അധ്യായം 6. സൂറത്തുല്‍ അന്‍ആം (Ayath 19-27) ഒരവസരം കൂടി തരുമോ; നന്നായി ജീവിക്കാം
അല്ലാഹു തന്റെ അടിമകളുടെ മേല്‍ പരമാധികാരമുള്ളവനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും എല്ലാം സൂക്ഷ്മമായി അറിയുന്നവനുമാണ് എന്നാണ് കഴിഞ്ഞ പേജില്‍ അവസാനം പറഞ്ഞുവെച്ചത്. അല്ലാഹുവിന്റെ കഴിവും ജ്ഞാനവുമെല്ലാം പരിപൂര്ണമാണമെന്നും പറഞ്ഞു.
ഇനി പറയുന്നത്, സ്വയം തന്നെ പരിപൂര്‍ണമായ കഴിവും സമ്പൂര്‍ണ്ണ അറിവുമുള്ള അല്ലാഹുവിനോട്, അത്തരമൊരു കഴിവുമില്ലാത്ത വസ്തുക്കളെ പങ്കുചേര്‍ക്കുക എന്നത് ബുദ്ധിഹീനതയാണെന്നാണ്. വസ്തുതാപരമായി ചിന്തിക്കുന്ന ഒരാള്‍ക്ക് ആത്മാര്‍ത്ഥമായി പറയാനാകുമോ, അല്ലാഹുവിനൊപ്പം വേറെ ആരാധ്യനുണ്ടെന്ന്? ഒരിക്കലുമില്ല.
ഇനിയുള്ള 19-ആം ആയത്ത് അവതരിക്കാനുണ്ടായ പശ്ചാത്തലത്തെക്കുറിച്ച് ഇമാം ഇബ്നു അബ്ബാസ്(رضي الله عنهما) ഇങ്ങനെ പറയുന്നുണ്ട്: മുഹമ്മദ്, നീയല്ലാത്ത ഒരാളെയും നബിയാക്കാന്‍ അല്ലാഹുവിന് കിട്ടിയില്ലേ? നിന്നെയാരും തന്നെ അംഗീകരിക്കുന്നില്ലല്ലോ. ജൂത-ക്രിസ്ത്യാനികളോട് ഞങ്ങള്‍ നിന്നെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞിരുന്നു. നീ നബിയാകുമെന്നതിനെപ്പറ്റി യാതൊരു വിവരവും അവരുടെയടുത്തില്ലെന്നാണ് അവരും പറയുന്നത്. അതുകൊണ്ട് നീ നബിയാണെന്നതിന് സാക്ഷ്യം വഹിക്കാന്‍ ആരാണുള്ളതെന്ന് പറഞ്ഞു തരണം- തത്സമയമാണ് ആയത്തവതരിച്ചത്.
തിരുനബി (صلى الله عليه وسلم) യെ സംബന്ധിച്ച് മക്കയിലെ മുശ്രിക്കുകള്‍ ജൂതന്മാരോടും ക്രിസ്ത്യാനികളോടും അന്വേഷണം നടത്തിയിരുന്നു. തങ്ങളുടെ വേദങ്ങളില്‍ മുഹമ്മദ് നബി صلى الله عليه وسلم യെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി!
ഇത് സൂചിപ്പിച്ചുകൊണ്ട്, അല്ലാഹു തിരുനബി صلى الله عليه وسلم യോടിങ്ങനെ പറയാന്‍ കല്പിക്കുകയാണ്: അല്ലാഹു തന്നെയാണ് ഏറ്റവും വലിയ സാക്ഷി. ആര്‍ക്കും കൊണ്ടുവരാന്‍ കഴിയാത്ത ഖുര്‍ആന്‍ എനിക്ക് നല്കി, ഞാന്‍ നബിയാണെന്നതിന് അവന് തന്നെ സാക്ഷി നിന്നല്ലോ... നിങ്ങള്‍ക്കും ഇതു ലഭിക്കുന്നവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കുകയാണ് ഞാന്‍ ചെയ്യുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ, അല്ലാഹുവിന്റെ സാക്ഷ്യത്തിനും അവന്റെ സന്ദേശങ്ങള്‍ക്കും വിരുദ്ധമായി, അവനു പുറമെ വേറെയും ദൈവങ്ങളുണ്ടെന്നു സാക്ഷ്യപ്പെടുത്തുകയാണോ നിങ്ങള്‍? ഈ കള്ളസാക്ഷ്യത്തിനെന്നെ കിട്ടില്ല. അവന് ഒരേയൊരു ആരാധ്യനാണ്. നിങ്ങളവനോട് പങ്കുചേര്‍ക്കുന്ന അന്യദൈവങ്ങളില്‍ നിന്നൊക്കെ ഞാന്‍ മുക്തനത്രേ.
قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً ۖ قُلِ اللَّهُ ۖ شَهِيدٌ بَيْنِي وَبَيْنَكُمْ ۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنْذِرَكُمْ بِهِ وَمَنْ بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُلْ لَا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِمَّا تُشْرِكُونَ (19)
ചോദിക്കുക: ഏറ്റം വലിയ സാക്ഷ്യം ഏതാണ്? പറയുക: എനിക്കും നിങ്ങള്ക്കുമിടക്കുള്ള സാക്ഷി അല്ലാഹുവാണ്. ഈ ഖുര്‍ആന്‍ എനിക്കു ദിവ്യബോധനം നല്കപ്പെട്ടിരിക്കുന്നത്, നിങ്ങള്‍ക്കും ഇതു ലഭിക്കുന്നവര്‍ക്കും ഇതുവഴി ഞാന്‍ മുന്നറിയിപ്പു നല്കാനാകുന്നു. അല്ലാഹുവൊന്നിച്ച് അന്യദൈവങ്ങളുണ്ടെന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ? പറയുക: എനിക്കാ സാക്ഷ്യത്തിനാവില്ല. പ്രഖ്യാപിക്കുക: അവന് ഒരേയൊരു ദൈവമാണ്; നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന അന്യദൈവങ്ങളില്‍ നിന്നൊക്കെ ഞാന്‍ മുക്തനത്രേ.
സാക്ഷ്യം എന്ന് പറഞ്ഞാല്‍, സത്യമാണെന്ന് ഉറപ്പുള്ളൊരു കാര്യത്തെക്കുറിച്ച് തെളിവു നല്‍കുക എന്നാണല്ലോ. ഏറ്റവും പ്രബലവും സ്വീകാര്യവുമായ സാക്ഷ്യം ആരുടേതാണെന്ന് ചോദിച്ചാല്‍, അല്ലാഹുവിന്റേത് എന്നല്ലാതെ വേറെ എന്ത് മറുപടിയാണുള്ളത്!?
അടുത്ത ആയത്ത് 20
മക്കയിലെ മുശ്രിക്കുകള്‍, തിരുനബി صلى الله عليه وسلم സത്യപ്രവാചകനാണെന്നതിന് സാക്ഷ്യം തേടിവന്ന കാര്യം മുന്ആയത്തിന്റെ അവതരണപശ്ചാത്തലം വിവരിച്ചപ്പോല്‍ നമ്മള് പറഞ്ഞല്ലോ. ആവരാവശ്യപ്പെട്ട വിധമുള്ള സാക്ഷിയാണ് അല്ലാഹുവെന്നും അവിടെ വ്യക്തമാക്കി.
അവിടെ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു - അതായത്, ജൂതക്രിസ്ത്യാനികളോടും മുശ്രിക്കുകള്‍ ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്ന്. എന്നാല്‍, തിരുനബി صلى الله عليه وسلم പ്രവാചകനാണെന്നതു സംബന്ധിച്ച് ഒരു വിവരവും അവരുടെ വേഗദഗ്രന്ഥങ്ങളുമില്ലെന്നാണവര് തട്ടിവിട്ടത്.
അവരിപ്പറഞ്ഞത് തനികള്ളമാണെന്നാണിനി പറയുന്നത്. അവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നതിലേറെ തിരുനബി (صلى الله عليه وسلم) യെ അറിയാം. സൂറത്തുല്‍ ബഖറ 146 ലും ഇതേ പ്രസ്താവം കാണാം.
പ്രവാചകന്മാരെയോ വേദഗ്രന്ഥങ്ങളെയോ സംബന്ധിച്ച് അടുത്ത പരിചയമൊന്നും ഇല്ലാത്തവരാണ് മുശ്രിക്കുകള്‍. പക്ഷേ, വേദക്കാര്‍ അങ്ങനെയല്ലല്ലോ. എല്ലാം കൃത്യമായി അറിയാമായിരുന്നിട്ടും മനഃപൂര്‍വം നിഷേധിക്കുകയാണവര്‍ ചെയ്യുന്നത്! മുഹമ്മദ് നബി (صلى الله عليه وسلم)യുടെ നിരവധി വിശേഷണങ്ങള്‍ തൗറാത്തിലും ഇന്ജീലിലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വേദക്കാര്‍ തിരുനബി صلى الله عليه وسلمയുടെ ആഗമനം സസന്തോഷം കാത്തിരുന്നവരുമായിരുന്നു. (സൂറത്തുല്‍ ബഖറ 89,90 നോക്കുക.) സല്‍മാനുല്‍ ഫാരിസി, അബ്ദുല്ലാഹിബ്നു സലാം رضي الله عنها തുടങ്ങി നിരവധിപേര്‍ ഈ ലക്ഷണങ്ങളിലൂടെ തിരുനബി صلى الله عليه وسلمയെ കണ്ടെത്തി സന്മാര്ഗം പുല്കിയിട്ടുമുണ്ട്.
الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ ۘ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ (20)
നാം വേദം നല്കിയ ആളുകള്‍ക്ക് സ്വന്തം മക്കളെ എന്നപോലെ മുഹമ്മദ് നബിയെ അറിയാം. ആത്മനഷ്ടം വരുത്തിവെച്ചവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയേ ഇല്ല.
തിരുനബി (صلى الله عليه وسلم) മദീനയിലെത്തിയ ശേഷം ജൂതപ്രമുഖനും തൗറാത്ത് പണ്ഡിതനുമായ അബ്ദുല്ലാഹിബ്നു സലാം رضي الله عنهവിനോട് ഉമറുബ്നുല്‍ ഖഥാബ്(رضي الله عنه) ചോദിച്ചുവത്രേ: തിരുനബി (صلى الله عليه وسلم) ക്ക് അല്ലാഹു ഇങ്ങനെയൊരു ആയത്തവതരിപ്പിച്ചിരിക്കുന്നു. എങ്ങനെയാണിപ്പറഞ്ഞതുപോലെ സ്വന്തം മക്കളേക്കാള്‍ നിങ്ങള്‍ക്ക് തിരുനബി صلى الله عليه وسلمയെ അറിയുന്നത്?
അബ്ദുല്ലാഹിബ്നു സലാം رضي الله عنه പ്രതികരിച്ചു: അതെ ഉമര്‍, നിങ്ങളുടെ കൂട്ടത്തില്‍ റസൂലി صلى الله عليه وسلمനെ ഞാന്‍ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്; എന്റെ മകനെ മനസ്സിലാക്കുന്നപോലെ തന്നെ. എന്നുമാത്രമല്ല, എന്റെ മകനേക്കാള്‍ എനിക്കേറ്റവും സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിയുന്നത് തിരുനബി صلى الله عليه وسلمയെത്തന്നെയാണ്. കാരണം, സ്ത്രീകള്‍ `എന്തൊക്കെ' ചെയ്തിരിക്കുന്നുവെന്ന് എനിക്കറിയില്ലല്ലോ. അവിടന്ന് അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യസന്ധനായ റസൂല്‍ തന്നെയാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (റാസി 12:179)
الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ
വേദക്കാര്‍ തിരുനബി (صلى الله عليه وسلم)യെയും വിശുദ്ധ ഖുര്‍ആനും അംഗീകരിക്കാത്തത് സത്യം ഗ്രഹിക്കാത്തതു കൊണ്ടല്ല. മക്കളെ അറിയുന്നതുപോലെ ഇക്കാര്യവും സത്യമാണെന്ന് അവര്‍ക്കറിയാം. പക്ഷേ, അസൂയയും ധിക്കാരവും സ്വാര്‍ത്ഥതയും മൂലം സ്വന്തം രക്ഷാമാര്‍ഗ്ഗങ്ങളെല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണവര്. ഇതുസംബന്ധമായ പല വിഷയങ്ങളും ഉദാഹരണങ്ങളും സൂറത്തുല്‍ ബഖറയിലും ആലു ഇംറാനിലും നാം പഠിച്ചുകഴിഞ്ഞിട്ടുണ്ട്.
അടുത്ത ആയത്ത് 21
ശിര്‍ക്ക് ചെയ്യുന്ന മക്കാമുശ്രിക്കുകളടക്കമുള്ളവര്മഹാപാപം ചെയ്തവരാണെന്നാണിനി പറയുന്നത്. പാരാജിതരാണവര്.
എത്രയെത്ര വ്യാജങ്ങളാണവര് അല്ലാഹുവിനെക്കുറിച്ച് കെട്ടിച്ചമച്ചത്!
ബിംബങ്ങളെയാരാധിക്കാന് അല്ലാഹുവാണ് കല്പിച്ചതെന്നായിരുന്നു അവര്‍ തട്ടിവിട്ടിരുന്നത്. ബിംബങ്ങള്‍ക്കുവേണ്ടി അവര്‍ ഉഴിച്ചിട്ടിരുന്ന ബഹീറ, സാഇബ തുടങ്ങിയ കാലികളെ നിരോധിച്ചതും അല്ലാഹുവിന്റെ നിര്ദേശപ്രകാരമാണെന്നായിരുന്നു അവരുടെ ജല്പനം.
തിരുനബി صلى الله عليه وسلم മുഖേന അല്ലാഹു കാണിച്ചുകൊടുത്ത നിരവധി മുഅ്ജിസത്തുകളും നിഷേധിക്കുകയാണവര്‍ ചെയ്തത്. മുഅ്ജിസത്തുകളെ മാത്രമല്ല, സാക്ഷാല്‍ തിരുനബി (صلى الله عليه وسلم) യെത്തന്നെ നിഷേധിക്കുകയാണവര്‍ ചെയ്തത്!
وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ (21)
അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുകയോ അവന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ വലിയ അക്രമി ആരാണ്? അതിക്രമം ചെയ്തവര്‍ വിജയിക്കുകയേ ഇല്ല.
ഇമാം അബുസ്സുഊദ് رحمه اللهഎഴുതുന്നു: അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുക, അവന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുക-ഇവയിലേതെങ്കിലുമൊന്ന് ചെയ്തയാള്‍ തന്നെ വലിയ അക്രമിയാണെന്നാണ് സൂക്തം വ്യക്തമാക്കുന്നത്. അപ്പോള്‍ മക്കാമുശ്രിക്കുകളുടെ സ്ഥിതി എത്ര ഗുരുതരമാണ്! അതു രണ്ടും ചെയ്തവരാണല്ലോ അവര്‍. (തഫ്സീര്‍ അബുസ്സുഊദ് 2:88)
അടുത്ത ആയത്തുകള്‍ 22-23
പരലോകത്ത് സര്‍വരെയും അല്ലാഹു വിചാരണ ചെയ്യും. അമ്പിയാമുര്‍സലുകള്‍ വരെ അതില്‍ നിന്നൊഴിവാകില്ല (5: 109,110). അത്തരമൊരു ചോദ്യംചെയ്യലിനെക്കുറിച്ചാണിനി പറയുന്നത്.
ബഹുദൈവാരാധന എന്ന മഹാപാതകം ചെയ്തവരോട്, അവരെ ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് ചോദിക്കുക: എനിക്ക് പങ്കാളികളായി നിങ്ങള്‍ ജല്പിച്ചിരുന്ന, ആരാധിച്ചിരുന്ന ദൈവങ്ങളൊക്കെ എവിടെപ്പോയി? നിങ്ങളെ രക്ഷപ്പെടുത്താനും സഹായിക്കാനുമൊന്നും അവരെയാരെയും ഇവിടെ കാണുന്നില്ലല്ലോ..!
അപ്പോഴവര്‍ ഒഴിഞ്ഞുമാറും. ശുദ്ധനുണ പറഞ്ഞ് രക്ഷപ്പെടാന്‍ പാഴ്ശ്രമം നടത്തിനോക്കും: ഞങ്ങളങ്ങനെയൊന്നും ചെയ്തിട്ടേയില്ല, നിന്നോട് ആരെയും പങ്കുചേര്‍ത്തിട്ടുമില്ല!
പരലോകത്തുവെച്ച് സത്യവിശ്വാസികളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നത് കാണുമ്പോഴാണത്രെ അവരിങ്ങനെ രക്ഷപ്പെടാനുള്ള പാഴ്ശ്രമം നടത്തുക. ഇമാം ഇബ്നു അബ്ബാസ്(رضي الله عنهما) പറയുന്നു: ഈമാനുള്ളവര്‍ക്ക് അവരുടെ ദോഷങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും. ഏതു ദോഷവും അവന് വലുതല്ലല്ലോ. ഇതു കാണുമ്പോള്‍ മുശ്രിക്കുകള്‍ അല്ലാഹുവിന്റെയടുത്തു ചെന്ന് `ഞങ്ങള്‍ മുശ്രിക്കുകളായിരുന്നില്ല, ചില തെറ്റുകള്‍ ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ' എന്നു പറയും. (ഖുര്‍ഥുബി 6:401)
وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا أَيْنَ شُرَكَاؤُكُمُ الَّذِينَ كُنْتُمْ تَزْعُمُونَ (22)
നാം അവരെയെല്ലാം മഹ് ശറില്‍ സമ്മേളിപ്പിക്കുകയും അനന്തരം നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന ആ പങ്കാളികള്‍ എവിടെ എന്നു ബഹുദൈവവിശ്വാസികളോട് ചോദിക്കുകയും ചെയ്യുന്ന ദിവസം സ്മരണീയമത്രേ.
ثُمَّ لَمْ تَكُنْ فِتْنَتُهُمْ إِلَّا أَنْ قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ (23)
എന്നിട്ട്, അവരുടെ ശിര്ക്കി(ന്റെ ഫലം) ഈ ജല്പനം മാത്രമാകും: ഞങ്ങളുടെ നാഥനായ അല്ലാഹുതന്നെ സത്യം, ഞങ്ങള്‍ ബഹുദൈവവിശ്വാസികള്‍ ആയിരുന്നിട്ടേയില്ല!
فِتْنَة എന്ന് പറഞ്ഞതുകൊണ്ട് `ശിര്‍ക്ക്' ആണിവിടെ ഉദ്ദേശ്യം. അതായത് അവരുടെ ശിര്‍ക്കിന്റെ ഫലം, അല്ലാഹുവിനോട് നേരിട്ട് കള്ളം പറയേണ്ടിവന്ന ഒരവസ്ഥയിലേക്കാണവരെ എത്തിച്ചത്. അവരാരാധിച്ചുപോന്നിരുന്ന ഒരു വസ്തുവിനെയും അവിടെ കാണില്ല. ദുന്‍യാവിലെ ധാര്ഷ്ട്യമോ ധൈര്യമോ ഒന്നുമിപ്പോള്‍ കാണാനില്ല!
രക്ഷപ്പെടാനൊരു വഴിയുമില്ലെന്നു ബോധ്യപ്പെടുമ്പോള്‍, അങ്ങനെയൊരു കളവു പറഞ്ഞുനോക്കുമെന്നല്ലാതെ, അതുകൊണ്ടവര്‍ക്ക് യാതൊരു പ്രയോജനവുമുണ്ടാകില്ല. വായകൊണ്ടു പറയുന്ന ആ കള്ളം, അവരുടെതന്നെ കൈകാലുകളും മറ്റു അവയവങ്ങളും നിഷേധിച്ച്, അവര്‍ക്കെതിരെ സാക്ഷ്യം പറയും (36:65; 41:20).
അടുത്ത ആയത്ത് 24
പരലോകത്തുവെച്ചുണ്ടാകുന്ന മുശ്രിക്കുകളുടെ ഈ മലക്കം മറിച്ചില്‍ അതീവഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്ന് ഉണര്ത്തുകയാണിനി. ഇതെല്ലാം ഇത്രയും വ്യക്തമായി വിശുദ്ധ ഖുര്‍ആനിലൂടെ വിവരിച്ചുതരുന്നത്, ഇത്തരം ദുരവസ്ഥകളില്‍ നിന്ന് രക്ഷപ്പെടാനാവശ്യമായ വഴികള്‍ ഇഹലോകത്തുവെച്ചുതന്നെ മനുഷ്യന് സ്വീകരിക്കാന്‍ വേണ്ടിയാണ്.
انْظُرْ كَيْفَ كَذَبُوا عَلَىٰ أَنْفُسِهِمْ ۚ وَضَلَّ عَنْهُمْ مَا كَانُوا يَفْتَرُونَ (24)
സ്വന്തത്തെക്കുറിച്ച് അവര്‍ എങ്ങനെ നുണപറയുന്നുവെന്നും തങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന ദൈവങ്ങള്‍ അവരില്‍ നിന്ന് എങ്ങനെ അപ്രത്യക്ഷമായി എന്നും ചിന്തിച്ചു നോക്കൂ!
അല്ലാഹുവിന്റെ കൂടെ അവര്‍ പങ്കാളികളാക്കിയിരുന്ന ദൈവങ്ങളെല്ലാം അന്ന് അപ്രത്യക്ഷമാകും. ഈസാനബി, മര്‍യം ബീവി, ഉസൈര്‍ عليهم السلام തുടങ്ങിയവരെ ദൈവമാക്കിയവരും അവിടെ ഇളിഭ്യരാകും.
എല്ലാവരും ഒഴിഞ്ഞുമാറുന്ന രംഗങ്ങളാണവിടെ നടക്കുക; നേതാക്കളടക്കം. സാക്ഷാല്‍ ഇബ്ലീസും ഒഴിഞ്ഞുമാറുമെന്ന് സൂറത്തു ഇബ്റാഹീം 22 ല്‍ കാണാം. നമ്മള് വെറുതെയവന്റെ പിന്നാലെ കൂടേണ്ട എന്നര്‍ത്ഥം.
അടുത്ത ആയത്ത് 25
ഖുര്‍ആനും സത്യസന്ദേശങ്ങളും ശ്രവിക്കാനോ ഗ്രഹിക്കാനോ മുശ്രിക്കുകള്‍ ഒട്ടുമേ തയ്യാറില്ലായിരുന്നു. ഈ ഖുര്‍ആനിലേക്കു നിങ്ങള്‍ ചെവികൊടുക്കരുത്; അവിടെ കോലാഹലമുണ്ടാക്കണം എന്നതായിരുന്നു അവരുടെ നിലപാട് (ഖുര്‍ആന്‍ 41: 26). ഇക്കാരണത്താല്‍ അതു ഫലവത്താകാനുള്ള മാര്‍ഗം അല്ലാഹു അടക്കുകയും ചെയ്തു എന്നാണിനി പറയുന്നത്.
ആദ്യഘട്ടങ്ങളില്‍ അവരില്‍ ചിലര്‍ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കാറുണ്ടായിരുന്നു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുര്‍ആന്‍ പാരായണം ചെയ്യുകയോ വല്ല ഉപദേശങ്ങളും നല്‍കുകയോ ചെയ്യുമ്പോള്‍ അവരും കേള്‍ക്കാന്‍ വരും. പക്ഷേ, അത് സത്യം മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നില്ല. ഖുര്‍ആനെ അവഹേളിക്കാനും പരിഹസിക്കാനും വല്ല പഴുതുമുണ്ടോ എന്ന് നോക്കാന്‍വേണ്ടി മാത്രം.
വിശുദ്ധ ഖുര്‍ആന്‍ പൂര്വികന്മാരുടെ കെട്ടുകഥകളാണെന്ന് ആരോപിക്കുകയാണവര്‍ ചെയ്തത്.
وَمِنْهُمْ مَنْ يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِنْ يَرَوْا كُلَّ آيَةٍ لَا يُؤْمِنُوا بِهَا ۚ حَتَّىٰ إِذَا جَاءُوكَ يُجَادِلُونَكَ يَقُولُ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ (25)
താങ്കളെ സശ്രദ്ധം ശ്രവിക്കുന്നവര്‍ അവരിലുണ്ട്. അതു ഗ്രഹിക്കുന്നതിന് അവരുടെ ഹൃദയങ്ങള്‍ക്കു ആവരണമിടുകയും കാതുകള്‍ക്ക് മൂടികള്‍ വെക്കുകയും ചെയ്തിരിക്കയാണു നാം. ദൃഷ്ടാന്തങ്ങളത്രയും കണ്ടാലും അവരതില്‍ വിശ്വസിക്കയേ ഇല്ല. അങ്ങനെ, കുതര്‍ക്കം നടത്താനായി താങ്കളുടെയടുത്തു വന്നാല്‍ അവര്‍ തട്ടിവിടും: ഇതു പൂര്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.
ഇമാം ഇബ്നു അബ്ബാസ്(رضي الله عنهما) പറയുന്നു: അബൂസുഫ്യാനുബ്നു ഹര്‍ബ്, വലീദുബ്നു മുഗീറ, നള്റുബ്നുല്‍ ഹാരിസ്, ഉത്ബത്തുബ്നു റബീഅ, ശൈബത്തുബ്നു റബീഅ, ഉമയ്യത്തുബ്നു ഖലഫ്, ഉബയ്യുബ്നു ഖലഫ് എന്നീ ഖുറൈശീ പ്രമുഖര്‍ നബി (صلى الله عليه وسلم) യുടെ അടുത്തുചെന്ന് ഖുര്‍ആന്‍ ശ്രവിച്ചു. അപ്പോള്‍ നള്റുബ്നുല്‍ ഹാരിസനോടവര് ചോദിച്ചു: ‘എന്താണ് മുഹമ്മദ് ഈ പറയുന്നത്?’
‘ഈ കഅ്ബ തന്റെ വീടാക്കിയ അല്ലാഹു തന്നെ സത്യം, അവന് പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. അവര്‍ ചുണ്ടനക്കുകയും എന്തോ പറയുകയും ചെയ്യുന്നുണ്ടെന്നു മാത്രം. പൂര്‍വ സമൂഹങ്ങളുടെ കഥകള്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാറുള്ളതുപോലെ അവനും പറയുകയാണ്. പൂര്‍വികരുടെ കെട്ടുകഥകള്‍ മാത്രമാണവന് സംസാരിക്കുന്നത്’ - ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിച്ചത്. (അസ്ബാബുന്നുസൂല്‍ 122)
وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا
സത്യം ഗ്രഹിക്കാനും കേട്ടുമനസ്സിലാക്കാനും അവര്‍ ശ്രമിച്ചിട്ടും അതിനനുവദിക്കാതെ അല്ലാഹു തടസ്സമുണ്ടാക്കി എന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. വേണ്ടത്ര സാഹചര്യങ്ങളും പ്രോത്സാഹനങ്ങളുമുണ്ടായിരുന്നിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ, വാശിയും ധിക്കാരമനസ്ഥിതിയും മാത്രം കൊണ്ടുനടന്നതിന്റെ ഫലമായി സത്യം മനസ്സിലാക്കാനവര്ക്ക് കഴിയാതെ വന്നു എന്നാണ് താല്പര്യം.
സത്യനിഷേധികള്‍ പൊതുവെ അങ്ങനെയാണല്ലോ. വിശുദ്ധ ഖുര്‍ആനടക്കം പലതും കേള്‍ക്കാനുള്ള അവസരങ്ങള്‍ അവര്‍ക്കുണ്ട്. ഈ പ്രപഞ്ചമൊക്കെ അവര്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ചിന്തിക്കാനും സത്യം കണ്ടെത്താനും ശ്രമിക്കുന്നില്ലെന്നു മാത്രം.
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സമയത്ത്, കേള്‍ക്കുന്ന സമയത്ത് നമ്മളും ശ്രദ്ധിക്കണം, ആയത്തുകളെക്കുറിച്ച് ചിന്തിക്കണം... ഈമാന്‍ വര്‍ധിക്കാനുള്ള കാരണമാണല്ലോ അത്. വെറുതെയൊരു വായനയോ കേള്‍വിയോ അല്ലല്ലോ അത്.
കലാമിയ്യായ മുഅ്ജിസത്താണത്. ഓതാനും കേള്‍ക്കാനും മനസ്സിലാക്കാനും ചിന്തിക്കാനുമുള്ള ദൃഷ്ടാന്തം! മറ്റു സമുദായങ്ങള്‍ക്ക് കാണാനുള്ള മുഅജിസത്തായിരുന്നു നല്‍കിയിരുന്നത്; മൂസാ നബി عليه السلام യുടെ വടി, സ്വാലിഹ് നബി عليه السلام യുടെ ഒട്ടകം ഉദാഹരണം.
അടുത്ത ആയത്ത് 26
വിശുദ്ധ ഖുര്‍ആനിനോടുള്ള സത്യനിഷേധികളുടെ മറ്റൊരു നിലപാടിനെക്കുറിച്ചാണിനി പറയുന്നത്. അവര്‍ സത്യം മനസ്സിലാക്കാതെ അകന്നുനില്ക്കുക മാത്രമല്ല; മറ്റുള്ളവരെക്കൂടി അതില്‍ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. സ്വയം നാശം വരുത്തിവെക്കുകയാണെന്ന് അവരറിയുന്നില്ല.
وَهُمْ يَنْهَوْنَ عَنْهُ وَيَنْأَوْنَ عَنْهُ ۖ وَإِنْ يُهْلِكُونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ (26)
അവര്‍ ഖുര്‍ആനില്‍ നിന്നു ജനങ്ങളെ തടയുകയും സ്വയമതില്‍ നിന്നു അകന്നു പോവുകയുമാണ്. സ്വന്തത്തെ തന്നെ നാശത്തിലാഴ്ത്തുകയാണ് ചെയ്യുന്നതെന്ന് അവരറിയുന്നില്ല.
ആളുകള്‍ വിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കാതിരിക്കാന്‍ ആവുന്നെതെല്ലാം മക്കാമുശ്രിക്കുകള്‍ ചെയ്തിരുന്നു. അവരുടെ കുത്തിത്തിരിപ്പുകള്‍ കാരണം, ചെവിയില്‍ പഞ്ഞി തിരുകിവെക്കുകവരെ ചെയ്തിരുന്നുവത്രെ പലരും! കേട്ടുപോയാല്‍ നന്നായെങ്കിലോ! അറബികളല്ലേ... വിശുദ്ധ ഖുര്‍ആന്റെ വശ്യമായ ശൈലിയില്‍ ആരാണ് ആകൃഷ്ടരാകാരിതിരിക്കുക?! അര്‍ത്ഥം മനസ്സിലാകാത്ത ആളുകളാണെങ്കില്‍ പോലും, വശ്യസുന്ദരമായ പാരായണം കേട്ടുനിന്നുപോകില്ലേ..!
അടുത്ത ആയത്ത് 27
അതിഭയാനകമായൊരു രംഗത്തെക്കുറിച്ചാണിനി പറയുന്നത്. ആളിക്കത്തുന്ന നരകത്തിനു മുന്നില്‍ നിഷേധികള്‍ ഹാജരാക്കപ്പെടുന്ന രംഗം!
`മനുഷ്യരും കല്ലുകളും ഇന്ധനമായ, പരുഷവും ശക്തരുമായ മലക്കുകള്‍ പാറാവുള്ള നരകം'! (സൂറത്തുത്തഹ്രീം 6). ‘വലിയ കെട്ടിടങ്ങള്‍ പോലെയുള്ള തീപ്പൊരികള്‍ ഉയര്‍ന്നുപൊങ്ങുന്ന നരകം’! (അല്‍ മുര്സലാത്ത് 32, 33). അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.
ആ നരകത്തിനു മുമ്പിലാണ് നിഷേധികള്‍ ഹാജറാക്കപ്പെടുന്നത്. അടുത്ത നിമിഷം അവരതിലേക്ക് തള്ളിവീഴ്ത്തപ്പെടുകയുമാണ്. അന്നേരമവരിങ്ങനെ പറയുമത്രേ: ഒരു പ്രാവശ്യംകൂടി ഭൂലോകത്തേക്ക് മടക്കപ്പെടുകയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കാതിരിക്കുകയും സത്യവിശ്വാസികളില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..!
وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ (27)
അവര്‍ നരകത്തിന്മേല്‍ നിറുത്തപ്പെടുന്നതും ഞങ്ങള്‍ ദുന്‍യാവിലേക്ക് മടക്കപ്പെടുകയും നാഥന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കാതിരിക്കുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്തിരുന്നെങ്കില്‍ എന്നു അപേക്ഷിക്കുന്നതുമായ രംഗം അങ്ങു കണ്ടിരുന്നുവെങ്കില്‍..!
لَوْ പറഞ്ഞാല്‍ സാധാരണഗതിയില്‍ ജവാബ് (മറുപടി) വേണം. ഇവിടെ മറുപടി പറഞ്ഞില്ല അല്ലാഹു. കേള്‍ക്കുന്നവര്‍ അതിന്റെ ഭീകരത തീരുമാനിക്കട്ടെ - അതൊരു വല്ലാത്ത കാഴ്ച തന്നെയായിരിക്കും എന്ന് ചുരുക്കം.
-----------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment