ജംറതുല്‍ അഖബയിലെ ഏറും ഇഫാളതിന്റെ ത്വവാഫും

ഇന്ന് ദുല്‍ഹിജ്ജ പത്ത്... ഹാജിമാര്‍ക്കും മക്കയിലുള്ളവര്‍ക്കുമൊക്കെ ഇന്ന് പെരുന്നാളാണ്. ലോക മുസ്‍ലിംകളുടെ ഏറ്റവും വലിയ സംഗമമായ അറഫയെ തുടര്‍ന്നാണ് ബലിയും പെരുന്നാളും കടന്നു വരുന്നത്. 

അറഫാസംഗമം കഴിഞ്ഞ് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ സുബ്ഹി നിസ്കരിച്ച് മിനായിലേക്ക് തിരിച്ച് നടക്കുകയാണ്. സൂര്യോദയത്തോടെ അധികപേരും തമ്പുകളില്‍ തന്നെ എത്തിച്ചേരുന്നു. ഇനി അവര്‍ക്ക് ചെയ്യാനുള്ളത് ജംറതുല്‍ അഖബയിലെ ആദ്യ ഏറുകളാണ്. ളുഹാ സമയം ആകുന്നതോടെ ആ കര്‍മ്മത്തിന് തുടക്കം കുറിക്കുന്നു. 

അല്ലാഹുവിന്റെ കല്‍പന പ്രകാരം, മകനെ ബലിയറുക്കാനായി തയ്യാറായ വേളയില്‍ പിന്തിരിപ്പിക്കാനെത്തിയ പിശാചിനെ ഇബ്റാഹീം (അ) കല്ലെറിഞ്ഞ് ഓടിച്ചത് ഇവിടെ വെച്ചായിരുന്നു. അതിന്റെ ഓര്‍മ്മകളാണ് വിശ്വാസികള്‍ ഇതിലൂടെ പുതുക്കുന്നത്. അതോടൊപ്പം, ജീവിതത്തിലുടനീളം ഈ പിശാച് തങ്ങളെ പിഴപ്പിക്കാനായി കാത്തിരിക്കുകയാണെന്ന ബോധവും അവന്റെ വലയില്‍ വീഴാതെ സദാസമയവും എറിഞ്ഞ് ഓടിക്കേണ്ടതാണ് അവനെ എന്നുമുള്ള ചിന്തയാണ് ഇത് നല്കുന്നതും നല്കേണ്ടതും. 

ഇന്നത്തെ ഏറ് കഴിയുന്നതോടെ, ഹജ്ജിന്റെ ആദ്യവിരാമമായെന്ന് പറയാം. ഇനി മുടി മുറിക്കുകയോ കളയുകയോ ഒക്കെ ചെയ്യാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇന്ന് ഇനി നിര്‍വ്വഹിക്കാനുള്ളത് ഹജ്ജിന്റെ നിര്‍ബന്ധ ത്വവാഫ് ആയ ത്വവാഫുല്‍ ഇഫാളത് ആണ്. ഒഴുക്കിന്റെ ത്വവാഫ് എന്ന് ഇതിന് അര്‍ത്ഥം പറയാം. അറഫാസംഗമവും മുസ്ദലിഫയിലെ രാപ്പാര്‍ക്കലും കഴിഞ്ഞ് ജംറയിലേക്ക് വരുന്ന ജനസാഗരത്തിന്റെ ഒഴുക്ക് നേരെ പോയി അവസാനിക്കുന്നത് ഈ ത്വവാഫിലേക്കാണ് എന്നത് കൊണ്ടാവാം ഇങ്ങനെ പേര് വന്നത്. 

കഅ്ബാലയത്തെ ഏഴ് പ്രാവശ്യം വലയം വെക്കുന്നതിനെയാണ് ത്വവാഫ് എന്ന് പറയുന്നത്. വൃത്താകൃതിയിലുള്ള ചലനം പ്രകൃതിയുടെ ഭാഗമാണെന്ന് പറയാം. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം കറങ്ങിക്കൊണ്ടേയിരിക്കുകയാണ്. അവയെല്ലാം ഘടികാര വിപരീതമായാണ് കറങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. ത്വവാഫിലെ ചംക്രമണവും അങ്ങനെത്തന്നെ. അഥവാ, പ്രപഞ്ചത്തിന്റെ ആത്യന്തിക ചലനത്തെയാണ് ത്വവാഫും പ്രതിനിധീകരിക്കുന്നത് എന്ന് പറയാം. അല്ലെങ്കില്‍, പ്രപഞ്ചത്തിലെ മുഴുവന്‍ ചലനങ്ങളും ത്വവാഫില്‍ ആവാഹിക്കപ്പെട്ടിരിക്കുന്നു എന്നും പറയാം. 

പിശാചിനെ കല്ലെറിഞ്ഞ് തുരത്തി, ഓടി വരുന്ന അടിമ ഭാവിയില്‍ അവന്റെ ശല്യമുണ്ടാവാതിരിക്കാന്‍ അല്ലാഹുവിന്റെ ഭവനത്തില്‍ അഭയം തേടുകയാണ് ത്വവാഫിലൂടെ. നാഥന്റെ ഭവനത്തിന് ചുറ്റും ആര്‍ദ്രമായ പ്രാര്‍ത്ഥനകളോടെ, അഭയം തേടി അവന്‍ ഓടി നടക്കുന്നു. ഇടക്കിടെ ആ വാതില്‍പ്പടിയില്‍ പിടിച്ച് കരഞ്ഞ് കരഞ്ഞ് കേണപേക്ഷിക്കുന്നു. തീര്‍ച്ചയായും അവന്‍ ആ തേട്ടം സ്വീകരിക്കാതിരിക്കില്ല. ആ ഉറപ്പോടെയാണ് ഓരോ ഹാജിയും ത്വവാഫ് കഴിഞ്ഞ് തിരിച്ചുനടക്കുന്നത്.
ത്വാവാഫിനെ തുടര്‍ന്ന് അതിന്റെ സുന്നത് നിസ്കാരം കൂടി നിര്‍വ്വഹിച്ച ഹാജിമാര്‍ പിന്നീട് പോവുന്നത് നേരെ സ്വഫാ-മര്‍വ്വ കുന്നുകളിലേക്കാണ്. നേരത്തെ, അവകള്‍ക്കിടയിലെ സഅ്‍യ് നിര്‍വ്വഹിച്ചിട്ടില്ലാത്തവരാണ് അത് ഇന്ന് നിര്‍വ്വഹിക്കേണ്ടത്. അത് കൂടി കഴിയുന്നതോടെ, ഇന്നത്തെ പ്രധാന കര്‍മ്മങ്ങള്‍ അവസാനിച്ചു എന്ന് പറയാം. 

ശേഷം മിനായിലെ തമ്പുകളിലേക്ക് തന്നെ തിരിച്ച് പോയി, വരും ദിനങ്ങളിലെ ഏറുകള്‍ക്കായി അവിടെ കഴിച്ച് കൂട്ടുന്നു. പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവും ദിക്റുകളുമെല്ലാമായി ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടാണ് മിനാദിനങ്ങള്‍ ചെലവഴിക്കുന്നത്. വരും ദിനങ്ങളില്‍ നമുക്ക് ആ സുന്ദര കാഴ്ചകള്‍ കൂടി കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter