അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 66-74) ശ്രേഷ്‌ഠ കൂട്ടുകാർ
മുനാഫിഖുകളുടെ സ്വഭാവങ്ങളെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അല്ലാഹുവും റസൂലും എന്ത് വിധിച്ചാലും അത് മനസാ-വാചാ-കര്‍മണാ അനുസരിക്കാനുള്ള സന്നദ്ധത സത്യവിശ്വാസികള്‍ക്കുണ്ടായിരിക്കണം. കപടവിശ്വാസികള്‍ക്ക് ആ സന്നദ്ധതയുണ്ടാകില്ല.
അവരുടെ മറ്റൊരു മോശം സ്വഭാവത്തെക്കുറിച്ച് പറയുകയാണ് 66 ആം ആയത്തില്‍. ജീവന്‍ ത്യജിക്കുക, നാടും വീടും വിടുക പോലെയുള്ള അസഹ്യമായ ശാസനകളൊന്നും പൊതുവെ അല്ലാഹു അവര്‍ക്ക് നല്കിയിട്ടില്ല. ചെയ്യാന്‍ കഴിയുന്ന, ഓരോരുത്തരുടെയും നന്മക്കും രക്ഷക്കും ആവശ്യമായ ശാസനകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ.
ഇനി ഏതെങ്കിലും സാഹചര്യത്തില്‍ അത്തരം വല്ല കര്‍ശന നിയമങ്ങളും നല്‍കിയാലോ, വളരെ കുറഞ്ഞ ആളുകളേ അത് അനുസരിക്കാന്‍ തയ്യാറാവുകയുള്ളു. ആ സമയത്ത് യഥാര്‍ഥ വിശ്വാസികളും കപടവിശ്വാസികളും വ്യക്തമായി വേര്‍തിരിയുകയും ചെയ്യും. പക്ഷേ, അത്തരം കടുത്ത നിയമങ്ങളൊന്നുംതന്നെ അല്ലാഹു അവരോട് നിര്‍ദ്ദേശിച്ചിട്ടില്ല.
അല്ലാഹു നല്കുന്ന ഉപദേശങ്ങള്‍, അതെന്തായാലും യഥാവിധി സ്വീകരിക്കുന്നതാണ് ഇരുലോകത്തും അവര്‍ക്ക് നല്ലത്.
അവരുടെ വിശ്വാസവും സത്യസന്ധതയും കൂടുതല്‍ ദൃഢപ്പെടുകയുകയാണ് അതുവഴി ചെയ്യുക.
മാത്രമല്ല, അല്ലാഹുവിങ്കല്‍ നിന്ന് വലിയ പ്രതിഫലം ലഭിക്കാനും, നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റാതെ അടിയുറച്ചുനില്‍ക്കാനുള്ള റബ്ബിന്‍റെ സഹായം കിട്ടാനും അത് കാരണമാവുകയും ചെയ്യും.
وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ اقْتُلُوا أَنْفُسَكُمْ أَوِ اخْرُجُوا مِنْ دِيَارِكُمْ مَا فَعَلُوهُ إِلَّا قَلِيلٌ مِنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا مَا يُوعَظُونَ بِهِ لَكَانَ خَيْرًا لَهُمْ وَأَشَدَّ تَثْبِيتًا (66)
നിങ്ങള്‍ ജീവാര്‍പ്പണം ചെയ്യണമെന്നോ ദേശത്യാഗം വരിക്കണമെന്നോ നാം കല്‍പിച്ചിരുന്നെങ്കില്‍ തുച്ഛം പേരൊഴികെ അവരതനുവര്‍ത്തിക്കുമായിരുന്നില്ല. ഉപദേശിക്കപ്പെട്ടവിധം ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് അതേറ്റം ഉദാത്തവും വിശ്വാസത്തെ ദൃഢീകരിക്കുന്നതുമായേനേ.
وَإِذًا لَآتَيْنَاهُمْ مِنْ لَدُنَّا أَجْرًا عَظِيمًا (67)
എങ്കില്‍ നാമവര്‍ക്കു നമ്മുടെ പക്കല്‍ നിന്നുള്ള മഹത്തായ പ്രതിഫലം കൊടുക്കുമായിരുന്നു.
وَلَهَدَيْنَاهُمْ صِرَاطًا مُسْتَقِيمًا (68)
നേര്‍മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുമായിരുന്നു.
