഡണ്ടിന്റെ രാജി സ്വീകരിച്ചു. കണ്ണിയത്ത് ഉസ്താദിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 24.11.1967-ന് സ്വദഖത്തുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വണ്ടൂര്‍ ജുമുഅത്ത് പള്ളിയില്‍വെച്ച് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനക്ക് രൂപം നല്‍കി.

എം.ഇ.എസും മോഡേണ്‍ ഏജ് സൊസൈറ്റിയും
27.10.1970- ന് പട്ടിക്കാട് ജാമിഅയില്‍വെച്ച് ഉസ്താദ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം താഴെ പറയുന്ന തീരുമാനം എടുത്തു. എം.ഇ.എസിനെ പറ്റിയും ഇസ്‌ലാം മോഡേണ്‍ ഏജ് സൊസൈറ്റിയെ പറ്റിയും താഴെ കാണുന്ന പ്രമേയം പാസ്സാക്കി. എം.ഇ.എസ്. ജേര്‍ണല്‍ പുസ്തകം 2 ലക്കം 5 (സപ്തംബര്‍ 25) പേജ് 13 വിശുദ്ധ ഖുര്‍ആന്റെ കൈയെഴുത്ത് രേഖ എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെടുകയുണ്ടായി. അതില്‍ ഇപ്രകാരം പറയുന്നു: ഹസ്‌റത്ത് ഉസ്മാന്റെ പരിശുദ്ധ ഖുര്‍ആന്‍ താഷ്‌കന്റിലെ ഇസ്ബക് ചരിത്ര മ്യൂസിയത്തില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. ഏറ്റവും പുരാതന അറബ് ലിഖിത രേഖകളിലൊന്നാണ് ഈ ഖുര്‍ആന്‍. ഇസ്‌ലാം മത സ്ഥാപകനായ മുഹമ്മദ് നബിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സൈദുബ്‌നു സാബിത് പ്രവാചകന്റെ വചനങ്ങളെല്ലാം ശേഖരിച്ച് ഗ്രന്ഥത്തിലാക്കി യതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായ ഉസ്മാന്‍ ഒരു പുതിയ ഖുര്‍ആന്‍ തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതില്‍ വ്യത്യസ്ത നിലയിലാണ് സൂറത്തുകള്‍ ക്രമീകരിക്കപ്പെട്ടിരുന്നത്. അല്ലാഹുവിന്റെ തിരുവചനങ്ങളായ പരിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്ന് വരുത്തിതീര്‍ക്കുന്നു. എം.ഇ.എസിന്റെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുസ്‌ലിംകള്‍ ബോധവാന്മാരവണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എം.ഇ.എസിന്റെ ഇത്തരം അനിസ്‌ലാമിക വിശ്വാസ പ്രമാണങ്ങളില്‍ മുസ്‌ലിം ബഹുജനങ്ങള്‍ അകപ്പെടരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇന്ന് ചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ ആശയങ്ങളില്‍ നിന്ന് ഒരുപടി മുന്നോട്ട് പോയ ഇസ്‌ലാം & മോഡേണ്‍ ഏജ് സൊസൈറ്റിയുടെ ഉദ്ഘാടന യോഗത്തിലെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ ആശയാദര്‍ശങ്ങള്‍ തനി അനിസ്‌ലാമികവും ഇസ്‌ലാമിന്റെ നാരായവേരില്‍തന്നെ കത്തിവെക്കുന്നതുമാണെന്ന് ബോധ്യമാകയാല്‍ പ്രസ്തുത സൊസൈറ്റിയെ സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കണമെന്ന് മുസ്‌ലിം സുഹൃത്തുക്കളോട് സമസ്തയുടെ ഈ യോഗം അഭ്യര്‍ത്ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter