ഇന്ന് ദുല്‍ഹിജ്ജ 11
ഇന്നലെ ഇഫാളതിന്റെ ത്വവാഫും സഅ്‍യും കഴിഞ്ഞ് മിനായിലെ തമ്പില്‍ തന്നെ തിരിച്ചെത്തിയതാണ് ഹാജിമാരെല്ലാം. ഇനിയുള്ള ദിവസങ്ങള്‍ കഴിച്ച് കൂട്ടുന്നത് തമ്പുകളില്‍ തന്നെയാണ്.
ഓരോ ദിവസവും മൂന്ന് ജംറകളിലും ഏഴ് വീതം ഏറുകളാണ് ഇനി ബാക്കിയുള്ളത്. അതിനെല്ലാം ആവശ്യമായ ചെറിയ കല്ലുകള്‍ നേരത്തെ മുസ്‍ദലിഫയില്‍നിന്ന് ശേഖരിച്ചതാണല്ലോ.
ഇന്ന് ഉച്ചയോടെ ഹാജിമാര്‍ സംഘം സംഘമായി മിനയുടെ അറ്റത്തുള്ള ജംറകളിലേക്ക് നീങ്ങുന്നു. തിക്കും തിരക്കും കുറക്കാനും പ്രയാസങ്ങളൊന്നുമില്ലാതെ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള സൌകര്യമൊരുക്കാനുമായി, ഓരോ ഓരോ വിഭാഗങ്ങളായി ഏറിന് പ്രത്യേക സമയം തന്നെ നിശ്ചയിക്കുകയാണ്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൌദി സര്‍ക്കാര്‍ ചെയ്ത് വരുന്നത്.
ഓരോ സംഘവും തങ്ങള്‍ക്ക് നിശ്ചയിച്ച സമയത്ത് തന്നെ പുറപ്പെടുന്നു. നേരെ ചെന്നെത്തുന്നത് ആദ്യജംറയായ ചെറിയ ജംറയിലായിരിക്കും. അവിടെ സ്ഥാപിച്ച തൂണിലേക്ക് എറിയുകയാണ് വേണ്ടത്. ശേഷം വലത്തോട്ട് മാറി ദുആ ചെയ്ത് രണ്ടാം ജംറയെ (മധ്യ ജംറ)യും ഏഴ് പ്രാവശ്യം എറിയുന്നു. അവിടെയും ദുആ ചെയ്ത് വലിയ ജംറയായ ജംറതുല്‍ അഖബയിലും ഏഴ് പ്രാവശ്യം എറിയുന്നത് ഇന്നേ ദിവസത്തെ ഏറ് പൂര്‍ത്തിയാവുന്നു.
ഇബ്റാഹീം (അ)നെ ബലിയര്‍പ്പണത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പിശാച് മൂന്ന് തവണ ശ്രമിച്ച സ്ഥലങ്ങളിലാണ് ഈ ജംറകളുള്ളത്. പിശാചിന്റെ ശ്രമങ്ങളിലൊന്നും പെടാതെ ഇബ്റാഹീം(അ) അവനെ കല്ലെറിഞ്ഞ് നിലം പരിശാക്കുകയായിരുന്നു. അതിന്റെ ഓര്‍മ്മകളാണ് ഈ ഏറുകളിലൂടെ ഹാജിമാര്‍ പുതുക്കുന്നത്. അതോടൊപ്പം, ജീവിതത്തിലുടനീളം തങ്ങളെ വഴി തെറ്റിക്കാനായി പിശാച് കൂടെയുണ്ടാവുമെന്ന ചിന്തയും എവിടെയും എപ്പോഴും അവനെ എറിഞ്ഞ് തുരത്താനായി വിശ്വാസത്തിന്റെ കൂര്‍ത്ത കല്ലുകള്‍ കൂടെ വേണമെന്ന പ്രതിജ്ഞയും കൂടിയാണ് ഇത് ഹാജിമാരെയും ഓരോ വിശ്വാസിയെയും ഓര്‍മ്മിപ്പിക്കുന്നത്.
ഏറുകള്‍ കഴിഞ്ഞ് തമ്പുകളിലേക്ക് തന്നെ മടങ്ങുന്ന ഹാജിമാര്‍ ശിഷ്ട സമയം ആരാധനാകര്‍മ്മങ്ങളും പ്രാര്‍ത്ഥനാ വചസ്സുകളുമായി അവിടെ കഴിച്ച് കൂട്ടുന്നു.