ഫത്ഹുറഹ്മാൻ: കിഴക്കൻ ആഫ്രിക്കയിലെ ദലാഇലുൽ ഖൈറാത്ത്
പ്രവാചകൻ മുഹമ്മദ് നബി(സ്വ) യെ പ്രകീർത്തിക്കുന്ന ഗ്രന്ഥശേഖരങ്ങളും അനുവാചകരെ നബിയുമായി ബന്ധിപ്പിക്കുന്ന നിരവധി പ്രസിദ്ധ രചനകളും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വടക്കന്‍ ആഫ്രിക്കയിലെ ശൈഖ് ജസൂലി രചിച്ച ദലാഇലുൽ ഖൈറാത്ത്. എന്നാൽ, അത്രത്തോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു ഗ്രന്ഥമാണ് കിഴക്കൻ ആഫ്രിക്കയിലെ ഹറാറിലെ ശൈഖ് ഹാശിം ഇബ്നു അബ്ദുൽഅസീസ് രചിച്ച ഫത്ഹുറഹ്മാൻ.
ശൈഖ് ഹാശിമും ആത്മീയ ജീവിതവും
ശൈഖ് ഹാശിം ഇബ്നു അബ്ദിൽഅസീസ് ഏകദേശം 380 വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ ആഫ്രിക്കയിലെ ഹറാറിലാണ് ജനിച്ചത്. കിഴക്കൻ ആഫ്രിക്കയിലുടനീളം വിശ്വാസം പ്രചരിപ്പിച്ച അക്കാലത്തെ പ്രശസ്ത പണ്ഡിതനായ ശൈഖ് അബ്ദുൽ അസീസിന്റെ മകനായിരുന്നു അദ്ദേഹം. ആത്മീയ ജീവിതം നയിച്ച മാതാവിന്റെ സാമീപ്യവും വളർത്തുഗുണവും ശൈഖിന്റെ പിൽക്കാല ജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. മാതാവുമായുള്ള അഭേദ്യമായ ഈ ബന്ധമാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ സുഗമമാക്കിയതെന്നും ജീവിതകാലത്ത് അദ്ദേഹത്തിന് ലഭിച്ച നിരവധി ആത്മീയ അവസരങ്ങൾക്ക് നിമിത്തമായതെന്നും പലരും ഇന്നും വിശ്വസിക്കുന്നു.
തന്റെ യുവത്വത്തിൽ വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും സന്ദർശിക്കാനുള്ള ശൈഖിന്റെ തയ്യാറെടുപ്പിലാണ് ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകൾ സംഭവിക്കുന്നത്. ശൈഖ് ഹാശിം യാത്ര തിരിക്കുമ്പോൾ, മൊറോക്കോയിൽ ജീവിച്ചിരുന്ന, ശാദുലി, ഖാദിരി ത്വരീഖത്തുകളിലെ പ്രശസ്ത പണ്ഡിതനായിരുന്ന മൗലായ് സുലൈമാൻ സ്വപ്നത്തിൽ ഒരു യുവാവിനെ ദർശിക്കുകയുണ്ടായി. ആ യുവാവിനെ കണ്ടെത്താനും തന്റെ ആത്മീയ രഹസ്യങ്ങൾ അദ്ദേഹത്തിന് കൈമാറാനും നിർദേശിക്കുന്ന ഒരു അശരീരിയും കേട്ടു.
ഈ സ്വപ്ന സാഫല്യത്തിനായി അദ്ദേഹം വടക്ക്, കിഴക്ക് ആഫ്രിക്ക, തെക്കേ അറേബ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ഒടുവിൽ, യമനിലെ സബീദ് എന്ന തുറമുഖ നഗരത്തിൽ വിശ്രമമാരംഭിച്ചു. ഒരു ദിവസം, അദ്ദേഹം നഗരത്തിലെ തുറമുഖത്ത് വിശ്രമിക്കുമ്പോൾ, മക്കയിലേക്കും മദീനയിലേക്കും തീർത്ഥാടനം ചെയ്യുന്ന കിഴക്കൻ ആഫ്രിക്കയിലെ ഒരു സംഘം എത്തി. അദ്ദേഹം ആ സംഘത്തിലേക്ക് നോക്കിയപ്പോൾ, തന്റെ സ്വപ്നത്തിൽ കണ്ട അതേ മനുഷ്യനെ അവരുടെ ഇടയിൽ കണ്ടു. അദ്ദേഹം അവനെ വിളിച്ചു പറഞ്ഞു, "മകനേ, ഞാൻ നിന്നെ അന്വേഷിച്ച് ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നു!"
തുടർന്ന്, മൗലൈ സുലൈമാൻ തന്റെ സ്വപ്നം ശൈഖ് ഹാശിമിന് വിശദീകരിച്ചു. മക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം, മാതാവിന്റെ സമ്മതപ്രകാരം സബീദിലേക്ക് മടങ്ങാമെന്നും അദ്ദേഹത്തില്‍ നിന്ന് പഠിക്കാമെന്നും ശേഷം ജന്മനാടായ ഹറാറിലേക്ക് മടങ്ങുമെന്നും ഇരുവരും കരാറിലെത്തി. അപ്രകാരം, ശൈഖ് ഹാശിം തന്റെ തീർത്ഥാടനം പൂർത്തിയാക്കി, ഹറാറിലേക്ക് യാത്ര ചെയ്തു. ഉമ്മയുടെ അനുമതിയോടെ മാത്രമാണ് അദ്ദേഹം സബീദ് നഗരത്തിലേക്ക് മടങ്ങിയത്. ഇവിടെ, അദ്ദേഹം മൗലൈ സുലൈമാന്റെ ശിക്ഷണത്തിലായി ഏറെ കാലം ചെലവഴിച്ചു. മൗലൈ സുലൈമാൻ തന്റെ മേൽ അർപ്പിച്ച വിശ്വാസം നിറവേറ്റിയതിൽ സംതൃപ്തനായി ശൈഖ് ഹാശിമിനോട് വിട പറഞ്ഞു. ഒരു ആത്മീയ ഗുരുവിന്റെ പരിപാലനത്താൽ അനുഗ്രഹിക്കപ്പെട്ട ശൈഖ് ഹാശിം തന്റെ ജന്മനാടായ ഹറാറിലേക്ക് മടങ്ങി.
തിരിച്ചെത്തിയതോടെ, ആ പ്രദേശത്തെ ജനങ്ങൾ അദ്ദേഹത്തോട് കൂടുതൽ അടുപ്പത്തിലായി. അവരെ ദൈവമാർഗത്തിലേക്ക് ക്ഷണിക്കാനും അധ്യാപനം നടത്താനും ശൈഖ് ഹാശിം തുടങ്ങി. കാലക്രമേണ ശോഷിച്ചു പോയ നഗരത്തിലെ ഖാദിരി ത്വരീഖത്തിനെ പരിഷ്കരിക്കാൻ അദ്ദേഹം ശ്രമങ്ങൾ നടത്തി. പ്രദേശത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹത്തിന്റെ പേരും പെരുമയും ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ സഹായകമായത് ഫത്ഹുറഹ്മാൻ എന്ന കൃതിയായിരുന്നു.
ഫത്ഹുറഹ്മാന്റെ രചന
ഹറാറിലേക്ക് തിരിച്ചെത്തിയപ്പോൾ, ശൈഖ് ഹാശിം ആ പ്രദേശത്തെ ജനങ്ങളുടെ ആത്മീയരീതികൾ പരിവർത്തിപ്പിക്കാൻ ശ്രമങ്ങളരാംഭിച്ചു. പ്രവാചകൻ നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലാനും അവരുമായി ബന്ധം പുലർത്താനും അവരെ പ്രേരിപ്പിച്ചു. ഈ സമയത്ത്, ശൈഖ് ഹാശിമിൽ വർധിച്ച തീവ്രമായ പ്രവാചക അനുരാഗമാണ് തന്റെ 'ഫത്ഹുറഹ്മാൻ' എന്ന ഗ്രന്ഥം രചിക്കാനുള്ള വഴിയായത്. പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു:
"എനിക്ക് അല്ലാഹുവിന്റെ ദൂതനോട് തീക്ഷ്ണമായ സ്നേഹം ഉണ്ടായിരുന്നു. ഈ സ്നേഹം ശക്തമാവുകയും അവർക്ക് മേൽ എന്റെ സ്വലാത്ത് വർധിപ്പിക്കാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. സ്വലാത്ത് അധികരിപ്പിച്ചത് കൊണ്ട്, എന്റെ സ്നേഹം കൂടുതല്‍ തീവ്രമാവുകയും എനിക്ക് ലഭിച്ച സ്വലാത്തിന്റെ വാക്യങ്ങൾ എഴുതാൻ അല്ലാഹു എന്നെ 'പ്രചോദിപ്പിക്കുന്നതുവരെ' എന്റെ ഉള്ളിനെ അസ്വസ്ഥമാക്കുകയും ചെയ്തു. അതിനാലാണ്, ഈ ഗ്രന്ഥത്തിന് ഞാൻ 'ഫത്ഹുറഹ്മാൻ' എന്ന് നാമകരണം ചെയ്തത്. ശേഷം, അനുഗ്രഹീതമായ റമദാൻ മാസത്തിൽ, വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞനേരം, ഞാൻ വീട്ടിലേക്ക് മടങ്ങി. പ്രവാചകൻ തിരുനബി(സ്വ) യെ ദർശിച്ചു. പ്രവാചകനെ അഭിവാദ്യം ചെയ്ത ശേഷം ഞാൻ അവരെ കെട്ടിപ്പിടിച്ച് അവരുടെ തിരുശിരസ്സിൽ ചുംബിച്ചു. ഈ മഹത്തായ അനുഗ്രഹം ഞാൻ മനസ്സിലാക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു."
മഹത്തുക്കളുടെ രീതി സാധാരണയായി ഇത്തരം ഉന്നതവും പവിത്രവുമായ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുക എന്നതാണ്. എന്നാൽ ശൈഖ് തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ ഈ സ്വപ്ന ദർശനങ്ങൾ പങ്കുവെക്കാൻ തീരുമാനിക്കുകയും സൂറത്ത് അള്ളുഹായിലെ 11-ാം വാക്യം ഉദ്ധരിക്കുകയും ചെയ്തു. "നാഥന്റെ അനുഗ്രഹങ്ങളെ സംബന്ധിച്ച് നീ സംസാരിച്ചുകൊള്ളുക".
ഗ്രന്ഥത്തിന്റെ ഘടനയും രൂപവും
ഈ ഗ്രന്ഥത്തിൽ അഞ്ച് പ്രധാന അധ്യായങ്ങളാണ് ഉള്ളത്. അതിൽ അടങ്ങിയ പല സ്വലാത്തും ശൈഖ് തന്നെ രചിച്ചതാണെന്നും ദിവ്യദര്‍ശനങ്ങള്‍ വഴി അദ്ദേഹത്തിന് വെളിപ്പെട്ടതാണെന്നും വിശ്വസിക്കപ്പെടുന്നു. അതേസമയം, പ്രവാചകരുടെ ഹദീസ്, വിവിധ സ്വഹാബികളുടെ വാക്യങ്ങൾ, മുൻകാലങ്ങളിലെ പ്രമുഖ പണ്ഡിതരുടെ തിരുമൊഴികൾ എന്നിവയും അവക്ക് അടിസ്ഥാനമായി കാണാവുന്നതാണ്.
കാലത്തിനനുസരിച്ച് ഈ വിശുദ്ധ ഗ്രന്ഥം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും വ്യത്യസ്ത പണ്ഡിതന്മാർ ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഖസാഇദ് (കവിത), ഔറാദ്, അഹ്‌ലുബൈത്തിന്റെ മഹത്വങ്ങൾ തുടങ്ങിയവ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.
'ഫത്ഹുറഹ്മാൻ' പാരയണം ചെയ്യുന്നത്, പ്രവാചകനുമായി ആത്മീയ ബന്ധം സ്ഥാപിക്കാനും അവരെ സ്വപ്നത്തിൽ ദർശിക്കാനും പാപങ്ങൾ പൊറുക്കപ്പെടാനും കാരണമാകുമെന്നും ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു.
റഫറൻസ് :
https://sacredfootsteps.com/2023/02/27/the-revival-of-fath-ar-rahman-the-east-african-book-of-litanies/



Leave A Comment