അല്ലാഹുവിന്‍റെ കല്‍പനകളഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ എന്തെങ്കിലും ഒഴികഴിവുകള്‍ നിരത്തിയും കുതന്ത്രങ്ങള്‍ പയറ്റിയും തടിയൂരുക എന്നത് കപടവിശ്വാസികളുടെ സ്ഥിരസ്വഭാവമായിരുന്നു. മറിച്ചാണവര്‍ ചെയ്യേണ്ടിയിരുന്നത് എന്നാണ് പഠിപ്പിക്കുന്നത്.
ഈ ആയത്തുകള്‍ അവതരിച്ചപ്പോള്‍, കൊല്ലപ്പെടാനോ രാജ്യം ത്യജിക്കാനോ അല്ലാഹു കല്‍പിച്ചാല്‍, അതനുസരിക്കാന്‍ തയ്യാറാണെന്ന് പല സ്വഹാബികളും സന്നദ്ധത പ്രകടിപ്പിച്ചുവെന്നും, തിരുനബി (صلّى الله عليه وسلّم) അവരെ പ്രശംസിച്ചുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അടുത്ത ആയത്തുകള്‍ 69-70
അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കേണ്ടതിന്‍റെ ആവശ്യകതയും, ധിക്കരിക്കുന്നതിന്‍റെ ഭവിഷ്യത്തിനെയും കുറിച്ച് പറഞ്ഞശേഷം, അങ്ങനെ അനുസരിക്കുന്നതുവഴി ലഭിക്കുന്ന വലിയൊരു നേട്ടത്തെക്കുറിച്ച് പറയുകയാണിനി.
സ്രഷ്ടാവും അനുഗ്രഹദാതാവുമായ അല്ലാഹുവിനോടും അവന്‍റെ ദൂതനും മനുഷ്യരാശിയുടെ ഗുണകാംക്ഷിയുമായ തിരുനബി صلى الله عليه وسلم യോടുമുള്ള നിരുപാധികാനുസരണം എപ്പോള്‍ നമുക്ക് സാക്ഷാല്‍ക്കരിക്കാനാകുന്നുവോ അപ്പോള്‍ നാം വിജയിച്ചു.
പരലോകത്താകട്ടെ, മഹോന്നതരും അല്ലാഹുവിന്‍റെ സമീപസ്ഥരുമായ അമ്പിയാക്കള്‍, മുര്‍സലുകള്‍, സത്യസന്ധരായ വിശിഷ്ടര്‍, വീരമൃത്യുവരിച്ച ശുഹദാക്കള്‍, സദ്‌വൃത്തരായ പുണ്യവാളന്മാര്‍ എന്നിവരോടൊപ്പം സ്വര്‍ഗത്തില്‍ വസിക്കുകയും ചെയ്യാം. ഇതില്‍പരം മറ്റെന്ത് സൗഭാഗ്യമാണുള്ളത്!
അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ടുമാത്രം ലഭിക്കുന്നതാണ് ഈ മഹാഭാഗ്യം. ആരാണതിന് അര്‍ഹരാവുക എന്നതു സംബന്ധിച്ച പൂര്‍ണമായ ജ്ഞാനം അല്ലാഹുവിനുണ്ട്. അതനുസരിച്ച് അവനത് കൈകാര്യം ചെയ്യും.
وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَٰئِكَ رَفِيقًا (69)
അല്ലാഹുവിനെയും റസൂലിനെയും ആര് അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാര്‍, സ്വിദ്ദീഖുകള്‍, രക്തസാക്ഷികള്‍, സദ്‌വൃത്തര്‍ എന്നിവരോടൊപ്പമായിരിക്കും; എത്രയും മെച്ചപ്പെട്ട കൂട്ടുകാരത്രേ അവര്‍.
ذَٰلِكَ الْفَضْلُ مِنَ اللَّهِ ۚ وَكَفَىٰ بِاللَّهِ عَلِيمًا (70)
അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ ഔദാര്യമാണത്; സര്‍വജ്ഞനായി അല്ലാഹു തന്നെ പര്യാപ്തനത്രേ.
ഇവിടെ പറഞ്ഞ അനുഗൃഹീതര്‍ ഇവരാണ്:
- അമ്പിയാക്കള്‍: അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്കുന്ന അത്യുന്നത പദവിയാണ് പ്രവാചകത്വം. യോഗ്യതകൊണ്ടോ പ്രയത്‌നം കൊണ്ടോ കിട്ടുന്നതല്ല അത്. ഏറ്റവും ഉല്‍കൃഷ്ടരാണവര്‍. പിന്നെ ക്രമപ്രകാരം സ്വിദ്ദീഖുകളും ശഹീദുകളും സ്വാലിഹുകളും.
(2) സ്വിദ്ദീഖുകള്‍: വിശ്വാസത്തിലും വാക്കിലും പ്രവൃത്തിയിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുകയും, ഏതു പ്രതിസന്ധിയിലും പതറാതെ നില്‍ക്കുകയും ചെയ്യുന്ന സത്യസന്ധര്‍. അമ്പിയാക്കളുടെ ഉല്‍കൃഷ്ടരായ അനുചരന്മാരാണ് 'സ്വിദ്ദീഖുകള്‍' എന്നും പറയാം. വേറെയും ചില തഫ്‌സീറുകള്‍ ഇവിടെ ഉണ്ട്.
(3) രക്തസാക്ഷികള്‍: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുന്നവരും അതില്‍ കൊല്ലപ്പെട്ടവരും.
(4) സ്വാലിഹുകള്‍ (സദ്‌വൃത്തര്‍): സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പൊതുവെ പറയുന്ന വാക്കാണ് സ്വാലിഹുകള്‍. തങ്ങളുടെയും മറ്റുള്ളവരുടെയും ഗുണത്തിനായി പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികളെല്ലാം ഇതിലുള്‍പെടും.
അല്ലാഹു പറയുന്നു:
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُدْخِلَنَّهُمْ فِي الصَّالِحِينَ (9)العنكبوت
(വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ നാം സ്വാലിഹുകളില്‍ ഉള്‍പെടുത്തുകതന്നെ ചെയ്യും, തീര്‍ച്ച.)
ചുരുക്കത്തില്‍, അമ്പിയാക്കളുടെയും സ്വിദ്ദീഖുകളുടെയും ശഹീദുകളുടെയും പദവികളിലെത്തിയിട്ടില്ലാത്ത സജ്ജനങ്ങളാണ് ഇവിടെ സ്വാലിഹുകള്‍കൊണ്ടുദ്ദേശ്യമെന്ന് മനസ്സിലാക്കാം.
ഈ ആയത്തിറങ്ങാനുണ്ടായ കാരണം:
തിരുനബി صلى الله عليه وسلم യോട് അടങ്ങാത്ത സ്നേഹം കൊണ്ടുനടന്നിരുന്ന ആളായിരുന്നു മഹാനായ സൌബാന്‍ (رضي الله عنه). ഒരിക്കലദ്ദേഹം ആകെ പരിക്ഷീണനായി വല്ലാതെ സങ്കടപ്പെട്ട് പ്രാവചക സന്നിധിയിലെത്തി. എന്തുപറ്റി സൌബാന്‍? – തിരുനബി صلى الله عليه وسلم ചോദിച്ചു.
അദ്ദേഹം പറഞ്ഞു: "തിരുദൂതരേ, അങ്ങേനിക്ക് സ്വന്തത്തെക്കാളും കുടുംബത്തെക്കാളും മക്കളെക്കാളും പ്രിയപ്പെട്ടവരാണ്. ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍ താങ്കളെ കുറിച്ച് ചിന്തിക്കും, എനിക്കാകെ പ്രയാസം വരും, ഞാന്‍ അങ്ങയുടെ അടുത്തേക്ക് വന്ന് അങ്ങയെത്തന്നെ നോക്കി നില്കുംവരെ ആ പ്രയാസം എന്നോടൊപ്പമുണ്ടാകും. അങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ എന്‍റെയും അങ്ങയുടെയും മരണത്തെ കുറിച്ചാലോചിക്കും. മരണത്തിനു ശേഷം താങ്കള്‍ സ്വര്‍ഗത്തില്‍ മറ്റു നബിമാരോടൊപ്പം ഉന്നതസ്ഥാനത്തായിരിക്കും. ഞാന്‍ അഥവാ സ്വര്‍ഗത്തില്‍ എത്തിയാല്‍ തന്നെ എനിക്ക് അങ്ങയെ കാണാന്‍ കഴിയില്ലല്ലോ എന്ന് ഞാന്‍ ഭയപ്പെടുന്നു".
തല്‍സമയമാണ് ഈ ആയത്തിറങ്ങിയത്. സങ്കടപ്പെടേണ്ടതില്ല, അല്ലാഹുവിനെയും റസൂലിനെയും ആര് അനുസരിക്കുന്നുവോ അവര്‍ സ്വര്‍ഗത്തില്‍, അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാര്‍, സ്വിദ്ദീഖുകള്‍, രക്തസാക്ഷികള്‍, സദ്‌വൃത്തര്‍ എന്നിവരോടൊപ്പമായിരിക്കും.
വാങ്ക് സ്വപ്നം കാണിക്കപ്പെട്ട മഹാനായ സ്വഹാബി അബ്‍ദുല്ലാഹിബ്നു സൈദ് رضي الله عنهഎന്നവര്‍, സൌബാന്‍ رضي الله عنه പറഞ്ഞതുപോലെയുള്ള പരിഭവം തിരുനബി صلى الله عليه وسلمയോട് പറഞ്ഞപ്പോഴാണ് ഈ ആയത്ത് ഇറങ്ങിയതെന്ന മറ്റൊരു അഭിപ്രായവും ഇവിടെയുണ്ട്.
തിരുനബി (صلّى الله عليه وسلّم) യൊന്നിച്ചു എല്ലാ സുഖദുഃഖങ്ങളിലും പങ്കുകൊണ്ടു വന്നിരുന്ന പല സ്വഹാബികളും അവിടുത്തോട് ഇങ്ങനെ പരിഭവം പറഞ്ഞിരുന്നുവത്രേ. അവരെയെല്ലാം സമാധാനിപ്പിക്കുകയാണ് അല്ലാഹു, ആ ആയത്തിലൂടെ.
അവര്‍ക്കു മാത്രമല്ല, നമുക്കെല്ലാവര്‍ക്കും ആശ്വാസം തരുന്ന ആയത്താണല്ലേ ഇത്. അല്ലാഹുവിനെയും റസൂലി صلى الله عليه وسلمനെയും അനുസരിച്ച് ജീവിച്ചാല്‍ നമുക്കും അമ്പിയാക്കള്‍, സ്വിദ്ദീഖുകള്‍, ശഹീദുകള്‍, സ്വാലിഹുകള്‍ എന്നിവരൊന്നിച്ചു സ്വര്‍ഗീയ ജീവിതം ആസ്വദിക്കാം. അതിലപ്പുറമെന്തു വേണം നമുക്ക്?! അല്ലാഹു ആഗ്രഹിക്കട്ടെ. آمين.
വളരെ പ്രശസ്തമായ ഒരു ഹദീസ് നോക്കൂ:
قِيلَ للنبيِّ صَلَّى اللهُ عليه وسلَّمَ: الرَّجُلُ يُحِبُّ القَوْمَ ولَمَّا يَلْحَقْ بهِمْ؟ قالَ: المَرْءُ مع مَن أحَبَّ (صحيح البخاري)
(ഒരാള്‍ ഒരു വിഭാഗത്തെ സ്‌നേഹിക്കുന്നു, പക്ഷേ, അയാള്‍ അവരുടെ പദവിയില്‍ എത്തിച്ചേര്‍ന്നിട്ടില്ല. ഇയാളെപ്പറ്റി തിരുനബി (صلّى الله عليه وسلّم) യോട് ചോദിക്കപ്പെട്ടു. അവിടന്ന് മറുപടി പറഞ്ഞുവത്രേ: ‘മനുഷ്യന്‍ അവന്‍ സ്‌നേഹിക്കുന്നവരോടു കൂടെയായിരിക്കും.’)
വിവിധ വഴികളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ ഹദീസിനെക്കുറിച്ച് മഹാനായ അനസ് (رضي الله عنه) പറഞ്ഞതിങ്ങനെയാണ്: തിരുനബി صلى الله عليه وسلم യുടെ ഈ മറുപടി കേട്ടപ്പോള്‍ സന്തോഷിച്ചതുപോലെ, മുസ്‌ലിംകള്‍ മറ്റൊരിക്കലും സന്തോഷിച്ചിട്ടില്ല.
അടുത്ത ആയത്ത് 71
മതപരവും വ്യക്തിപരവും സാമൂഹികവുമായ പല മേഖലകളെയും സംബന്ധിക്കുന്ന പല നിയമനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കഴിഞ്ഞ പല ആയത്തുകളിലുമായി അല്ലാഹു നല്‍കി.
ഇനി, പൊതുവെ അനുസരിക്കാന്‍ പ്രയാസമുള്ള, അതേസമയം ദീനിന്‍റെ നിലനില്‍പിന്ന് അത്യന്താപേക്ഷിതമായ പ്രതിരോധത്തെക്കുറിച്ചാണ് പറയുന്നത്. ദീനിന്‍റെ നിലനില്‍പ്പിനെത്തന്നെ വെല്ലുവിളിക്കുന്ന ശത്രുക്കളെ, പ്രതിരോധത്തിന്‍റെ ഭാഗമായി നേരിടേണ്ടിവരുമ്പോള്‍ സത്യവിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട, ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വിവരിക്കുകയും ചെയ്യുന്നുണ്ട്.
ഇസ്‌ലാമിക വ്യവസ്ഥിതിയുടെയും സംസ്‌കാരത്തിന്‍റെയും നിലനില്‍പിന്ന് ചിലപ്പോള്‍ ശത്രുവിനെതിരെ അടര്‍ക്കളത്തിലിറങ്ങുകവരെ ചെയ്യേണ്ടിവന്നേക്കാം. ശത്രുവിനെതിരെ സദാ ജാഗ്രത്തായിരിക്കണമെന്നാണിവിടെ പറയുന്നത്. ആവശ്യം വരുമ്പോള്‍ നേരിടാന്‍ പാകത്തില്‍ ആളും സന്നാഹങ്ങളും ഒരുക്കിവെക്കണം. ഓര്‍ക്കാപ്പുറത്ത് ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ കരുതിയിരിക്കണം.
ഇത്തരം ഒരുക്കങ്ങളുടെ രൂപം കാലദേശ വ്യത്യാസമനുസരിച്ച് മാറിക്കൊണ്ടിരിക്കും. സൈനിക പരിശീലനം നേടുക, ശത്രുക്കളുടെ യുദ്ധസാമഗ്രികളെ വെല്ലുന്നവ സജ്ജമാക്കുക, അതിര്‍ത്തികളില്‍ കാവല്‍ക്കാരെ നിര്‍ത്തുക, ചാരന്മാരുടെ നുഴഞ്ഞുകയറ്റം ജാഗ്രതയോടെ സൂക്ഷിക്കുക... ഇങ്ങനെ പലതും. എന്നിട്ട് ആവശ്യമായി വരുമ്പോള്‍, പല സംഘങ്ങളായോ ഒറ്റ സംഘമായോ സന്ദര്‍ഭോചിതം യുദ്ധത്തിനു പുറപ്പെടുക.
يَا أَيُّهَا الَّذِينَ آمَنُوا خُذُوا حِذْرَكُمْ فَانْفِرُوا ثُبَاتٍ أَوِ انْفِرُوا جَمِيعًا (71)
സത്യവിശ്വാസികളേ, നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെറുവ്യൂഹങ്ങളായോ ഒറ്റക്കെട്ടായോ യുദ്ധത്തിനു പുറപ്പെടുകയും ചെയ്യുക.
അടുത്ത ആയത്തുകള്‍ 72-73
മുസ്‌ലിംകളുടെ കൂട്ടത്തില്‍ മുനാഫിഖുകളുമുണ്ടായിരുന്നുവെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. അബ്ദുല്ലാഹിബ്‌നു ഉബയ്യാണ് അവരുടെ നേതാവ്. അത്തരം കപടവിശ്വാസികളെ സംബന്ധിച്ചാണ് ഇനി പറയുന്നത്.
യുദ്ധങ്ങള്‍ പോലെയുള്ള പ്രതിസന്ധികളില്‍ നിന്ന് ഉള്‍വലിയുകയാണ് അവര്‍ ചെയ്തിരുന്നത്. യുദ്ധങ്ങളില്‍ പങ്കെടുക്കാതെ സൂത്രത്തില്‍ ഒഴിഞ്ഞുമാറും. മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതാണവരുടെ പതിവ്.
മുസ്‌ലിംകള്‍ക്ക് വല്ല പരാജയമോ ആള്‍നഷ്ടമോ സംഭവിച്ചാല്‍ അവര്‍ക്ക് ഭയങ്കര സന്തോഷമാണ്. തങ്ങള്‍ പോകാതിരുന്നതില്‍ ആശ്വാസം കൊള്ളും. അവരൊന്നിച്ചു പോകാതിരുന്നത് അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണെന്ന് സമര്‍ഥിക്കും.
മുസ്‌ലിംകള്‍ ജയിക്കുകയോ, ഗനീമത്ത് ലഭിക്കുകയോ മറ്റോ ചെയ്താലോ? അവര്‍ പരഭവിക്കും. മുസ്‍ലിംകളോടൊപ്പം പങ്കെടുത്ത് ആ നേട്ടങ്ങളില്‍ ഭാഗഭാക്കാകാന്‍ കഴിയാത്തതില്‍ അതീവ ദുഃഖം പ്രകടിപ്പിക്കും. യത്ഥാര്‍ത്ഥത്തില്‍ ഗനീമത്ത് നഷ്ട്ടപ്പെട്ടതിലുള്ള സങ്കടവും വ്യസനവുമാണവര്‍ക്ക്. ഇത് കണ്ടാല്‍ തോന്നും, അവരും മുസ്‌ലിംകളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന്.
وَإِنَّ مِنْكُمْ لَمَنْ لَيُبَطِّئَنَّ فَإِنْ أَصَابَتْكُمْ مُصِيبَةٌ قَالَ قَدْ أَنْعَمَ اللَّهُ عَلَيَّ إِذْ لَمْ أَكُنْ مَعَهُمْ شَهِيدًا (72)
പിന്തിരിയുന്ന ചിലര്‍ നിങ്ങളിലുണ്ടെന്നു തീര്‍ച്ച; എന്നാല്‍, എന്തെങ്കിലും വിപത്തു നിങ്ങള്‍ക്കു ബാധിച്ചാല്‍, ഞാനവരൊന്നിച്ച് സന്നിഹിതനാകാതിരുന്നതുകൊണ്ട് അല്ലാഹു എനിക്കനുഗ്രഹം ചെയ്തു എന്നാണവന്‍ പ്രതികരിക്കുക.
وَلَئِنْ أَصَابَكُمْ فَضْلٌ مِنَ اللَّهِ لَيَقُولَنَّ كَأَنْ لَمْ تَكُنْ بَيْنَكُمْ وَبَيْنَهُ مَوَدَّةٌ يَا لَيْتَنِي كُنْتُ مَعَهُمْ فَأَفُوزَ فَوْزًا عَظِيمًا (73)
ഇനി, അല്ലാഹുവിങ്കല്‍ നിന്ന് എന്തെങ്കിലും അനുഗ്രഹം കൈവന്നാലോ, നിങ്ങള്‍ക്കും അവനുമിടയ്ക്ക് യാതൊരു സ്‌നേഹബന്ധവുമുണ്ടായിരുന്നിട്ടില്ലാത്ത വിധം അവന്‍ പരിഭവിക്കും:കഷ്ടം,ഞാനവരൊന്നിച്ചു ണ്ടായിരുന്നെങ്കില്‍ എനിക്കു മഹാ വിജയം നേടാമായിരുന്നു.
അടുത്ത ആയത്ത് 74
കേവലം ഭൗതിക ലാഭങ്ങള്‍ മുന്നില്‍ കണ്ടാണ് കപടവിശ്വാസികള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. ഈ നിലപാട് അപലപനീയമാണ്.
പാരത്രിക നേട്ടങ്ങള്‍ ആഗ്രഹിച്ച് ഐഹിക സുഖസൗകര്യങ്ങള്‍ ത്യജിക്കാന്‍ തയ്യാറാവുന്നവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ ഒട്ടും മടിക്കേണ്ടതില്ല. കാരണം, യുദ്ധത്തില്‍ കൊല്ലപ്പെട്ടാലും ജയിച്ചാലും അല്ലാഹു വലിയ പ്രതിഫലമാണവര്‍ക്ക് നല്‍കുക.
فَلْيُقَاتِلْ فِي سَبِيلِ اللَّهِ الَّذِينَ يَشْرُونَ الْحَيَاةَ الدُّنْيَا بِالْآخِرَةِ ۚ وَمَنْ يُقَاتِلْ فِي سَبِيلِ اللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا (74)
പാരത്രിക ലോകത്തിനു പകരം ഐഹിക ജീവിതം വില്‍ക്കുന്നവര്‍ ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ വഴിയില്‍ അടരാടിയിട്ട് ഒരാള്‍ വധിക്കപ്പെട്ടാലും വിജയിച്ചാലും നാമവന്ന് മഹത്തായ പ്രതിഫലം നല്‍കും.
-------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment