അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 75-79) മരണം പിടികൂടുക തന്നെ ചെയ്യും
ആവശ്യം വരുമ്പോള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പ്രതിരോധയുദ്ധത്തിന് ഇറങ്ങണമെന്നാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അങ്ങനെ അതില്‍ ജയിക്കുകയോ കൊല്ലപ്പെടുകതന്നെയോ ചെയ്താലും വലിയ പ്രതിഫലമുണ്ടെന്നും പറഞ്ഞു. ഇത്തരം പ്രതിരോധ സമരങ്ങള്‍ക്കിറങ്ങാതെ തടിയൂരുന്ന മുനാഫിഖുകളെക്കുറിച്ചും പറഞ്ഞു.
അതുമായി ബന്ധപ്പെട്ടുതന്നെയാണ്, അടുത്ത ആയത്തിലും അല്ലാഹു ചില കാര്യങ്ങള്‍ പറയുന്നത്.
ഇസ്‌ലാമിന്‍റെ ആരംഭകാലത്ത് ശത്രുക്കളുടെ നിഷ്ഠുര മര്‍ദനങ്ങള്‍ മൂലം പലരും ആദ്യം അബ്‌സീനിയയിലേക്കു പലായനം ചെയ്തു; പിന്നീട്, തിരുമേനി صلى الله عليه وسلمയും ഭൂരിഭാഗവും സ്വഹാബികളും رضي الله عنهم മദീനയിലേക്ക് ഹിജ്‌റ പോവുകയുണ്ടായി. അവസാനം സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, സ്വന്തം ഭാഗധേയം നിര്‍ണയിക്കാനാകാത്ത മറ്റു കഴിവില്ലാത്തവര്‍ എന്നിവര്‍ മക്കയിലവശേഷിച്ചു.
ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ക്ക് അവര്‍ വിധേയരാവുകയും കഠിന യാതനകള്‍ അനുഭവിക്കുകയും ചെയ്തിരുന്നു. മോചനത്തിനായി അല്ലാഹുവിനോട് കേണപേക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍. ആ പാവങ്ങളെ മോചിപ്പിക്കാനായി എന്തുകൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല എന്നാണ് അല്ലാഹു ചോദിക്കുന്നത്.
ശത്രുക്കളുടെ മര്‍ദ്ദനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന ദുര്‍ബലരായ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും മോചനത്തിനുവേണ്ടി യുദ്ധം ചെയ്യാന്‍ നിങ്ങളെന്തിനു മടിക്കണം! അതിനു സ്വയം മുന്നോട്ടു വരേണ്ടവരല്ലേ നിങ്ങള്‍?
സത്യവിശ്വാസികള്‍ക്ക് നിര്‍ബന്ധിത ഘട്ടത്തില്‍ അത് ബാധ്യതയാണ് എന്നുണര്‍ത്തുകയാണ്. അവതരണ പശ്ചാത്തലം ഇതാണെങ്കിലും നാനാവിധ ദുര്‍ബലവിഭാഗങ്ങളുടെയും വിമോചനത്തിനും ക്ഷേമത്തിനുമായി കഴിയുംവിധം നിയമവിധേയമായി പ്രവര്‍ത്തിക്കുക ഓരോ മുസ്‌ലിമിന്‍റെയും ബാധ്യതയാണ്. സാധുസംരക്ഷണം, പീഢിതരെ സഹായിക്കുക മുതലയാവയെല്ലാം വിശുദ്ധ ദീന്‍ എപ്പോഴും വളരെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണല്ലോ.
وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا (75)
ഞങ്ങളുടെ നാഥാ, അക്രമികളുള്ള ഈ നാട്ടില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും നിന്‍റെ പക്കല്‍ നിന്നു ഒരു രക്ഷകനെയും സഹായിയെയും ഞങ്ങള്‍ക്കു നിശ്ചയിച്ചു തരികയും ചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുന്ന ദുര്‍ബലരായ സ്ത്രീ പുരുഷന്മാരുടെയും കുട്ടികളുടെയും വിമോചനകാര്യത്തിലും അല്ലാഹുവിന്‍റെ മാര്‍ഗത്തിലും നിങ്ങളെന്തുകൊണ്ട് യുദ്ധം ചെയ്യുന്നില്ല?
وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ
മദീനയിലേക്കു ഹിജ്‌റ പോകാന്‍ ഖുറൈശികള്‍ അവരെ അനുവദിച്ചിരുന്നില്ല. അവരെക്കുറിച്ചാണ് ദുര്‍ബലര്‍ എന്നിവിടെ പറഞ്ഞത്. നിസ്സാഹായരും അവശരുമായിരുന്ന അവര്‍ മനം നൊന്ത്, രക്ഷ കിട്ടാന്‍ വേണ്ടി ചെയ്തുകൊണ്ടിരുന്ന ദുആകളാണ് അല്ലാഹു ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്.
അധികം താമസിയാതെത്തന്നെ അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും ചെയ്തു. മക്കാ വിജയത്തോടുകൂടി അവര്‍ക്ക് മക്കയില്‍ തന്നെ സ്വതന്ത്രമായി സ്വൈരജീവിതം നയിക്കാന്‍ കഴിഞ്ഞു.
അടുത്ത ആയത്ത് 76
മുസ്‌ലിംകള്‍ക്കെതിരെ യുദ്ധത്തിന് പുറപ്പെടുന്നവര്‍ പിശാചും അവന്‍റെ അനുയായികളുമാണെന്നും, അവരുടെ ആര്‍ഭാടങ്ങള്‍ കണ്ട് മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്നും അതെല്ലാം വളരെ ബലഹീനമാണെന്നും മുസ്‌ലിംകളെ ഓര്‍മപ്പെടുത്തുകയാണിനി. അസത്യത്തിന്‍റെയും പൈശാചിക പ്രതിഭാസങ്ങളുടെയും നൈമിഷികമായ പുറംപൂച്ച് കണ്ട് മുസ്‌ലിംകള്‍ വഞ്ചിതരാകരുത്.
ഏത് കാര്യത്തിലും ഇങ്ങനെത്തന്നെയാണ്. കുറെ ആളുകള്‍ കൂടുന്നു പരിപാടികള്‍ക്ക്... ഭയങ്കര ഒച്ചപ്പാടും ബഹളവും ആളുകളും സന്നാഹങ്ങളും... അതൊന്നും കണ്ടു പേടിക്കുകയോ വഞ്ചിതരാവുകയോ വേണ്ട. ഉള്ളുപൊള്ളയായ വെറും ബാഹ്യപ്രകടനങ്ങള്‍ മാത്രമാണത്.
ആളുകൂടലാണ് മാനദണ്ഡമെങ്കില്‍ എറ്റവും നല്ലവന്‍ ശൈഥാനാകണം!
കാരണം, അവന്‍റെ പിന്നാലെ എത്രയെത്ര ആളുകളാണുള്ളത്... എന്തുമാത്രം അനുയായികളാണ് അവന്നുള്ളത്! ഇപ്പറയുന്ന നമ്മളും പലപ്പോഴും അവന്‍റെയൊപ്പം കൂടാറില്ലേ... അല്ലാഹു പൊറുത്തുതരികയും കാത്തുരക്ഷിക്കുകയും ചെയ്യട്ടെ-آمين
الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ ۖ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا (76)
സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ വഴിയിലും നിഷേധികള്‍ പൈശാചിക പന്ഥാവിലുമാണ് അടരാടുക. അതുകൊണ്ട് നിങ്ങള്‍ പിശാചിന്‍റെ മിത്രങ്ങളോട് യുദ്ധം ചെയ്യുക. പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാണ്, തീര്‍ച്ച.
അടുത്ത ആയത്ത് 77
മക്കയില്‍ വിശുദ്ധ ഇസ്‌ലാമിന്‍റെ ആദ്യഘട്ടത്തില്‍ ശത്രുക്കളുടെ പീഢനങ്ങളേല്‍ക്കുമ്പോള്‍, ക്ഷമിക്കാനും നമസ്‌കാരം, സകാത്ത് മുതലായ സല്‍ക്കര്‍മങ്ങള്‍ ചെയ്ത് ജീവിതം നന്നാക്കുമാനാണ് മുസ്‍ലിംകളോട്
അല്ലാഹു കല്‍പിച്ചിരുന്നത്. അതായത്, വിശ്വാസം മുറുകെടിപിടിച്ച് ആരാധനാകര്‍മങ്ങളനുഷ്ഠിച്ച് ജീവിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ കല്‍പിക്കപ്പെട്ടിരുന്നത്.
മക്കയിലായിരുന്നപ്പോള്‍ തന്നെ നമസ്‌കാരവും സകാത്തും മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവല്ലോ. ഇന്നു നിലവിലുള്ള പ്രത്യേക രീതിയിലായിരുന്നില്ല അന്നത്തെ സകാത്ത് എന്നുമാത്രം.
പ്രതിരോധത്തിനുവേണ്ടി യുദ്ധം ചെയ്യാനുള്ള അനുവാദം അന്നുണ്ടായിരുന്നില്ല. ഉള്ള ശക്തി ഉപയോഗിച്ചു യുദ്ധം നടത്തിയാല്‍ കൊള്ളാമെന്ന് സത്യവിശ്വാസികള്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അബ്ദുര്‍റഹ്‍മാനു ബ്നു ഔഫ്, മിഖ്ദാദു ബ്നുല്‍ അസ്‍വദ്, ഖുദാമത്തു ബ്നു മദ്ഊന്‍, സഅ്ദുബ്നു അബീ വഖ്ഖാസ് رضي الله عنهمതുടങ്ങി പല സ്വഹാബികളും തിരുനബി صلى الله عليه وسلم യോട് അതിന് അനുവാദം ചോദിച്ചിട്ടുമുണ്ട്. പക്ഷേ, തല്‍ക്കാലം ക്ഷമിക്കാനായിരുന്നു നിര്‍ദേശം.
മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തിരുനബി صلى الله عليه وسلمയും സ്വഹാബികളും മദീനയിലേക്ക് പോയി. മദീനയില്‍ ചെന്നശേഷം, സ്ഥിതിഗതികള്‍ അനുകൂലമായപ്പോള്‍, അവര്‍ മുമ്പ് ആഗ്രഹിച്ചിരുന്നതുപോലെ, പ്രതിരോധത്തിനുവേണ്ടി യുദ്ധം ചെയ്യാനുള്ള കല്‍പന അവതരിച്ചു.
പക്ഷേ, പുറമെ ഇസ്‍ലാം സ്വീകരിക്കുകയും ഉള്ളുകൊണ്ട് സത്യനിഷേധത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്തിരുന്ന ചിലരുണ്ടായിരുന്നു. പ്രതിരോധ യുദ്ധം നിര്‍ബന്ധമാക്കി കല്‍പന അവതരിച്ചപ്പോള്‍ അവര്‍ അക്ഷമ കാണിക്കാനും വേവലാതിപ്പെടാനും തുടങ്ങി.
അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ എന്നല്ല അതിലുപരിയായി അവര്‍ ശത്രുക്കളെ ഭയപ്പെട്ടു. റബ്ബേ! എന്തിനീ യുദ്ധം നിര്‍ബന്ധമാക്കി? ഞങ്ങളുടെ സ്വാഭാവികമായ മരണത്തിനു മുമ്പുതന്നെ ശത്രുക്കളുടെ കൈയാല്‍ ഞങ്ങള്‍ മരിക്കേണ്ടിവരുമല്ലോ! കുറച്ചുകാലം കൂടി ജീവിക്കാന്‍ അനുവദിച്ചുകൂടേ?!... ഇങ്ങെനയൊക്കെ പരാതിയും പരിഭവവും പറയാന്‍ തുടങ്ങി.
ഇതിനു മറുപടി നല്‍കുകയാണ് അല്ലാഹു അടുത്ത ആയത്തില്‍.
ഈ ലോകത്തു എത്രതന്നെ ആനന്ദരകമായി ജീവിച്ചാലും പരലോകത്തെ അപേക്ഷിച്ച് അത് വളരെ തുച്ഛം മാത്രമാണ്. പരലോക ജീവിതസുഖം അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്. അത് അമൂല്യവും ശാശ്വതവുമാണ്.
അതുകൊണ്ടുതന്നെ, ശത്രുക്കളോട് പ്രതിരോധത്തിനിറങ്ങുക എന്ന കല്‍പന തുടങ്ങി, അല്ലാഹുവിന്‍റെ ഏത് വിധിവിലക്കുകളും അനുസരിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. അവന്‍റെ ആജ്ഞയനുസരിച്ച് നിങ്ങള്‍ ചെയ്യുന്ന കര്‍മങ്ങളോ, അതുമായി ബന്ധപ്പെട്ട് നിങ്ങളനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളോ ഒന്നും നിങ്ങള്‍ക്ക് തീരെ നഷ്ടപ്പെടില്ല. മരണത്തെയോ മറ്റോ ഭയന്ന് പിന്തിരിയുന്നത് ബുദ്ധിശൂന്യതയാണ്.
أَلَمْ تَرَ إِلَى الَّذِينَ قِيلَ لَهُمْ كُفُّوا أَيْدِيَكُمْ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ إِذَا فَرِيقٌ مِنْهُمْ يَخْشَوْنَ النَّاسَ كَخَشْيَةِ اللَّهِ أَوْ أَشَدَّ خَشْيَةً ۚ وَقَالُوا رَبَّنَا لِمَ كَتَبْتَ عَلَيْنَا الْقِتَالَ لَوْلَا أَخَّرْتَنَا إِلَىٰ أَجَلٍ قَرِيبٍ ۗ قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ لِمَنِ اتَّقَىٰ وَلَا تُظْلَمُونَ فَتِيلًا (77)
ചിലയാളുകളുടെ കാര്യം നിങ്ങളറിഞ്ഞില്ലേ? ബഹുദൈവവിശ്വാസികളോട് നിങ്ങള്‍ ഏറ്റുമുട്ടുന്നതവസാനിപ്പിക്കുകയും നമസ്‌കാരം നിലനിറുത്തുകയും സകാത്ത് നല്‍കുകയും ചെയ്യുക എന്ന് അവരോട് നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. അങ്ങനെ അവര്‍ക്കു യുദ്ധം നിയമമാക്കപ്പെട്ടപ്പോഴാകട്ടെ, അവരില്‍ ഒരു വിഭാഗമതാ, അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെയോ അതിലുപരിയോ ആയി ജനങ്ങളെപ്പേടിക്കുന്നു! അവരിങ്ങനെ പറയുകയും ചെയ്തു: നാഥാ, നീയെന്തിനാണ് ഞങ്ങള്‍ക്കു യുദ്ധം നിര്‍ബന്ധമാക്കിയിരിക്കുന്നത്? അടുത്ത ഒരവധിവരെ നീ ഞങ്ങളെ പിന്തിച്ചിട്ടിരുന്നുവെങ്കില്‍ എത്ര നന്നായേനേ! നബിയേ, താങ്കള്‍ പ്രഖ്യാപിക്കുക: ഭൗതികതയുടെ സൗഖ്യം വളരെ തുച്ഛമത്രേ; സൂക്ഷ്മതയുള്ളവര്‍ക്ക് പാരത്രിക ലോകമാണ് ഉത്തമം. ഒരല്‍പം പോലും നിങ്ങള്‍ അക്രമവിധേയരാവില്ല.
قُلْ مَتَاعُ الدُّنْيَا قَلِيلٌ
നമ്മളും അടിവരയിട്ട് മനസ്സിലാക്കേണ്ട സംഗതിയാണിത്-പരലോകത്തെ അപേക്ഷിച്ച് ഇഹലോകം വളരെ നിസ്സാരമാണ്.
തിരുനബി صلى الله عليه وسلم ഓലയില്‍ കിടന്നുറങ്ങിയിട്ട് ശരീരത്തില്‍ പാട് കണ്ട അബ്ദുല്ലാഹിബ്നു മസ്ഊദും സംഘവും رضي الله عنهم നല്ല കിടക്ക ഉണ്ടാക്കിത്തരട്ടെ എന്ന് ചോദിചപ്പോള്‍ പറഞ്ഞതെന്തായിരുന്നു: ഒരു മരച്ചുവട്ടില്‍ ഉച്ചമയങ്ങുകയും പിന്നെ എഴുന്നേറ്റ് യാത്ര തുടരുകയും ചെയ്തവനെപ്പോലെയാണ് ഞാന്‍. (ഇവിടെ ശാശ്വതനല്ല, ശാശ്വതമായ പരലോകസുഖത്തിനുവേണ്ടിയുള്ള യാത്രയിലാണെന്ന് സാരം).
വളരെ തുച്ഛമായ സമയം മാത്രമല്ലേ ഇവിടെ നമ്മള്‍ ജീവിക്കുന്നുള്ളൂ.
വളരെ തുച്ഛമാണെന്ന് നമുക്ക് മനസ്സിലാകുന്നത് മരിക്കുന്ന നേരത്താണെന്നുമാത്രം. അപ്പോള്‍ ബോധ്യമായിട്ട് കാര്യമില്ലല്ലോ.
നേരത്തെതന്നെ ഇക്കാര്യമങ്ങോട്ട് ബോധ്യമായാല്‍ പിന്നെ ദുന്യാവിന്മേല്‍ നമ്മള്‍ കെട്ടിമറിയില്ല. ഉള്ളതുകൊണ്ടൊക്കെ അഡ്ജസ്റ്റ് ചെയ്ത് ശാശ്വതമായ ആഖിറത്തിനുവേണ്ടി പണിയെടുക്കും. അല്ലാഹു സഹായിക്കട്ടെ-آمين
وَالْآخِرَةُ خَيْرٌ لِمَنِ اتَّقَىٰ
മുത്തഖീങ്ങള്‍ക്കേ ആഖിറം ഖൈറുള്ളൂ. നമ്മളും ആഖിറത്തിനൊരുങ്ങുന്നവരാണ്. അതുകൊണ്ടുതന്നെ മുത്തഖികളാകേണ്ടവരുമാണ്.
മുത്തഖി എന്ന് കേള്‍ക്കുമ്പോഴേക്ക് ബേജാറാകേണ്ടതില്ല.
വെറും ദിക്റും തസ്ബീഹുമായി വനവാസത്തിന് പോകണമെന്നല്ല അതിനര്‍ത്ഥം. ജീവിതത്തില്‍ എല്ലാ മേഖലയിലും സൂക്ഷ്മത പുലര്‍ത്തുക..
അത് ഓരോ സമയത്ത്, സന്ദര്‍ഭത്തിനനുസരിച്ച് വ്യത്യാസപ്പെടാം...
وَلَا تُظْلَمُونَ فَتِيلًا
ഫതീല്‍ എന്താണെന്ന് ഇതേ സൂറയിലെ 49 ആം ആയത്ത് പഠിച്ചപ്പോള്‍ നമ്മള്‍ വിശദമായി പറഞ്ഞിട്ടുണ്ട്.
വളരെ തുച്ഛം എന്ന അര്‍ഥത്തില്‍ – ‘തരിമ്പും, കടുകുമണിയോളം’ എന്നൊക്കെ മലയാളത്തില്‍ പറയപ്പെടാറുള്ളതുപോലെ – അറബിയിലെ ഒരു പ്രയോഗമാണിത്.
ഇതുപോലെ വേറെയും 2 പദങ്ങളുണ്ട്. എല്ലാം ഈത്തപ്പഴത്തിന്‍റെ കുരുവുമായി ബന്ധപ്പെട്ട പദങ്ങളാണ്.
ഈത്തപ്പനക്കുരുവിനെ പൊതിഞ്ഞു നില്‍ക്കുന്ന, ഉണങ്ങിയ ഉള്ളിത്തൊലിപോലെയുള്ള നേരിയ പാടയാണ് قِطْمِير. അതിന്‍റെ മുതുക് ഭാഗത്തു ഒരു കുത്തുപോലെ കാണാവുന്ന കുഴിയാണ് نَقِير . അതിന്‍റെ പള്ളഭാഗത്തുള്ള ചെറിയൊരു ചാലില്ലേ, ആ ചാലിലുണ്ടാകുന്ന നേരിയ നാരുപോലെയുള്ള തിരിയാണ് فَتِيل ) .
അടുത്ത ആയത്ത് 78
മരിക്കുമെന്നു പേടിച്ച് ധര്‍മസമരത്തിനു പോകാന്‍ മടിച്ച കപടവിശ്വാസികളോട് അല്ലാഹു തുടര്‍ന്നുപറയുന്നതിതാണ്:
നിശ്ചിത സമയം മനുഷ്യന്‍ മരണത്തിനു വിധേയനാകും. സമരമുഖത്തായതുകൊണ്ട് നേരത്തെ മരിക്കില്ല; മറിച്ച്, ഏതു സുരക്ഷിത കേന്ദ്രത്തിലാണെങ്കിലും സമയമായാല്‍ മരിക്കുകയും ചെയ്യും.
യുദ്ധം മൂലം നിങ്ങളുടെ ആയുസ്സ് കുറയുകയോ, യുദ്ധം ചെയ്യാതിരുന്നതുമൂലം അത് കൂടുകയോ ഇല്ല. വിശുദ്ധ ദീനിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് മരിച്ചതെങ്കില്‍ പരലോകത്ത് വലിയ പ്രതിഫലമുണ്ടാകും. പുണ്യസമരങ്ങളില്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായവര്‍ മരിച്ചവരാണെന്ന് നിങ്ങള്‍ വിചാരിക്കരുതെന്നും അവര്‍ ജീവിച്ചിരിക്കുന്നവരാണെന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ (ആലു ഇംറാന്‍ 169).
നിങ്ങളുടെ ഒഴികഴിവുകളും വേവലാതികളും അസ്ഥാനത്താണ്. അതെല്ലാമൊഴിവാക്കി അല്ലാഹുവിന്‍റെ കല്‍പന അനുസരിക്കുകയാണ് നിങ്ങള്‍ക്കുത്തമം. അല്ലാത്തപക്ഷം, സ്വന്തത്തിനുതന്നെ തീരാനഷ്ടം വരുത്തിവെക്കുകയാകും ഫലം.
കപടവിശ്വാസികളുടെ മറ്റൊരു ആരോപണവും അതിനുള്ള മറുപടിയും കൂടി ഈ ആയത്തലുണ്ട്. അവര്‍ മാത്രമല്ല യഹൂദികളും ഈ ആരോപണം ഉന്നയിച്ചിരുന്നുവത്രെ.
തിരുനബി صلى الله عليه وسلم യെ ശരിയായി വിശ്വസിക്കാനും അവിടത്തെ സര്‍വാത്മനാ അംഗീകരിക്കാനും അവരുടെ ദുരാഭിജാത്യം അനുവദിച്ചിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ തിരുനബി صلى الله عليه وسلمയെ സംബന്ധിച്ച് എന്തെങ്കിലുമൊക്കെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനുള്ള പഴുതുകളന്വേഷിച്ച് നടക്കുകയായിരുന്നു അവര്‍. ഇനി പറയാന്‍ പോകുന്ന വിലകുറഞ്ഞ ആരോപണങ്ങളും ആ ഗണത്തില്‍ പെട്ടതാണ്.
അതായത്, യുദ്ധ വിജയമോ ഗനീമത്ത് ലബ്ധിയോ മറ്റു നേട്ടങ്ങളോ ഉണ്ടാകുമ്പോള്‍, ഞങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുലഭിച്ച പരിഗണനമൂലമാണിത് എന്ന് പറഞ്ഞ് അവര്‍ അഭിമാനം കൊള്ളും. മറിച്ച് ക്ഷാമം, ദുഃഖം മുതലായ വല്ല അനിഷ്ട കാര്യങ്ങളും ബാധിക്കുമ്പോള്‍ അടവു മാറ്റും. അത് തിരുനബി (صلّى الله عليه وسلّم) നിമിത്തം സംഭവിച്ച അവലക്ഷണവും ദോഷവുമാണെന്ന് ജല്‍പിക്കും.
തിരുനബി (صلّى الله عليه وسلّم) മദീനയില്‍ ചെന്ന ഉടനെ കുറച്ചുകാലം അവിടെ ക്ഷാമം ബാധിച്ചിരുന്നുവെന്നും, അതാണിവര്‍ ഇങ്ങനെ പറയാന്‍ കാരണമെന്നും ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്.
ഈ ആരോപണത്തിനും മറുപടി നല്‍കുകയാണിവിടെ. നന്മ-തിന്മകളൊക്കെ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്നതാണ്. എല്ലാം അല്ലാഹു കണക്കാക്കുന്നതും സൃഷ്ടിക്കുന്നതുമാണ്. ചില കാരണങ്ങളും സന്ദര്‍ഭങ്ങളും അവന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതൊന്നും അവര്‍ മനസ്സിലാക്കുന്നില്ലല്ലോ, അവര്‍ക്കെന്തു പറ്റി?!
ഇക്കാര്യം അവരെ പ്രത്യേകിച്ചും, ലോകത്തെ പൊതുവെയും പഠിപ്പിക്കാന്‍ തിരുമേനി صلى الله عليه وسلمയോട് കല്‍പിക്കുകയാണ്.
أَيْنَمَا تَكُونُوا يُدْرِكْكُمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ ۗ وَإِنْ تُصِبْهُمْ حَسَنَةٌ يَقُولُوا هَٰذِهِ مِنْ عِنْدِ اللَّهِ ۖ وَإِنْ تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِنْدِكَ ۚ قُلْ كُلٌّ مِنْ عِنْدِ اللَّهِ ۖ فَمَالِ هَٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا (78)
എവിടെയാണെങ്കിലും നിങ്ങളെ മരണം പിടികൂടുക തന്നെ ചെയ്യും; പണിതുയര്‍ത്തപ്പെട്ട കോട്ടകളിലാണെങ്കില്‍ പോലും. വല്ല നന്മയും കപടവിശ്വാസികള്‍ക്കു ലഭിക്കുകയാണെങ്കില്‍ ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്ന് അവര്‍ പറയും; ഇനി എന്തെങ്കിലും തിന്മയാണ് വന്നുഭവിക്കുന്നതെങ്കില്‍, ഇത് നിന്‍റെ ദുഃശകുനം മൂലമാണ് എന്നാണവര്‍ തട്ടിവിടുക! നബിയേ, എല്ലാം അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്നതാണ് എന്ന് അങ്ങ് പ്രഖ്യാപിക്കുക. അക്കൂട്ടര്‍ക്ക് എന്തുപറ്റി? ഒരു കാര്യവും അവര്‍ യഥായോഗ്യം മനസ്സിലാക്കുന്നില്ലല്ലോ?
മരിക്കുമെന്ന കാര്യം നമുക്കുറപ്പാണ് അല്ലേ. നമ്മളൊരുങ്ങിയിട്ടുണ്ടോ?! നെഞ്ചത്ത് കൈവെച്ച് പറയാന്‍ കഴിയുമോ, ഞാന്‍ റെഡിയാണെന്ന്!
നമ്മുടെ ജീവിതത്തിലെന്തെങ്കിലുമൊരു കാര്യം നിശ്ചയിച്ചാല്‍ പിന്നെ വെറുതെയിരിക്കാത്തവരാണ് നമ്മള്‍. ആക്കാര്യത്തിനു വേണ്ടിയുള്ള ഒരുക്കത്തിലും ഓട്ടപ്പാച്ചിലിലുമായിരിക്കും.
പക്ഷേ, സുനിശ്ചിതമായ മരണം, അതിനുള്ള ഒരുക്കം എത്രത്തോളമായെന്ന് വിലയിരുത്തണം. നമുക്കത് സംബന്ധമായി പ്രത്യേകിച്ചൊരു പേടിയും ഇല്ലാത്ത പോലെയാണല്ലേ... അല്ലെങ്കില്‍ നമ്മളും ഖൌമും ഇങ്ങനെ കുത്തഴിഞ്ഞ ജീവിതമല്ലല്ലോ നയിക്കുക! പ്രവാചകന്മാരടക്കം സച്ചരിതരായ മുന്‍ഗാമികളൊക്കെ ഭയപ്പാടോടെയാണ് മരണത്തെ കണ്ടിരുന്നത്.
മരണങ്ങളും മരണാനന്തര കര്‍മങ്ങളുമൊക്കെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന നമ്മള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മരണത്തേക്കാള്‍ വലിയ ഉപദേശകന്‍ ഇല്ലല്ലോ.
നമ്മളെ കുളിപ്പിക്കാനുള്ള വെള്ളം റെഡിയാണ്, കഫന്‍പുടവ അടുത്ത കടയിലും റെഡിയാണ്. കട്ടില്‍ ചുമക്കാനുള്ള ആളുകളും , മണ്ണ് വാരിയിടാനുള്ള ആളുകളും റെഡിയാണ്. നമ്മള്‍ റെഡിയാണോ?!
പെട്ടെന്നല്ലേ മരണം സംഭവിക്കുക. എവിടന്നാണെന്നോ എങ്ങനെയാണെന്നോ അറിയില്ല. റൂഹ് പിടിക്കാന്‍ നിശ്ചയിച്ച സ്ഥലത്തേക്ക് ആ സമയത്ത് റബ്ബ് നമ്മളെ കൊണ്ടെത്തിക്കും. നന്നാകാന്‍ കുറച്ച് സമയം ചോദിച്ചാല്‍ കിട്ടുമോ, ഇല്ലല്ലോ.
അസുഖം വന്ന് കിടപ്പിലായിട്ടേ മരിക്കുകയുള്ളൂ എന്നൊന്നുമില്ലല്ലോ. ഒരു കുഴപ്പവുമില്ലാത്ത എത്രയാളുകള്‍ പെട്ടെന്നു മരണപ്പെടുന്നു! ജനിക്കുക തന്നെ വേണമെന്നില്ലല്ലോ മരിക്കാന്‍... ഗര്‍ഭസ്ഥശിശുക്കള്‍ മരണപ്പെടാറില്ലേ?!
മരണത്തെക്കുറിച്ച് എപ്പോഴും ആലോചിച്ചുകൊണ്ടിരുന്നാല്‍, അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയാല്‍ മരിക്കാന്‍ എളുപ്പമായിരിക്കും. അല്ലെങ്കില്‍ കാര്യം പോക്കും. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍
മരണം ഓര്‍ത്തുകൊണ്ടിരുന്നാല്‍ അല്ലാഹുവിനോടൊരു നാണം തോന്നും. പിന്നെ തെറ്റുകള്‍ ചെയ്യാന്‍ മുതിരുകയില്ല. ജീവിതം സംസ്കൃതമാവുകയും ചെയ്യും.
വലിയ ബുദ്ധിമാന്‍ നിരന്തരം മരണം ആലോചിക്കുന്നവനും അതിനുവേണ്ടി ഒരുങ്ങുന്നവുമാണെന്ന് തിരുനബി صلى الله عليه وسلم പറഞ്ഞത് അതുകൊണ്ടാണ്.
ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നമ്മെ മരണത്തോടടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ മാറിവരുമ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ പലരും ശ്രമിക്കാറില്ല. എന്നാലോ, ന്യൂ ഇയര്‍ ആശംസ നേരാന്‍ മറക്കുകയുമില്ല! അതെളുപ്പമുള്ള പണിയല്ലേ, മെനക്കേടൊന്നുമില്ലല്ലോ! ആത്മവിചാരണ നടത്തുകയല്ലേ വേണ്ടത്.
മരണം പിടികൂടും; രക്ഷപ്പെടില്ല. എന്നാല്‍പിന്നെ നല്ല മരണത്തിന് വേണ്ടി ശ്രമിക്കുകയല്ലേ ചെയ്യേണ്ടത്. നല്ല അന്ത്യത്തിനു വേണ്ടി ദുആ ചെയ്യണം. ആ സമയത്തെക്കുറിച്ച് ബേജാറാകണം. അല്ലാഹു സഹായിക്കട്ടെ-ആമീന്‍.
നമുക്ക് ഹുസ്നുല്‍ ഖാതിമ ലഭിക്കുന്നത് പിശാചിന് വലിയ ദേശ്യവും സങ്കടകരവുമാണ്. അതുകൊണ്ടുതന്നെ അത് കിട്ടാതിരിക്കാന്‍ നിരന്തരം ശ്രമിക്കുമവന്‍; മരണസമയത്തുപോലും കഠിന ശ്രമം നടത്തും.
ഒരാള്‍ ഈമാനോടെ മരിച്ചാല്‍, അതിന്‍റെ പേരില്‍ 40 ദിവസം വരെ ദുഃഖാചരണം നടത്തുമത്രെ ഇബ്‍ലീസും സംഘവും. തിരിച്ചാണെങ്കിലോ, അതായത് ആഖിബത്ത് മോശമായി ഒരാള്‍ മരിച്ചാല്‍ 40 ദിവസത്തെ ആഘോഷവും ഉണ്ടാകും.
അടുത്ത ആയത്ത് 79
നന്മയും തിന്മയും അല്ലാഹുവിങ്കല്‍ നിന്നുതന്നെയാണ് സംഭവിക്കുന്നതെങ്കിലും രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.
നന്മയുടെ ഉത്ഭവം അല്ലാഹുവിങ്കല്‍ നിന്നാണ്. അതെ, അവന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ടാണതുണ്ടാകുന്നത്. തിന്മയുടെ ഉത്ഭവം മനുഷ്യരില്‍ നിന്നുതന്നെയാണ്. അതായത്, അവരുടെ പ്രവൃത്തിദോഷവും അനുസരണക്കേടുമാണതിന് കാരണം.
അതോടൊപ്പം ഒരു കാര്യം കൂടി ഊന്നിപ്പറയുന്നു: തിരുനബി (صلّى الله عليه وسلّم)യെ അല്ലാഹു തന്‍റെ ദൂതനായി അയച്ചിരിക്കുകയാണ്. അവന്‍റെ ഭൗത്യങ്ങള്‍ പ്രബോധനം ചെയ്യുക മാത്രമാണ് അവിടത്തെ ചുമതല. അത് ആര് സമ്മതിച്ചാലും ഇല്ലെങ്കിലും, മറ്റാരുടെയും തെളിവും സ്ഥിരീകരണവും അതിന് ആവശ്യമില്ല, അല്ലാഹുവിന്‍റെ സാക്ഷ്യം തന്നെ മതി. അതുകൊണ്ട്, ഒരു കാര്യത്തിലും തിരുനബി صلى الله عليه وسلمയെ ആക്ഷേപിക്കാന്‍ പാടില്ല.
നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും ഇത് ബോധ്യമാകും, അംഗീകരിക്കുകുയം ചെയ്യും. അങ്ങനെയാണല്ലോ കൊടിയ ശത്രുക്കള്‍ പോലും തിരുനബി صلى الله عليه وسلمയെ അംഗീകരിച്ചത്.
مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ ۖ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ ۚ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِاللَّهِ شَهِيدًا (79)
ഏതൊരു നന്മ താങ്കള്‍ക്ക് വന്നുഭവിച്ചാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്; വല്ല തിന്മയും ബാധിക്കുന്നുവെങ്കില്‍ സ്വകര്‍മഫലമായുണ്ടാകുന്നതത്രേ. മാനവതക്കുള്ള ദൂതനായാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്. അതിനു സാക്ഷിയായി അല്ലാഹു മതി.
ഇതേ ആശയം സൂറത്തുശ്ശൂറാ 30 ലും കുറച്ചുകൂടി വ്യക്തമായി അല്ലാഹു പറയുന്നുണ്ട്:
وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ
(നിങ്ങളെ എന്തെങ്കിലും ഒരാപത്ത് പിടികൂടിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സ്വയംകൃതാനര്‍ത്ഥങ്ങളാലത്രേ അത്; ഒട്ടേറെ അവന്‍ മാപ്പാക്കുന്നുമുണ്ട്.)
-------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment