സുല്‍ത്വാന്‍ അബ്ദുൽ ഹമീദ് രണ്ടാമൻ - പ്രവാചക സ്നേഹത്തിന്റെ ആധുനിക മാതൃക

സുല്‍താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തുര്‍കി ഖലീഫയായിരിക്കുന്ന കാലം. ഒരു ദിവസം ഇസ്താംബൂളിലെ ഒരു സാധാരണ കച്ചവടക്കാരന്‍ അദ്ദേഹത്തെ കാണാനെത്തി. കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'നിങ്ങൾ എന്നോട് കടപ്പെട്ടിരിക്കുന്നു'. ജീവിതത്തില്‍ ഇത് വരെ നേരിട്ട് ഇടപാടുകളൊന്നും നടത്തിയിട്ടില്ലാത്ത നാം എങ്ങനെയാണ് കടപ്പെട്ടിരിക്കുന്നതെന്ന് സുല്‍ത്വാന്‍ അല്‍ഭുതം കൂറി. 

അദ്ദേഹം സംഭവം ചുരുക്കി വിവരിച്ചു, 'ഞാൻ ഇസ്താംബൂളിലെ ഒരു കച്ചവടക്കാരനാണ്. കച്ചവടത്തിലൂടെ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു. പലരുടെ അടുത്ത് നിന്നും കടം വാങ്ങി വലിയ സംഖ്യക്ക് കടക്കാരനുമാണ്. എന്ത് ചെയ്യണമെന്നറിയാത്ത ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് ദുആ ചെയ്യുമായിരുന്നു.' 

എന്നിട്ട് എന്തുണ്ടായി, സുല്‍ത്വാന് ബാക്കി കേള്‍ക്കാനായി ചോദിച്ചു. മന്ത്രിയായിരുന്ന തഹ്സീന്‍ പാഷയും ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു, അദ്ദേഹവും ചോദിച്ചു, ഇതില്‍ എവിടെയാണ് സുല്‍ത്വാന്‍ നിങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്.

കച്ചവടക്കാരന്‍ തുടർന്നു: ഞാൻ പറഞ്ഞതു പോലെ, ഞാൻ എല്ലാ രാത്രിയിലും റബ്ബിനോട് ദുആ ചെയ്യുമായിരുന്നു. ഇന്നലെ രാത്രി പ്രവാചകൻ(സ്വ) എന്റെ സ്വപ്നത്തിൽ വന്ന് എന്നോട് പറ‍ഞ്ഞു, കടത്തിന്റെ കാര്യത്തില്‍ വിഷമിച്ചിരിക്കുകയാണ് അല്ലേ, നമ്മുടെ ഹമീദിനോട് ചെന്ന് കാര്യം പറയൂ. എല്ലാ രാത്രിയും സ്വലാതും ദിക്റും ചൊല്ലുന്ന അദ്ദേഹം ഇന്നലെ രാത്രി അത് മറന്നുപോയിട്ടുണ്ട്. അക്കാര്യം കൂടെ അദ്ദേഹത്തെ ഉണര്‍ത്തുക. അത് പ്രകാരമാണ് ഞാനിവിടെ വന്നിരിക്കുന്നത്.

ഇത് കേട്ട സുൽത്വാന്റെ മുഖം വല്ലാതെയായി. അതേ സമയം, നമ്മുടെ ഹമീദ് എന്ന പ്രവാചക വചനം അദ്ദേഹത്തെ വല്ലാതെ സന്തോഷിപ്പിക്കുകയും ചെയ്തു. അത് വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിച്ച അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചു,  'പ്രവാചകൻ നിന്നോട് എന്താ പറഞ്ഞത്'

'നമ്മുടെ ഹമീദിനോട്'' എന്ന് പറയാൻ തുടങ്ങിയതും ഒരു കിഴി നാണയം ആ കടക്കാരന് നൽകി വീണ്ടും ചോദിച്ചു, 'പ്രവാചകൻ എന്താണ് പറഞ്ഞതെന്ന് ഒരിക്കൽ കൂടി പറയാമോ...' അദ്ദേഹം വീണ്ടും ''നമ്മുടെ ഹമീദിനോട്'' എന്ന് പറഞ്ഞു തുടങ്ങിയപ്പോയേക്കും ഒരു കിഴി നാണയം കൂടി നൽകി. ഇങ്ങനെ മൂന്നു പ്രാവശ്യം അവർ‌ത്തിച്ചു. കടങ്ങള്‍ തീര്‍ക്കാന്‍ ഇത്രയും മതിയാവില്ലേ എന്ന മന്ത്രിയുടെ ചോദ്യം 'എനിക്ക് ഒരുപാടായി മന്ത്രീ, ഇത് എന്റെ കടം വീട്ടാൻ മതിയാകും'' എന്ന് കടക്കാരൻ പറഞ്ഞപ്പോഴാണ് സുല്‍ത്വാന്‍ നിര്‍ത്തിയത്. എന്നിട്ട് പറഞ്ഞു, 'എങ്കില്‍ സമാധാനത്തോടെ പോകൂ'. അയാള്‍ സസന്തോഷം കടക്കാരൻ‍ കൊട്ടാരം വിട്ടിറങ്ങി. 

അയാള്‍ പോയ ശേഷം മന്ത്രി അദ്ദേഹത്തോട് പറഞ്ഞു, സുൽത്താൻ‌ നിങ്ങളുടെ കയ്യിലുള്ളതെല്ലാം കടക്കാരൻ കൊണ്ടു പോയല്ലോ'. അതിന് സുല്‍ത്വാന്റെ മറുപടി ഇങ്ങനെയായിരുന്നു, 'നിങ്ങൾ എന്താണ് പറയുന്നത് പാഷാ, അല്ലാഹുവാണെ സത്യം, അവൻ‌ ചോദിച്ചാൽ എന്റെ മുഴുവൻ സ്വത്തും അധികാരം വരെയും അവന് ഞാൻ നൽകുമായിരുന്നു. ഇന്നലെ രാത്രി മുഴുവൻ ഞാൻ നല്ല പണിയിലായിരുന്നു, ക്ഷീണം കാരണം അറിയാതെ ഉറങ്ങി പോയി. പതിവ് സ്വലാത്തും ദിക്റും ചെല്ലാൻ മറന്നു പോയി. വലിയ തെറ്റാണ് ഞാന്‍ ചെയ്തത്, റബ്ബ് നമുക്ക് പൊറുത്തു തരട്ടെ.

1876 ഓഗസ്റ്റ് 31 മുതൽ 1909 ഏപ്രിൽ 27 വരെയായിരുന്നു സുല്‍ത്വാന്‍ അബ്ദുൽഹമീദ് രണ്ടാമന്റെ ഭരണകാലം.  ഉസ്മാനിയ്യ സാമ്രാജ്യത്തിന്റെ ഹമീദിയൻ കാലഘട്ടം എന്നാണ് അത് അറിയപ്പെടുന്നത്.  സ്വൂഫി കൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രവാചക സ്നേഹം ഏറെ പ്രസിദ്ധമാണ്. പ്രവാചകനെ അവഹേളിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന അദ്ദേഹം, അക്കാലത്ത് ഫ്രാന്‍സിലും ഇറ്റലിയിലും നടന്ന പ്രവാചക അവഹേളനങ്ങള്‍ക്കെതിരെ, ഫ്രഞ്ച് പ്രതിനിധികളെയും ഇറ്റാലിയന്‍ വിദേശ കാര്യ വക്താവിനെയുമെല്ലാം യിൽദിസ് കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി, ശക്തമായി തന്റെ പ്രതിഷേധം അറിയിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
പ്രവാചകസ്നേഹത്തിന് മുന്നില്‍ അവര്‍ക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ല. അതിന് വേണ്ടി അധികാരം പോലും വേണ്ടെന്ന് വെക്കാന്‍ വരെ അവര്‍ തയ്യാറായിരുന്നു. നമുക്കും ശ്രമിക്കാം, ആ ഹബീബിനെ സ്നേഹിക്കാന്‍, നാഥന്‍ തുണക്കട്ടെ.
(തഹ്സീന്‍ പാഷ എഴുതിയ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ജീവ ചരിത്രത്തില്‍ നിന്ന്)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter