അധ്യായം-2 . സൂറ ബഖറ- (Ayath 234-237) വഫാത്തിന്‍റെ ഇദ്ദ, ഥലാഖും മഹ്‌റും
മുലയൂട്ടലും നികാഹും ഥലാഖും ഇദ്ദയുമൊക്കെയാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഥലാഖിന്‍റെ ഇദ്ദ മൂന്ന് ശുദ്ധിക്കാലമാണെന്ന് പറഞ്ഞു. ഇനി വഫാത്തിന്‍റെ ഇദ്ദ, അതായത്, ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദയെക്കുറിച്ചാണ് പറയുന്നത്.
ഭര്‍ത്താവ് മരണപ്പെട്ടുപോയ ഭാര്യമാര്‍, ആ വേര്‍പാടിലുള്ള ദുഃഖം പ്രകടിപ്പിച്ച്, ദാമ്പത്യബന്ധത്തിന്‍റെ പവിത്രതയും ഗൗരവവും മനസ്സിലാക്കി അതിനോട് ആദരവ് കാണിച്ച്, ഭര്‍ത്താവിന്‍റെ മരണശേഷം നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണം.
ഈ 4:10 എന്ന നിയമത്തിന്‍റെ പ്രസക്തി മനസ്സിലാകാന്‍, ഇത് നിയമമാക്കുമ്പോഴുള്ള പശ്ചാത്തലം മനസ്സിലാക്കിയാല്‍ മതി.
ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഒരു കൊല്ലം വരെ സ്ത്രീകള്‍ അതിദയനീയമായ നിലയില്‍ ദുഃഖാചരണം നടത്തുന്ന രീതിയായിരുന്നു ജാഹിലിയ്യാ കാലത്തുണ്ടായിരുന്നത്. ആ ഒരു കൊല്ലം തീരുന്നതുവരെ മോശം വസ്ത്രം ധരിച്ച്, കുടുംബങ്ങളും കൂട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ വല്ല കുടിലിലോ മറ്റോ കഴിഞ്ഞുകൂടേണ്ടിയിരുന്നു. അതോടൊപ്പം കുറേ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വേറെയുമുണ്ടായിരുന്നു.
വിശുദ്ധ ഇസ്‍ലാം ഇദ്ദയുടെ കാലം അതിന്‍റെ മൂന്നിലൊന്നാക്കി ചുരുക്കുകയും നിരര്‍ത്ഥകമായ മാമൂലുകളെല്ലാം ഒഴിവാക്കുകയും ചെയ്തു. ആ സമയത്ത് അലങ്കാരങ്ങളില്‍ നിന്നും വിവാഹാലോചനകളില്‍ നിന്നും ഒഴിവായാല്‍ മതിയെന്നും നിശ്ചയിച്ചു.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീയുംതന്നെ ഭര്‍ത്താവിന്‍റെ പേരില്‍ നാലുമാസവും പത്തുദിവസവുമല്ലാതെ- മറ്റാരെങ്കിലും മരണപ്പെട്ടതിന്‍റെ പേരില്‍ മൂന്നിലധികം ദിവസമല്ലാതെ- ദുഃഖാചരണം നടത്തുന്നത് അനുവദനീയമല്ല.’ (ബുഖാരി, മുസ്‍ലിം)
ഇങ്ങനെ ഇദ്ദ ആചരിക്കാന്‍ പറഞ്ഞതില്‍ അല്ലാഹുവിന് മാത്രമറിയാവുന്ന ഹിക്മത്തുകളുണ്ടകാം. ഒരു പ്രധാന ഉദ്ദേശ്യം ഗര്‍ഭമുണ്ടോ എന്നറിയുകയാണെന്ന് ഉലമാഅ് പറഞ്ഞിട്ടുണ്ട്. അതിപ്പോ സാധാരണ ഗതിയില്‍ മൂന്നുമാസം കൊണ്ടോ മറ്റോ അറിയാമല്ലോ, പിന്നെന്തിനാ നാലുമാസവും പത്തുദിവസവുമെന്ന് കൃത്യമായി നിശ്ചയിച്ചത്? അതിലെ രഹസ്യമെന്താണെന്ന് നമുക്ക് അറിയില്ല-അല്ലാഹുവിനേ അറിയൂ.
നമസ്‌കാരത്തിന്‍റെ എണ്ണം, സകാത്തിന്‍റെ കണക്ക്, ചില ദിക്‌റുകളുടെ എണ്ണം- ഇങ്ങനെ പലതും നിശ്ചയിച്ചതിന്‍റെ യുക്തിയും രഹസ്യവും നമുക്കറിഞ്ഞുകൂടല്ലോ. ഇത്തരം കാര്യങ്ങളെല്ലാം تَعبدى (‘തഅബ്ബുദീ’-ആരാധനാപരമായ കാര്യം) ആണ്. അല്ലാഹുവും തിരുനബി صلى الله عليه وسلمയും പറഞ്ഞതുപോലെ അംഗീകരിക്കുക, യുക്തിക്കും മറ്റും പിറകെ പോകാതിരിക്കുകയും ചെയ്യുക – ഇതാണല്ലോ മുഅ്മിനിന് കരണീയം.
وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِي أَنْفُسِهِنَّ بِالْمَعْرُوفِ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ(234)
നിങ്ങളിലാരെങ്കിലും മരണപ്പെടുകയും സഹധര്‍മിണിമാരെ വിട്ടേച്ചു പോവുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ നാലുമാസവും പത്തുനാളും കാത്തിരിക്കണം. എന്നിട്ട് അവധി ആയിക്കഴിഞ്ഞാല്‍ സ്വന്തമായി അവര്‍ ചെയ്യുന്ന ന്യായമായ കാര്യങ്ങളില്‍ നിങ്ങള്‍ക്കു കുറ്റമൊന്നുമില്ല. നിങ്ങളനുവര്‍ത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞാനിയത്രേ.
تَوَفي: മുഴുവന്‍ എടുക്കുക, നിറവേറ്റുക, പൂര്‍ത്തിയാക്കുക എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഒരാള്‍ മരണപ്പെടുന്നത് അയാളുടെ ആയുഷ്‌കാലംഅല്ലാഹു പൂര്‍ത്തിയാക്കുമ്പോഴാണല്ലോ. അതുകൊണ്ട് ‘മരണപ്പെടുക’ എന്ന അര്‍ത്ഥത്തില്‍ ഈ പദം സാധാരണ ഉപയോഗിക്കാറുണ്ട്. ‘കാലം കഴിഞ്ഞു, കാലഗതി പ്രാപിച്ചു’ എന്നൊക്കെ, മരണപ്പെടുക എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പറയാറുള്ളതുപോലെ, അറബിയിലുള്ള ഒരു പ്രയോഗമാണിത്.
عشر എന്ന വാക്കിന് ‘പത്ത്’ എന്നാണ് വാക്കര്‍ത്ഥം. ഇവിടെ ഉദ്ദേശ്യം പത്തുദിവസം എന്നാണ്. ദിവസങ്ങളാണുദ്ദേശ്യമെന്ന് മനസ്സിലാക്കാവുന്ന സന്ദര്‍ഭങ്ങളില്‍, സാധാരണഗതിയില്‍ എണ്ണം പറഞ്ഞു മതിയാക്കുക അറബിയില്‍ പതിവുള്ളതാണ്. (വിശുദ്ധ ഖുര്‍ആന്‍ 20:103 ലും ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ട്.)
ഭര്‍ത്താവ് മരണപ്പെട്ടാലുള്ള ഇദ്ദ നാലുമാസവും പത്ത് ദിവസവുമാണ്. ഇത് സ്ത്രീകള്‍ എല്ലാവര്‍ക്കും ബാധകമാണ്. അതായത്, ചെറുപ്രായത്തിലുള്ളവരെന്നോ, പ്രായമുള്ളവരെന്നോ, ശാരീരികബന്ധം നടന്നിട്ടുണ്ടോ ഇല്ലേ എന്നോ മറ്റോ ഉള്ള വ്യത്യാസമൊന്നുമില്ല.
പക്ഷേ, ഗര്‍ഭിണികളുടെ ഇദ്ദ ഇങ്ങനെയല്ല. അത് പ്രസവത്തോടുകൂടി കഴിയും. അത് വേറെ ആയത്തില്‍ പറഞ്ഞിട്ടുണ്ട്:
الطلاق 4 ( وَأُولاتُ الأحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ )
സഅ്ദുബ്‌നു ഖൗലرضي الله عنه മരണപ്പെട്ടു. അധികം കഴിയുന്നതിനു മുമ്പ് അദ്ദേഹത്തിന്‍റെ ഗര്‍ഭിണിയായ ഭാര്യ സുബൈഅത്തുല്‍ അസ്‌ലമിയ്യ പ്രസവിച്ചു. പ്രസവം കൊണ്ടുതന്നെ അവരുടെ ഇദ്ദ കഴിഞ്ഞെന്ന് തിരുനബി صلى الله عليه وسلم അറിയിച്ചു (ബുഖാരി, മുസ്‌ലിം).
അതേസമയം, ഗര്‍ഭിണികളല്ലാത്തവരുടെ മരണ ഇദ്ദ നാലു മാസവും പത്ത് ദിവസവുമാണെന്ന് പറഞ്ഞത്, അവര്‍ സ്വതന്ത്ര സ്ത്രീകളാണെങ്കിലാണ്. അടിമസ്ത്രീകളാണെങ്കില്‍ രണ്ടു മാസവും അഞ്ചു ദിവസവുമാണ് ഇദ്ദ. ഇന്നത്തെ കാലത്ത് ഈ വിഭാഗം നിലവിലില്ല. കൂട്ടത്തില്‍ പറഞ്ഞെന്നുമാത്രം.
ഗര്‍ഭിണികള്‍ സ്വതന്ത്രരായാലും അടിമസ്ത്രീകളായാലും പ്രസവത്തോടുകൂടി ഇദ്ദ കഴിയും.
മരണത്തിന്‍റെ ഇദ്ദയുടെ സമയത്ത് ഇഹ്ദാദ് (ദുഖാചരണം) നിര്‍ബന്ധമാണ്. ആഡംബരവസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ ഉപേക്ഷിക്കണം. ന്യായമായ കാരണം കൂടാതെ വീടു വിട്ട് പുറത്തുപോവുകയും ചെയ്യരുത്.
ഇദ്ദ ഇരിക്കുന്ന സ്ത്രീകൾക്കു ആരെയൊക്കെ കാണാൻ പറ്റും?
ഇദ്ദയിലാണെങ്കിലും അല്ലെങ്കിലും മഹ്റമായവരെ മാത്രമേ കാണാന്‍ പറ്റൂ. ആ സമയത്തേക്ക് മാത്രമായി പ്രത്യേക നിയമമൊന്നുമില്ല. അമുസ്‍ലിം സ്ത്രീകളെയാണെങ്കിലോ? ഇദ്ദയില്ലാത്ത അവസരത്തില്‍ അവരെ കാണാന്‍ പറ്റുന്നപോലെ, ഇദ്ദയുടെ അവസരത്തിലും അവരെ കാണാം.
فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِي أَنْفُسِهِنَّ بِالْمَعْرُوفِ
ഇദ്ദ കഴിഞ്ഞാല്‍ അലങ്കാരങ്ങള്‍ അണിയുന്നതിനോ വിവാഹത്തിന് സന്നദ്ധമാകുന്നതിനോ യാതൊരു വിരോധവുമില്ല.
അടുത്ത ആയത്ത് 235
ഭര്‍ത്താവ് മരണപ്പെട്ട് ഇദ്ദ ഇരിക്കുന്ന സ്ത്രീയെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തു വേണമെന്നാണ് ഇനി പറയുന്നത്.
അങ്ങനെ ആഗ്രഹിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, ആ കാര്യത്തില്‍ ഇദ്ദയുടെ സമയത്ത് അവളുമായി വ്യക്തമായി ആലോചന നടത്താനോ മറ്റേതെങ്കിലും രൂപത്തില്‍ നിശ്ചയിക്കാനോ പാടില്ല. എന്നാലും, സൂചനാരൂപത്തില്‍ ഈ ആഗ്രഹം അവളെ അറിയിക്കണമെങ്കില്‍ ആകാവുന്നതാണ്. സ്വയം മനസ്സില്‍ മറച്ചുവെക്കുന്നതിനും വിരോധമില്ല.
സൂചനാരൂപത്തിന് ചില ഉദാഹരണങ്ങള്‍ പറഞ്ഞിട്ടുണ്ട് പണ്ഡിതന്മാര്‍: (നിന്നെ ആഗ്രഹിക്കുന്ന എത്ര പേരുണ്ട്, നീ ഭംഗിയുള്ളവളാണ് പോലെയുള്ള വ്യംഗ്യമായ രൂപത്തിലൂടെ സൂചന നല്കാം (ഫത്ഹുല്‍ മുഈന്‍).
وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُمْ بِهِ مِنْ خِطْبَةِ النِّسَاءِ أَوْ أَكْنَنْتُمْ فِي أَنْفُسِكُمْ ۚ عَلِمَ اللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَٰكِنْ لَا تُوَاعِدُوهُنَّ سِرًّا إِلَّا أَنْ تَقُولُوا قَوْلًا مَعْرُوفًا ۚ وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّىٰ يَبْلُغَ الْكِتَابُ أَجَلَهُ ۚ وَاعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي أَنْفُسِكُمْ فَاحْذَرُوهُ ۚ وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ (235)
ദീക്ഷാവേളയില്‍ അവരുമായുള്ള വിവാഹാലോചന നിങ്ങള്‍ സൂചിപ്പിക്കുകയോ മനസ്സിലൊളിച്ചു വെക്കുകയോ ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല; നിങ്ങളവരെയോര്‍ക്കുമെന്ന് അല്ലാഹുവിന്നറിയാം. മാന്യമായ ഭാഷണമല്ലാതെ രഹസ്യവാഗ്ദാനമൊന്നും നടത്തരുത്. നിര്‍ണിതാവധി തീരും മുമ്പ് വേളികഴിക്കാന്‍ നിശ്ചയിക്കയുമരുത്. നിങ്ങളുടെ ഉള്ളിലിരിപ്പ് അല്ലാഹു അറിയുമെന്നു ഗ്രഹിക്കുകയും അവനെ ഭയപ്പെടുകയും അവന്‍ ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നറിയുകയും ചെയ്യുക.
حَتَّىٰ يَبْلُغَ الْكِتَابُ أَجَلَهُ
كِتَابُ കൊണ്ട് ഇവിടെ ഉദ്ദേശ്യം ഇദ്ദയാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം: മരണത്തിന്‍റെ ഇദ്ദയെക്കുറിച്ചാണിവിടെ പറഞ്ഞത്. മരണത്തിന്‍റെ ഇദ്ദ ഇരിക്കുന്നവളോട് വിവാഹാലോചന സൂചനാരൂപത്തില്‍ വേണമെങ്കില്‍ ആവാമെന്നാണ് പറഞ്ഞത്.
നേരമെറിച്ച്, ഭര്‍ത്താവിന് മടക്കി എടുക്കാവുന്ന വിധം റജ്ഇയ്യായ ഥലാഖ് ചൊല്ലപ്പെട്ടവളാണങ്കിലോ, അവള്‍ ഇദ്ദയിരിക്കുമ്പോള്‍ സൂചനാരൂപത്തില്‍ പോലും വിവാഹാലോചന നടത്താന്‍ പാടില്ല. കാരണം അവളെ മടക്കി എടുക്കാന്‍ ഭര്‍ത്താവിന് എപ്പോഴും അവകാശമുണ്ടല്ലോ. ഇങ്ങനെ സൂചനാരൂപത്തിലാണെങ്കില്‍ പോലും, അത് ആ ഭര്‍ത്താവിന്‍റെ അവകാശം ധ്വംസിക്കലാണ്. അതുകൊണ്ടത് പറ്റില്ല.
وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّىٰ يَبْلُغَ الْكِتَابُ أَجَلَهُ
വിവാഹാലോചന തന്നെ പാടില്ലെന്ന് പറഞ്ഞാല്‍, നികാഹ് എന്തായാലും പാടില്ലെന്ന് വന്നല്ലോ. ഇദ്ദക്കാലത്ത് വിവാഹം നടന്നാല്‍ അത് സാധുവാകുന്നതുമല്ല. എല്ലാ കര്‍മശാസ്ത്രഗന്ഥങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നികാഹ് ചെയ്യപ്പെടുന്ന പെണ്ണ് ഇദ്ദയില്‍ നിന്നൊഴിഞ്ഞവളാകണമെന്നത്, നികാഹ് സ്വഹീഹാകാനുള്ള നിബന്ധനയാണ് (ഫത്ഹുല്‍ മുഈന്‍ – ബാബുന്നികാഹ്).
ഥുലൈഹ ബിന്തു ഉബൈദില്ലയെ ഭര്‍ത്താവ് റശീദുസ്സഖഫി വിവാഹമോചനം ചെയ്തു. എന്നിട്ട് ഇദ്ദകാലം തീരുംമുമ്പുതന്നെ അവരെ വീട്ടുകാര്‍ വേറെ നികാഹ് ചെയ്തുകൊടുത്തു. ഈ വിവരമറിഞ്ഞ അന്നത്തെ ഭരണാധികാരി ഉമറുബ്‌നുല്‍ ഖത്താബ്(رضي الله عنه), അവരെയും ഭര്‍ത്താവിനെയും ശിക്ഷിക്കുകയും അവരെ വേര്‍പെടുത്തുകയും ചെയ്തു. (തഫ്‌സീറുല്‍ ഖുര്‍ഥുബി).
അടുത്ത ആയത്ത് 236
ഥലാഖുമായി ബന്ധമുള്ള മറ്റൊരു വിഷയമാണിനി പറയുന്നത്.
ഥലാഖിന് ദീനില്‍ നിയമപരമായിത്തന്നെ, അനിവാര്യസാഹചര്യത്തില്‍ അനുവാദമുണ്ടെന്നത് ശരിതന്നെ. എന്നാലും പൊതുവെ അതൊരു നല്ല കാര്യമല്ലല്ലോ.
അനുവദനീയമായ കാര്യങ്ങളുടെ കൂട്ടത്തില്‍ അല്ലാഹുവിന് ഏറ്റവും ദേഷ്യമുള്ളത് ഥാലാഖാണെന്നാണ് ഹദീസ് വചനം.
ഇവിടെ ഒരു സംശയത്തിന് സാധ്യതയുണ്ട്: നികാഹ് നടന്നു. പക്ഷേ, ശാരീരിക ബന്ധം നടന്നിട്ടില്ല, മഹ്ര്‍ എത്രയാണെന്ന് ഇരുകൂട്ടരും തമ്മില്‍ നിശ്ചയിച്ചിട്ടുമില്ല. ഇത്തരം അവസരങ്ങളിലും ആ പെണ്ണിനെ അനിവാര്യസാഹചര്യങ്ങളില്‍ വിവാഹമോചനം നടത്താമോ? അതിന് വിരോധമുണ്ടോ?
അനിവാര്യമാണെങ്കില്‍ ആ അവസരത്തിലും ഥലാഖ് ആവാം. അതില്‍ തെറ്റില്ല. അത് നിയമാനുസൃതം തന്നെയാണ്. ഇനി അവള്‍ക്ക് മഹ്ര്‍ കൊടുക്കേണ്ടതുമില്ല.
ഇങ്ങനെയൊരു ഘട്ടത്തില്‍ ഥലാഖ് ആവാമങ്കിലും, ആ സമയത്ത് അത് നടക്കുന്നത് സ്വാഭാവികമായും അവള്‍ക്ക് വലിയ മനപ്രയാസമുണ്ടാക്കാം. അതുകൊണ്ട്, അവളെ സമാധാനിപ്പിക്കാനെന്ന നിലക്ക്, എന്തെങ്കിലുമൊരു വിഭവം സമ്മാനമായി കൊടുക്കണം, ഓരോരുത്തരുടെയും കഴിവിനും പദവിക്കും അനുസരിച്ച് കൊടുക്കണം. ഇതിനാണ് مُتْعَة എന്ന് പറയുന്നത്.
ഈ ഥലാഖു കാരണം അവള്‍ക്കുണ്ടാകുന്ന വിഷമം പരമാവധി ലഘൂകരിക്കാനാണിത്. അതുപോലെ, ഒരു തെറ്റിദ്ധാരണ നീക്കാനും കൂടിയാണ്. അതായത്, ഇപ്പോഴിങ്ങനെ ഇവളെ ഥലാഖ് ചൊല്ലേണ്ടിവന്നത്, അവളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഗൗരവമുള്ള വിഷയമുണ്ടായതുകൊണ്ടാണെന്ന് പൊതുവെ ആളുകള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യത ഉണ്ടല്ലോ. ആ തെറ്റിദ്ധാരണ ഇല്ലാതെയാക്കാനും ഇതുപകരിക്കും. അതുകൊണ്ടാണ് അവള്‍ക്ക് സമ്മാനമായി വല്ലതും കൊടുക്കണമെന്ന് പറഞ്ഞത്.
ഇതിന്‍റെ കണക്ക് നിര്‍ണിതമല്ല. ഓരോരുത്തരുടെയും കഴിവനുസരിച്ച് നല്‍കുകയാണ് വേണ്ടത്.
لَا جُنَاحَ عَلَيْكُمْ إِنْ طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ ۖ حَقًّا عَلَى الْمُحْسِنِينَ (236)
സ്പര്‍ശിക്കുകയോ വിവാഹമൂല്യം നിര്‍ണയിക്കുകയോ ചെയ്യാത്ത നിലയില്‍ സഹധര്‍മിണികളെ മോചനം നടത്തുന്നതിന്നു നിങ്ങള്‍ക്കു കുഴപ്പമില്ല; എങ്കിലും സമ്പന്നന്‍ തന്‍റെ കഴിവനുസരിച്ചും ദരിദ്രന്‍ തന്‍റെ നിലയനുസരിച്ചും ഉദാത്തരീതിയിലുള്ള ജീവിതവിഭവം അവര്‍ക്കു നല്‍കണം; പുണ്യവാന്മാരുടെ ബാധ്യതയാണത്.
സ്പര്‍ശിക്കുക എന്നു പറഞ്ഞത് കേവലം തൊടലല്ല. ശാരീരികബന്ധമാണിവിടെ ഉദ്ദേശ്യം. മാന്യമായ ഒരലങ്കാരപ്രയോഗമാണത്.
حَقًّا عَلَى الْمُحْسِنِينَ നല്ലവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു കടമയാണ് അതെന്നുകൂടി ഉണര്‍ത്തിയിരിക്കുന്നു. എല്ലാവരും അത് നല്‍കേണ്ടതില്ല എന്നല്ല ഇതിന്‍റെ അര്‍ത്ഥം. നല്ലൊരു കാര്യമാണതെന്നും, ആ വിഷയത്തില്‍ ആരും പിശുക്ക് കാണിക്കരുതെന്നും പറയുകയാണ്.
മിതമായ തോതിലുള്ള ‘മുത്അത്തി’ന് പല പണ്ഡിതരും പല ഉദാഹരണങ്ങളും പറഞ്ഞുകാണാം. പണമാകാം, വസ്ത്രങ്ങളാകാം. ഒരു കൂട്ടം വസ്ത്രം, ഒരു വേലക്കാരന്‍, ഒരു കുപ്പായവും തട്ടവും തുണിയും, സാധാരണഗതിയില്‍ അതത് സ്ത്രീകള്‍ക്ക് ലഭിക്കാറുള്ള മഹ്‌റിന്‍റെ പകുതി ഇങ്ങനെയൊക്കെ ആവാം.
കഴിവും നാട്ടുനടപ്പും മറ്റുമൊക്കെ അനുസരിച്ച്, ആപെണ്ണിന് മനസ്സമാധാനവും സന്തോഷവുമുണ്ടാക്കുന്ന സമ്മാനം നല്‍കുക എന്ന് ചുരുക്കം.
أَوْ تَفْرِضُوا لَهُنَّ فَرِيضَةً
മഹ്‍ര്‍ നിശ്ചയിക്കാത്ത അവസരത്തില്‍ എന്ന് പറഞ്ഞാല്‍ ഒരു സംശയം വരാം: എന്താ നികാഹിന് മഹ്ര്‍ വേണ്ടേ? അത് നിര്‍ബന്ധമല്ലേ? വേണം. നിര്‍ബന്ധം തന്നെയാണ്.
പക്ഷേ, നികാഹ് നടക്കുന്ന സമയത്ത്, മഹ്‌റ് ഇത്രയാണെന്ന് പറഞ്ഞ് നിശ്ചയിക്കണം എന്ന് നിര്‍ബന്ധമില്ല. അത് പിന്നീട് നിശ്ചയിച്ചാലും മതി. നികാഹിനോടൊപ്പം തന്നെ മഹ്ര്‍ മുഴുവന്‍ കൊടുത്തേ തീരൂ എന്നുമില്ല.
രണ്ടു കൂട്ടരും തമ്മിലുള്ള ധാരണപ്രകാരം പിന്നീട് കൊടുത്താലും മതിയാകും. ശാരീരിക ബന്ധത്തിന് മുമ്പാകണമെന്ന് മാത്രം. ഇതെല്ലാം ഈ ആയത്തില്‍ നിന്നും മനസ്സിലാക്കാം. അടുത്ത വചനത്തിലും പറയുന്നുണ്ട്. ഹദീസുകളിലും പറഞ്ഞിട്ടുണ്ട്.
അടുത്ത ആയത്ത് 237
ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമാണ് പറയുന്നത്. അതായത്, ശാരീരികമായി ബന്ധപ്പെടുന്നതിന് മുമ്പ് ഥലാഖ് ചൊല്ലി. പക്ഷേ, മഹ്ര്‍ എത്രയാണെന്ന് നേരത്തെ നിശ്ചയിച്ചുകഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ എന്ത് ചെയ്യണം?
മഹ്ര്‍ നിശ്ചയിച്ച പെണ്ണിനെ, ശാരീരികമായി ബന്ധപ്പെടുന്നതിനു മുമ്പ് ഥലാഖ് ചൊല്ലുകയാണെങ്കില്‍, നിശ്ചിത മഹ്‌റിന്‍റെ പകുതി അവള്‍ക്ക് കൊടുക്കണം. മുഴുവന്‍ തന്നെ കൊടുക്കലാണ് ഭര്‍ത്താവിന് കൂടുതല്‍ പുണ്യം.
മുത്അത്തിന്‍റെ വിഷയം ഇവിടെ വരുന്നില്ല. അത് മഹ്ര്‍ നിശ്ചയിക്കാത്ത അവസരത്തിലാണ്. കഴിഞ്ഞ ആയത്തില്‍ പറഞ്ഞല്ലോ.
മഹ്ര്‍ പകുതി അവള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞല്ലോ. ഇനി, ഇവള്‍ സ്വമനസ്സാലെ, ആ മഹ്റില്‍ നിന്ന് എന്തെങ്കിലുമോ, അതല്ല മുഴുവനും തന്നെയോ ഒഴിവാക്കി കൊടുത്താലോ, എന്നാല്‍പിന്നെ, ഭര്‍ത്താവ് അത് കൊടുക്കുകയും വേണ്ട.
അതുപോലെ, ഭര്‍ത്താവ് നല്ല മനസ്സോടെ ഔദാര്യമായി, മഹ്റിന്‍റെ പകുതിയിലധികമോ മുഴുവനുമോ അങ്ങ് കൊടുക്കുകയാണെങ്കില്‍ അത് സ്വീകരിക്കുന്നതിന് അവള്‍ക്കും വിരോധമില്ല. ഇതൊക്കെയാണ് ഇനിയുള്ള ആയത്തില്‍ പറയുന്നത്.
മുഴുവന്‍ കൊടുക്കാന്‍ ഭര്‍ത്താവ് തീരുമാനിക്കുന്നതിനോ, ഒന്നും വാങ്ങേണ്ട എന്ന് ഭാര്യ തീരുമാനിക്കുന്നതിനോ വിരോധമില്ല. മുസ്‌ലിംകള്‍ പരസ്പരം ഔദാര്യത്തോടെ പെരുമാറേണ്ടവരാണല്ലോ.
ഈ വിഷയത്തില്‍ ഏത് ഭാഗത്തുനിന്നായാലും വിട്ടുവീഴ്ച ചെയ്യാതെ, പിടിവാശിയോ പിശുക്കോ കാണിക്കരുത്. വിട്ടുവീഴ്ചാ മനോഭാവമാണ്, സൂക്ഷ്മതക്കും ഭയഭക്തിക്കും അനുയോജ്യമായത് എന്നും പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു.
وَإِنْ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إِلَّا أَنْ يَعْفُونَ أَوْ يَعْفُوَ الَّذِي بِيَدِهِ عُقْدَةُ النِّكَاحِ ۚ وَأَنْ تَعْفُوا أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنْسَوُا الْفَضْلَ بَيْنَكُمْ ۚ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ (237)
എന്നാല്‍ സ്പര്‍ശിക്കും മുമ്പ് അവരെ നിങ്ങള്‍ വിവാഹമോചനം നടത്തി-മഹ്‌റ് നിശ്ചയിച്ചിരുന്നുതാനും-അപ്പോള്‍, ഭാര്യയോ ഭര്‍ത്താവോ വിട്ടുവീഴ്ച ചെയ്യാത്തപക്ഷം നിര്‍ണിതമൂല്യത്തിന്‍റെ പാതി നല്‍കണം. ഭര്‍ത്താക്കളായ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ദൈവഭക്തിയുമായി ഏറെ സമീപസ്ഥം. പരസ്പരം ഔദാര്യം കാണിക്കാന്‍ മറക്കരുത്. നിങ്ങള്‍ ചെയ്യുന്നത് അല്ലാഹു നന്നായി കാണുന്നവനാണ്.
وَلَا تَنْسَوُا الْفَضْلَ بَيْنَكُمْ നിങ്ങള്‍ പരസ്പരം കാണിക്കേണ്ട ഔദാര്യമനസ്ഥിതി മറന്നു പോകരുതെന്നു കൂടി പറഞ്ഞ്, പരമാവധി ഒഴിവാക്കിക്കൊടുക്കാന്‍ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കുകയാണ്.
ഇങ്ങനെ മാന്യമായ രീതിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍, സ്ത്രീയെക്കാളും പല നിലക്കും നല്ലത്, പുരുഷനാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവന് ജോലിയോ മറ്റു വരുമാനമാര്‍ഗം ഉള്ളവനോ, ജോലി ചെയ്ത് ജീവിക്കാന്‍ കഴിയുന്നവനോ ആണല്ലോ. അതാണ് ആണുങ്ങളോട്,
وَأَنْ تَعْفُوا أَقْرَبُ لِلتَّقْوَىٰ
എന്ന് പറഞ്ഞത്. നിങ്ങള്‍ മുത്തഖികളാണെങ്കില്‍, തഖ്‍വയിലേക്കടുക്കാനാണ് താല്പര്യമെങ്കില്‍, മഹ്ര്‍ മുഴുവന്‍ ഭാര്യക്ക് കൊടുത്ത് ഔദാര്യം കാണിക്കണമെന്ന് ചുരുക്കം.
അപൂര്‍വം ചില അവസരങ്ങളില്‍, സാഹചര്യം മറിച്ചായെന്നും വരാം. അപ്പോള്‍, സ്ത്രീയുടെ ഭാഗത്തായിരിക്കും വിട്ടുവീഴ്ചക്ക് മുന്‍തൂക്കമുണ്ടാവുക. അതാണ് അത് ബാലന്സ് ചെയ്ത് രണ്ടും പറഞ്ഞത്.
എത്ര കൃത്യമായാണ് നമ്മുടെ റബ്ബ് കാര്യങ്ങള്‍വിവരിച്ചുതരുന്നത് അല്ലേ!
الَّذِي بِيَدِهِ عُقْدَةُ النِّكَاحِ (വിവാഹബന്ധം കൈവശമുള്ളവന്‍) എന്ന് പറഞ്ഞത് ഭര്‍ത്താവിനെപ്പറ്റിയാണ്. വിവാഹബന്ധം സ്ഥാപിക്കലും മോചിപ്പിക്കലും അവന്‍റെ കൈയാലെ ആണല്ലോ നടക്കുന്നത്.
أَوْ يَعْفُوَ الَّذِي بِيَدِهِ عُقْدَةُ النِّكَاحِ ۚ
ഭര്‍ത്താവ് വിട്ടുവീഴ്ച ചെയ്യുക എന്ന് പറഞ്ഞാല്‍, അവന്‍ കൊടുക്കാന്‍ ബാധ്യസ്ഥനായതിലും കൂടുതല്‍ കൊടുക്കുക എന്നര്‍ത്ഥം.
ഇനി, നിശ്ചയിച്ച മഹ്‌റിന്‍റെ സംഖ്യ മുഴുവനും ഥലാഖിന് മുമ്പ് തന്നെ കൊടുത്തിരുന്നുവെങ്കിലോ? അപ്പോള്‍, പകുതിഭാഗം തിരിച്ചുവാങ്ങാന്‍ അവനവകാശമുണ്ടല്ലോ. അത് തിരിച്ചുവാങ്ങാതിരിക്കുന്നതും അവന്‍ ചെയ്യുന്ന ഔദാര്യത്തില്‍ പെടുന്നതാണ്.
وَلَا تَنْسَوُا الْفَضْلَ بَيْنَكُمْ
ഈ ഔദാര്യമനസ്ഥിതിയും സ്‌നേഹബന്ധവുമൊക്കെ മുറിഞ്ഞുപോകാതെ നിങ്ങള്‍ നിലനിറുത്തിപ്പോരണം. അത് വളരെ പ്രധാനമാണെന്ന് മറക്കരുത്.
അനിവാര്യമായ സാഹചര്യങ്ങള്‍ കാരണം കല്യാണബന്ധം വിച്ഛേദിക്കേണ്ടിവന്നാല്‍ പോലും, നിങ്ങള്‍ക്കിടയിലുണ്ടാകേണ്ട സാഹോദര്യബന്ധത്തിനോ മറ്റോ ഉലച്ചില്‍ തട്ടരുത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം അല്ലാഹു കാണുകയും അറിയുകയും ചെയ്യുന്നുണ്ട്.
إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ
ആരൊക്കെയാണ് നിയമവും മര്യാദയും പാലിക്കുന്നത്, ആരൊക്കെയാണ് സൂക്ഷ്മതയും ഭയഭക്തിയുമുള്ളവര്‍ എന്നൊക്കെ അല്ലാഹു വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. മുന്‍ആയത്തുകളില്‍ പറഞ്ഞ ഇക്കാര്യം, ഇവിടെയും ആവര്‍ത്തിച്ചുണര്‍ത്തിയിരിക്കുകയാണ്.
അനുഷ്ഠാന നിയമങ്ങള്‍ വിവരിക്കുകമാത്രമല്ല അല്ലാഹുവിന്‍റെ ഉദ്ദേശ്യം. അതെല്ലാം ജീവിതത്തില്‍ പകര്‍ത്തി നമ്മള്‍ നല്ലവരാകണമെന്നുകൂടിയാണ്. അതുകൊണ്ടാണ് നിയമ നിര്‍ദ്ദേശങ്ങള്‍ വിസ്തരിച്ചുപറഞ്ഞതിനോടൊപ്പം, ഇത്തരം ഉപദേശങ്ങളും താക്കീതുകളും അല്ലാഹു ആവര്‍ത്തിച്ച് നല്‍കുന്നതും.
---------------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment