ബ്രിട്ടീഷ് മുസ്‌ലിം സമൂഹം: വളർച്ചയുടെ പുതു ചിത്രങ്ങൾ

സൂര്യനസ്മിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായി രണ്ട് നൂറ്റാണ്ടിലധികം ലോകത്ത് നിർണായക സ്വാധീനം ചെലുത്തിയിരുന്ന ബ്രിട്ടനിലെ ഏററവും പുതിയ സെൻസസിൽ രാജ്യത്ത് ഇസ്‌ലാമിന് വൻ സ്വീകാര്യത ലഭിച്ച് കൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യത്ത് ഏറ്റവും വേഗതയിൽ വളർച്ച രേഖപ്പെടുത്തുന്ന മതമായി ഇസ്‌ലാം മാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ക്രിസ്തുമതം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ  പിന്തുടരുന്നത് പരിശുദ്ധ ഇസ്‌ലാമിനെയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം നിർണായക സാന്നിധ്യമായി മാറാനും രാജ്യത്തിന്റെ വളർച്ചയിൽ തങ്ങളുടേതായ ഭാഗധേയം നിർണയിക്കുവാനും ബ്രിട്ടീഷ് മുസ്‌ലിംകൾക്ക് സാധിച്ചിട്ടുണ്ട്.

മുസ്‌ലിം ജനസംഖ്യ

2011 ലെ നാഷണൽ സെൻസസ് പ്രകാരം 2,516,000 അഥവാ ബ്രിട്ടീഷ് ജനസംഖ്യയുടെ 4.8% ആയിരുന്ന മുസ്‌ലിം സമൂഹം 2021 ൽ 5.7% ആയി വളർന്നു. പുതിയ സെൻസസ് പ്രകാരം 3.3 ദശലക്ഷമാണ് മുസ്‌ലിം ജനസംഖ്യ. 59 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യൻ ജനസംഖ്യ 8.3% കുറഞ്ഞ് 51ലേക്ക് ചുരുങ്ങിയപ്പോൾ 32.3% ഉണ്ടായിരുന്ന മത രഹിത സമൂഹം 38% ആയി വളർന്നിരിക്കുകയാണ്. 20 മുതൽ 29 വരെ പ്രായമുള്ള യുവാക്കളിൽ 53% വും മതരഹിതരായാണ് സെൻസസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 
ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ളത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ തന്നെയാണ്. 14.3% അഥവാ 13,18,600 ആണ് ലണ്ടനിലെ മുസ്‌ലിം ജനസംഖ്യ. ലണ്ടനിലെ ഏഴ് പേരിൽ ഒരാൾ മുസ്‌ലിമാണെന്നർത്ഥം. ബ്രിട്ടനിലെ മൊത്തം മുസ്‌ലിം ജനസംഖ്യയുടെ മൂന്നിലൊന്നും താമസിക്കുന്നത് ലണ്ടനിൽ തന്നെയാണ്.

പാർലമെന്റ് മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ മുസ്‌ലിം ജനസംഖ്യ കണക്കെടുത്താൽ 80 പാർലമെൻറ് മണ്ഡലങ്ങളിൽ മുസ്‌ലിം ജനസംഖ്യ 10 ശതമാനത്തിനു മുകളിലാണ്. ഇതിൽ 9 പാർലമെൻറ് മണ്ഡലങ്ങളിൽ അത് 30% മുകളിലാണ്. 52.1% മുസ്‌ലിം ജനസംഖ്യയുമായി ബർമിംഗ്ഹാം, ഹോഡ്ജ് ഹിൽ ആണ് ഒന്നാം സ്ഥാനത്ത്. 51.3%ത്തോടെ ബ്രാഡ്ഫോർഡ് വെസ്റ്റ് രണ്ടും 46.6 % ത്തോടെ ബർമിംഗ്ഹാം ഹാൾ ഗ്രീൻ മൂന്നാം സ്ഥാനത്തുമാണ്.

ബ്രിട്ടനിലെ പ്രാദേശിക ഭരണകൂടങ്ങളായ  കൗൺസിലുകൾ വഴി മുസ്‌ലിം ജനസംഖ്യയുടെ കണക്കെടുത്താൽ വളർച്ചയുടെ തോത് വ്യക്തമായി മനസ്സിലാക്കാം. ലണ്ടനിലെ ടവർ ഹാംലെറ്റാണ് മുസ്‌ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള ബ്രിട്ടീഷ് കൗൺസിൽ. ലണ്ടനിലെ തന്നെ ന്യൂഹാം കൗൺസിലാണ് ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള രണ്ടാമത്തെ കൗൺസിൽ.

മുസ്‌ലിം ജനസംഖ്യയുടെ വർദ്ധനവിന് പ്രധാന കാരണം ആഫ്രിക്കയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റമാണ്. ആഫ്രിക്കയിൽ നിന്നും പല ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ആയിരങ്ങൾക്കാണ് ബ്രിട്ടൻ അഭയം നൽകിയിട്ടുള്ളത്. പഠനാവശ്യങ്ങൾക്ക് രാജ്യത്തെത്തി അതിനുശേഷം  ജോലി കണ്ടെത്തിയവരോ അല്ലെങ്കിൽ ജോലി വിസയിൽ തന്നെ ബ്രിട്ടനിൽ എത്തിയവരോ ആണ് മറ്റു മുസ്‌ലിംകൾ. മുസ്‌ലിം കുടുംബങ്ങളിലെ ജനന നിരക്ക് മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നതും ജനസംഖ്യ നിരക്കിലെ വർദ്ധനവിന് കാരണമായി തീർന്നിട്ടുണ്ട്. മറ്റു മതങ്ങളിൽ നിന്നും ഇസ്‌ലാമിലേക്ക് നിരവധി പേരാണ് കടന്നുവരുന്നത്. ലണ്ടനിൽ മാത്രം 2017 ൽ 1400 പേരാണ് ഇസ്‌ലാം സ്വീകരിച്ചത്. മൊത്തം കണക്കെടുത്താൽ 5200 പേർ വർഷംതോറും ഇസ്‌ലാമിലേക്ക് കടന്നുവരുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. 

മസ്ജിദുകൾ

മുസ്‌ലിം ജനസംഖ്യയുടെ 85% വും സുന്നികളും 15 ശതമാനം ശിയാക്കളുമാണ്. 2017 ൽ സെന്റർ ഫോർ റിസർച്ച് ആൻഡ് എവിഡൻസ് ഓണ്‍ സെക്യൂരിറ്റി ത്രഡ് നടത്തിയ പഠനപ്രകാരം ബ്രിട്ടനിൽ 1825 മസ്ജിദുകളാണുള്ളത്. ഇതിൽ 72% വും സൗത്ത് ഏഷ്യൻ റിഫോം മൂവ്മെൻറ് എന്ന സംഘടനയുമായി ബന്ധം പുലർത്തുന്നവയാണ്. ഈ പള്ളികളിലെല്ലാം ദൈനംദിന നമസ്കാരങ്ങളും ജുമുഅ, തറാവീഹ്, പെരുന്നാൾ നിസ്കാരങ്ങളും നടക്കുന്നുണ്ട്. ഇതിൽ 797 മസ്ജിദുകളും ദയൂബന്ദി സരണിയുമായി ബന്ധപ്പെട്ടതാണ്. 459 മസ്ജിദുകളുമായി ബറേൽവി സരണിയാണ് രണ്ടാമത് വരുന്നത്. സലഫി ആശയങ്ങൾ വെച്ചുപുലർത്തുന്ന 182 ഉം ശിയാ വിഭാഗങ്ങളുടെ 59 പള്ളികളും ഉണ്ട്.

1889 ൽ ദക്ഷിണ ലണ്ടനിലെ വോക്കിംഗിൽ നിർമ്മിക്കപ്പെട്ട ഷാജഹാൻ മസ്ജിദാണ് ബ്രിട്ടനിലെ ആദ്യ മസ്ജിദ്. ഭോപ്പാൽ സുൽത്താന ഷാ ജഹാൻ ബീഗമാണ് ഈ മസ്ജിദ് നിർമ്മിക്കുന്നത്. ഹംഗേറിയൻ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് ഗോട്ടിലേബ് വിൽഹേം ലെയ്റ്റ്നർ ആണ് ഈ മസ്ജിദിന്റെ നിർമ്മാണകരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ആർക്കിടെക്ട് ഐസക് ചാമ്പേർസ് ആണ് പള്ളിയുടെ രൂപകല്പന നിർവഹിച്ചത്. വോക്കിംഗിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് നിസ്കരിക്കുവാനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഈ മസ്ജിദ് നിർമ്മിച്ചത്. ലെയ്റ്റ്നർ തന്നെയാണ് ഓറിയന്റൽ ഇൻസ്റ്റ്യൂട്ട് സ്ഥാപിച്ചതും. 1899ൽ ഇദ്ദേഹത്തിന്റെ മരണത്തോടെ മസ്ജിദ് അടച്ചെങ്കിലും 1915 ൽ വോക്കിങ് ട്രസ്റ്റ് എന്ന പേരിൽ ലണ്ടൻ മോസ്ക് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ഒരു ട്രസ്റ്റ് പള്ളി ഏറ്റെടുക്കുകയും വീണ്ടും വിശ്വാസികൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു.

2012 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബ്രാഡ്ഫോർഡ് ഗ്രാൻഡ് മോസ്കാണ് യുകെയിലെ ഏറ്റവും വലിയ മസ്ജിദ്. ഒരേസമയം 8,000 വിശ്വാസികൾക്ക് നിസ്കരിക്കുവാനുള്ള സൗകര്യം ഈ മസ്ജിദിലുണ്ട്. നാല് ദശലക്ഷം പൗണ്ടാണ് ഇതിൻറെ നിർമ്മാണത്തിന് ചെലവഴിച്ചത്.

ലണ്ടനിലെ മറ്റൊരു പ്രമുഖ പള്ളിയാണ് ലണ്ടൻ സെൻട്രൽ മസ്ജിദ്. 1937ൽ ഹൈദരബാദ് അവസാന നൈസാമായ മീർ ഉസ്മാൻ അലി ഖാന്റെ ഫണ്ടിംഗ് വഴി ആണ് പദ്ധതിക്ക് തുടക്കമാവുന്നത്. നൈസാമിന്റെ മകൻ എച് എച് അസംസാഷായാണ് 1937 ൽ മസ്ജിദിനു തറക്കല്ലിടുന്നത്. ബ്രീട്ടീഷ് കൌൺസിൽ ചെയര്മാൻ ലോയ്ഡ് ടെലിബ്രാന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം ഭൂമി വാങ്ങാനായി 100000 പൗണ്ട് വിൻസ്റ്റൺ ചർച്ചിൽ സർക്കാർ അനുവദിക്കുകയും ലണ്ടനിലെ മുസ്‌ലിം പ്രമുഖർ ഒരുമിച്ച് കൂടി ഒരു കമ്മറ്റി രൂപീകരിക്കുകയും മസ്ജിദ് നിർമാണത്തിനായി ശ്രമം തുടങ്ങുകയും ചെയ്തു. മസ്ജിദിന്റെ ഡിസൈനിനായി മത്സരം നടത്തുകയും 100 മത്സരാര്ഥികളിൽ നിന്ന് ഫ്രെഡറിക് ഗിബ്ബർഡ് എന്ന ഇംഗ്ലീഷ് ആർകിടെക്ടിൻറെ ഡിസൈൻ തെരഞ്ഞെടുക്കുകയും ചെയ്തു. സൗദി ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവ് പദ്ധതിക്കായി 2 ദശലക്ഷം പൗണ്ട് സംഭാവന നൽകി. യുഎഇ ഭരണാധികാരി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആലു നഹ്‌യാനും വലിയ തുക സംഭാവന നൽകിയിട്ടുണ്ട്. 1977 ലാണ് മസ്ജിദ് ഉട്ഘാദനം ചെയ്യപ്പെട്ടത്.

യുകെയിൽ മൈക്കിൽ ബാങ്ക് വിളിക്കാൻ അനുമതി ലഭിച്ച ആദ്യ പള്ളിയാണ് ഈസ്റ് ലണ്ടൻ മോസ്‌ക്‌. ഒരേ  സമയം 7000 പേർക്ക് നിസ്കരിക്കാൻ സൌകര്യമുള്ള മസ്ജിദ് ലണ്ടനിലെ മുസ്‌ലിം ഭൂരിപക്ഷ കൗണ്ടികളിലൊന്നായ ടവർ ഹാംലെറ്റിലെ വൈറ്റ് ചാപ്പലിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മസ്ജിദ് നിർമ്മാണത്തിനും സൗദി ഭരണാധികാരി ഫൈസൽ രാജാവ് സംഭാവന നൽകിയിട്ടുണ്ട്. 2 ദശലക്ഷം പൌണ്ട് ചെലവിൽ 1.2 ദശലക്ഷവും ഫൈസൽ രാജാവാണത്രെ നൽകിയത്. 1985 ലായിരുന്നു പള്ളിയുടെ ഉദ്ഘാടനം.

ലോക മുസ്‌ലിംകൾ ഇസ്‌ലാമിക വിശ്വാസധാരക്ക് പുറത്താണെന്ന് പ്രഖ്യാപിച്ച ഖാദിയാനി വിഭാഗങ്ങളുടെ 25 പള്ളികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഖാദിയാനികളുടെ ആഗോള ഖലീഫയായ മീർസ മസ്റൂർ അഹ്മദ് എല്ലാ വെള്ളിയാഴ്ചകളിലും ലണ്ടനിലെ ഫസൽ മസ്ജിദിൽ വെച്ച് നിർവഹിക്കുന്ന ഖുത്‍ബ ലോകത്തെ പലഭാഗങ്ങളിൽ നിന്നും ഖാദിയാനികൾ ലൈവായി വീക്ഷിക്കാറുണ്ട്. 1924 ൽ ഖാൻ ബഹദൂർ ശൈഖ് അബ്ദുൽ ഖാദർ എന്ന വ്യക്തിയാണ് ഈ മസ്ജിദ് നിർമ്മിച്ചത്.

മുസ്‌ലിം സംഘടനകൾ

മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ (എം.സി.ബി) ആണ് ഏറ്റവും വലിയ മുസ്‍സിം കൂട്ടായ്മ. 500 ലധികം പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സംഘടനയുടെ കീഴിൽ നടത്തുന്നുണ്ട്. 1997 നവംബർ 23നാണ് സംഘടന രൂപം കൊള്ളുന്നത്. സ്കോട്ട്‌ലൻഡിൽ നിന്നുള്ള സറാ മുഹമ്മദ് എന്ന വനിതയാണ് ഈ സംഘടനയുടെ നിലവിലെ സെക്രട്ടറി ജനറൽ.

1999 ൽ രൂപീകരിക്കപ്പെട്ട സിറ്റി സർക്കിൾ (city circle) എന്ന സംഘടനക്ക് ബ്രിട്ടീഷ് മുസ്‌ലിം സമൂഹത്തിൽ പ്രമുഖ സ്ഥാനമാണുള്ളത്. ബ്രിട്ടീഷ് മുസ്‌ലിം സമൂഹത്തെ ശാക്തീകരിക്കുവാൻ ലക്ഷ്യമിട്ട് ആഴ്ച തോറും ചർച്ചകളും ശനിയാഴ്ച സ്കൂളുകളും അവർ സംഘടിപ്പിച്ച് വരുന്നുണ്ട്. ഗ്വാണ്ടനാമോ ജയിലിൽ തടവിലാക്കപ്പെട്ടവരുടെ ദുരിതങ്ങൾ പുറംലോകത്ത് എത്തിക്കുക എന്ന ഉദ്ദേശ്യത്തിൽ രൂപീകൃതമായ സംഘടനയാണ് കെയ്ജ് (CAGE). വാർ ഓൺ ടെറർ എന്ന പേരിൽ ഭീകരവാദം തടയാൻ ലക്ഷ്യമിട്ട് ഭരണകൂടം തടവിലാക്കിയ മറ്റു ജയിലുകളിൽ ഉള്ളവരുടെയും ദുരിതം ഇവർ പുറം ലോകത്ത് എത്തിക്കുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകളുടെ എക്കാലത്തെയും നിശിത വിമർശകരായിരുന്നു ഈ സംഘടന.

Read More: ബ്രിട്ടനിലെ മുസ്‌ലിം വിശേഷങ്ങള്‍

ബ്രിട്ടനിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ മുസ്‌ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ 2008 ൽ തുടക്കം കുറിക്കപ്പെട്ട പ്രസ്ഥാനമാണ് ഐ എൻഗേജ് (I ENGAGE). ബ്രിട്ടനിലെ വിവിധ മേഖലകളിൽ ദൃശ്യമായി കൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയയെ നിരന്തരമായി പുറത്തു കൊണ്ടുവരാനും സംഘടന ശ്രമിക്കുന്നുണ്ട്. വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് 2014 ൽ സംഘടന മെൻഡ് (Mend) എന്ന് പേര് മാറ്റിയാണ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായും ഭീകരവാദത്തിനെതിരെയുള്ള പ്രചാരണത്തിനായും രൂപം നൽകപ്പെട്ട സംഘടനയാണ് ഇൻസ്പെയർ. രൂപീകരിക്കപ്പെട്ട കാലം മുതൽ തന്നെ സ്ത്രീ പുരുഷ സമത്വവും ഭീകരവാദ സംഘടനകൾക്കെതിരെയുള്ള കാമ്പയിനുകളും സംഘടന കൃത്യമായി നടത്തി വരുന്നുണ്ട്.

ചാരിറ്റി സംഘടനകൾ

ലോകത്താകമാനം ദുരിതമനുഭവിക്കുന്ന മുസ്‍ലിം സഹോദരങ്ങൾക്ക് കൈത്താങ്ങായി നിരവധി ചാരിറ്റി സംഘടനകളും ബ്രിട്ടനിൽ പ്രവർത്തിക്കുന്നുണ്ട്. 1984 ൽ സ്ഥാപിതമായ ഇസ്‌ലാമിക് റിലീഫ് എന്ന സംഘടന ഇത്തരത്തിൽ പ്രശസ്തമായതാണ്. ഏതാനും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ഇന്ന് 40 രാജ്യങ്ങളിലായി ഫീൽഡ് ഓഫീസുകളും അവ കേന്ദ്രമാക്കി വെള്ളം, ഭക്ഷണം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിൽ സജീവ പ്രവർത്തനങ്ങളും നടന്നുക്കുന്നുണ്ട്. 1985ല്‍ കടുത്ത ക്ഷാമത്തിൽ വലഞ്ഞ ആഫ്രിക്കൻ ജനങ്ങൾക്ക് സഹായഹസ്തം നൽകുക എന്ന ലക്ഷ്യത്തെ തുടർന്ന് രൂപീകൃതമായ മുസ്‌ലിം എയ്ഡ് (MUSLIM AID), 1993 ൽ രൂപീകൃതമായ മുസ്‍ലിം ഹാൻസ് (MUSLIM HANDS) എന്നീ സംഘടനകളും ചാരിറ്റി മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രാഥമിക മദ്‍റസ സംവിധാനം മുതൽ ഉന്നത സ്ഥാപനങ്ങൾ വരെ ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏറ്റവും എടുത്തുപറയേണ്ട സ്ഥാപനങ്ങളിൽ ഒന്നാണ് കാംബ്രിഡ്ജ് മുസ്‌ലിം കോളേജ്. പ്രമുഖ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുൽ ഹകീം മുറാദാണ് ഈ സ്ഥാപനം 2009 ൽ ആരംഭിക്കുന്നത്. അദ്ദേഹം തന്നെയാണ് സ്ഥാപക കാലം മുതൽ ഡീൻ ആയി സേവനം ചെയ്യുന്നതും. തീർത്തും സ്വതന്ത്രമായി മുന്നോട്ടുപോകുന്ന ഈ സ്ഥാപനം ഡിപ്ലോമ ഇൻ കോൺടക്സ്ച്വൽ ഇസ്‌ലാമിക് സ്റ്റഡീസ്, ബി.എ ഇൻ ഇസ്‍ലാമിക് സ്റ്റഡീസ് എന്നീ രണ്ട് പ്രധാന കോഴ്സുകളാണ് നടത്തുന്നത്. ദമസ്കസിലെ അൽ ഫത്ഹ്, ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പാഠ്യപദ്ധതി അവലംബിച്ച് കൊണ്ടാണ് ശൈഖ് ഹക്കീം മുറാദ് കാബ്രിഡ്ജ് മുസ്‌ലിം കോളേജിന്റെ പാഠ്യപദ്ധതിക്ക് രൂപം നൽകിയത്.

കാംബ്രിഡ്ജ് മുസ്‌ലിം കോളേജിനോട് ചേർന്നുള്ള മനോഹരമായ മസ്ജിദ് ആണ് കാംബ്രിഡ്ജ് സെൻട്രൽ മോസ്ക്. യൂറോപ്പിലെ ആദ്യ പരിസ്ഥിതി സൗഹൃദ മസ്ജിദാണിത്. 2008 ൽ ശൈഖ് ഹകീം മുറാദാണ് മസ്ജിദ് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിക്കുന്നതും അതിനായുള്ള ഫണ്ടിന് മുസ്‌ലിം ലോകത്തോട് അഭ്യർത്ഥന നടത്തുന്നതും. മസ്ജിദിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും സഹായം ലഭിച്ചു. ഇസ്‍ലാമിക് ജോമെട്രിയിൽ പ്രാവീണ്യമുള്ള പ്രൊ. കെയ്ത് ക്രിച്ലർ, യുകെയിലെ പ്രമുഖ ഇസ്‍ലാമിക ഗാർഡൻ ഡിസൈനർ എമ്മ ക്ലാർക്ക് എന്നിവരുമായി ചേർന്ന് പ്രമുഖ ആർക്കിടെക്ട് കമ്പനി മാർക്സ് ബാർഫീൽഡ് ആർകിടെക്ട്സ് ആണ് രൂപകൽപ്പന ചെയ്തതും നിർമ്മാണം നടത്തിയതും. കഫേ, വിദ്യാഭ്യാസ കേന്ദ്രം, മീറ്റിംഗ് ഹാൾ തുടങ്ങിയവയും മസ്ജിദില്‍ ഉൾപ്പെട്ടിരിക്കുന്നു. മസ്ജിദ് സന്ദർശിക്കുവാനും ഇസ്‌ലാമിക അധ്യാപനങ്ങൾ ശ്രവിക്കുവാനും സഹോദര മതസ്ഥർക്കും ഇവിടെ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്.

ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഓക്സ്ഫോർഡ് സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസാണ് മറ്റൊരു പ്രമുഖ സ്ഥാപനം. 1985 ൽ ആരംഭിച്ച സ്ഥാപനത്തിന്റെ രക്ഷാധികാരി വെയിൽസ് രാജകുമാരനാണ്. 2012ൽ എലിസബത്ത് രാജ്ഞിയുടെ റോയൽ ചാർട്ടർ ലഭിച്ച സ്ഥാപനം സമകാലിക മുസ്‌ലിം സമൂഹം, മുസ്‌ലിം സാംസ്കാരിക ചരിത്രം തുടങ്ങിയവ സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങളാണ് മുന്നോട്ട് വെക്കുന്നത്. വർഷത്തിലുടനീളം ഇത്തരം വിഷയങ്ങളിൽ സെമിനാറുകളും വർക്ക് ഷോപ്പുകളും കോൺഫറൻസുകളും എക്സിബിഷനുകളും ഇവർ സംഘടിപ്പിച്ച് വരുന്നുണ്ട്. ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രഭാഷണ പരമ്പര സ്ഥാപനത്തിൽ നടത്തി വരുന്നു. 1993 ൽ വെയിൽസ് രാജകുമാരനാണ് ഈ പരിപാടിക്ക് ഔദ്യോഗികമായി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഇസ്‌ലാം ആൻഡ് വെസ്റ്റ് എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. 2006-2007 അക്കാദമിക് വർഷത്തിൽ ഈജിപ്ഷ്യൻ ആർകിടെക്ട് അബ്ദുൽ വാഹിദ് അൽ വക്കീൽ ആണ് സ്ഥാപനത്തിന്റെ പുതിയ ബിൽഡിംഗ് ഡിസൈൻ ചെയ്തത്. ഈ പുതിയ കെട്ടിടത്തിലാണ് സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്.

മുസ്‌ലിം സ്കൂളുകൾ

യുകെയിലെ മുസ്‌ലിം സാന്നിധ്യമുള്ള നഗരങ്ങളിലെല്ലാം മുസ്‌ലിം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളുകളുടെ പരമാധികാര ബോഡിയാണ് അസോസിയേഷൻ ഓഫ് മുസ്‌ലിം സ്കൂൾസ് യുകെ. 10 സ്കൂളുകളുമായി 1992 ലാണ് സംഘടന രൂപം കൊണ്ടത്. 20 വർഷങ്ങൾക്കു ശേഷം ഇപ്പോൾ 200 ൽ അധികം സ്കൂളുകൾ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 10 ലക്ഷത്തിലധികം വിദ്യാർഥികൾ ഈ സ്കൂളൂകളിൽ നിന്നും പഠനം പൂർത്തിയാക്കിയതായി സംഘടന പ്രതിനിധികൾ അവകാശപ്പെടുന്നു.

മലയാളി മുസ്‌ലിംകൾ 

യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളി മുസ്‌ലിംകൾ രൂപീകരിച്ച നിരവധി സംഘടനകൾ പ്രവർത്തിച്ചു വരുന്നുണ്ട്. 1998 ൽ കടുംബ കൂട്ടായ്മയായി തുടങ്ങി ഒടുവിൽ 2004ൽ ചാരിറ്റി സംഘടന എന്ന നിലക്ക് രെജിസ്ട്രേഷൻ ചെയ്ത എംഎംസിഡബ്ലിയു (MMCW) ആണ് ആദ്യ സംഘടനയായി അറിയപ്പെടുന്നത്. ലണ്ടനിൽ സ്വന്തമായി ഒരു ഹാളും സംഘടനക്കുണ്ട്. 

സമസ്തയുമായി ചേർന്ന് നിൽക്കുന്ന സുന്നി മുസ്‌ലിം കൂട്ടായ്മ എന്ന നിലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത ലണ്ടൻ കൾചറൽ സെന്റർ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന വർഷം തോറും വിപുലമായ നബിദിന പരിപാടിയും റമദാനിൽ ഇഫ്താറും സംഘടിപ്പിക്കാറുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായ സംഘടന മാസം തോറും മജ്ലിസുന്നൂറും നടത്തി വരുന്നു. സംഘടനയുടെ കീഴിലുള്ള യൂത്ത് വിങ് സാമൂഹിക സാംസ്‌കാരിക പരിപാടികളും ഫുട്ബോൾ മത്സരങ്ങളും നടത്തുന്നുണ്ട്. 

യുകെയിലെ മുസ്‌ലികളുടെ മറ്റൊരു പ്രധാന സംഘടനയാണ് യുകെ കെഎംസിസി. യുകെ മലയാളി മുസ്‌ലിം സാംസ്‌കാരികമേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ സമർപ്പിച്ചു കൊണ്ടിരിക്കുന്ന കെഎംസിസിക്ക് കീഴിൽ ഫാമിലി മീറ്റുകളും ഇഫ്താർ മീറ്റുകളും നടക്കാറുണ്ട്. സംഘടനക്ക് കീഴിൽ സെവൻസ് ഫുട്ബോൾ, ബാഡ്മിന്റൺ ടൂർണ്ണമെന്റുകൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.

അന്തർദേശീയ വിദ്യാർത്ഥികൾക്കായി ഹാദിയ രൂപം നൽകിയ റീഡ് (READ) എന്ന പേരിലുള്ള ഓൺലൈൻ മദ്രസ യുകെയിലും നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇതിനു പുറമെ സമസ്ത ലണ്ടൻ കൾച്ചറൽ സെന്ററുമായി ചേർന്ന് ദിറാസ എന്ന പേരിൽ വ്യക്തിഗത ഓൺലൈൻ മദ്രസയും ഹിമായ എന്ന പേരിൽ സ്ത്രീകൾക്കുള്ള കോഴ്സും നടത്തി വരുന്നുണ്ട്.

ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഇഹ്‌സാൻ, ഇന്ത്യക്കാർ കൂടുതൽ അധിവസിക്കുന്ന പ്രദേശമായ ലൂട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലുമ്മ (LUMMA), യുകെയിലെ മധ്യ കിഴക്കൻ പ്രദേശങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന എമ്മ (EMMA) തുടങ്ങിയവയും യുകെയിലെ പ്രാധാന മലയാളി സംഘടനകളാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter