അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 52-59) അസൂയ, വിശ്വാസവഞ്ചന, നീതി, പുതിയ തൊലികള്‍
ജൂതപൂരോഹിതന്മാര്‍, ഖുറൈശികളുടെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ സുജൂദ് ചെയ്ത കാര്യമാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. സഖ്യമുണ്ടാക്കാനും കാര്യലാഭത്തിനും വേണ്ടി, ഖുറൈശികളുടെ ദീന്‍ തന്നെയാണ് ഇസ്‍ലാമിനേക്കാള്‍ ഉത്തമമെന്നും അവര്‍ തട്ടിവിട്ടിരുന്നു.
വേദം നല്‍കപ്പെട്ടവരുടെ ഭാഗത്തുനിന്ന് തീരെ ഉണ്ടാവാന്‍ പാടില്ലാത്തതാണിത്. അവരുടെ ഇത്തരം ദുഷിച്ച ചിന്താഗതി കാരണം അല്ലാഹു അവരെ ശപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് രക്ഷ കിട്ടുകയേയില്ല; സഹായിയെയും കിട്ടില്ല, തീര്‍ച്ച. ഇതാണിനി പറയുന്നത്.
أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ ۖ وَمَنْ يَلْعَنِ اللَّهُ فَلَنْ تَجِدَ لَهُ نَصِيرًا (52)
അല്ലാഹു ശപിച്ചവരാണവര്‍. അവന്‍ ആരെ ശപിക്കുന്നുവോ അയാള്‍ക്കു യാതൊരു സഹായിയെയും താങ്കള്‍ക്കു കണ്ടെത്താനാവില്ല, തീര്‍ച്ച.
അടുത്ത ആയത്തുകള്‍ 53-54
വര്‍ഗീയവും വംശീയവുമായ ദുരാഭിജാത്യത്തിന്‍റെയും അഹന്തയുടെയും ആളുകളാണ് ജൂതന്മാര്‍. സമ്പത്തിനോട് വല്ലാത്ത ആര്‍ത്തിയാണവര്‍ക്ക്. പിശുക്കും അസൂയയും വേറെയും. അതിനെക്കുറിച്ചാണിനി പറയുന്നത്.
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ഭൂമുഖത്തെവിടെയും ഒരാധിപത്യവും അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ തന്നെ കൈയിലിരിപ്പു കാരണം പ്രതാപങ്ങളെല്ലാം കളഞ്ഞുകുളിച്ചതാണ്.
ഇനി എന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആധിപത്യമോ സാമ്പത്തിക മേല്‍ക്കോയ്മയോ ഭരണാധികാരമോ ലഭിച്ചുവെന്നിരിക്കട്ടെ, എന്നാല്‍തന്നെ യാതൊരു നന്മയും ഉപകാരവും ജനങ്ങള്‍ക്കവര്‍ ചെയ്യില്ല. ലോക ചരിത്രം അതിന് സാക്ഷിയാണ്.
ഇന്നത്തെ സാഹചര്യത്തിലിത് പ്രത്യേകിച്ച് വിശദികരിക്കേണ്ടതുമില്ല. താല്‍ക്കാലികമാണെങ്കിലും കുറച്ചൊന്ന് അധികാരം കിട്ടിയപ്പോഴേക്കും ലോകത്ത് നാശം വിതക്കുകയല്ലേ അവര്‍ ചെയ്യുന്നത്. ഉപകാരം ചെയ്യുന്നതു പോകട്ടെ, പലരുടെയും സ്വസ്ഥത കെടുത്തുകയാണവര്‍.
അവരുടെ മറ്റൊരു മോശം സ്വഭാവമാണ് അസൂയ. ആര്‍ക്കെങ്കിലും വല്ല അനുഗ്രഹവും ലഭിച്ചാല്‍ കടുത്ത അസൂയ വെച്ചുപുലര്‍ത്തും. ഈ അസൂയ കൊണ്ടുതന്നെയാണ്, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും ഖുര്‍ആനും അവര്‍ വിശ്വസിക്കാതിരുന്നതും.
അറബികളില്‍ നിന്ന് നിയുക്തരായ തിരുനബി (صلى الله عليه وسلم) ക്ക് പ്രവാചകത്വവും ആധിപത്യവും ലഭിച്ചതില്‍ കലശലായ അസൂയയാണവര്‍ക്ക്. സത്യത്തില്‍, അവരങ്ങനെ അസൂയപ്പെടേണ്ട ഒരു കാര്യവുമില്ല. കാരണം, ഇബ്രാഹീം നബി عليه السلام യുടെ കുടുംബപരമ്പരയായ ഇസ്രാഈല്യരില്‍പെട്ട എത്രയോ പേര്‍ക്ക് പ്രവാചകത്വവും ആധിപത്യവും അല്ലാഹു നല്‍കിയിട്ടുണ്ടല്ലോ.
അതേ ഇബ്റാഹീം നബി عليه السلامയുടെ കുടുംബപരമ്പരയാണ് ഇസ്മാഈല്യരും. അപ്പോള്‍പിന്നെ സഹോദര ഗോത്രങ്ങളെന്ന നിലക്ക് സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിഞ്ഞുകൂടേണ്ടവരാണവര്‍. പിന്നെയെന്തിനാണവര്‍ ഇസ്മാഈല്യരില്‍ (അറബികളില്‍) നിന്നൊരു പ്രവാചകനെ നിയോഗിച്ചതില്‍ സൂയപ്പെടുന്നത്!
തിരുനബി (صلى الله عليه وسلم) യെ അവര്‍ നിഷേധിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം, ഇസ്രാഈല്യരില്‍ നിന്ന് നിയുക്തരായ ചില പ്രവാചകന്മാരെത്തന്നെ അവര്‍ തള്ളിയിട്ടുണ്ടല്ലോ. എല്ലാവരെയും വിശ്വസിച്ചിരുന്നില്ല. ചിലരെ അംഗീകരിക്കും. ചിലരെ തള്ളും. ചിലരെ കൊന്നുകളയുകവരെ ചെയ്തിട്ടുമുണ്ടല്ലോ!
ഇനിയിപ്പോള്‍, ഇപ്പോഴുണ്ടോ, അവരുടെ കൂട്ടത്തില്‍ നിന്നല്ലാതെ നിയോഗിക്കപ്പെട്ട ഈ റസൂലിനെ അവര്‍ വിശ്വസിക്കുന്നു?! ഇതൊക്കെയാണ് അല്ലാഹു പറയുന്നതിന്‍റെ താല്‍പര്യം.
أَمْ لَهُمْ نَصِيبٌ مِنَ الْمُلْكِ فَإِذًا لَا يُؤْتُونَ النَّاسَ نَقِيرًا (53)
അതോ, ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? എങ്കില്‍ മനുഷ്യര്‍ക്ക് ഒരിത്തിരിപോലും അവര്‍ നല്‍കുകയില്ല.
أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّهُ مِنْ فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُمْ مُلْكًا عَظِيمًا (54)
അതോ, തന്‍റെ ഔദാര്യത്തില്‍ നിന്നു അല്ലാഹു കൊടുത്തതിന്‍റെ പേരില്‍ ജനങ്ങളോടവര്‍ അസൂയപ്പെടുകയാണോ? എങ്കില്‍ ഇബ്രാഹീം കുടുംബത്തിന് വേദവും തത്ത്വജ്ഞാനവും പ്രൗഢാധിപത്യവും നാം നല്‍കിയിട്ടുണ്ട്.
فَمِنْهُمْ مَنْ آمَنَ بِهِ وَمِنْهُمْ مَنْ صَدَّ عَنْهُ ۚ وَكَفَىٰ بِجَهَنَّمَ سَعِيرًا (55)
എന്നിട്ട് അതില്‍ വിശ്വസിച്ചവര്‍ അവരിലുണ്ട്. പുറം തിരിഞ്ഞവരുമുണ്ട് അവരില്‍; കത്തിജ്ജ്വലിക്കുന്ന നരകാഗ്നി മതി അവര്‍ക്ക്.
യഹൂദികളടക്കമുള്ള ഏത് ധിക്കാരികളെയും, പേക്കുത്തുകളുമായി വിഹരിക്കാന്‍ കുറച്ചുകാലം അല്ലാഹു അനുവദിച്ചെന്നുവരും. പക്ഷേ, അവസാനം അവരെയവന്‍ പിടികൂടുകതന്നെ ചെയ്യും. കത്തിജ്ജ്വലിക്കുന്ന നരകശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യും. അതുതന്നെ മതി അവര്‍ക്ക്.
أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّهُ مِنْ فَضْلِهِ
ആരോടും അസൂയ വേണ്ട. അല്ലാഹു ഓരോരുത്തര്‍ക്കും കണക്കാക്കിയതല്ലേ കൊടുക്കുന്നത്. മറ്റൊരാള്‍ക്ക് കൊടുത്തിട്ട് തീര്‍ന്നുപോയതുകൊണ്ട് നമുക്ക് കിട്ടാതിരുന്നതാണോ? അല്ലല്ലോ. റബ്ബിന്‍റെയടുത്തുള്ളത് തീര്‍ന്നുപോകില്ലല്ലോ!
നമ്മള്‍ ആരോടും അസൂയ കാണിക്കേണ്ട. നമുക്ക് അസൂയ ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളെല്ലാം എടുക്കുകയും ചെയ്യുക. രാവിലത്തെയും വൈകുന്നേരത്തെയും ദിക്റുകളും മറ്റും മുടങ്ങാതെ പതിവാക്കുക. ആയതുല്‍കുര്‍സിയ്യ്, സൂറത്തുല്‍ ഇഖ്‍ലാസ്, മുഅവ്വിദതൈനി, എപ്പോഴും പ്രത്യേകിച്ച് നിസ്കാരത്തിനു ശേഷവും കൊണ്ടുനടക്കുക.
ആരോടെങ്കിലും അസൂയ തോന്നാനുള്ള സാധ്യതയുണ്ടെങ്കില്‍, അയാള്‍ക്കു വേണ്ടി ബറകത്തിന് ദുആ ചെയ്തുകൊടുക്കുക. അസൂയ വരാതിരിക്കാനുള്ള നല്ലൊരു മരുന്നാണത്.
മറ്റൊരാള്‍ക്ക് കിട്ടിയ നിഅ്മത്ത് അംഗീകരിക്കാനോ അതിന് മാശാഅല്ലാഹ് പറയാനോ ഒട്ടും മടിക്കേണ്ടതില്ല. അപരനെ അംഗീകരിക്കാനുള്ള മനസ്സ് ഇല്ലാത്തിടത്താണ് അസൂയയും പാരവെപ്പും തുടങ്ങുന്നത്.
അടുത്ത ആയത്ത് 56
യഹൂദികളുടെ മോശം സ്വഭാവങ്ങളെക്കുറിച്ച് പറഞ്ഞ ശേഷം അവരടക്കം എല്ലാ സത്യനിഷേധികളും പരലോകത്ത് അനുഭവിക്കേണ്ടിവരുന്ന കഠിനശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്.
ശിക്ഷയുടെ കാഠിന്യം കാരണം തൊലികള്‍ കരിഞ്ഞുപോയിക്കൊണ്ടിരിക്കുമ്പോള്‍ പകരം തൊലികള്‍ ഉണ്ടായിക്കൊണ്ടിരിക്കും. നരകത്തിലവര്‍ ശാശ്വതവാസികളുമായിരിക്കും. എത്ര കഠിന ശിക്ഷക്കും അര്‍ഹരാണവര്‍. കാരണം, സന്മാര്‍ഗത്തെക്കുറിച്ച് വ്യക്തമായി മനസ്സിലായിട്ടും അവഗണിച്ചുകളഞ്ഞവരാണവര്‍
إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا (56)
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത്. അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.
ശിക്ഷ ശരിക്കും ആസ്വദിക്കാനായി അവരുടെ ചര്‍മങ്ങള്‍ നാം പുതുക്കിക്കൊണ്ടേയിരിക്കുമെന്നാണ് അല്ലാഹു പറയുന്നത്. എന്തിനാണിത്? ചര്‍മം കത്തിക്കരിഞ്ഞുപോയാല്‍ പിന്നേയുമില്ലേ മാംസവും അസ്ഥികളും മജജയുമെല്ലാം?
പഞ്ചേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട നാഡീവ്യൂഹങ്ങളും ഞരമ്പുകളും ധമനികളും ബഹൂഭൂരിഭാഗവും മനുഷ്യന്‍റെ തൊലിയിലാണുള്ളത്. അടി കൊള്ളുമ്പോഴും ചൂട് തട്ടുമ്പോഴുമൊക്കെയുള്ള വേദന ശരീരത്തെ അറിയിക്കുന്നതും മനസ്സിലേക്കും മസ്തിഷ്‌കത്തിലേക്കും മറ്റുമൊക്കെ അത് റിപ്പോര്‍ട്ട് ചെയ്യുന്നതും ചര്‍മത്തിലെ ഈ ഭാഗങ്ങളാണ്.
ആധുനികശാസ്ത്രം ഇതു ശരിവെച്ചിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന സുപ്രധാന നാഡികളും ഞരമ്പുകളും ധമനികളും മനുഷ്യന്‍റെ തൊലിയിലാണുള്ളത്.
The average square inch (6.5 cm²) of skin holds 650 sweat glands, 20 blood vessels, 60,000 melanocytes (a type of cell which produce melanin, a brown pigment that is responsible for skin coloration and protecting against the harmful effects of UV light), and more than 1,000 nerve endings.
ഈ ചര്‍മം വെന്താല്‍ ശരിയായ വേദന അറിയാന്‍ കഴിയില്ല. അതുകൊണ്ടാണ് കരിഞ്ഞുകൊണ്ടിരിക്കുന്തോറും പുതിയ ചര്‍മം തന്നെ വീണ്ടും സൃഷ്ടിക്കപ്പെടുന്നത്. റബ്ബ് നമ്മളെ കാക്കട്ടെ-آمين
അടുത്ത ആയത്ത് 57
സത്യനിഷേധികളുടെ ശിക്ഷയെക്കുറിച്ച് പറഞ്ഞ ശേഷം, സത്യവിശ്വാസികള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഉണര്‍ത്തുകയാണ്. അവര്‍ക്ക് സ്വര്‍ഗങ്ങള്‍ ലഭിക്കും. അതിനു താഴെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. എല്ലാവിധ മാലിന്യങ്ങളില്‍നിന്നും അഴുക്കുകളില്‍ നിന്നും സംശുദ്ധരായ ഇണകളുണ്ടായിരിക്കും. ചൂടോ തണുപ്പോ ബാധിക്കില്ല. സ്ഥിരമായ തണലാണ് സ്വര്‍ഗത്തില്‍. അവരതില്‍ ശാശ്വതവാസികളുമാണ്.
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَهُمْ فِيهَا أَزْوَاجٌ مُطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا (57)
സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അടിയിലൂടെ അരുവികളൊഴുകുന്ന ചില സ്വര്‍ഗോദ്യാനങ്ങളില്‍ നാം കടത്തുന്നതാണ്. അവരതില്‍ ശാശ്വതരായിരിക്കും. പരിശുദ്ധരായ ഇണകളും അവര്‍ക്കതിലുണ്ടാകും. സ്ഥിരമായ തണലില്‍ നാമവരെ പ്രവേശിപ്പിക്കുന്നതുമാകുന്നു.
أَزْوَاجٌ مُّطَهَّرَةٌ -ആകൃതിയിലോ പ്രകൃതിയിലോ സ്വഭാവത്തിലോ ഉണ്ടാകുന്ന എല്ലാ ന്യൂനതകളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും പരിശുദ്ധരായവര്‍ എന്ന് സാരം.
ظِلّا ظَلِيلا - നിത്യനിബിഡവും, ഉഷ്ണത്തിന്‍റെയോ തണുപ്പിന്‍റെയോ ശല്യമേല്‍ക്കാത്ത സുഖകരമായ തണലായിരിക്കും എപ്പോഴും അവിടെയുണ്ടാകുക എന്നര്‍ത്ഥം.
അടുത്ത ആയത്ത് 58
വളരെ പ്രാധാനപ്പെട്ട രണ്ടു കല്‍പനകളാണ് ഇനി അല്ലാഹു നല്‍കുന്നത്. അമാനത്തുകള്‍ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കണമെന്നും, വിധി പറയുമ്പോള്‍ നീതി പുലര്‍ത്തണമെന്നും.
സാമൂഹികമായ സമാധാനവും സൗഹാര്‍ദ്ദവും നീതിയും നിലനില്‍ക്കണമെങ്കില്‍ ഈ രണ്ടുകാര്യങ്ങളും അത്യന്താപേക്ഷിതമാണല്ലോ.
إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُمْ بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا (58)
വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെയാളുകള്‍ക്കു തിരിച്ചു കൊടുക്കാനും ജനമധ്യേ വിധികല്‍പിക്കുമ്പോള്‍ അതു നീതിപൂര്‍വകമാക്കാനും അല്ലാഹു നിങ്ങളോടനുശാസിക്കുകയാണ്. എത്ര നല്ല ഉപദേശമാണവന്‍ നിങ്ങള്‍ക്കു തരുന്നത്! നന്നായി കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാണവന്‍.
‘അമാനത്ത് (أَمَانَةَ)’ എന്നാല്‍ ‘വിശ്വസ്തത’ എന്നാണ് വാക്കര്‍ഥം. വിശ്വാസിച്ചേല്പിച്ച എല്ലാറ്റിനും ‘അമാനത്ത്’ എന്ന് പറയാം. വിപുലമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വാക്ക്.
അമാനത്തുകളെ മൂന്നായി ഭാഗിക്കാം:
1) അല്ലാഹു ഏല്‍പിച്ച കാര്യങ്ങള്‍ - മനുഷ്യനും റബ്ബിനും ഇടയിലുള്ള അമാനത്ത്. അല്ലാഹുവിനോട് മനുഷ്യര്‍ പാലിക്കേണ്ട കടമകളെല്ലാം ഇതിലുള്‍പ്പെടും. സത്യവിശ്വാസം, നമസ്‌കാരം, നോമ്പ് മുതലായ സല്‍ക്കര്‍മങ്ങള്‍ ഉദാഹരണം. ഇത്തരം സല്‍കര്‍മങ്ങളെല്ലാം കൃത്യമായും നിഷ്ങ്കളങ്കമായും അനുഷ്ഠിക്കുക എന്നതാണ് അതുസംബന്ധമായ അമാനത്ത് നിര്‍വഹണം.
നമ്മുടെ ഈമാന്‍, ആയുസ്സ്, ശരീരം, ഇല്‍മ്, ധനം എല്ലാം അമാനത്തുകളാണ്. റബ്ബ് നമ്മെ വിശ്വസിച്ചേല്‍പിച്ചതാണ്. കണ്ണ്, കാത്, വായ മുതലായ ശരീരാവയവങ്ങളും അമാനത്താണ്. അതുകൊണ്ടാണല്ലോ ഇതിനെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന് പറഞ്ഞത്.
അവയവങ്ങള്‍ അനുവദനീയമായ, നല്ല കാര്യങ്ങളില്‍ മാത്രം ഉപയോഗിക്കണം. വിജ്ഞാനം പകര്‍ന്നുകൊടുക്കണം. സമ്പത്ത് അവകാശികള്‍ക്ക് നല്‍കണം... ഇങ്ങനെ ഓരോന്നും.
ഭാര്യ-മക്കളും അമാനത്തുകളാണ്. റബ്ബ് കൂട്ടിത്തന്നതല്ലേ. അല്ലാഹുവിന്‍റെ പേര് പറഞ്ഞ് കൂട്ടിത്തന്നതല്ലേ. അവരോട് നന്നായി പെരുമാറണം. മക്കളെ നേരെചൊവ്വേ പോറ്റി വളര്‍ത്തണം. അവര്‍ക്കിടയില്‍ നീതി പാലിക്കണം.
ഭര്‍ത്താവിന്‍റെ അഭാവത്തില്‍ സ്വത്തുക്കളും ദേഹവും ഭാര്യ സൂക്ഷിക്കണം. ഭാര്യക്ക് കൊടുക്കേണ്ടതെല്ലാം ഭര്‍ത്താവും കൊടുക്കണം. പരസ്പരമുള്ള രഹസ്യങ്ങള്‍ പുറത്തുപറയരുത്. ഇങ്ങനെ പലതും ശ്രദ്ധിക്കണം.
കടപ്പാടുകളെക്കുറിച്ചാണ് നമ്മള്‍ ബോധവാന്മാരാകേണ്ടത് അവകാശങ്ങളെക്കുറിച്ചുമാത്രം പോരാ. അതിനാണല്ലോ ഇന്നിപ്പോള്‍ എല്ലായിടത്തും ഒച്ചപ്പാട്. ഭാര്യയില്‍ നിന്ന് ഇങ്ങോട്ട് കിട്ടാനുള്ളത് മാത്രമേ പറയൂ.. അങ്ങോട്ട് കൊടുക്കേണ്ടതിനെക്കുറിച്ച് മിണ്ടില്ല.
മക്കളുടെ കാര്യത്തിലും അങ്ങനെത്തന്നെ. മാതാപിതാക്കളോടുള്ള കമടകള്‍ പ്രസംഗിക്കും.. മക്കളോടുള്ള കടമകളെക്കുറിച്ച് പറയില്ല.
(2) സൃഷ്ടികള്‍ പരസ്പരം വിശ്വസിച്ചേല്‍പിക്കുന്ന കാര്യങ്ങള്‍ - വിശ്വസിച്ചേല്‍പിച്ച സ്വത്തുക്കളും രഹസ്യങ്ങളും, ഇടപാടുകളില്‍ പാലിക്കേണ്ട മര്യാദകളുമെല്ലാം ഇതില്‍ പെടും. ഇതിനെക്കുറിച്ചാണ് സാധാരണ നാം അമാനത്ത് എന്ന് പറഞ്ഞുവരുന്നത്.
അങ്ങനെ വിശ്വസിച്ചേല്പിച്ചത് വസ്തുക്കളാണെങ്കില്‍, സമയത്ത് കൃത്യമായി തിരിച്ചുകൊടുക്കുക; കാര്യങ്ങളാണെങ്കില്‍, തീരുമനിച്ചതുപോലെ വീഴ്ച വരുത്താതെ നിര്‍വ്വഹിക്കുക: രഹസ്യങ്ങളാണെങ്കില്‍, പരസ്യപ്പെടുത്താതെ സൂക്ഷിക്കുക; ഇടപാടുകളാണെങ്കില്‍, ചതിയും വഞ്ചനയും നടത്താതെ വിശ്വസ്ത പാലിക്കുക... ഇതൊക്കെയാണ് അമാനത്തുകള്‍ യഥാവിഥി തിരിച്ചുകൊടുക്കണമെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം.
ആളുകള്‍ വിശ്വസിച്ചേല്പിച്ച കോടികളുമായി വമ്പന്മാര്‍ മുങ്ങുന്ന കാലമാണല്ലോ ഇത്.
(3) സ്വന്തത്തോട് പാലിക്കേണ്ട അമാനത്ത്. സ്വന്തം ഗുണത്തിനും നന്മക്കും അനുപേക്ഷണീയമായ എല്ലാ കാര്യങ്ങളും ഈ ഗണത്തില്‍ പെടും.
وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ ۚ
ഇത് വിധികര്‍ത്താക്കളോടുള്ള നിര്‍ദ്ദേശമാണെങ്കിലും, ഏതെങ്കിലും വിഷയത്തില്‍ മധ്യസ്ഥം വഹിക്കുകയോ തീരുമാനമെടുക്കുകയോ ചെയ്യുന്ന എല്ലാവര്‍ക്കും ബാധകമാണിത്.
രണ്ട് ഭാഗത്തിന്‍റെയും വാദങ്ങളും തെളിവുകളും കേട്ടുമനസ്സിലാക്കി, എടുക്കേണ്ട തീരുമാനത്തെപ്പറ്റി നന്നായി ചിന്തിച്ച്, പക്ഷപാതിത്വം കാണിക്കാതെ, നീതിപൂര്‍വമായ തീരുമാനമെടുക്കണം. അതിന് കെല്‍പുള്ളവരേ മധ്യസ്ഥരാകേണ്ടതുള്ളൂ.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാം പൊതുവായാണ് പറഞ്ഞത് –
ജനങ്ങള്‍ക്കിടയില്‍ എന്ന്. മുസ്‍ലിംകള്‍ക്കിടയില്‍ എന്നല്ല പറഞ്ഞത്.
അതുപോലെ വിധി പറയുമ്പോഴൊക്കെ നീതി പാലിക്കണമെന്നാണ് പറഞ്ഞത് – അല്ലാതെ ഇന്ന കാറ്റഗറിയില്‍ പെട്ടവരോടേ നീതി പാലിക്കേണ്ടതുള്ളൂ എന്നല്ല.
അമാനത്തിന്‍റെ അവകാശികളും വിധി കല്‍പിക്കപ്പെടുന്ന മനുഷ്യരും നല്ലവരെന്നോ അല്ലാത്തവരെന്നോ, മുസ്‌ലിംകളെന്നോ അമുസ്‍ലിംകളെന്നോ നോക്കേണ്ടതില്ല. സമ്പത്തോ സ്ഥാനമാനങ്ങളോ സ്റ്റാറ്റസോ തറവാടോ നോക്കിയിട്ടല്ല വിധി പറയേണ്ടത്.
വഞ്ചനയും അനീതിയും ആരോടും പാടില്ലെന്നത് വിശുദ്ധ ദീനിന്‍റെ അടിസ്ഥാന സിദ്ധാന്തമാണ്. പലരും അത് കൊണ്ടുനടക്കുന്നില്ലെന്നത് വേറെ കാര്യം. ദീനീ മൂല്യങ്ങളെല്ലാം വലിച്ചെറിഞ്ഞ് പേരിന് മാത്രം മുസ്‍ലിംകളായി ജീവിക്കുകയാണല്ലോ പലരും.
എന്തുമാത്രം അനീതികളാണിന്ന് നടക്കുന്നത്! നിയമനടപടികളൊക്കെ പ്രഹസനങ്ങളാകുന്ന കാലം. എത്ര ആളുകളാണ് കേസുകളൊന്നും വേണ്ടാന്ന് വെക്കുന്നത്. കേസിന് പോയിട്ട് കാര്യമില്ല എന്നതുതന്നെ കാരണം. പൈസയും സമയവും അധ്വാനവും പോയിക്കിട്ടുമെന്നല്ലാതെ നീതി പലപ്പോഴും കിട്ടാക്കനിയായിത്തന്നെ തുടരും.
ഇതിനൊക്കെ പരിഹാരം വേണ്ടേ. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് ലഭിക്കുകതന്നെ വേണമല്ലോ. അതിനുതന്നെയാണ് പരലോകം സംവിധാനിച്ചിട്ടുള്ളത്.
മതബോധമുള്ള, ആഖിറം പേടിയുള്ള ജഡ്ജിമാരും വിധികര്‍ത്താക്കളുമുണ്ടാകണം. ആ ബോധവും പേടിയുമാണല്ലോ ഖുലഫാഉര്‍റാശിദുകളെയും നീതിമാന്മാരായ ഭരണാധികളെയും മുന്നോട്ട് നയിച്ചിരുന്നത്.
രണ്ടാം ഖലീഫ ഉമര്‍ رضي الله عنه ന്‍റെ കാലം മാത്രം എടുത്താല്‍തന്നെ എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങള്‍... നാട്ടുകാരോട് മാത്രല്ല, വീട്ടുകാരോടും കര്‍ശനമായ നീതിപാലനം. വീട്ടുകാര്‍ വേണ്ടാത്തത് ചെയ്താല്‍ ഇരട്ടി ശിക്ഷയുണ്ടെന്ന് ആദ്യമേ അവരോട് പറഞ്ഞുവെച്ചിട്ടുണ്ട്.
إِنَّ اللَّهَ نِعِمَّا يَعِظُكُمْ بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا
അതിവിശിഷ്ടമായ ഉപദേശങ്ങളാണിതെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുകയാണ്. വളരെ പ്രയോജനകരവും ഉത്തമവുമായ സദുപദേശമാണിത്. ഇതിനോടുള്ള നിങ്ങളുടെ പ്രതികരണം എന്താണെന്ന് അവന്‍ ശരിക്ക് കാണുന്നുണ്ട്, കേള്‍ക്കുകയും ചെയ്യുന്നുണ്ട്.
ഈ ആയത്ത് ഇറങ്ങാനുണ്ടായ കാരണം:
ഇസ്‍ലാമിനു വളരെ മുമ്പുതന്നെ കഅ്ബയുടെ സംരക്ഷണം അല്‍-ശൈബ കുടുംബത്തിന്‍റെ കൈയിലായിരുന്നു. കഅ്ബയുടെ പരിപാലകന്‍ ‘സാദിന്‍’ എന്നാണു അറിയപ്പെട്ടിരുന്നത്.
തിരുനബി صلى الله عليه وسلم പ്രബോധനം ആരംഭിച്ച കാലത്ത് അല്‍-ശൈബ കുടുംബത്തിലെ കാരണവരായ ഉസ്മാനുബ്നു ഥല്‍ഹയുടെ അടുത്തായിരുന്നു കഅ്ബയുടെ താക്കോല്‍ ഉണ്ടായിരുന്നത്.
ഹിജ്റ പോകുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുനബി صلى الله عليه وسلم കഅ്ബക്കുള്ളില്‍ കയറി ഒന്ന് നിസ്കരിക്കണമെന്നാഗ്രഹിച്ചു. അകത്തേക്ക്പ്രവേശിക്കാന്‍ ശ്രമിച്ച തിരുനബി صلى الله عليه وسلم യെ ഉസ്മാനുബ്നു ഥല്‍ഹ തടഞ്ഞു നിര്‍ത്തി.
“നിങ്ങള്‍ക്കെന്താണിവിടെ കാര്യം?” “എനിക്ക് അകത്തുകയറി കയറി ഒന്ന് പ്രാര്‍ത്ഥിക്കണം.” “സാധ്യമല്ല, തിരിച്ചു പോയിക്കൊള്ളൂ.” “ശരി ഞാന്‍ തിരിച്ചു പോകാം.. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക . ഈ കഅ്ബയുടെ താക്കോല്‍ എന്‍റെ കൈയിലെത്തിച്ചേര്‍ന്ന്, അത് ആര്‍ക്ക് കൈമാറണമെന്ന് ഞാന്‍ തീരുമാനിക്കുന്ന ഒരു ദിവസം വരും”.
വളരെ വിഷമത്തോടെ തിരുനബി صلى الله عليه وسلم തിരിച്ചുപോന്നു.
അധികം വൈകാതെ, തിരുനബി صلى الله عليه وسلمയും സംഘവും വിജയശ്രീലാളിതരായി മക്കയിലേക്ക് തന്നെ തിരിച്ചുവന്നത് ചരിത്രം.
മക്ക മുഴുവന്‍ ഫത്ഹായി. അവിടത്തെ അധീനതയിലായി. എല്ലാവര്‍ക്കും മാപ്പുകൊടുത്തു.
അന്ന് തിരുനബി صلى الله عليه وسلم നേരെ പോയത് വിശുദ്ധ കഅ്ബയുടെ അടുത്തേക്കാണ്. കഅ്ബക്കുള്ളില്‍ കയറി നിസ്കരിക്കണം. പക്ഷേ, തിരുനബി صلى الله عليه وسلم അവിടെ എത്തുന്നതിനു മുമ്പേ അവിശ്വാസിയായ ഉസ്മാനുബ്നു ഥല്‍ഹ വാതില്‍ പൂട്ടി സ്ഥലം വിട്ടിരുന്നു.
തിരുനബി صلى الله عليه وسلم താക്കോല്‍ വാങ്ങിക്കൊണ്ടുവരാന്‍ അലി رضي الله عنهവിനെ പറഞ്ഞയച്ചു. പക്ഷെ, താക്കോല്‍ കൊടുക്കാന്‍ ഉസ്മാനുബ്നു ഥല്‍ഹ തയ്യാറായില്ല. അലി(رضي الله عنه) ബലപ്രയോഗത്തിലൂടെ താക്കോല്‍ പിടിച്ചുവാങ്ങി തിരുനബി صلى الله عليه وسلم ക്ക് കഅബയുടെ വാതില്‍ തുറന്നു കൊടുത്തു.
ഇപ്പോള്‍ തിരുനബി صلى الله عليه وسلم യുടെ കൈവശം എത്തിച്ചേര്‍ന്ന കഅ്ബയുടെ താക്കോല്‍ സൂക്ഷിക്കുന്ന പദവിയും അതിന്‍റെ മഹത്വവും സ്വന്തമാക്കാന്‍ സ്വബാഹികള്‍ പലരും ആഗ്രഹിച്ചു.
തിരുനബി صلى الله عليه وسلم യുടെ പിതൃസഹോദരന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബ് (رضي الله عنه) പറഞ്ഞു: “ആ താക്കോല്‍ എന്നെ ഏല്‍പ്പിച്ചാല്‍, ഉത്തരവാദിത്വത്തോടെ ഞാനത് സംരക്ഷിച്ചു കൊള്ളാം. എന്‍റെ പിന്മുറക്കാര്‍ അത് തുടരുകയും ചെയ്യും”. അലി(رضي الله عنه) വും ഇതേ ആവശ്യം ഉന്നയിച്ചു.
തിരുനബി صلى الله عليه وسلم, പക്ഷേ, ഒന്നും മറുപടി പറഞ്ഞില്ല. അപ്പോഴേക്കും ജിബ്‍രീല്‍ عليه السلامഎത്തി ഈ ആയത്ത് ഓതിക്കൊടുത്തു. (കഅബയുടെ ഉള്ളില്‍വെച്ച് ഇറങ്ങിയ വിശുദ്ധ ഖുര്‍ആനിലെ ഏക ആയത്താണിത്.)
ഈ ആയത്ത് ഉറക്കെ ഓതിയ ശേഷം തിരുനബി صلى الله عليه وسلم കഅ്ബയുടെ താക്കോല്‍ അലി(رضي الله عنه)വിന്‍റെ കൈയില്‍ കൊടുത്തിട്ട്, ഉസ്മാനുബ്നു ഥല്‍ഹയെ തിരിച്ചേല്‍പ്പിക്കാന്‍ പറഞ്ഞു. അദ്ദേഹം ഉടനെത്തന്നെ അത് ഉസ്മാനുബ്നു ഥല്‍ഹക്ക് തിരികെകൊടുക്കുകയും താക്കോല്‍ പിടിച്ചു വാങ്ങിയതിന് ക്ഷമാപണം നടത്തുകയും ചെയ്തു.
അലി رضي الله عنه ന്‍റെ ഈ പെരുമാറ്റം അവിശ്വസനീയതയോടെ നോക്കിനില്‍ക്കുകയാണ് ഉസ്മാന്‍. അപ്പോള്‍, തിരുനബി صلى الله عليه وسلم ക്ക് ലഭിച്ച അല്ലാഹുവിന്‍റെ നിര്‍ദേശം അലി رضي الله عنه അദ്ദേഹത്തെ ഓതിക്കേള്‍പ്പിച്ചു. മക്കയുടെ അധിപനായ തിരുനബി صلى الله عليه وسلم യാണ് താക്കോല്‍ തനിക്ക് തിരിച്ചേല്‍പിച്ചത് എന്ന് മനസ്സിലാക്കിയ ഉസ്മാന്‍ ഉടനെത്തന്നെ മുസ്‍ലിമായി മാറി.
ശേഷം തിരുനബി صلى الله عليه وسلم ഉസ്മാനുബ്നു ഥല്‍ഹയെ അടുത്തു വിളിച്ചു പറഞ്ഞു: “ഇത് വാഗ്ദാന പാലനത്തിന്‍റെ ദിനമാണ്. കഅബയുടെ താക്കോല്‍ താങ്കള്‍ തന്നെ സൂക്ഷിച്ചുകൊള്ളുക. നിങ്ങളുടെ പിന്മുറക്കാര്‍ അവസാനകാലം വരെ അത് തുടരും. അധര്‍മിയും അക്രമിയുമല്ലാതെ നിങ്ങളില്‍നിന്നാരും അത് പിടിച്ചെടുക്കുകയില്ല.”
ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ കുടുംബതന്നെയാണതിന്‍റെ സൂക്ഷിപ്പുകാര്‍.
അവതരണകാരണം എന്തായിരുന്നാലും ആയത്തിന്‍റെ ആശയം എല്ലാവര്‍ക്കും ബാധകാണെന്നതില്‍ സംശയമില്ലല്ലോ.
തിരുനബി (صلى الله عليه وسلم) പറയുന്നു: ‘നിന്നെ വിശ്വസിച്ചവന് നീ അമാനത്ത് തിരിച്ചുകൊടുക്കുക. നിന്നെ ചതിച്ചവനെ നീ ചതിക്കരുത്.’ ‘വിശ്വസിച്ചാല്‍ ചതിക്കുക’ എന്നത് കപടവിശ്വാസിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നായാണ് തിരുനബി (صلى الله عليه وسلم) എണ്ണിയത്.
എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണിത്– വിശ്വാസവഞ്ചന പാടില്ലെന്നും നീതി പാലിക്കണമെന്നും. പക്ഷേ, കൊണ്ടുനടക്കുന്നവര്‍ വളരെ വിരളമാണെന്നത് ഖേദകരം തന്നെ.
അടുത്ത ആയത്ത് 59
ഭരണാധികാരികളും വിധികര്‍ത്താക്കളും നീതിപാലിക്കണമെന്ന് ഉണര്‍ത്തിയ ശേഷം, ഭരണീയര്‍ അവരെ അനുസരിക്കണമെന്ന് നിര്‍ദേശിക്കുകയാണിനി.
ഭരണാധികാരികള്‍ എന്തുപറഞ്ഞാലും കണ്ണുമടച്ച് അനുസരിക്കണമെന്നല്ല ഉദ്ദേശ്യം. ഒന്നാമതായി അനുസരിക്കേണ്ടത് അല്ലാഹുവിനെയും റസൂലിനെയും തന്നെയാണ്. അല്ലാഹുവിനും റസൂലിനും എതിരല്ലാത്ത കാര്യങ്ങള്‍ നാടിന്‍റെയോ സമുദായത്തിന്‍റെയോ ഗുണത്തിനുവേണ്ടി ഭരണകര്‍ത്താക്കളോ നേതാക്കളോ പറഞ്ഞാല്‍ അതും അനുസരിക്കണം.
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ ۖ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (59)
സത്യവിശ്വാസികളേ, അല്ലാഹുവിനെയും റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി ഏതെങ്കിലും കാര്യത്തില്‍ പരസ്പരം ഭിന്നാഭിപ്രായമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക - അല്ലാഹുവിലും അന്ത്യനാളിലും നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍. അതാണ് ഉദാത്തവും ഏറ്റം നല്ല അന്ത്യഫലദായകവും.
നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്‍ത്താക്കള്‍ (أولو الأَمْرِ) എന്നതുകൊണ്ടുദ്ദേശ്യം ഉലമാഉം ഉമറാഉമാണെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട് (ഇബ്നു കസീര്‍ رحمه الله.) ഭരണാധിപന്മാര്‍, ഉദ്യോഗസ്ഥമേധാവികള്‍, വിധികര്‍ത്താക്കള്‍, സമുദായ നേതാക്കള്‍, പണ്ഡിതന്മാര്‍, മതവിജ്ഞാനികള്‍ ഇവരൊക്കെ ഇതിലുള്‍പ്പെടും. അതാത് മേഖലകളില്‍ ആധികാരികമായി തീരുമാനമെടുക്കാന്‍ അര്‍ഹതയും കെല്‍പും ഉള്ളവര്‍ എന്ന് മൊത്തത്തില്‍ പറയാം.
ഉദാഹരണമായി, ഒരു മഹല്ലിന്‍റെയോ ഒരു വിഭാഗം ആളുകളുടെയോ നേതാവായി ഒരാള്‍ നിയമിക്കപ്പെടുകയോ തെരഞ്ഞടുക്കപ്പെടുകയോ ചെയ്താല്‍ അദ്ദേഹത്തെ മറ്റുള്ളവര്‍ അനുസരിക്കണം. ഒരു കമ്മിറ്റിയുടെ ഉത്തരവാദപ്പെട്ടവരെ അനുസരിക്കേണ്ടവരാണ് മെമ്പര്‍മാര്‍. ഇങ്ങനെ ഓരോന്നും.
وَأُولِي الْأَمْرِ എന്നിടത്ത് وَأَطِيعُوا എന്ന് ആവര്‍ത്തിക്കാതെ ചേര്‍ത്തുപറയാന്‍ കാരണമുണ്ട്. കൈകാര്യകര്‍ത്താക്കളെ അനുസരിക്കേണ്ടത് എപ്പോഴാണെന്ന് മനസ്സിലാക്കിത്തരാനാണത്. അവര്‍ അല്ലാഹുവും റസൂലും പറഞ്ഞതിന് എതിര് പറയാത്തപ്പോള്‍ മാത്രമാണവരെ അനുസരിക്കേണ്ടത്. തെറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ അംഗീകരിക്കേണ്ടതില്ല. അതാര് പറഞ്ഞാലും അങ്ങനെത്തന്നെ. ഭരണാധികാരിയാകട്ടെ, ഉമ്മ-ബാപ്പ, ഭാര്യ-ഭര്‍ത്താവ് ആരുമാകട്ടെ.
മഹാന്മാരായ ഖുലഫാഉകളൊക്കെ അങ്ങനെത്തന്നെയാണല്ലോ പറഞ്ഞിരുന്നത്. ദീന്‍ പറഞ്ഞാല്‍ അനുസരിക്കണം. ഇല്ലെങ്കില്‍ തിരുത്തിത്തരണമെന്ന്.
ഭരണധികാരിയെ ആളും തരവും പാര്‍ട്ടിയും നോക്കിയല്ല അനുസരിക്കേണ്ടത്.
وَفِي الْحَدِيث الْآخَر عَنْ أَنَس أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " اِسْمَعُوا وَأَطِيعُوا وَإِنْ أُمِّرَ عَلَيْكُمْ عَبْد حَبَشِيّ كَأَنَّ رَأْسه زَبِيبَة " رَوَاهُ الْبُخَارِيّ
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യണം – മുന്തിരിപ്പഴം പോലെ (കറുത്ത ചെറിയ) തലയുള്ള ഒരു നീഗ്രോ അടിമ നിങ്ങളുടെമേല്‍ ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടാലും ശരി.’ (ബുഖാരി, മുസ്‍ലിം.)
فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ
തര്‍ക്കമുണ്ടായാല്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക എന്നതിന്‍റെ വിവക്ഷ ശരീഅത്തിന്‍റെ നാലാം പ്രമാണമായ ഖിയാസ് ആണെന്നു വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശരീഅത്തിന്‍റെ മൂലപ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു വിഷയങ്ങളും ഈ വാക്യത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് മഹാന്മാരായ മുഫസ്സിറുകള്‍ പറയുന്നുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്ന് പറഞ്ഞതില്‍നിന്ന് ഖുര്‍ആനും ഹദീസും ശരീഅത്തിന്‍റെ ലക്ഷ്യങ്ങളാണെന്ന് മനസ്സിലായി. ഉലുല്‍ അംറിനെ അനുസരിക്കണമെന്ന കല്‍പനയില്‍ നിന്ന് ഇജ്മാഉം ശരീഅത്തിന്‍റെ ലക്ഷ്യമാണെന്ന് മനസ്സിലായി. വല്ല വിഷയത്തിലും 'നിങ്ങള്‍ ഭിന്നിച്ചാല്‍ അത് അല്ലാഹുവിങ്കലേക്കും അവന്‍റെ റസൂലിങ്കലേക്കും മടക്കുക' എന്ന ശാസന, ഖിയാസ് തെളിവാണെന്നാണ് മനസ്സിലാക്കിത്തരികയാണ്. ഇതെല്ലാം പണ്ഡിതര്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
ഈ മൂലപ്രമാണങ്ങളോരോന്നും സൌകര്യപൂര്‍വം തള്ളിക്കളയുന്ന പലരുമുണ്ട്. അത് ശരിയല്ലെന്ന് ഇവിടെ നിന്ന് നിസ്സംശയം മനസ്സിലാക്കാം.
-----------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment